ഞാൻ ജനിച്ചത് ഏതോ വലിയ ദോഷ സമയത്താണത്രെ .അതുെകാണ്ടാണ് പോലും ഞാൻ ജനിച്ചപ്പോൾ തന്നെ എന്റെ അച്ഛൻ മരണപ്പെട്ടത് . അന്ന് മുതൽ അച്ഛമ്മയ്ക്കും അമ്മമ്മയ്ക്കും ഞാൻ ദുശ്ശകുനമായി……….

വെള്ളിപ്പൂരാടം

എഴുത്ത്:-ഗീതു അല്ലു

“നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എവിടെയെങ്കിലും പോകാൻ നേരത്ത് ഈ ചൂലും പിടിച്ചു ഇങ്ങനെ മുറ്റത്തു നിക്കരുതെന്നു. അശ്രീകരം പിടിച്ച ജന്തു. നിന്നെ കണി കണ്ടു ഇറങ്ങിയാൽ തന്നെ നാശമാ. അപ്പോഴാ ഒരു ചൂലും കൂടി “.

അമ്മമ്മയുടെ ശകാരം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.ബാങ്കിലേക്ക് പോകാൻ ഒരുങ്ങി ഉമ്മറത്ത് വന്നു നിൽപ്പാണ്. ഞാൻ ചൂല് വീടിന്റെ പിന്നാമ്പുറത്തേക്ക് ചാരി വച്ചിട്ട് കാലും കയ്യും കഴുകി അകത്തേക്ക് കയറി.

അകത്തു കേറി നിന്ന് അമ്മമ്മയോട് പറഞ്ഞു

“ഇനി എന്നെ കണ്ടോണ്ട് പോയിട്ട് പെൻഷൻ കാശു കിട്ടാതിരിക്കണ്ട. “

അവർ എന്തോ പിറു പിറുത്തു കൊണ്ട് പുറത്തേക്ക് പോയി. ഞാൻ ഒഴുകി വന്ന കണ്ണുനീർ തുടച്ചു അകത്തേക്കും. അടുക്കളയിൽ ഞങ്ങളുടെ സംസാരം കേട്ടു കൊണ്ട് അമ്മ നിൽപ്പുണ്ടായിരുന്നു.

അമ്മ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു വയസായ സ്ത്രീ അല്ലെ മോളെ പറഞ്ഞതൊന്നും കാര്യമാക്കണ്ട എന്ന്.

എനിക്ക് ഒരു കുഴപ്പവും ഇല്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിക്കുള്ളിലേക്ക് പോയി .ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ് ഈ നശൂലം പിടിച്ചവൾ എന്നും അശ്രീകരം പിടിച്ചവൾ എന്നുമുള്ള വിളികൾ , കേട്ട് ശീലമായതുകൊണ്ട് മനസ്സൊക്കെ കരിങ്കല്ല് പോലായി, ഇടയ്ക്കൊക്കെ ആ വിളി കേൾക്കുമ്പോ ചുണ്ടിലൊരു പരിഹാസച്ചിരി വിരിയാറുണ്ടെങ്കിലും ചില നേരത്ത് ആ ശകാരം എന്റെ മനസ്സിനെ കീറി മുറിക്കാറുണ്ട് ഒരുപാട് സങ്കടം വരാറുണ്ട്

ഞാൻ ജനിച്ചത് ഏതോ വലിയ ദോഷ സമയത്താണത്രെ .അതുെകാണ്ടാണ് പോലും ഞാൻ ജനിച്ചപ്പോൾ തന്നെ എന്റെ അച്ഛൻ മരണപ്പെട്ടത് . അന്ന് മുതൽ അച്ഛമ്മയ്ക്കും അമ്മമ്മയ്ക്കും ഞാൻ ദുശ്ശകുനമായി . എന്നെ ആകെ സ്നേഹിച്ചിരുന്നത് എന്റെ അമ്മ മാത്രമായിരുന്നു .

എന്റെ നാളു ദോഷം കൊണ്ടാണ് അച്ഛൻ മരിച്ചതെന്നും പറഞ്ഞു അച്ഛമ്മ എന്നെയും അമ്മയെയും വീട്ടീന്നു പുറത്താക്കി. കൈ കുഞ്ഞായിരുന്ന എന്നെയും കൊണ്ട് സ്വന്തം വീട്ടിൽ വന്ന് കയറുമ്പോൾ അമ്മയ്ക്കു കുറേ പ്രതീക്ഷകളുണ്ടായിരുന്നു.

അച്ഛൻ ഇല്ലാത്ത എന്നെ അമ്മമ്മ പൊന്നു പോലെ നോക്കുമെന്നും സ്നേഹിക്കുമെന്നും ഒക്കെ . പക്ഷെ അമ്മയുടെ പ്രതീക്ഷകളെ കാറ്റിൽ പറത്തിയായിരുന്നു അമ്മമ്മയുടെ പ്രതികരണം. എന്നെ ഒന്നു എടുക്കാൻ പോലും അമ്മമ്മയ്ക്ക് പേടിയായിരുന്നു.

എന്റെ നാൾ വെള്ളിപ്പൂരാടം ആണത്രേ. എല്ലാ ദോഷങ്ങളും എന്റെ നാളിൽ ഉണ്ടെന്നാ അമ്മമ്മ പറയുന്നേ. വളർന്നത് മുഴുവൻ ശകാരം കേട്ടാണ്, എന്റെ അമ്മയുടെ ജീവിതം തകർത്തത് പോലും ഞാൻ ആണെന്നാണ് അമ്മമ്മ പറയുന്നത്,

എനിക്ക് വേണ്ടിയാണ് അമ്മ മറ്റൊരു ജീവിതം വേണ്ടാന്ന് വച്ചത്. അത് മാത്രം എന്റെ ഉള്ളിൽ ഇന്നും ഒരു നീറ്റലാണ്, വിവാഹപ്രായമെത്തിയപ്പോൾ എനിക്ക് കല്യാണം ആലോചിക്കാം എന്ന് അമ്മ പറഞ്ഞപ്പോൾ പോലും അമ്മമ്മ അതിനെ എതിർക്കുകയാണുണ്ടായത്

എന്തിനാണ് വെറുതെ ഒരു പയ്യന്റെ ജീവിതവും കൂടി നശിപ്പിക്കുനശിപ്പിക്കുന്നെ എന്ന് അമ്മമ്മ അമ്മയുടെ മുഖത്തു നോക്കി ചോദിച്ചു.

അമ്മമ്മയുടെ ആ ചോദ്യം മനസ്സിലിങ്ങനെ അലതല്ലി കുഴഞ്ഞുമറിഞ്ഞു കൊണ്ടിരുന്നു , പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. ഇനി ഇവരൊക്കെ പറയുന്നത് പോലെ വല്ലതും ഉണ്ടെങ്കിൽ ഞാൻ കാരണം ഒരാളുടെ ജീവിതം കൂടി നശിക്കണ്ട എന്ന് ഞാനും തീരുമാനിച്ചു.

ഓരോന്ന് ആലോചിച്ചു മുറിയിൽ കിടക്കുമ്പോൾ ആയിരുന്നു പുറത്ത് അമ്മമ്മയുടെ ശബ്ദം കേട്ടത്. അവൾ എവിടെ എന്ന് അമ്മയോട് ചോദിക്കുന്നത് കേട്ടാണ് ഞാൻ ഉമ്മറത്തെക്കു ഇറങ്ങി ചെന്നത്.

എന്നെ കണ്ടപ്പോൾ അമ്മമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയായി. എന്ത് പറ്റി അമ്മേ എന്ന് അമ്മ ചോദിച്ചപ്പോൾ അമ്മമ്മ ദേഷ്യത്തോടെ എന്നെ നോക്കി.

“ഇനി എന്ത് പറ്റാൻ, രാവിലെ ഈ മൂശേട്ടയെ കണി കണ്ടു പോയിട്ട് പോയ കാര്യം പോലും നടന്നില്ല. ഈ മാസത്തെ പെൻഷൻ പൈസ കിട്ടിയില്ല. “

നിറഞ്ഞു വന്ന കണ്ണ്നീര് മറച്ചു പിടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ അമ്മമ്മ ഒന്ന് അവിടെ നിന്നെ എന്നും പറഞ്ഞു എണീറ്റു വന്നു.

എന്നിട്ട് അമ്മയോടായി പറഞ്ഞു ഇവൾക്കൊരു ആലോചന വന്നിട്ടുണ്ട്. ചെറുക്കനു ഗവണ്മെന്റ് ജോലിയാ. എന്റെ കൂട്ടുകാരി സുഗന്ധയുടെ കൊച്ചു മകനാണ് പയ്യൻ.

അമ്മ അത്ഭുതത്തോടെ അമ്മമ്മയെ നോക്കി. അവൾക്കു നാള് ദോഷം ഉള്ളത് കൊണ്ട് കല്യാണം ഒന്നും ആലോചിക്കേണ്ട എന്നല്ലേ അമ്മ പറഞ്ഞിരുന്നത്. ഇപ്പോൾ എന്ത് പറ്റി. ഞാനും അതെ അർത്ഥത്തിൽ അമ്മമ്മയെ നോക്കി.

അത് ചെറുക്കനും വെള്ളിപ്പൂരാടം തന്നെയാ നാള്. അങ്ങനെ ഉള്ള ആണും പെണ്ണും വിവാഹം ചെയ്താൽ രണ്ടു പേർക്കും നല്ലതാണ്. കുടുംബങ്ങൾക്കും ഐശ്വര്യം വരും. ഇത് എന്നോട് സുഗന്ധയാണ് പറഞ്ഞത്. വരുന്ന വഴിക്ക് പണിക്കരെ കേറി കണ്ടപ്പോൾ അദ്ദേഹവും ഇത് തന്നെ പറഞ്ഞു.

പിന്നെ ചെറുക്കനും ഇവളെ ഇഷ്ട്ടമാണ് പോലും. ഇനി കൂടുതൽ ഒന്നും ആലോചിക്കേണ്ട. ഇത് നമുക്ക് നടത്താം.ആൺതുണ ഇല്ലാതെയാ നമ്മൾ മൂന്നു പെണ്ണുങ്ങൾ ഇവിടെ കഴിയുന്നത്. അപ്പോൾ അവളെങ്കിലും പോയി സുരക്ഷിതമായിട്ട് ജീവിക്കട്ട്.

ഇത്രയും പറഞ്ഞു അമ്മമ്മ അകത്തേക്കു പോയി. അമ്മമ്മയുടെ ഈ മാറ്റം എനിക്കും അമ്മയ്ക്കും അത്ഭുതമായിരുന്നു. എങ്കിലും ഈ മാറ്റം നല്ലതിന് വേണ്ടിയാണ് എന്നോർത്ത് സന്തോഷിച്ചു.

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. പെണ്ണുകാണലും നിശ്ചയവും വിവാഹവും ഒക്കെ. പെണ്ണുകാണലിനും വിവാഹത്തിനും ഇടയ്ക്കുള്ള ദിവസങ്ങളിൽ ഞാനും അനന്തു ഏട്ടനും ഒരുപാട് പ്രണയിച്ചു.. തമ്മിൽ ഒരുപാട് അടുത്തു.

അതുകൊണ്ട് തന്നെ ആദ്യരാത്രിയിൽ വലിയ പരിഭ്രമം ഒന്നും ഇല്ലാതെയാണ് ഞാൻ കയറി ചെന്നത്. പക്ഷെ അനന്തു ഏട്ടൻ നല്ല പരിഭ്രമത്തിൽ ആയിരുന്നു.

എന്ത് പറ്റി എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം എന്റെ തോളത്തു കൈ അമർത്തി കൊണ്ട് പറഞ്ഞു

“ഞാൻ നിന്നോട് ഒരു കാര്യം മറച്ചു വച്ചിട്ടാണ് നിന്നെ വിവാഹം കഴിച്ചത്. അത് ഇപ്പോൾ എങ്കിലും എനിക്ക് തുറന്നു പറയണം. കേൾക്കുമ്പോൾ നീ ഒരിക്കലും എന്നിൽ നിന്നും അകലരുത്. അപേക്ഷയാണ്. “

ഏട്ടന്റെ സംസാരം കേട്ടപ്പോൾ എന്റെ നെഞ്ചിടിപ്പു വല്ലാതെ കൂടി. എന്താ ഏട്ടാ എന്ന് ഞാൻ ചോദിച്ചു.

അത്… ശ്രീക്കുട്ടി നീ വിചാരിക്കുന്നത് പോലെ എനിക്കൊരു നാള് ദോഷവും ഇല്ല. എന്റെ നാള് വെള്ളിപ്പൂരാടവും അല്ല. നിന്നെ എനിക്ക് പണ്ടേ ഇഷ്ട്ടമാണ്. അത് ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും പൂർണ്ണ സമ്മതമായിരുന്നു.

പക്ഷെ നിന്റെ അമ്മമ്മയുടെ സ്വഭാവം നല്ലത് പോലെ അറിയുന്നത് കൊണ്ട് ഒരിക്കലും ഈ വിവാഹം നടക്കില്ല എന്ന് ഉറപ്പിച്ചു ഇരുന്നപ്പോഴാണ് എന്റെ അച്ഛമ്മ എനിക്ക് ഇങ്ങനെ ഒരു ബുദ്ധി പറഞ്ഞു തന്നത്.

എന്നിട്ട് അച്ഛമ്മ തന്നെ നിന്റെ അമ്മമ്മയോട് സംസാരിച്ചു കാര്യങ്ങൾ ശരിയാക്കി. പണിക്കർക്ക് കുറച്ചു പൈസ കൊടുത്തു അയ്യാളെയും കൂടെ നിർത്തി.

കേട്ടതോന്നും വിശ്വസിക്കാൻ സാധിക്കാതെ നിൽക്കുകയായിരുന്നു ഞാൻ. എന്റെ ഉള്ളിലെ ഭയം വല്ലാതെ വർധിച്ചു തുടങ്ങി. ഞാൻ കാരണം ഏട്ടന് വല്ലതും പറ്റുമോ എന്ന പേടിയിൽ ഞാൻ അദ്ദേഹത്തെ കുറെ ശകാരിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഏട്ടനിൽ നിന്നും കുറെ അകന്നു നിൽക്കാൻ ശ്രമിച്ചു. എന്നും പൂജയും വഴിപാടുമായി ഏട്ടന് വേണ്ടി മാത്രം ജീവിച്ചു.

ഒരു ദിവസം വൈകുന്നേരം ക്ഷേത്രത്തിൽ നിൽക്കുമ്പോഴായിരുന്നു ഏട്ടന്റെ അമ്മയുടെ ഫോൺ വന്നത്. അത്യാവശ്യമായി വീട്ടിലോട്ട് വരാൻ പറഞ്ഞു അമ്മ. ഓടി പിടിച്ചു വീട്ടിൽ എത്തുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ ഏട്ടന് ഒന്നും സംഭവിക്കല്ലേ എന്ന്.

വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു അനന്തു മുറിയിൽ കിടക്കുവാ. അങ്ങോട്ട് ചെല്ലാൻ. ഏട്ടാ എന്നും വിളിച്ചു ഓടി ചെന്നപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ട് മുറിയിൽ നിൽക്കുന്നു.

അപ്പോഴാണ് ശെരിക്കും ശ്വാസം നേരെ വീണത്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഒരു കവർ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു എനിക്ക് പ്രൊമോഷൻ ആയി എന്ന്.

എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അദ്ദേഹം എന്നെ ചേർത്ത് നിർത്തി പറഞ്ഞു നീ വന്നതിനു ശേഷമാണ് എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നു തുടങ്ങിയത്. ഒന്നര വർഷമായി തടഞ്ഞു വച്ചിരുന്ന എന്റെ പ്രൊമോഷൻ ആണ് ഇപ്പോൾ ശരിയായത്

നീ ഒരിക്കലും എന്റെ ദുശ്ശകുനമോ ഭാഗ്യ ദോഷമോ അല്ല എന്റെ പുണ്യമാണ്… ഭാഗ്യമാണ്. ആരെങ്കിലും ഒക്കെ പറയുന്നത് കേട്ടു പേടിച്ചു ജീവിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം. ആസ്വദിക്കാൻ ഉള്ളതാ.

ഏട്ടനെ കെട്ടി പിടിച്ചു കരയുമ്പോൾ ഞാനും തിരിച്ചറിയുകയായിരുന്നു ഏതെങ്കിലും ഒരു നാളിന്റെയോ ദിവസത്തിന്റെയോ പേരിൽ നശിപ്പിച്ചു കളയാൻ ഉള്ളതല്ല എന്റെ ജീവിതം എന്ന്.

പിന്നീടങ്ങോട്ട് ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. കൂട്ടിനു ഞങ്ങളുടെ കണ്ണനും കൂടി വന്നതോടെ സന്തോഷം മാത്രം. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *