എഴുത്ത്:-നൗഫു ചാലിയം
“ഇക്ക…
കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…”
പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്…
“മോതിരം..”
“വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്…
ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..…
പെങ്ങന്മാരെ കെട്ടിക്കാനും വീട് പുതുക്കി പണിയാനും എല്ലാം…
അവിടെ ഒരു വിവാഹം നടക്കുമ്പോൾ ഒരു സമ്മാനം ഞാനും കൊടുക്കണ്ടേ..
ഒന്നും വേണ്ടാ നീ ഒരാഴ്ച മുന്നേ വന്നാൽ മതിയെന്ന് അമ്മോൻ പ്രത്യേകം പറഞ്ഞിരുന്നു…
രണ്ടു ദിവസമായി അവിടെ തന്നെ ആയിരുന്നു ഞാനും…
ഇന്നെല്ലാരും ഡ്രസ് എടുക്കാൻ പോകുന്നത് കൊണ്ട് തന്നെ അവിടെ ആരും ഇല്ലായിരുന്നു…”
ഞാൻ ഒന്നും പറയാത്തത് കൊണ്ട് തന്നെ ഷാന എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
“ഒരു കാൽ പവനെങ്കിലും വേണ്ടേ ഷാന… രൂപ പത്ത് പതിമൂവായിരം വേണം… എന്റെ കയ്യിൽ നുള്ളി പൊറുക്കിയാൽ ഒരു പത്ത് കാണും…
ബാക്കി…”
“സൗദിയിലേക്കു തിരിച്ചു പോകാനായി നിൽക്കുന്ന സമയം ആയിരുന്നത് കൊണ്ട് തന്നെ വറ്റി വറ്റി അടിത്തട്ടിലെ ചെളി കാണാൻ തുടങ്ങിയിരുന്നു കയ്യിൽ…
ബാങ്കിലും കയ്യിലും ഇനി ആകെ ഉള്ളത് കണക് കൂട്ടി ഞാൻ അവളോട് പറഞ്ഞു..
പത്തിനുള്ളത് എടുക്കാം ഇക്ക..
അത് മതി…”
അവൾ എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..
“അന്ന് വൈകുന്നേരം തന്നെ അങ്ങാടിയിലേക് പോയി…
പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക് പോകുവാൻ തുടങ്ങിയ സമയത്തായിരുന്നു ആ ബിൽഡിങ്ങിന്റെ മൂലയിൽ ഉള്ള പഴയ ജ്വല്ലറി കണ്ണിൽ പെട്ടത്.. പഴക്കം ഉണ്ടെന്നേ ഉള്ളൂ…
കട നല്ലത് തന്നെ ആയിരുന്നു..
പക്ഷെ പുതിയത് ഒരെണ്ണം തൊട്ടടുത്തു വന്നത് മുതൽ അവിടെ കച്ചവടം കുറഞ്ഞിരുന്നു..”
പുതിയ ജ്വല്ലറിയിലേക്ക് നടന്നുകൊണ്ടിരുന്ന ഷാനയെ ഞാൻ പുറകിൽ നിന്നു വിളിച്ചു കൊണ്ട് പറഞ്ഞു..
“രാജേട്ടന്റെ കടയിലേക്ക് പോകാം…”
അവൾ ഒന്ന് നിന്നു..
“ഇക്ക അവിടെ കളക്ഷൻ ഉണ്ടായിരിക്കുമോ…???”
അവൾ എന്നോട് ചോദിച്ചു..
“ ഉള്ള കളക്ഷൻ മതി…
ആകെ പത്തായിരം രൂപയുണ്ട്… അതിന് ഇനി പത്തു നൂറെണ്ണം നോക്കണോ…
അവിടെ പോയാൽ ആയിരമോ രണ്ടായിരമോ കുറഞ്ഞാലും കുറച്ചു കൂടുതൽ ഗ്രാം ഉള്ളത് എടുക്കാം…
ഏട്ടനോട് അടുത്ത മാസം പോയിട്ട് അയച്ചു തരാം എന്ന് പറഞ്ഞാൽ മതി..
ഉപ്പാന്റെ സുഹൃത്തല്ലേ “
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കും അതൊരു നല്ല തീരുമാനം ആണെന്ന് തോന്നി…
പോയിട്ട് പൈസ അയച്ചാൽ മതിയല്ലോ…
ഞങ്ങൾ അങ്ങനെ അങ്ങോട്ട് കയറി ചെന്നു…
ഞങ്ങളെ കണ്ട ഉടനെ തന്നെ രാജേട്ടൻ എഴുന്നേറ്റ് നിന്നു അകത്തേക്കു ക്ഷണിച്ചു..
കുറച്ചു മാസങ്ങൾക് മുമ്പ് മുന്നോ നാലോ ജോലിക്കാർ ഉള്ള കട ആയിരുന്നു അത്..
നാട്ടിലെ ആദ്യത്തെ സ്വാർണ്ണ കട.. പിന്നെ മുന്നോ നാലോ കടകൾ പുതുതായി വന്നപ്പോൾ കച്ചവടം കുറഞ്ഞു കുറഞ്ഞു രാജേട്ടൻ മാത്രമായി…
“ഹാശിമേ..
നിന്റെ ലീവ് കഴിയാൻ ആയോ…”
ഏട്ടൻ കണ്ട ഉടനെ തന്നെ എന്നോട് ചോദിച്ചു..
ആ രാജേട്ടാ… ഒരു പതിനഞ്ചു ദിവസം കൂടെ…
നീ എന്താ വന്നേ…മോൾക് കാത് കുത്താൻ ആണോ…
ആണ് സമയം ആയിരുന്നു ഞാൻ ആ കാര്യം തന്നെ ആലോചിച്ചത്.. നാട്ടിൽ വന്നാൽ മോൾക് കാത് കുത്തണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.. ഓരോ തിരക്കു കാരണം ഞാൻ അത് മറന്നിരുന്നു…
അവസാനം ആയപ്പോൾ കയ്യിലുള്ള പൈസയും തീരുന്നു പോയല്ലോ…
അല്ല ഏട്ടാ…
അമ്മോന്റെ മോന്റെ കല്യാണം അല്ലെ…അവനൊരു മോതിരം ഇട്ട് കൊടുക്കണം അതിനാ..
“ഹ…
ഞാൻ കരുതി..
അല്ല ഇപ്പൊ ആരും സ്വാർണം വാങ്ങിക്കാൻ ഇങ്ങോട്ട് വരാറില്ല വല്ലപ്പോഴും കുട്ടികളെ കാത് കുത്തിക്കാൻ വരും…അതേ ഉള്ളൂ കച്ചോടം..
പിന്നെ കുറെ കാലം ആയില്ലേ ഇതും കൊണ്ട് നടക്കുന്നു…
പൂട്ടാൻ ഒരു മടി അതാ.. “
രാജേട്ടൻ എന്നോട് പറഞ്ഞു കൊണ്ട് മുന്നിലെ ഒരു ബോക്സ്സിൽ ഉണ്ടായിരുന്ന കുറച്ചു മോതിരം എന്റെ മുന്നിലേക്ക് വെച്ചു…
“ഒരു പത്തായിരം റേൻജ് ഉള്ളത് മതിട്ടോ രാജേട്ടാ…”
“അതെന്താടാ കയ്യിലുള്ളത് തീർന്നോ..”
ഞാൻ പറഞ്ഞ ഉടനെ രാജേട്ടൻ തിരിച്ചു ചോദിച്ചപ്പോൾ എന്റെ മുഖം കുനിഞ്ഞു…
“നിനക്ക് ഇഷ്ടം ആയത് എടുത്തോ… കയ്യിലുള്ളത് അവിടെ വെച്ചോ ഇനിയും ഇല്ലേ കുറച്ചു ദിവസങ്ങൾ…
പൈസ നീ പോയിട്ട് അയച്ചു കൊടുത്താൽ മതി ഇവൾ കൊണ്ട് തന്നോളും..
അല്ലെ മോളെ…”
രാജേട്ടൻ ഷാന യെ നോക്കി പറഞ്ഞപ്പോൾ ഞാൻ മനസു കൊണ്ട് മൂപ്പരോട് നന്ദി പറഞ്ഞു…
“ഞാൻ ആഗ്രഹിച്ചത് ഞാൻ ചോദിക്കാതെ തന്നെ മൂപര് എനിക്ക് തന്നിരിക്കുന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ ഏട്ടൻ കാണാതെ തുടച്ചു..”
“എടാ മോൾക്ക് ഒരു കുഞ്ഞു ജോഡി കമ്മൽ ഞാൻ തരട്ടെ…”
പെട്ടന്നായിരുന്നു രാജേട്ടൻ എന്നോട് ചോദിച്ചത്..
“അത് വേണ്ടാ രാജേട്ടാ.. ഞാൻ പോയിട്ട് പൈസ അയക്കുമ്പോൾ ഇവൾ മോളെയും കൊണ്ട് വന്നോളും…
ഞാൻ ഇനിയും കടം ആകേണ്ടല്ലോ എന്ന് കരുതി പറഞ്ഞു..”
“അതെല്ലേടാ…
എനിക്ക് പെൺ മക്കളോ പേരക്കുട്ടികളിൽ പെൺ കുട്ടികളോ ഇല്ലെന്ന് നിനക്ക് അറിയാലോ..
മോളെ കണ്ടപ്പോൾ എനിക്ക്..”
രാജേട്ടൻ പറയുന്നത് നിർത്തി എന്നെ നോക്കി…
ഞാൻ മൂപ്പരെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്താണ് പറയാൻ പോകുന്നതെന്ന് അറിയാതെ..
“എടാ…എനിക്ക് മോളെ കാത് കുത്തി ഒരു കുഞ്ഞി കമ്മൽ ഇട്ട് കൊടുക്കാൻ ആഗ്രഹം..
നീ പൈസ ഒന്നും തരേണ്ട.. എന്റെ അബൂ ന്റെ പേരകുട്ടിയല്ലേ.. അവൻ ചെയ്യുന്നതാണെന്നു കരുതിയാൽ മതി..”
“ഉപ്പാന്റെ സുഹൃത്തു ആയത് കൊണ്ടു തന്നെ മൂപരുടെ ആവശ്യം എനിക്ക് നിരാകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല..”
“ഞാൻ സമ്മതം മൂളിയതും ഉള്ളതിൽ നല്ലൊരണ്ണം എടുത്തു മോളെ എന്റെ മടിയിലേക് വെച്ചു മൂപ്പര് തന്നെ കാത് കുത്തി..
ആ സമയം മൂപരുടെ മുഖത്തെ സന്തോഷം എത്ര ഉണ്ടായിരുന്നെന്ന് എനിക്ക് പറയാൻ അറിയില്ല..”
“രണ്ടു കാതും അവളെ വേദനിപ്പിക്കാതെ കുത്തി അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.. മുത്തശ്ശന്റെ കുട്ടി ഇപ്പൊ സുന്ദരി ആയെന്ന് കണ്ണ് നീർ തുള്ളികളോടെ പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു..”
ഇഷ്ടപെട്ടാൽ 👍👍👍
…😘