പഴശ്ശി രാജ റീലോഡഡ്
Story written by Ammu Santhosh
“അവളിറങ്ങി വരുമോടാ?”
ഞാൻ വീണ്ടും എന്റെ ചങ്ങാതി വിഷ്ണുവിനെ നോക്കി .അവൻ എന്റെ നേരെ തിരിഞ്ഞു .
“ആകാശത്തിന്റെ നിറം എന്താ ? “അവൻ
“നീലയല്ലേ ?”ഞാൻ ആകാശത്തേക്ക് നോക്കി .പ്ലിങ് കറുപ്പ് .രാത്രി .
“എടാ പകല് നീലയല്ലേ ? അത് പോലെയാ ഷംന എന്റെ പെണ്ണ്. അവള് വരും . അവളല്ലേ ഇത് പ്ലാൻ ചെയ്തത് തന്നെ ..അപ്പോൾ വരാണ്ടിരിക്കുമോ ?’
സത്യത്തിൽ അവളാണോ അവളുടെ വാപ്പയാണോ വരിക എന്ന കൺഫ്യൂഷ്യനിൽ ആണ് ഞാൻ .
ഒരു ഒളിച്ചോട്ടത്തിനു പ്ലാൻ ചെയുമ്പോൾ സത്യത്തിൽജീവിതം റിസ്ക് ആവുന്നത് എന്നെ പോലുള്ള കൂട്ടുകാർക്ക ..ഒരു പ്രയോജനോം ഇല്ല വെറുതെ പോസ്റ്റ് ആയേക്കുവാ .ആത്മാർത്ഥതയ്ക്കു കയ്യും കാലും വെച്ചവർ .ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്നവർ.
മട്ടൻ സ്റ്റാൾ നടത്തുന്ന അഹമ്മദ് ഹാജിയുടെ ഒറ്റ മകളാണ് ഷംന .അങ്ങേരുടെ കൈയിലെ വലിയ കത്തി കണ്ടാൽ എനിക്ക് മുട്ടിടിക്കും .
ഷംനയുടെയും വിഷ്ണുവിന്റെയും ധൈര്യം ആണ് എന്റെ ധൈര്യം ,പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ് .എന്താ ധൈര്യം ! എനിക്കവനോട് തെല്ലു ബഹുമാനം ഒക്കെ തോന്നി .
തച്ചോളി ഒതേനനെ പോലെ കടത്തനാടൻ അമ്പാടിയെ പോലെ പഴശ്ശിരാജയെ പോലെ വാളും പരിചയുമില്ലന്നെ ഉള്ളു യോദ്ധാവ് തന്നെ
“നമുക്കൊന്ന് ചെന്ന് നോക്കിയാലോ ?”പറഞ്ഞതും അവൻമതിൽ ചാടിയതും ഒറ്റ നിമിഷം.
പിന്നെ ഞാൻ എന്ത് ചെയ്യും ഞാനും ചാടി
പൊടുന്നനെ വീട്ടിലെ എല്ലാ വിളക്കുകളും ഒരുമിച്ചു തെളിഞ്ഞു
വാതിൽ തുറന്നു അംജത്‌ഖാനെ പോലെ അഹമ്മദ് ഹാജി ..കൂടെ ഒന്ന് രണ്ടു ചെറിയ അംജദ്ഖാൻമാർ .അനിയന്മാരായിരിക്കുമോ?
എന്റെ പഴശ്ശിരാജാ!
പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളു എന്ന മട്ടിൽ അവനെന്നെ ഒരു നോട്ടം .പിന്നെ നിവർന്നു നിന്നു
“ആരാടാ നീയൊക്കെ?”
എന്റെ കിളി നേരെത്തെ പറന്നു പോയി .ഞാൻ ആരാണെന്നു എനിക്ക് തന്നെ അറിഞ്ഞു കൂടാ .പിന്നെയെങ്ങനെ ഉത്തരം കൊടുക്കും ? ചലനശേഷി കിട്ടിയിരുന്നെങ്കിൽ ഓടാമായിരുന്നു,
“ഞാനും ഷംനയും സ്നേഹത്തിലാണ് ” പഴശ്ശിരാജയുടെ അശിരീരി ..ഇവൻ എന്നെ കൊലയ്ക്കു കൊടുക്കും .വീടുമാറി കേറിയതാണെന്നു പറഞ്ഞാൽ പോരാരുന്നോ ?
“ഷംന “
അയാൾ അകത്തേക്ക് നോക്കി വിളിക്കുന്നു .ഷംന വരുന്നു പഴശ്ശി രാജ വിജയീ ഭാവത്തിൽ എന്നെ നോക്കുന്നു .ഞാൻ പോയ കിളി തിരികെ വരുമൊന്നു നോക്കി നിൽപ്പാണ് .
“ഇവരെ അറിയുമോ ?”
ഷംന ഞങ്ങളെ മാറി മാറി നോക്കുന്നു .അന്യഗ്രഹജീവികൾ നോക്കും പോലെ .എനിക്ക് ഉത്തരം ഏകദേശം പിടി കിട്ടി . പഴശ്ശി രാജയ്ക്കു പിടി കിട്ടിയിട്ടില്ല .കിഴങ്ങൻ അവളേം നോക്കി വായും പിളർന്നു നിൽപ്പാണ് . ഞാൻ തിരിഞ്ഞോടി .അപ്പോൾ കേൾക്കാം
” ആരാ ബാപ്പ ? ബാപ്പയുടെ കൂട്ടുകാരാണോ ?”
ബെസ്റ് ഇവളാണ് പെണ്ണ്
ഇപ്പോൾ ഞങ്ങൾ ഗുഡ് ഷെപ്പേർഡ് ഹോസ്പിറ്റലിന്റെ ഏഴാം നിലയിലെ ഒരു മുറിയിലാണ് .എത്ര പെട്ടെന്ന് ഉന്നതങ്ങളിൽ എത്തിയല്ലേ ?
നമ്മുടെ പഴശ്ശിരാജയ്ക്കു ഇടതു കൈക്കു ഒടിവ് ഉണ്ട് .പിന്നെ അത്യാവശ്യം പാച്ചു വർക്കുകൾ .പെയിന്റ് പോയിട്ടുണ്ട് .തേപ്പ് പണിക്കാരിയാണെന്നു അറിഞ്ഞില്ല ..ആരും പറഞ്ഞുമില്ല .
എന്റെ സങ്കടം അതല്ല . അവനിതുവരെ ഒറ്റ അക്ഷരം സംസാരിച്ചിട്ടില്ല .പ്രേമനൈരാശ്യത്തിൽ ഇനി അവൻ ഊമയായി പോയി കാണുമോ ? ഒരേ ബിന്ദുവിൽ നോക്കി കിടക്കാൻ തുടങ്ങിയിട്ടു ദിവസം ഒന്ന് കഴിഞ്ഞു .വാതിൽ തുറന്ന ശബ്ദം കേട്ടു ഞാൻ നോക്കി
ഈശ്വര അംജദ്ഖാൻ കൂട്ട് അവളും
ഓടാൻ വേറെ വാതിലില്ല .ജനൽ? മുറിഏഴാം നിലയിലാണ് ചാടിയാൽ അനിക്സ്പ്രൈ ആയി പോകും .പൊടി പോലും കിട്ടില്ല
എന്റെ ചങ്ങാതിയുടെ മുഖത്ത് ഭാവഭേദം ഒന്നുമില്ല
പിന്നെ നടന്നത് ഒരു ട്വിസ്റ്റ് ആണ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റ്
“സോറി മോനെ . ഇവൾക്ക് ഒരു അബദ്ധം പറ്റിയതാ. നല്ലോണം ചോദിച്ചപ്പോൾ ഇവൾ എല്ലാം പറഞ്ഞു ഈ പ്രായത്തിൽ ഇതൊക്കെ സ്വാഭാവികമല്ലേ ?ഇതൊക്കെ ..കുടുംബക്കാരൊക്കെ അറിഞ്ഞു ചെയ്യണ്ട കാര്യമല്ലേ?”
അംജദ്ഖാൻ പെട്ടെന്ന് വിശുദ്ധൻ ആയിരിക്കുന്നു .തലയ്ക്കു പിന്നിൽ ഒരു മഞ്ഞ വെളിച്ചമുണ്ടോ ?
പഴശ്ശിരാജാ എഴുന്നേൽക്കുന്നു .ഒടിവില്ലാത്ത വലതു കൈ ഉയർത്തി ഒറ്റ അടി അവളുടടെ കരണത്ത് .
“എന്റെ ശബരിമല ശാസ്താവേ..ഇവനെന്താ ഈ ചെയ്തേ ? എന്റെ പതിനാറടിയന്തിരത്തിന്റെ സദ്യ ആർക്കാണാവോ വീട്ടുകാര് കോൺട്രാക്ട് കൊടുക്കുന്നെ ?” എന്റെ കണ്ണിനുമുന്നിൽ ഒരു പുക പോലെ.അപ്പോൾ അതാ വരുന്നു പഴശ്ശിരാജയുടെ പഞ്ച് ഡയലോഗ്
“ഇപ്പോൾ തീർന്നു എല്ലാ കണക്കും ..ഞാൻ അവിടെ വന്നത് ഇവള് പറഞ്ഞിട്ടാ വേണ്ട വേണ്ട എന്നായിരം വട്ടം പറഞ്ഞതാ .ഇനി എനിക്കിവളെ വേണ്ട ..ഞാനേ ചന്തു അല്ല “
“അതാരാ മോനെ ഈ ചന്തു ?”പോകും മുന്നേ അംജദ്ഖാൻ എന്നോട്
“ചരിത്രത്തിൽ ഉള്ളതാ ,,,”ഞാൻ വിക്കിയും മൂളിയും പറഞ്ഞു
സ്ഥലം ഹോസ്പിറ്റൽ ആയി പോയി അല്ലേൽ ഞങ്ങൾ ചരിത്രം ആയേനെ