ഭോഗം
Story written by Adarsh mohanan
” ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ നിന്നെയൊക്കെ സ്വന്തം മോളാണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ്, ഭർത്താവിനു കഴിവില്ലെങ്കിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് “
അമ്മയതു പറയുമ്പോഴും ഏട്ടനും ഏട്ടന്റെ അമ്മയും ശിരസ്സു കുനിച്ചു കൊണ്ടല്ലാം കേട്ടു നിന്നേ ഉള്ളു
ശ്വാസമടക്കിപ്പിടിച്ചു കൊണ്ടാണ് അമ്മയുടെ ശകാരവർഷങ്ങൾ തുള്ളി തുള്ളിയായ് കാതിലേക്ക് അരിച്ചിറക്കിയത് , മനസ്സിലപ്പോഴും ഒരൽപ്പം കുറ്റ ബോധം പോലും നിഴലിച്ചിരുന്നില്ലെന്നത് സത്യം തന്നെയാണ്
ശാപവാക്കുകൾക്കൊണ്ടെന്നെ പൊതിഞ്ഞു കെട്ടിയിട്ട് അമ്മയാ പടിയിറങ്ങിപ്പോകുന്നത് നിറകണ്ണുകളോടെയാണ് ഞാൻ നോക്കിക്കണ്ടത്
അണപ്പൊട്ടിയെന്റെ കവിൾത്തങ്ങൾ കുത്തിക്കവിഞ്ഞൊഴുകിയപ്പോൾ ആ കണ്ണീരു തുടച്ചു മാറ്റിക്കൊണ്ട് ഏട്ടന്റെയമ്മയെന്നോടു പറയുന്നുണ്ടായിരുന്നു.
” പെട്ടെന്നിതൊക്കെ എല്ലാർക്കും ഉൾക്കൊള്ളാനാവില്ല, പതിയെപ്പതിയെ നമുക്കത് പറഞ്ഞു മനസ്സിലാക്കാം, വിഷമിക്കണ്ട എന്തൊക്കെയായാലും സ്വന്തം അമ്മയല്ലേ ഇത് പറഞ്ഞത് വേറെയാരുമല്ലല്ലോ” എന്ന്
ആ തഴുകലിലും തലോടലും നൊന്തുനീറി പ്രസവിച്ച ഒരമ്മയുടെ കരസ്പർശമാണെന്നിൽ ഉളവാക്കിയതും, ഞങ്ങളുടെയീ തീരുമാനത്തെ ഒരു വാക്കു കൊണ്ടു പോലും എതിർത്തിരുന്നില്ല ഏട്ടന്റെയമ്മ
വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല, ഡോക്റെ കണ്ട് മെഡിക്കൽ ടെസ്റ്റിനു വിധേയമായപ്പോഴാണ് വിധിയൊരു വില്ലനേപ്പോലെ ഞങ്ങൾക്കെതിരെ പന്താടുകയായിരുന്നെന്ന് മനസ്സിലായതും
മെഡിക്കൽ റിപ്പോർട്ടിൽ അച്ചുവേട്ടന് ഒരിക്കലും ഒരു അച്ഛനാകാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ തകർന്നടിഞ്ഞയാ നെഞ്ചകവും, അടക്കിപ്പിടിച്ചയാ വേദനയും ആ മുഖത്തു നിന്നുമെനിക്ക് വായിച്ചെടുക്കാമായിരുന്നു
ഒരു കുഞ്ഞിനെ മുലയൂട്ടി വളർത്താനുള്ള മോഹം ഏതൊരു പെണ്ണിനേയും പോലെ എനിക്കും ഉണ്ടായിരുന്നിട്ടും, ആ മനസ്സ് വേദനിക്കാതിരിക്കാനാണ് ഞാനെന്റെ വിഷമം പുറത്തു കാണിക്കാതിരുന്നത്, എനിക്കറിയാം ഏട്ടനത് നന്നായിട്ടറിയാം എന്ന് എന്റെ മനസ്സൊന്നു വിങ്ങിയാൽ നീറുന്നത് ആ ഹൃദയമാണ് എന്ന്
ഇതോർത്ത് ഉറക്കമില്ലാത്ത ഒരുപാടു രാത്രികളേട്ടൻ തള്ളി നീക്കിയിട്ടുള്ളത് ഞാൻ വേദനയോടെ ഞാൻ കണ്ടു നിന്നിട്ടുണ്ട്, പലപ്പോഴും ഏട്ടന്റെ വാത്സല്യത്തിലും തഴുകലിനുമിടയിൽ ആ കണ്ണുകളിൽ കാരണമില്ലാത്ത കുറ്റബോധo ഒലിച്ചിറങ്ങുന്നത് കാണുമ്പോൾ എന്റെ നെഞ്ചിലെ പിടപ്പിന്റെയെണ്ണം പലയാവർത്തി തെറ്റിയിട്ടുള്ളതാണ്
അതുകൊണ്ടു തന്നെയാണ് ഏട്ടന്റെ കുഞ്ഞിനെ കുറിച്ചുള്ള സംസാരത്തെ വഴിതിരിച്ചുവിടാറുള്ളതും മറ്റേതെങ്കിലും വിഷയത്തിലേക്ക് സംസാരത്തെ വ്യതിചലിപ്പിക്കാറുള്ളതും
അപ്പോഴൊക്കെ അത് മനസ്സിലാക്കിയെന്നോണം ഏട്ടനെന്റെ മുഖത്ത് നോക്കിയൊന്ന് പുഞ്ചിരിക്കും, അന്നൊക്കെ ആ പുഞ്ചിരി തൂകിയ പാറക്കവിളിൽ കൂരൻ പല്ലുകൊണ്ട് മെല്ലെ കാരിയിട്ട് പറയാറുണ്ട്
” മരിക്കും വരെ ഈ ഇടനെഞ്ചിലെ ഇളംചൂട് മാത്രം മതിയെനിക്ക്, അതിൽ കൂടുതലൊരാഗ്രഹവും എനിക്കില്ല ഒരു ഭാര്യ എന്ന നിലയിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് ഞാനായിരിക്കും” എന്ന്
അതുകൊണ്ടു തന്നെയാണ് പ്രായം ഇത്രയല്ലേ ആയുള്ളു നിനക്കിനി ജീവിതം ബാക്കി കിടക്കയാണ് ഈ ബന്ധം ഉപേക്ഷിച്ച് വെറെയൊരാളെ വിവാഹം കഴിക്കാനെന്റെയമ്മ പറഞ്ഞപ്പോഴൊക്കെ ഞാനാ വാക്കുകളെ പുഞ്ചിരിച്ചു കൊണ്ട് തള്ളിക്കളഞ്ഞിട്ടുള്ളതും
അന്ന് ഡോക്ടറെ കാണാൻ പോകാമെന്ന് സന്തോഷത്തോടെയേട്ടൻ പറഞ്ഞപ്പോൾ ആ മുഖത്ത് എന്തെന്നില്ലാത്ത ചൈതന്യമാണ് ഞാനും കണ്ടത്, പ്രതീക്ഷയുടെ പുൽനാമ്പുകൾ മനസ്സിന്റെയേതോ ഒരു കോണിൽ കിളിർത്തുവെന്ന തോന്നലുള്ളിൽ ഉളവായിരുന്നു
അവിടെയെത്തിയപ്പോഴാണെനിക്ക് കാര്യം മനസ്സിലായതും, മറ്റൊരാളുടെ ബീ ജം എന്റെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കാൻ വേണ്ടിയായിരുന്നു ഈ പ്രഹസനം എന്നറിഞ്ഞപ്പോൾ ദേഷ്യത്തോടെയവിടെ നിന്നും ഇറങ്ങിപ്പോകാൻ ഒരുങ്ങിയതായിരുന്നു ഞാൻ,
അവസാനം ഏട്ടന്റെ കലശലായ നിർബന്ധപ്രകാരം അർദ്ധ സമ്മതത്തോടെ ഞാനതിനു വഴങ്ങിക്കൊടുക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
ഒരൊറ്റ നിർബദ്ധമേ എനിക്കുണ്ടായിരുന്നുള്ളോ അത് ചെയ്യുമ്പോൾ ഏട്ടനെന്റെ കൂടെത്തന്നെ ഉണ്ടായിരിക്കണം എന്ന്
മെഡിക്കൽ എത്തിക്സ് നു എതിരാണെങ്കിലും പുറത്തറിയില്ല എന്ന ഉറപ്പോടുകൂടി ഞങ്ങളുടെ അപേക്ഷക്ക് ഡോക്ടർ സമ്മതം മൂളിത്തരികയായിരുന്നു
എന്റെ ലൈo ഗീകാവയവത്തിലൂടെയാ നീളൻ സിറിഞ്ച് തുളഞ്ഞു കയറുമ്പോഴും എന്റെയേട്ടന്റെ കൈകളിൽ ഞാൻ മുറുക്കിപ്പിടിച്ചിരുന്നു. ആ നിറഞ്ഞ കണ്ണുകളിലെ സന്തോഷം കണ്ടപ്പോൾ ഉറുമ്പുകടിച്ച വേദന പോലും ഞാനറിയുന്നുണ്ടായിരുന്നില്ല, ആ ബീ ജത്തുള്ളിളെ ഞാനെന്റെയുള്ളിലേക്ക് ആവാഹിച്ചെടുക്കുമ്പോഴും കൺമുമ്പിൽ പുഞ്ചിരിച്ചു നിൽക്കണ ഏട്ടന്റെ മുഖo മാത്രമായിരുന്നു ഉണ്ടായിരുന്നത്
വീട്ടുകാരെയാരെയും അറിയിക്കരുതെന്ന് ഞാൻ പറഞ്ഞപ്പോൾ മറ്റാരും അറിഞ്ഞില്ലെങ്കിലും എന്റെ അമ്മയത് അറിഞ്ഞിരിക്കണം എന്ന നിർബദ്ധം ഏട്ടനുണ്ടായിരുന്നതുകൊണ്ടാണ് അമ്മേയോടെല്ലാം ഞാൻ വിളിച്ച് പറഞ്ഞതും
അമ്മയതെല്ലാം പറഞ്ഞു പോയപ്പോൾ എന്റെ വിഷമo ആ ഒരൊറ്റനേരത്തേക്കേ ഉണ്ടായിരുന്നുള്ളോ , കാരണം എനിക്കറിയാം എന്റെ അമ്മയെ , നാലു ദിവസത്തിനേക്കാൾ കൂടുതൽ വെച്ചു പുലർത്താത്തയാ മുൻകോപത്തെ
അന്നു രത്രി കിടപ്പറയിൽ മുഖം തിരിച്ചു കിടന്നിരുന്ന ഏട്ടന്റെ മനസ്സു അമ്മയുടെ വാക്ശരങ്ങളാൽ മുറിവേറ്റിരുന്നുവെന്നത് നനവു വീണയാ പഞ്ഞി മെത്തയാണെനിക്ക് കാട്ടിത്തന്നതും
മെല്ലെ ഞാനെന്റെ കൈകൾ കൊണ്ടാ മുഖം തിരിച്ചപ്പോൾ കലങ്ങിച്ചുവന്നയാ കണ്ണുകളാലേട്ടനെന്നോട് ചോദിക്കുന്നുണ്ടായിരുന്നു
“നമ്മൾ തെറ്റായിരുന്നോ ഗീതു
നിന്റെയമ്മ പറഞ്ഞതു പോലെ ,
ഞാൻ…………..
ഞാനൊരു കഴിവു കെട്ടവനാണല്ലെ ? ” എന്ന്
അടക്കിപ്പിടിച്ച ഏങ്ങലടിയോടെ ഞാൻ സംസാരിക്കാനുതിരുമ്പോഴും നിശ്വാസത്താലെന്റെ തൊണ്ടക്കുഴിയടഞ്ഞു പോയിരുന്നു. വാക്കുകൾ കക്കിയെടുക്കാൻ ഞാൻ പാടുപെടുമ്പോഴും എന്റെ സ്വരം പതറാതെ പതറിയലയുകയായിരുന്നു
ജീവിതത്തിലിന്നേ വരെ എനിക്കൊരു കുറവും വരുത്താത്ത, എന്റെ ഏതു ആഗ്രഹത്തിനും എതിരുപറയാത്ത, ഏതു ദു:ഖത്തിലുമെന്നെ ചേർത്തു പിടിച്ചിട്ടുള്ള എന്റെ ഏട്ടൻ………
എന്റെയേട്ടനെനിക്കെങ്ങനെ കഴിവുകെട്ടവനാകും എന്നു ഞാൻ പറഞ്ഞു മുഴുവിക്കുo മുൻപേ എന്നിലേക്കിറുകിയടുക്കുകയായിരുന്നേട്ടൻ
ആ വലതുകരത്തെ ഞാനെന്റെ നിറവയറിലേക്ക് ചേർത്തു വെച്ചു കൊണ്ട് ഒന്നേ പറഞ്ഞുള്ളോ ഏട്ടനോട്
” ഈ വളരുന്നത് എന്റെ മാത്രം കുഞ്ഞല്ല, നമ്മുടെ രണ്ടാളുടേയും കൂടെ കുഞ്ഞാണ് കാരണം ഈ ബീ ജം എന്റെയുള്ളിലേക്ക് തുളഞ്ഞു കയറുമ്പോഴും, മനസ്സുകൊണ്ട് ഞാനേട്ടനെ ഭോഗി ക്കുന്നുണ്ടായിരുന്നു ” എന്ന്