ഞാനെപ്പോഴും നിങ്ങളോട് പറയുന്നതാ, ഓരോ സാരിയുടെയും മാച്ചിങ്ങ് ബ്ളൗസ് അതിൻ്റെ കൂടെത്തന്നെ മടക്കിവയ്ക്കണമെന്ന്…

Story written by SAJI THAIPARAMBU

ചേട്ടാ.. ഇന്നലെ കഴുകിയിട്ട എൻ്റെ പച്ച ബ്ളൗസെവിടെ?

അടുക്കളയിൽ കൊച്ചിന് കൊടുക്കാനുള്ള തിളപ്പിച്ച പാല് കുപ്പിയിലേക്ക് പകർത്തുമ്പോഴാണ്, അയാൾ ഭാര്യയുടെ അലർച്ച കേട്ടത്.

വെപ്രാളത്തിന് പാൽകുപ്പി അടയ്ക്കുമ്പോൾ ,ചൂട് പാല് വീണ് അയാളുടെ കൈകൾ പൊള്ളി.

ഞാനത് അലമാരയിൽ തന്നെ വച്ചിട്ടുണ്ടായിരുന്നല്ലോ?

പരിഭ്രമത്തോടെ മുറിയിലേക്ക് ഓടിവന്ന് ,അയാൾ ഭാര്യയോട് പറഞ്ഞു.

എന്നിട്ടെവിടെ? ഞാനെപ്പോഴും നിങ്ങളോട് പറയുന്നതാ, ഓരോ സാരിയുടെയും മാച്ചിങ്ങ് ബ്ളൗസ് അതിൻ്റെ കൂടെത്തന്നെ മടക്കിവയ്ക്കണമെന്ന്

നീ ദേഷ്യപ്പെടണ്ടാ, ഞാനത് ഇപ്പോൾ തന്നെ നോക്കിയെടുത്ത് തരാം

അയാൾ കുത്തിയിരുന്ന്, അലമാരയുടെ താഴത്തെ തട്ടിൽ നോക്കി ,അവിടെ മറ്റ് തുണികളോടൊപ്പമിരുന്ന ,പച്ച ബ്ളൗസ് തപ്പിയെടുത്ത്, ഭാര്യയുടെ കൈയ്യിൽ കൊടുത്തു.

ഉം, എങ്കിൽ വേഗം പോയി ,എൻ്റെ ലഞ്ച് ബോക്സ് റെഡിയാക്കി വയ്ക്ക്, എനിക്കിന്ന് മീറ്റിംഗുള്ള കാര്യം ഇന്നലെ രാത്രി തന്നെ പറഞ്ഞതല്ലേ?

ദാ ഇപ്പോൾ തരാം, നീ അപ്പോഴേക്കും ഒരുങ്ങിക്കോ?

അയാൾ വേഗം അടുക്കളയിലേക്ക് ചെന്ന് ,വാർത്തിട്ടിരുന്ന ചോറും കലവും നിവർത്തി വച്ച്, ലഞ്ച് ബോക്സിലേക്ക് ചോറ് പകർന്നു.

അച്ഛാ.. ദേ കുഞ്ഞാവാ ബെഡ്ഡിലൊക്കെ അപ്പിയിട്ടു വച്ചിരിക്കുന്നു

മൂത്ത പുത്രൻ അടുക്കളയിലേക്ക് വന്ന് പറഞ്ഞു.

അവിടെ അമ്മയില്ലെ? നീ അമ്മയോട് ചെന്ന് പറ

അമ്മ സാരിയുടുത്ത് പോയി,അത് കൊണ്ട് അച്ഛനോട് ചെന്ന് പറയാൻ, അമ്മയാ എന്നെ ഇങ്ങോട്ടയച്ചത്

ശ്ശെടാ.. എന്ത് കഷ്ടമാണ്, നേരമില്ലാത്ത നേരത്താണോ, ഈ കൊച്ചിന് അപ്പിയിടാൻ തോന്നിയത്

ചോറെടുത്ത് വച്ചോ?

ഭാര്യ, അടുക്കളയിലേക്ക് വന്ന് ചോദിച്ചു.

ഓഹ് നീയൊന്ന് സമാധാനപ്പെട്, എനിക്കാകെ രണ്ട് കൈയ്യേ ഉള്ളു

ദേഷ്യം വന്നപ്പോൾ, അയാളുടെ ശബ്ദം ലേശമുയർന്നു.

ദേ എൻ്റെയടുത്ത് തറുതല പറഞ്ഞാലുണ്ടല്ലോ? ഭർത്താവാണെന്നൊന്നും ഞാൻ നോക്കില്ല ,അടിച്ച് കരണം ഞാൻ പുകയ്ക്കും

മ്ഹും, വെളുപ്പാൻ കാലം മുതൽ ഈ വീട്ടിൽ കിടന്ന് ഒരു മാടിനെപ്പോലെ കഷ്ടപ്പെടുന്ന എനിക്കിത് തന്നെ കിട്ടണം, എന്നെ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലല്ലോ?

അയാൾ പിറുപിറുത്തു.

ഭാര്യ ,ലഞ്ച് ബോക്സ് വാങ്ങി ബാഗിൽ വെച്ചിട്ട്, ധൃതിയിൽ പുറത്തേയ്ക്ക് പോയപ്പോൾ, അയാൾ ബെഡ്റൂമിലേക്ക് ചെന്നു.

മ ലത്തിലും, മൂത്രത്തിലും കുളിച്ച് കിടക്കുന്ന, കുഞ്ഞിനെ എടുത്ത് കുളിമുറിയിൽ കൊണ്ടുപോയി, കുളിപ്പിച്ച് വൃത്തിയാക്കിയിട്ട്, അയാൾ അടുക്കളയിൽ വന്ന് കുപ്പിപ്പാലെടുത്തു കുഞ്ഞിന് കൊടുത്തു.

അച്ഛാ.. എൻറെ യൂണിഫോം തേച്ചോ ?

അപ്പോഴേക്കും മൂത്തവൻ്റെ വിളിവന്നു, കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് ,യൂണിഫോം ഇസ്തിരി ഇടാമെന്ന് കരുതിയപ്പോൾ, കുഞ്ഞ് ഒരേ കരച്ചിൽ

പിന്നെ, ഒരു കൈയ്യിൽ കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ച് ,മറ്റേ കൈകൊണ്ട് യൂണിഫോം ഇസ്തിരിയിട്ട്, മൂത്തവനെ ഒരുക്കി അയാൾ സ്കൂൾ ബസ്സിൽ കയറ്റി വിട്ടു.

തിരിച്ചുവന്ന് വീണ്ടും കുഞ്ഞിനെ തൊട്ടിലിൽ കിടത്തി, താരാട്ട് പാട്ട് പാടി, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞുറങ്ങി എന്ന് മനസ്സിലാക്കിയ അയാൾ , തൊട്ടിലിൻ്റെ ആട്ടം നിർത്തി, പതിയെ പിന്മാറാൻ തുടങ്ങിയപ്പോഴാണ്, പുറത്ത് മീൻ കച്ചവടക്കാരൻ്റെ നീണ്ട ഹോണടി കേട്ടത്.

ആ ശബ്ദം കേട്ട്, ഉറങ്ങിയ കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി.

നാശം പിടിക്കാൻ, അവൻ്റെ ഒടുക്കത്തെയൊരു ഹോണടി

മീൻ കച്ചവടക്കാരനെ പ്രാകിക്കൊണ്ട്, അയാൾ തൊട്ടിലിനരികിലേക്ക് തിരിച്ചു നടന്നു.

വൈകിട്ട് ഓഫീസിൽ നിന്ന് ഭാര്യ മടങ്ങിവരുമ്പോൾ, അയാൾ ഉണങ്ങിയ തുണികൾ എടുക്കാനായി, ടെറസിന് മുകളിൽ ആയിരുന്നു.

മുൻവാതിൽ അടഞ്ഞു കിടന്നത് കൊണ്ട് കോളിംഗ് ബെൽ അമർത്തി ഭാര്യ , അക്ഷമയോടെ നിന്നു.

തുണികളുമായി സ്റ്റെയർകെയ്സ് ഇറങ്ങി വരുമ്പോഴാണ്, നീണ്ട കോളിംഗ് ബെൽ അയാൾ കേട്ടത്.

വേഗം ചെന്ന് വാതിൽ തുറക്കുമ്പോൾ, തൊട്ടുമുന്നിൽ ഉഗ്രരൂപിണിയായി നിൽക്കുന്ന ഭാര്യയെ കണ്ട അയാൾ, ഒന്ന് പതറി .

എവിടെപ്പോയി തൊലഞ്ഞ് കിടക്കുകയായിരുന്നു മനുഷ്യാ നിങ്ങള് ,എത്ര നേരമായി ഞാൻ വന്നു ബെല്ലടിക്കാൻ തുടങ്ങിയിട്ട്

മഴക്കാറ് കണ്ടത് കൊണ്ട്, മുകളിൽ കിടന്ന തുണിയെടുക്കാൻ പോയിരുന്നതാ

അയാൾ തെല്ലു ഭീതിയോടെ പറഞ്ഞു.

ഉം ,മുന്നിൽ നിന്ന് മാറി നിൽക്ക്, എന്നിട്ട് അടുക്കളയിൽ പോയി വേഗം കടുപ്പത്തിലൊരു ചായ ഇട്ടോണ്ട് വാ ,ഞാനപ്പോഴേക്കും ഒന്ന് ഫ്രഷ് ആയി വരാം

അയാളോട് കല്പിച്ചിട്ട് , ഭാര്യ ബെഡ് റൂമിലേക്ക് കയറി പോയി.

രാത്രിയിൽ അടുക്കളയിലെ വാഷ് ബെയ്സനിൽ, കുന്ന് കൂടി കിടന്ന എച്ചിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കി വച്ചിട്ട്, ബെഡ് റൂമിലെത്തുമ്പോൾ, ഭാര്യ കട്ടിലിന് മുകളിൽ ,കമിഴ്ന്ന് കിടന്ന് ആരോടോ ചാറ്റ് ചെയ്യുകയായിരുന്നു.

അത് കണ്ടപ്പോൾ ,ഉള്ളിൽ നുരഞ്ഞ് പൊന്തിയ അമർഷം കടിച്ചമർത്തി, അയാൾ കുളിക്കാനായി പുറത്തെ കിണറ്റിൽ കരയിലേക്ക് നടന്നു.

കുളി കഴിഞ്ഞ് തല തുവർത്തി തിരിച്ച് ബെഡ് റൂമിലെത്തുമ്പോഴും ഭാര്യ , മൊബൈൽ സ്ക്രീനിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.

നിനക്ക് ഏത് നേരവും ഇതിൽ നോക്കിയിരുന്നാൽ മതിയല്ലോ? വീട്ടുകാര്യങ്ങളൊന്നുമറിയണ്ടല്ലോ? ബാക്കിയുള്ളവൻ രാവിലെ മുതല് കഷ്ടപ്പെട്ട് ,കുട്ടികളെയും നോക്കി വീട്ട് ജോലിയും ചെയ്ത്, തളർന്ന് വന്നിട്ട് എന്താണെന്ന് ഒന്ന് ചോദിക്കാൻ നിനക്ക് തോന്നിയില്ലല്ലോ?

അയാൾ കട്ടിലിനരികിലിരുന്ന് ഭാര്യയോട് പരിഭവം പറഞ്ഞു.

എങ്ങനെ.. എങ്ങനെ.. ,ഇന്നലെ രാത്രി എന്നോട് വലിയ വെല്ലുവിളിയാരുന്നല്ലോ?നിൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ, വീട്ട് ജോലിയൊക്കെ സിംപിളായിട്ട് ചെയ്യുമെന്നും, വേണമെങ്കിൽ പരീക്ഷണാർത്ഥം നാളെ മുതൽ നിങ്ങള് ഞാനും, ഞാൻ നിങ്ങളുമായി ജീവിച്ച് നോക്കാമെന്ന്, എന്നിട്ട് ഒറ്റ ദിവസം കൊണ്ട്, നിങ്ങൾക്കതിൻ്റെ ബുദ്ധിമുട്ട് മനസ്സിലായോ? അപ്പോൾ കഴിഞ്ഞ ആറേഴ് വർഷമായി, ഈ വീട്ടിൽ കിടന്ന് രാ പകൽ അദ്ധ്വാനിക്കുന്ന, എൻ്റെ കാര്യം നിങ്ങളൊന്ന് ഓർത്ത് നോക്കിക്കേ .. എന്നോട് നിങ്ങൾ എപ്പോഴെങ്കിലും, എൻ്റെ ബുദ്ധിമുട്ടോ പ്രയാസമോ അന്വേഷിച്ചിട്ടുണ്ടോ? അപ്പോൾ ഇനിയെങ്കിലും, ഭാര്യയുടെ കഷ്ടപ്പാടുകളെ അംഗീകരിച്ചില്ലെങ്കിലും പുശ്ചിക്കരുത്

ഓഹ് സോറി ഡീ.. നമുക്ക് ഈ കളി ഇവിടെ നിർത്താം ,നാളെ മുതൽ നീ തന്നെ വീട്ടുകാരി ആയാൽ മതി, അതിന് നിനക്കേ കഴിയൂ

അതിനെന്തിനാ നാളെയാക്കുന്നത്, ഞാൻ ദേ അടുക്കളയിലേക്ക് പോകുവാ , നാളത്തെ ഇഡ്ഡലിക്കുള്ള ഉഴുന്ന് അരച്ചിട്ടില്ല, ഞാനത് അരച്ചിട്ട് വരാം, നിങ്ങള് കിടന്നോളു, നല്ല ക്ഷീണമുണ്ടാവും

ചിരിയോടെ ഭാര്യയത് പറഞ്ഞിട്ട് പോകുമ്പോൾ, പരാജയം സമ്മതിച്ചതിൽ അയാൾക്ക് തെല്ലും നിരാശയുണ്ടായിരുന്നില്ല.

NB :- ഒരേ സമയം വീട്ടമ്മയാകാനും പുറത്ത് പോയി ജോലി ചെയ്ത് കുടുംബം പുലർത്താനും എല്ലാ സത്രീകൾക്കും കഴിയും, പക്ഷേ അങ്ങനെ ചെയ്യാൻ കഴിവുള്ള അപൂർവ്വം ചില പുരുഷൻമാരേ ഉണ്ടാവു

Leave a Reply

Your email address will not be published. Required fields are marked *