ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭയങ്കര മോഡേൺ ആയ ഒരു പെണ്ണിനെ കല്യാണം കഴിക്കണം എന്നത്. നല്ല മേക്കപ്പ് ഇടുന്ന, നഖം കുറച്ച് നീട്ടി…..

എഴുത്ത്:- ഞാൻ ഗന്ധർവൻ

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭയങ്കര മോഡേൺ ആയ ഒരു പെണ്ണിനെ കല്യാണം കഴിക്കണം എന്നത്. നല്ല മേക്കപ്പ് ഇടുന്ന, നഖം കുറച്ച് നീട്ടി അതിൽ കട്ട ചുവപ്പ് നിറത്തിലുള്ള മൈലാഞ്ചിയിടുന്ന, നല്ല വിദ്യാഭ്യാസമുള്ള, അച്ചടിഭാഷ സംസാരിക്കുന്ന, മുടിയൊക്കെ സ്ട്രൈറ്റനിങ്ങ് ചെയ്ത് കുറച്ച് കളറൊക്കെ അടിക്കുന്ന, നല്ല മണമുള്ള പെർഫ്യൂം അടിക്കുന്ന ഒരു മൊഞ്ചത്തി പെണ്ണിനെ മാത്രേ കെട്ടൂ എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നു.

അങ്ങനെ പടച്ചോന്റെ അനുഗ്രഹത്താൽ ഞാൻ ആഗ്രഹിച്ചപോലത്തെ ഒരു മോഡേൺ പെണ്ണിനെ എനിക്ക് ഭാര്യയായി കിട്ടി, പേര് ഹസി. എന്റെ മാലാഖ ആയിരുന്നു അവൾ. ലിപ്സ്റ്റിക് ഇടാതെ ബാത്‌റൂമിൽ പോലും പോവില്ല എന്റെ ഹസി, മൈ ഡ്രീം ഗേൾ.

അവളുടെ കൂടെ പുറത്ത് പോവുമ്പോൾ എനിക്ക് വല്ലാത്തൊരു അഭിമാന മായിരുന്നു. ഹോ, എന്റെ മാലാഖ എന്തൊരു ക്യൂട്ടാ.

അങ്ങനെയിരിക്കേ എന്റെ കുറച്ച് ബന്ധുക്കൾ ഭാര്യയെ കാണാൻ വന്നു. എളാമ്മയും എളാപ്പയും (ഉമ്മയുടെ അനിയത്തിയും ഹസും) അവരുടെ മക്കളും. അവർ സൗദിയിൽ സെറ്റിൽഡ് ആണ്. കല്യാണത്തിന് വരാൻ സാധിക്കാത്തത് കൊണ്ട് അവർ ഞങ്ങളെ വീട്ടിൽ വന്ന് കണ്ടു. സർപ്രൈസ് ആയിട്ടായിരുന്നു അവരുടെ വരവ്. രാവിലെയാണ് വന്നത്.

അവരെ പെട്ടെന്ന് കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. എന്നോടും ഹസിയോടും അവർ കുറേനേരം സംസാരിച്ചു. കുറച്ച് കഴിഞ്ഞ് അവർ പോവാൻ ഒരുങ്ങിയപ്പോൾ ഹസി അടുക്കളയിൽ നിന്നും ഓടി വന്നു

“അങ്ങനെ പോയാൽ എങ്ങനാ. ഫുഡ്‌ കഴിച്ചിട്ട് പോവാം”

“അയ്യോ മോളേ വേണ്ടാ, ഞങ്ങൾ കഴിച്ചിട്ടാ വീട്ടിൽ നിന്ന് ഇറങ്ങിയേ. ഇവിടുന്ന് കഴിക്കാൻ ആണേൽ പറഞ്ഞിട്ടല്ലേ വരൂ. ഇൻശാഅല്ലാഹ് മറ്റൊരു ദിവസം നമുക്ക് കൂടാം”

ഹസിയുണ്ടോ വിടുന്നു

“അങ്ങനെ പറഞ്ഞാൽ പറ്റില്ല, കഴിച്ചിട്ട് പോവാം”

ഹസിയുടെ നിർബന്ധിക്കൽ കണ്ടപ്പോൾ വെറുതേ ഒരു കൗതുകത്തിന് എളാമ്മ ചോദിച്ചു

“എന്താ മോളെ ഇന്ന് ചായക്ക് കടി”

ഹസി തന്റെ മുഖം ഒന്ന് ചെരിച്ച് കണ്ണുകൾ സ്റ്റൈലായി ഒന്ന് ചിമ്മിതുറന്ന് തന്റെ മുഖത്ത് വീണ് കിടക്കുന്ന മുടി മൈലാഞ്ചിയിട്ട് ചുവപ്പിച്ച ഭംഗിയുള്ള വിരലു കൊണ്ട് മാറ്റി എളാമ്മയെ നോക്കി

“പിട്ടും കടലയും”

അത്ഭുതത്തോടെ എളാമ്മ

“പിട്ടോ, അതെന്താ”

എളാമ്മയുടെ ചോദ്യം കേട്ടപ്പോൾ ഹസിക്ക് ചിരിയാണ് വന്നത്

“അതുപിന്നെ, ഈ തേങ്ങയും അരിപ്പൊടിയും ഒക്കെയിട്ട് ആവിയിൽ വേവിക്കുന്ന സാധനം ഇല്ലേ മ്മടെ പിട്ട്. ഓഹ് നിങ്ങൾക്ക് സൗദിയിൽ ഇതൊന്നും കിട്ടില്ലായിരിക്കും അല്ലേ”

ഇത് കേട്ടപ്പോൾ എളാമ്മ

“അല്ലാഹ്, ഞമ്മളെ പുട്ട്… എന്നാ മോള് പോയി വേഗം ഓരോ കുറ്റി പുട്ട് ഇങ്ങെടുക്ക്”

എളാമ്മാന്റെ ആ പുട്ട് വിളി ഇപ്പോഴും ഹസിക്ക് അങ്ങട് ഇഷ്ടായിട്ടില്ല. പരിഷ്കാരികൾ ഒക്കെ പിട്ട് എന്നാണത്രേ പറയാറ്.

അതോടെ അവൾക്ക് ഞങ്ങളുടെ കുടുംബത്തിൽ പിട്ട് ഹസി എന്ന് പേര് വീണു… പാവം പരിഷ്കാരി ഭാര്യ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *