ഞാൻ നോക്കുമ്പോൾ അമ്മു കണ്ണുകൾ അടച്ചു കൈ കൂപ്പി താലി അണിയാൻ റെഡി അയി ഇരിക്കുന്നു. മറു വശത്തു കണ്ണുകൾ നിറഞ്ഞൊഴുകി അനു മണ്ഡപത്തിന്റെ തൂണിലും ചാരി നില്കുന്നു………

Story written by Rivin Lal

കേരള മാട്രിമോണിയിൽ ഒരു റിക്വസ്റ്റ് വന്നപ്പോളാണ് ഞാൻ അമ്മുവിന്റെ പ്രൊഫൈൽ തുറന്നു നോക്കുന്നത്. ആൽബം നോക്കിയപ്പോൾ രണ്ട് മൂന്ന്‌ ഫോട്ടോ കണ്ടു. ആ ഉണ്ട കണ്ണുകളും നിരയൊത്ത പല്ലുകൾ ഉള്ള ചിരിയും കൂടി കണ്ടപ്പോൾ എനിക്ക് ഒരൊറ്റ നോട്ടത്തിലെ അവളെയങ്ങു ഇഷ്ടമായി. കോൺടാക്ട് നമ്പർ നോക്കി വിളിച്ചപ്പോൾ അടുത്ത ഞായറാഴ്ച കുട്ടിയെ കാണാൻ ചെല്ലാൻ അവളുടെ അച്ഛൻ പറഞ്ഞു. അങ്ങിനെ ഞാനും കൂട്ടുകാരനും അമ്മുവിനെ കാണാൻ ആ ഞായറഴ്ച പോയി.

പതിവ് ചടങ്ങുകൾ പോലെ ചായയുമായി അവൾ വന്നു. അത് കഴിഞ്ഞു ഞങ്ങൾ കുറച്ചു സമയം പരസ്പരം സംസാരിച്ചു. അവളുടെ നിഷ്കളങ്കമായ സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. അവൾക്കും എന്നെ ഇഷ്ടമായി എന്ന് അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി. അവൾ ഗവൺമെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു. ജാതക കുറിപ്പും കൊണ്ട് അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ അവളെ എനിക്ക് സ്വന്തമാക്കാൻ കഴിയണേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന.

വീട്ടിലെത്തി ജാതക കുറിപ്പ്‌ പണിക്കരെ കൊണ്ട് അടുത്ത ദിവസം നോക്കിച്ചപ്പോൾ ഏഴ് പൊരുത്തമുണ്ടായിരുന്നു. എല്ലാം ഞാൻ ആഗ്രഹിക്കുന്ന പോലെ അടുത്ത് തുടങ്ങി എന്ന് കരുതി. അവളിലേക്കെത്താൻ ഉള്ള എന്റെ ദൂരം കുറഞ്ഞു വരികയാണ് എന്ന് ഞാൻ ഓർത്തു. ജാതകം പറ്റിയെന്നു ഞങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ അവർ രണ്ടു ദിവസത്തിനകം അറിയിക്കാമെന്നു പറഞ്ഞു.

മൂന്ന് ദിവസത്തിന് ശേഷമുള്ള ഒരു പ്രഭാതം…!!!!!

ഫോണിന്റെ ശബ്ദം കേട്ടാണ്‌ ഞാൻ അന്ന് ഉണർന്നത്. ഉറക്ക പിച്ചിൽ ഫോൺ എടുത്തു.

“ഹലോ…!!!” മറു വശത്തു നിന്നും അച്ഛനായിരുന്നു.

“ഡാ നീ ഇതു വരെ എണീറ്റില്ലേ..?? സമയം പത്തു കഴിഞ്ഞു. ആ കുട്ടിയുടെ വീട്ടിൽ നിന്നും ആരൊക്കെയോ നമ്മുടെ വീട്ടിലേക്കു വരുന്നുണ്ട്. അവർ മാർക്കറ്റ് റോഡ് കഴിഞ്ഞെന്നാ പറഞ്ഞത്. അപ്പോൾ ഒരു പത്തു മിനിട്ടിൽ നമ്മുടെ വീടെത്തും. നീ ഒന്ന്‌ റെഡി ആയിരുന്നോ കേട്ടോ. ഞാൻ അപ്പോളേക്കും വന്നോളാം..!

ഷോക്ക് അടിച്ച പോലെ ഞാൻ ചാടി തുള്ളി ബെഡിൽ നിന്നും എണീറ്റു. ബ്രഷുമെടുത്തു പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞു വരുമ്പോളുണ്ട് അവളുടെ അച്ഛനും വീട്ടുകാരും എന്റെ വീടിന്റെ മുറ്റത്തേക്കു കയറി വരുന്നു. ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി അവരെ വരവേറ്റു അകത്തേക്ക് ഇരുത്തിച്ചു.

അമ്മ അപ്പോളേക്കും ചായ എടുത്തു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി. ചായ കപ്പ് ചുണ്ടോടു അടുപ്പിച്ചു കുടിക്കുന്നതിനിടയിൽ അവളുടെ അച്ഛൻ ചോദിച്ചു “ഇത് പഴയ വീടാണല്ലേ”??

“അതെ. ഇത് ഞങ്ങളുടെ തറവാടാണ്. ബാക്കി എല്ലാരും വേറെ വീടെടുത്തു താമസം മാറി പോയി”. എന്റെ അമ്മയാണ് ആ മറുപടി പറഞ്ഞത്.

“ഇവിടേയ്ക്ക് കടൽ കാറ്റൊക്കെ അടിക്കുമോ..??” അവളുടെ ഏട്ടന്റെതായിരുന്നു ആ ചോദ്യം.” കടൽ ഇവിടുന്നു രണ്ടു കിലോ മീറ്റർ അടുത്താണ്.. പക്ഷെ നിങ്ങൾ കരുതുന്ന പോലെ ഉപ്പ് കാറ്റൊന്നും അടിക്കില്ല.!!” ഞാൻ മറുപടി പറഞ്ഞു.”കാർ ഇല്ല ഇവിടെ അല്ലേ..??? അവളുടെ ഏട്ടൻ വീണ്ടും ചോദിച്ചു.!””ഞാൻ ഗൾഫിൽ നിന്നും വർഷത്തിൽ വരുമ്പോൾ മാത്രം യൂസ് ചെയുന്നതോണ്ട് വാങ്ങീട്ടില്ല. തിരിച്ചു പോയാൽ ഓടിക്കാൻ ആളില്ലാതെ അതിവിടെ കിടന്നു നശിക്കും. ലീവിന് വരുമ്പോൾ വാടകക്കോ കൂട്ടുകാരുടെയോ കാർ ഉപയോഗിക്കാറാണ് പതിവ്.!! ഞാൻ മറുപടി കൊടുത്തു.പിന്നെ അധികം ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായിരുന്നില്ല.

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. ഇവിടെ അടുത്തൊരു പരിപാടിക്കു പോകുന്ന വഴിക്കു ഇവിടെയൊന്നു കേറിയെന്നേ ഉള്ളൂ. വൈകുന്നില്ല. എല്ലാരുമായും ആലോചിച്ചു ഞങ്ങൾ അറിയിക്കാം.!” അത്രയും പറഞ്ഞു അവർ ഇറങ്ങി. അന്ന് രാത്രി അവൾ ഫേസ്ബുക്കിൽ എനിക്ക് മെസ്സേജ് അയച്ചു. “ഏട്ടന് എന്നെ ഇഷ്ടമായിട്ടുണ്ട് എന്ന് എനിക്കറിയാം. എനിക്കും തിരിച്ചു ഇഷ്ടക്കേടൊന്നും ഇല്ല്യ. പക്ഷേ വീട്ടിൽ ആർക്കും ഒരു താൽപര്യമില്ല ഈ ആലോചനയിൽ. എന്നോട് ദേഷ്യം തോന്നരുത്‌. ഞാൻ കുറെ പറഞ്ഞു നോക്കി. എങ്കിലും അവരെ ധിക്കരിക്കാൻ എനിക്കാവില്ല. എന്റെ നല്ല ഭാവിക്കു വേണ്ടിയാകും അവർ ഈ തീരുമാനം എടുത്തത്. എന്നെ മനസിലാകുമെന്നു വിചാരിക്കുന്നു. ഏട്ടന് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടട്ടെ. ഞാൻ പ്രാർത്ഥിക്കാം.” അത്രയും പറഞ്ഞു അവൾ നിർത്തി.

പിറ്റേന്ന് രാവിലെ തന്നെ അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞു..” ഈ ആലോചന ശരി ആവില്ല കേട്ടോ.ഞങ്ങൾ നോക്കിയപ്പോൾ ജാതകത്തിനു ഒരു ചേർച്ച കുറവ്. ഞങ്ങളുടെ കുടുംബ പണിക്കരെ കൊണ്ട് നോക്കിച്ചപ്പോൾ രണ്ടു വർഷത്തിൽ കൂടുതൽ രണ്ടു പേരും ഒരുമിച്ചു ജീവിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെ വീട്ടിലേക്കുള്ള ദൂരവും വന്നു പോകാനുമൊക്കെ ഒരു ബുദ്ധിമുട്ടാണ്. അതൊക്കെ ഒരു പ്രശ്‌നം തന്നെയാണ്. നിങ്ങൾക്കു എല്ലാം മനസിലാകുമെന്നു വിചാരിക്കുന്നു. എന്നാൽ അങ്ങിനെയാവട്ടെ ബാക്കി കാര്യങ്ങൾ.l അത്രയും പറഞ്ഞു ആ ഫോൺ കട്ട് ആയി.

അങ്ങിനെ അമ്മുവിനെ സ്വന്തമാക്കാൻ കഴിയില്ല എന്ന സത്യം ഞാൻ മനസിലാക്കി. പതിയെ ഞാനും എല്ലാം മറക്കാൻ ശ്രമിച്ചു ലീവ് കഴിഞ്ഞ് ഗൾഫിലേക്കു തിരിച്ചു പോയി.

ലീവ് കഴിഞ്ഞു തിരിച്ചു ഓഫിസിൽ വീണ്ടും ജോയിൻ ചെയ്തു. അടുത്ത് ആറു മാസത്തിനുള്ളിൽ രണ്ടു ട്രെയിനിങ് കഴിഞ്ഞതോടെ എനിക്ക് പ്രൊമോഷൻ ആയി. അഡ്മിനിസ്ട്രേറ്ററിൽ നിന്നും ടീം ലീഡറിലേക്കും അവിടുന്ന് മാനേജറിലേക്കുമുള്ള ഉയർച്ച വളരെ പെട്ടന്നായിരുന്നു. മണലാരണ്യത്തിലെ ദിർഹം കൈയിൽ വന്നപ്പോൾ കാറും പുതിയ വീടുമൊക്കെ താനേ ഉണ്ടായി.മൂന്നു വർഷത്തിന് ശേഷം ഞാൻ അടുത്ത ലീവിന് നാട്ടിൽ വന്നു…

വീണ്ടും മറ്റൊരു പെണ്ണ് കാണൽ ചടങ്ങ്..! ആ ആലോചനയിൽ ജാതകവും പറ്റി അത് ഉറപ്പിച്ച ശേഷമാണ് ഞാൻ അറിയുന്നത് അനുവെന്ന ആ കുട്ടി അമ്മുവിന്റെ ബന്ധു ആയിരുന്നു എന്ന്. അപ്പോളേക്കും ഞാനും അനുവും അടുത്ത് തുടങ്ങിയിരുന്നു.കുടുംബം പറഞ്ഞാൽ അമ്മുവിന്റെ അനിയത്തിയായി വരും അനു. അതറിയാനായി ഞാൻ അമ്മുവിനെ വിളിച്ചു. അവൾ പറഞ്ഞു. “ശരിയാണ് ഏട്ടാ. പക്ഷെ അവൾക്കു പരാതിയൊന്നുമില്ല. അനിയത്തി അനു നല്ല കുട്ടിയാണെന്നും ഞാൻ അനുവിനെ പെണ്ണ് കാണാൻ പോയത് അമ്മുവിനോട് പറഞ്ഞിട്ടുണ്ടെന്നും” അവൾ പറഞ്ഞു..

പിന്നെ ഏട്ടാ.. എനിക്കൊരു പുതിയ പ്രൊപ്പോസലും കൂടി വന്നിട്ടുണ്ട്‌, അത് മിക്കവാറും ഉറപ്പിക്കും എന്ന് കൂടി അവൾ കൂട്ടി ചേർത്തു. ചെറുക്കനെ കുറിച്ച് അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് അവനെന്റെ ഒരു അകന്ന ബന്ധുവായിരുന്നു. അങ്ങിനെ രണ്ടു പേരും ഒരേ കുടുംബത്തിലേക്ക് ഒന്നിക്കുകയാണെന്ന സത്യം ഞങ്ങൾ മനസിലാക്കി.

അമ്മുവിന്റെ കല്യാണമായിരുന്നു ആദ്യം. എന്നെ അവൾ വിളിച്ചെങ്കിലും ചെറുക്കന്റെ വീട്ടിൽ നിന്നും ക്ഷണം ഉള്ളത് കൊണ്ട് ആ വഴിക്കു എനിക്ക് അവരുടെ വിവാഹത്തിന് പോകേണ്ടി വന്നു. മുഹൂർത്തം ആയി തുടങ്ങി. നവ വധുവിന്റെ ഡ്രെസ്സിൽ അവൾ അണിഞ്ഞൊരുങ്ങി വരുന്നത് കണ്ടപ്പോൾ എന്റെ മനസൊന്നു അറിയാതെ പിടഞ്ഞിരുന്നു.നഷ്ടപെട്ടല്ലോ എന്നൊരു നിരാശ എന്റെ മനസ്സിൽ അപ്പോൾ ചെറുതായി ഉണ്ടായിരുന്നു. പിന്നെ അവളെ എന്റെ ജീവിതത്തിൽ വിധിച്ചിട്ടില്ല എന്നങ്ങു ആശ്വസിച്ചു.

എല്ലാവരും ചെറുക്കനെ കാണാൻ റെഡിയായിരിക്കുകയാണ്. കല്യാണ ചെക്കനെ മാത്രം കാണുന്നില്ല.അപ്പോൾ ആരോ പറയുന്നത് കേട്ടു ചെറുക്കൻ വരില്ല. ചെറുക്കൻ വരുന്ന വഴിക്കു അവന്റെ കാമുകിയുമായി ഒളിച്ചോടിപ്പോയി എന്ന്. പിന്നെ അവിടെ ഒരു ഭയങ്കര ബഹളമായിരുന്നു. തർക്കവും കരച്ചിലും പിഴിച്ചിലും എല്ലാം. മുഹൂർത്തത്തിന് 15 മിനിറ്റ് കൂടിയുള്ളു. പിന്നെ സൊല്യൂഷൻ കണ്ടെത്തലായി എല്ലാരുടെയും ശ്രമം. ഉടുത്തൊരുങ്ങി നിൽക്കുന്ന കല്യാണ പെണ്ണിന്റെ കണ്ണീർ വീണാൽ ഈ കുടുംബം നശിക്കും എന്നൊരു അമ്മൂമ്മ സൈഡിൽ നിന്നും പറയുന്നത് കേട്ടു.

പെട്ടെന്നാണ് പ്രതീക്ഷിച്ച ആ ചോദ്യം വന്നത്. എന്റെ ഏട്ടനോടായി അവരുടെ ഒരു കാരണവർ ചോദിച്ചു.

“നിന്റെ അനിയന്റെ കല്യാണം കഴിഞ്ഞില്ലല്ലോ. അവൻ ഈ കുട്ടിയെ പണ്ട് പെണ്ണ് കണ്ടതല്ലേ..?”.

ഏട്ടൻ കേട്ടപാടെ, അതെ കഴിഞ്ഞിട്ടില്ല, പക്ഷെ ഉറപ്പിച്ചു വെച്ചിരിക്കയാണ് എന്ന് പറഞ്ഞു..

“അവനു നല്ല വേലയും കൂലിയും ഒക്കെയില്ലേ എന്നാൽ നമുക്കു ആലോചിച്ചാലോ.?”

കാരണവർ വിടുന്ന ലക്ഷണമില്ല. അടുത്ത് നിന്നു എല്ലാം കേട്ടു നിന്ന ഞാൻ പറഞ്ഞു.

” ഹേയ് അത് പറ്റില്ല.ഞാനവളുടെ അനിയത്തിയെ കെട്ടാൻ പോവാണ്. പിന്നെ എങ്ങിനെ ഇത് ശരിയാകും?? !” പിന്നെ എല്ലാരും കൂട്ട ചർച്ചയായി, അവളുടെ അനിയത്തിയെ പിടിച്ചു,

“മോളെ… നിന്റെ ചേച്ചിയുടെ കണ്ണീർ കാണണോ നിനക്കു ഇന്ന്.? ?മോളൊന്നു മനസ് വെച്ചാൽ ഇന്ന് ഈ മുഹൂർത്തത്തിൽ നമുക്കു അമ്മുവുമായി ഇവന്റെ കല്യാണം നടത്താം”.അത് കേട്ടപ്പോൾ അവളൊരു പൊട്ടി കരച്ചിലായിരുന്നു. പിന്നെ എല്ലാരുടെയും ശകാരവും നിർബന്ധവും കൂടി കേട്ടപ്പോൾ അനുവിന് അവസാനം എല്ലാം സമ്മതിക്കേണ്ടി വന്നു.എല്ലാരും കൂട്ട് നിന്ന് എന്നെ പിടിച്ചു അമ്മുവുമായി കെട്ടിക്കാൻ പോയപ്പോൾ “മീനത്തിൽ താലികെട്ട്” സിനിമയിലെ ദിലീപിന്റെ അവസ്ഥയാണ് എനിക്കോർമ്മ വന്നത്. അങ്ങിനെ അനുവിനെ കെട്ടാൻ നിന്ന ഞാൻ അമ്മുവിനെ കെട്ടേണ്ട അവസ്ഥ വന്നു. കസവു മുണ്ടും റെഡ് കളർ സിൽക്ക് ഷർട്ടും ആദ്യമേ ധരിച്ചിരുന്നതിനാൽ അങ്ങിനെ തന്നെ എനിക്ക് മണ്ഡപത്തിൽ കയറിയിരിക്കേണ്ടി വന്നു.

താലി കെട്ടാൻ ഒരുങ്ങിയിരിക്കുമ്പോൾ അമ്മുവിന്റെ മുഖത്തു സന്തോഷമാണോ ദുഖമാണോ എന്ന് മാത്രം എത്ര നോക്കിയിട്ടും മനസിലായില്ല. എങ്കിലും അനുവിന്റെ നെഞ്ച് പട പട മിടിക്കുകയായാണെന്നു മാത്രം നല്ലോണം മനസിലായി. പൂജാരി മന്ത്രങ്ങൾ ഉരുവിലിട്ടു പൂജിച്ച താലി എന്റെ കയ്യിൽ തന്നു.

എല്ലാരുടെയും കണ്ണുകൾ എന്റെ നേർക്കു തിരിഞ്ഞു. ഞാൻ നോക്കുമ്പോൾ അമ്മു കണ്ണുകൾ അടച്ചു കൈ കൂപ്പി താലി അണിയാൻ റെഡി അയി ഇരിക്കുന്നു. മറു വശത്തു കണ്ണുകൾ നിറഞ്ഞൊഴുകി അനു മണ്ഡപത്തിന്റെ തൂണിലും ചാരി നില്കുന്നു. നാദ സ്വരം ഉച്ചത്തിൽ മുഴങ്ങി തുടങ്ങി.

“കെട്ടെടാ താലി” എന്നു പിന്നിൽ നിന്നും ആരോ പറഞ്ഞതും ഞാൻ ചാടി എണീറ്റു അനുവിന്റെ അടുത്തെത്തി അവളുടെ കഴുത്തിൽ താലി കെട്ടിയതും ഒരുമിച്ചായിരുന്നു. ഞാൻ കെട്ടുമ്പോളും അവളെന്റെ രണ്ടു കൈയും വിടു വിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. താലി മുറുക്കി കെട്ടുമ്പോളും ഞാൻ അവളോടായി പറഞ്ഞു.

“എന്റെ എല്ലാം അറിഞ്ഞു എന്നെ സ്നേഹിച്ചവളാണ് നീ! ആ നിന്നെ ഞാൻ ഒരിക്കലും ഒന്നിനു വേണ്ടിയും വിട്ടു കൊടുക്കില്ല. എനിക്ക് വേണ്ടി ദൈവം വിധിച്ചത് നിന്നെയാണ്. ആ നമ്മളെ ദൈവത്തിനു പോലും പിരിക്കാൻ കഴിയില്ല.”
അത് പറയുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *