ഞാനുമൊരു പ്രവാസി.
Story written by Navas Amandoor
ജോലിക്കിടയിൽ കുറച്ചു സമയം ഒഴിവ് കിട്ടിയാൽ അഫ്സൽ മൊബൈൽ എടുത്തു ഫസിയെ വിളിക്കും. മൂന്നര കൊല്ലത്തിനു ശേഷം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ് അവൻ.പക്ഷെ ആ സന്തോഷമൊന്നും അവനിൽ ഇല്ല.മൊബൈൽ എടുത്തു കയ്യിൽ പിടിച്ചപ്പോഴേക്കും ഫസി അവനെ വിളിച്ചു.
“എന്താണ് ഫസീ..”
“ഞാനൊരു കാര്യം പറയാൻ വിളിച്ചതാ.”
“നീ പറയ്…”
“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ…?”
“നിന്റെ ആഗ്രഹങ്ങൾ എന്തായാലും അത് എന്നോടല്ലേ പറയാൻ പറ്റൂ… നീ ധൈര്യമായി പറഞ്ഞോ പെണ്ണേ.”
” എനിക്കൊരു മാല വാങ്ങിത്തരോ..”
” മാലയോ.. “
“എന്തെ ഇങ്ങള് മാലന്ന് ഇതുവരെ കേട്ടിട്ടില്ലേ. എന്റെ കഴുത്തിൽ കെട്ടിയ സ്വർണ്ണത്തിന്റെ മാല പോലത്തെ അഞ്ച് പവന്റെ ഒരു കുഞ്ഞി മാല..
മാല വാങ്ങീട്ട് എന്റെ ഇക്കാടെ പേര് എഴുതിയ ആ ലോക്കറ്റും അതിൽ ഇടണം. “
“എന്താ ഇപ്പൊ അങ്ങനെ തോന്നാൻ…”
“ഞാൻ നമ്മളെ കല്യാണ ആൽബം വേറുതേ മറിച്ചു നോക്കിയിരിക്കായിരുന്നു… അപ്പോഴാ എന്റെ മാല കണ്ടത്.”
“ഓക്കേ.. ഫസീ…ഞാൻ കുറച്ച് തിരക്കിലാ.. പിന്നെ വിളിക്കാ..”
വേറെയൊന്നും പറയാൻ നിക്കാതെ അഫ്സൽ ഫോൺ കട്ട് ചെയ്തു.അവളുടെ ആഗ്രഹം കേട്ടപ്പോൾ അവന് വല്ലാത്ത സങ്കടമായി.കല്യാണം കഴിഞ്ഞ് ഒരുമിച്ച് താമസം തുടങ്ങിയിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞു.ഇന്നുവരെ അവളുടെ ആവശ്യങ്ങളൊന്നും ആഗ്രഹങ്ങളായി പറഞ്ഞിട്ടില്ല.അവന് പലപ്പോഴും തോന്നിയിട്ടുണ്ട് വേറൊരാളാണ് അവളെ കെട്ടിയിരുന്നെങ്കിൽ എല്ലാവിധ സുഖസൗകര്യത്തോടെ അവൾ ജീവിക്കുമായിരുന്നു. ഈ സമയം അവൾക്കറിയാം ഒരു മാലവാങ്ങാൻ കഴിയുന്ന സാഹചര്യത്തിൽ അല്ല അവളുടെ ഇക്കയെന്ന് എന്നിട്ടും അവളത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ.ആ ആഗ്രഹം അവനെ ഏറെ സങ്കടപ്പെടുത്തുന്നുണ്ട്..
അവളുടെ ആഗ്രഹം കേട്ട് വിഷമം തോന്നിയിട്ടാണ് കോൾ കട്ട് ചെയ്തതെന്ന് അവൾ അറിയാതിരിക്കാൻ വേണ്ടി തിരക്കാണെന്ന് പറഞ്ഞെങ്കിലും.. അത് മനസ്സിലായത് പോലെ അവൾ വീണ്ടും വിളിച്ചു..
“ഞാൻ പറഞ്ഞില്ലേ ഫസി തിരക്കിലാണെന്ന്..”
“എനിക്കറിയാം തിരക്കിൽ അല്ലെന്ന്… ചുമ്മാ ജാഡ കാണിക്കണ്ട.പോട്ടെ വിഷമിക്കേണ്ട ഞാൻ വെറുതെ പറഞ്ഞതാണ്…”
“എനിക്ക് വിഷമമായീന്ന് നിന്നോട് ആരാ പറഞ്ഞെ..”
” എന്റെ ഇക്കയെ ഞാനറിയുന്നതുപോലെ വേറെ ആരാ അറിയാ. എനിക്കറിയാം ഇപ്പോൾ ഒരു മാല വാങ്ങാൻ കഴിയുന്ന സന്ദർഭം അല്ലെന്ന്.. വെറുതെ വാങ്ങിത്തരാമെന്ന് പറഞ്ഞാൽ മതി എനിക്ക് അതൊരു സമാധാനമാണ്.”
കുറച്ചുനേരം കൂടി സംസാരിച്ചു അവൾ ഫോൺ കട്ട് ചെയ്തു. ചിലസമയം അവനവളെ മനസ്സിലാക്കാൻ കഴിയുന്നില്ല. വല്ലാത്തൊരു അത്ഭുതമാണ് ഓരോ പെണ്ണും. ശബ്ദത്തിന്റെ ഇടർച്ച കൊണ്ട് പോലും മനസ്സിലാക്കാൻ അവർക്ക് കഴിയും.. പക്ഷേ അവളെ മനസ്സിലാക്കാൻ പലപ്പോഴും ഭർത്താക്കന്മാർ പരാജയപ്പെടും.
അമ്പത് പവനുമായി വന്നുകയറിയതാണ് എന്റെ വീട്ടിൽ. ഇന്നിപ്പോൾ അവളുടെ ദേഹത്ത് കാതിൽ കടക്കുന്ന ഒരു കുഞ്ഞി കമ്മൽ മാത്രമേ ഉള്ളൂ. അനിയത്തിയെ കെട്ടിക്കാൻ വേണ്ടി കുറച്ച് സ്വർണ്ണം എടുത്തു. പിന്നെ സ്ഥലം വാങ്ങാനും ഗൾഫിൽ പോകാനും അവളുടെ സ്വർണം എടുത്തു.. അവൾ ഒരു പരാതിയും പറഞ്ഞില്ല. സന്തോഷത്തോടെയാണ് ഓരോന്നും ഊരി തന്നത്.. കല്യാണം കഴിഞ്ഞ നാളുകളിൽ അവളുടെ കാലുകളിൽ ഒട്ടിക്കിടക്കുന്ന പാദസരം കാണാൻ നല്ല ചേലായിരുന്നു..
ആ പാദസരം എന്നും അങ്ങനെ കാലിൽ ഉണ്ടാവണമെന്ന് അവൻ അവളുടെ കാതിൽ പറയും. അതും ഊരിയപ്പോൾ അവളുടെ മുഖത്തെക്ക് നോക്കാൻ കഴിയാതെ തല കുനിച്ചു നിന്നിട്ടുണ്ട് അഫ്സൽ.
“എന്റെ ഒരു തരി സ്വർണ്ണം പോലും ഇക്ക അനാവശ്യമായി നശിപ്പിച്ചിട്ടില്ല. പിന്നെ എന്തിനാ ഇക്കാ ഈ സങ്കടം.. ആവശ്യങ്ങൾ നടക്കട്ടെ.”
സാധാരണ വീട്ടിലെ ഒരു പെൺകുട്ടിയായിരുന്നു അവളും. കല്യാണസമയത്തായിരിക്കും ഈ ആഭരണങ്ങളൊക്കെ അവൾ കാണുന്നതും ഇടുന്നതും. എല്ലാം ഉപയോഗിച്ച് പൂതി മാറുന്നതിനു മുമ്പ് തന്നെ വിറ്റു.അവളുടെ മനസ്സിൽ അതിന്റെയൊക്കെ സങ്കടം ഉണ്ടാവാതിരിക്കുമോ.. ഉണ്ടങ്കിലും ഇതുവരെ അവൾ അതൊന്നും പുറത്ത് കാണിച്ചിട്ടില്ല.
അവളുടെ വീട്ടിൽ നിന്നും കൊടുത്ത അമ്പത് പവനെക്കാൾ വിലയുണ്ടെന്ന് അഫ്സൽ അവളുടെ കഴുത്തിൽ ചാർത്തിയ മാലയിൽ കോർത്ത അവന്റെ മഹർ ആയ ആ ലോക്കറ്റിന്. അതുകൊണ്ടാണ് മാല വിറ്റിട്ടും ആ ലോക്കറ്റ് അവൾ എടുത്തു വെച്ചത്.പലപ്പോഴും ആ ലോക്കറ്റിൽ എഴുതിയ അവന്റെ പേരിൽ അവൾ ചും ബിച്ചിട്ട് ഭദ്രമായി അലമാരയിൽ എടുത്തു വെക്കും.എന്നെങ്കിലും ഒരിക്കൽ ഒരു മാല വാങ്ങി ആ ലോക്കറ്റ് ആ മാലയിൽ അവൾ കോർത്തിടും.
പ്രവാസി കുപ്പായമണിഞ്ഞ് ഗൾഫിലേക്ക് പറക്കുമ്പോൾ… നഷ്ടപ്പെട്ടതൊക്കെ അവൾക്ക് തിരിച്ചു കൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ഒന്നിനും അഫ്സലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഓരോ ആവശ്യങ്ങൾ ഓരോന്നായി അവരിലേക്ക് വന്നു കൊണ്ടിരുന്നു.
ഒരു സമയം കഴിഞ്ഞാൽ തറവാട്ടിൽ നിന്നും മാറി വേറെ താമസിക്കണം.അല്ലങ്കിൽ കണക്കുകൾ കുന്നു കൂടും. ആ കണക്കുകളിൽ കൊടുത്തതൊഒന്നും ഉണ്ടാവില്ല.ഓന്തിന്റെ നിറം മാറുന്നതുപോലെ തറവാട്ടിൽ ചിലരുടെ മുഖത്തിലെ നിറങ്ങൾ മാറി മറയും. കുട്ടികളോട് പോലും മുഖം തിരിച്ചു തുടങ്ങിയപ്പോൾ അവർ ആ വീട്ടിൽ അധികപറ്റാണെന്ന് അവൾക്ക് തോന്നി.
അവളാണ് വീട് വെക്കാൻ ആഗ്രഹം പറഞ്ഞത്.കടം വാങ്ങിയും ലോൺ എടുത്തും ബാക്കിയുണ്ടായിരുന്ന സ്വർണ്ണം വിറ്റും ഒരു വീട് വച്ചു.അഫ്സലിന് ധൈര്യം കൊടുത്ത് അവർ ആഗ്രഹിച്ച പോലെ ഒരു വീട് ഉയർന്നു.ഫോട്ടോയിൽ അല്ലാതെ ആ വീട് അഫ്സൽ കണ്ടിട്ടില്ല… നാട്ടിൽ പോകാനും വീട് കാണാനും ആശയോടെയാണ് പ്രവാസത്തിലെ അവന്റെ ഓരോ ദിവസവും ഉണരുന്നതും അസ്തമിക്കുന്നതും.അവളെയും കെട്ടിപ്പിടിച്ച് ആ വീടിനുള്ളിൽ ഒരു രാത്രി ഉറങ്ങുന്നതാണ് ഇന്ന് അവൻ കാണുന്ന സ്വപ്നം.
എടുത്താൽ പൊന്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആണ് കടങ്ങൾ. അതിനിടയിൽ ഗൾഫുകാരന് വേണ്ടി മാത്രം നാട്ടിൽ മാറ്റിവെക്കുന്ന ആവശ്യങ്ങൾ വേറെയും.ഈ കടങ്ങളുടെയും പ്രശ്നങ്ങളുടെയും ഇടയിൽ എല്ലാത്തിനും സമാധാനം കാണണം. പറ്റുന്നപോലെ എല്ലാവരെയും സഹായിക്കും.ആരിൽ നിന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത സഹായങ്ങൾ.
സാധാരണക്കാർക്ക് ഓരോ സ്വപ്നങ്ങൾ പടച്ചവന്‍ മനസ്സിലേക്ക് ഇട്ടു കൊടുക്കും.. പിന്നെ അതിന്റെ പിറകെയുള്ള ഓട്ടമാണ്. ചിലരൊക്കെ ആ ഓട്ടത്തിൽ വീണു പോകും. ചിലർ അഫ്സലിനെ പോലെ ഓടിയും വീണും പിന്നെയും ചാടി എഴുന്നേറ്റു.. മുന്നോട്ടുതന്നെ പായും… അത്രക്കധികം ബാധ്യതകൾ തലയിൽ ഉള്ളതുകൊണ്ടാണ് നാട് എന്ന സ്വപ്നം പോലും മാറ്റിവെച്ച് ഓരോ പ്രവാസിയും ജീവിക്കുന്നത്.
ഓരോന്ന് ചിന്തിച്ചു തുടങ്ങിയാൽ ഒരു അന്തവും ഉണ്ടാവില്ല.അതുകൊണ്ടല്ലേ നാട്ടിൽ പോകാനുള്ള എല്ലാം റെഡിയായിട്ടും അതിന്റെയൊരു സന്തോഷം അവന്റെ മുഖത്ത് കാണാത്തത്. അഫ്സൽ മൊബൈൽ എടുത്തു വീണ്ടും അവളെ വിളിച്ചു.
“ഫസീ…. ഞാൻ മാല വാങ്ങി തരാട്ടോ.നീ ആഗ്രഹം പറഞ്ഞതു പോലെ.. അഞ്ച് പവന്റെ ഒരു കുഞ്ഞി മാല.”
“മ്മ്…”
“നാട്ടിൽ വരുന്നത് ഓർത്തിട്ട് ഒരു സമാധാനവും ഇല്ല പെണ്ണേ.”
“നിങ്ങക്ക് സമാധാനം ഇല്ലെങ്കിൽ വരണ്ട..അവിടെന്നെ നിന്നോ.”
“അതല്ല.. മൂന്നുമാസം നാട്ടിൽ വന്ന് നിൽക്കുമ്പോൾ നമ്മുടെ ലോണും കടങ്ങളൊക്കെ എന്ത് ചെയ്യും… എന്റെ മക്കൾക്ക് എന്തെങ്കിലുമൊക്കെ മേടിക്കാൻ പോലും കൈയിൽ ഒന്നും മാറ്റി വെക്കാൻ പറ്റിയിട്ടില്ല പെണ്ണേ.”
“ഇക്കാ അതൊന്നും ഓർത്ത് വിഷമിക്കേണ്ട.ഇതുവരെയെല്ലാം ഇങ്ങനെയൊക്കെ പോയില്ലേ.എല്ലാത്തിനും പടച്ചവൻ ഒരു വഴി കാണിക്കും.”
അഫ്സലിനെ പോലെയുള്ള ഓരോ പ്രവാസിയും പടച്ചോൻ കാണിക്കുന്ന ആ വഴിയാണ് ഈ മരുഭൂമിയിൽ തേടിക്കൊണ്ടിരിക്കുന്നത്. നാട്ടിൽ കൊണ്ട് പോകാനുള്ളതൊക്കെ കുറച്ചു കുറച്ചു പലപ്പോഴായി വാങ്ങി വെച്ചിട്ടുണ്ട്.ബാക്കി ഉള്ളത് റൂമിലുള്ള കൂട്ടികാരിൽ നിന്നും. കടം വാങ്ങി ഒപ്പിക്കാം.ഇവിടെ അങ്ങനെയാണ് പരസ്പരം എല്ലാവർക്കും എല്ലാവരെയും മനസ്സിലാവും.
പക്ഷേ നാട്ടിൽ ഇറങ്ങിയതിനു ശേഷമുള്ള കാര്യങ്ങൾ ആലോചിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയാണ് അവന്റെ നെഞ്ചിൽ…. എങ്കിലും പോകാതിരിക്കാൻ കഴിയില്ലല്ലോ…അവനും അവളും ഒരുപാട് ആഗ്രഹിച്ചു കെട്ടിപ്പൊക്കിയ ആ വീട്ടിലേക്കല്ലേ ചെല്ലുന്നത്… അവിടെ ഒത്തിരി സന്തോഷം അവന് വേണ്ടി അവന്റെ കുടുംബം കാത്തുവെച്ചിട്ടുണ്ടാവും.