ഞാൻ ജോലിക്ക് വന്നത് ശമ്പളത്തിന് വേണ്ടിയല്ല ,എനിക്ക് ഒറ്റയ്ക്കുള്ള ജീവിതം മടുത്തിട്ടാണ് ശമ്പളം തന്നില്ലെങ്കിലും ഞാനീ ജോലി ചെയ്യും കാരണം എനിക്ക് കിട്ടാത്തതും, ഞാനൊത്തിരി ആഗ്രഹിച്ചതുമൊക്കെ ഇവിടെയുണ്ട്……

എഴുത്ത്:- saji Thaiparambu

ഇരുപത് വയസ്സ് പ്രായമുള്ള, കറുപ്പ് നിറമുള്ള , ഫോർ വീൽ ലൈസൻസുള്ള ആൺകുട്ടികളെ ഹൗസ് ഡ്രൈവറായിട്ട് ആവശ്യമുണ്ട്

അങ്ങനെയൊരു ക്യാപ്ഷൻ കണ്ടിട്ടാണ് ,അമൽ ഫെയ്സ് ബുക്കിൽ കണ്ട ആ പോസ്റ്റ് ,വിശദമായി വായിച്ചത്.

വീട്ടിൽ തന്നെ താമസിക്കേണ്ടി വരും പ്രായമായ അച്ഛനെയും അമ്മയെയും ചിലപ്പോഴൊക്കെ അമ്പലത്തിലും, അസുഖമുള്ളപ്പോൾ,ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകേണ്ടിയും വരും ,കൂടാതെ എന്നെയും ഭർത്താവിനെയും ഓഫീസിൽ കൊണ്ട് പോകുകയും ,തിരിച്ച് കൊണ്ട് വരികയും ചെയ്യണം , അല്ലാത്ത സമയങ്ങളിൽ, എൻ്റെ മകൻ്റെ മുറി വൃiത്തിയാക്കുകയും അവൻ്റെ ഡ്രെസ്സും മറ്റും അടുക്കിപ്പെറുക്കി വയ്ക്കുകയും ചെയ്യണം ,താത്പര്യമുള്ളവർ എല്ലാ ഞായറാഴ്ചയും സ്വന്തം വീട്ടിൽ പോയിട്ട്, അന്ന് തന്നെ തിരിച്ചെത്താൻ പാകത്തിന് ദൂരത്തിലുള്ളവരായിരിക്കണം , ചിലവുകളെല്ലാം കഴിഞ്ഞ്, ഇരുപത്തി അയ്യായിരം രൂപ സാലറി കൊടുക്കും, സമ്മതമാണെന്നുള്ളവർ ബയോഡാറ്റാ സഹിതം, താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

അവിശ്വസനീയതയോടെ ,അമൽ വീണ്ടുമത് വായിച്ചു.

ഒരു സത്രീയുടെ പ്രൊഫൈലായിരുന്നത്, ജിജ്ഞാസയോടെ അമൽ ആ പ്രൊഫൈൽ ഓപ്പൺ ചെയ്ത് നോക്കി.

അതിൽ കണ്ട ,ഡേറ്റ് ഓഫ് ബർത് വച്ച് കണക്ക് കൂട്ടിയപ്പോൾ, നാല്പത് വയസ്സ് പ്രായമുള്ള സ്ത്രീയാണെങ്കിലും, ഫോട്ടോയിൽ കണ്ടിട്ട് അത്രയും തോന്നുന്നുണ്ടായിരുന്നില്ല

മറ്റ് ഡീറ്റൈൽസൊന്നും കൊടുത്തിട്ടില്ല ,ഗ്യാലറിയിൽ കുറച്ച് പൂക്കളുടെ ഫോട്ടോസ് മാത്രമാണുള്ളത്

ആ പോസ്റ്റ് അപ്ലോഡ് ചെയ്തിട്ട് ഏഴ് മിനുട്ട് മാത്രമേ ആയിട്ടുള്ളു ,അമൽ വേഗം തന്നെ താഴെ കണ്ട നമ്പറിലേയ്ക്ക് വിളിച്ചു

ഹലോ,,

ഹലോ മാഡം ,എൻ്റെ പേര് അമലെന്നാണ്, എനിക്ക് ഇരുപത് വയസ്സാണ് ,മാഡത്തിൻ്റെ വീട്ടിലെ കാർ ഡ്രൈവറാകാൻ താത്പര്യമുണ്ട് മാഡം പറഞ്ഞ ഡിമാൻറുകളൊക്കെ എനിക്ക് സമ്മതമാണ്, പക്ഷേ കാണാൻ കുറച്ച് വെളുത്തിട്ടാണ് ,അതൊരു കുറവായിട്ട് തോന്നുന്നില്ലെങ്കിൽ ഈ ജോലി, മാഡം എനിയ്ക്ക് തന്നെ തരണം, പ്ളീസ്,,,

വെളുത്ത നിറമാണെന്നത് ഒരു പ്രോബ്ളം തന്നെയാണ് , ഞാൻ പ്രതീക്ഷിക്കുന്നത് കാർമുകിൽ വർണനെപ്പോലെയൊരാളാണ് , അമലിനെ ഞാൻ ,തത്കാലം വെയിറ്റിങ്ങ് ലിസ്റ്റിലിട്ടേയ്ക്കാം മറ്റ് അപേക്ഷകർ ഒന്നും വന്നില്ലെങ്കിൽ ഞാൻ വിളിക്കാം

അയ്യോ മേഡം,,, അങ്ങനെ പറയരുത്, ഈ ജോലി എനിയ്ക്ക് അത്യാവശ്യ മായിരുന്നു, എങ്കിൽ ഞാനൊരു കാര്യം പറയട്ടെ ,എനിയ്ക്ക് പകുതി ശമ്പളം തന്നാൽ മതി, പിന്നെ എല്ലാ ഞായറാഴ്ചയും എന്നെ വീട്ടിൽ വിടേണ്ട ,മാഡത്തിന് ഇഷ്ടമുള്ളപ്പോൾ മാത്രം വിട്ടാൽ മതി

ഓഹ്,,, താനെന്നെ പ്രതിസന്ധിയിലാക്കിയല്ലോടോ? ഈ ജോലി തനിക്ക് അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ, ബാക്കി ഡീറ്റൈൽസുമായി നാളെ തന്നെ വന്നോളു

ഓകെ മാഡം,,, താങ്ക് യു , താങ്ക് യു സോ മച്ച് ,,,

പിറ്റേന്ന് അതിരാവിലെ തന്നെ റെഡിയായി ,അമൽ ആ സ്ത്രീ കൊടുത്ത അഡ്രസ്സ് തേടി യാത്രയായി .

നഗരത്തിൽ നിന്നും ഒഴിഞ്ഞുമാറി അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ഗ്രാമപ്രദേശമായിരുന്നത്

വിളഞ്ഞ നെല്പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെങ്കൽ പാത താണ്ടിയാണ് സാമാന്യം വലിപ്പമുള്ള ആ ഇരുനില വീടിൻ്റെ മുന്നിൽ അമലെത്തിയത്

കവുങ്ങും മാവും തെങ്ങുമൊക്കെ നിറഞ്ഞ് നില്ക്കുന്ന വിശാലമായ മുറ്റത്തിന് നടുവിലൂടെ അടഞ്ഞ് കിടന്ന ആ വീടിൻ്റെ മുന്നിലെത്തിയ അമൽ ഉത്ക്കണ്ഠയോടെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി

അല്പസമയം കഴിഞ്ഞ് വന്ന് വാതിൽ തുറന്ന സ്ത്രീയ്ക്ക് , fb യിൽ കണ്ട ഫോട്ടോയിലെ രൂപമായിരുന്നു

ങ്ഹാ അമലല്ലേ? കയറി വരൂ,,

അവർ അമലിനെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി അച്ഛനെയും അമ്മയെയുമൊക്കെ പരിചയപ്പെടുത്തി

നീയൊന്നും കഴിച്ചിട്ടില്ലല്ലോ ?വരൂ ഞാൻ ദോശ എടുത്ത് തരാം

നീ എന്ന വിളിയിലൂടെ ആ സ്ത്രീയ്ക്ക് തന്നോടുള്ള അകൽച്ച കുറഞ്ഞ് വരുന്നത് അമലിനെ സന്തോഷവാനാക്കി

ചേട്ടാ ഇതാണ് അമൽ ,,

കഴിച്ച് കൊണ്ടിരുന്നപ്പോൾ അങ്ങോട്ടേയ്ക്ക് കടന്ന് വന്ന പുരുഷൻ അവരുടെ ഭർത്താവാണെന്ന് അമലിന് മനസ്സിലായി

ഹായി ,അമൽ,, താൻ മിടുക്കനാണല്ലോ ?ഒരു ചെറിയ അമീർ ഖാൻ്റെ ലുക്ക് ഒക്കെയുണ്ട്

അയാൾ ചിരിയോടെ അമലിനോട് സംസാരിച്ചു

ങ്ഹാ പിന്നേ അമൽ ,ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് ഞങ്ങളെയൊന്ന് ഓഫീസിലെത്തിക്കണം കെട്ടോ?

ചെയ്യാം സർ,,

ങ്ഹേ സാറോ? എന്താ മഞ്ജു നീ ഇവനോട് അങ്ങനെ വിളിക്കാനാന്നോ പറഞ്ഞത്?

ഞാനൊന്നും പറഞ്ഞിട്ടില്ല സേതുവേട്ടാ, കേട്ടോ അമലേ? നീ ഞങ്ങളെ അങ്കിളെന്നും ആൻ്റിയെന്നും വിളിച്ചാൽ മതി,,

അമലത് തല കുലുക്കി സമ്മതിച്ചു

സേതുവിനെ ,ആദ്യം ഓഫീസിലിറക്കിയിട്ടാണ് മഞ്ജുവിൻ്റെ ഓഫീസിലേക്ക് പോയത്

ങ്ഹാ അമലേ,, നീ വീട്ടിൽ ചെല്ലുമ്പോഴെ, ഒരു ഉപകാരം ചെയ്യണം ,ആ വാഷിങ്ങ് മെഷീനിൽ സഞ്ജുമോൻ്റെ ഡ്രസ്സ് കഴുകി പിഴിഞ്ഞിട്ടിട്ടുണ്ട് ,അതെടുത്ത് അഴയിലൊന്ന് വിരിച്ചിട്ടേക്കണേ, ഞാനതങ്ങ് മറന്ന് പോയി

കാറിൽ നിന്ന് ഓഫീസ് പടിക്കലേക്ക് ഇറങ്ങുമ്പോൾ മഞ്ജു പറഞ്ഞു

അത് ഞാൻ ചെയ്തോളാം മാഡം,, സോറി,,, ആൻറീ ,,അല്ലാ സഞ്ജുവിനെ മാത്രം കണ്ടില്ലല്ലോ അവനെവിടെയാ?

അമൽ ജിജ്ഞാസയോടെ ചോദിച്ചു

അവൻ മുറിയിൽ കിടക്കുന്നത് മോൻ കണ്ടില്ലേ? ഞാനോർത്തു നിങ്ങള് പരിചയപ്പെട്ട് കാണുമെന്ന്സാ രമില്ല തിരിച്ച് ചെല്ലുമ്പോൾ അവിടെ തന്നെ കാണും ,ഭയങ്കര അലസനാണ് ,,

മഞ്ജു ചിരിച്ച് കൊണ്ട് അകത്തേയ്ക്ക് പോയപ്പോൾ അമല് കാറ് തിരിച്ച് വീട്ടിലേയ്ക്ക് പോയി

മഞ്ജു പറഞ്ഞത് പോലെ വീട്ടിലെത്തിയ ഉടൻ വാഷിങ്ങ് മെഷീനിൽ കിടന്ന സഞ്ജുവിൻ്റെ വസ്ത്രങ്ങളെടുത്ത്, അമൽ ടെറസ്സിലെ അഴയിൽ കൊണ്ട് വിരിച്ചിട്ടു

തൻ്റെ അളവിലുള്ള ജെഴ്സിയും ഷർട്ടും പാൻ്റ്സുമൊക്കെയായിരുന്നത് കൊണ്ട് ,സഞ്ജുവിന് തൻ്റെ പ്രായം തന്നെയാണെന്ന് അമൽ മനസ്സിലാക്കി

താഴേയ്ക്ക് വന്നിട്ട്, മഞ്ജുവിൻ്റെ അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് സഞ്ജുവിൻ്റെ മുറിയിലേക്ക് അമൽ ചെന്നത്

അവിടെ പക്ഷേ സഞ്ജു ഉണ്ടായിരുന്നില്ല

അപ്പോഴാണ് അച്ഛൻ്റെ വിളി കേട്ടത്

മോനിവിടെയിരിക്ക് ,വിശേഷങ്ങളൊക്കെ ചോദിക്കട്ടെ, എവിടെയാ വീട്? വീട്ടിൽ ആരൊക്കെയുണ്ട്?

വീട് ടൗണിൽ തന്നെയാണ്, എനിക്ക് അച്ഛനും അമ്മയും മാത്രമേയുള്ളു രണ്ട് പേരും യു കെയിൽ എൻജിനീയേഴ്‌സാണ്,,

ങ്ഹേ, യു കെയിൽ എൻജിനീയർമാരായ മാതാപിതാക്കൾ ഉള്ളപ്പോൾ ഈ നിസ്സാര ശമ്പളത്തിന് വേണ്ടി നീ ജോലിക്ക് വന്നത് എന്തിനാണ് ?

അച്ഛനും, അമ്മയും അത്ഭുതത്തോടെ അവനോട് ചോദിച്ചു

ഞാൻ ജോലിക്ക് വന്നത് ശമ്പളത്തിന് വേണ്ടിയല്ല ,എനിക്ക് ഒറ്റയ്ക്കുള്ള ജീവിതം മടുത്തിട്ടാണ് ശമ്പളം തന്നില്ലെങ്കിലും ഞാനീ ജോലി ചെയ്യും കാരണം എനിക്ക് കിട്ടാത്തതും, ഞാനൊത്തിരി ആഗ്രഹിച്ചതുമൊക്കെ ഇവിടെയുണ്ട്

നീയെന്താ കൊച്ചേ ഈ പറയുന്നത്? ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല,,

അതേ അച്ഛാ ,, ഓർമ്മ വച്ച നാള് മുതൽ ഞാൻ ബോർഡിങ്ങിലാണ് പഠിച്ചത് ,പത്താം ക്ളാസ്സ് കഴിഞ്ഞപ്പോൾ എനിക്ക് നാട്ടിൽ നിന്ന് പഠിച്ചാൽ മതിയെന്ന് വാശി പിടിച്ചത് എൻ്റെ പേരൻ്റ്സിനൊപ്പം കഴിയാനായിരുന്നു ,അങ്ങനെയാണ് നഗരത്തിലെ സ്കൂളിൽ എന്നെ പ്ളസ് വണ്ണിന് ചേർത്തത് ,പക്ഷേ അവർക്ക് സമ്പാദിക്കാനായിരുന്നു താല്പര്യം, പ്ളസ് ടു കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു ജോലിക്കാരനെയും ഏർപ്പാടാക്കി തന്നിട്ട് അവര്യു കെയിലേക്ക് പോയി,അയാൾ കൃത്യസമയത്ത് എനിക്ക് ഭക്ഷണം തരികയും ,എൻ്റെ കാര്യങ്ങളൊക്കെ നോക്കുകയും ചെയ്യുമായിരുന്നു ,പക്ഷേ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത് ,അച്ഛനും, അമ്മയും, സഹോദരനും, സഹോദരിയും, മുത്തശ്ശനും, മുത്തശ്ശിയുമൊക്കെയുള്ള വീട്ടിൽ, കളിയും ചിരിയുമൊക്കെയായി ജീവിക്കാൻ ,ഞാൻ ഏറെ കൊതിച്ചു, അങ്ങനെയിരിക്കുമ്പോഴാണ് , ഇവിടുത്തെ മാഡത്തിൻ്റെ പോസ്റ്റ് ഞാൻ കാണുന്നത് ,ഇവിടെ വന്നതിന് ശേഷം, എൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുവാണ്, ഇത് പോലൊരു വീടാണ് ഞാനാഗ്രഹിച്ചത്, മാഡം വരുമ്പോൾ, എന്നെ ഇവിടെ നിന്ന് ഒരിക്കലും പറഞ്ഞ് വിടരുതെന്ന് പറയണേ അച്ഛാ ,,,

ഇല്ല കുഞ്ഞേ,, നീ സ്വയം പോകുമ്പോഴല്ലാതെ ,അവർ ഒരിക്കലും നിന്നെ പറഞ്ഞ് വിടില്ല, കാരണം, അവരും നിന്നെപ്പോലൊരു മകനെ ഒരു പാട് ആഗ്രഹിക്കുന്നുണ്ട്,,

ങ് ഹേ, അതെന്തിനാ അച്ഛാ ,, സഞ്ജു, അവരുടെ മോനല്ലേ?

ആയിരുന്നു ,പക്ഷേ ദൈവം ,ഞങ്ങടെ സഞ്ജുവിനെ നേരത്തെ വിളിച്ച് കൊണ്ട് പോയി,

അയാളുടെ ശബ്ദം ഇടറി.

അത് കേട്ട് സ്തബ്ധനായി നിന്ന അമലിനോട്, അച്ഛനും അമ്മയും കൂടി ,ബാക്കി കഥകൾ പറഞ്ഞു.

മോൻ്റെ പ്രായമായിരുന്നു സഞ്ജുവിന്, ഞങ്ങടെ ഓമനയായിരുന്നു, ജനിച്ചപ്പോഴെ അവൻ നല്ല കറുപ്പായിരുന്നു ,പണ്ട് മുതലേ കൂട്ടുകാരൊക്കെ അവനെ കറുമ്പനെന്ന് വിളിച്ച് കളിയാക്കുമായിരുന്നു,?ആദ്യമൊക്കെ പരാതിയുമായി അവൻ മഞ്ജുവിൻ്റെയടുത്ത് വരുമായിരുന്നു, പിന്നെ പിന്നെ ,അതൊക്കെ അവന് ശീലമായി,

ഒരിക്കൽ ,എന്തോ കാര്യം പറഞ്ഞ്, മഞ്ജുവുമായി അവൻ വഴക്ക് കൂടി, ദേഷ്യം മൂത്തപ്പോൾ, ജയിക്കാനായി അവൾ, സഞ്ജു മോനെ കറുമ്പനെന്ന് വിളിച്ച് പരിഹസിച്ചു ,അത് അവന് സഹിക്കാൻ കഴിഞ്ഞില്ല ,ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയ സഞ്ജുമോൻ, അത്താഴം കഴിക്കാനാകുമ്പോൾ, ഇറങ്ങി വരുമെന്നാണ് ഞങ്ങള് പ്രതീക്ഷിച്ചിരുന്നത് ,പക്ഷേ അവൻ ഞങ്ങളെ തോല്പിച്ച് കളഞ്ഞു, ഏറെ നേരം കഴിഞ്ഞിട്ടും, താഴേക്ക് വരാത്ത മകനെ നോക്കി, മുകളിലെ മുറിയിൽ ചെന്ന എൻ്റെ മോള് കണ്ടത് ,ഫാനിൽ കെട്ടിത്തൂiങ്ങി നില്ക്കുന്ന ഞങ്ങടെ പൊന്ന് മോനെയാണ്,,

അത്രയും പറഞ്ഞ് പൊട്ടിക്കരയുന്ന അച്ഛനെയും അമ്മയെയും നിസ്സഹായ തയോടെ നോക്കി നില്ക്കാനേ അമലിന് കഴിയുമായിരുന്നുള്ളു .

അപ്പോൾ അവൻ്റെ വസ്ത്രങ്ങളൊക്കെ കഴുകിയിട്ടതെന്തിനാ?

അല്പം കഴിഞ്ഞ്, അന്തരീക്ഷം ഒന്ന് ശാന്തമായപ്പോൾ, അമൽ അവരോട് ചോദിച്ചു.

മകൻ മരിച്ച് പോയെന്ന് മഞ്ജു ഇപ്പോഴും വിശ്വസിച്ചിട്ടില്ല ,അത് കൊണ്ടാണ്, എല്ലാ ദിവസവും അവൻ്റെ വസ്ത്രങ്ങൾ കഴുകിയിടുന്നതും ,മുറി വൃiത്തിയാക്കുന്നതും ,തന്നോട് കലഹിച്ച് കൊണ്ട് അവനെപ്പോഴും ആ മുറിയിൽ തന്നെയുണ്ടെന്നാണ് അവൾ വിശ്വസിക്കുന്നത് ,അവന് കളിക്കാൻ കൂട്ടുകാരില്ലാത്തത് കൊണ്ടാണ് ,എപ്പോഴും തന്നോടവൻ കലഹിക്കുന്നതെന്നും പറഞ്ഞാണ്, അവന് കൂട്ടായിട്ട്, അവൻ്റെ പ്രായത്തിലും ,നിറത്തിലുമുള്ള ഒരു ഡ്രൈവറെ ആവശ്യപെട്ട്, അവള് പരസ്യം കൊടുത്തത് ,മോൻ അവളുടെ വേഷം ശ്രദ്ധിച്ചില്ലേ ? സഞ്ജുവിൻ്റെ മരണശേഷം, അവൾ കറുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളു ,മകനോട് ചെയ്ത തെറ്റിനുള്ള പ്രായശ്ഛിത്തമാണത്,,,

ശരിയാണ്, ഈ വീട്ടിൽ വന്നപ്പോൾ തോന്നിയ ഒരു പ്രത്യേകതയാണത് ,
എല്ലായിടത്തുമുണ്ട് കറുപ്പ് നിറം, ഇവിടുത്തെ കാറിനും, കൈവരികൾക്കും, ജനൽ കമ്പികൾക്കുമൊക്കെ, കറുപ്പ് നിറം തന്നെ,,

അതേ, കറുപ്പിന് ഇത്ര അഴകുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്,,

ആ വീടും, വീട്ടുകാരും സഞ്ജുവിൻ്റെ ഓർമ്മകളുറങ്ങുന്ന അന്തരീക്ഷവുമൊക്കെ അമലിൻ്റേത് കൂടി ആയി മാറുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *