ഞങ്ങൾ തമ്മിൽ മൂന്ന് നാല് തവണ ഫിസിക്കൽ റിലേഷൻഷിപ്പും ഉണ്ടായിട്ടുണ്ട്….

എഴുത്ത്:-ലില്ലി

“”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “”

എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു…

“”അതെന്താ തനിക്ക് അതങ്ങ് ‌ നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ… അല്ലെങ്കിൽ അതിനുള്ള കാരണം പറയൂ..””

“” തൽക്കാലം തന്നോടത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… “”

എനിക്കെന്തോ അടിമുടി വിറച്ചു കയറി…

“”ബോധിപ്പിക്കാൻ താല്പര്യം ഇല്ലേൽ തന്നെത്താൻ പറഞ്ഞാൽ മതി.. പിന്നെ തന്റെ പോലീസ് ഭാഷയിലുള്ള ഓർഡറിങ്ങ് ഒന്നും ഇങ്ങോട്ട് എടുക്കണ്ട…””

ശ്വാസമൊന്ന് ആഞ്ഞു വലിച്ചു ഷാളിന്റെ തുമ്പാൽ ഞാൻ നെറ്റി തുടയ്ക്കുമ്പോൾ ആളുടെ മുഖത്ത് അനിഷ്ടം തുടുത്തു…

“”അധികം ഒച്ച എടുക്കണ്ട…പതിയെ പറഞ്ഞാൽ മതി… “”

സ്വരം താഴ്ത്തി അയാൾ അമർഷം കടിച്ചമർത്തി…

“”അല്ലേലും എനിക്ക് ഈ പോലീസ്‌കാരെ പണ്ടേ പിടിക്കില്ല… പിന്നെ അച്ഛൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാ ഈ പ്രദർശനത്തിന് ഒരുങ്ങി നിന്നത്… “”

ബാൽക്കണിയിലെ കൈവരികളിൽ അമർത്തിപിടിച്ചു ദൂരേക്ക് ഞാൻ നോക്കി…

“”എനിക്ക് ഒരു പെൺകുട്ടിയുമായി എട്ട് വർഷത്തോളം നീണ്ടൊരു പ്രണയമുണ്ടായിരുന്നു… ഞങ്ങൾ തമ്മിൽ മൂന്ന് നാല് തവണ ഫിസിക്കൽ റിലേഷൻഷിപ്പും ഉണ്ടായിട്ടുണ്ട്…””

ഗൗരവമേറിയ ശബ്ദത്തൊടെ ആ മുഖം എനിക്ക് നേരെ തിരിഞ്ഞു…

ആർക്കാണ് ഞെട്ടലുണ്ടാകാത്തത്… എത്ര പുരോഗമനം പറഞ്ഞാലും എന്റെ കണ്ണൊന്നു തുറിച്ചു… ഒരക്ഷരം പറയാൻ നാവു ചലിക്കുന്നതുമില്ല…

“”പി എസ് സി റാങ്ക് ലിസ്റ്റിൽ ഒക്കെ ഉണ്ടായിരുന്നു… പക്ഷേ നല്ലൊരു ജോലിയൊന്നും ഇല്ലാത്ത ഒരാളോടൊപ്പം വിവാഹം നടത്താൻ പൂജയുടെ പേരെന്റ്സിന് എതിർപ്പായിരുന്നു… അവസാനം അവൾക്ക് മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നു…””

ആ സ്വരം ഒന്ന് മൃദുവായി…

“”മതി കൂടുതൽ അറിയാൻ താല്പര്യം ഇല്ല…””

“”ഇതും കൂടി താൻ കേൾക്കണം… പെട്ടെന്ന് മറ്റൊരു വിവാഹം, പ്രണയം, അതൊന്നും ഉൾക്കൊള്ളാൻ മനസ്സ് സമ്മതിയ്ക്കുന്നില്ല… പിന്നെ എങ്ങനേലും കല്യാണം കഴിഞ്ഞാലും തന്നെ അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല…””

മുണ്ടിന്റെ തുമ്പുയർത്തി മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ചു അയാൾ…

ഒന്നും മറുപടി പറയാതെ ഞാൻ പിന്തിരിഞ്ഞു താഴേക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ എനിക്ക് പിന്നാലെ ആയാളും ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞു.. താഴെ എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് ഒഴുകി വന്നു…

ഹേമന്ത്, അതാണയാളുടെ പേര്… സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്…

“”എല്ലാവരോടുമായിട്ട് പറയാല്ലോ… അമ്മയുടെ മകന് ഈ വിവാഹത്തിന് താല്പര്യം ഇല്ല…ഒപ്പം എനിക്കും തീരെ ഇല്ല..

പിന്നെ, ആൾക്ക് ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നു എന്ന്… അതിൽ നിന്നും പുറത്ത് വരാനും മറ്റൊരാളെ സ്വീകരിക്കാനും ആൾക്ക് കഴിയില്ല…

അതുകൊണ്ട് ഞാൻ ഇയാളെ ഇഷ്ടം അല്ലെന്നും പറഞ്ഞു വിവാഹത്തിൽ നിന്നും ഒഴിയണമെന്ന്…

അമ്മേ നോക്ക്, സ്വന്തം അമ്മയ്ക്ക് മക്കളെപ്പറ്റി വേവലാതി കാണും, കരഞ്ഞും വാശിപിടിച്ചും മക്കളെ വിവാഹ ത്തിന് നിർബന്ധിക്കുമ്പോൾ മറ്റൊരു വീട്ടിലെ പെൺകുട്ടിയുടെ കണ്ണീരു വീഴാതെ നോക്കണം… “”

എല്ലാവരുടെയും കണ്ണ് തള്ളിപ്പോയി എന്റെ പെർഫോമൻസ് കണ്ടിട്ട്… എന്റെ അച്ഛനും അമ്മയും ഹേമന്തിന്റെ അമ്മയും ആളുടെ ഒരു സുഹൃത്തും മാത്രണ് ചടങ്ങിൽ ഉള്ളത്…

പറഞ്ഞു കഴിഞ്ഞതും ഞാൻ അച്ഛന്റെ അരികിലേക്ക് ചെന്നു…ചിരിയോടെ കൈപിടിച്ചു എന്നെ അരികിലേക്ക് ഇരുത്തി… അച്ഛനറിയാം ശെരിക്കൊപ്പം നിൽക്കാനേ ഞാൻ ശ്രമിക്കൂ എന്ന്…

ഹേമന്തിന്റെ മുഖത്ത് നിന്നും ചോര തൊട്ടെടുക്കാം… കൂടെവന്ന സുഹൃത്തിനരികിലേക്ക് ഇരുന്നതും ആളെന്തോ കളിയാക്കി എന്ന് തോന്നുന്നു…

എനിക്കെന്തോ ആ അമ്മയുടെ മുഖം കണ്ടിട്ട് സങ്കടം തോന്നി… പാതിയോളം നര കയറിയ മുടിയുള്ള ചിരിച്ച മുഖത്തോടെ ഒരു സാധാരണകാരി…

ഞാൻ എഴുനേറ്റ് അമ്മയ്‌ക്കരികിൽ ഇരുന്ന് ആ കൈകളിൽ പിടിച്ചു…

“”മോൾക്ക് എന്നെ ഓർമ്മയുടോ… അന്ന് ഹോസ്പിറ്റലിൽ വച്ച് എന്റെ മുപ്പതാം നമ്പർ ടോക്കൻ വാങ്ങീട്ട് മോളുടെ നാലാം നമ്പർ എനിക്ക് തന്നില്ലേ… “”

എനിക്ക് അപ്പോളാണ് ഓർമ്മ വന്നത് കണ്ണ് ടെസ്റ്റ്‌ ചെയ്യാൻ മൂന്ന് മാസം മുൻപ് ഹോസ്പിറ്റലിൽ പോയ ദിവസം… ശെരിയാണ് ഈ അമ്മയ്ക്ക് അന്ന് എന്തോ വയ്യായ്ക ആയിരുന്നു… ഒരുപാട് ഇരിക്കാൻ വയ്യാതെ വന്നപ്പോൾ ഞാനാണ് ഒരു ചെറിയ ടോക്കൻ എക്സ്ചേഞ്ച് നടത്തിയത്…

“”അയ്യോ ഞാൻ ഓർക്കുന്നമ്മേ.. പെട്ടന്ന് കണ്ടപ്പോൾ ആളെ മനസ്സിലായില്ല… എന്തായി പുതിയ കണ്ണടയൊക്കെ വച്ചോ…”

ചിരിയോടെയാണ് ഞാനത് ചോദിച്ചത്… ഹേമന്തിന്റെ മുഖത്തൊരു ആശ്ചര്യ ഭാവം തെളിഞ്ഞു…

“”മോളേ അമ്മയ്ക്ക് ഇഷ്ടായി ഒത്തിരി… മിടുക്കി കുട്ടി…എന്തോ ഇവന് പറഞ്ഞിട്ടില്ല അത്ര തന്നെ… ബുദ്ധിമുട്ടി ച്ചതിൽ മേനോൻ ക്ഷമിക്കണം… മോള് പറഞ്ഞതാണ് ശെരി…ഇനി അവന് ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോൾ നടത്താം…””

യാത്ര പറഞ്ഞവർ ഇറങ്ങുമ്പോൾ “”ഓക്കേ അങ്കിൾ sorry”” എന്നും പറഞ്ഞു അച്ഛന് കൈകൊടുത്തു… ആ കണ്ണുകൾ എന്നിലേക്ക് തേടി വരുന്നത് അറിഞ്ഞുവെങ്കിലും കാണാത്തപോലെ അകത്തേക്ക് ഞാൻ നടന്നു…

അച്ഛനും അമ്മയും എന്നും എന്റെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്…

MSW കഴിഞ്ഞ് വർഷം രണ്ടോളം ആയെങ്കിലും സ്ഥായിയായ ഒരു ജോലിക്കൊന്നും ശ്രമിക്കാതെ ഇങ്ങനെ ചുറ്റിത്തിരിയുന്നു…

വീടിനടുത്തായി ഒരു ഓൾഡേജ് ഹോം ഉണ്ട്, പതിനഞ്ചോളം പ്രായം ചെന്ന മക്കളുപേക്ഷിച്ച അച്ഛനമ്മമാർ… ഇപ്പോൾ ആ സ്ഥാപനം നോക്കി നടത്താനൊന്നും ആളില്ലാതെ വളരെ പരിതാപകരമായ അവസ്ഥയിലാണ്… കൂടുതൽ നേരവും ഇപ്പോൾ ഞാൻ അവിടെയാണ്… ഒന്ന് രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ട്…

അവിടെയുള്ള ജാനകിയമ്മയ്ക്കും പാറുവമ്മയ്ക്കും ശേഖരൻമാമനുമൊക്കെ സ്വന്തം മകളോടെന്നപോലെ സ്നേഹമാണ്… എല്ലാവരും ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ട അവരുടെയൊക്കെ അവസ്ഥയിലാണ് മനസ്സ് ഏറ്റവും പിടയുന്നത്…

ജീവിതത്തിൽ വിവാഹം എന്നൊന്നുണ്ടായാൽ എന്റെ ഇഷ്ടങ്ങളെയും മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നൊരാളെ വേണമെന്ന് ആഗ്രഹിക്കാറുണ്ട്…

ഹേമന്തിനെ എനിക്ക് കണ്ടു പരിചയം ഉണ്ട്… എസ്.ഐ ആണല്ലോ… ആളോട് ഇഷ്ടമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു…പക്ഷേ ആശാൻ ഒരു നിരാശ കാമുകനാണെന്ന് അറിഞ്ഞ നിമിഷം മനസ്സിൽ വന്ന ഒരു നുള്ള് ഇഷ്ടം പമ്പ കടന്നു…

നമുക്കീ ഇഷ്ടമില്ലാത്ത വിവാഹം, ആദ്യ രാത്രിയിലെ കട്ടിയുള്ള ഡയലോഗുകൾ അവഗണന പിന്നെ മദ്യപിച്ചു വന്നുള്ള മാ രിറ്റൽ റേ പ്പ്… പിന്നെ ഗർഭം…അയ്യോ ഓർക്കാൻ വയ്യ…

കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ തൽക്കാലം ഞാനില്ല…

അന്ന് പിന്നെ ആകെ മൂഡ് ഓഫ്‌ ആയിരുന്നു… എട്ട് നിലയിൽ പൊട്ടിയ പെണ്ണ് കാണലും ചായ സൽക്കാരവും ആളുടെ പെർഫ്യൂമിന്റെ മണമാണ് ഇവിടെ എല്ലാം…

ദിവസങ്ങൾ മാറ്റങ്ങൾ ഏതുമില്ലാതെ കടന്ന് പോയി… ഇനിയൊരു പെണ്ണുകാണലിനു താൽക്കാലിക അവധി പ്രഖ്യാപിച്ചു ഞാനെന്റെ കർത്തവ്യങ്ങളിൽ മുഴുകി…

ഒന്ന് രണ്ട് തവണ ഹേമന്തിനെ കണ്ടിരുന്നു… റോഡരികിലെ ഏതേലും വളവിൽ ആളുകളെ പൊക്കാൻ വണ്ടിയും നിർത്തി നിൽക്കുന്നത് കാണാം… യൂണിഫോമിൽ കാണാൻ ഒടുക്കത്തെ ഗ്ലാമർ…

പിന്നല്ലാതെ സൗന്ദര്യം എന്നത് ആരോഗ്യപരമായി ആസ്വദിക്കാൻ ഉള്ളതാണല്ലോ….

ഇടയ്ക്കൊരിക്കൽ ഞാൻ കൈ ഉയർത്തി സലാം പറഞ്ഞപ്പോൾ കണ്ട ഭാവം നടിച്ചില്ല ആള്… ഞാൻ ആകെ നാണം കെട്ടു… എന്നെ പറഞ്ഞാൽ മതിയല്ലോ…

പിന്നെ തുടരെ തുടരെ എല്ലാ ദിവസവും കൈ ഉയർത്തി വെറുതെ ഒരു ഹായ്‌ പറയും…ആൾക്ക് അത്‌ ഇഷ്ട പ്പെടുന്നില്ല എന്ന് മനസ്സിലായി…പല്ലൊക്കെ കടിച്ചു പൊട്ടിക്കുന്ന പോലെ…

ഒരിക്കൽ മാളിൽ ഒന്ന് കറങ്ങാൻ പോയ ദിവസം….ഒറ്റയ്ക്കിങ്ങനെ ആൾക്കൂട്ടത്തിലൂടെ നടക്കാൻ വളരെ ഇഷ്ടമാണെനിക്ക്…ഇടയ്ക്ക് ഒരു കോൾഡ് കോഫി കഴിക്കാൻ കൊതിതോന്നി…ഓർഡർ കൊടുത്ത് മെന്യൂ കാർഡിലെ കടിച്ചാൽ പൊട്ടാത്ത ഐറ്റംസ് ഒക്കെ എണ്ണിനോക്കി ഞാനിരുന്നതും ദേ രണ്ട് ടേബിളിന് അപ്പുറം ഹേമന്തും രണ്ട് കൂട്ടുകാരും…ഡ്യൂട്ടിയിൽ അല്ലെന്ന് മനസ്സിലായി… അന്ന് വീട്ടിൽ വന്ന കൂട്ടുകാരനാണ് കൂടെയുള്ള ഒരാള്…

ഞാനെഴുനേറ്റ് അവർക്കരികിലേക്ക് ചെന്നു…പരിചയ ഭാവത്തിൽ ഞാൻ സംസാരിച്ചു തുടങ്ങി… ആൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും എടുത്തുകാട്ടുന്നുണ്ട്…ഫ്രണ്ട്‌സ് ആണ് സംസാരിക്കുന്നത്…ആൾക്ക് എന്റെ പേര് പോലും അറിയില്ല എന്ന സത്യം ഞാനറിഞ്ഞതും എനിക്ക് എന്നോട് തന്നെ സഹതാപം തോന്നി…

യാത്ര പറഞ്ഞു കോൾഡ് കോഫിയുടെ ക്യാഷ് അയാളെക്കൊണ്ട് അടപ്പിച്ചു ഞാൻ നൈസായി മുങ്ങി… വെറുതെ ഒരു തമാശ… എന്തിനാണ് അയാളെ വിടാതെ പിടിക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരമെനിക്ക് അറിയില്ല…

ഒരുപാട് നാളുകൾക്ക് അപ്പുറം ആളെ റോഡരികിൽ കണ്ടു… സ്കൂട്ടി നിർത്തി അടുത്തേക്ക് ഞാൻ ചെന്നു… സഹപ്രവർത്തകർ എല്ലാം ഉണ്ട്… വെറുതെ ഒന്ന് സംസാരിക്കാം എന്നെ വിചാരിച്ചുള്ളൂ…

“”കൂടുതൽ ഓവർ സ്മാർട്ട്‌ ആകരുത്… നിനക്ക് ഒരെല്ല് കൂടുതലാണെന്ന് അറിയാം… പക്ഷേ ആ സ്മാർട്ട്നെസ്സ് മേലാൽ എന്റെ നേർക്ക് ഇറക്കിയേക്കരുത് ….””

കൂടെ ഉള്ള വനിതാ പോലീസ് അടക്കം എല്ലാരും കേട്ടു… ആകെ ചമ്മി…അവരൊക്കെ ചിരിക്കുന്നുണ്ട്.. എനിക്ക് സത്യത്തിൽ വിഷമമായി… ഒന്നും മിണ്ടാതെ സ്കൂട്ടിയും എടുത്ത് പറപ്പിച്ചു…ഞാൻ എന്തെങ്കിലും പറയുമെന്ന് തോന്നിക്കാണും…പക്ഷേ ഒന്നും മിണ്ടിയില്ല…

പിന്നെ ആ ചാപ്റ്റർ ക്ലോസ്സ് ചെയ്തു… ആളെക്കുറിച്ച് ഓർക്കാൻ പോലും നിന്നില്ല…

വീടിനടുത്തുള്ള ഒരു സ്പോർട്സ് ക്ലബ്ബിന്റെ വാർഷികത്തിനു ഓൾഡേജ് ഹോമിലേക്ക് അവർ പൊതിച്ചോറ് എത്തിച്ചിരുന്നു…

അധികം വന്ന പൊതിച്ചോറ് വേസ്റ്റ് ആക്കാൻ മനസ്സ് വന്നില്ല… ടൗണിലെ തെരുവിൽ ഇരിക്കുന്ന ചിലരുണ്ട്…വിശക്കുമ്പോൾ മാത്രം ഭിക്ഷ യാചിക്കുന്ന ചിലർ… മനസ്സിലേക്ക് അവരുടെ മുഖമാണ് തെളിഞ്ഞു വന്നത്…

പൊള്ളുന്ന വെയിലിലേക്ക് ഇറങ്ങി അവർക്കെല്ലാം വീതിച്ചു നൽകി… ആ മുഖത്തെ സന്തോഷം വെയിൽചൂടിൽ ആഞ്ഞുവീശിയ മഞ്ഞുകാറ്റ് പോലെ എന്നെ തണുപ്പിച്ചു…

അവരിൽ ചിലർക്കൊന്നും ചിരിക്കാൻ അറിയില്ല… നീണ്ട് വളർന്ന മുഷിഞ്ഞ താടി രോമങ്ങൾക്കുള്ളിൽ നവരസങ്ങളുടെ ചുടുകാടാണെന്ന് തോന്നിയെനിക്ക് …

മനസ്സ് നിറഞ്ഞൊരു ചിരിയോടെ സ്കൂട്ടിയും എടുത്ത് പോകാൻ തുടങ്ങിതും ഓപ്പോസിറ്റ് സൈഡിലായി ഞാൻ ജീപ്പിൽ ചാരി നിൽക്കുന്ന ആളെ കണ്ടു…ആൾക്ക് പ്രത്യേക ഭാവങ്ങൾ ഒന്നുമില്ല…

ഞാൻ കണ്ട ഭാവം പോലും നൽകിയില്ല… ഇനി സ്മാർട്ട്‌ ആവാൻ വയ്യ…

പാവങ്ങൾക്ക് ഒരു നേരത്തെ അന്നമൂട്ടുന്ന അലിവിന്റെ നിറകുടമായ നായികയോട് ഒറ്റ നിമിഷം കൊണ്ട് പ്രേമം ഒഴുകുന്ന നായകൻ… പക്ഷേ ഇവിടെ അങ്ങനെ അല്ല… അങ്ങനെ തോന്നുന്ന ഇഷ്ടം ഈ നായികയ്ക്ക് വേണ്ടെങ്കിലോ…

പിന്നീട് ഒരുപാട് തവണ കണ്മുന്നിൽ വന്നു പെട്ടെങ്കിലും ഒരു നോട്ടം പോലും നൽകാൻ തോന്നിയില്ല…

ഒരിക്കൽ റോഡിരികിൽ ഒരു പ്രായമായൊരാൾ രക്തത്തിൽ കുളിച്ചു കിടക്കുന്നു… ചുറ്റിനും ആളുകൾ വൃത്തം തീർത്തിട്ടുണ്ട്… റോഡ് മുറിച്ചു കടന്നപ്പോൾ ഏതോ വണ്ടി തട്ടിയതാണെന്ന്…ചിലർ മൊബൈൽ ക്യാമറകളാൽ ചിത്രം പകർത്തുന്നു… ഇത്രയും നീചമായ സമൂഹത്തോട് ആ ഒരു നിമിഷം കടുത്ത വെറുപ്പ് തോന്നി…

ചോരവാർന്നൊഴുന്ന ആ മനുഷ്യനെ എങ്ങനെ എങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം എന്നായിരുന്നു മനസ്സിൽ…

നല്ല മനസ്സുള്ളോരു ഓട്ടോക്കാരൻ പയ്യൻ തക്ക സമയത്ത് എത്തിച്ചേർന്നു…

കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതുകൊണ്ട് ജീവന് ആപത്തൊന്നും പറ്റിയില്ല…. ഹരി എന്നൊരു ചെറുപ്പക്കാരന്റെ ഓട്ടോ ആയിരുന്നു…പി ജി പഠിക്കുകയാണ് ആള്….പാർട്ട്‌ ടൈം ആയി ഓട്ടോ ഓടിക്കുന്നു…

കുറച്ചു കഴിഞ്ഞ് പോലീസ് എത്തി… ആശുപത്രി അധികൃതർ രക്ഷകർത്താവ് ആയി എന്നെ ചൂണ്ടിക്കാട്ടി…പോലീസ് യൂണിഫോമിൽ എനിക്കരികിലേക്ക് വന്നത് ഹേമന്ത് ആണെന്ന് ഞാനറിഞ്ഞു…

ആ കണ്ണുകളിൽ ആശങ്കയുണ്ട്… നമ്മൾ എന്നേ ഉപേക്ഷിച്ച കേസ് ആയോണ്ട് മൈൻഡ് കൊടുത്തില്ല… ചോദ്യങ്ങൾ ക്കൊക്കെ മറുപടി കൊടുത്തു…തിരികെ പോയപ്പോൾ ആ ചുണ്ടിൽ എനിക്കായി വിരിഞ്ഞ ചെറു ചിരിയും കണ്ടില്ലെന്ന് നടിച്ചു പിന്തിരിഞ്ഞു ഞാൻ നടന്നു…

ഒരിക്കൽ ക്ഷേത്രത്തിൽ വച്ച് ഹേമന്തിന്റെ അമ്മയെ കണ്ടു… ആളും കൂടെ ഉണ്ട്…വളരെ പാട് പെട്ട് സാരിയൊക്കെ വാരിച്ചുറ്റിയാണ് എന്റെ നിൽപ്പ്… വെറുതെ ഇടയ്ക്കൊരു ചേഞ്ച്‌ ആരാണ് ഇഷ്ടപ്പെടാത്തത്…

അമ്മ അടുത്ത് വന്ന് സംസാരിച്ചു വിശേഷങ്ങൾ ചോദിച്ചു…സാരിയിൽ സുന്ദരിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചതും ഹേമന്തിന്റെ കണ്ണുകൾ എന്നിലേക്കാണെന്ന് ഞാനറിഞ്ഞു…ഞാൻ അമ്മയെ മാത്രം ശ്രദ്ധിച്ചു നിന്നു….

ഇനി ഈ ഉത്തരയ്ക്ക് മിസ്റ്റർ ഹേമന്തിനോട് അവഗണന മാത്രമാകും…

നിങ്ങൾ സംസാരിക്കാൻ പറഞ്ഞു ആള് കാറിനരികിലേക്ക് നടക്കുമ്പോൾ എന്നെ നോക്കി കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞതും ഞാൻ മുഖം വെട്ടിത്തിരിച്ചു…

ഏകദേശം ഒരു വർഷം വേഗത്തിൽ കടന്ന് പോയി… ഓൾഡേജ് ഹോമിന്റെ പ്രവർത്തനം ഞങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങിത്തുടങ്ങി… ഒരു വിദേശ ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുത്തതോടു കൂടി നടത്തിപ്പവകാശം ഞങ്ങളിലേക്ക് വന്നു ചേർന്നു… ജീവിതത്തിൽ എന്തോ വലിയൊരു ജയം നേടിയപോലെ…

കുറേ മുത്തശ്ശിമാരും മുത്തശ്ശന്മാരും… അവരുടെ സ്നേഹവും അവർ സംരക്ഷിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ആത്മസംതൃപ്തിയും…

പിന്നീട് എപ്പോഴോ അച്ഛൻ വിവാഹത്തിന് അല്പം തിടുക്കം കൂട്ടിതുടങ്ങി… അതോർക്കുമ്പോൾ ഹേമന്തിനെ ഓർമ്മവരും…ആദ്യ പെണ്ണുകാണൽ… ചുണ്ടിൽ ഒരു നറു പുഞ്ചിരി വന്നുകൂടി…

ദിവസങ്ങൾക്കപ്പുറം ഒരു അത്യാവശ്യക്കാര്യത്തിനായി പോലീസ് സ്റ്റേഷനിലേക്ക് എനിക്ക് പോകേണ്ടിവന്നു…

“”സർ ഇത് സുമലതയും അവരുടെ മകൾ രേവതിയുമാണ്…. ഈ സ്ത്രീയ്ക്ക് സംസാരിക്കാൻ കഴിയില്ല… ഭർത്താവ് മരിച്ച ഇവർക്കും പന്ത്രണ്ട് വയസ്സുള്ള ഈ പെൺകുട്ടിയ്ക്കും നേരെ നിരന്തരം ഇവരുടെ ഭർത്താവിന്റെ അനുജൻ ശല്യപ്പെടുത്തുകയാണ്… ഈ മോളോട് പോലും ഒരിക്കൽ വൃ ത്തികേട് കാണിച്ചു…ഇവൾ കണ്ട് വന്നതുകൊണ്ട് മോൾക്ക് ഒന്നും പറ്റിയില്ല…””

ആത്മരോക്ഷമെന്നിൽ അണപ്പൊട്ടി എന്ന് തന്നെ പറയാം…സുമയ്ക്ക് കരയാൻ മാത്രമേ അറിയൂ… ദുർബലമായ മനസ്സ്…അന്ന് ആക്‌സിഡന്റിൽ സഹായിക്കാൻ വന്ന ഹരിയുടെ അയൽവാസിയാണ് സുമ… ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ ഇവരുടെ കഥ പറഞ്ഞു ഹരി എന്നോട്…

എല്ലാം കേട്ട് ഹേമന്തിന്റെ കണ്ണുകൾ കുറുകുന്നതും ആ മുഖം കടുക്കുന്നതും ഞാൻ അറിഞ്ഞു…തീർത്തും പരസ്പരം അറിയാത്തൊരാളെ പോലെയാണ് ഹേമന്തുമായി ഞാൻ ഇടപഴകിയത്…

ആളെന്നെ ഇടയ്ക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഞാനറിഞ്ഞു…

പരാതിയൊക്കെ നൽകി ഞങ്ങൾ പുറത്തിറങ്ങി… അവരെ ഒരു ഓട്ടോയിൽ കയറ്റി വിട്ടിട്ട് തിരികെ സ്കൂട്ടി എടുക്കാൻ പാർക്കിങ്ങിലേക്ക് ഞാൻ നടന്നു…

“”ഉത്തരാ… “”

ഹേമന്ത് ആയിരുന്നു… പിരിച്ചു വച്ച കട്ടി മീശയയ്ക്ക് കീഴെ ഒരു ചെറുചിരി മിന്നുന്നു…

“”എന്താ സാർ… കേസിനെ സംബന്ധിച്ചു എന്തെങ്കിലും കൂടുതൽ ചോദിച്ചറിയാനുണ്ടോ… “”

എന്റെ സംശയം അതായിരുന്നു…

“”ഹേയ് അല്ല… മറ്റൊരു കാര്യം പറയാനാ… സോറി…തന്നെ പറ്റി അരുതാത്തത് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി…. താൻ സ്മാർട്ട്‌ തന്നെയാണ്…ഒട്ടും ഓവർ അല്ല കേട്ടോ…””

അതിശയം തോന്നിയില്ല… കുറേ നാളായിട്ട് ആൾക്ക് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് ഞാൻ ഊഹിച്ചിരുന്നു…

“”Its ok sir…ഞാൻ അതൊക്കെ വിട്ടു… അല്പം ഇടിച്ചു കയറി സംസാരിക്കുന്ന കൂട്ടത്തിലാ…പക്ഷേ സാറിന്റെ കാര്യത്തിൽ ഞാൻ തെറ്റായിരുന്നു… നമ്മളോട് യാതൊരു ഇൻട്രെസ്റ്റും ഇല്ലാത്ത ഒരാളോട് ഇടപെഴകുന്നത് സൂക്ഷിച്ച് വേണം എന്ന് പുതിയൊരു പാഠം സാർ പഠിപ്പിച്ചുതന്നു…””

ചിരിയോടെ ഹെൽമെറ്റും വച്ചു ഞാൻ സ്കൂട്ടിയിലേക്ക് കയറി…

ആളുടെ മുഖമൊന്ന് മങ്ങി… മങ്ങണമല്ലോ…

ഒരിക്കൽ ഒരു വൈകുന്നേരം സ്കൂട്ടി പണിമുടക്കി റോഡിൽ നിൽക്കേണ്ടി വന്നു എനിക്ക്…ദേഷ്യത്തോടെ കാല് പൊക്കി ഒറ്റ ചവിട്ടി കൊടുത്തതും ദാ കിടക്കുന്നു സ്റ്റാൻഡിൽ നിന്നും മറിഞ്ഞു താഴേക്ക്…അവിടെങ്ങും ഒരു മനുഷ്യജീവി പോലും ഇല്ല…

ദൂരെ നിന്നും ഒരു ബുള്ളറ്റിന്റെ ഒച്ച കേട്ടു നോക്കിയതും നമ്മുടെ എസ് ഐ സാറാണ്… തക്ക സമയത്ത് കഥാ നായകൻ ലാൻഡഡ്…

പക്ഷെ നിർത്താതെ മിന്നൽ വേഗത്തിൽ എനിക്ക് മുന്നിലൂടെ അയാൾ പാഞ്ഞു… കണ്ടില്ലെന്ന് തോന്നുന്നു… പക്ഷേ രണ്ട് മിനിറ്റ് കഴിഞ്ഞതും പോയ ആള് തിരികെ വന്നു എനിക്കരികിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ അമ്പരന്നു പോയി…

കള്ള ചിരിയോടെ കൂളിംഗ് ഗ്ലാസ്‌ ഒക്കെ മാറ്റി ഇറങ്ങി…ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും വണ്ടി നിലത്ത് നിന്നും ഉയർത്തി സ്റ്റാൻഡിൽ വച്ചു…

“”തൽക്കാലം ഇവിടെ ഇരിക്കട്ടെ… വർക്ഷോപ്പിൽ നിന്നും ആളെ വിളിക്കാം… താൻ കയറിക്കോ…നേരം ഇരുട്ടാറായില്ലേ ഞാൻ വീട്ടിലാക്കാം…””

കൂടുതൽ ഒന്നും പറഞ്ഞില്ല ഞാൻ… മറ്റൊരു മാർഗ്ഗമില്ല… പിന്നെ മാറ്റാരുമല്ലല്ലോ നമ്മുടെ പോലീസ് അല്ലേ…

ആ മുഖത്തൊരു തെളിച്ചം ഉണ്ട്…

“”വേറേ കല്യാണമൊന്നും നോക്കിയില്ലേ…””

പതിവില്ലാതെ ആള് ചോദിച്ചു…

“”നോക്കി, അടുത്ത മാസം എൻഗേജ്മെന്റ് കാണും…””

പെട്ടന്നുള്ള എന്റെ മറുപടിക്ക് ആള് നിശബ്ദതയ്ക്ക് കീഴടങ്ങി… എനിക്ക് ചിരി പൊട്ടി…ബുള്ളറ്റിന്റെ വേഗത അല്പം കൂടിയെന്ന് സംശയം…

വീടിന് മുന്നിൽ ഇറക്കിയതും ഒരു താങ്ക്സ് പറയുന്നതിന് മുന്നേ ആള് പോകുന്നതും നോക്കി ഞാൻ നിന്നു…

ഒരിക്കൽ ഓൾഡേജ് ഹോമിൽ എത്തിയ അതിഥികളെ കണ്ട് തെല്ലൊരു അതിശയം തോന്നി എനിക്ക്… ഹേമന്തും അമ്മയും… എല്ലാവർക്കും ഉള്ള ഡ്രസ്സും ഉണ്ട്…

കറുത്ത കരയുള്ള മുണ്ടും ഷർട്ടുമാണ് ആളുടെ വേഷം…ഞാൻ അധികം ശ്രദ്ധിക്കാതെ അമ്മയുമായി സംസാരിച്ചു…

ഹേമന്തിന്റെ പുതുതായി പണികഴിച്ച വീടിന്റെ പാല്കാച്ചാണ് അടുത്ത ഞായറാഴ്ച… അതിന് പ്രത്യേകം ക്ഷണിച്ചു…വരുമെന്ന് ഉറപ്പ് പറയാതെ അമ്മ എന്നെ വിട്ടില്ല…പാവമാണ് ആള്..

ഹേമന്തും ക്ഷണിച്ചു…വരാതിരിക്കരുത്, പ്രതീക്ഷിക്കും…എന്ന് പറഞ്ഞു…എന്റെ കണ്ണുകളിലേക്ക് ആളുടെ നോട്ടം ചെന്നെത്തുന്നത് ഞാനറിഞ്ഞു…

അമ്മയുമായി ഇവിടേക്ക് വന്നതും ഈ ക്ഷണവുമെല്ലാം ഹേമന്തിന്റെ പദ്ധതി ആണെന്ന് എനിക്ക് മനസ്സിലായി…

ഞായറാഴ്ച ദിവസം ഹേമന്തിന്റെ വീട്ടിൽ അച്ഛനാണ് എന്നെ ഡ്രോപ്പ് ചെയ്തത്… അത്യാവശ്യം വലിയൊരു വീട്…

ആ പടികൾ ചവിട്ടിയതും അമ്മ ഓടി വന്നെന്റെ കയ്യിൽ പിടിച്ചു…

ഈ വീട്ടിൽ ആദ്യമായി ഹേമന്തിന്റെ കൈപിടിച്ചു കയറുന്നത് ഞാൻ വെറുതെ മനസ്സിൽ കണ്ടു… ശേ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്… ഞാൻ തലയിലൊന്ന് തട്ടി ചിരിച്ചതും ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നിലേക്ക് വന്നുടക്കിയ ഹേമന്തിന്റെ കണ്ണുകൾ ഞാൻ അവഗണിച്ചു…

അധികം ആരെയും ക്ഷണിച്ചിട്ടില്ല എന്ന്… എങ്കിൽ പോലും ഒരു ട്രെയിന്റെ ബോഗിയിൽ കൊള്ളാൻ മാത്രം ബന്ധുക്കൾ…

വീടിന്റെ ഓരോ കോണും കണ്ടിറങ്ങി… അവിടെ ഉള്ളവരോടൊക്കെ കൂട്ടാകാൻ നമുക്ക് അധികം നേരം വേണ്ടല്ലോ… കുഞ്ഞ് കുട്ടി വൃത്തങ്ങൾ എല്ലാവരുമായി കൂട്ടായി…മുത്തശ്ശി ഭയങ്കര തമാശക്കാരിയാണ്… തല നിറയെ കിരീടം പോലെ വെള്ളിമുടികൾ ഉള്ളൊരു മുത്തശ്ശി…

ഹേമന്തിന്റെ കണ്ണുകൾ എനിക്ക് പിന്നാലെയാണെന്ന് ഞാനറിഞ്ഞു… എനിക്ക് ഇലയിട്ടതും ഊണ് വിളമ്പിയതും ഒക്കെ ആളാണ്‌… ഒന്നും മിണ്ടില്ല… ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ട്…

എന്തോ വൈകുന്നേരം വരെ അവിടെ കൂടി…അവരിലൊരാളായി…

പോകാനിറങ്ങിയപ്പോൾ എല്ലാർക്കും വിഷമം…എനിക്കും അതില്ലാതെ ഇല്ല…

അച്ഛനെ വിളിക്കും മുന്നേ ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് ആള് റെഡി…ചിരിയോടെ പിന്നിൽ കയറുമ്പോൾ എന്നെ യാത്രയാക്കാനായി ഒരുപാട് ആളുകൾ ഉമ്മറത്തുണ്ടായിരുന്നു…

ഇരുട്ടിനെ വകഞ്ഞു മാറ്റി വണ്ടി കുതിച്ചു…

ഒരു ചെറിയ തട്ടുകടയ്ക്ക് സമീപം നിർത്തി, ആളിറങ്ങി ഒന്നും മിണ്ടാതെ രണ്ട് ചായയും വാങ്ങി വന്നിട്ട് ഒന്ന് എനിക്ക് നേരെ നീട്ടി…

“”വരുമെന്ന് കരുതിയില്ല… പിന്നെ, വന്നപ്പോൾ അത്ഭുതം തോന്നി… താൻ ഒരു റെയർ പീസ് ആണ് കേട്ടോ… Smart and beautiful…””

ഇയാൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയുമോ എന്ന് ഞാൻ മനസ്സിലോർത്തു….മറുപടിയായി ചിരിച്ചതെ ഉള്ളൂ…

“”അച്ഛനെ കണ്ടിരുന്നു ഞാൻ… പിന്നെ എൻഗേജ്മെന്റിനു പ്രത്യേകം വിളിച്ചു കേട്ടോ… “”

പണി പാളി…കള്ളം പൊളിഞ്ഞു..ആളുടെ മുഖത്ത് കള്ള ചിരി കാൺകെ ഞാനും ഒരു പ്ലിങ്ങിയ ചിരി ചിരിച്ചു…

“”എന്തിനാ കള്ളം പറഞ്ഞത്…”'”

“”വെറുതെ…””

ഞാൻ കണ്ണ് ചിമ്മി…

ഒരിക്കൽ അച്ഛൻ പറയുകയുണ്ടായി ഹേമന്തിനെ ഇടയ്ക്കിടെ കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നുമൊക്കെ… അവർക്കിടയിൽ നല്ലൊരു സൗഹൃദം നിലനിൽക്കുന്നുണ്ട് എന്ന് ഞാനറിഞ്ഞു…

ഓൾഡേജ് ഹോമിലേക്ക് ആളൊരിക്കൽ നല്ലൊരു തുക സംഭാവന ചെയ്തു… നേരിട്ട് വന്നിരുന്നു… അവിടുത്തെ കാര്യങ്ങൾ തിരക്കുകയും എല്ലാവരോടുമായി അടുത്തിടപെടുകയും ഒക്കെ ചെയ്യുന്നത് നോക്കി ഞാൻ നിന്നു…അധികം ബഹളങ്ങൾ ഒന്നുമില്ലെങ്കിലും നല്ലൊരു മനസ്സിന്റെ ഉടമയാണ് ആളെന്ന് ഈ കാലത്തിനിടയ്ക്ക് എനിക്ക് മനസ്സിലായി…തിരികെ ഇറങ്ങും മുന്നേ വിശേഷങ്ങൾ തിരക്കി ആൾ മടങ്ങി…

അച്ഛനും അമ്മയും ഗുരുവായൂർ ഉള്ളൊരു ബന്ധുവിന്റെ വിവാഹത്തിന് പോയ ദിവസം… നിർബന്ധിച്ചു എങ്കിലും ഓൾഡേജ് ഹോമിൽ നിന്നോളാം എന്ന് പറഞ്ഞോഴിഞ്ഞു…

അന്ന് ആകെ തിരക്കുള്ള ദിവസമായിരുന്നു സ്കൂട്ടി അല്പം വേഗത്തിലാണ് ഓടിച്ചത്…ഒരു വളവ് തിരിഞ്ഞതെ ഓർമ്മയുള്ളു…. എതിരെ വന്ന ഒരു കാർ എന്നെ ഇടിച്ചു തെറുപ്പിച്ചതും വായുവിലൂടെ ഉയർന്നു പൊങ്ങി നിലത്തേക്ക് വീഴുന്നതും ഞാനറിഞ്ഞു… തലയിലൂടെ രക്തം പടർന്നൊഴുകുന്നു….

കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിലാണ് ഞാനെന്നറിഞ്ഞു… അടുത്ത് ഇടിച്ചിട്ട കാറ്കാരൻ ചേട്ടൻ ഉണ്ട്…ആള് ആകെ ടെൻഷനിൽ ആണ്…നല്ല മനുഷ്യൻ, വഴിയിൽ ഉപേക്ഷിച്ചില്ലല്ലോ…

അധികം പരിക്കുകൾ ഒന്നുമില്ലെന്നും തലയിലെ മുറിവിൽ നാല് സ്റ്റിച്ചും കൈ മുട്ട് അല്പം തൊലി ഇളകിയിട്ടും ഉണ്ടെന്നും നേഴ്സ് പറഞ്ഞു… വീണ്ടും ഞാൻ മയങ്ങി…

റൂമിനുള്ളിൽ വലിയ വഴക്ക് കേട്ടാണ് ഞാൻ ഉണർന്നത്…

ദേ നിൽക്കുന്നു നമ്മുടെ പോലീസ്… കാറ്‌ കാരനെ നല്ല പുളിച്ച തെറിയും വഴക്കും പറയുകയാണ്… ഇത്രക്ക് നിന്ന് കത്താൻ മാത്രം എന്തിരിക്കുന്നു… ഞാൻ ഉണർന്നെന്ന് കണ്ടതും ആള് നിശബ്ദനായി…കാറുകാരനെ പുറത്തേക്ക് അയച്ചു വാതിൽ അടച്ചു എനിക്കരികിലേക്ക് സ്റ്റൂൾ ഇട്ടിരുന്നു…

ക്യാനുല ഇട്ട എന്റെ കൈകൾ മെല്ലെ ആ കൈകളിൽ എടുത്ത് തടവി…

ആളാകെ ക്ഷീണിച്ചു കണ്ണൊക്കെ കലങ്ങി… എനിക്ക് വീണ്ടും ബോധം പോകുമോ ഈശ്വരാ…

എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ആ കണ്ണുകളെ നേരിടാൻ പ്രയാസപ്പെട്ടു…

“”സാരമില്ല…വലിയ കുഴപ്പങ്ങൾ ഒന്നുമില്ല… പെട്ടന്ന് റെഡി ആകും കേട്ടോ… “”

അടുത്ത നിമിഷം എന്റെ കൈവെള്ള ആ ചുണ്ടിലേക്ക് ചേർത്തുവച്ചു…എന്നെ ചിരിയോടെ കണ്ണ് ചിമ്മി കാട്ടി…
കൈവലിക്കാൻ ഒന്നുമുള്ള ശക്തി ഇല്ലല്ലോ എനിക്ക്…

“”നാളെ രാവിലെ ഡിസ്ചാർജ് ആക്കാമെന്ന് പറഞ്ഞു ഡോക്ടർ… അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്… കുഴപ്പ മൊന്നുന്നില്ല ധൃതി കൂട്ടി വരണ്ട കല്യാണമൊക്കെ കൂടി നാളത്തേക്ക് വന്നാൽ മതീന്ന് ഞാൻ അറിയിച്ചിട്ടുണ്ട്…””

ഓറഞ്ചിന്റെ അല്ലികൾ തൊലി നീക്കി എനിക്ക് നേരെ നീട്ടുമ്പോൾ യാന്ത്രികമായി ഞാൻ വായ തുറന്നു… ആളുടെ ചുണ്ടിൽ ഒരു ചിരിയുണ്ട്…

കുറച്ച് കഴിഞ്ഞപ്പോൾ ഹേമന്തിന്റെ അമ്മ വന്നു… എന്റെ മോൾക്ക് എന്താ പറ്റിയെന്നും പറഞ്ഞു അമ്മ ആകെ വെപ്രാളപ്പെടുന്നു… കഞ്ഞിയും എനിക്ക് മാറാനുള്ള ഡ്രെസ്സും ഒക്കെ കൊണ്ട് വന്നു അമ്മ… ഹേമന്തിനെ പിന്നെ കണ്ടില്ല… അച്ഛൻ എന്നെ വിളിച്ചു സംസാരിച്ചു…

വൈകുന്നേരം അമ്മ യാത്രപറഞ്ഞു… അടുത്തുള്ള കുഞ്ഞു കട്ടിലിൽ ആള് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് തല ചരിച്ചു ഞാൻ നോക്കി…പാവം തോന്നി… ആളുടെ മനസ്സിൽ എന്തോ ഉണ്ട്… ആ വരട്ടെ നമുക്ക് നോക്കാം….

അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും അച്ഛൻ എത്തിയിരുന്നു…ആള് നന്നായി പേടിച്ചു…ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ മനസ്സ് നൊന്തു… ഞങ്ങളുടെ സ്വകാര്യതയിൽ നിന്നും ഹേമന്ത് വേഗം പുറത്തേക്ക് ഇറങ്ങുന്നത് ഞാനറിഞ്ഞു…

ഡിസ്ചാർജ് ചെയ്തു വീട്ടിൽഎത്തും വരെ ആളും കൂടെ തന്നെ ഉണ്ടായിരുന്നു… ഒരു താങ്ക്സ് പറയണമെന്ന് മനസ്സിലോർത്തു… പക്ഷേ പിന്നീട് എന്റെ കണ്മുന്നിൽ കണ്ടതെ ഇല്ല… എന്തോ വല്ലാത്തൊരു മിസ്സിംഗ്‌… ഫോൺ ചെയ്യാനും ഒരു മടി തോന്നി…പിന്നീടുള്ള കുറച്ചു ദിവസം ആകെ റസ്റ്റ്‌ ആയിരുന്നു എനിക്ക്…അച്ഛനെ വിളിച്ചു എന്റെ കാര്യങ്ങൾ മുറയ്ക്ക് തിരക്കാറുണ്ട് എന്ന് മനസ്സിലായി…

ദിവസങ്ങൾക്കപ്പുറം ഹേമന്ത് വീട്ടിലേക്ക് വന്നു…ഞാൻ പൂർണ്ണ ആരോഗ്യവതിയായിരുന്നു… സുഖ വിവരങ്ങൾ ഒക്കെ തിരക്കി… അന്ന് ഞങ്ങൾ ഒരുമിച്ച് നിന്ന ആ ബാൽക്കണിയുടെ കൈവരിയിൽ ചാരി നിന്നു…ഞങ്ങ ൾക്കിടയിൽ ഇതുവരെയില്ലാത്തൊരു മൗനം അഥിതിയായി വരുന്നത് ഞാനറിഞ്ഞു… ആൾക്കെന്തോ എന്നോട് പറയണമെന്നുണ്ട്…

“”തനിക്കെന്നോട് ഇപ്പോഴും വെറുപ്പാണോ…””

ആ സ്വരം ആർദ്രമായിരുന്നു… ഞാൻ ഒന്നും മിണ്ടാതെ മറ്റെവിടെക്കോ നോക്കി നിന്നു…

“”എനിക്കതിന് അർഹതയുണ്ടോന്നറിയില്ല… എങ്കിലും ചോദിക്കുവാ… നമുക്ക് കല്യാണം കഴിച്ചാലോ….””

ആ കണ്ണുകൾ ചിരിയോടെ ചിമ്മിയടഞ്ഞു…ഞാനും ചിരിയോടെ നിന്നു…ഇതിലെന്താണ് അർഹതയുടെ മാനദണ്ഡം എന്ന് ഞാനോർത്തു… ഒരിക്കൽ തോന്നിയ ആ ചെറിയ ഇഷ്ടം ഇന്നും എന്റെ ഉള്ളിലുണ്ടെന്ന് പറയാൻ തോന്നിയില്ല…

“”ഒരുപാട് പറഞ്ഞു നോക്കിയിട്ടും മനസ്സ് കേൾക്കുന്നില്ല… ഈ ഉത്തരയോട് വല്ലാത്ത ഇഷ്ടം തോന്നുവാ…”” അയ്യേ ഈ പോലീസ് ഇത്രക്കും പൈങ്കിളി ആയിരുന്നോ…

എന്റെ മൗനം ആളെ വല്ലാതെ ധർമ്മസങ്കത്തിലേക്ക് നയിക്കുന്നുവെന്ന് ഞാനറിഞ്ഞു…

എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു ആൾക്കരികിലേക്ക് ചേർത്തു നിർത്തിയപ്പോൾ എനിക്ക് വല്ലാത്ത ജാള്യത തോന്നി…ഹൃദയം ഉച്ചത്തിൽ മിടിക്കുകയും നെറ്റിയിൽ വിയർപ്പ് പൊടിയുകയും ചെയ്തിട്ടും ഞാൻ എതിർത്തില്ല…

അടുത്ത നിമിഷം എന്നെ ആ നെഞ്ചിലേക്ക് ചേർത്തു… എന്റെ നെറ്റിയിൽ ഒന്ന് മെല്ലെ ചുംബിച്ചു…

“”അറിയാമെനിക്ക് തനിക്കും ഇഷ്ടമാണെന്ന്… പിന്നെന്തിനാ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നെ…ഏഹ്…””

ഞാൻ ചിരിയോടെ അടർന്നു മാറിയപ്പോൾ ആളുടെ ചുണ്ടിലും കുസൃതിചിരിയുണ്ടായിരുന്നു…
ഞാനുമാ ചിരി പകുത്തെടുത്തു…

നിമിഷങ്ങൾക്കപ്പുറം ഞാനാ നെഞ്ചിലേക്ക് കവിൾ ചേർത്ത് നിന്നതും ആ കൈകൾ എന്നെ മെല്ലെ ചേർത്ത് വച്ച് തലോടി…

അങ്ങ് ദൂരെ എവിടെനിന്നോ നാദസ്വരത്തിന്റെ താളമേളങ്ങൾ ഉയരുന്നതും പുഷ്പവർഷങ്ങൾ ഞങ്ങളിലേക്ക് ചൊരിയുന്നതും അറിഞ്ഞു…

കൈകൾ കോർത്ത് പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *