ഞങ്ങള് മംഗല്യ വെഡ്ഡിങ്ങിൽ നിന്നാണ് വരുന്നത്, ഇന്ന് നടന്ന നറുക്കെടുപ്പിൽ നിങ്ങടെ വണ്ടി നമ്പരിനാണ് സമ്മാനം അടിച്ചത്, ചേട്ടൻ വണ്ടിയുടെ മുന്നിൽ ഒന്ന് വന്ന്നിന്നേ……..

Story written by Saji Thaiparambu

ഇക്കാ ഒരു സവാരി പോകണമല്ലോ ?

അല്ല ,ഇതാര് റഫീക്കോ? നീ എപ്പോഴാ എത്തിയേ ?

ഞാൻ വന്നിട്ട് ഒരാഴ്ചയായി ഇക്കാ,,

ആങ്ഹ്, എങ്കിൽ കയറിക്കോ നിനക്കെങ്ങോട്ടാ പോകണ്ടേ?

സിറ്റിയില് പുതിയൊരു ടെക്സ്റ്റൈൽ തുടങ്ങിയില്ലേ? അങ്ങോട്ടേക്ക് വിട്ടോ, പെരുന്നാള് വരുവല്ലേ? എനിക്ക്ഒ ന്ന് രണ്ട് ഷർട്ടും പാൻറ്സുമൊക്കെ എടുക്കണം,,

അല്ലാ, നീ ഗൾഫീന്ന് വന്നപ്പോൾ ഡ്രസ്സ് ഒന്നും കൊണ്ട് വന്നില്ലേ?

ഇല്ല ഇക്കാ,, അവിടുത്തെ വില വച്ച് നോക്കുമ്പോൾ, ഇവിടുന്ന് എടുക്കുന്നതാണ് ലാഭം ,ഇക്കാ ഫാമിലിയുമായി നേരത്തെ ഷോപ്പിങ്ങിന് പോയിട്ടുണ്ടാവും അല്ലേ?

ഹേയ് നമുക്ക് എന്ത് ഷോപ്പിങ്ങ്, പഴയത് പോലാന്നുമല്ല റഫീക്കേ,, ഇപ്പോൾ എല്ലാർക്കും സ്വന്തമായി കാറും ബൈക്കുമൊക്കെ ആയപ്പോൾ ഓട്ടോറിക്ഷക്കാരെയൊന്നും സവാരി പോകാൻ ആരും വിളിക്കാറില്ല, പിന്നെ വല്ലപ്പോഴും നിങ്ങളെപ്പോലെയുള്ള ഗൾഫുകാരോ അന്യസംസ്ഥാന തൊഴിലാളികളോ ഒക്കെയാണ്, സിറ്റിയിലേക്ക് സവാരി പോകാൻ വിളിക്കുന്നത്,,

അല്ലാ,ഇക്കാക്ക് ഇപ്പോൾ എത്ര കുട്ടികളാണ്?

മൂന്ന് പേരുണ്ട് ,ഇളയവൾക്ക് മൂന്ന് വയസ്സേയുള്ളു,മൂത്ത രണ്ട് പേര്ഇ രട്ട ആൺകുട്ടികളാണ്അ വർക്ക് എട്ട് വയസ്സ് കഴിഞ്ഞു ,ഇളയവൾക്കെങ്കിലും ഒരു പുതിയ കുപ്പായം വാങ്ങി കൊടുക്കണമെന്നുണ്ട് , പക്ഷേ ഇപ്പോഴത്തെ കുപ്പായത്തിൻ്റെയൊക്കെ വില വച്ച്, ഞാൻ രണ്ട് ദിവസം സവാരി പോയാലെ ഒരു കുപ്പായം എടുക്കാൻ പറ്റു ,അങ്ങനെ നോക്കുമ്പോൾ വീട്ടിലേ മറ്റ് കാര്യങ്ങളൊക്കെ മുടങ്ങുകയും ചെയ്യും, അത് കൊണ്ട്, ആ മോഹമങ്ങ് തല്ക്കാലം ഉപേക്ഷിക്കാനേ നിർവ്വാഹമുള്ള്,,

ങ്ഹാ ദേ ഷോപ്പ് എത്തിയല്ലോ ഇക്കാ,,?

ങ്ഹാ, റഫീഖ് ഇറങ്ങിക്കോ കഴിയുമ്പോൾ വിളിച്ചാൽ മതി,, ഞാനാ പാർക്കിങ്ങിലുണ്ടാവും

ശരി ഇക്കാ, ഞാൻ വിളിക്കാം ഇക്കാടെ നമ്പര് ഒന്ന് പറഞ്ഞേക്ക്,,

റഫീഖിന് ഫോൺ നമ്പര് കൊടുത്തിട്ട് സലീം തൻ്റെ ഓട്ടോറിക്ഷയുമായി പാർക്കിങ്ങ് ഏരിയയിലേക്ക് പോയി.

അല്പം കഴിഞ്ഞപ്പോൾ, സലീമിൻ്റെ മൊബൈൽ റിങ്ങ് ചെയ്തു.

ങ്ഹാ ഇക്കാ റഫീഖാണ്, നിങ്ങടെ വണ്ടി നമ്പര് ഒന്ന് പറയുമോ? ഇവിടെയൊരു നറുക്കെടുപ്പുണ്ട് , ഈ കടയിൽ കസ്റ്റമേഴ്സിനെ കൊണ്ട് വരുന്നവരിൽ നിന്നും ഒരു വിജയിയെ തിരഞ്ഞെടുക്കും, അവർക്ക് എന്തോ സമ്മാനം ഇവര് കൊടുക്കുമത്രേ ,,

ങ്ഹാ, എൻ്റെ വണ്ടി നമ്പര് എഴുതിക്കോ,,

റഫീഖിന് ,നമ്പര് കൊടുത്തിട്ട് സലീം ഫോൺ കട്ട് ചെയ്തു.

വീണ്ടും അരമണിക്കൂർ കൂടെ കഴിഞ്ഞിട്ടാണ് ,റഫീഖ് കൈനിറയെ കിറ്റുകളുമായി വന്ന് ഓട്ടോറിക്ഷയിൽ കയറിയത്.

ഇക്കാ,, എന്നെ വീടിന് മുന്നിൽ കൊണ്ട് ഡ്രോപ്പ് ചെയ്യണേ,,

ങ്ഹാ ശരി,,

റഫീഖിനെ, വീട്ടുമുറ്റത്ത് ഇറക്കിയിട്ട് സലിം ഓട്ടോറിക്ഷയുമായി തിരിച്ച് സ്റ്റാൻ്റിലെത്തി.

ങ്ഹാ സലിമിക്കാ,, നല്ലൊരു സവാരി കിട്ടിയെന്ന് തോന്നുന്നല്ലോ? കുറേ നേരമായല്ലോ സ്റ്റാൻറീന്ന് പോയിട്ട് വല്ല കോളുമൊത്തോ?

സ്റ്റാൻറിലെ മറ്റൊരു ഡ്രൈവറായ ഖാലിദ് ചോദിച്ചു

ഓഹ് കോളൊന്നുമില്ലെടാ,, ഡ്രസ് എടുക്കാൻ പോയതാണ് , അറിയാവുന്നൊരു പയ്യനായിരുന്നു കഴിഞ്ഞയാഴ്ച ഗൾഫീന്ന് വന്നതാണ്,,

അത് പറഞ്ഞിട്ട് മൊബൈലെടുത്ത് സലീം വീട്ടിലേക്ക് ഫോൺ ചെയ്തു

********************

രാത്രി എട്ട് മണിയോടെ സ്റ്റാൻ്റിൽ നിന്നും വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് സലീമിൻ്റെ ഓട്ടോറിക്ഷയുടെ അരികിലേക്ക് ഒരു കാറ് വന്ന് നിന്നത്

അതിൽ നിന്നും ഇറങ്ങിയ രണ്ട് പേര് ഓട്ടോറിക്ഷയുടെ മുന്നിൽ വന്ന് നമ്പര് സൂക്ഷിച്ച് നോക്കുന്നത് കണ്ട് സലീമിന് അമ്പരപ്പുണ്ടായി

ചേട്ടൻ്റെ പേര് സലീം എന്നാണോ?

അതിലൊരാൾ സലീമിനോട് ചോദിച്ചു.

അതേ ,,

ങ്ഹാ ചേട്ടാ,, ഞങ്ങള് മംഗല്യ വെഡ്ഡിങ്ങിൽ നിന്നാണ് വരുന്നത്, ഇന്ന് നടന്ന നറുക്കെടുപ്പിൽ നിങ്ങടെ വണ്ടി നമ്പരിനാണ് സമ്മാനം അടിച്ചത്, ചേട്ടൻ വണ്ടിയുടെ മുന്നിൽ ഒന്ന് വന്ന്നിന്നേ, ഒരു ഫോട്ടോ എടുക്കട്ടെ, മുതലാളിയെ കാണിക്കാനാണ്,,

ഫോട്ടോ എടുത്തതിന് ശേഷം അവർ സലീമിൻ്റെ കൈയ്യിൽ ഒരു കവറ് ഏല്പിച്ചു.

ശരി ചേട്ടാ,, എന്നാൽ ഞങ്ങള് പോകട്ടെ, ഇനിയും കഴിയുന്നത്ര കസ്റ്റമേഴ്‌സിനെ ഞങ്ങടെ കടയിൽ എത്തിച്ചാൽ ,ഇത് പോലെ സമ്മാനങ്ങൾ ഇനിയും കിട്ടും കെട്ടോ,,

ഒഹ് ശരി, സന്തോഷം,,

നന്ദി അറിയിച്ച് അവരെ യാത്രയാക്കിയിട്ട്, സലീം കവറ് തുറന്ന് നോക്കി

അതിൽ അയ്യായിരം രൂപ ഉണ്ടായിരുന്നു.

സന്തോഷം കൊണ്ട് സലീമിൻ്റെ കണ്ണുകൾ നിറഞ്ഞു.

ആ റഫീഖ് കാരണമാണ് തനിക്കീ ഭാഗ്യം ലഭിച്ചത്, അവനെ വിളിച്ച് വിവരമൊന്ന് പറയണം.

സലീം ഉടനെ തന്നെ റഫീഖിനെ വിളിച്ച് തനിക്ക് സമ്മാനം കിട്ടിയ കാര്യം പറഞ്ഞു.

റഫീഖേ,,നീയാണ് എന്നെ അവിടെ കൊണ്ട് പോയതും, എൻ്റെ വണ്ടി നമ്പര് കൊടുത്തതും, അത് കൊണ്ട് മാത്രമാണ് ,എനിക്കീ ഭാഗ്യം ലഭിച്ചത് ,ഒത്തിരി നന്ദിയുണ്ടെടാ,, ഇനി എൻ്റെ മോൾക്ക് മാത്രമല്ല, മൂന്ന് മക്കൾക്കും, ഭാര്യയ്ക്കുമൊക്കെ പെരുന്നാൾ ഡ്രസ്സ് എടുക്കാൻ പറ്റും. ഒത്തിരി സന്തോഷായെടാ,,,

ഹേയ് എന്താ ഇക്കാ ,നന്ദി പറയേണ്ടത് മുകളിലിരിക്കുന്ന ആളോടാണ്, ഞാനൊരു നിമിത്തം മാത്രമാണ്, ശരി ഇക്കാ, അസ്സലാമു അലൈക്കും,, പിന്നെ കാണാം,,,

സലാം പറഞ്ഞ് റഫീഖ് ഫോൺ വച്ചപ്പോൾ, അയാളുടെ ഭാര്യ അടുത്തേക്ക് വന്നു.

നിങ്ങളെന്തിനാ ഇക്കാ,, ഇങ്ങനെയൊരു കുറുക്ക് വഴി നോക്കിയത്? ,ആ പൈസ നമുക്ക് അവരുടെ വീട്ടിൽ കൊണ്ട് കൊടുക്കാമായിരുന്നില്ലേ ?എന്നിട്ട് ഒരു വീഡിയോയും ചെയ്യാമായിരുന്നു, ഈ റമളാൻ മാസത്തിൽ, സലീമിക്കയുടെ കുടുംബം മാത്രമല്ല ,നമ്മുടെ വീഡിയോ കാണുന്നവര് പോലും, നിങ്ങക്ക് വേണ്ടി ദുഅ: ചെയ്തേനെ,,

ജാസ്മീ,, വലത് കൈ കൊണ്ട് ചെയ്യുന്നത്, ഇടത് കൈ അറിയരുതെന്നല്ലേ പറയാറ്,, മാത്രമല്ല, സലീമിക്കാടെ ഗതികേട് വീഡിയോ എടുത്ത് കാണിച്ചിട്ട് ,എനിക്ക് നന്മ മരമൊന്നുമാകണ്ട, ഇല്ലായ്മക്കാരനാണെങ്കിലും, സലീമിക്കാ പണ്ടേ ഒരു അഭിമാനിയാണ് ,അങ്ങനെയുള്ള ഒരാള് ആരുടെയും ഔദാര്യം സ്വീകരിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം, അല്ലെങ്കിൽ പിന്നെ, ഇന്ന് സവാരി പോയപ്പോൾ തന്നെ എനിക്കീ പൈസ നേരിട്ട് കൊടുക്കാമായിരുന്നില്ലേ?

ഉം,, ശരിയാണ് ,ഞാനത്രയ്ക്ക് ചിന്തിച്ചില്ല

NB :-കഴിവില്ലാത്തവരെ സഹായിക്കുമ്പോൾ കഴിയുന്നതും അവര് പോലുമറിയാതെ സഹായിക്കാൻ ശ്രമിക്കുക പേരിനും പ്രശസ്തിക്കും വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ ഒന്നോർക്കുക ,അതിലൂടെ മറ്റൊരാളുടെ തല കുനിയുകയും അയാളുടെ അന്തസ്സിന് കോട്ടം തട്ടുകയും ചെയ്യും

Related Posts

Leave a Reply

Your email address will not be published. Required fields are marked *