എഴുത്ത്:- ഞാൻ ഗന്ധർവൻ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“നിങ്ങളെന്തൊര് മനുഷ്യനാണ് ഇക്കാ”
രാവിലെ തന്നെ മുഖം ചുവപ്പിച്ച് ഫസീല ആസിഫിനെ നോക്കി കണ്ണുരുട്ടി
“എന്തുപറ്റി”
“ഞാൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞാൽ അത് നിങ്ങളുടെ ഉമ്മയോടും അനിയത്തിയോടും എന്തിനാ പറയാൻ നിക്കുന്നെ. ഇപ്പൊ ഞാൻ അവരുടെ ഇടയിൽ ഏഷണിക്കാരി ആയില്ലേ”
“അതുശരി, പിന്നെ ചോദിക്കേണ്ടേ അവരോട്. എനിക്കങ്ങനെ മനസ്സിൽ വെച്ച് നടക്കാൻ അറിയില്ല. അതുമല്ല ഞാൻ അങ്ങനെ പെണ്ണിന്റെ വാക്കും കേട്ട് പെറ്റുമ്മയോടും കൂടപ്പിറപ്പുകളോടും വഴക്കുണ്ടാക്കാൻ പോവില്ല”
“എന്റെ പൊന്നിക്കാ ഞാൻ പറഞ്ഞോ വഴക്കുണ്ടാക്കാൻ. അവരോട് ചോദിക്കാനോ വഴക്കുണ്ടാക്കാനോ അല്ല ഞാൻ ഇതൊന്നും നിങ്ങളോട് പറയുന്നത്. ഈ വീട്ടിൽ എനിക്ക് ആശ്വസമായി ആകെ നിങ്ങളേ ഒള്ളൂ. നിങ്ങളോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ എന്റെ മനസ്സിന് വല്ലാത്തൊരു സമാധാനം കിട്ടും. അല്ലാതെ ഏഷണിയായി പറയുന്നതല്ല”
ആസിഫ് അവളെ നോക്കി കളിയാക്കുന്ന പോലെ ഒന്ന് ചിരിച്ചു
“അതുശരി, അല്ല മോളെ അന്റെ വർത്താനം കേട്ടാൽ തോന്നുമല്ലോ ഈ വീട്ടിൽ അനക്ക് ഭയങ്കര പ്രശ്നങ്ങൾ ആണെന്ന്. എന്തായിപ്പോ ഇവിടെ ഇത്ര വല്യ പ്രശ്നങ്ങൾ…?”
ഒന്ന് നിറുത്തിയിട്ട് ആസിഫ് ഫസീലയെ നോക്കി
“തിന്നാ കിടക്കാ, തോന്നുമ്പോ എഴുന്നേക്കാ, പിന്നെ ഫുൾടൈം ഫോണിൽ തോണ്ടി നടക്കാ. അല്ലാതെ നിനക്കെന്താ ഇവിടെ പണി…? നിനക്കൊക്കെ സുഖം കൂടിയിട്ടാണ്”
ആസിഫ് ഇത്രേം പറഞ്ഞപ്പോൾ ഫസീലാക്ക് വല്ലാത്ത വിഷമം തോന്നി. അവൾ ദയനീയമായി അവനെ നോക്കി
“എന്താ ഇക്കാ നിങ്ങളീ പറയുന്നേ…? വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് കിടക്കണേൽ രാത്രി പാതിനൊന്ന് മണി ആവും. രാവിലെ കൃത്യം നാലരക്ക് എഴുന്നേറ്റില്ലേൽ രാവിലെത്തെ കാര്യങ്ങൾ ഒന്നും നടക്കൂല. അഥവാ ക്ഷീണം കാരണം ഒരു അര മണിക്കൂർ എഴുന്നേക്കാൻ വൈകിയാൽ പിന്നെ അതുമതി, ആ ദിവസം മുഴുവൻ ഉമ്മ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അയൽവാസികളോട് എന്നെപറ്റി പറയാത്ത കുറ്റങ്ങളില്ല. നിങ്ങളുടെ അനിയത്തിയുടെ ഡ്രസ്സ് പോലും ഞാനാണ് അലക്കാറ്. എന്തിന്, അവൾ ഭക്ഷണം കഴിച്ച പ്ലേറ്റ് പോലും ഞാനാണ് കഴുകാറ്. രാവിലത്തെ അലക്കലും വീട് വൃത്തി ആക്കലും ഭക്ഷണം ഉണ്ടാക്കലും പാത്രം കഴുകലും ഒക്കെ കഴിയുമ്പോഴേക്ക് ഉച്ചക്കുള്ള ഫുഡിന്റെ പണി തുടങ്ങണം. അതൊക്കെ കഴിഞ്ഞ് വൈകീട്ട് കുറച്ച് നേരം റെസ്റ്റെടുക്കാൻ റൂമിൽ കയറിയാൽ അപ്പോ തുടങ്ങും പരിഹാസവും കുത്ത് വാക്കും. ഒന്ന് റിലാക്സ് ചെയ്യാൻ കുറച്ച് സമയം ഫോണിൽ എന്തെങ്കിലും കോമഡി വീഡിയോയോ ഫാമിലി ഗ്രൂപ്പിൽ ചാറ്റിലോ നിക്കുമ്പോൾ അപ്പോ തുടങ്ങും ഞാൻ ഏത് നേരവും ഫോണിലാണ് എന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തൽ. പരിചയമുള്ള ആരോടെങ്കിലും മിണ്ടിയാൽ പിന്നെ അവിഹിത കഥകളായി”
ഒന്ന് നിറുത്തി അവൾ ആസിഫിനെ നോക്കി
“നിങ്ങൾ നെഞ്ചിൽ തൊട്ട് പറ ഇക്കാ, ഈ വീട്ടിൽ ഞാൻ ഇങ്ങനെ ജോലി ചെയ്യുമ്പോൾ നിങ്ങളുടെ ഉമ്മയോ അനിയത്തിയോ എന്നെ സഹായിക്കാറുണ്ടോ…?”
അവളുടെ സംസാരം കേട്ടപ്പോൾ ആസിഫിന് ചിരിയാണ് വന്നത്
“ഹ… ഹ… ഹ… ഇതാണോ ഇപ്പൊ വല്യ കാര്യായി നീ പറയുന്ന കുറ്റങ്ങൾ…? ഭർത്താവിന്റെ വീടിനെ സ്വന്തം വീടായി കാണാൻ സാധിക്കാത്തതിന്റെ കുഴപ്പാണ് ഇതൊക്കെ. ഇതൊന്നും നാട്ടുകാര് കേൾക്കേണ്ട, നിന്റെ അഹങ്കാരം ഇനി അവരെക്കൂടി അറിയിക്കേണ്ട. ചില പെണ്ണുങ്ങളൊക്കെ ഭർത്താക്കന്മാരുടെ വീട്ടിൽ അനുഭവിക്കുന്നത് കേൾക്കുമ്പോൾ ഞെട്ടിപ്പോവും. ഇത് നിനക്ക് ഇവിടെ സുഖം കൂടിയതിന്റെ കുഴപ്പാണ്. നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യല്ല. നിന്നെ വളർത്തിയോരെ പറഞ്ഞാൽ മതി”
പെട്ടെന്നാണ് ആസിഫിന്റെ ഉമ്മ ഓടി കരഞ്ഞോണ്ട് ഓടി വന്നത്
“മോനെ, നീ അറിഞ്ഞാ. അന്റെ മൂത്ത പെങ്ങള് വിളിച്ചിരുന്നു ഇപ്പോ…”
ഉമ്മാക്ക് കരച്ചിൽ നിയന്ത്രിക്കാൻ സാധിച്ചില്ല
“എന്തുപറ്റി ഉമ്മാ, പറ… ഇങ്ങളിങ്ങനെ കരയല്ലീ”
“മോനേ… അവള് പറയാ രാവിലെ അടുക്കളയിൽ കയറി….”
ഉമ്മാക്ക് കരച്ചിൽ കാരണം സംസാരിക്കാൻ പറ്റാതായി
“അടുക്കളയിൽ കയറി… പറ ഉമ്മാ”
“അടുക്കളയിൽ കയറി… മുട്ട റോസ്റ്റ് ഉണ്ടാക്കാനുള്ള ഉള്ളി അറിഞ്ഞപ്പോൾ…. കണ്ണിൽ നിന്നും വെള്ളം വന്നു എന്ന്… കണ്ണ് നന്നായി എറിയുന്നു എന്ന്”
ഇത് കേട്ടതും ആസിഫ് അടുക്കളയിലേക്കോടി വെട്ടുകത്തി എടുത്ത് ഉമ്മയെ നോക്കി
“എന്റെ പെങ്ങളെ ആ വീട്ടിൽ ഇങ്ങനെ കഷ്ടപ്പെടാനല്ല നമ്മൾ പറഞ്ഞയച്ചേ. ഉള്ളി അരിയാൽ അവർക്ക് ജോലിക്ക് ആളെ വെച്ചൂടേ, ഇന്ന് അളിയനേയും അവന്റെ പെരട്ട തള്ളയേയും ഞാൻ വെ ട്ടിക്കൊ ല്ലും”
ഇതും പറഞ്ഞ് ആസിഫ് ഫസീലയെ നോക്കി
“കണ്ടോടീ, എന്റെ പെങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാട്… നിനക്കൊക്കെ ഇവിടെ സുഖം കൂടിയിട്ടാ… മനസിലായോടീ…”
ഫസീല അവനെ നോക്കി തലയാട്ടി
“ഇപ്പൊ മനസിലായി”
അവൾ ആസിഫിന്റെ അനിയത്തിയുടെ റൂമിന്റെ ബാത്ത്റൂം വൃത്തിയാക്കാൻ ബക്കറ്റും എടുത്തോണ്ട് പോയി…
“സ്വന്തം ഭാര്യയെ പ ട്ടിയെ പോലെ ജോലി ചെയ്യിക്കുന്നത് കണ്ടിട്ടും മിണ്ടാതെയിരിക്കുന്ന പൊട്ടനാണ് പെങ്ങള് ഉള്ളി അരിഞ്ഞതിന് ആളെ കൊല്ലാൻ പോണേ… ഓരോ ജന്മങ്ങൾ”
മനസ്സിൽ പിറുപിറുത്ത് അവൾ ആ ബാത്ത്റൂം നന്നായി ഉരച്ച് കഴുകി..