ഞാൻ ഒന്നൂടി ഈ ഫോട്ടോ നോക്കട്ടെ..എത്ര കണ്ടിട്ടും മതിയാവുന്നില്ല..എന്തൊരു ചന്താ..എന്നാ ഒരൈശ്വര്യാ…

നിനക്കായ്‌ ഞാൻ 🌺

എഴുത്ത്: മാനസ ഹൃദയ

കാൽചിലമ്പിലെ അവസാന നാദവും തുളുമ്പിച്ചു കൊണ്ടവൾ വേദിക്ക് മുന്നിലുള്ള ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ നട്ടു… നിറഞ്ഞുയരുന്ന കരഘോഷങ്ങൾ കേട്ടപ്പോൾ ആ മിഴികൾ നിറയുകയായിരുന്നു… ആടി തളർന്നു വിയർത്തു കിതച്ചു കൊണ്ട് ചുറ്റും തിരഞ്ഞു… ഇല്ലാ ശൂന്യമാണ്… വേദിയിൽ തളം കെട്ടി നിൽക്കുന്ന പ്രകാശത്താൽ അവിടം മുഴുവൻ അവ്യക്തമായിരുന്നു….

“”കൗശിക് സർ …… “”

അറിയാതെ ഒരു വേള നാവിൽ ആ നാമം ഉരുവിട്ടു…… കർട്ടൻ മറഞ്ഞു വീഴുംവരെയും അവിടം മുഴുവൻ തിരഞ്ഞു… പക്ഷെ കണ്ടില്ല…. ഡ്രസിങ് റൂമിൽ കയറി ഉടയാടകൾ ഓരോന്നും അഴിച്ചു മാറി ചുരിദാർ എടുത്തിട്ടു … മുഖം കഴുകി കണ്ണാടിക്കുമുന്നിൽ നിന്നും അവൾ അവളെ തന്നെ നോക്കി.

“”വിചാരിച്ചതിൽ നിന്നും എത്രയോ ഉയരെയാണ് ഞാൻ … എത്രയോ ഉയരെ…. അതിന് കാരണം നിങ്ങളാണ് സർ.. “

അവൾ മനസ്സിൽ ഓർത്തു.. എങ്കിലും കൗശിക്കിനെ അവിടെയൊന്നും കാണാഞ്ഞു ഉള്ളിൽ ഒരു അഗ്നി ഗോളം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു….

“””തരുണി… മോളെ… മുത്തേ…… ഡാൻസ് പൊളിച്ച്…. വാഹ്‌… ഏതാ ഒരു അയവ്‌…. ഈ ഉടലൊക്കെയും അംഗ ലാവണ്യത്താൽ നിറഞ്ഞു നിന്ന ആട്ടം………..നീ ഇപ്പൊ പഴേ പോലൊന്നും അല്ലാന്ന് കേട്ടു… ഏട്ടന്മാരൊക്കെ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടാ മോളെ… “”

മുറിക്കടുത്തായി വന്നു നിന്ന് കുറേയവന്മാർ അവളെ നോക്കി പറഞ്ഞപ്പോൾ ആ പെണ്ണിനെ വീണ്ടും വേദന കാർന്നു തിന്നുന്നുണ്ടായിരുന്നു….

“” കണ്ട പെൺപിള്ളേരെ നോക്കി വെള്ളെറക്കാതെ വീട്ടിലെ പെങ്ങളെ പോയി നോക്കി ഇത് പോലെ പറയടാ……… “”

എടുത്തടിച്ചതു പോലുള്ള ആ മറുപടിയുടെ ശബ്‌ദം തിരിച്ചറിഞ്ഞതും തരുണി ഒന്ന് പുഞ്ചിരിച്ചു… കൗശിക്…..ഇത്രയും നേരം തിരഞ്ഞു കൊണ്ടിരുന്ന മുഖം…

“”എന്തെടാ…. പെങ്ങളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയോ…..നിന്ന് ചെലക്കാതെ പോടോ…. “”

വീണ്ടും അവന്റെ ശബ്‌ദം കാതിൽ വന്നലച്ചപ്പോൾ അവളുടെ മുഖം പ്രകാശിച്ചു. പെട്ടെന്ന് തന്നെ കൗശിക് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…. കാറിനടുത്തേക്ക് നീങ്ങികൊണ്ട് ഡോർ തുറന്ന് അവൾക്ക് നേരെ കാട്ടി ……

“”സർ… സർ എവിടെ ആയിരുന്നു.? ഞാൻ കുറേ നോക്കി….. “”

ചോദിച്ചത് കേട്ടെങ്കിലും കൗശിക് ഒന്നും മിണ്ടിയില്ല… ഇനിയും അവനോട് വല്ലതും ചോദിക്കാൻ നിന്നാൽ തല്ല് കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് പിന്നൊന്നും പറയുവാൻ നിൽക്കാതെ തരുണി വണ്ടിയിലേക്ക് കയറി…

“”ഏതേലും അവന്മാർ മോശമായി എന്തേലും പറഞ്ഞാൽ നിന്ന് മോങ്ങാൻ നിക്കരുത്… മുഖത്തു നോക്കി രണ്ടു പറഞ്ഞേക്കണം…എങ്കിലേ അവന്മാരെ പോലെ ഉള്ളവരുടെ വിളച്ചിൽ അടങ്ങു… “”

ഡ്രൈവിങ്ങിനിടയിലായി കൗശിക് പറഞ്ഞപ്പോൾ അവന്റെ മനസ് മുഴുവൻ നേരത്തെ നടന്ന ആ സംഭവമാണെന്ന് അവൾക്ക് മനസിലായി….അവൾ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ അവൻ ഒന്നുകൂടി തരുണിയെ തന്നെ നോക്കി..

“”നിന്റെ നാവ് ഇറങ്ങി പോയോ… “””

“”ഇല്ല….. ഞാൻ അപ്പൊ സാറിനെ കാണാത്ത വെപ്രാളത്തിലായിരുന്നു….. “”

“”എന്നെ കാണാത്തതിൽ എന്തിനാ നിനക്ക് ഇത്രയ്ക്കും വെപ്രാളം… മ്മ്?? “”””

“”ഒന്നുല്ല…. “”

അവൾ പിന്നെ മിണ്ടാൻ നിന്നില്ല…കനപ്പിച്ചു കൊണ്ടങ്ങനെയിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും കൗശികിന്റെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു…

“”എത്ര നേരായി പിള്ളേരെ നിങ്ങളെ കാത്തിരിക്കാൻ തുടങ്ങീട്ട്.. പ്രോഗ്രാം കഴിയാൻ ലേറ്റ് ആയോ…. എന്റെ മോള് നന്നായി കളിച്ചോ “”

അവരെ കണ്ടതും ആാാ അമ്മ ആധിയോടെ ചോദിച്ചു….

“”തിമിർത്തു…. “”

കൗശിക് ആയിരുന്നു മറുപടി നൽകിയത്.

അപ്പോൾ തന്നെ ആ അമ്മ തരുണിയെ പിടിച്ച് വച്ച് നെറ്റിമേൽ ഒരു മുത്തം വച്ചു കൊടുത്തു…..

“”എന്തൊരു സ്നേഹമാണ് ഈ അമ്മയ്ക്ക്… ഇതുവരെയും ഞാൻ അറിയാത്തൊരു സ്നേഹം…. അർഹത… പരിഗണന അതൊക്കേയും ഇവിടെ നിന്നാണ് കിട്ടി തുടങ്ങിയത്….. പക്ഷെ… ഞാൻ ഇവരുടെയൊക്കെ ആരാ… ആരുമല്ല..

“”എന്താലോചിച്ചു നിക്കുവാ….. ദേ രണ്ടു പേരും കുളിച്ചേച് വാ… ഞാൻ കഴിക്കാൻ എടുക്കാം…. “”

അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി. ഒരു നിമിഷമവൾ കൗശിക്കിനെ നോക്കി…

“”നീ കഴിച്ചിട്ട് കിടന്നോ.. എനിക്ക് വേണ്ട…. “””

“മ്മ്…. “”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവളൊന്നു തലയാട്ടി….മുകളിലേക്ക് പടികൾ കയറി പോകുന്ന അവനെ അങ്ങോളം നോക്കി നിന്നു……രാത്രയിൽ കിടന്നപ്പോഴും മനസിൽ എന്തൊക്കെയോയിരുന്നു… കണ്ണടച്ചാലും.. തുറന്നാലും എല്ലാം കൗശിക്കിന്റെ മുഖം മാത്രം….

“എന്ത് രസാണ് ആ കർക്കശ ഭാവം…. ഞാൻ മാത്രം കാണില്ല… എങ്കിലും എൻറെ കൂടെ ഒരു നിഴലായി സർ ഉണ്ട്….. ഒത്തിരി ഒന്നും മിണ്ടാറില്ല…. എങ്കിലും സംസാരിക്കാനായി വായ തുറന്നാൽ പിന്നെ കേട്ടിരുന്നു പോകും… എന്റെ…. എന്റെ മാത്രം കൗശിക്….””

ഓരോന്നോർത്തവൾ കാട് കയറി… ഒരു നിമിഷം സ്തംഭിച്ചു പോയി.

“”ഇല്ലാ…. എന്റെ ആരാ…… ആരുമല്ല….. കൗശിക് സർ….. കൗശിയേട്ടാന്ന് വിളിക്കണം ന്നുണ്ട് എനിക്ക്… പക്ഷെ പേടിയാ…. സാർ ന്ന് വിളിച്ചില്ലേൽ വഴക്ക് പറഞ്ഞാലോ…… സാർ ആണ്…. ദൈവം ആണ്… എന്നെ ഒരു നല്ല കരയ്ക്കടുപ്പിച്ച ദൈവം….. ജീവിതമേ മാറ്റി മറിച്ച ദൈവം…..””

കിടക്കയിലെ തലയിണയെടുത്തവൾ നെഞ്ചോട് ചേർത്തു മലർക്കെ കിടന്നു…… ഓർമ്മകൾ ഇടയ്ക്കിടെ മനസിലെ കനലായി വന്ന് തുടങ്ങിയപ്പോൾ അതിന്റെ വ്യാപ്തി കുറക്കാനെന്നോണം മിഴികൾ നിറഞ്ഞു…… ആ ഓര്മയിലും അവൾ മന്ത്രിച്ചു…

“കൗശിക് സാർ…. “

🌺🌺🌺🌺🌺🌺

“”””മോളെ… ദേ നീ ഒന്ന് സമ്മതിക്ക്… ഒന്നും പേടിക്കണ്ട…. അയാൾ വന്ന് വേഗം അങ് പൊയ്ക്കോളും…… കുറച്ചു സമയം….””

ആ സംസാരം അത്ര മയത്തിലായിരുന്നു…. തരുണി ആകെ ശിലപോലെ നിന്നുപോയി.

“”ഇനി നീ അയാൾക്ക് കിടന്നു കൊടുത്തില്ലേൽ…..എന്റെ തനി സ്വഭാവം നീ കാണും…. കേട്ടോടി…. നിന്നെ തീറ്റി പോറ്റാനുള്ള വകയൊന്നും എനിക്കില്ല…””

ആാാ വർത്തമാനം കേട്ടപ്പോൾ സ്വന്തം ജീവിതത്തെ ഓർത്ത് പുച്ഛം തോന്നി തരുണിക്ക്…. സ്വന്തം അമ്മയുടെ വായിൽ നിന്നു തന്നെ അങ്ങനൊരു സംസാരം കേട്ടപ്പോൾ വിശ്വസിക്കാൻ പോലും പാകമാവാത്ത വിധം മനസ് മരവിച്ചു….

അച്ഛനില്ല തനിക്ക്….അഞ്ചു വർഷം മുൻപാണ് മരിച്ചത്. ഇപ്പോ കൂടെ കിടക്ക പങ്കിടാൻ പറയുന്നത് അമ്മയുടെ കാമുകന്റെ കൂടെ…… തന്റെ അവസ്ഥയോർത്തവൾ ഉരുകി….. വെറും പതിനെട്ടു വയസേ ആയുള്ളൂ…. എന്നിട്ടും ഒരമ്മ മകളോട് പറയേണ്ട സംസാരമാണോ ഇത്……

എല്ലാം കൊണ്ടും തളർന്ന ഭാവത്തിലവൾ കരഞ്ഞു… എത്രയെന്നില്ലാതെ….. അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ ആർത്തുല്ലസിച്ചു പെയ്യും പോലെ തോന്നി……രക്ഷപെടാൻ ഒരു മാർഗവും ഇല്ലേ… ഇനിയും ആ സ്ത്രീയുടെ കൂടെ ജീവിക്കാൻ വയ്യാ… സ്വയം നശിക്കാൻ വയ്യാ…. സ്വന്തമെന്ന് കരുതിയതെല്ലാം വാരി പെറുക്കി ഒരു ബാഗിലാക്കി… കൈയിൽ ഒരഞ്ചു പൈസ പോലുമില്ലായിരുന്നു…. അമ്മ കാണാതെ അന്ന് വൈകുന്നേരം ആ വീട് വിട്ടിറങ്ങമ്പോൾ അച്ഛനെ ഒരു തവണ മനസ്സിൽ ഓർത്തു… ദൂരേക്ക് മായും വരെ ആ വീട്ടിലേക്ക് കണ്ണുകൾ നട്ടു…..

നടന്നു, എങ്ങോട്ടെന്നില്ലാതെ…. ഒരു ലക്ഷ്യ ബോധമില്ലാതെ….. ഇരുട്ടറഞ്ഞ നേരത്ത് ഓരോരുത്തരേ കാണുമ്പോഴും മുഖം വിറ കൊള്ളുന്നുണ്ടായിരുന്നു…..പലവിധമായ നോട്ടങ്ങൾ മനസിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…റോഡരികിലെ അരണ്ട വെളിച്ചത്തിൽ പലതിനെയും കാൺകെ പേടി തോന്നി….. ഒരു ബസ് സ്റ്റോപ്പ്‌ കണ്ടപ്പോൾ അവിടെയായി ഇരുന്നു…ദാഹത്താൽ തൊണ്ട വരളുന്നുണ പോലേ തോന്നി അവൾക്ക്.

“””ഇതാ വെള്ളം കുടിക്ക്….. “”

ഒരു സ്ത്രീ അവൾക്കടുത്തായി വന്നിരുന്നു പറഞ്ഞുകൊണ്ട് കുപ്പി വെള്ളം നീട്ടി… അവർ ചുണ്ടുകളിൽ ചായം തേച്ചിട്ടുണ്ടായിരുന്നു. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ടായിരുന്നു…

വെള്ളം കുടിച്ചു കൊണ്ടവൾ പതിയെ ആ സ്ത്രീയെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു. അവളോടൊരോന്നായി അവർ ചോദിച്ചങ്കിലും തന്റെ ജീവിതം പറയാൻ തരുണിക്ക് മനസ് വന്നില്ല….എങ്കിലും ഇനി എങ്ങോട്ട് എന്ന ചോദ്യം ബാക്കിയായപ്പോൾ അവളുടെ അവസ്ഥയെ കുറിച്ചു തുറന്ന് പറഞ്ഞു….കൂടെ വിളിച്ചപ്പോൾ അന്ന് അതു പോലൊരു സ്ത്രീയുടെ കൂടെ ഇറങ്ങി പോകാൻ മടി തോന്നിയെങ്കിലും ചതിക്കില്ല എന്ന അവരുടെ ഉറച്ച വാക്കിൽ വില കല്പ്പിച്ചു കൊണ്ട് കൂടെ ചെന്നു……

ചുവന്ന വെളിച്ചത്തിന്റെ അകമ്പടിയോടു കൂടിയ തെരുവിലൂടെ നടന്നപ്പോൾ മനസ് മുഴുവൻ ഭയമായിരുന്നു അവൾക്ക്…… ചെറിയ വെളിച്ചമുള്ള തിങ്ങിയ മുറിയിലേക്ക് കയറി നോക്കിയപ്പോൾ അവരെ പോലുള്ള കുറേ സ്ത്രീകൾ ഉണ്ടായിരുന്നു….ഓരോരോ തട്ടിപ്പിൽ പെട്ടു കൊണ്ട് ശരീരം വിൽക്കലായി തീർന്നു പോയവർ…..വിശപ്പടക്കാൻ ദേഹം വിൽക്കേണ്ടി വന്നവർ…. അവരുടെ അനുഭവങ്ങൾ കേൾക്കെ തരുണിയുടെ മനസ് ഉറച്ചു പോയി…. അവർക്കിടയിലേക്ക് പുരുഷന്മാർ തേടി വരുമ്പോൾ പലരുടെയും നോട്ടം തന്നിൽ തടഞ്ഞു പോകുമെങ്കിലും ആ അമ്മമാർ സംരക്ഷിച്ചു….. വർഷങ്ങൾ കഴിയുന്തോറും അവളുടെ കാര്യങ്ങൾ മുഴുവൻ അവരായിരുന്നു നോക്കിയിരുന്നത്.. ഓരോരുത്തരെയും അവൾ അമ്മേ എന്ന് തന്നെ വിളിച്ചു……

ഏറെ ഉള്ള സംരക്ഷണം കിട്ടിയെങ്കിലും തരുണിയെയും അവർക്കിടയിലെ ആളായി എല്ലാവരും കണക്കാക്കി…എങ്കിലും താൻ കന്യകയാണോ അതോ മറ്റൊരുവന് കീഴടങ്ങിയവളാണോ എന്ന് സ്വന്തം മനസാക്ഷിക്ക് മാത്രം ബോധം മതിയെന്ന ഭാവത്തിൽലവൾ ജീവിച്ചു.. തനിക്ക് കൂടി വേശ്യ എന്ന പേര് വീണെങ്കിലും സങ്കടം തോന്നിയില്ല…… ശരീരം വിറ്റില്ലെങ്കിലും അവർക്കിടയിലെ ആട്ടക്കാരിയായി നൃത്തം ചെയ്തു….സ്വന്തം വസ്ത്രം അതിന്റെതായ മികവിൽ ഒതുക്കി നൃത്തം ചെയ്യുമ്പോൾ അത് കാണുവാൻ മാത്രം വേശ്യ ഗൃഹത്തിൽ തടിച്ചു കൂടുന്ന ജനങ്ങൾ ഉണ്ടായിരുന്നു….പലരും അവൾക്ക് നേരെ നോട്ട് ചീട്ടുകൾ എറിഞ്ഞു…. അപ്പോൾ മാത്രം ഇത്തിരി സങ്കടം തോന്നും തരുണിക്ക്…പക്ഷെ ഒരാൾ…. ഒരാൾ മാത്രം എന്നും വരും…. തന്റെ നൃത്തം അതിന്റെതായ രീതിയിൽ നോക്കി കാണുന്ന ഒരാൾ…. എന്നും അങ്ങനെ കാണാൻ വന്ന്… വന്ന്……. അയാൾ അവളെയങ്ങു സ്വന്തമാക്കി…. ഒരു പെണ്ണിനെ വില കൊടുത്തു വാങ്ങി….. ദുരുപയോഗത്തനല്ല മറിച് ഉയരങ്ങളിലേക്കെത്തുവാൻ… നോക്കിയിട്ടില്ല ഒരു കാമ കണ്ണുകളാലും….

ഒരു നല്ല അമ്മയെ തന്ന…. കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കാൻ സഹായിച്ച…ഒരു നല്ല മനുഷ്യൻ… കൗശിക് സർ…സ്വർഗമായിരുന്നു പിന്നീടുള്ള ആ ദിനങ്ങൾ മുതൽ ഇന്ന് വരെയും….

ഒരു നറു ചിരി ആ മുഖത്തു വിരിഞ്ഞു. അവൾ ഒരു നെടുവീർപ്പോടെ ചരിഞ്ഞു കിടന്നു.. വീണ്ടും കൗശിയുടെ മുഖം തെളിഞ്ഞു വരുമ്പോൾ ഇറുകെ കണ്ണുകൾ അടച്ചു……എങ്കിലും ചെറു നോവും ആ മനസിനകത്തു തുളുമ്പുന്നുണ്ടായിരുന്നു.

*** *** *** ***

മോളെ… ഈ പെൺകുട്ടീടെ ഫോട്ടോ ഒന്ന് നോക്കിയേ…. എങ്ങനുണ്ട്… കൊള്ളാം ല്ലേ.. എന്റെ കൗശിക്നു നന്നായി ചേരും “”

രാവിലെ ഉറക്കമെഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ കയ്യിലുള്ള പെൺ കുട്ടിയുടെ ഫോട്ടോ തരുണിക്ക് നേരെ നീട്ടി…

“”ഞാൻ അന്നേ ആ ബ്രോക്കർ ദാമോദരനോട്‌ പറഞ്ഞായിരുന്നു… കൗശിക്ന് ചേരുന്ന പെണ്ണ് വല്ലതും ഉണ്ടേൽ നോക്കണേയെന്ന്…. എനിയ്ക്കീ കുട്ടിയെ അങ്ങ് ഇഷ്ടപെട്ടു… മോൾക്ക് ഇഷ്ടായോ? “”

വീണ്ടും അവളോടായി ചോദിച്ചപ്പോൾ മനസിന്റെ ഒരു കോണിൽ വേദന പടരുന്നത് അവൾ അറിയുകയായിരുന്നു…ഇനി തനിക്ക് ഇഷ്ടാണോ കൗശിക് സർനെ…. വേണ്ട.. ഇത്രയ്ക്ക് സ്വാർത്ഥ ആവാൻ പാടില്ല… ജീവിതത്തിൽ സന്തോഷവും സമാധാനവും തന്ന ആൾക്കാര ഇവർ…..കൂടുതലൊന്നും മോഹിക്കരുത്……. അവൾ മനസ്സിൽ ഓർത്തു.

“കുഞ്ഞേ.. അതും വാങ്ങി ആലോചിച്ചു നിക്കാതെ പെണ്ണ് എങ്ങനെ ഉണ്ടെന്ന് പറ….. ‘”

“”കൊള്ളാം….. സർ ന് നന്നായി ചേരും… “””

“”ഹാ… എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ… നല്ല കൂട്ടരാന്നാ പറഞ്ഞെ…. കാര്യങ്ങളൊക്കെ പെട്ടെന്ന് നടന്നു കിട്ടിയാൽ മതിയാരുന്നു…. “”

അമ്മയുടെ മുഖത്തെ സന്തോഷത്തിലുണ്ടായിരുന്നു മകന്റെ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ…ഒരു ചെറു നോവ് തോന്നിയെങ്കിലും പുഞ്ചിരിയിലൂടെ അതിനെ തടഞ്ഞു മാറ്റി….

“” ദേ… നമ്മുടെ കാലക്ഷേത്രയുടെ പണികൾ എല്ലാം പൂർത്തി ആവാറായിട്ടോ…. ഞാൻ കൗശിയോട് അപ്പോഴേ പറഞ്ഞതാ ടൗണിൽ എവിടേലും പണിതാൽ മതീന്ന്… ഇതിപ്പോ മോള് കല്യാണം കഴിഞ്ഞ് പോയാൽ പിള്ളേരെ ഡാൻസ് പഠിപ്പിക്കാൻ ഇവിടെ തന്നെ വരണ്ടേ…. അതൊക്കെ മോശാ… എന്നാലും സാരില്യ… ആദ്യം എന്റെ കൗശിക് മോന്റെ വിവാഹം ….നിന്നെ ഈ അമ്മ ഇപ്പോഴൊന്നും കെട്ടിക്കുന്നില്ല.. മോള് പിള്ളേരെ നൃത്തോക്കെ പഠിപ്പിച് കുറച്ച് കാലം ഇവിടെ തന്നെ അങ്ങ് കൂട്… സമയാവുമ്പോൾ ഞാൻ ഒരുത്തന്റെ കയ്യിൽ പിടിച്ചങ്ങു ഏൽപ്പിക്കും അതാ എനിക്കിഷ്ടം… “”

അത്രയും പറഞ്ഞ് അമ്മ അകത്തേക്ക് പോയി….

“”ഞാൻ മാത്രേ കൗശിക് സർന്റെ കൂടെയുള്ള ജീവിതം ആഗ്രഹിക്കുന്നുള്ളു..അമ്മ എന്നെ സ്വന്തം മകളായ് കാണുന്നു….എനിക്ക് വേണ്ടി ചെയ്ത് തരുന്ന സഹായങ്ങൾക്കും സ്നേഹത്തിനും അതിരില്ല. പിന്നെന്തിനാ വേണ്ടാത്ത ചിന്തകൾ ഓരോന്നും മനസിൽ കേറി കൂടുന്നെ….. അമ്മ ഒരിക്കലും കൗശിക് സർന്റെ ജീവിതത്തിലേക്ക് എന്നെ പ്രതീക്ഷിക്കുന്നില്ല… അല്ലേലും എന്നെ പോലുള്ള പെണ്ണിനെ ഭാര്യ ആക്കാനും ആരും ആഗ്രഹിക്കില്ലല്ലോ…. ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും ഇത്ര വരെ എത്തിയത് എന്തോ ഭാഗ്യം….. മതി… ഈ സന്തോഷം മാത്രം മതി…. “‘

പെട്ടെന്നാണ് നടുപ്പുറത്ത്‌ ഒരടി വീണത്…. തരുണി ഒന്ന് ഞെട്ടിപ്പോയി…..

“”എന്താണ് ഇത്ര മാത്രം നിനക്കിത്ര ചിന്തിച്ചു കൂട്ടാൻ… എപ്പോഴും ഏതേലും ലോകത്ത് ആയിരിക്കും……. “””

ചിരിച്ച് കൊണ്ട് വർത്താനം പറയുന്ന കൗശിക്കിനെ കണ്ടപ്പോൾ അവൾ അങ്ങനേ നോക്കി നിന്നു……

“”മ്മ്മ്…..?? “””

അവൻ പുരികകൊടി ഉയർത്തി ചോദിച്ചു…

“”ഒന്നുല്ല . … “”

“”ഗ്ലാമർ കണ്ടിട്ടാണോ…. ദേ ഈ താടി ഇങ്ങനെ വച്ചപ്പോൾ നല്ല ലുക്ക്‌ ഇല്ലേ… ഏത് പെൺപിള്ളേർ കണ്ടാലും ഒന്ന് നോക്കും അല്ലേ… വൈകുന്നേരം അമ്മയെ സോപ്പിട്ടു അമ്പലം വരെയൊന്ന് പോകണം…നാട്ടിലെ പെൺപിള്ളേരേയൊക്കെ ഞാനീ ലുക്ക്‌ ഒന്ന് കാണിക്കട്ടെ…. “”

മീശ പിരിച്ചു കൊണ്ടവൻ പറഞ്ഞു.

“””എന്തോ.. നല്ല സന്തോഷത്തിലാണ് അല്ലാതെ രാവിലെ തന്നെ ഇങ്ങനെ തുള്ളാൻ നിക്കില്ല…. ഹ്മ്മ്😏…. കോഴി കുഞ്ഞ്… “”

മനസ്സിൽ പറയാൻ ശ്രമിച്ചതാണെങ്കിലും അവളുടെ ശബ്ദം ഇത്തിരി ഉയർന്നതായി പോയി….അവനെ നോക്കി കൊണ്ട് ഒരു വളിച്ച ചിരി ചിരിച് പോകാൻ നോക്കിയെങ്കിലും അത്പോലെ തന്നെ തടഞ്ഞു വച്ചു……

“””നീ… എന്താ പറഞ്ഞെ….. കോഴി കുഞ്ഞെന്നോ…..???? നീ പോടീ പിടക്കോഴി….രാവിലെ എഴുന്നേറ്റ് കുളിക്ക പോലും ചെയ്യാതെ ഇളിച്ചു കാട്ടി നിക്കുന്ന കണ്ടില്ലേ…..ദേ ഈ കയ്യിലെയും കാലിലെയും ചായം വരെ പോയിട്ടില്ല… സത്യം പറ.. നീ ഇന്നലെ ഡാൻസ് കഴിഞ്ഞ് വന്ന് കുളിച്ചായിർന്നോടി “”

“”ഇല്ലാ… അതിന് ഇയാൾക്കെന്താ… ഇന്നലെ രാത്രി മുഖോം വീർപ്പിച്ചിരിപ്പായിരുന്നല്ലോ…വൈകുന്നേരം അവിടെ പ്രോഗ്രാം സ്ഥലത്ത് കൊണ്ട് വിട്ട് എങ്ങോട്ടോ പോയി…. പിന്നെ നോക്കുമ്പോ ദേ എല്ലാം കഴിഞ്ഞപ്പോ കേറി വരുന്നു… “”

“”ഇന്നലെത്തെ കാര്യോന്നും എന്നെകൊണ്ട് പറയ്പ്പിക്കെണ്ടാ… ഓരോരുത്തൻ വന്നെന്തേലും പറയുമ്പോ മോങ്ങാൻ നിക്കരുത്…. തിരിച്ചും അങ്ങ് എതിർത്ത്‌ പറഞ്ഞോളണം…… ഇത് പോലൊരു സാധനം….. “”

അവനും വിട്ട് കൊടുക്കാത്ത രീതിയിൽ സംസാരിച്ചു.. ഈ ബഹളമെല്ലാം കേട്ട് കൊണ്ട് അപ്പോഴേക്കും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു…..

“‘എന്താ ഇത്… ഒന്ന് മതിയാക്യേ… “”..

“”ദേ… ഞാൻ നിർത്തി.. അതിന് മുൻപ് ഒരു കാര്യം കൂടി പറയാൻ ഉണ്ട്…. “”

കൗശിക് പറഞ്ഞു.

“”എന്താ… “”

“”ഇന്നലെ നടന്ന നിശാഗന്ധി ഡാൻസ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നമ്മുടെ തരുണിക്കാ…… “””

കുറച്ചുറക്കെ കൗശിക് അങ്ങനെ പറഞ്ഞപ്പോൾ തരുണിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു….

“”അതല്ലേലും എനിക്ക് അറിയായിരുന്നു.. എന്റെ മോള് ഫസ്റ്റ് വാങ്ങും ന്ന്…. “””

“”ആഹാ.. അങ്ങനെ ക്രെഡിറ്റ്‌ മുഴുവൻ ഇപ്പോ അമ്മ അങ്ങനെ എടുക്കണ്ട…ഞാനും മനസ്സിൽ കരുതിയതാ അവൾക്കേ കിട്ടൂ ന്ന്…എന്തായാലും ഞാൻ ഒന്ന് ടൗൺ വരെ പോയിട്ട് വരട്ടെ…. ഇന്ന് ഫുൾ ആഘോഷം.. “”

അതും പറഞ്ഞവൻ നടന്നകലുമ്പോൾ അമ്മയും തരുണിയും നോക്കി നിന്നു…

“”കണ്ടോ.. എന്റെ കൊച്ച് ഇങ്ങനെ സന്തോഷത്തോടെ സംസാരിക്കുന്നതൊക്കെ കുറവാ… നിനക്ക് ആണ് ഫസ്റ്റ് എന്നറിഞ്ഞപ്പോ എന്താ അവന്റെ മുഖത്തൊരു തെളിച്ചം…. “”

“””മ്മ്മ്മ്…. എന്നോട് രാവിലെ തന്നെ മിണ്ടാൻ വന്നപ്പോഴേ തോന്നി… ആള് നല്ല മൂഡിലാണെന്ന്… “”

“”ആഹ് …ഇനീപ്പോ ആ പെൺകുട്ടീടെ കാര്യം കൂടി ഒന്ന് സൂചിപ്പിക്കണം…. ഒരു ജീവിതോക്കെ തുടങ്ങട്ടെ… അതാവുമ്പോ എപ്പോഴും ഇങ്ങനെ അങ്ങ് നടന്നോളും… “””

എന്താണെന്നറിയില്ല ആ വാക്കുകൾ കേട്ടപ്പോൾ മാത്രം തരുണിയുടെ മുഖത്തെ ചിരി മാഞ്ഞു പോയി…. എങ്കിലും മനസിനെ നല്ലത് മാത്രം പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു…..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

“””തരുണി എന്ത് പറഞ്ഞു ഫോട്ടോ കണ്ടിട്ട്..?”

“”അവൾക്ക് നല്ലിഷ്ടായി കുട്ടിയെ… നിനക്ക് നന്നായി ചേരും ന്ന് പറഞ്ഞു…… “”

“”ഓഹോ.. അവൾ അങ്ങനെ പറഞ്ഞോ..? “

“”നിനക്ക് വിശ്വാസുല്ലേൽ നേരിട്ട് ചോദിച്ചോക്ക്…. അടുക്കളേൽ ഉണ്ട്… പിന്നെ ഞാൻ ഒന്ന് അമ്പലത്തിൽ വരെ പോകുവാ.. നീ വരുന്നുണ്ടേൽ വാ.. “”

“”ഇല്ലമ്മേ… പോയിട്ട് വാ . “

അവൻ നിർവികാരനായി പറഞ്ഞു….എനിക്ക് നന്നായി ചേരും പോലും… ഹ്മ്മ് 😏ഏതാ ഈ മൂശേട്ട…. കാണാൻ ഇത്തിരി ചന്തോക്കെ ഉണ്ട്… എന്നാലും….ആാാ.. ഒപ്പിക്കാം .”””

അവൻ ഫോട്ടോ നോക്കി കൊണ്ട് ആത്മഗതം പറഞ്ഞു… അമ്മ അമ്പലത്തിലേക്ക് പോകുന്നത് മുറ്റത്തു നിന്നും നോക്കി കണ്ടു കൊണ്ടവൻ അകത്തേക്ക് കയറി……..അടുക്കളയിൽ ചെന്ന് നോക്കിയപ്പോഴേക്കും തരുണി കറിക്കരിയുകയായിരുന്നു.. പക്ഷെ ഏതോ ലോകത്തെ ചിന്തയിലാണ്…

“”ഡി…””

അവൻ പിറകിൽ നിന്നും അവളുടെ ചുമലിൽ പിടിച്ചൊന്ന് വിളിച്ചു… ഒരു വിറയലോടെ അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും കത്തി കൈ വിരലിൽ കൊണ്ടു മുറിഞ്ഞിരുന്നു ….

“അഹ്…ഊൗ…. “”

പെട്ടെന്നുള്ള വേദനയിലവൾ കൈ കുടഞ്ഞു…..

“””എവിടെ.. നോക്കട്ടെ…. ഇത് ചെറിയ മുറിവാ…… ഏതേലും ലോകത്ത് ചിന്തിച് അരിയാൻ നിന്നാൽ ഇങ്ങനെ ഇരിക്കും…. “””

കൗശിക് തരുണിയുടെ കൈ വിരൽ പിടിച്ചു വായിൽ ഇട്ടു……

“”ദേ.. ഇത്രേ ഉള്ളു.. ഇപ്പോ മാറീലെ….എനിക്ക് ഒരു ഗ്ലാസ്‌ ചായ വേണായിരുന്നു.. ഒന്ന് പൂമുഖത്തേക്ക് എത്തിച്ചേക്കണേ “”

അതും പറഞ്ഞവൻ കടന്നു പോകാൻ ശ്രമിക്കുമ്പോൾ തരുണി തരിച്ചു നിന്ന അവസ്ഥയിലായിരുന്നു……

“”ഇനിയും നോക്കി നിക്കാതെ ഒന്ന് വേഗം ഉണ്ടാക്ക് മാഷേ…. ഞാൻ ഇനി അധിക കാലം തന്നെ ബുദ്ധിമുട്ടിപ്പിക്കില്ല….. അമ്മ ഒരാളെ കണ്ട് പിടിച്ചിട്ടുണ്ട് പോലും… വേം കെട്ടിയേക്കാം അല്ലേ…. “””

തരുണിയുടെ മുഖത്തു നോക്കി അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ വീണ്ടും പച്ചക്കറി അരിയാനായി തിരിഞ്ഞു നിന്നു….

“”ച്…… ചായ…തന്നേക്കാം…. “”

അത്ര മാത്രമേ അവളുടെ വായിൽ വന്നുള്ളൂ.. ഇനിയും പറഞ്ഞാൽ ചിലപ്പോ കരഞ്ഞു പോകുമെന്ന് തോന്നി തരുണിക്ക്….

“”അമ്മ അമ്പലത്തിൽ പോയേക്കുവാ… അതാ നിന്നോട് വന്ന് ചോദിച്ചത്….പെട്ടെന്ന് എടുത്തിട്ട് വാ . “”

“”മ്മ്മ്….. “”

അവളൊന്നു മൂളുക മാത്രം ചെയ്തു. എത്രയൊക്കെ പഠിപ്പിചിട്ടും മനസ് മുഴുവൻ ഇയാളോടുള്ള പ്രണയം മാത്രേ തോന്നുന്നുള്ളു ല്ലോ ഭഗവാനെ….

അവൾ മനസ്സിൽ ഓർത്തു….തന്റെ പിറകിൽ വന്ന് അവൻ ചേർത്ത് നിർത്തി പറഞ്ഞപ്പോൾ ഉള്ളിൽ ഒരു മഞ്ഞു വീഴുന്ന പോലെ തോന്നിയതവൾ ഒന്ന്കൂടി മനസ്സിൽ കണ്ടു…. ആാാ ഞെട്ടലിൽ കൈ മുറിഞ്ഞതും അവൻ കയ്യിൽ പിടിച് വായിലിട്ട് നുണഞ്ഞതുമെല്ലാം വീണ്ടും മനസിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി….

സാറും അപ്പൊ ഒരു പെണ്ണിനെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കുന്നുണ്ടല്ലേ….ഞാൻ….. എന്റെ മനസ് എന്താ ഇങ്ങനെ… എത്ര ശ്രമിച്ചിട്ടും അടങ്ങാത്ത വിധം പാറി കളിക്കുന്നെ……. ഇല്ലാ… എനിക്ക് ഇഷ്ടല്ല… ആ പെണ്ണ്… ആ പെണ്ണ് തന്നെയാ സാറിന് ചേരുന്നെ… എന്നെ പോലെയൊരുവൾ ചേരില്ല……….അവൾ ഇറുകെ കണ്ണുകൾ അടച്ച് സങ്കടം കുടഞ്ഞു കളഞ്ഞു…..എങ്കിലും അശ്രുകണങ്ങൾ അപ്പോഴും പൊഴിയുകയായിരുന്നു…

ചായയുമെടുത്തു പൂമുഖത്തേക്ക് അവനെയും തിരക്കി ചെന്നു.. ഉമ്മറത്തുള്ള ഊഞ്ഞാലിൽ കൗശിക് ചാർന്നിരുന്നു ആടുന്നത് കണ്ടപ്പോൾ അവിടേക്ക് നീങ്ങികൊണ്ട് കയ്യിലുള്ള ചായ നീട്ടി…

“””എനിക്ക് ഇപ്പോ തന്നെ ഇങ്ങ് കെട്ടിയാലോ ന്ന് തോന്നുവാ… അത്രയ്ക്കും സുന്ദരി….. “””

കയ്യിലുള്ള ഫോട്ടോ നോക്കി വീണ്ടും അവൻ മന്ത്രിക്കുന്നത് കാതിൽ വന്നലച്ചപ്പോൾ തരുണി ഒന്നും കേൾക്കത്തതായ് ഭാവിച്ചു…

“”ദ… ചായ…. ഒന്ന് പിടിക്കണുണ്ടോ.. എനിക്ക് പോയ്ട്ട് തിരക്കുണ്ട്….. “””

“”ഹാ.. അതിനെന്തിനാ ഇത്ര ദേഷ്യം?.. വെയിറ്റ്… ഞാൻ ഒന്നൂടി ഈ ഫോട്ടോ നോക്കട്ടെ.. എത്ര കണ്ടിട്ടും മതിയാവുന്നില്ല.. എന്തൊരു ചന്താ… എന്നാ ഒരൈശ്വര്യാ…. “”

“”ഓഹ്.. അപ്പോ സർന് നന്നായിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്.. അതാണിത്ര സന്തോഷം… സന്തോഷം വരുമ്പോൾ മാത്രേ സർ അധികം മിണ്ടാറുള്ളു….അല്ലേൽ സർ ഇങ്ങനെയൊന്നു അല്ല.. ഒതുങ്ങി നിക്കാറാ പതിവ്… “(ആത്മ )

“”കൊണ്ടാടോ…ചായ… “”

മിഴിച്ചു നിൽക്കുന്ന അവളോടായി ചോദിച്ചപ്പോൾ ഗ്ലാസ്‌ അവന് കൊടുത്തു കൊണ്ട് പോകാൻ തുനിഞ്ഞു.. അപ്പോഴേക്കും അവനാ കൈകളിൽ പിടുത്തമിട്ടിരുന്നു.

“”സാർ..””

അവൾ പിടിവിടാൻ കൈകൾ അയച്ചു കൊണ്ടു വിളിച്ചു…

“”നീ കൂടി നോക്കരുതായോ പെണ്ണിന്റെ മുഖം ….? “”

“”ഞാൻ രാവിലെ കണ്ടതാ ഫോട്ടോ….””

“”എന്നാലും..””

അവൻ ഒന്നുകൂടി ഫോട്ടോ അവൾക്ക് നേരെ കാട്ടികൊടുത്തു… വീണ്ടും അത് കാൺകെ അവളുടെ മനം വിങ്ങി… അവനെ ബോധിപ്പിക്കാനെന്നോണം വെറുതെ ഫോട്ടോ കൈയിൽ വാങ്ങിച് നോക്കുന്ന പോലാക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…..

“”നല്ല കുട്ടിയാ… സർന് ചേ..ർച്ച ഉണ്ട്….. “”

ആ വാക്കുകൾ അപ്പോഴും മുറിയുകയായിരുന്നു..

“”ഇതിനെക്കാൾ നന്നായി എനിക്ക് ചേരുന്ന പെണ്ണ് വേറെ ഇല്ലാല്ലേ…. “”

“”ഇല്ലാ… അതല്ലേ പറഞ്ഞത് സാറിന് ചേരുന്നുണ്ടെന്ന്… “”

“”എന്തായാലും നിന്നെക്കാളും ഭംഗിയൊക്കെയുണ്ട്….. “”

“”ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ….. എനിക്കിഷ്ടായി….. “”

പിന്നെ അവന് സംസാരിക്കാൻ ഇടം നൽകാതെ അവൾ പോയി കഴിഞ്ഞിരുന്നു…

“”ശേ… ഈ പൊട്ടി പെണ്ണ് ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ…. നോക്കിക്കോ.. നിന്നെ കൊണ്ട് എന്നെയിഷ്ടമാണെന്ന് ഞാൻ പറീപ്പിക്കും… പിന്നെന്തിനാ മുത്തേ ചേട്ടൻ ഇത്രേം കാലം നിന്നെ കൂടെ കൂട്ടിയെ…

എന്റെ പെണ്ണിനെ നല്ലൊരു നർത്തകി ആക്കീട്ട് പറയാന്ന് വച്ചതാ.. അപ്പോഴേക്കും അമ്മേടെ വക ഈൗ കുരിശിന്റെ ആലോചന…. അതോണ്ടെന്താ തരുണിടെ മുഖത്ത്‌ അവള് പോലും അറിയാതെ വരുന്ന കുശുമ്പ് കാണാൻ പറ്റീലെ… എന്നാലും ആ കുരിപ്പ് ഒന്ന് സമ്മതിച്ചു തരണില്ലല്ലോ…… “””

അവൻ മനസ്സിൽ ഓർത്തോർത്തു ചിരിച്ചു… തരുണി കൊണ്ടു കൊടുത്ത ചായ മെല്ലെ ഊതി കുടിക്കുമ്പോ അവന്റെ മനസിലും കഴിഞ്ഞ രംഗങ്ങൾ ഓർമ വന്നിരുന്നു… മനഃപൂർവം അവളുടെ കൈവിരൽ ഒന്നും അറിയാത്ത ഭാവത്തിൽ പിടിച്ചു വായിലിട്ടതും… ഫോട്ടോ കാണുമ്പോൾ മുഖം വലിഞ്ഞു മുറുകി ചുവന്നതും എല്ലാമവൻ ഒന്ന്കൂടി മനസ്സിൽ കണ്ടു….

കുടിച്ചു കഴിഞ്ഞ ഗ്ലാസുമെടുത്തവൻ വീണ്ടും അടുക്കളയിലേക്ക് ചെന്നപ്പോൾ തരുണി അവിടെ ഉണ്ടായിരുന്നില്ല… ഒന്ന് ചുറ്റും കണ്ണോടിച് അവിടെങ്ങും കാണാഞ്ഞു മുകളിലേക്ക് ചെന്നു നോക്കി… ആള് അപ്പോഴും എന്തോ ചിന്തയിൽ ബാൽക്കണിയിലിരിപ്പുണ്ട്…. അത് കണ്ടതും കൗശിക്ന് ചിരി പൊട്ടി…..

“”വിരഹ കാമുകി… “”

അവൻ മനസ്സിൽ പറഞ്ഞു

“”നീ ഇവിടെ ഇരിക്കുവാണോ….””

അവളുടെ അടുത്തേക്ക് ചെന്ന്.. ഇത്തിരി മുട്ടിയുരുമ്മിതന്നെ കൗശിയും ഇരുന്നു…

“”എന്താണ്.. നിനക്ക് എന്തോ പറ്റീട്ടുണ്ടല്ലോ… മൂഡ് ഓഫ്‌ ആണല്ലോ പെണ്ണേ…. “”

“”എനിക്കൊരു മൂഡ് ഓഫും ഇല്ലാ… സാറിന് എന്തോ പറ്റീട്ടുണ്ട്… അല്ലാതെ ഏത് നേരോം എന്റെ പിന്നാലെ കൂടാറില്ലല്ലോ… മണവാളൻ ആയതിന്റെ സന്തോഷാ ല്ലേ…. എനിക്കറിയാം. ‘”

“”എക്സാറ്റ്ലി….. കണ്ട് പിടിച്ചല്ലോ തരുണി..”

അവനും വിട്ട് കൊടുക്കാതെ സംസാരിച്ചു..

അവൾ കനപ്പിച്ചൊരു നോട്ടം നൽകി.

“തരുണി…. നീ ആരെയേലും പ്രേമിച്ചിട്ടുണ്ടോ?? “

കുറേ നേരത്തെ മൗനതിന് ശേഷമവൻ ചോദിച്ചു.

“”അതെന്താ ഇപ്പോ അങ്ങനൊരു ചോദ്യം?. എന്റെ ജീവിതത്തെ കുറിച്ചും സാഹചര്യത്തെ കുറിച്ചുമെല്ലാം സാറിന് അറിയില്ലേ…. നന്ദിയുണ്ട് കൂടെ കൂട്ടിയതിന്… സഹായിച്ചതിന്…. “”

“””ഇപ്പോഴും ഞാൻ ചോദിച്ചതിനുള്ള ഉത്തരമല്ല താൻ പറഞ്ഞത്…? “””

“”ഞാൻ ആരെയും പ്രേമിച്ചിട്ടി… ല്ലാ….””

അവന്റെ മുഖത്തു നോക്കാതെ തരുണി ഉത്തരം പറഞ്ഞു…..

അപ്പോഴേക്കും കൗശിക് ഇരുന്ന ഇടത്തിൽ നിന്നും അവളുടെ ചുമലിലൂടെ കയ്യിട്ടു പിടിച്ചു… ഒന്ന് ഞെട്ടി തരിച്ച ഭാവത്തിലായിരുന്നു അപ്പോൾ തരുണി…ഇത് വരെയും ഇങ്ങനൊന്നും ചെയ്തിട്ടില്ല… ഇത്ര അടുത്ത് സംസാരിച്ചിട്ടില്ല.. പക്ഷെ സാർ ഇന്നെന്താ ഇങ്ങനെ… അവൾ ആത്മഗതം മൊഴിഞ്ഞു….. കൗശിയിൽ നിന്നും മെല്ലെ നീങ്ങി മാറിയിരിക്കാൻ ശ്രമിച്ചു…. പക്ഷെ അവൻ അവളെ നീങ്ങാനാവാത്ത വിധം കൈ വലയത്തിൽ മുറുകെ പിടിച്ചിരുന്നു… തരുണി മെല്ലെ തലയുയർത്തി കൗശിക്കിനെ നോക്കി…..

“””ഈ കണ്ണുകളിൽ ഇപ്പോൾ തുളുമ്പുന്നത് എന്നോടുള്ള പ്രണയമല്ലേ തരുണി….. മ്മ്മ്..? “

“”അല്ല…””

ഒട്ടും താമസിയാതെ അവൾ മറുപടി പറഞ്ഞു.. എന്തോ ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ അവൾക്കപ്പോഴും മനസ് വന്നില്ലായിരുന്നു..കൗശി അവളെ ചേർത്ത് നേരെ പിടിച്ചു കൊണ്ട് ഇടത്തെ കവിളിൽ ഒരു മുത്തം വച്ചു കൊടുത്തു…

“”ഇപ്പോഴോ…. ഇപ്പോ പ്രണയം തോന്നുന്നില്ലേ നിനക്ക്…. “”

അവൾ ഒന്നും മിണ്ടിയില്ല.. പകരം പെയ്യാനായി മൂടി കെട്ടി നിന്നു….അവൻ വീണ്ടും വീണ്ടും കവിളിൽ മാറി മാറി ചുംബിച്ചു….. കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു…. ഒന്നിനെയും എതിർക്കാനാവാത്ത വിധം സ്വയം തരിച്ചു നിന്നെന്ന ബോധം ഉടലെടുത്തപ്പോൾ തരുണി സർവ ശക്തിയുമെടുത്തവനെ തള്ളിമാറ്റി…. എങ്കിലും അവന്റെ പിടി വിടാൻ അവൾക്കായില്ല…….

“”ഇതൊന്നും പ്രണയല്ലേ തരുണി… നീ ഇപ്പോ മറുത്തൊന്നും പറയാതെ എന്നെ ചേർത്ത് പിടിച്ചത് പ്രണയല്ലേ… പിന്നെ അതെന്താ നിനക്കൊന്ന് സമ്മതിച്ചാൽ… ഹ്മ്മ്?? “”

അവൾ ഒന്നും മിണ്ടിയില്ല…കുറേ കരഞ്ഞു… സങ്കടം മാറും വരെയും….. തരുണി ഒന്നും മിണ്ടാതെയും, ഇഷ്ടം തുറന്ന് പറയാതെയും വെറുതെ കരയുന്നത് കാണുമ്പോൾ കൗശിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….കലി തുള്ളി അവിടെ നിന്നും എഴുന്നേറ്റ് പോകാൻ നോക്കിയപ്പോഴേക്കും തരുണി പിന്നിൽ നിന്നും ചെന്നവനെ കെട്ടിപിടിച്ചു……

“””ഇഷ്ടാണോ എന്നെ….??പ്രണയാണോ എന്നോട്…… എനിക്കും ഇഷ്ടണല്ലോ ഒരുപാട്.. പക്ഷെ ആഗ്രഹിക്കാൻ പാടില്ലാത്തതെന്തോ സ്വന്തമാക്കാൻ പോകുന്ന പോലെ തോന്നി… എല്ലാം മറച്ചു വെക്കാം ന്ന് തോന്നി…… സാർ എന്നല്ല… കൗശിയേട്ടാന്ന് എത്ര തവണ ആരും കേൾക്കാതെ ഞാൻ വിളിച്ചിട്ടുണ്ടെന്ന് അറിയോ….. അത്രയും ഇഷ്ടാണ്… എന്നെ കരയ്ക്കടുപ്പിച്ച ഈ ദൈവത്തോട്… എല്ലാമാണ്… എന്റെ പ്രാണനാണ്…. “””

കരഞ്ഞു കൊണ്ട് അവളുടെ വായിൽ നിന്നും അത്രയൊക്കെ കേട്ടതും അവന്റെ മിഴികളും തനിയെ നിറഞ്ഞിരുന്നു…കൗശി അഭിമുഖമായി നിന്നുകൊണ്ട് അവളുടെ മുഖം കൈ കുമ്പിളിലാക്കി നെറ്റിമേൽ ചുംബിച്ചു…

“”വേറെ ഒരു പെണ്ണും എന്റെ മനസ്സിൽ ഇല്ല. നീ മാത്രല്ലാതെ…തരുണിക്കല്ലാതെ വേറെ ഒരു പെണ്ണിനും ഈ നെഞ്ചിൽ സ്ഥാനം കൊടുത്തിട്ടില്ല ഞാൻ…… “”

അവനവളുടെ നെറ്റിമേൽ പാറി വീണിരിക്കുന്ന മുടിയിഴകൾ മെല്ലെ ചെവിക്കുള്ളിലേക്ക് ഒതുക്കി കൊടുത്തു…. ഇതുവരെയും നോക്കാത്ത വിധം അവളുടെ കണ്ണുകളിലേക്ക് നോക്കി… അത്ര പ്രേമത്തോടെ……

“”””തരുണി…. ഐ ലവ് യൂ….. “”

കൗശിക് അവളുടെ മൂക്കിൻ തുമ്പിലൊരു ചെറു കടി വച്ചു കൊടുത്തു…പിന്നെ ഊർന്നിറങ്ങി അധരങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചതും തരുണി ഒരു പിടച്ചിലോടെ മാറി… പക്ഷെ അവൻ അവളുടെ ആ നാണത്തെ പതിയെ പതിയെ ഒപ്പിയെടുത്തു…. അവൾ പോലുമറിയാതെ അധരങ്ങളെ സ്വന്തമാക്കി നുണഞ്ഞു….അവളുടെ നഖം കഴുത്തിനു പിന്നിൽ അമരുന്നത് കൗശി അറിയുകയായിരുന്നു….വീണ്ടും വീണ്ടും പിടിവിടാതെ ചുംബിച്ചു കൊണ്ടവൻ അത്രയും നാൾ കാത്തു വച്ച പ്രണയം പകർന്നു….

പക്ഷെ അവിടേക്ക് കയറി വന്ന് കൊണ്ട് അമ്മ അതെല്ലാം കാണുന്നുണ്ടായിരുന്നു… വിളറികൊണ്ടവർ മാറി നിന്നു…. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം കണ്മുന്പിലെ ആ കാഴ്ച അവർക്ക് കണ്ണുനീർ സമ്മാനിച്ചു…. ഒന്നും പറയാതെ പടികൾ ഇറങ്ങി താഴോട്ട് ചെന്ന് സോഫയിൽ ഇരുന്നു…..

“””അവർക്കിടയിൽ ഇങ്ങനൊന്ന് ഉണ്ടായിരുന്നോ… ഒന്നും പറഞ്ഞില്ലല്ലോ രണ്ടും….. ആ പെണ്ണ് രാവിലേം കൂടി പറഞ്ഞതാണല്ലോ കൗശിക്കിനു മറ്റേ കുട്ടി നന്നായി ചേരുമെന്ന്…. എന്നിട്ടവള് തന്നെ… ച്ചേ…… വന്ന വഴി മറക്കില്ലല്ലോ…അത് പോലൊരുത്തിയെ എടുത്ത് തലേൽ വച്ച എന്നെ പറഞ്ഞാൽ മതീലോ….എന്റെ മോനേം കൂടി…… “”

അവർ ഓരോന്നായി മനസ്സിൽ കുറിച്ചിട്ടു…അപ്പോഴേക്കും കൗശിക്കും തരുണിയും താഴേക്ക് വന്നിരുന്നു… അമ്മയെ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ചേർന്നൊരുമ്മി വന്നപ്പോൾ തരുണി മാറി നിൽക്കാൻ ശ്രമിച്ചു…. പക്ഷെ കൗശി അവളുടെ കയ്യിൽ മുറുകെ തന്നെ പിടിച്ചു…

“”അമ്മ വന്നിട്ട് ഒത്തിരി നേരായോ?? “”

തരുണി ആയിരുന്നു ചോദിച്ചത്.. പക്ഷെ ഉത്തരമൊന്നും നൽകാതെ അമ്മ എഴുന്നേറ്റ് പോയി…

“”അമ്മേ…. “”” അവൾ ഒന്നുകൂടി വിളിച്ചു….

“”എന്നെ അങ്ങനെ വിളിക്കണ്ട നീയ്…. രണ്ടിന്റേം ലീല വിലാസങ്ങളൊക്കെ ഞാൻ കണ്ടു… ദേ…എന്റെ മോനെ കൂടി നീ വഴി തെറ്റിക്കരുത്… അവന്റെ നല്ല ഭാവി.. കല്യാണം അതൊക്കെ പ്രതീക്ഷിച്ചിരിക്യാ ഞാൻ… നിങ്ങൾക്ക് തോന്നും പോലെ ജീവിക്കാൻ ആണോ ഉദ്ദേശം.. നാളെ അവന്റെ ജീവിതത്തിലേക്ക് പുതിയൊരു പെണ്ണ് കേറി വരുമ്പോ നീ ഇവിടെ ഉണ്ടാകാൻ പാടില്ല.. ഇപ്പോ ഇറങ്ങിക്കോളണം ഇവിടുന്ന്””.

ഒരൊറ്റ ശ്വാസത്തിൽ ചീറി അടുത്തു കൊണ്ട് തരുണിയോട് പറഞ്ഞു.. അവൾ വാടി കൊണ്ട് ചുവരിൽ ചാർന്നു പോയി….

“”നീ.. സാറെ… എന്ന് വിളിച്ച് ഇവന്റെ പിന്നാലെ കൂടി… ഞാൻ ഇവിടെ ഇല്ലാത്ത തക്കം നോക്കി വേറെ വല്ലതും നടന്നോ ന്ന് ആർക്കറിയാം….”””

ഒക്കെയും കേൾക്കുമ്പോൾ അവൾ നിഷേധാര്ഥത്തിൽ തലയാട്ടികൊണ്ട് കരഞ്ഞു… കൗശിക് അമ്മയെ അനുനയിപ്പിക്കാൻ അവരുടെ അടുത്തേക്ക് ചെന്നു…

“”അമ്മേ…അമ്മ കരുതും പോലൊന്നും അല്ല… എനിക്ക് തരുണിയെയും അവൾക്ക് എന്നെയും ഇഷ്ടാണ്… അത് ദേ… ഈ നിമിഷ തുറന്ന് പറഞ്ഞത്…അവളെ കുറ്റപ്പെടുത്തല്ലേ… “”

“”നിർത്തെടാ…നീ…. നീയും കണക്കാ..ച്ചേ… “‘

“”അമ്മ ഒന്ന് വിശ്വസിക്ക്‌.. എനിക്ക് ഇവളെ ഇഷ്ടാണ്.. വിവാഹം കഴിക്കുന്നുണ്ടേൽ അത് തരുണിയെ മാത്രമായിരിക്കും..ദയവ് ചെയ്ത് ഇവളെ തെറ്റ് ധരിക്കരുത്..ഉള്ളിലുള്ള ഇഷ്ടം പരസ്പരം തുറന്ന് പറയാൻ അല്പം വൈകി പോയി.. അത്രമാത്രേ ഉള്ളു…. “”

അവൻ പറയുന്നത് കേട്ടപ്പോൾ അമ്മ തല കുനിച്ചു നിന്നു. പിന്നെ മുറിയിലേക്ക് ചെന്ന് കിടന്നു… തരുണിയും പിന്നാലെ പോകാൻ ശ്രമിച്ചെങ്കിലും കൗശിക് തടഞ്ഞു വച്ചു…

“””പേടിക്കണ്ട… എന്റെ അമ്മയല്ലേ.. അത്ര നേരം പിണങ്ങി ഇരിക്കത്തൊന്നുല്ലാ…. “”

അവളെ സമാധാനിപ്പിച്ചു കൊണ്ട് കൗശിക് പുറത്തേക്കിറങ്ങി.. എങ്കിലും തരുണിയുടെ ഉള്ളം ചുട്ടു പൊള്ളുകയായിരുന്നു…. അന്ന് രാത്രി വരെ മൂവരും പരസ്പരം ഒന്നും മിണ്ടിയില്ല…. ഭക്ഷണം പോലും കഴിച്ചില്ല . എല്ലാം താൻ കാരണമാണോ എന്ന തോന്നൽ തരുണിയെ മുറിവേൽപ്പിക്കാൻ തുടങ്ങി… കിടന്നിടത്തു നിന്നും ഒരുപാട് കരഞ്ഞു… പെട്ടെന്നാണ് നെറുകയിൽ ഒരു തലോടൽ അറിഞ്ഞത്…. അടുത്ത സ്പർശം അറിഞ്ഞപ്പോൾ തന്നെ അവൾ തിരിഞ്ഞു നോക്കി….

“”അമ്മ.. “”

അറിയാതെ നാവിൽ ഉരുവിട്ടു….

“”പോട്ടെ… ദേഷ്യം വന്നപ്പോൾ പറഞ്ഞ് പോയതാ… നമ്മൾ മൂന്നാളും ഇങ്ങനെ പിണങ്ങി ഇരിക്കണത് അമ്മയ്ക്ക് സഹിക്കണില്ല….മോള് ക്ഷമിക്കില്ലേ ഈ അമ്മയോട്….. നിങ്ങടെ ഇഷ്ടം എന്താണോ.. അത് പോലെ നടക്കട്ടെ.. ഞാൻ തടസം നിക്കില്ല.. “””

ആാാ വാക്കുകൾ കേട്ടപ്പോൾ തന്നെ തരുണി അമ്മയെ ഇറുകെ പുണർന്നു..

“”അമ്മയോട് ദേഷ്യംന്നുല്ലാ…പിണങ്ങാണ്ടായിരുന്നു.. അത് ഇത്തിരി വിഷമായി പോയി… “”

അവൾ പറഞ്ഞ് കഴിയുമ്പോഴേക്കും കൗശിക്കും മുറിയിലേക്ക് വന്നു….. അവനെയും അമ്മ ചേർത്തു പിടിച്ചു… അന്ന് ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും തരുണിയും കൗശികും അമ്മയെ വട്ടം പിടിച്ചു കൊണ്ട് അവിടെ തന്നെ കിടന്നുറങ്ങി……

‘”‘നമുക്ക് നമ്മൾ മാത്രം മതി അമ്മേ… വേറെ എവിടെയും ഇതേ പോലുള്ള സ്നേഹം കിട്ടില്ല.. “”

കൗശിക് പറഞ്ഞപ്പോൾ അമ്മ അവന്റെ കവിളിൽ ഒന്നു പിടിച്ചു….

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് പോയി..കാലക്ഷേത്രയിലെ ഉൾക്കോണിൽ നിന്നും ചിലങ്കയുടെ നാദം കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു…കൗശിക് ആ ശബ്ദങ്ങളിലേക്ക് തന്നെ കാതോർമിച്ചു… അപ്പോഴേക്കും കുഞ്ഞി വാവയെയും എടുത്തോണ്ട് അമ്മ പുറത്തേക്ക് വന്നു…

ഉറക്കം തെളിഞ്ഞു കണ്ണൊക്കെ തിരുമ്മുന്ന ആ കുട്ടി തരുണിയെ കൗശി കൈകളിൽ വാങ്ങിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു….

“””മോള്.. അമ്മേടെ കൂടെ ഡെൻസ് കച്ചുന്നോ….. ദാ…. കൊച്ചിനെ പിടിയെടി..ഡാൻസ് ടീച്ചറെ.. “”

അവൻ തരുണിയോട് ഗൗരവ പൂര്വ്വം പറഞ്ഞു… അവൾ അപ്പോൾ പുരികം ചുളിച്ചു കൊണ്ടൊരു നോട്ടം നൽകി..അപ്പോഴേക്കും ഒരു കവിളിൽ വാവയ്ക്കും മറ്റേ കവിളിൽ തരുണിക്കും മുത്തം വച്ചു കൊണ്ട് കൗശിക് ഓടിയിരുന്നു…

“”കണ്ടോടി… കോഴി കുഞ്ഞ് ഓടണ കണ്ടോ..””

വാവയോടായി അവൻ കേൾക്കാൻ പാകത്തിന് തരുണി ചിരിച് കൊണ്ട് പറഞ്ഞു…

ഇനി… ഇനിയെന്താ….

“”അവിടെ നിലയ്ക്കാതെ ഉയരുന്ന ചിലങ്കയുടെ നാദം പോലെ തന്നെ അവരും പ്രണയത്തിലാണ്… സന്തോഷത്തിലാണ്… വരും നാളുകളിലേക്കും ആടി തിമിർക്കാൻ എത്രയോ ബാക്കിയാക്കി കൊണ്ട്….. “” പോരെ..

അവസാനിച്ചു.

അഭിപ്രായങ്ങൾ പറയ് ട്ടോ..ഒത്തിരി സ്നേഹം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *