ഞാൻ ഇങ്ങനെ ഒക്കെ ചെയ്തപ്പോഴും അവളുടെ മനസ്സ് എന്തായിരുന്നു എന്ന് കാണാൻ ഞാൻ ശ്രമിച്ചില്ല. എനിക്ക് എന്റെ സന്തോഷങ്ങളും വാശികളുമായിരുന്നു വലുത്……….

ആണത്തം

എഴുത്ത്:-ഗീതു അല്ലു

അവളെ കുത്തി നോവിക്കാൻ എനിക്ക് ഒരുപാടിഷ്ടമാരുന്നു. എപ്പോഴും തല്ലു കൂടാനും കണ്ണ് പൊട്ടുന്ന ചീത്ത പറയാനും ഞാൻ കുറെ ഉത്സാഹം കാട്ടി. എന്റെ മനസ്സിലെ അവളോടുള്ള സ്നേഹം മുഴുവൻ അവളോട്‌ വഴക്ക് കൂടിയാ ഞാൻ പ്രകടിപ്പിച്ചത്.

ഞാൻ ദേഷ്യപ്പെടുമ്പോൾ കാര്യം എന്താന്ന് പോലും ചോദിക്കാതെ എന്നോട് മാപ്പ് പറഞ്ഞു എനിക്ക് അഖിലേട്ടനെ വേണം എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് വീണവളെ പലപ്പോഴും തള്ളി മാറ്റിയിട്ടുണ്ട്.

ഞാൻ എന്റെ ദേഷ്യത്തിന് ഒന്ന് കടിഞ്ഞാൺ ഇട്ടിരുന്നെങ്കിൽ അപ്പോൾ തന്നെ തീരുന്ന ഓരോ പിണക്കവും ഒരാഴ്ചയിലേക്ക് പോലും വലിചിഴയ്ക്കപ്പെട്ടിട്ടുണ്ട്. എന്റെ ഭാഗത്തു ഉണ്ടാകുന്ന തെറ്റുകൾക്ക് പോലും അവളെ കുറ്റം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അവളോട്‌ ചെയ്യുമ്പോൾ എന്റെ മനസ്സിൽ ഒരു ന്യായം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ എന്റെ പെണ്ണാണ്.

അവൾ ഞാൻ പറയുന്നത് അനുസരിച്ചു എന്റെ ഇഷ്ടത്തിന് ജീവിക്കണം എന്ന് കുറെ ആഗ്രഹിച്ചു. അവളും അങ്ങനെ ആയതിൽ കുറെ അഹങ്കരിച്ചു. കൂട്ടുകാരോട് ഒക്കെ അവളെ കുറിച്ച് നല്ലത് മാത്രം പറഞ്ഞപ്പോഴും അവളോട്‌ ദേഷ്യപ്പെട്ടു മാത്രമേ സംസാരിച്ചിരുന്നുള്ളൂ.

ശെരിക്കും പറഞ്ഞാൽ അവളോടുള്ള എന്റെ സ്നേഹം ഞാൻ എന്റെ മനസ്സിൽ ഇട്ടു വളർത്തി. പുറമെ ദേഷ്യം മാത്രം കാണിച്ചു.

ഞാൻ ഇങ്ങനെ ഒക്കെ ചെയ്തപ്പോഴും അവളുടെ മനസ്സ് എന്തായിരുന്നു എന്ന് കാണാൻ ഞാൻ ശ്രമിച്ചില്ല. എനിക്ക് എന്റെ സന്തോഷങ്ങളും വാശികളുമായിരുന്നു വലുത്.

അവളോട്‌ സ്നേഹത്തോടെ സംസാരിക്കുമ്പോഴും തമാശ പറയുമ്പോഴും മനസ്സ് തുറന്നു ചിരിക്കുന്ന അവളെ കാണാൻ എനിക്ക് കുറെ ഇഷ്ട്ടമായിരുന്നു. നീ എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കണം എന്ന് ഞാൻ തന്നെ അവളോട്‌ പറയും എന്നിട്ട് ആ ഞാൻ തന്നെ അവളെ കരയിപ്പിക്കും.

കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുമ്പോൾ ഉള്ളു പിടയുമെങ്കിലും താഴ്ന്നു കൊടുക്കാൻ എന്നിലെ ദുരഭിമാനം എന്നെ അനുവദിച്ചില്ല. എന്റെ ദേഷ്യം തീരുന്നവരെ അവളെ കുത്തി നോവിച്ചു ഞാൻ ആനന്ദം കണ്ടെത്തി. എന്റെ ദേഷ്യത്തിനോടുവിൽ നീ എന്റെയാ എന്ന് പറയുമ്പോൾ ചിരിക്കുന്ന അവളെ യായിരുന്നു ഞാൻ ഒരുപാട് സ്നേഹിച്ചത്.

ഞാൻ എന്തൊക്കെ കാണിച്ചാലും അവൾ പറയും എനിക്ക് ഒരു പിണക്കവും ഇല്ല.. എന്നോടല്ലേ ഇതൊക്കെ കാണിക്കാൻ പറ്റൂ എന്ന്. അത് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നുന്നത്.

എന്റെ ഓരോ പിണക്കത്തിനും അവൾ കണ്ടെത്തിയിരുന്ന ന്യായം സ്നേഹം ഉള്ളിടത്തു മാത്രമേ പിണക്കവും ഉണ്ടാകൂ എന്നായിരുന്നു. എന്റെ നെഞ്ചിൽ കിടന്നു സ്വപ്നം കാണുന്ന അവളെ എനിക്ക് എന്നെക്കാളും വിശ്വാസമായിരുന്നു.

എന്നിട്ടും ഏതോ ഒരു നശിച്ച നിമിഷത്തിൽ ഞാൻ ചോദ്യം ചെയ്തത് അവളുടെ മാനത്തെ. അവൾ ചീത്തയാ എന്ന് അവളുടെ മുഖത്തു നോക്കി പറയുമ്പോഴും എന്റെ മനസ്സിൽ ഞാൻ പറഞ്ഞു എനിക്ക് നിന്നെ അറിയാം, എനിക്ക് നിന്നെ വിശ്വാസമാണ്.. എന്റെ മുഖത്തു നോക്കി കുറെ നേരം നിന്ന അവളെ പുച്ഛത്തോടെ പിടിച്ച് തള്ളി നടക്കുമ്പോഴും ഞാൻ മനസ്സിൽ പറഞ്ഞു നീ എന്റെയാ.. എന്റെ മാത്രം.

താൻ ഒന്ന് നിന്നെ എന്ന അവളുടെ അലർച്ച ഒരു ഇടി മുഴക്കം പോലെയാ എന്റെ കാതിൽ വന്നത്. ഏട്ടാ എന്ന് മാത്രം വിളിച്ചവൾ താൻ എന്ന് വിളിച്ചപ്പോൾ അവൾ എന്റെ ആണത്തത്തെ ചോദ്യം ചെയ്ത പോലെയാ എനിക്ക് തോന്നിയത്.

അവളെ തല്ലാൻ ഓങ്ങിയ എന്റെ കൈ കടന്നു പിടിച്ചുകൊണ്ടവൾ പിന്നെയും അലറി. വിശ്വാസം ഇല്ലാത്തവനു തല്ലാനും നിയന്ത്രിക്കാനും ഉള്ള അവകാശവും ഇല്ല. ഇത്ര നാളും നിങ്ങൾ എന്ത് ചെയ്താലും പറഞ്ഞാലും ഞാൻ ക്ഷമിക്കുമായിരുന്നു. പക്ഷെ ഇനി ഇല്ല.

ഏതൊരു പെണ്ണും താൻ സ്നേഹിക്കുന്ന ആളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല.

എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി എനിക്ക്. ഞാൻ വഴക്കുണ്ടാക്കുമ്പോൾ ചിണുങ്ങി കൊണ്ട് എന്റെ അരികിലേക്ക് വന്നിരുന്നവൾ ഒരു ചീറ്റപുലിയെ പോലെ എന്റെ മുന്നിൽ നിൽക്കുന്നു. ഞാൻ സമനില വീണ്ടെടുത്തപ്പോഴേക്കും അവൾ അവിടെ നിന്നു നടന്നകന്നിരുന്നു.

അവളെ ഞാൻ കുറെ വിളിച്ചു ഫോൺ എടുത്തില്ല. കാണാൻ ശ്രമിച്ചപ്പോഴോക്കെ ഒഴിഞ്ഞു മാറി. അവിടെ ഞാൻ പെണ്ണിന്റെ മറ്റൊരു മുഖം കാണുകയായിരുന്നു. വിശ്വസിക്കേണ്ട ആൾ തന്നെ തള്ളി പറഞ്ഞപ്പോൾ അവൾ പെണ്ണാവുകയായിരുന്നു. എന്റെ ആണത്തത്തെ ചോദ്യം ചെയ്യുന്ന പെണ്ണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *