അച്ഛന്റെ മകൾ
എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.
സുനിൽ തിരക്കിട്ട ജോലിയിലായിരുന്നു. പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്… നോക്കേണ്ടെന്ന് ആദ്യം കരുതിയെങ്കിലും പെട്ടെന്നൊന്ന് ഓടിച്ചു നോക്കി.
ഞാൻ ഏട്ടന്റെ അച്ഛന്റെ മകളാണ്… എനിക്ക് നാട്ടിൽ വരണം… എനിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുതരണം. ബാക്കി കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ പറയാം.
സുനിൽ ഞെട്ടിത്തരിച്ചു. തന്റെ അച്ഛന് താനറിയാതെ ഒരു മകളോ..! നാലു വർഷം മുമ്പ് മരിച്ചുപോയ അച്ഛനോട് ഇതിനെക്കുറിച്ച് ചോദിക്കുകയും വയ്യ… ഇവൾ പറയുന്നത് സത്യമാണോ….ഇതാരാണ്…?
സുനിൽ കുറേനേരം ആലോചിച്ചിരുന്നു. പെട്ടെന്ന് തീർക്കേണ്ട ചില ജോലികൾ ഉള്ളതിനാൽ സുനിൽ വീണ്ടും ജോലിയിൽ വ്യാപൃതനായി.
ലഞ്ച് ബ്രേക്കിന് മിനിയെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും സുനിൽ വേണ്ടെന്ന് തീരുമാനിച്ചു. മിനിയറിയാതെ നോക്കുന്നതാണ് നല്ലത്… ജീവിതത്തിലുടനീളം ഈയൊരു ബന്ധത്തിന്റെ പേരിൽ താൻ അവഹേളിക്കപ്പെട്ടു എന്ന് വരാം. മിനിക്ക് മനസ്സിലായാലും അവളുടെ വീട്ടുകാർ ആരാ എന്താ എന്നൊക്കെ ചോദിച്ചു എന്ന് വരാം..
വൈകുന്നേരം വീണ്ടും അവളുടെ മെസ്സേജ് കണ്ടു. സുനിൽ വിശദമായി ചില ചോദ്യങ്ങൾ അവൾക്ക് തിരിച്ചയച്ചു.
ഞാൻ നിങ്ങൾ പറയുന്നത് എങ്ങനെ വിശ്വസിക്കും..?
നിങ്ങൾ ആരാണ്..?
എന്തു ചെയ്യുന്നു..?
എന്റെ പേര് നിഖില.. ഞാനിവിടെ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.. എൻജിനീയറാണ്.bവിശ്വസിച്ചേ പറ്റൂ.. ഞാൻ തെളിവുകളുമായാണ് നാട്ടിലെത്തുന്നത്.
എന്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്തുതരേണ്ടത്..?
സുനിലിന്റെ ചോദ്യത്തിന് അവളുടെ മറുപടി:
അത് ഞാൻ നാട്ടിൽ വന്നിട്ട് പറയാം..
അന്ന് വീട്ടിലെത്തിയിട്ട് സുനിലിന് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് മിനി ചോദിക്കുകയും ചെയ്തു. ഒന്നുമില്ല ചെറിയൊരു തലവേദന എന്ന് പറഞ്ഞ് കുറച്ച് സമയം സുനിൽ വരാന്തയിലൂടെ നടന്നു. പിന്നീടെപ്പോഴോ ഉറക്കം വന്നപ്പോൾ പോയി കിടന്നു. ഒന്നിലും ശ്രദ്ധിക്കാനാവുന്നില്ല. അവൾ വരുന്നത് വ്യാഴാഴ്ചയാണ്…രണ്ടുദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി. വ്യാഴാഴ്ച അവളെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ എത്തി.
മിനിയോട് പറഞ്ഞ് ഗസ്റ്റ് റൂം തയ്യാറാക്കി വെച്ചിരുന്നു. ആരാണ് വരുന്നത് എന്ന് മിനി ഓഫീസിലേക്ക് ഓടുന്നതിന്റെ തിരക്കിനിടയിൽ ചോദിക്കുന്നുണ്ടായിരുന്നു. അതൊക്കെ സർപ്രൈസ് ആണ് പറയാം എന്ന് മാത്രം പറഞ്ഞ് കൂടുതൽ ചോദ്യത്തിൽനിന്ന് ഒഴിവായി.
ഹലോ…
പെട്ടെന്ന് ഒരു ശബ്ദം കേട്ട് സുനിൽ തിരിഞ്ഞുനോക്കി.
സുനിലേട്ടനല്ലേ..?
അവൾക്ക് ഇത്ര കൃത്യമായി തന്നെ എങ്ങനെ മനസ്സിലായി എന്ന് സുനിൽ അമ്പരന്നു. അവളുടെ നേർക്ക് നിസ്സംഗതയോടെ സുനിൽ കൈനീട്ടി. അവൾ ഒരു ഷെയ്ക്ക് ഹാന്റ് തന്നു.
കുറെ നേരമായോ വന്നിട്ട്..?
അവൾ ഏറെ നാളുകളായി പരിചയമുള്ള ആളോട് എന്നപോലെ ചോദിച്ചു. അവൾക്ക് പത്തിരുപത്തഞ്ച് വയസ്സ് പ്രായമേ കാണൂ. നല്ല സ്മാർട്ട് ആണ്… കാറിൽ അവൾ തൊട്ടടുത്തിരുന്ന് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
ഏട്ടന്റെ ജോലിയൊക്കെ എങ്ങനെ…?
അവളുടെ ചോദ്യത്തിന് സുനിൽ എന്തൊക്കെയോ ഉത്തരം പറഞ്ഞു. മനസ്സുനിറയെ വൈകുന്നേരം മിനി വന്നാൽ എന്ത് പറയും എന്നായിരുന്നു.
നിഖിലാ….ഞാൻ എന്റെ വൈഫിനോട് താൻ വരുന്ന കാര്യം പറഞ്ഞിട്ടില്ല. എന്റെ സുഹൃത്തിന്റെ സിസ്റ്റർ ആണെന്ന് പറയാം..
അവൾ ഒാക്കെ എന്ന് തലയാട്ടി.
പക്ഷേ പിന്നീടങ്ങോട്ട് അവൾ നാട്ടിൻപുറത്തെ മുഴുവൻ വിശേഷങ്ങളും ചോദിച്ചപ്പോൾ അവൾക്ക് തന്റെ നാട് എങ്ങനെ ഇത്ര കൃത്യമായി അറിയാം എന്ന് സുനിൽ അമ്പരന്നുപോയി. മിനിയുടെ വീട് തന്റെ വീട്ടിൽനിന്നും ഒരു പത്ത് വീട് അകലെയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ തനിക്കും മിനിയെ അറിയാമായിരുന്നു. കോളേജിൽ വെച്ചുള്ള പ്രണയം. അതുകഴിഞ്ഞ് ജോലി ലഭിച്ചതിനുശേഷം മാത്രം വീട്ടിൽ പറഞ്ഞുള്ള വിവാഹം. എല്ലാം നിഖില കൃത്യമായി ചോദിച്ചറിഞ്ഞു.
മറുപടി പറയുമ്പോൾ എന്തൊക്കെ പറയണം എന്തൊക്കെ പറയരുത്, പറയാതിരുന്നാൽ മിനിയുടെ മുന്നിൽ പിടിക്കപ്പെടുമോ, നാളെ ഈ വിവരങ്ങൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഇവളുപയോഗിക്കുമോ എന്നൊക്കെയുള്ള ശങ്ക സുനിലിനെ വല്ലാതെ അലട്ടി.
വൈകുന്നേരം മിനി വന്നത് മോളെ സ്കൂളിൽനിന്നും പിക്ക് ചെയ്താണ്.
ഇത് ആരാണ്.. ഈ ആന്റി..?
മോളുടെ ചോദ്യത്തിന് മിനിയുടെ മുഖത്ത് നോക്കാതെ സുനിൽ ഉത്തരം പറഞ്ഞു:
അത് ആന്റിക്ക് ഒരു പിഎസ്‌സി എക്സാം ഉണ്ട്… രണ്ടു ദിവസം ഇവിടെ കാണും. അച്ഛന്റെ ഫ്രന്റിന്റെ സിസ്റ്റർ ആണ്.
നിഖിലയെ അവളുടെ പാട്ടിന് വിട്ട് സുനിൽ ബെഡ്റൂമിൽത്തന്നെ ഇരുന്നു. ലാപ്ടോപ്പ് എടുത്തുവെച്ച് ചെയ്യാനുള്ള ജോലികൾ ഒക്കെ തീർത്തു. മിനി എല്ലാം ഗൂഢമായി നിരീക്ഷിക്കുന്നുണ്ട് എന്ന് സുനിലിന് അറിയാമായിരുന്നു.
അടുത്തദിവസം മിനിയും മകളും പോയിക്കഴിഞ്ഞ് സുനിൽ നിഖിലയുമൊത്ത് കാറിൽ പുറപ്പെട്ടു. തന്റെ വീടും മിനിയുടെ വീടും ഒക്കെ റോഡിൽനിന്നും കാണിച്ചുകൊടുത്തു. നാട്ടിലൂടെ ഒരു ഓട്ടപ്രദക്ഷിണം.. കാറിൽ നിന്നുതന്നെ നിഖില എല്ലാ സ്ഥലങ്ങളും ഒന്ന് കണ്ടു എന്ന് വരുത്തി. ചില സ്ഥലങ്ങളിൽമാത്രം കാർ നിർത്താൻ പറഞ്ഞ് ഒന്ന് പുറത്തിറങ്ങി. കോവിലിൽ പുറത്തുനിന്ന് തൊഴുതു. കുളത്തിലിറങ്ങി കാലുകഴുകി. കുറച്ചു ഫോട്ടോസ് എടുത്തു.
ഇതൊക്കെ അമ്മയെ കാണിക്കണം.. അമ്മക്ക് വലിയ സന്തോഷമാകും..
അവൾ സ്വയം എന്നോണം പറഞ്ഞു. സുനിൽ അത്ര വലിയ സന്തോഷം ഒന്നുമില്ലാതെ തലയാട്ടി. ഇവൾ തന്റെ അച്ഛന്റെ മകൾ തന്നെയാണോ…? എങ്ങനെയാണ് തെളിവ് ചോദിക്കുന്നത്..? ഇവൾ നാട്ടിലെ കാര്യങ്ങൾ മുഴുവൻ പറയുന്നുമുണ്ട്… കൂടുതലൊന്നും ചോദിക്കാൻ സുനിലിന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.. വല്ലാത്തൊരു പിരിമുറുക്കത്തിൽ അകപ്പെട്ടു പോയിരുന്നു അയാളപ്പോഴേക്കും.
നിഖില പോയിക്കഴിഞ്ഞ് മിനിയുടെ വക ഒരു പൊട്ടിത്തെറി ഉണ്ടാകും എന്ന് അയാൾ ന്യായമായും സംശയിച്ചു. ഏതാണ്ട് ചിലതൊക്കെ ഒളിച്ചാണ് താൻ ഉത്തരങ്ങൾ കൊടുക്കുന്നത് എന്ന മട്ടിൽ മിനിയുടെ ഒരു മൂളൽ പല അവസരത്തിലും ഉണ്ടായി. അതിഥി പോവാനായി കാത്തുനിൽക്കുന്നതുപോലെ അവളുടെ ബോഡി ലാംഗ്വേജിൽ ചില പ്രതിഷേധങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മിനിയെ പിന്നെയും പറഞ്ഞു മനസ്സിലാക്കാം… നാളെ ഞായറാഴ്ച മിനിയുടെ അച്ഛൻ വരുന്നുണ്ട്. അദ്ദേഹത്തോട് എന്തു പറയും..?
സുനിലിന് ആകെ പരവേശമായി.
വന്നിട്ട് രണ്ടു ദിവസമായില്ലേ..?
എപ്പോഴാണ് മടക്കം..?
സുനിൽ നിഖിലയോട് ചോദിച്ചു. നിഖില രണ്ടുദിവസത്തിനുള്ളിൽ തന്റെ മകളുമായി വലിയ കൂട്ടായിട്ടുണ്ട്. തന്റെ ചോദ്യങ്ങൾ ഒക്കെ കേട്ടതല്ലാതെ അവൾ മറുപടി പറഞ്ഞില്ല. കാർട്ടൂൺ കാണാനും കളിക്കാനും അവളുടെ കൂടെ കെട്ടിമറിയാനും വലിയ ഉത്സാഹമാണ് നിഖിലക്ക്. അവരുടെ ഓരോ ചെയ്തികൾ കാണുമ്പോഴുമുള്ള മിനിയുടെ കൂർത്ത നോട്ടവും ഇനിയെന്ത് എന്ന അനിശ്ചിതത്വവും സുനിലിനെ ആകെ പ്രതിസന്ധിയിലാക്കി.
അടുത്തദിവസം മിനിയുടെ അച്ഛൻ വന്നു. വന്നതുമുതൽ അയാൾ നിഖിലയുമായി സംസാരിക്കുന്നുണ്ടായിരുന്നു. സുനിൽ അധികം വിശദീകരണത്തിനൊന്നും പോയില്ല. അവർ രണ്ടുപേരും ഒരുമിച്ചാണ് ഡൈനിങ് ടേബിളിനടുത്തിരുന്ന് ഭക്ഷണം കഴിച്ചത്. നിഖില അബുദാബിയിലെ അവളുടെ ഓഫീസിനെക്കുറിച്ചും ചെയ്യുന്ന ജോലിയെക്കുറിച്ചും വാതോരാതെ അച്ഛനുമായി സംസാരിക്കുന്നുണ്ടായിരുന്നു. മകളും അതിനിടയിൽ നിഖിലയുമായി കൊച്ചുകൊച്ചു സംസാരത്തിൽ ഏർപ്പെടുന്നുണ്ടായിരുന്നു. സുനിലും മിനിയും മിക്കപ്പോഴും മൗനത്തിലായി.
അച്ഛന് മിനിയെ ഒന്ന് കണ്ട് മകൾക്ക് വാങ്ങിയ സ്വീറ്റ്സ് കൈമാറി പെട്ടെന്നുതന്നെ പോകുന്നതായിരുന്നു മുമ്പൊക്കെയുള്ള ശീലം. പക്ഷേ അന്ന് അച്ഛനവിടെ താമസിച്ചു. രാത്രിയും നിഖിലയുമായി ഏറെനേരം അച്ഛൻ സംസാരിച്ചു. രാവിലെ അച്ഛൻ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു. അച്ഛന് അവിടെ ബിസിനസ് ആണ്. പ്രായം ഏറെ ആയിട്ടും അച്ഛൻ എപ്പോഴും ജോലിത്തിരക്കിൽ മുഴുകുന്ന ഒരാളാണ്. അമ്മ കഴിഞ്ഞവർഷം മരിച്ചതോടുകൂടി അച്ഛന് ജോലി മാത്രമേ ഉള്ളൂ എന്നായി. ഇടയ്ക്ക് മിനിയേയും മകളെയും കാണാൻ ഓടിയെത്തും. ജോലി ചെയ്യുന്ന സ്ഥലത്തിനടുത്ത് ചില ഓർഫനേജുകളിൽ സഹായങ്ങൾ എത്തിക്കുകയും അച്ഛന്റെ പ്രധാന ഹോബിയാണ്. അതിനിടയിൽ ഈ പ്രാവശ്യം വരാൻ കഴിയില്ല എന്നൊക്കെ ഫോണിൽ ഇടയ്ക്ക് പറയുന്നതും കേൾക്കാം.
ഏതായാലും അച്ഛൻ ഇറങ്ങിയങ്ങ് പോയതോടെ സുനിലിന് കുറച്ച് ആശ്വാസം തോന്നി.
കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ… ഇനി നിഖിലയെ ധൈര്യമായി എയർപോർട്ടിൽ കൊണ്ടുവിടാം. അവൾക്ക് പത്തരക്കാണ് ഫ്ലൈറ്റ്.
എല്ലാവരും ഒന്നിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. മിനി ഓഫീസിലേക്ക് ഇറങ്ങുമ്പോൾ എന്തോ നിഖില പെട്ടെന്നുതന്നെ ചേച്ചീ എന്ന് വിളിച്ച് മിനിയെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞോ എന്നൊരു സംശയം… മകളെ സ്കൂളിൽ വിട്ടു. യാത്രയിൽ ഉടനീളം നിഖില മൗനമായിരുന്നു. രാവിലെവരെ ചിരിയും കളിയും ആയിരുന്ന കിലുക്കാംപെട്ടി ആണോ ഇങ്ങനെ ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് എന്ന് സുനിലിന് തോന്നാതിരുന്നില്ല. പക്ഷേ അപ്പോഴും അയാൾ വാക്കുകൾക്ക് പിശുക്കി.
അവളെ എയർപോർട്ടിൽ ഇറക്കി. അപ്പോൾത്തന്നെ സുനിൽ കാ൪ തിരിച്ചു. നിഖില കാറിനുള്ളിലേക്ക് തല താഴ്ത്തി ചോദിച്ചു:
എന്റെ കൈയ്യിലുള്ള തെളിവ് ചോദിച്ചില്ലല്ലോ ഏട്ടൻ ഇതുവരെ…
സുനിലിന് ഒന്നും അറിയണമെന്നില്ലായിരുന്നു. അവൾ ബാഗിൽനിന്നും ഒരു കവർ എടുത്ത് സീറ്റിലേക്ക് വെച്ചു. സുനിൽ ആക്സിലേറ്ററിൽ കാലമർത്തി. അരമണിക്കൂറോളം ഡ്രൈവ് ചെയ്തതിനുശേഷം ഒഴിഞ്ഞൊരു സ്ഥലത്ത് സുനിൽ കാർ നിർത്തി. വേഗം ഫോൺ എടുത്തു മിനിയെ വിളിച്ചു..
ഹലോ…
സുനിലേട്ടാ… ഞാൻ വലിയ തിരക്കിലാണ്.. ഇത്തിരി കഴിഞ്ഞ് ഞാൻ തിരിച്ചു വിളിക്കാമേ..
രാവിലെ കണ്ട മിനിയുടെ ശബ്ദമായിരുന്നില്ല… ഇത്തിരി മയത്തിലായിരുന്നു അവളുടെ സംസാരം..
എന്തുപറ്റി..?
സുനിലിന് ആകെ സംശയമായി. വീണ്ടും കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കാൻ നോക്കുമ്പോഴാണ് സുനിൽ നിഖില ഇട്ടിട്ടുപോയ കവർ കണ്ടത്. അത് എടുത്ത് സുനിൽ തുറന്നു നോക്കി. അതിനകത്ത് നിഖിലയും അവളുടെ മമ്മയും നിൽക്കുന്ന കുറെ ഫോട്ടോസ് ആയിരുന്നു. ഏറ്റവും അവസാനമായി അവളുടെ മമ്മയും മിനിയുടെ അച്ഛനും നിൽക്കുന്ന ഫോട്ടോയും..!
അപ്പോഴാണ് സുനിലിന് കാര്യങ്ങളുടെ കിടപ്പ് ബോധ്യമായത്.. മിനിയുടെ അച്ഛന്റെ മകളാണ് നിഖില.
താൻ വെറുതെ തന്റെ അച്ഛനെ തെറ്റിദ്ധരിച്ചു.. അവർ അച്ഛനും മകളും എല്ലാം പ്ലാൻ ചെയ്ത് വന്നതായിരുന്നു.. തനിക്കും മിനിക്കും മാത്രമാണ് ഒന്നും അറിയാതിരുന്നത്…
സുനിൽ വീണ്ടും ഫോണെടുത്ത് മിനിയെ വിളിക്കാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് മിനിയുടെ വോയ്സ് മെസ്സേജ് വന്നത്.
സുനിലേട്ടാ… അത് എന്റെ അനിയത്തിയാണ്.. അച്ഛൻ ഇപ്പോഴാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.. അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ ആകെ വല്ലാതെയായി. അച്ഛൻ ഫോണിലൂടെ കരയുകയായിരുന്നു. ഞാൻ ഒന്നും പറയാൻ പോയില്ല… ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവളോട് കുറച്ചുദിവസം കൂടി നിൽക്കാൻ പറയാമായിരുന്നു… അല്ലേ…
കുറച്ചുനേരം തരിച്ചിരുന്നശേഷം സുനിൽ ഡ്രൈവ് ചെയ്യാനൊരുങ്ങി. അപ്പോഴാണ് മിനിയുടെ അടുത്ത വോയ്സ് മെസേജ് വന്നത്:
നിഖിലയുടെ ഛായയുണ്ട് നമ്മുടെ മോൾക്ക് അല്ലേ സുനിലേട്ടാ..?
സുനിലിന്റെ ഉള്ളിൽ ഒരു തണുപ്പ് വീണു. അയാളുടെ കാൽ ആക്സിലേറ്ററിൽ അമർന്നു.