ഞാൻ ചെല്ലുമ്പോൾ അമ്മ ഹാളിൽ സീരിയലും കണ്ട് കൊണ്ട് ഇരിപ്പുണ്ട്, എന്നും അമ്മയുടെ അടുത്ത് തന്നെ മൊബൈൽ കുത്തി ഇരിക്കുന്ന എന്റെ കെട്ടിയോളെ കണ്ടില്ല……..

കെട്ടിയോൾ…

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരത്ത് ആണ് മൈബൈൽ എടുത്തു നോക്കിയത്, വീട്ടിൽ നിന്ന് അഞ്ചാറ് മിസ്സ്‌ കാൾ കിടക്കുന്നു, മൊബൈൽ സൈലന്റ് ആയത് കൊണ്ട് കാൾ വന്നത് അറിഞ്ഞിരുന്നില്ല. ഇനിയിപ്പോ കെട്ടിയോളുടെ ഉപദേശം എല്ലാം കേൾക്കണം എന്ന് ഓർത്തണ് തിരികെ വിളിച്ചത്..

ഒരു തവണ ഫുൾ ബെൽ അടിച്ചിട്ടും കാൾ എടുത്തില്ല, ഇതിപ്പോ എവിടെ പോയി കിടക്കുന്നു അല്ലേ ഫുൾ ടൈം മൊബൈൽ തോണ്ടികൊണ്ട് ഇരിക്കുന്ന ആളാണ്.. പിന്നെയും കാൾ ചെയ്ത് മൊബൈൽ ചെവിയിലോട്ട് വച്ചു, ആദ്യം ബെല്ലിൽ തന്നെ കാൾ അറ്റന്റായി..

” നീയിത് എവിടെ പോയി കിടക്കുക ആയിരുന്നു എത്ര തവണ വിളിച്ചു… “

ഞാൻ ന്തേലും പറയും മുൻപേ അമ്മയുടെ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞു…

” മൊബൈൽ സൈലന്റ് ആയിരുന്നു, ന്താ അമ്മേ വിളിച്ചത്.. “

അമ്മ ദേഷ്യപെടുമ്പോൾ മാത്രം പുറത്ത് വരുന്ന എന്റെ വിനയം വാരി വിതറി കൊണ്ട് ഞാൻ ചോദിച്ചു..

” ആ നീ വരുമ്പോൾ കുറച്ച് ലഡു വാങ്ങി വരണം… “

“ലഡു വോ… “

ഞാൻ ഒന്ന് കൂടി ചോദിച്ചു…

” ആ ന്താ നീ കേട്ടിട്ടില്ലേ ലഡു എന്ന്… “

“ആ ഉണ്ട്… “

വീണ്ടും ഞാൻ വിനയത്തോടെ പറഞ്ഞു….

” ആ എന്നാൽ നീ വരുമ്പോൾ പത്ത് ഇരുപത് ലഡു വാങ്ങി വാ… “

അത് പറഞ്ഞ് അമ്മ കാൾ കട്ട്‌ ചെയ്തു, പത്തു ഇരുപതു ലഡുവോ ഇതെന്തിനാ ഇപ്പോൾ ഇത്രേം ലഡു എന്നായി എന്റെ സംശയം.. അതുമല്ല കെട്ടിയോൾ ഫോൺ എടുക്കാതെ എന്തിന അമ്മയുടെ കയ്യിൽ കൊടുത്തത്, പിന്നെയും പല പല സംശയങ്ങൾ വന്നു പൊയ് കൊണ്ടിരുന്നു…

ബൈക്കും എടുത്ത് ഒരു ബേക്കറിയുടെ മുന്നിൽ എത്തി, എന്തായാലും കെട്ടിയോളെ ഒന്ന് കൂടി വിളിച്ച് നൈസിന് കാര്യം അറിയാം എന്ന് കരുതി ഞാൻ വീണ്ടും കാൾ ചെയ്തു…

” ന്താടാ ലഡു കിട്ടിയില്ലേ… “

വീണ്ടും അമ്മയുടെ ശബ്ദം..

“അല്ലമ്മേ ചുവന്ന ലഡു വേണോ മഞ്ഞ ലഡു വേണോ എന്നറിയാൻ വിളിച്ചത…. “

” ആ മഞ്ഞ മതി… “

പിന്നെയും അമ്മ കാൾ കട്ട് ആക്കി… എന്തായാലും വീട്‌ എത്തുന്നത് വരെ ഇനി ക്ഷമിച്ചാലേ പറ്റുള്ളൂ, അത് കൊണ്ട് ലഡുവും വാങ്ങി നേരെ വീട്ടിലേക്ക് ചെന്നു..

ഞാൻ ചെല്ലുമ്പോൾ അമ്മ ഹാളിൽ സീരിയലും കണ്ട് കൊണ്ട് ഇരിപ്പുണ്ട്, എന്നും അമ്മയുടെ അടുത്ത് തന്നെ മൊബൈൽ കുത്തി ഇരിക്കുന്ന എന്റെ കെട്ടിയോളെ കണ്ടില്ല.. കയ്യിൽ ഇരുന്ന ലഡു അമ്മയ്ക്ക് നേരെ നീട്ടിയപ്പോൾ അമ്മ അൽപ്പം ഗൗരവത്തോടെ എന്നെ നോക്കി…

” അവളെന്തിയെ അമ്മേ… “

ഞാൻ വിനയം കൈവിടാതെ ചോദിച്ചു…

” അവൾ തലവേദന എന്നും പറഞ്ഞു കിടക്കുകയാ… “

അമ്മ ഗൗരവത്തോടെ പറഞ്ഞപ്പോൾ, ഇനി അമ്മയും മരുമോളും തമ്മിൽ അടിച്ചു പിരിഞ്ഞോ എന്നായിരുന്നു എന്റെ സംശയം. എങ്കിലും ഇപ്പോൾ ലഡു എന്തിനാ എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല… ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ ചരിഞ്ഞു കിടക്കുകയാണ്…

” ടാ.. നിൽക്കാതെ പോയി കുളിച്ചേ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… “

ഞാൻ കെട്ടിയോളോട് എന്തേലും ചോദിക്കും മുൻപേ പുറകിൽ നിന്ന് അമ്മയുടെ ശബ്ദം വന്നു.. പതിവില്ലാതെ അമ്മയുടെ ശബ്ദത്തിന് ഗൗരവം കൂടിയപ്പോൾ എനിക്ക് വീണ്ടും സംശയങ്ങൾ വന്നു…

ബാത്‌റൂമിൽ കയറി ഷവറിന്റെ ചോട്ടിൽ നിൽക്കുമ്പോഴും എന്റെ ചിന്ത അമ്മയിൽ പെട്ടെന്ന് ഉണ്ടായ ഗൗരവം ആയിരുന്നു, അമ്മയ്ക്ക് മാലിനി സ്വന്തം മോളേ പോലെയാണ്, തിരിച്ചു മാലിനിക്ക് സ്വന്തം അമ്മയെ പോലെയും, കളിക്ക് ആണെങ്കിലും രണ്ടു പേരും വഴക്കിടുന്നത് പോലും കണ്ടിട്ടില്ല, അയൽവാസി തെണ്ടികൾക്ക് ഒക്കെ ഇത് കാണുമ്പോൾ കുശുമ്പ് ആയിരുന്നു, ഇനിയിപ്പോ ഈ വീട്ടിൽ സമാധാനം കിട്ടുമോ ആവോ..

പെട്ടെന്ന് കുളി കഴിഞ്ഞ് ഹാളിലേക്ക് ചെല്ലുമ്പോൾ ടീവിയും ഓഫ് ആക്കി രണ്ടാളും ഹാളിൽ ഇരിപ്പുണ്ട്, കെട്ടിയോൾ ആണേൽ എന്റെ മുഖത്ത് പോലും നോക്കാതെ തലകുമ്പിട്ട് ഇരിക്കുകയാണ് അമ്മയുടെ മുഖത്ത് പതിവ് ഇല്ലാത്ത ഗൗരവവും…

” ഇതെന്താ ടീവി ഓഫ് ആക്കി വച്ചേക്കുന്നേ… “

ആരും മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ അതും ചോദിച്ചു കൊണ്ട് ടീവി ഓൺ ചെയ്യാൻ പോയി..

” ടാ നീ ഇങ്ങു വന്നേ…. “

അമ്മ ഗൗരവം വെടിയാതെ വിളിച്ചു.. ഇതുവരെ വീട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ അമ്മയുടെ അടുക്കലേക്ക് ചെന്നു…

” ഇതിൽ നിന്ന് ഒരു ലഡു എടുത്ത് അവൾക്ക് കൊടുക്ക്‌…. “

അമ്മ അത് പറഞ്ഞപ്പോൾ കുറച്ചു നേരം ഞാൻ അമ്മയെയും കെട്ടിയോളെയും മാറി മാറി നോക്കി..

” ടാ എടുത്തു കൊടുക്കാൻ… “

അമ്മ ഒന്ന് കൂടി പറഞ്ഞപ്പോൾ ഞാൻ യാന്ത്രികമയി ലഡു എടുത്തു അവൾക്ക് നേരെ നീങ്ങി, എന്റെ മുഖഭാവവും ചലനവും കണ്ടപ്പോൾ അത് വരെ ഗൗരവത്തിൽ നിന്ന അമ്മ പെട്ടെന്ന് പൊട്ടി ചിരിച്ചു, ഒപ്പം കെട്ടിയോളും. ഞാൻ അപ്പോഴും ഒന്നും മനസ്സിലാകാതെ രണ്ട് പേരെയും നോക്കി നിന്നു…

” ടാ… നീ ഒരു അച്ഛൻ ആകാൻ പോകുന്നു, അവൾ ഒരു മാസം ഗർഭിണി ആണ്, നിനക്ക് ഒരു സർപ്രൈസ് തരാൻ ഞാനും മോളും കൂടി കാണിച്ചു കൂട്ടിയതാണ് ഇതൊക്കെ… “

അമ്മ ചിരിച്ച് സന്തോഷത്തോടെ പറയുമ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അന്ധാളിച്ചു നിന്നു.. ഞാൻ കെട്ടിയോൾക്ക് അരികിൽ തറയിൽ ചെന്ന് ഇരുന്ന് തല കുനിച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു, താടിയിൽ പിടിച്ച് മുഖം ഉയർത്തി അവളുടെ കവിളിൽ ഒരു ചുംബനം നൽകുമ്പോഴേക്കും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..

അപ്പോഴേക്കും അമ്മ ബന്ധുക്കളെയും നാട്ടുകാരെയും ആ സന്തോഷവാർത്ത വിളിച്ച് അറിയിക്കുന്ന തിരക്കയിൽ ആയിരുന്നു.. നമ്മളെക്കാൾ ഏറെ സന്തോഷം അമ്മയുടെ മുഖത്ത് ആയിരുന്നു..

പിന്നീടുള്ള ഓരോ ദിവസവും സന്തോഷങ്ങളുടെ ആയിരുന്നു, ഞാനും അമ്മയും അവളെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് നോക്കിയത്. രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോൾ കെട്ടിയോൾക്ക് ഛർദിൽ തുടങ്ങി, ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ എന്ത് കഴിച്ചാലും അപ്പോൾ അത് പുറത്തേക്ക് പോകും, ആളാകെ ക്ഷീണിച്ചു നാശമായി. എപ്പോഴും കിടത്തം തന്നെ.. ഞാനും അമ്മയും നിർബന്ധിച്ച് എന്തേലും കൊടുക്കും,,

“സിനിമയിൽ കാണുന്നത് പോലെ പച്ചമാങ്ങയും, പുളിയും, മസാലദോശയു മൊന്നും എന്റെ കെട്ടിയോൾക്ക് വേണ്ടെല്ലോ … “

എന്ന് അമ്മയോട് പറഞ്ഞപ്പോൾ,

അതൊക്കെ സിനിമയിൽ അല്ലേ മോനെ ജീവിതത്തിൽ പലതും ഇങ്ങനെ ഛർദിലും ക്ഷീണവും ഒക്കെ ആണെന്ന് പറഞ്ഞമ്മ ചിരിച്ചു…

അടുക്കളയിൽ അമ്മ ആഹാരം വയ്ക്കുന്നതിന്റെ മണം അടിക്കുമ്പോൾ കെട്ടിയോൾ ഛർദിൽ തുടങ്ങും…

“നിന്റെ മരുമോൾക്ക് ഇത് വല്ലാത്ത ഏനക്കേട് തന്നെ ലോകത്ത് വേറെ ആരും ഗർഭിണി ആയിട്ടില്ലല്ലോ… “

എന്ന് അയൽവക്കത്തെ ചേച്ചിമാർ പറയുമ്പോൾ…

” അവൾ എന്റെ മോളാ, അവൾ എന്റെ വീട്ടിൽ അല്ലേ കിടക്കുന്നത് നിങ്ങൾക് ബുദ്ധിമുട്ട് ഇല്ലാലോ… “

എന്ന് അമ്മ ചുട്ട മറുപടി കൊടുത്ത് കെട്ടിയോളുടെ അടുത്ത് വന്ന് ഇരിക്കുമ്പോൾ അവൾ അമ്മയുടെ കുഞ്ഞു മോൾ പോലെ ആ മടിയിൽ തലവച്ചു കിടക്കും..

” അതെ മുഷിഞ്ഞ തുണിയൊക്കെ അപ്പപ്പോൾ കഴുകി ഇട്ടോളണം, അല്ലാതെ കൂട്ടി ഇട്ട് അമ്മയെ ബുദ്ധിമുട്ടിപ്പിക്കരുത്, പാവം എല്ലാം ഇപ്പോൾ തനിച്ചാണ് ചെയ്യുന്നത്… “

രാത്രി വന്ന് ഡ്രസ്സ്‌ മാറി ഇടുമ്പോൾ അവൾ എന്നെ ഓർമിപ്പിക്കും..

” നിന്റെ വല്ല ഡ്രെസ്സും അലക്കാൻ ഉണ്ടോ… “

ഞാൻ മുഷിഞ്ഞ ഡ്രെസ്സും വാരി ബാത്‌റൂമിൽ പോകുമ്പോൾ എന്നെ നോക്കി കിടക്കുന്ന കെട്ടിയോളോട് ചോദിച്ചു.. അവൾ ഇല്ലെന്ന് തലയാട്ടികൊണ്ട് എന്നെ അടുത്തേക്ക് വിളിച്ച് എന്റെ കവിളിൽ ഒരു ചുംബനം നൽകും, തിരിച്ച് അവളുടെ നെറ്റിയിൽ ചുംബനം കൊടുത്ത് കൊണ്ട് കുളിക്കാൻ പോയി…

രാത്രി ആരോടും മിണ്ടാതെ വേദനിക്കുന്ന കാലുകൾ അവൾ തന്നെയിരുന്ന് തടവുമ്പോൾ എന്നെ വിളിക്കാതതിന് ഞാൻ ശാസിക്കും..

” അതൊന്നും സാരമില്ല ഞാൻ ചെയ്തോളാം, ഏട്ടൻ കിടന്നോളു… “

എന്ന് പറഞ്ഞ് വീണ്ടും കട്ടിലിൽ കാലും നീട്ടി ഇരുന്ന് സ്വയം തടവുന്ന അവളുടെ നീരുവച്ച കാലുകൾ തടവി കൊടുക്കുമ്പോൾ ഇമ വെട്ടാതെ എന്റെ കണ്ണുകളിൽ നോക്കി അവൾ കിടക്കും… ആറാം മാസം വീർത്തുവന്ന അവളുടെ വയറ്റിൽ ചെവിവച്ച് കുട്ടിയുടെ അനക്കം ശ്രദ്ധിക്കുമ്പോൾ….

” ഇത് മോള് തന്നേയ…”

എന്ന് ഞാൻ പറയും..

” മോള് അയാലും മോൻ ആയാലും നമുക്ക് ഒരുപോലെ അല്ലേ… “

എന്ന് പറഞ്ഞവൾ എന്റെ തലമുടിയിൽ തഴുകും…

ഏഴാം മാസം അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നതിന്റെ തലേദിവസം എന്നെയും അമ്മയെയും പോലെ അവളുടെ മുഖത്തിനും വല്യ തെളിച്ച മില്ലായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം പോകുമ്പോൾ അവളെ പോലെ അമ്മയുടെയും എന്റെയും കണ്ണുകൾ നിറഞ്ഞു..

അവൾ പോയി കഴിഞ്ഞപ്പോൾ വീട്‌ ആകെ ഉറങ്ങിയത് പോലെ, അമ്മ ആകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി…

” അല്ലെ ഞാൻ പോയി അവളെ കൂട്ടികൊണ്ട് വരട്ടെ അമ്മേ..”

അമ്മയുടെ വിഷമം കണ്ടപ്പോൾ ഞാൻ പറഞ്ഞു പോയി..

“അത് വേണ്ട അവളുടെ അച്ഛനും അമ്മയ്ക്കും ആഗ്രഹം കാണില്ലേ ഈ സമയത്ത് അവളെ നോക്കാൻ… “

അത് ശരിയാ കുറെ ആചാരങ്ങൾ ഞാൻ മനസ്സിൽ പിറുപിറുത്തു.. ദിവസവും മൂന്നും നാലും നേരം വിളിക്കുമെങ്കിലും അവൾ അടുത്ത് ഇല്ലാത്തത് കൊണ്ട് ഒന്നിനും ഒരു ഉന്മേഷം ഇല്ല..

ഒരു ദിവസം രാത്രി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു, ഞങ്ങൾ എത്തും മുൻപേ അവളെ ലേബർ മുറിയിൽ കയറ്റി.. പിന്നെ നെഞ്ചിടിപ്പോടെ ലേബർ മുറിയുടെ പുറത്തുള്ള നിമിഷങ്ങൾ…

ഒരു നേഴ്‌സ് വാതിൽ തുറന്നുവന്ന് മാലിനി പ്രസവിച്ചു പെൺ കുട്ടി ആണെന്ന് പറഞ്ഞപ്പോൾ ആഹ്ലാദം കൊണ്ട് തുള്ളി ചാടാൻ ആണ് തോന്നിയത്.. പിന്നെയും അൽപ്പം കഴിഞ്ഞാണ് കുട്ടിയെ പുറത്ത് കൊണ്ട് വന്ന് കാണിച്ചത്, മോളേ കയ്യിൽ വാങ്ങുമ്പോൾ കൈകളിൽ ചെറിയ വിറയൽ പോലെ, സന്തോഷം കൊണ്ട് എന്ത് ചെയ്യാണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥ,

കുട്ടിയെ നേഴ്സ്നു തിരികെ ഏൽപ്പിക്കുമ്പോൾ വാതിലിന്റെ ഇടയിൽ കൂടി ഞാൻ ഞാൻ കണ്ടു എന്റെ കെട്ടിയോളുടെ മുഖം, കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ടയിരുന്നു, ഞാൻ കൂടെ ഉണ്ടെന്ന് കണ്ണുകൾ കൊണ്ട് ഞാൻ കെട്ടിയോളോട് പറഞ്ഞപ്പോൾ ആ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടർന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *