ജീവിതം അങ്ങനെയാണ്… ഒരാവശ്യത്തിന് കൈ നീട്ടേണ്ടി വരുമ്പോൾ ഒന്നും കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന നിസ്സഹായത…അതിന്റെ ഇടങ്ങേറ്.. അതിലെല്ലാം ഉപരി………

എഴുത്ത്:-നൗഫു ചാലിയം

“പെട്ടെന്ന് കുറച്ചു പൈസക്ക് അത്യാവശ്യം വന്നപ്പോൾ ആയിരുന്നു…ഇടക്കും തലക്കും എന്റെ കയ്യിൽ നിന്നും പതിനായിരമോ അമ്പതിനായിരമോ വാങ്ങിക്കാറുള്ള ജംഷിയെ വിളിച്ചു ചോദിച്ചത്…

എടാ ഒരു ഇരുപതിനായിരം ഉണ്ടോ മറിക്കാൻ എന്ന്…”

“നാട്ടിൽ കണ്ണായ സ്ഥലത്ത് തന്നെ അവന്റ സൂപ്പർ മാർക്കറ്റും ബേക്കറിയും ഉണ്ടായിരുന്നു..

അത് പോലെ തന്നെ മൂന്നാലെണ്ണം മറ്റ് പലരുടെയും കൂടേ പാട്ണർ ഷിപ്പിലുമായി ഉണ്ടായിരുന്നു അവന്…

അതിലെ വരുമാനം തന്നെ ദിവസം പത്തു മുപ്പത്തിനായിരം ഉണ്ടെന്ന് അവൻ തന്നെ പലപ്പോഴും എന്നോട് പറയാറുണ്ടേലും പെട്ടന്നൊരു ആവശ്യം വന്നാൽ എന്റെ അരികിലേക് തന്നെ ആയിരുന്നു അവൻ വരാറുള്ളത്…

എനിക്കും ഹോൾസൈൽ ബിസിനസ് ആയിരുന്നു ടൗണിൽ… ചെറിയ രീതിക്കുള്ളത്…

ഇല്ലെങ്കിൽ പോലും മാറ്റാരുടെയെങ്കിലും കയ്യിൽ നിന്നും ഞാൻ വാങ്ങി കൊടുക്കുമെന്ന് അവന് നല്ലോണം അറിയാം അത് കൊണ്ടായിരിക്കാം അവൻ എപ്പോഴും എന്റെ അരികിലേക് തന്നെ ആദ്യം വന്നിരുന്നത്…”

“പക്ഷെ ഇന്നവൻ ഞാൻ ചോദിച്ചപ്പോൾ തന്നെ ഒട്ടും സങ്കയില്ലാതെ ഉടനെ തന്നെ പറഞ്ഞു…

ഇല്ലെടാ ബിസിനസ് ടൈറ്റ് ആണെന്ന് പറഞ്ഞു അവൻ എന്റെ അടുത്ത വാക് പോലും കേൾക്കാതെ ഫോൺ വെച്ചതും ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഹോസ്പിറ്റലിൽ ഇരുന്നു…”

“ജീവിതം അങ്ങനെയാണ്… ഒരാവശ്യത്തിന് കൈ നീട്ടേണ്ടി വരുമ്പോൾ ഒന്നും കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന നിസ്സഹായത…അതിന്റെ ഇടങ്ങേറ്.. അതിലെല്ലാം ഉപരി പ്രിയപ്പെട്ടരാൾ കാത്തിരിക്കുന്നെന്ന ഓർമ്മപെടുത്തൽ എല്ലാം കൂടേ മനസ് ചടച്ചു ഇരിക്കുന്ന സമയത്താണ് എന്റെ മുന്നിൽ ഒരു ഓട്ടോ വന്നു നിർത്തിയത്..”

“എന്താടാ ഷറഫൂ ഇവിടെ…”

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച സുഹൈൽ ആയിരുന്നു അത്..

“പത്താം ക്ലാസ് പൊട്ടിയതും അവൻ ഒരു ഓട്ടോ വാടകക്ക് എടുത്തു ഓടിച്ചു കുടുംബം നോക്കാൻ തുടങ്ങിയിരുന്നു…

ഇപ്പൊ അടുത്ത് എപ്പോയോ പറയുന്നത് കേട്ടു സ്വന്തമായി ഓട്ടോ എടുത്ത കഥ..

അതും സ്കൂൾ ഗ്രൂപ്പിൽ…

പക്ഷെ അടവ് അടക്കാൻ കഴിയാതെ പലപ്പോഴും ബാങ്കിലെ ആളുകൾ ഓട്ടോ സ്റ്റാൻഡിൽ വന്നു നിൽക്കാറുണ്ടെന്നും എന്നും പ്രശ്നം ആണെന്നൊക്കോ കേട്ടിരുന്നു..

അന്ന് പലരും കളിയാക്കിയപ്പോൾ ഞാനും കൂടിയിരുന്നു അവരോടൊപ്പം…

അത് കൊണ്ടോ എന്തോ…എന്നോട് പൈസ എന്തേലും കടം തരുമോ എന്ന് ചോദിച്ചു അവൻ വന്നിട്ടില്ല ഇത് വരെ…

ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപോൾ അവൻ വീണ്ടും ചോദിച്ചു..

“എന്താടാ നീ ഇവിടെ ഒറ്റക് ഇരിക്കുന്നെ..”

“ഞാൻ അവനോട് കാര്യം പറഞ്ഞു.. ഉമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയതും അത്യാവശ്യമായി പെട്ടന്നൊരു ഓപ്പറേഷൻ വേണ്ടതും അതിനായി ഒന്നര ലക്ഷത്തോളം രൂപ വേണ്ടതും…

ഇനിയും ഇരുപതിനായിരം രൂപയോളം വേണ്ടതുമെല്ലാം പറഞ്ഞപ്പോൾ അവന് എന്നെ സഹായിക്കാൻ കഴിയുമെന്നുള്ള ഒരു പ്രതീക്ഷയും എനിക്കില്ലായിരുന്നു…

പെട്ടന്ന് തന്നെ അവൻ കീശയിൽ നിന്നും കുറച്ചു പൈസ എടുത്തു എനിക്ക് നേരെ നീട്ടി..

അത് ഇരുപതിനായിരം രൂപ ഉണ്ടായിരുന്നു..

“എടാ ഇത്..? “

ആവശ്യത്തിനുള്ള പണം കയ്യിൽ കിട്ടിയിട്ടും അത് വാങ്ങിക്കാൻ കഴിയാതെ ഞാൻ അവനെ നോക്കി..

“കട്ടതും മോഷ്ടിച്ചതും ഒന്നും അല്ലേടാ…

പെണ്ണിന്റെ കഴുത്തിൽ കെട്ടിയിരുന്ന മഹർ മാല ഒന്ന് ഊരി വാങ്ങി ഞാൻ.. എത്ര കാലം എന്ന് വെച്ച പൈസ കൊടുക്കാൻ ഉള്ളതിന്റെ പേരിൽ കണ്ടവരുടെ ആട്ടും തുപ്പും കേൾക്കുക..

നിങ്ങൾ കുറച്ചു കൂട്ടുകാരും കളിയാക്കിയിട്ടുണ്ടല്ലോ പത്താം ക്ലാസിലെ ഗ്രൂപ്പിൽ എന്നെ പൈസ ഇല്ലേൽ മോഷ്ടിച്ചു കൊടുക്കെടാ എന്നും പറഞ്ഞിട്ട്…

എല്ലാം കൊണ്ടും വെറുത്തതാ ഞാൻ.. ഒരുപക്ഷെ ഈ ജീവിതം പോലും… രണ്ടറ്റം മുട്ടിക്കാൻ എത്ര കഷ്ട്ടപ്പാടാണെന്നറിയുമോ ഞങ്ങളെ പോലുള്ളവർക്ക്…

അവസാനം ആയിരുന്നു എന്റെ പെണ്ണ് അവളുടെ മേത്ത് ആകെ ഉണ്ടായിരുന്ന ഈ ഇത്തിരി പൊന്ന് എടുത്തു തന്നത്.. അതോ ഉണ്ടായിരുന്നുള്ളൂ അവളുടെ അടുത്ത്…

അത് വിറ്റ് വരുന്ന വഴിയാണ് ഞാൻ…അപ്പോഴാ നിന്നെ ഇവിടെ കണ്ടേ…”

അവൻ അതും പറഞ്ഞു പുഞ്ചിരിയോടെ എന്നെ നോക്കി..

അവൻ അത്രയും പറഞ്ഞിട്ടും ഞാൻ ആ പൈസ വാങ്ങിക്കുക എന്ന് പറഞ്ഞാൽ അതെനിക് മോശമുള്ളത് പോലെ തോന്നി വാങ്ങിക്കാതെ തന്നെ ഞാൻ നിന്നപ്പോൾ ആയിരുന്നു അവൻ വീണ്ടും പറഞ്ഞെ..

“ഷറഫൂ…നീ എന്റെ കൂട്ടുകാരൻ അല്ലേടാ…നമ്മൾ തമ്മിൽ പത്താം ക്ലാസ് കഴിഞ്ഞു വലിയ അടുപ്പം ഒന്നും ഇല്ലെങ്കിലും നീ എന്റെ അന്നത്തെ അതേ കൂട്ടുകാരൻ തന്നെ യാണ്..

നീയും ബാക്കി ഉള്ളവരും കൂടേ കളിയാക്കിയതിന് ഞാൻ ഇത്രയെങ്കിലും പറയണ്ടേ…

സോറി..

അവൻ എന്റെ തോളിൽ കയ്യിട്ട് പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…”

ഞാനും അവനോട് ചെയ്തതിന് മുഴുവൻ ക്ഷമ ചോദിച്ചു…

പക്ഷെ അവന്റെ വണ്ടിയുടെ അടവ് അടച്ചു തീർക്കാനുള്ള പൈസ ആണല്ലേ എന്ന് ഓർത്തതും ആ പൈസ വാങ്ങിക്കാൻ വീണ്ടും എനിക്ക് ഇടങ്ങേറ് പോലെ തോന്നി..

അവൻ അത് മനസിലാക്കിയത് കൊണ്ടോ എന്തോ..

അവൻ എന്റെ കയ്യിലേക് ആ പൈസ ബലമായി പിടിപ്പിച്ചു കൊണ്ടു പറഞ്ഞു..

അടവ് ഒന്ന് രണ്ട് മാസം അടക്കാനുള്ള പൈസ എന്റെ കയ്യിൽ ബാക്കിയുണ്ട് നിന്റെ പ്രശ്നം തീരട്ടെ എന്നും പറഞ്ഞു.. അവൻ അവിടെ നിന്നും ഓട്ടോ യും എടുത്തു എന്റെ മുന്നിലൂടെ പോകുന്നത് ഞാൻ കണ്ണടക്കാതെ നോക്കി നിന്നു..

…😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *