എഴുത്ത്:-ഗിരീഷ് കാവാലം
പെണ്ണിന്റെ വീട് അടുക്കാറായതും, കല്യാണചെറുക്കൻ ഇപ്പൊ ടോയ്‌ലറ്റിൽ പോയേ പറ്റൂ എന്ന നിലയിൽ വയർ തിരുമ്മി ഇരിക്കുന്നത് കണ്ട അടുത്ത സീറ്റിൽ ഇരിക്കുന്ന ഉറ്റ സുഹൃത്ത് വർക്കിയും കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന ബ്രോക്കറും ഒരു നിമിഷം അന്താളിച്ചിരുന്നു പോയി
“ആകാശെ ടാ സീനായോടാ..”
വർക്കി ആകാംക്ഷയോടെ ചോദിച്ചു
മോതിരം ഇടൽ ചടങ്ങിന്റെ മുഹൂർത്തം തുടങ്ങാൻ മിനിട്ടുകൾ ബാക്കി നിൽക്കെ പെണ്ണിന്റെ വീട്ടിൽ എത്താറായിരുന്നു അവർ സഞ്ചരിച്ചിരുന്ന കാർ തൊട്ട് പുറകെ മിനി ബസും വരുന്നുണ്ട്
ബ്രോക്കറിന്റെ മൊബൈലിലേക്ക് അപ്പോൾ വന്ന കാൾ പെണ്ണിന്റെ അച്ഛന്റെ ആയിരുന്നു
“ചേട്ടാ ഞങ്ങൾ എത്താറായി…”
പറഞ്ഞു ഫോൺ കട്ട് ചെയ്തതും ബ്രോക്കർ ശ്വാസം പിടിച്ചിരുപ്പായി
എന്തിലും ഏതിലും നർമ്മത്തോടെ മാത്രം സംസാരിക്കുന്ന വർക്കിയുടെ മനസ്സിലും ആധിയായി.
എടാ നീ യാ കേക്ക് കഴിച്ചോടാ?
വർക്കി സംശയത്തോടെ ചോദിച്ചു”
“ങാ… ഇറങ്ങാൻ നേരം ഞാൻ അത് കഴിച്ചെടാ
“ഈശോയെ…”
വർക്കി തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു
“എടാ ഇന്നലെ വൈകിട്ട് നിന്റെ മുറിയിൽ നിന്ന് പിരിയാൻ നേരം ഞാനും ആ കേക്ക് ഒരു കഷ്ണം എടുത്തു കഴിച്ചു എനിക്കും രാത്രി വയറിളകി”
“എടാ.. ഇനി സമയം ഇല്ല ഒരു അര മുക്കാൽ മണിക്കൂർ പിടിച്ചു നിൽക്കാൻ ഉള്ള വിദ്യ ഞാൻ പറഞ്ഞു തരാം അപ്പോഴേക്കും ചടങ്ങ് കഴിയും പിന്നെ പ്രശ്നം ഇല്ല”
ആകാശ് ദയനീയതയോടെ വർക്കിയെ നോക്കി
“നീ ഇപ്പൊ നിനക്ക് ജോലി കിട്ടിയ ആ ദിവസത്തെ പറ്റി ഒന്ന് ചിന്തിച്ചേ.. ഒന്ന് ചിന്തിക്കാൻ…..
ആകാശ് ഒന്ന് മൂളി
“എത്ര സന്തോഷം ആയിരുന്നു അന്ന്… അതുപോലെ നിന്റെ ജീവിതത്തിലെ നല്ല നല്ല സമയങ്ങൾ ഒന്ന് ഓർത്തെടുത്തെ..”
“ഇപ്പൊ ആശ്വാസം വന്നില്ലേ..”
ആകാശിന്റെ മുഖത്തെ പിരിമുറുക്കം മാറിയത് ശ്രദ്ധിച്ച വർക്കി പറഞ്ഞു
“അതേടാ ഇപ്പൊ ആ തോന്നൽ മാറി”
ആകാശ് ആശ്വാസത്തോടെ പറഞ്ഞു
“ഹോ.. ആശ്വാസം.. ഇത് ഞാൻ സ്വയം ഡെവലപ്പ് ചെയ്തു പരീക്ഷിച്ചതാ… ഇത് എനിക്ക് പലതവണ പ്രയോജനപ്പെട്ടിട്ടുണ്ട്”
വർക്കി പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ചിരി തെളിഞ്ഞു. ഇടയ്ക്ക് കയറി വന്ന ആ ആശയക്കുഴപ്പം മാറുകയും ചെയ്തു
കാർ വധൂഗൃഹത്തിൽ എത്തിയതും എല്ലാവരും സ്വീകരിക്കാനായി അവിടെ റെഡിയായിരുന്നു
കാറിന് വെളിയിൽ ഇറങ്ങിയ ആകാശിനെ പെൺകുട്ടിയുടെ സഹോദരൻ കൈ കൊടുത്തു സ്വീകരിച്ചതും ആകാശിനു വീണ്ടും ടോയ്‌ലറ്റിൽ പോകാനുള്ള ശങ്കയായി. അതിശക്തമായ ശങ്കയോടെ വയർ പൊത്തി പിടിച്ച ആകാശ് വർക്കിയുടെ ചെവിയിൽ പറഞ്ഞു
“ഡാ.. ഞാൻ ഇപ്പൊ ഇവിടെ സാധിക്കും പിടിച്ചു നിൽക്കാൻ പറ്റുന്നില്ലടാ”
ഉടൻ തന്നെ വർക്കി പെൺകുട്ടിയുടെ സഹോദരന്റെ ചെവിയിൽ അടക്കത്തിൽ കാര്യം പറഞ്ഞു
കൂടി നിന്നവർ കാര്യം അറിയാതെ എന്താണ് പ്രശ്നം എന്നാലോചിച്ചു നിൽക്കുമ്പോഴേക്കും ആകാശ് വീടിനുള്ളിലേക്ക് ഓടി പുറകെ പെണ്ണിന്റെ സഹോദരനും ബന്ധുക്കളും എല്ലാവരും ഓടി
കാര്യം അറിഞ്ഞ എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു
സ്ത്രീകളിൽ പലരും മൂക്കത്ത് കൈവിരൽ വച്ചു അടക്കി ചിരിച്ചു
“ഓ.. ഇതിൽ ഒന്നും നാണിക്കേണ്ടന്നെ.. ആർക്കും എപ്പോഴും പറ്റാവുന്നതല്ലേ…”
ടോയ്‌ലറ്റിന് വെളിയിൽ നിൽക്കുന്ന പെണ്ണിന്റെ അച്ഛൻ ബ്രോക്കറോട് പറഞ്ഞു
ആരോ അങ്ങോട്ട് വന്നു പറഞ്ഞതും അകത്തെ മുറിയിൽ ഒരുങ്ങി സുന്ദരിയായി ഇരിക്കുകയായിരുന്ന കല്യാണിയുടെ മുഖത്ത് ജാള്യത പ്രകടമായി
ടോയ്‌ലറ്റിൽ നിന്നിറങ്ങിയ ആകാശിന് എല്ലാവരെയും നോക്കാൻ ചെറിയ ഒരു ശങ്ക ഉണ്ടായിരുന്നു
ങാ.. വേഗം ആകട്ടെ മുഹൂർത്തം തീരാൻ അധികം സമയം ഇല്ല
പെണ്ണിന്റെ അച്ഛൻ പറഞ്ഞു
ആകാശിന്റെ അടുത്തേക്ക് ഇരുന്ന കല്യാണിയുടെ കൈവിരലിലേക്ക് ഇടാനുള്ള മോതിരം കൈയ്യിൽ പിടിച്ചതും ആകാശിനു വീണ്ടും കടുത്ത ശങ്കയായി. അവൻ എഴുന്നേറ്റതും മോതിരം കൈയ്യിൽ നിന്ന് തെറിച്ചു താഴേക്ക് പോയി
ആളുകളെ തള്ളി മാറ്റി ആകാശ് നേരെ ടോയ്‌ലെറ്റിലേക്കു ഓടി പിന്നാലെ വർക്കിയും
പെണ്ണ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു കണ്ണീരോടെ തന്റെ മുറിയിലേക്ക് ഓടി
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഇളിഭ്യരായി നിൽക്കുവായിരുന്നു എല്ലാവരും
ഇളിഭ്യനായി മുഖം കുനിച്ചു ആകാശ് ടോയ്‌ലറ്റിൽ നിന്നിറങ്ങിയതും പെണ്ണിന്റെ അച്ഛൻ അങ്ങോട്ട് വന്നു ബ്രോക്കറുടെ ചെവിയിൽ പറഞ്ഞു
“ടോ…സമയത്തും കാലത്തും കക്കൂസിൽ പോകാത്തവനെയും കൊണ്ടാണോ താൻ ഇവിടെ ബന്ധത്തിന് കൊണ്ടുവന്നത്.. ശേ… നാണക്കേട്. ഇവനേം കൊണ്ട് പോടോ ഇവിടുന്നു”
“ഞങ്ങൾക്ക് താല്പര്യം ഇല്ല ഈ ബന്ധത്തിന്. മുഹൂർത്തവും കഴിയാറായി അതുതന്നെയും അല്ല അശുഭമായ കാര്യങ്ങൾ അല്ലെ നടന്നത്..”
ആകാശും കൂടി കേൾക്കാനായി പെണ്ണിന്റെ അച്ഛൻ ബ്രോക്കറോട് പറഞ്ഞു
വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ചെറുക്കൻ കൂട്ടർ അവിടെ നിന്നിറങ്ങിയത്
“ചടങ്ങ് മുടങ്ങിയതിൽ എനിക്ക് വിഷമം ഇല്ലെടാ പക്ഷേ രണ്ട് അറ്റാക്ക് കഴിഞ്ഞു വീട്ടിൽ വിശ്രമത്തിൽ ഇരിക്കുന്ന അമ്മ ഇത് എങ്ങനെ എടുക്കും എന്നതാടാ”
“ടാ.. അതിന് ഈ വർക്കിയുടെ കൈയ്യിൽ വഴിയുണ്ട്….”
വർക്കി അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.
“ബസിൽ ഉള്ളവരോട് ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം”
വർക്കി പറഞ്ഞു
“മോനെ അവസാനം ആണെങ്കിലും പെണ്ണിന്റെ ദുഷിച്ച സ്വഭാവം ആരോ ഫോൺ വിളിച്ചു നിന്നെ അറിയിച്ചതും , ആ ബന്ധത്തിൽ നിന്ന് തലയൂരാൻ എന്റെ മോൻ നാടകം കളിച്ചതും നന്നായി.. ഭാവിയിൽ വരാവുന്ന അപകടം മാറി പോയല്ലോ.. അത് മതി”
അമ്മ ആകാശിനെ ആശ്വസിപ്പിച്ചു
☆☆☆☆☆☆☆☆☆☆☆
ബസ് സ്റ്റോപ്പിൽ ഇരുന്ന കല്യാണി ഒരു ഓട്ടോ വരുന്നത് കണ്ടതും പെട്ടന്ന് ചാടി എഴുന്നേറ്റ് കൈ കാണിച്ചു
ഓട്ടം ഉണ്ടെന്ന് പറഞ്ഞു ആ ഓട്ടോ സ്പീഡിൽ മുന്നോട്ട് പോയി
പെട്ടന്ന് അവിടെ ഉണ്ടായിരുന്ന സ്കൂൾ കുട്ടികൾ അടക്കത്തിൽ ചിരിക്കാൻ തുടങ്ങി
കല്യാണിയുടെ വെള്ള ചുരിദാറിന്റെ പുറകിൽ മുഴുവൻ രiക്ത കളർ. അപ്രതീക്ഷിതമായി മെiൻസസ് ആയ അവൾ ആകെ വിളറി വെളുത്തു നിന്നുപോയി..
“ചേച്ചി ഇത് കഷ്ടമായി പോയി.. ഞാൻ പാഡ് വാങ്ങി തരട്ടെ”
ഒരു ഞരമ്പൻ അവിടെ നിന്ന് കമന്റ് അടിച്ചു
അവൾക്കു മുഖം കുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ
ഒരു ഓട്ടോ വരുന്നത് കണ്ടതും കല്യാണി റോഡിലേക്ക് ഇറങ്ങി. നിർത്തിയ ഓട്ടോയിലേക്ക് കല്യാണി ചാടി കയറി
വീട്ടിൽ എത്തിയതും കല്യാണി ബാത്ത് റൂമിലേക്ക് കയറി
“എത്ര ആഡംബരമായി നടത്തിയതാ വടക്കെതിലെ സുമതിയുടെ മകൾ പാർവതിയുടെ വിവാഹം, ദേ ഇപ്പൊ ഡിവോഴ്സ് ചെയ്യാൻ പോകുവാന്ന്”
ബാത്ത് റൂമിൽ നിന്നിറങ്ങിയ കല്യാണി അമ്മ, അച്ഛനോട് പറയുന്നത് കേട്ടു ഒരു നിമിഷം നിന്നു
“പത്തിൽ പത്തു പൊരുത്തം, നൂറ്റിഒന്ന് പവനും ഇട്ട് അയച്ച പെണ്ണാ ഇപ്പൊ ഡിവോഴ്സ്ന് കോടതിയിലേക്ക് പോകുന്നത് ഇത്രേ ഉള്ളൂ വിവാഹം എന്നൊക്കെ പറയുന്നത്”
“നമ്മൾ അന്ന് ആകാശ് എന്ന ആ ചെറുക്കനോട് ചെയ്തത് ശരിയായില്ല.. അങ്ങനെ അവരെ ആക്ഷേപിച്ചു വിടരരുതായിരുന്നു..”
അമ്മ അച്ഛനോട് പറഞ്ഞ ആ വാക്കുകൾ കേട്ട കല്യാണി മുഖം പൊത്തി കിടന്നു. ബസ് സ്റ്റോപ്പിൽ വച്ചു നടന്ന സംഭവവും അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു
അവൾ തന്റെ മൊബൈൽ എടുത്ത് ആകാശിന്റെ മെസ്സഞ്ചറിലേക്ക് മനസ്സില്ലാ മനസ്സോടെ ഒരു മെസ്സേജ് അയച്ചു
ആകാശിന്റെ മനസ്സിൽ വീണ്ടും ഒരു മോതിര കല്യാണം തെളിഞ്ഞു വന്ന നിമിഷങ്ങൾ അവിടെ തുടങ്ങുകയായിരുന്നു
അമ്മയോട് കാര്യങ്ങൾ എല്ലാം തെളിച്ചു പറയാൻ വർക്കിയും ഉണ്ടായിരുന്നു
അങ്ങനെ അന്ന് വീണ്ടും ഒരു മോതിര കല്യാണയാത്ര ആ വീട്ടിൽ നിന്ന് പുറപ്പെട്ടു കല്യാണിയുടെ വീട്ടിലേക്ക്
പെണ്ണിന്റെ വീട്ടിൽ എത്തി ചടങ്ങ് തുടങ്ങാനായി ആകാശിന്റെ ആരുകിലേക്ക് ഇരുന്ന കല്യാണിയുടെ കൈവിരലിലേക്ക് മോതിരം ഇടാനായി ഒരുങ്ങിയതും പെട്ടന്ന് കൈപൊത്തി പിടിച്ചിരിക്കുന്ന ആകാശിനെ ശ്രദ്ധിച്ച എല്ലാവരും ഒന്ന് അമ്പരന്നു
ഒരു നിമിഷം ആകെ നിശബ്ദമായി അവിടം
“ആരും പേടിക്കണ്ട.. മുണ്ട് അഴിഞ്ഞു പോകാതിരിക്കാൻ കെട്ടിയ ബെൽറ്റിന്റെ കൊളുത്ത് ഒന്ന് രോമത്തിൽ ഉടക്കിയതാ….”
അപ്പോൾ അവിടെ ഉയർന്ന ആ പൊട്ടിച്ചിരിയിൽ കുരവ ഇട്ടവരുടെ ശബ്ദം പോലും അലിഞ്ഞുപോയിരുന്നു….