മറക്കേണ്ടത്..
Story written by Ammu Santhosh
“അത് ആമിയല്ലേ?”
മുകുന്ദൻ പറഞ്ഞത് കെട്ട് ആനന്ദ് പെട്ടെന്ന് നോക്കി. നല്ല തിരക്കുള്ള ഒരു ഷോപ്പായിരുന്നു അത്. ഒരു സ്ത്രീ നിൽക്കുന്നുണ്ട്. മുഖം വ്യക്തമല്ല. പെട്ടെന്ന് അവൾ തിരിഞ്ഞു ആനന്ദ് അവളെ തിരിച്ചറിഞ്ഞതും ആനന്ദിനെ അവൾ കണ്ടതും ഒരെ സമയം തന്നെ.
“ആനന്ദ് “
ആമി ഓടിയടുത്തു വന്നപ്പോൾ ആനന്ദ് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“എടാ മുകുന്ദാ. നീ ഇവന്റൊപ്പം തന്നെ ഇപ്പോഴും അല്ലെ?”അവൾ ചോദിച്ചു
“പാതിവഴിയിൽ ഇട്ടേച്ച് പോകാനല്ലല്ലോ ഒപ്പം ചേരുന്നത് ” മുകുന്ദൻ മെല്ലെ പറഞ്ഞു
“ടാ “ആനന്ദ് അവനെ ഒന്ന് തട്ടി
“ആമിയെന്താ ഇവിടെ?”
“ഇങ്ങോട്ട് ട്രാൻസ്ഫർ ആണ്. സിറ്റി ബ്രാഞ്ചിൽ..ആനന്ദ് എവിടെയാ “
“സ്വന്തം ബിസിനസ്സാണ് “
“ഫാമിലി?”
“വൈഫ് ലക്ഷ്മി. മൂന്ന് മക്കൾ..ആമിയോ?”
“ഡിവോഴ്സ് ആയി മക്കളില്ല. അമ്മയും അച്ഛനും ഒപ്പമുണ്ട് ” അവൾ പുഞ്ചിരിച്ചു.
ആനന്ദ് ഒരു വേള വല്ലാതായി
“ശരി പോട്ടെ “അവൾ യാത്ര പറഞ്ഞു പോയി
അവർ കാറിനരികിലേക്ക് നടന്നു
“നീ ഇത് മറന്നേക്ക് കേട്ടോ. മനസ്സിലിട്ടിരിക്കേണ്ട. ഒരിക്കൽ പിരിഞ്ഞവരാ. രണ്ടു കുടുംബം ആയി.. ഇനി ഓർക്കേണ്ട “
മുകുന്ദൻ പറഞ്ഞത് കേട്ട് ആനന്ദ് വണ്ടിയൊടിച്ചു കൊണ്ടിരുന്നു.
സ്കൂൾ കാലം തൊട്ടുള്ള ഒരു പ്രണയം ആയിരുന്നത്.. ഒരിക്കലും പിരിയില്ല എന്ന് കരുതിയവർ. തമ്മിലത്രമേൽ അറിഞ്ഞവർ.
ആമിയുടെ അച്ഛന് അമേരിക്കയിലുള്ള സുഹൃത്ത് നന്ദന്റെ ഒറ്റ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാനുള്ള വാശി.. അച്ഛനെ ജീവനായി കാണുന്ന ഏത് മകളും ചെയ്യുന്നതേ അവളും ചെയ്തുള്ളു. തനിക് ജോലിയും ഇല്ലായിരുന്നല്ലോ
“വീടെത്തി “മുകുന്ദന്റെ ശബ്ദം
മുകുന്ദന്റെ വീടും ആനന്ദിന്റ വീടും തൊട്ട് അടുത്താണ് അവൻ മുകുന്ദനെ ഡ്രോപ്പ് ചെയ്തു. പിന്നെ സ്വന്തം വീട്ടിലേക്ക് പോയി.
“ഏട്ടന് കാപ്പിയെടുക്കട്ട ” പൂജാമുറിയിൽ നിന്നു ഇറങ്ങി യതേയുള്ളുവെന്നു തോന്നും അവളെ കണ്ടാൽ.
“ഒന്ന് കുളിച്ചു വരാമേ “ആനന്ദ് അവളോട് പറഞ്ഞു മുറിയിലേക്ക് പോയി
“ഇന്ന് ഷോപ്പിൽ വെച്ച് ആമിയെ കണ്ടു “ആനന്ദ് ചായ മൊത്തിക്കൊണ്ടവളോട് പറഞ്ഞു.
“ഉവ്വോ? നന്നായിരിക്കുന്നോ? ഇവിടേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ടാകും ല്ലേ?” ലക്ഷ്മി പഴംപൊരി ഒരെണ്ണം നീട്ടി ചോദിച്ചു
ആനന്ദ് വിടർന്ന കണ്ണുകളോടെ അല്പസമയം അവളെ നോക്കിയിരുന്നു.
“ആമി ബാങ്കിലല്ലേ ജോലി ചെയ്യുന്നത്?വീട് കോഴിക്കോട് അല്ലെ? അപ്പൊ കൊച്ചിയിൽ വരണമെങ്കിൽ ട്രാൻസ്ഫർ ആയിട്ടാവും എന്ന് ഉഹിച്ചു ” അവൾ നേർമ്മയായ് ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു
വിവാഹം ആലോചിച്ചു ചെന്നപ്പോൾ തന്നെ എല്ലാം അവളോട് തുറന്നു പറഞ്ഞിരുന്നു. അവൾ അന്നും പുഞ്ചിരിയോടെ അത് തള്ളിക്കളഞ്ഞതേയുള്ളു. ഒരു കരട് പോലും മനസ്സിൽ വെയ്ക്കാതെ പിന്നീട് ഒരിക്കൽ പോലും ആ കാര്യം ഓർമിപ്പിക്കാതെ തന്നെ സ്നേഹം കൊണ്ട് മൂടിയവൾ.. അവൾക്ക് തന്നേ അറിയുന്നത് പോലെ ഇപ്പൊ മറ്റാർക്കും അറിയില്ല.
അവൻ അവളുടെ വിരലുകളിൽ പിടിച്ചു.
“എന്റെ ഓഫിസ് ബിൽഡിംഗ് ന്റെ താഴത്തെ നിലയിൽ ആണ് ബാങ്ക് ” അവൻ മെല്ലെ പറഞ്ഞു
“അതിനെന്താ?”
“മിക്കവാറും കാണേണ്ടി വരും.. വെറുതെ ഓരോന്ന് ഓർക്കില്ലേ?”
“ഓർക്കുമോ?”
കുസൃതി നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മി അവന്റെ മൂക്കിൽ മെല്ലെ തൊട്ടു
“അറിയില്ല..”
“എന്നാലെനിക്ക് അറിയാം.. ഏട്ടനിനി പഴയ ആനന്ദ് ആകാൻ പറ്റില്ല. കാരണം എന്താ ന്നല്ലേ? ഏട്ടൻ എന്നെ അറിഞ്ഞു പോയത് കൊണ്ട്.. എന്റെ സ്നേഹം അറിഞ്ഞു പോയത് കൊണ്ട്.. പ്രണയം എപ്പോഴും അങ്ങനെയാണ്. പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നുന്ന ഫ്രഷ്‌നെസ്സ് ബ്രേക്ക് അപ്പിന് ശേഷം പിന്നെ ഉള്ള കാഴ്ചയിൽ ഉണ്ടാവില്ല. ആമി മറ്റൊരാളുടേതായിരുന്നു. ഏട്ടനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോയതുമാണ്.ഇപ്പൊ ഡിവോഴ്സ് ആയി അല്ലെ?”
“നിനക്ക് എങ്ങനെയിതൊക്കെയറിയാം .?അവൻ അമ്പരപ്പോടെ ചോദിച്ചു
“എന്റെ ഭർത്താവിന്റെതായതെല്ലാം ഞാൻ ഓർത്തു വെയ്ക്കും. അത് അന്വേഷിച്ചു വെയ്ക്കുകയും ചെയ്യും. അത് ചിലപ്പോൾ ചീത്ത സ്വഭാവം ആവും എന്നാലും അത് അങ്ങനെ ആണ്.. ഡിവോഴ്സ് ആയി കഴിഞ്ഞു സ്വാതന്ത്ര യാകുമ്പോൾ മിക്കവാറും എല്ലാ കാമുകിമാർക്കും പഴയ കാമുകനെ കാണാൻ തോന്നുന്നത് സ്വാഭാവികമാണ്. ആമിക്കും തോന്നിയേക്കാം. പക്ഷെ ഏട്ടന് ഒന്നും തോന്നില്ല ഉറപ്പ് “
ലക്ഷ്മി പറഞ്ഞത് ശരിയായിരുന്നു. പിന്നീട് ഇടയ്ക്കൊക്കെ ആമിയെ കണ്ടെങ്കിലും ആനന്ദിന്റ മനസ്സിൽ ഒരു തിരയിളക്കങ്ങളും ഉണ്ടായില്ല. ആമി ഒരു ദിവസം ഓഫീസിൽ വരും വരെ..
“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. നമുക്ക് ഒന്ന് പുറത്ത് പോയാലോ”അവൾ ചോദിച്ചപ്പോൾ ആനന്ദ് പെട്ടെന്ന് അസ്വസ്ഥനായി
“ഇവിടെ വെച്ച് പറഞ്ഞോളൂ “അവൻ പറഞ്ഞു
“പ്ലീസ് ആനന്ദ്..”
“എങ്കിൽ ഒന്ന് ഫോൺ ചെയ്തിട്ട് വരാം.. പൊയ്ക്കോളൂ ” അവൾ പുഞ്ചിരിയോടെ പുറത്ത് പോയി
അവൻ ലക്ഷ്മിയോട് കാര്യം പറഞ്ഞു
“വീട്ടിലേക്ക് കൊണ്ട് വാ ഏട്ടാ എനിക്കൊന്നു കാണാമല്ലോ. “
അവൻ ഒന്ന് മൂളി
“വീട്ടിലോ? അത് വേണ്ട ആനന്ദ് വൈഫ് എന്ത് വിചാരിക്കും? നമ്മൾ കാണുന്നത് വൈഫ് അറിയണ്ട. നമുക്ക് നല്ല കൂട്ടുകാരായി തുടരാമല്ലോ. പക്ഷെ വൈഫ് അറിയണ്ട “
“അതൊന്നും നടക്കില്ല ആമി.. ലക്ഷ്മി അറിഞ്ഞുള്ള കൂട്ട് മതി ” അവളുടെ മുഖം വിളറി
‘ഞാൻ എന്റെ ഭർത്താവിന്റെ ഒപ്പം ജീവിക്കുമ്പോൾ പോലും ആനന്ദിനെ മാത്രം ഓർത്തിട്ടുള്ളു. ഞങ്ങൾ പിരിഞ്ഞത് പോലും എന്റെ സ്നേഹമില്ലായ്മയിൽ വഴക്കിട്ടാണ്. അന്നും ഇന്നും എന്റെ ഉള്ളിൽ ഈ മുഖം മാത്രം… “
പെട്ടെന്ന് ആനന്ദ് കൈ ഉയർത്തി തടഞ്ഞു
“ഇപ്പൊ പറഞ്ഞു കൊണ്ടിരിക്കുന്ന ഈ മണ്ടത്തരം ആദ്യമേ നിർത്തിക്കോ.. അത് പ്രാക്ടിക്കൽ അല്ല. ഒരു രഹസ്യപ്രണയത്തിന് സ്കോപ് ഇല്ല ആമി. നമുക്ക് കൂട്ടുകാരാകാം എന്ന് ഇപ്പൊ പറയും. സാഹചര്യം അനുകൂലമാകുമ്പോൾ അത് മാറും. വീണ്ടും പ്രണയം.. ഞാൻ പഴയ ആനന്ദ് അല്ല. എനിക്ക് ഭാര്യ ഉണ്ട്. മൂന്ന് മക്കൾ ഉണ്ട്. എന്റെ കുടുംബം എനിക്ക് വലുതാണ്. എന്റെ മക്കൾക്ക് ഞാൻ ആവണം മോഡൽ.. സൊ പ്ലീസ്. ഒറ്റയ്ക്ക് കാണുക.. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുക.. അത് വേണ്ട. നിനക്ക് എന്റെ വീട്ടിൽ വരാം. എന്റെ കുടുംബ ത്തോടൊപ്പം ചേർന്ന് സമയം ചിലവിടാം. എന്റെ ലക്ഷ്മി ഉള്ളപ്പോൾ മാത്രം… അവളറിയാത്തതൊന്നും വേണ്ട..”
ആമിയുടെ കണ്ണ് ഒന്ന് നിറഞ്ഞു
“ശരി.. നിന്നേ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ നഗരത്തിലേക്ക് ട്രാൻസ്ഫർ വാങ്ങിയത്.. മറക്കാൻ കഴിഞ്ഞില്ല. തെറ്റ്.. സോറി “
ആനന്ദ് മെല്ലെ പുഞ്ചിരിച്ചു
“മറക്കേണ്ടത് മറക്കുക. ഓർത്തു വെയ്ക്കണ്ടത് ഓർമയിൽ മാത്രം വെയ്ക്കുക.. ഞാൻ പഴയ ആനന്ദ് അല്ല എന്നുള്ളത് എപ്പോഴും ഓർമയിൽ വെയ്ക്കുക..”
ആമി എഴുനേറ്റു..
“ബൈ “
അവൻ തലയാട്ടി
വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ ലക്ഷ്മി കുട്ടികളെ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു
“എന്റെ പൊന്നേ ഈ അപ്പു ഉണ്ടല്ലോ ഒരു രക്ഷയില്ല ട്ടോ ഇനി ഏട്ടൻ നോക്ക് അവനെ “
ആനന്ദ് ലക്ഷ്മിയെ നെഞ്ചോട് ചേർത്ത് പിടിച്ചു
“ആദ്യം.. ഞാൻ നിന്നെയൊന്നു നോക്കട്ടെ എന്നിട്ടല്ലേ കുട്ടികള് “
അവളുടെ മുഖം ചുവന്നു
“പ്രണയത്തിന്റെ രാജകുമാരൻ..”അവൾ ചിരിച്ചു “വെറുതെ അല്ല ആ കുട്ടി പിന്നേം പിന്നാലെ നടക്കുന്നത്. എന്തെ അതിനെ ഇങ്ങോട്ട് കൊണ്ട് വന്നില്ല?”
“അവൾക്ക് നീ അറിയാതെ ഉള്ള സൗഹൃദം മതി. അത് പറ്റില്ല എന്ന് ഞാനും…. അത് അവസാനിച്ചു.. കാര്യം പറഞ്ഞു മനസിലാക്കി വീട്ടിട്ടുണ്ട്.ഇനി ഒരു അവിഹിതത്തിന് സ്കോപ് ഇല്ല കൊച്ചേ.. ഒന്നിനെ തന്നെ നോക്കാൻ എന്നാ പാടാ അപ്പോഴാ പഴയത് ദേ കേറി വരുന്നത് “
“അയ്യടാ പ്രണയം ആൾക്കാർ അങ്ങനെ പെട്ടെന്ന് മറക്കുവോന്നുമില്ല “അവൾ ചിരിച്ചു
“അങ്ങനെ തീർത്തു പറയാൻ നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”അവൻ കള്ളച്ചിരി ചിരിച്ചു
“എന്നെ ഒരാൾ പ്രേമിച്ചിട്ടുണ്ട്” അവൾ ഗമയോടെ പറഞ്ഞു
“ങ്ങേ? അതേതു മഹാപാപി? നീ ഇത് വരെ പറഞ്ഞില്ലല്ലോ”
“എന്റെ നാട്ടിലുള്ളതാ…അമ്പലത്തിൽ പോകുമ്പോൾ സ്ഥിരമായി കാണുന്ന ഒരു ചേട്ടൻ ..”
“എന്നിട്ട്?”
“കക്ഷി തന്ന ആദ്യ പ്രണയലേഖനം വീട്ടിൽ പിടിച്ചു. അതോടെ പ്രേമം പൊട്ടി പാളീസായി “
ആനന്ദ് അവളെ ഒന്ന് സൂക്ഷിച്ചു നോക്കി
“നീയും അയാളെ നോക്കുമായിരുന്നോ?”
പിന്നെ നോക്കാതെ? നല്ല സുന്ദരൻ ചേട്ടനായിരുന്നു “
“ദുഷ്ട…അതേയ് അയാൾ ഇപ്പൊ എവിടെ ഉണ്ട്?”
ഒറ്റ ഇടി കൊടുത്തു ലക്ഷ്മി
“ഹഹഹ സംശയ രോഗി “
ആനന്ദ് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു..പിന്നെ മൂക്കിൻതുമ്പിൽ മെല്ലെ കടിച്ചു
“ലവ് യു ലക്ഷ്മി “
“ലവ് യു ടൂ “
അവൾ ഈണത്തിൽ പറഞ്ഞു