ഞാൻ ഏത് ഡ്രസ്സ്‌ ഇടണം, ഏത് ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യണം…….

മനസ്സ്

Story written by Angel Kollam

“സരോജേ, നിങ്ങടെ ആരതിക്കൊച്ചു ആ ത്മഹത്യക്ക് ശ്രമിച്ചെന്ന് “

അയൽവക്കത്തെ ശാരദചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി വരുന്ന ശബ്ദം കേട്ടാണ് കാർത്തിക് ഉറക്കത്തിൽ നിന്നുണർന്നത്, അവൻ ചാടി യെഴുന്നേറ്റ് അടുക്കളവശത്തെക്ക് ചെന്നു. അവിടെ തന്റെ അമ്മ കരഞ്ഞു കൊണ്ട് നിൽക്കുന്നതും ശാരദ ചേച്ചി അമ്മയോട് കാര്യങ്ങൾ വിശദീകരിക്കുന്നതും കേട്ടു.

“നാത്തൂന്റെ മോൻ രമേശ്‌ മേരിഗിരിയിൽ പി ആർ ഓ ആയിട്ട് ജോലി നോക്കുവാ, അവനിന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു പോലും, വെളുപ്പിന് തന്നെ എമർജൻസി യിലെ ബഹളം കേട്ട് ചെന്നു നോക്കുമ്പോൾ ആ ത്മഹത്യ ചെയ്യാൻ ശ്രമിച്ച ആരെയോ കൊണ്ട് വന്നതാണെന്ന് എമർജൻസിയിലെ നേഴ്സ്മ്മാര് പറഞ്ഞെന്നു, ചുമ്മാ ഒരു കൗതുകത്തിനു ചെന്നു നോക്കിയപ്പോൾ അവൻ ഞെട്ടി പോയെന്ന്, അവന് നമ്മടെ ആരതികൊച്ചിനെ കണ്ടാൽ അറിയാമല്ലോ, അവനും വന്നതല്ലേ അവളുടെ കല്യാണത്തിന്, അവളാണെന്ന് മനസിലായയുടനെ എന്നെ ഫോൺ ചെയ്തു വിവരം പറഞ്ഞതാണ് “

സരോജ വിങ്ങിപ്പൊട്ടി കരഞ്ഞു.

“എന്റെ ദേവിയെ, അവളെന്തിനാ ഈ കടുംകൈ ചെയ്തത്, പ്രസാദിന്റെ വീട്ടിൽ നിന്നും ആരും വിളിച്ചൊന്നു വിവരം പറഞ്ഞത് പോലുമില്ല “

“ഞങ്ങൾ എല്ലാവരും അന്നേ പറഞ്ഞതല്ലേ ആ ചെക്കനെ കാണുമ്പോൾ തന്നെ ഒരു കള്ളലക്ഷണം ഉണ്ടെന്ന്, കണ്ടാൽ സിനിമ നടനെ പോലെയുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം? കയ്യിലിരുപ്പ് കൂടി ശരിയാകണ്ടേ? കല്യാണം കഴിഞ്ഞു ഒരു വർഷം ആയതേയുള്ളു, രണ്ടാഴ്ച മാത്രം പ്രായമുള്ള കൈകുഞ്ഞിനെയും ഇട്ടിട്ട് അവളിങ്ങനെയൊരു സാഹസത്തിനു മുതിർന്നെങ്കിൽ ഉറപ്പായും സംഗതി അ വിഹിതം തന്നെ, അവന്റെ കൊള്ളരുതായ്മ കണ്ടു മനം മടുത്തപ്പോൾ ആയിരിക്കും ആ കൊച്ച് ഇങ്ങനെ ചെയ്തത് “

അവരുടെ സംഭാഷണം കേട്ടിട്ട് അവിടേക്കു വന്ന കാർത്തിക്കിന്‌ ദേഷ്യം വന്നു, അവൻ ശാരദയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.

“നാവിനു എല്ലില്ലെന്നു കരുതി എന്തും അങ്ങ് വിളിച്ചു പറയരുതേ ചേച്ചി, പ്രസാദിന്റെ സ്വഭാവം ചീത്തയാണെന്ന് ചേച്ചിയോട് ആരാ പറഞ്ഞത്? അല്ലെങ്കിലും നാട്ടുകാർക്ക് എല്ലാവർക്കുമുള്ള അസുഖമാണിത്, നേരെ ചൊവ്വേ ജീവിക്കുന്ന ആളുകളെക്കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കുന്നത് “

“ആഹാ, ഇതു നല്ല കഥയായി, ആരതി ആ ത്മഹത്യയ്ക്കു ശ്രമിച്ചെന്ന് രമേശ്‌ വിളിച്ചു പറഞ്ഞപ്പോൾ അത് വന്നു നിങ്ങളോട് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്? “

“വന്നു പറഞ്ഞതൊക്കെ നല്ല കാര്യമാണ്, പക്ഷേ അതിന് ശേഷം നിങ്ങളുടെ ഊഹാപോഹങ്ങൾ എല്ലാം പറഞ്ഞു ഇവിടെയുള്ളവരുടെ മനസ്സിൽ കൂടി വിഷം കുത്തി വയ്ക്കരുത്. “

“കാർത്തി, നീ ശാരദയോട് വഴക്കിനു നിൽക്കാതെ ആ പ്രസാദിന്റെ വീട്ടിലൊന്നു വിളിച്ചു ചോദിക്ക് മോനെ “

സരോജ അവനോട് പറഞ്ഞു. ശാരദ അവനെ ദേഷ്യത്തിൽ നോക്കിയിട്ട് പുറത്തേക്കു ധൃതിയിൽ നടന്നു.

“ഈ വന്നകാലത്ത്‌ മനുഷ്യർക്ക്‌ ഒരുപകാരവും ചെയ്യരുത്, ഒടുവിൽ നമ്മളാകും കുറ്റക്കാർ “

പോകുന്ന വഴിയിൽ അവർ പിറുപിറുത്തു . ശാരദ സ്വന്തം വീട്ടിലേക്ക് പോകാതെ അയൽവീടിന്റെ ഗേറ്റ് തുറക്കുന്നത് കണ്ടപ്പോൾ കാർത്തിക് ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു.

“നോക്കമ്മേ, ആ സ്ത്രീ ഈ വാർത്ത ചൂടോടെ എല്ലായിടത്തും എത്തിക്കാൻ ഓടി പോകുകയാണ്, ചുമ്മാതല്ല അവരെ ആകാശവാണിയെന്ന് നാട്ടുകാർ വിളിക്കുന്നത് “

“കാർത്തി, നീ ശാരദ എന്ത് ചെയുന്നെന്നു നോക്കികൊണ്ട് നിൽക്കാതെ പ്രസാദിനെ വിളിച്ചൊന്നു ചോദിക്ക് മോനെ “

“അമ്മയിങ്ങനെ ടെൻഷൻ ആകാതെ എന്റെ അമ്മേ, ആ രമേശിന് ആളു മാറിയതായിരിക്കും, ആരതിയെന്തിനാ അമ്മേ ആ ത്മഹത്യയ്ക്ക് ശ്രമിക്കുന്നത്? അവൾ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം അല്ലേ അവൾക്ക് കിട്ടിയത്, പിന്നിപ്പോൾ എന്താ കുഴപ്പം? “

“നിന്ന് കഥപ്രസംഗം പറയാതെ ഒന്ന് വിളിച്ചു ചോദിക്ക് കാർത്തി. “

കാർത്തിക്കിന്റെ മുഖത്തു ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ല, അവൻ റൂമിലേക്കു ചെന്നു, ബെഡ് റൂമിലെ ടേബിളിൽ വച്ചിരിക്കുന്ന മൊബൈൽ എടുത്തു.

’10 മിസ്സ്ഡ് കാൾസ്, വാട്സ്ആപ്പിൽ കുറേ മെസ്സേജ്സ്, എല്ലാം ആരതിയുടെ യാണ്. അവൻ മെസ്സേജ് ഓപ്പൺ ചെയ്ത് വായിക്കാൻ തുടങ്ങി.

‘കാർത്തി, നീ ഉറങ്ങിയോ ‘

‘എത്ര തവണ വിളിച്ചു, നീയെന്താ ഫോൺ എടുക്കാത്തത്? ‘

‘കാർത്തി, ഫോൺ അറ്റൻഡ് ചെയ്യടാ, എനിക്ക് നിന്നോട് സംസാരിക്കണം ‘

‘കാർത്തി, എനിക്കാരുമില്ലടാ, എന്നെയാരും സ്നേഹിക്കുന്നില്ലടാ, നീ പോലും ഇപ്പോൾ എന്റെ ഫോൺ അറ്റൻഡ് ചെയ്യുന്നില്ലല്ലോ, ആർക്കും വേണ്ടാത്ത ഈ ലോകത്ത് ഞാനെന്തിന് ജീവിക്കണം?

ആ മെസ്സേജ് വായിച്ചപ്പോൾ കാർത്തിക്കിന്‌ ശരീരത്തിൽ ഒരു മിന്നൽപിണർ ഏറ്റത് പോലെ തോന്നി, അവൻ തിടുക്കത്തിൽ പ്രസാദിന്റെ നമ്പർ ഡയൽ ചെയ്തു, കാൾ അറ്റൻഡ് ചെയ്തതും പ്രസാദിന്റെ ഇടറിയ ശബ്ദം കേട്ടു.

“കാർത്തി… എന്റെ പെണ്ണ്…”

“എന്ത് പറ്റിയതാടാ? “

“എനിക്കൊന്നും അറിയില്ല, നീ ഒന്ന് വരുമോ ഇവിടെക്ക്, ഞാൻ ആകെ തളർന്നിരിക്കുവാ, ഒറ്റയ്ക്ക് ഇവിടെ നിൽക്കാൻ വയ്യ “

“ഞാൻ ദേ വന്നു “

കാർത്തിക് പെട്ടന്ന് റെഡി ആയി, കാറിന്റെ കീയുമായി പുറത്തേക്കു വന്നു. സരോജ മിഴികൾ തുടച്ചു കൊണ്ട് അവനോട് പറഞ്ഞു.

“ഞാനും കൂടെ വരട്ടേ മോനെ, എനിക്ക് അവളെ കാണണം “

“ഇപ്പോൾ അമ്മ വരണ്ട, അമ്മ കരഞ്ഞു കൂകി അവിടെ പ്രശ്നം ഉണ്ടാക്കും, ഞാൻ പോയി കാര്യം തിരക്കിയിട്ടു വന്നു അമ്മയെ കൊണ്ട് പോകാം “

“അച്ഛനെ വിളിച്ചു പറയണ്ടേ മോനെ “

“അമ്മ വിളിയ്ക്കണ്ട, ഹോസ്പിറ്റലിൽ ചെന്ന് എല്ലാം അന്വേഷിച്ചിട്ടു ഞാൻ വിളിച്ചോളാം “

കാർത്തിക്ക്, കാർ ഡ്രൈവ് ചെയ്ത് മേരിഗിരി ഹോസ്പിറ്റലിലേക്ക് പോയി. റോഡിലേക്ക് ഇറങ്ങുമ്പോൾ കണ്ടു ‘ശാരദ ചേച്ചി ചൂടുള്ള വാർത്ത അടുത്ത വീട്ടിലേക്ക് എത്തിക്കാനുള്ള തത്രപ്പാടിൽ മറ്റൊരു വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്കു കയറുന്നു ‘.

കാർത്തിക്കിന്റെ അച്ഛന്റെ സഹോദരി ശ്യാമളയുടെ മകളാണ് ആരതി. ശ്യാമള യുടെ ഭർത്താവ് ദിവാകരന് എന്തൊക്കെയോ ചെറുകിട ബിസിനസ്‌ ആയിരുന്നു, തികഞ്ഞ മദ്യപാനി ആയിരുന്ന അയാൾ ശ്യാമളയെ ആകാരണമായി മർദിക്കുന്നത് പതിവായിരുന്നു. അത്രയും കഷ്ടപ്പാട് സഹിച്ചു അയാളോടൊപ്പം ജീവിച്ചിട്ടും സ്വന്തം വീട്ടുകാരെ ശ്യാമള ഒന്നും അറിയിച്ചില്ല. ആരതിയ്ക്ക് രണ്ടു വയസ് പ്രായമുള്ളപ്പോൾ ഭർത്താവിന്റെ ദുർന്നടപ്പിൽ മനം നൊന്ത് അവർ ആ ത്മഹത്യ ചെയ്തു..

ശ്യാമള എഴുതിയ ഒരു ഡയറിയിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി പരാമർശിച്ചിട്ടുണ്ടായിരുന്നു . അവരുടെ മരണശേഷമാണ് ആ ഡയറി എല്ലാവരും കാണുന്നത് തന്നെ, കാർത്തിക്കിന്റെ അച്ഛൻ ശിവദാസൻ ആ ഡയറി വായിച്ചതും ആരതിയെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു, അന്നുമുതൽ സ്വന്തം മകളായിട്ടാണ് അവളെ വളർത്തിയത്. കാർത്തിക്കിനെക്കാൾ ഒരു വയസിനു ഇളപ്പമാണ് ആരതി.

കാർത്തിക്കിന്റെ കൂട്ടുകാരൻ പ്രസാദിന് ആരതിയെ കണ്ട് ഇഷ്ടമായപ്പോൾ അവളോട് പ്രണയം തുറന്നു പറയുന്നതിന് മുൻപ് വീട്ടിൽ നേരിട്ട് കല്യാണം ആലോചിക്കുകയായിരുന്നു. ടൗണിൽ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുകയാണ് പ്രസാദ്, എന്ത് കൊണ്ടും യോഗ്യനായ പയ്യനായിരുന്നതിനാൽ ആരും ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. ആരതിയുടെ ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ആയിരുന്നു അവരുടെ വിവാഹം, ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടു ഒരു വർഷമായി, രണ്ടാഴ്ച മുൻപ് അവൾ ഒരു പെൺകുഞ്ഞിന്റെ അമ്മയുമായി, എല്ലാ അർത്ഥത്തിലും നല്ലൊരു കുടുംബ ജീവിതമാണ് അവൾക്ക്, എന്നിട്ടും അവളെന്തിന് ആ ത്മഹത്യയ്ക്കു ശ്രമിക്കണമെന്ന് എത്ര ആലോചിച്ചിട്ടും കാർത്തിക്കിന് മനസിലായില്ല.

ആരതി മിക്കവാറും കാർത്തിക്കിനെ ഫോൺ ചെയ്തു സംസാരിക്കുക പതിവായിരുന്നു, ഈയിടെയാണ് തന്റെ ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത ജൂനിയർ പെൺകുട്ടി ജ്യോതിയുമായി കാർത്തിക് പ്രണയത്തിലായത്, അവളെ ഫോൺ ചെയ്യാൻ തുടങ്ങിയതിനു ശേഷം ആരതിയെ ഫോൺ ചെയ്യാൻ സമയം കിട്ടാതെയായി എന്ന് പറയുന്നതായിരിക്കും സത്യം. രണ്ട് മൂന്ന് പ്രാവശ്യം ആരതി ഫോൺ ചെയ്തപ്പോൾ താൻ നമ്പർ ബിസി ആയിരുന്നു, പക്ഷേ ഫോൺ വച്ചിട്ടും ഒരിക്കൽ പോലും തിരികെ വിളിച്ചിട്ട് അവളെന്തിനാ ഫോൺ ചെയ്ത തെന്ന് തിരക്കിയില്ല. ശരിയാണ്, കുറേ നാളുകളായി താൻ ജ്യോതിയെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളു.

ഇന്നലെ രാത്രിയിൽ, ജ്യോതി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത സ്ലീവ്ലെസ്സ് ഡ്രസ്സ്‌ ഇട്ട ഫോട്ടോയുടെ പേരിൽ അവളുമായി വഴക്കിട്ട് ഫോൺ വയ്ക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു, ഇതിനിടയിൽ രണ്ട് തവണ ആരതി വിളിച്ചെങ്കിലും താൻ അതത്ര കാര്യമായി എടുത്തില്ല, ഫോൺ സൈലന്റ് ആക്കി വച്ചു ഉറങ്ങാൻ കിടക്കുമ്പോൾ ജ്യോതിയുടെ പിണക്കം എങ്ങനെ മാറ്റണമെന്ന് മാത്രമായിരുന്നു ചിന്ത, അതിനിടയിൽ ആരതിയെപ്പറ്റി ചിന്തിച്ചതേയില്ല . ഇപ്പോൾ ഓർക്കുമ്പോൾ കുറ്റബോധം തോന്നുന്നു, രണ്ടാം വയസ് മുതൽ അവൾ തന്നോടൊപ്പമാണ് വളർന്നത്, അവളെ തന്റെ അമ്മ സ്വന്തം മകളായി തന്നെയാണ് വളർത്തിയത്, ജ്യോതി തന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് വരെ ആരതി തനിക്കേറെ പ്രിയപ്പെട്ടവളായിരുന്നു എന്നോർത്തപ്പോൾ അവന് സങ്കടം വന്നു.

കാർത്തിക്കിന്റെ മൊബൈൽ റിംഗ് ചെയ്തു, അവൻ റോഡരികിൽ കാർ ഒതുക്കിയിട്ട് ഫോൺ എടുത്തു നോക്കി ‘നെറ്റ് നമ്പർ ആണ് ‘ അച്ഛനാണ് എന്നവന് മനസിലായി, അമ്മയ്ക്ക് സമാധാനം കിട്ടാതെ അച്ഛനെ വിളിച്ചു പറഞ്ഞ തായിരിക്കും എന്നവൻ ഊഹിച്ചു. കാർത്തിക്കിന്റെ അച്ഛൻ ഒമാനിൽ ഒരു കമ്പനിയിലെ സൂപ്പർവൈസർ ആണ്.

കാർത്തിക് കാൾ അറ്റൻഡ് ചെയ്തു.

“ഹലോ, അച്ഛാ “

“മോനെ, എന്താ എന്റെ മോൾക്ക് പറ്റിയത്? “

“അച്ഛാ, ഞാൻ ഹോസ്പിറ്റലിൽ എത്തിയില്ല, അവിടെപ്പോയി പ്രസാദിനെ കണ്ട് സംസാരിച്ചിട്ട് ഞാൻ വിളിക്കാം “

“മോനെ, നീ ഒന്ന് വീഡിയോ കാൾ വിളിക്കണേ, എനിക്കെന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണണം “

“നോക്കട്ടെ അച്ഛാ “

കാർത്തിക്കിന് അമ്മയോട് ദേഷ്യം തോന്നി, പാവം അച്ഛനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ഉടനെ വിളിച്ചു പറയേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?

കാർത്തിക് വീണ്ടും കാർ മുന്നോട്ട് എടുത്തു, മേരിഗിരിയുടെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക്‌ ചെയ്‌തിട്ട് അവൻ പ്രസാദിനെ ഫോൺ ചെയ്തു, എമർജൻസിയുടെ മുന്നിലുണ്ട് അവിടേക്കു ചെല്ലാൻ പ്രസാദ് പറഞ്ഞു.

കാർത്തിക്ക് എമർജൻസിയുടെ മുന്നിലെത്തിയപ്പോൾ, എമർജൻസിയുടെ മുന്നിലെ കസേരകളിലൊന്നിൽ പ്രസാദ് തളർന്നിരിക്കുന്നത് കണ്ടു, അവൻ അനുഭവിക്കുന്ന ആത്മസംഘർഷം ആ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിയും, കാർത്തിക്കിനെ കണ്ടതും പ്രസാദ് ഓടി വന്നു, ഒരാശ്രയത്തിനെന്നവണ്ണം കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“കാർത്തി.. എന്റെ ആരതി..”

“എന്താ പറ്റിയതെന്നു പറയടാ “

“എനിക്കൊന്നും അറിയില്ലെടാ, രാത്രിയിൽ കുറച്ചു നേരം സംസാരിച്ചിരുന്നിട്ടാണ് ഞാൻ എന്റെ റൂമിൽ ഉറങ്ങാൻ പോയത്, നിനക്കറിയാമല്ലോ, ഡെലിവറി കഴിഞ്ഞിട്ടു രണ്ടാഴ്ച ആയതല്ലേ ഉള്ളൂ, അതുകൊണ്ട് രണ്ടു പേരും ഒരേ റൂമിൽ കിടക്കണ്ടെന്നു അമ്മ പറഞ്ഞിട്ടുണ്ട്. രാവിലെ കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് വന്നു നോക്കുമ്പോൾ അവളെ റൂമിൽ കണ്ടില്ല, ബാത്‌റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ, ഞാൻ ചെന്ന് നോക്കുമ്പോൾ…. എന്റെ ആരതി… അവിടെ… കയ്യിലെ ഞരമ്പ് മുറിച്ചു… “

പ്രസാദിന്റെ സ്വരം ഇടറി. സാധാരണ ആദ്യപ്രസവ ശേഷം പ്രസവശുശ്രുഷയ്ക്കു വേണ്ടി പെൺവീട്ടുകാർ കൊണ്ട് പോകുകയാണ് പതിവ്, എന്നാൽ ആരതിയെ പ്രസാദിന്റെ അമ്മ നളിനിയ്ക്ക് ജീവനാണ്, അതുകൊണ്ട് അവളെ പ്രസവാനന്തരം വീട്ടിലേക്ക് വിടാതെ നളിനി തന്നെയാണ് പരിപാലിച്ചത്. അമ്മയില്ലാത്ത കുറവറിയിക്കാതെ സ്വന്തം മോളെപ്പോലെയാണ് സരോജ അവളെ വളർത്തിയത്. പെണ്മക്കൾ ഇല്ലാത്തത് കാരണം സ്വന്തം മകളായിട്ട് തന്നെയാണ് നളിനിയും അവളെ കണ്ടത്. കാർത്തിക്കിന് സങ്കടം വന്നു, എന്തിനായിരിക്കും എന്റെ ആരതി ഇങ്ങനെ ചെയ്തത്, അവളുടെ കാൾ അറ്റൻഡ് ചെയ്യാൻ കഴിയാതെ പോയതിൽ അവൻ ആത്മാർത്ഥമായി വ്യസനിച്ചു. പ്രസാദിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് കാർത്തിക്ക് അവനോടൊപ്പമിരുന്നു.

“ആരതിയുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ? “

എമർജൻസിയുടെ ഡോർ തുറന്ന് ഒരു സിസ്റ്റർ ചോദിച്ചു. അവർ രണ്ടാളും പിടഞ്ഞെഴുന്നേറ്റു. അവളുടെ അടുത്തെത്തി ചോദിച്ചു.

“അവൾക്കെങ്ങനെയുണ്ട് സിസ്റ്റർ? “

” ഇപ്പോൾ കുഴപ്പമൊന്നുമില്ല, മുറിവ് സ്റ്റിച്ച് ചെയ്തിട്ടുണ്ട്, കുറേ ബ്ലഡ്‌ നഷ്ടപെട്ടതു കൊണ്ട് ബിപി കുറവായിരുന്നു അതുകൊണ്ട് ഡ്രിപ് ഇട്ടിട്ടുണ്ട്, ഇപ്പോൾ ഒബ്സെർവഷനിലാണ്. നിങ്ങളെ ഡോക്ടർ വിളിക്കുന്നു, അകത്തേക്കു വരൂ “

എമർജൻസിയുടെ ഡോക്ടർസ് റൂമിലേക്കാണ് ആ സിസ്റ്റർ അവിടെ കൊണ്ട് പോയത്, അവിടെ രണ്ടു ഡോക്ടർസ് ഉണ്ടായിരുന്നു, കാർത്തിക്കും പ്രസാദുo കടന്നു ചെന്നതും തങ്ങൾക്ക് എതിർവശത്തായി കിടക്കുന്ന കസേരകളിൽ ഇരിക്കാൻ അവർ ആവശ്യപ്പെട്ടു. ഡോക്ടർസ് അവരോട് പേരും രോഗി യുമായുള്ള ബന്ധവും ചോദിച്ചു അതിന് ശേഷം സ്വയം പരിചയപ്പെടുത്തി.

“ആം ഡോക്ടർ മേഴ്‌സി, എമർജൻസി മെഡിക്കൽ ഓഫീസർ ആണ് “

“ആം ഡോക്ടർ ഗായത്രി, സൈക്യാട്രിസ്റ്റ് ആണ് “

കാർത്തിക്കും പ്രസാദുo ഒന്നും മനസിലാകാതെ പരസ്പരം നോക്കി. ഡോക്ടർ ഗായത്രി അവരുടെ മുഖത്തു നോക്കിക്കൊണ്ട് പറഞ്ഞു.

“നിങ്ങൾ ഇപ്പോൾ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം, എന്തിനാണ് ആരതിയെ ഒരു സൈക്യാട്രിസ്റ്റ് പരിശോധിച്ചത് എന്നല്ലേ? “

അതേ എന്നർത്ഥത്തിൽ ഇരുവരും തല ചലിപ്പിച്ചു.

“പറയാം, അതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്”

“ചോദിച്ചോളൂ, ഡോക്ടർ”

“പ്രസാദ്, നിങ്ങളുടേത് പ്രണയവിവാഹം ആയിരുന്നോ? “

“ഡോക്ടർ, അങ്ങനെ ചോദിച്ചാൽ പ്രണയമാണെന്ന് തീർത്തു പറയാൻ പറ്റില്ല, എനിക്കവളെ ഇഷ്ടമായപ്പോൾ വീട്ടിൽ പോയി ആലോചിച്ചതാണ് “

“കല്യാണത്തിന് സമ്മതമാണോ എന്ന് ആരതിയോട് അഭിപ്രായം ചോദിച്ചിരുന്നോ? “

അതിന് മറുപടി കാർത്തിക്കാണ് പറഞ്ഞത്.

“മേഡം , അവളോട് വിവാഹത്തെപ്പറ്റി പറഞ്ഞപ്പോൾ ഉടനെ വിവാഹം വേണ്ട, തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന് അവൾ പറഞ്ഞിരുന്നു.വിവാഹo കഴിഞ്ഞാലും തുടർന്ന് പഠിക്കാമല്ലോ എന്ന് പറഞ്ഞപ്പോൾ അവൾ കല്യാണത്തിന് സമ്മതിച്ചു “

“എന്നിട്ട് വിവാഹശേഷം ആരതി പഠിക്കാൻ പോയില്ലേ? “

“അവൾക്ക് പിജിയ്ക്കു അഡ്മിഷൻ എടുത്തതായിരുന്നു മാഡം, അപ്പോളേക്കും അവൾ പ്രെഗ്നന്റ് ആയി, ആദ്യ മാസത്തിൽ തന്നെ ചെറുതായി ബ്ലീഡിങ് വന്നു, കംപ്ലീറ്റ് ബെഡ് റസ്റ്റ്‌ വേണമെന്ന് ഗൈനകോളജിസ്റ്റ് ആവശ്യപ്പെട്ടു, അതുകൊണ്ട് പിന്നെ ക്ലാസ്സിന് പോയില്ല “

“നിങ്ങൾ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ? “

“അയ്യോ ! ഇല്ല ഡോക്ടർ, വിവാഹം കഴിഞ്ഞു ഇന്ന് വരെ ഒരു ദിവസം പോലും ഞങ്ങൾ പിരിഞ്ഞു നിന്നിട്ടില്ല, പ്രസവശേഷം പോലും അവളെ എന്റെ അമ്മയാണ് നോക്കുന്നത് “

“അമ്മയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? “

“ഡോക്ടർ ആരതിയുടെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചതാണ്, എന്റെ അമ്മയ്ക്ക് അവൾ മരുമകൾ അല്ലായിരുന്നു, മകൾ ആയിരുന്നു. ഇതുവരെ തമാശയ്ക്കു പോലും അവളെ ഒന്ന് വഴക്ക് പറഞ്ഞിട്ടില്ല “

“ആരതി എല്ലാ അർത്ഥത്തിലും സന്തോഷവതി ആയിരുന്നു എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്? “

“അതേ ഡോക്ടർ, അവൾ സന്തോഷവതി ആയിരുന്നു”

“ഇന്നലെ രാത്രിയിൽ നിങ്ങൾ ഒരുമിച്ചിരുന്നു സംസാരിച്ചതല്ലേ, അപ്പോൾ ആരതി എന്താണ് പറഞ്ഞത്? “

പ്രസാദ് ഒരുനിമിഷം ആലോചനയോടെ നിന്നു, പിന്നെ പറഞ്ഞു.

“അവൾ ഒന്നും സംസാരിച്ചില്ല മേഡം, ഞാൻ പറയുന്നതൊക്കെ കെട്ടിരുന്നതേയുള്ളൂ “

“അതെന്താ, ആരതി അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ലേ? “

“അവളൊരുപാട് സംസാരിക്കുന്നയാളാണ്, എപ്പോളും നിർത്താതെ സംസാരിക്കുന്നത് കൊണ്ട് അവളെ ഞാൻ കിലുക്കാംപെട്ടി എന്ന് കളിയാക്കി വിളിക്കാറുണ്ട് “

“പിന്നെയെന്താ ഇന്നലെ ആരതി ഒന്നും മിണ്ടാതെ ഇരുന്നത്? “

വീണ്ടും ആലോചനയോടെ ഇരുന്നിട്ട് അവൻ പറഞ്ഞു.

“ഇന്നലെ മാത്രമല്ല, കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് അവൾ അധികം സംസാരിക്കുന്നില്ല “

“എന്ത് പറ്റിയെന്നു പ്രസാദ് ചോദിച്ചില്ലേ? “

“ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല, മേഡം ഇപ്പോൾ ചോദിച്ചപ്പോളാണ് ഈയിടെയായി അവൾ അധികം സംസാരിക്കാറില്ല എന്നോർമ്മ വന്നത് തന്നെ “

ഡോക്ടർ ഗായത്രി കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു.

“കാർത്തിക്ക് ആരതിയെ ഡെയിലി വിളിക്കാറുണ്ടായിരുന്നു, അല്ലേ? “

“ഉണ്ടായിരുന്നു, പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങൾ ആയിട്ട് ഞാൻ കുറച്ച് തിരക്കിലായിപ്പോയി അതു കാരണം വിളിക്കാൻ പറ്റിയില്ല “

“എന്നാണ് ആരതിയോട് അവസാനമായിട്ട് സംസാരിച്ചതെന്ന് ഓർമ്മയുണ്ടോ? “

“അവൾ ഡെലിവറി കഴിഞ്ഞു കിടക്കുമ്പോൾ കുഞ്ഞിനെ കാണാൻ വന്നപ്പോൾ, പിന്നെ അവളെ കാണാൻ വരാൻ ടൈം കിട്ടിയില്ല, ഇനി ഇരുപത്തെട്ടിന് എന്തായാലും വരുമല്ലോ എന്ന് കരുതി “

“നേരിട്ട് കാണാൻ സമയം കിട്ടിയില്ല, ഓക്കേ സമ്മതിക്കുന്നു, പക്ഷേ ഒന്ന് ഫോൺ വിളിച്ചു സംസാരിക്കാൻ പോലും സമയം കിട്ടിയില്ലേ? “

“അത് പിന്നെ ഞാൻ… കുറച്ച് തിരക്കിലായിരുന്നു മേഡം… “

“ഈ മൂന്ന് നാലു ദിവസങ്ങളായി ആരതി കുറേ പ്രാവശ്യം നിങ്ങളെ ഫോൺ ചെയ്തിരുന്നില്ലേ? ഒരു തവണയെങ്കിലും തിരിച്ചു വിളിച്ചു എന്താ കാര്യം എന്നന്വേഷിച്ചോ? “

കുറ്റബോധം കൊണ്ട് കാർത്തിക്കിന്റെ തല കുനിഞ്ഞു പോയി

“എടോ, ഒരു കാരണവുമില്ലാതെ ആരെങ്കിലും നിരന്തരം ഫോൺ വിളിക്കുമോ ഒരു വട്ടമെങ്കിലും തിരിച്ചു വിളിച്ചിട്ട് എന്താ കാരണമെന്ന് ഒന്ന് അന്വേഷിക്കാ മായിരുന്നല്ലോ? “

രണ്ടുപേരുടെയും മുഖത്തു മാറി മാറി നോക്കിയിട്ട് ഡോക്ടർ ഗായത്രി തുടർന്ന് പറഞ്ഞു.

“ആരതി ആത്മഹത്യയ്ക്കു ശ്രമിച്ചതിന് കാരണം അവൾക്ക് ആരുമില്ലെന്നുള്ള തോന്നലാണ്, സംസാരിക്കുന്നത് കേൾക്കാൻ കേൾവിക്കാരുണ്ടാകുക എന്ന് പറയുന്നത് വല്യ കാര്യമാണ്, പക്ഷേ എല്ലാവർക്കുo കിട്ടില്ല ആ ഭാഗ്യം “

“മേഡം, അവൾക്ക് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറയാമായിരുന്നല്ലോ? “

പ്രസാദ് ഒരു പിടച്ചിലോടെ ചോദിച്ചു.

ഡോക്ടർ ഗായത്രി മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

“കഴിഞ്ഞ ഒരു വർഷമായി ഒരു ദിവസം പോലും പിരിയാതെ കൂടെ ഉണ്ടായിരുന്ന ഭാര്യ പെട്ടന്ന് ഉൾവലിഞ്ഞു ജീവിക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾ ശ്രദ്ധിച്ചില്ല കാരണം നിങ്ങൾ ഒരു അച്ഛനായതിന്റെ ത്രില്ലിൽ ആയിരുന്നു. അതിനിടയിൽ തന്റെ ജീവിതപങ്കാളിയിൽ വന്ന മാറ്റം അറിഞ്ഞില്ല”

“അത് പിന്നെ… “

“നിങ്ങൾ ഈയിടെയായി ആരതിയോട് ‘നിന്നെ എനിക്ക് വേണ്ട, എനിക്കെന്റെ മോളെ മാത്രം മതി ‘ എന്ന് പറഞ്ഞിരുന്നോ? “

“മേഡം, അത് ഞാൻ അവളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി തമാശ പറഞ്ഞതാണ് “

“പ്രസാദ്, നമ്മുടെ തമാശ മറ്റൊരാളെ വേദനിപ്പിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം”

“അങ്ങനെ ഒരു തമാശ പറഞ്ഞത് അവൾക്ക് ഫീൽ ചെയ്യുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല മേഡം “

“ആരതിയുടെ ഇപ്പോളത്തെ അവസ്ഥയ്ക്കു ഞങ്ങൾ ഡോക്ടർസ് പറയുന്ന ഒരു പേരുണ്ട് ‘പോസ്റ്റ്‌പാർട്ടം സൈക്കോസിസ് ‘. പേര് കേട്ടിട്ട് ഞെട്ടുകയൊന്നുo വേണ്ട, പ്രസവം കഴിഞ്ഞയുടനെ പല പെൺകുട്ടികൾക്കും ഉണ്ടാകുന്നതാണ് ഈ പ്രശ്നം, അങ്ങനെ പേടിക്കാനുള്ളതായി ഒന്നുമില്ല “

“അതിന്റെ കാരണം എന്താണ്? “

“അങ്ങനെ ഇന്ന കാരണമായിരിക്കും എന്ന് തീർത്തു പറയാനൊന്നും പറ്റില്ല, പെട്ടന്നൊരു അമ്മയായത് മാനസികമായി ഉൾകൊള്ളാൻ പറ്റാഞ്ഞതോ, ഹോർമോൺ വ്യതിയാനം മൂലമോ, അതുമല്ലെങ്കിൽ നേരത്തെ എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത് കൊണ്ടോ അങ്ങനെ പലതും ആകാം കാരണം, ഇവിടെ ആരതിയുടെ കാര്യത്തിൽ അവൾ ഒരു അമ്മയാകാൻ മാനസികമായി തയ്യാറെടുത്തിരുന്നില്ല, തുടർന്ന് പഠിപ്പിക്കാം എന്നുള്ള നിങ്ങളുടെ വാക്ക് വിശ്വസിച്ചിട്ടാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ, പി ജി കഴിഞ്ഞിട്ടു മതി കുട്ടികൾ എന്ന് അവൾ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു, അപ്പോൾ പ്രസാദ് കുഞ്ഞ് വേണമെന്ന് തിടുക്കം കൂട്ടി, ഒരു പെൺകുട്ടി അമ്മയാകാൻ മാനസികമായി കൂടി തയ്യാറെടുത്താൽ മാത്രമേ അവളുടെ ഗർഭകാലം അവൾക്ക് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ,

ആദ്യമൊന്നും ആ ഗർഭസ്ഥ ശിശുവിനോട് ഒരു അടുപ്പവും തോന്നിയില്ലെങ്കിലും, പതിയെ പതിയെ ആരതി ആ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങി, എല്ലാ അമ്മമാരെയും പോലെ ആ കുഞ്ഞിന്റെ വരവിനായി കാത്തിരുന്നു. നിങ്ങളുടെ വീട്ടുകാർ അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ആരതിയ്ക്കു പെൺകുഞ്ഞ് ഉണ്ടായപ്പോൾ നിങ്ങളുടെ എല്ലാവരുടെയും സന്തോഷം ഇരട്ടിയായി, കാരണം നിങ്ങളുടെ അമ്മയ്ക്ക് രണ്ടും ആൺകുട്ടികൾ ആണ്, നിങ്ങളുടെ ഏട്ടന് മൂന്ന് ആൺകുട്ടികളും, നിങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ പെൺതരി ആയിരുന്നു ആ കുഞ്ഞ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും വല്യ സന്തോഷത്തിൽ ആയിരുന്നു. തമാശയ്ക്ക് വേണ്ടിയാണെങ്കിലും കുഞ്ഞിനെ മാത്രം മതി, ആരതിയെ വേണ്ട എന്ന് നിങ്ങൾ പറഞ്ഞു. ആൾറെഡി മനസിന് മുറിവേറ്റ ഒരാൾക്കു അതെത്ര മാത്രം വേദന നൽകുമെന്ന് നിങ്ങൾ ചിന്തിച്ചില്ല “

“സത്യമായും ഇതൊന്നും എനിക്കറിയില്ലായിരുന്നു ഡോക്ടർ, പ്രസവശേഷം സ്ത്രീകൾക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരും എനിക്ക് പറഞ്ഞു തന്നിരുന്നില്ല “

“പലരിലും ഉള്ള ഈ അറിവില്ലായ്മ കാരണമാണ് അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത്, നിങ്ങൾക്ക് എന്തായാലും ഭാഗ്യമുണ്ട്, കൃത്യസമയത്ത് ഇവിടെ കൊണ്ട് വരാൻ കഴിഞ്ഞല്ലോ? ആരതിയ്ക്ക് ഇപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല, പ്രഷർ കുറച്ചു ലോ ആയിരുന്നു, ഫ്ലൂയിഡ് ഇട്ടു കിടത്തിയിരിക്കുകയാണ്, അവൾക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ടു, കൗൺസിലിങ് കൊടുത്തിട്ടുണ്ട്,

ഒരുപാട് കരഞ്ഞു തളർന്നു ഇരിക്കുവാ, അതുകൊണ്ട് കുറച്ച് നേരം ഉറങ്ങട്ടെ എന്ന് കരുതി മൈൽഡ് ഡോസ് സെഡേഷൻ കൊടുത്തിട്ടുണ്ട്, മയക്കം തെളിയുമ്പോൾ നിങ്ങൾക്ക് കയറി കാണാം കേട്ടോ, പിന്നൊരു കാര്യം അവൾക്ക് താൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധം ഉണ്ട്, അതുകൊണ്ട് ഇനി അതിനെപ്പറ്റി കൂടുതൽ വിശകലനം ചെയ്ത് ചർച്ച ഒന്നും വേണ്ട “

“ഓക്കേ ഡോക്ടർ “

“ഓക്കേ എങ്കിൽ പുറത്ത് വെയിറ്റ് ചെയ്തോളു “

അവർ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർ മേഴ്‌സി പറഞ്ഞു.

“ആ ത്മഹത്യാ ശ്രമം കുറ്റമാണ്, ശരിക്കും പറഞ്ഞാൽ പോലീസിൽ അറിയിക്കേണ്ടതാണ്,

പക്ഷേ ആ കുട്ടി ആൾറെഡി വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ്, അതുകൊണ്ട് ഇനി പോലീസിൽ അറിയിച്ചു ആ വിഷമം കൂടി വേണ്ട, അതുകൊണ്ട് കേസ് ഫയലിൽ ആക്‌സിഡന്റൽ ഇഞ്ചുറി എന്നാണ് എഴുതിയിരിക്കുന്നത് “

” താങ്ക്യൂ ഡോക്ടർ “

അവർ ക്യാബിനിൽ നിന്ന് പുറത്തേക്കു പോകാൻ തുടങ്ങിയതും എന്തോ ഓർത്തത് പോലെ ഡോക്ടർ ഗായത്രി പറഞ്ഞു.

“കാർത്തിക്, ഇനിയെങ്കിലും ഒരാൾ രാത്രിയിൽ ഫോൺ ചെയ്യുകയാണെങ്കിൽ അതെന്തിനാണെന്ന് ചോദിക്കാനുള്ള മനസ്സ് കാണിക്കണം, മനസിലുള്ള വിഷമം തുറന്നു പറയാൻ ഒരാളുണ്ടെങ്കിൽ അതെത്ര ആശ്വാസം ആണെന്നറിയാമോ?, ആ ഒരുനിമിഷത്തെ മനസിന്റെ ചിന്ത ആയിരിക്കും ഇതുപോലെയുള്ള കടുത്ത തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്, പക്ഷേ ആരെങ്കിലും ഒരാളുടെ ആശ്വാസവാക്കുകൾ കൊണ്ട് അവരുടെ മനസ്സ് മാറിയേക്കാം, നാളെ നമ്മുടെ പ്രിയപെട്ടവരെ നമുക്ക് നഷ്ടമായി കഴിഞ്ഞിട്ടു എനിക്കവളുടെ ഫോൺ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്തു സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ?
ചുറ്റും ആളുണ്ടെങ്കിലും തനിച്ചായിപോകുന്ന ചില ആളുകളുണ്ടാകും, ആ അവസ്ഥയാണ് ആരതിയ്ക്ക് ഉണ്ടായത്, ഇനിയെങ്കിലും അങ്ങനെ ഒന്നും ഉണ്ടാകരുത്,ഒരു തലോടൽ കൊണ്ട് ഉരുകിയലിഞ്ഞു പോകാവുന്ന സങ്കടങ്ങളെ അവൾക്ക് ഉണ്ടായിരുന്നുള്ളൂ, അത് മനസിലാക്കാൻ ആരും ഇല്ലാതെ പോയതാണ് ആ മനസിടറാൻ കാരണം “

“സോറി ഡോക്ടർ “

“എന്നോട് സോറിയൊന്നും പറയണ്ട, ആകെയൊരു ജീവിതമല്ലേ ഉള്ളൂ, അതിൽ നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കാൻ മറക്കരുത് “

കുറ്റബോധം കൊണ്ട് രണ്ടുപേരുടെയും നെഞ്ച് നീറി, പ്രസാദിന്റെ മനസ്സിൽ ആരതിയെ താൻ കളിയാക്കിയത് ഓർമ വന്നു. താൻ തമാശയ്ക്ക് പറഞ്ഞത് അവളെ ഇത്ര മാത്രം വേദനിപ്പിക്കും എന്നോർത്തില്ല.

കാർത്തിക്കിന്റെ ഫോൺ റിങ് ചെയ്തു, മറുതലയ്ക്കൽ ജ്യോതി ആയിരുന്നു. അവൻ കാൾ അറ്റൻഡ് ചെയ്തതും അവൾ ദേഷ്യത്തിൽ പറഞ്ഞു.

“ഞാൻ ഏത് ഡ്രസ്സ്‌ ഇടണം, ഏത് ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യണം, അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്, അതിലൊന്നും കൈ കടത്തുന്നത് എനിക്കിഷ്ടമല്ല “

“അതേ, ജ്യോതി, ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു, ഹോസ്പിറ്റലിൽ വന്നു കുറച്ച് ബിസി ആയിപോയി അതാ ലേറ്റ് ആയത്, നമ്മുടെ രണ്ടാളുടെയും കാഴ്ചപ്പാടുകൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്, നമ്മൾ പ്രണയത്തിലായതിനു ശേഷം കൂടുതൽ സമയവും വഴക്കിടാൻ വേണ്ടി മാത്രമാണ് നമ്മൾ ഫോൺ ചെയ്തിട്ടുള്ളത്? പലപ്പോഴും തെറ്റ് നിന്റെ ഭാഗത്താണെങ്കിൽ കൂടി ഞാൻ സോറി പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇപ്പോൾ ഞാൻ ഒരു കാര്യം മനസിലാക്കി, നമ്മൾ ഒരേ തോണിയിലെ യാത്രക്കാരല്ല, കാറ്റിൽ ദിശ തെറ്റി എങ്ങനെയോ കുറച്ച് നാളുകൾ നമ്മൾ ഒരുമിച്ച് യാത്ര ചെയ്തെന്നേയുള്ളൂ, എന്തായാലും വഴി തെറ്റിയെന്ന് മനസിലായ സ്ഥിതിയ്ക്ക് ഞാൻ ഈ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചു “

“ഒന്ന് കൂടി ആലോചിച്ചിട്ട് തീരുമാനം എടുത്താൽ പോരെ കാർത്തി “

“സോറി ജ്യോതി, നിനക്ക് വേണ്ടി ഇനി എന്റെ സമയവും ഉറക്കവും നഷ്ടപ്പെടുത്താൻ ഞാൻ തീരുമാനിച്ചിട്ടില്ല, ബൈ “

കാർത്തിക്ക് ഫോൺ കട്ട്‌ ചെയ്തു. ആരതിയായിരുന്നു അവന്റെ മനസ്സ് നിറയെ, അവളുടെ വിഷമം കേൾക്കാൻ കഴിയാഞ്ഞതിൽ അവൻ ഏറെ വേദനിച്ചു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എമർജൻസിയിലെ സിസ്റ്റർ പുറത്തേക്ക് വന്നു.

“ആരാണ് പ്രസാദ്? “

അവൻ ചാടി എഴുന്നേറ്റു.

“ഞാനാണ് സിസ്റ്റർ “

“അകത്തേക്ക് വരൂ “

അവൻ അകത്തേക്ക് പോകാൻ തുനിഞ്ഞതും കാർത്തിക്ക് അവനോട് ചോദിച്ചു.

“എടാ, ഞാൻ പോയി അവളെയൊന്നു കാണട്ടെ, പ്ലീസ്, ഞാൻ പെട്ടന്ന് തിരിച്ചിറങ്ങി വരാമെടാ “

“ശരി, പോയിട്ട് പെട്ടന്ന് വാ “

കാർത്തിക്ക് അകത്തേക്ക് ചെന്നു, ഒബ്സെർവഷൻ റൂമിലെ ബെഡിൽ വാടിയ താമരത്തണ്ട് പോലെ ആരതി തളർന്നു കിടക്കുന്നു . അവനെ കണ്ടതും വിളറിയ പുഞ്ചിരിയോടെ അവൾ ചോദിച്ചു.

“പ്രസാദേട്ടൻ??…”

“പുറത്തുണ്ട്.. “

“എന്റെ മോളെന്തിയേ കാർത്തി.. “

“മോൾ വീട്ടിലുണ്ട്, ഇവിടേക്കു കൊണ്ട് വന്നില്ല”

“കാർത്തി.. പ്രസാദേട്ടന് എന്നോട് ദേഷ്യമാണോ? അതാണോ എന്നെ കാണാൻ വരാഞ്ഞത്? “

അവളുടെ ഇടത് കരം കവർന്നെടുത്ത്‌ ആ മുറിവിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.

“അവനൊരു ദേഷ്യവുമില്ല, ഞാനാണ് നിന്നെ കാണാൻ ധൃതി പിടിച്ചു അകത്തേക്ക് വന്നത് “

“എന്നോടു ക്ഷമിക്ക് കാർത്തി, അപ്പോളത്തെ വിഷമത്തിൽ ഞാൻ… ആ ഡോക്ടർ പറഞ്ഞപ്പോളാണ് ഞാനെത്ര പൊട്ടിയാണെന്ന് മനസിലായത്.. “

“നീയാണ് എന്നോട് ക്ഷമിക്കേണ്ടത്, നിനക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ പോലുമുള്ള മനസ്സ് എനിക്കുണ്ടായില്ലല്ലോ , സോറി മോളെ, ഇനി ഇങ്ങനെയൊന്നുമുണ്ടാകില്ല, നിന്റെ ഒരു റിംഗിനപ്പുറത്തു ഞാനുണ്ടാകും “

“കാർത്തി, നിനക്കെന്റെ മനസ്സ് കാണാൻ ഞാനീ ആശുപത്രി കിടക്കയിൽ ആകേണ്ടി വന്നു അല്ലേ? “

ആരതിയുടെ മിഴികൾ നിറഞ്ഞൊഴുകി. കാർത്തിക്ക് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.

“സോറി.. സോറി മോളെ… “

കാർത്തിക്ക് പുറത്തേക്ക് വന്നു, പ്രസാദ് അവിടെ ആകാംഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“എടാ, അവളെന്ത് പറഞ്ഞു?”

“നിന്നെ അന്വേഷിക്കുന്നുണ്ട്, നീ അകത്തേക്ക് ചെല്ലൂ “

പ്രസാദ് അകത്തേക്ക് ചെന്നു, അവളെ കണ്ടതും നെഞ്ചിൽ വേദന തോന്നി, പക്ഷേ അത് മുഖത്തു പ്രകടമാക്കാതെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു, അവന്റെ ശിരസ്സിൽ വലതു കരം കൊണ്ട് തലോടിക്കൊണ്ട് അവൾ പറഞ്ഞു.

“സോറി, പ്രസാദേട്ടാ “

“എനിക്ക് നീയില്ലാതെ പറ്റില്ല മോളെ, അത് മാത്രം മനസിലാക്കിയാൽ മതി നീ “

“പ്രസാദേട്ടാ, ആ നിമിഷത്തിൽ എനിക്കങ്ങനെ തോന്നിപ്പോയി, ഇനിയൊരിക്കലും ഏട്ടനെയും നമ്മുടെ മോളെയും മറന്നുള്ള ഒരു പ്രവർത്തിയും ഞാൻ ചെയ്യില്ല “

“നിന്റെ ഈ ഉറപ്പ് മാത്രം മതി മോളെ എനിക്ക്, എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയണം, എല്ലാം ഈ നെഞ്ചിൽ തന്നെയിട്ട് വിഷമിച്ചു നടക്കരുത് “

“ശരി ഏട്ടാ… “

കാർത്തിക്ക് അമ്മയെയും അച്ഛനെയും പ്രസാദിന്റെ അമ്മയെയും വിളിച്ചു വിവരം പറഞ്ഞു, ആരതിയ്ക്ക് അപകടം ഒന്നുമില്ലെന്നറിഞ്ഞപ്പോളാണ് ആ സാധുക്കൾക്ക് സമാധാനമായത്.

വൈകുന്നേരം ഡോക്ടർ ഗായത്രി , ആരതിയ്ക്ക് ഒരു കൗൺസിലിങ് കൂടി കൊടുത്തിട്ട് അവളെ ഡിസ്ചാർജ് ചെയ്തു. അവളെയും കൂട്ടി പുറത്തേക്ക് പോകുമ്പോൾ രമേശ്‌ നൈറ്റ്‌ ഡ്യൂട്ടിക്ക് വരുന്നത് കണ്ടു, അവനോട് പരദൂഷണം അത്ര നല്ല സ്വഭാവമല്ല എന്ന് പറഞ്ഞു കൊടുക്കണമെന്ന് കാർത്തിക്കിന് തോന്നി, എന്നാൽ ഹോസ്പിറ്റലിൽ ഒരു വാഗ്വാദം വേണ്ടല്ലോ എന്നോർത്തിട്ട് തന്റെ മനസിന് അവൻ കടിഞ്ഞാണിട്ടു.

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലെത്തിയ ആരതിയെ കഴിഞ്ഞു പോയ സംഭവത്തിന്റെ പേരിൽ ആരും കുറ്റപെടുത്തിയില്ല. ഒരു ദുർബല നിമിഷത്തിൽ താൻ ചെയ്തു പോയ അബദ്ധം അവൾ പിന്നീടൊരിക്കലും തന്റെ ജീവിതത്തിൽ ആവർത്തിച്ചില്ല.
ഇണങ്ങിയും പിണങ്ങിയും സ്നേഹത്തോടും സന്തോഷത്തോടും പ്രസാദിന്റെ സ്നേഹത്തിലും പരിചരണത്തിലും തന്റെ പൊന്നോമന മകളോടൊപ്പം ആരതി തന്റെ ജീവിതം മുന്നോട്ട് നയിച്ചു.

നമ്മുടെ ചുറ്റിലും ഉണ്ട് ഒരുപാട് ആരതിമാർ, നാം പലപ്പോഴും അവരെ തിരിച്ചറിയുന്നില്ല. ശരീരത്തിന് അസുഖം വരുന്നത് പോലെ മനസിനുണ്ടാകുന്ന അസുഖമാണ് ഡിപ്രെഷൻ, അത് നാം തിരിച്ചറിയണം. മാനസികാരോഗി ആണെന്ന് പറഞ്ഞു മറ്റുള്ളവർ കളിയാക്കുമെന്നോർത്ത്‌ ഈ അവസ്ഥയിൽ ചികിത്സ തേടാതെയിരിക്കരുത്. നമ്മുടെ സുഹൃത്തുക്കളിൽ ഒരാൾ വിഷാദരോഗിയാണെന്ന് തിരിച്ചറിഞ്ഞാൽ അയാളെ മാറ്റി നിർത്താതെ ചേർത്തു പിടിക്കണം, നാളെ അവരിലൊരാൾ ഈ ലോകത്തിൽ നിന്ന് യാത്രയായി കഴിയുമ്പോൾ ആ ജീവനറ്റ ശരീരത്തിന് മുൻപിൽ ചെന്ന് നിന്നു ‘നീ എന്തിനിത് ചെയ്തു, നിന്റെ വിഷമങ്ങൾ എന്നോട് പറയാമായിരുന്നല്ലോ? ‘എന്ന് ചോദിച്ചാൽ ആ ചോദ്യത്തിന് മറുപടി ലഭിക്കില്ല. അതിലും എത്രയോ നല്ലതാണ് നമ്മുടെ സുഹൃത്തിന്റെ വിഷാദ അവസ്ഥ തിരിച്ചറിയുക, അവരോടൊപ്പം സമയം ചിലവഴിക്കുക, അവരുടെ വിഷമങ്ങൾ കേൾക്കുന്ന നല്ലൊരു കേൾവി ക്കാരനാകുക. സംസാരിക്കുന്നത് കേൾക്കാൻ ആരുമില്ലാതെ പോകുന്ന തായിരിക്കും പലരുടെയും സങ്കടം, ആ സങ്കടം തിരിച്ചറിയുക. വിഷാദ രോഗത്തിന് അടിമയായി സ്വയം ജീവിതം അവസാനിപ്പിച്ച ഒരുപാട് പേരെ നമുക്കറിയാം, നമ്മുടെ പ്രിയപ്പെട്ടവർ അവരിലൊരാൾ ആകാതിരിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *