ഞാൻ മുറിയിൽ ഒരു സൈഡിൽ കസേരയിട്ട് ഉപ്പച്ചിയും മക്കളും കഴിക്കുന്നതും നോക്കി…….

പ്രാർത്ഥനയോടെ…

Story written by Neji Najla

പെരുന്നാൾ ദിവസമാണ്. ഉച്ചക്ക് കാക്കു ബിരിയാണി വച്ചിരുന്നു. ഒരു പ്ലേറ്റ് നിറയെ ചിക്കൻ ബിരയാണിയും സലാഡുമായി കാക്കു മുറിയുടെ വാതിൽക്കൽ വന്നു വിളിച്ചു.

ബിരിയാണി കാണാൻ നല്ല സ്റ്റൈലായിട്ടുണ്ടായിരുന്നു. ചിക്കൻ്റെ വലിയ പീസുകൾ മുകളിൽ നിരത്തി വെച്ച പ്ലേറ്റ് എൻ്റെ നേർക്ക് നീട്ടിപ്പിടിച്ചങ്ങനെ നിന്നപ്പോൾ ഒറ്റയടിക്ക് എല്ലാം തിന്നാനുള്ള ആർത്തി മനസ്സിലുണ്ടായിരുന്നു.

നിൻ്റെ പാത്രം ഇങ്ങോട്ട് നീക്കി വെക്ക് പെണ്ണേ അതിലേക്ക് ഇട്ടു തരാം നല്ലോണം തിന്നോ.. എന്നു കാക്കു പറഞ്ഞപ്പോഴാണ് ഞാൻ എൻ്റെ കഴിക്കാൻ കഴിയാത്ത അവസ്ഥയെ കുറിച്ചോർത്തത്.

ഇത്രേം വേണ്ട.. എനിക്ക് പറ്റുന്നില്ല കഴിക്കാൻ എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ഇത്രയും ദിവസം ആയില്ലേ ഇനി നിനക്ക് കഴിക്കാനൊക്കെ പറ്റുമെന്ന് പറഞ്ഞ് കാക്കു പ്ലേറ്റിലെ ചോറ് പകുതിയിലധികവും എൻ്റെ പാത്രത്തിലേക്ക് ശ്രദ്ധയോടെ ഇട്ടു.

ഹാളിൻ്റെ ഒരറ്റത്ത് ടേബിളിൽ ഉപ്പച്ചിക്കും മക്കൾക്കും കഴിക്കാനുള്ളത് നിരത്തി വച്ചത് തുറന്നിട്ട വാതിലിനിടയിലൂടെ ഞാൻ കണ്ടു.

ഞാൻ ഇവിടെയിരുന്ന് ഇങ്ങനെ വാതിൽ തുറന്ന് വച്ച് കഴിച്ചോട്ടെ..?

അത് വേണോ..? എങ്കിൽ അങ്ങോട്ട് തിരിഞ്ഞിരുന്ന് തിന്നോ…

പിന്നെന്തിന് ഞാൻ വാതിൽ തുറന്ന് വച്ച് കഴിക്കണം..? എനിക്ക് നിങ്ങളെ കണ്ടോണ്ടിരുന്ന് കഴിക്കാൻ അല്ലേ…ഞാൻ ഇങ്ങനെ ഇരിക്കട്ടെ ന്നു ചോദിച്ചത്.. ഇത്രയും വിട്ടിട്ടാണല്ലോ ഞാൻ ഇരിക്കുന്നത്.

അതുപറഞ്ഞപ്പോഴേക്കും എൻ്റെ ശബ്ദമിടറി കണ്ണുകൾ നിറഞ്ഞു.

മാസ്ക് ഇല്ലാതെ അല്ലേ കഴിക്കുമ്പോ ഇരിക്കാ…അതാ

ശരിയാണ്… ന്നാ വേണ്ട ഞാൻ വാതിലടച്ച് തന്നെ കഴിച്ചോളാം..

ഞാൻ മുറിയിൽ ഒരു സൈഡിൽ കസേരയിട്ട് ഉപ്പച്ചിയും മക്കളും കഴിക്കുന്നതും നോക്കി അങ്ങനെയിരുന്നു.

മക്കള് മൂന്നാളും എന്നെ സങ്കടത്തോടെ നോക്കി.

ഉമ്മച്ചി തിന്ന്…

ഉമ്മച്ചി തിന്നോളാം.. എങ്ങനെ ഉണ്ട് ഉപ്പച്ചി വച്ച ബിരിയാണി..?

സൂപ്പറാ… ഉമ്മച്ചി കഴിച്ചോക്ക്..

കഴിക്കാം

നീ എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത്..? അവിടിരുന്ന് കഴിച്ചോ…

ഞാനങ്ങനെ നോക്കിയിരുന്നത് കണ്ട് കാക്കുവിന് വിഷമമായെന്ന് ആ വാക്കുകളിൽ നിന്നും നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി.

വേണ്ടാ…സാരല്ല.. ഇങ്ങള് കഴിക്ക്..

അവർ നാലാളും കഴിക്കുന്നത് കണ്ട് ആദ്യം മനസ്സ് നിറക്കട്ടെ എന്നോർത്ത് ഇത്തിരി നേരം കൂടി അവിടെയിരുന്നു.

വാതിലടച്ച് മാസ്‌ക്ക് മാറ്റി ബാത്ത്റൂമിൽ പോയി കയ്യും മുഖവുമൊക്കെ സോപ്പിട്ട് കഴുകി വന്ന് കഴിക്കാനിരുന്നപ്പോൾ എൻ്റെ കവിളുകളിൽ കണ്ണുനീർ ചാലിട്ടു.

സാധാരണ കാക്കു ബിരിയാണി വച്ചാൽ നല്ല രസാണ്. വായയുടെ കയ്പ്പും പിന്നെ രുചിയുടെയും മണത്തിൻ്റെയും അകൽച്ചയും കാരണം മക്കൾ പറഞ്ഞ പോലെയുള്ള രുചിയൊന്നും എനിക്ക് കഴിക്കുമ്പോൾ കിട്ടുന്നുണ്ടായിരുന്നില്ല.

എല്ലാത്തിനുമുപരി ചങ്കിൽ നിന്നും ചോരുരുള ഇറങ്ങിപ്പോകാനാവാത്ത വിധം ഒരു വേദന തിങ്ങിവന്നു. എങ്ങനെയോ കുറച്ചു കഴിച്ച് ബാക്കി അടച്ചു വച്ച് കയ്യും വായും കഴുകി മരുന്നെടുത്ത് കഴിച്ച് ഞാൻ വന്നു കിടന്നു.

കുറച്ചെങ്കിലും കഴിച്ചുതീരുമ്പോഴേക്കും താടിയെല്ലും കഴുത്തും പിരടിയും തലയുമെല്ലാം വേദനയാണ്. ആരോടെങ്കിലും രണ്ട് മൂന്ന് മിനിറ്റിലധികം ഫോണിൽ സംസാരിച്ചാലും അങ്ങനെ തന്നെ.. പോരാത്തതിന് കിതപ്പും ക്ഷീണവും.

പനി തുടങ്ങിയ അന്ന് മുതൽ ഞാൻ മക്കളെ അടുപ്പിച്ചിട്ടില്ല.. മുറിയിൽ തന്നെ ഇരുന്നു. കാക്കുവിനെയും മുറിയിൽ വരണ്ട എന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോൾ നിനക്കതിന് കോവിഡ് അല്ല എന്നല്ലേ ഡോക്ടർ പറഞ്ഞത് എന്ന കാക്കുൻ്റെ ചോദ്യത്തിന് ടെസ്റ്റ് ചെയ്തിട്ടൊന്നുമില്ലല്ലോ ഉറപ്പിക്കാൻ.. എനിക്ക് കാര്യമായി അസ്വസ്ഥതകൾ ഉണ്ട്… സൂക്ഷിക്കുന്നത് നല്ലതല്ലേയെന്ന് ഞാൻ മറുപടി നൽകി.

കടുത്ത പനിയും ശരീരവേദനയും മൂക്കടപ്പും നേരിയ ചുമയും കഫക്കെട്ടും തൊണ്ടവേദനയും നെഞ്ച് അടഞ്ഞപോലെയുള്ള അവസ്ഥയും ഒക്കെ യുണ്ടായിട്ടും ഡോക്ടർ പറഞ്ഞ വിശ്വാസത്തിൽ കാക്കു ആദ്യത്തെ നാലു ദിവസം രാത്രി എൻ്റെ കൂടെ തന്നെ കിടന്നു.

ഹാളിൽ കിടന്നാൽ മതി ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാം എന്ന് ഞാൻ പറഞ്ഞിട്ടും ഡോക്ടർ ഉറപ്പിച്ചു പറഞ്ഞതല്ലേ വൈറൽ ഫീവർ ആണെന്ന് പിന്നെ നിനക്കെന്താ പേടി..? ഇത്രേം വയ്യാതെ നിന്നെയെങ്ങനെ ഞാൻ ഒറ്റയ്ക്ക് കിടത്തും..? എന്നൊക്കെയായിരുന്നു കാക്കുവിൻ്റെ മറുപടി.

എന്നിട്ടും ടെസ്റ്റിൽ എനിക്ക് പോസിറ്റീവ് ആയപ്പോൾ കാക്കുവിന് നാഥൻ്റെ തുണ ഒന്നുകൊണ്ട് മാത്രം നെഗറ്റീവ് ആയി. ഇതുവരെ മക്കളും കാക്കുവും സുരക്ഷിതരായി ഇരിക്കുന്നുവെന്ന സമാധാനമാണ്. എങ്കിലും എപ്പോഴും മനസ്സിൽ അവർക്കെങ്ങാനും അസുഖം വരുമോ എന്ന ആധിയാണ്.

പല ചിന്തകളും മനസ്സിനെ കീഴടക്കി രാവും പകലും ഉറക്കമില്ല.

ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണീര് പുതപ്പു കൊണ്ട് അമർത്തിത്തുടച്ച് മഹാ മാരിയിൽ പെട്ട് മരണത്തോട് മല്ലടിച്ച് കിടക്കുന്ന ലോകം മുഴുവനുമുള്ള സഹോദരങ്ങൾക്ക് വേണ്ടി മനസ്സു നൊന്തു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കണ്ണുകളടച്ചു കിടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *