ഞാൻ മുറ്റത്തേക്ക് എത്തിയപ്പോഴേക്കും അവളൊരിറുങ്ങിയ മാക്സിയിലെന്നെ അകത്തേക്ക് ക്ഷണിച്ചു.മോൻ അപ്പുറത്ത് പഠിക്കുകയാണെന്നവൾ പറഞ്ഞപ്പോൾ, ഞാനവളോട് കുറച്ചുകൂടി ചേർന്ന് നിന്നു……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

കണ്ണാടിയിൽ നോക്കി പത്തുതവണ ചിരിച്ചു. വിത്യസ്തമായ പത്തുചിരികൾ..! പല്ലുകാട്ടാതെയുള്ള മൂന്നാമത്തെ ചിരിയെനിക്ക് കുഴപ്പമില്ലെന്ന് തോന്നി. അതാകുമ്പോൾ ഞാനൊരു കൊടും പുകവലിക്കാരനാണെന്ന് അവൾക്ക് മനസ്സിലാകുകയുമില്ല.

അന്ന് ഓഫീസിലേക്ക് പോകുമ്പോഴുടുക്കേണ്ട പുതിയ ഷർട്ടും പാന്റും ഇസ്തിരിയിടുമ്പോൾ എനിക്കൊരു സംശയം…! ഇനിയെങ്ങാനുമവൾ നാളെ വരാതിരിക്കുമോ..!? അവൾക്ക് വരാതെ പറ്റില്ല. കൈവശാവകാശ സർട്ടിഫിക്കേറ്റില്ലാതെ അവൾക്കാ അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തി വായ്പ കിട്ടില്ല. വായ്പ കിട്ടിയില്ലെങ്കിൽ അവളാകെ കുഴഞ്ഞു പോകും.

അവളെയെനിക്ക് എങ്ങനേയും സഹായിച്ചേ പറ്റൂ.. മുന്നാധാരമില്ലെന്ന് പറഞ്ഞാണ് അവളെയിന്ന് വില്ലേജോഫിസർ തിരിച്ചയച്ചത്. പോകാൻ നേരമെന്തെങ്കിലും ചെയ്യാൻ പറ്റുമോ ചേട്ടായെന്ന് അവളെന്നോട് ചോദിച്ചു. മുന്നാധാരമേതോ മഴയിൽ മുങ്ങിക്കുതിർന്ന് പൊങ്ങിയകാര്യം പറഞ്ഞിട്ടും വില്ലേജോഫീസർ അടുക്കുന്നില്ലായെന്ന് വളരെ നിരാശയോടെ അവളെന്നോട് പറഞ്ഞു. അല്ലെങ്കിലും ചില ഓഫിസർമാർക്ക് എന്തെങ്കിലും ആവശ്യത്തിനായി വരുന്ന ജനങ്ങളെ മുന്നും പിന്നും ആലോചിക്കാതെ തിരിച്ചയക്കാൻ വല്ലാത്തൊരു ഉന്മേഷമാണല്ലോ..! അതെന്തായാലും എന്നെപ്പോലെയുള്ളവർക്ക് വല്ലതും തടയാനുള്ളതിന്റെ വകുപ്പായി മാറുന്നത് കൊണ്ട് നന്നായി. പീയൂണാണെങ്കിലും ഓഫീസിലെ ചില കാര്യങ്ങളൊക്കെ ഞാൻ വിചാരിച്ചാലും നടക്കും.

അവൾ പിന്നേയും എന്തൊക്കെയോ സംസാരിച്ചു. സുഖമില്ലാത്ത അമ്മയുണ്ടെന്നും, മോനെട്ട് വയസ്സായെന്നും, കടങ്ങളും നാട്ടുകാരുടെ ദ്വയാർത്ഥ പരിഹാസവും… അങ്ങനെയങ്ങനെ എന്തൊക്കെയോ അവൾ പറഞ്ഞു… അതിൽ ഭർത്താവില്ലെന്ന് പറഞ്ഞത് മാത്രം ഞാൻ വ്യക്തമായി കേട്ടു. അതങ്ങനെ യാണല്ലോ.. എത്ര കാതുകൊടുത്താലും ചിലപ്പോഴൊക്കെ നമുക്ക് വേണ്ടത് മാത്രമേ നമ്മൾ മറ്റുള്ളവരിൽ നിന്ന് വ്യക്തമായി കേൾക്കാറുള്ളൂ.

ഞാനവളെ ആശ്വസിപ്പിച്ചു. നാളെയിത്തിരി നേരത്തെ വരൂവെന്നും, എല്ലാം ശരിയാക്കാമെന്നും ഞാനവളോട് പറഞ്ഞു. ശരിയെന്ന് പറഞ്ഞവൾ പോകുമ്പോൾ ഞാനവളെ അടിമുടി നോക്കുകയായിരുന്നു.

സാരിയിലവളുടെ ആകൃതി വ്യക്തമാണ്. തീരേയുടഞ്ഞിട്ടില്ല. മുന്നിൽ നിന്നായാലും പിന്നിൽ നിന്നായാലും ഒന്ന് പെറ്റതാണെന്ന് പറയുകയേയില്ല. ഏത് പുരുഷനേയും വ ശീകരിക്കുന്നയൊരു വ ശ്യതയവളുടെ ഉടലിലുണ്ട്. എനിക്കത് ധാരാളമായിരുന്നു…! അങ്ങനെയവളെ ഓർത്തോർത്താണ് ഞാനന്നുറങ്ങിയത്.

തേച്ച് മിനുക്കിയ പുത്തൻ ഷർട്ടും പാന്റുമിട്ട് പതിവിലും നേരത്തെ ഞാനന്ന് ഓഫീസിലേക്കെത്തി. നേരം പത്താകുമ്പോഴേക്കും അവളുമെത്തി. ഞാനെന്റെ മൂന്നാമത്തെ ചിരിയവൾക്ക് സമ്മാനിച്ചു. അവൾ തിരിച്ചെനിക്കൊരു നനുത്ത പുഞ്ചിരി കണ്ണുകൾ കൊണ്ടെറിഞ്ഞ് തന്നു. രണ്ട് ചിരികളും തമ്മിൽ കൂട്ടിയിടിച്ചൊരു പൊട്ടിത്തെറിയുണ്ടായി. അതിലവളുടെയൊരു കഷ്ണം ചിരിയെന്റെ രതിയുടെ സിരകളിൽ വന്ന് ചുംബിച്ചത് പോലെയെനിക്കപ്പോൾ തോന്നി…!

അവളുടെ കൈകളിലുണ്ടായ മറ്റ് രേഖാ പത്രങ്ങളെല്ലാം വാങ്ങി ഞാനവളോട് പൊയ്ക്കോളൂവെന്നും, കൈവശാവകാശ സർട്ടിഫിക്കേറ്റുമായി ഞാനന്തിക്ക് വീട്ടിലേക്ക് എത്തിക്കോളാമെന്നും പറഞ്ഞു. അവളപ്പോൾ സംശയത്തോടെയെന്നെ നോക്കി. പറഞ്ഞത് അബദ്ധമായോയെന്ന് ഞാനും സംശയിച്ച് പോയി…!

പക്ഷേ, കാര്യങ്ങളെനിക്ക് അനുകൂലമായിരുന്നു. ശരി ചേട്ടായെന്നും പറഞ്ഞവൾ പോയി. പോകാൻ നേരമവളുടെ ചുണ്ടുകൾ എനിക്കൊരു കടുകട്ടി പുഞ്ചിരി തന്നു. അതിന്റെ ഉന്മേഷത്തിൽ ഞാനെന്റെ ഓഫീസറുടെ കാലിൽ വീണാ കൈവശാവകാശ സർട്ടിഫിക്കേറ്റ് കൈക്കലാക്കി.

ഇരുട്ട് വീഴും മുമ്പേ ഞാനവളെ ഫോണിൽ വിളിച്ച് എത്താറായിട്ടോയെന്ന് പറഞ്ഞു. അവളതിന് ഞാൻ കാത്തിരിക്കുന്നുവെന്ന മറുപടിയും തന്നു.

ഞാൻ മുറ്റത്തേക്ക് എത്തിയപ്പോഴേക്കും അവളൊരിറുങ്ങിയ മാക്സിയിലെന്നെ അകത്തേക്ക് ക്ഷണിച്ചു. ചാകാറായെന്ന് നീട്ടി പറയുന്നത് പോലെ ചുമക്കുന്ന അവളുടെ അമ്മയെ ഞാൻ കേട്ടു.. മോൻ അപ്പുറത്ത് പഠിക്കുകയാണെന്നവൾ പറഞ്ഞപ്പോൾ, ഞാനവളോട് കുറച്ചുകൂടി ചേർന്ന് നിന്നു. അപ്പോഴവൾ എന്നോടിരിക്കാൻ പറഞ്ഞിട്ടകത്തേക്ക് പോയൊരു ചില്ല് ഗ്ലാസിൽ ചായയും, ഒരു കുഞ്ഞ് പിഞ്ഞാണത്തിൽ മൂന്ന് ചുകന്ന ജിലേബിയും കൊണ്ട് തന്നു.

എനിക്ക് തീരെ ക്ഷമയുണ്ടായിരുന്നില്ല. അവൾ തന്ന പതക്കുന്ന ചായയിൽ നിന്നൊരു തുള്ളി ഊതി വലിച്ചിറക്കിയിട്ട്, ഞാനവളോട് ഇനിയെങ്ങനെയാ കാര്യങ്ങളെന്ന് ചോദിച്ചു. അപ്പോഴവളെന്നോട് കൈവശാവകാശ സർട്ടിഫിക്കറ്റ് കിട്ടിയോയെന്ന് ചോദിച്ചു. അതില്ലാതെയിങ്ങോട്ട് വരുമോയെന്ന് ഞാൻ പറഞ്ഞപ്പോൾ അവളെനിക്ക് മനോഹരമായ മറ്റൊരു ചിരി സമ്മാനിച്ചുകൊണ്ട് അവളുടെ കൈകൾ നീട്ടി. ഞാൻ അതിലേക്കാ അവകാശ പത്രമെടുത്ത് വെക്കുമ്പോഴൊരു അധികാരത്തോടെയവളുടെ കൈകളിൽ തടവി. അപ്പോഴവൾ കൂടുതൽ ചിരിച്ചുകൊണ്ട് അകത്തേ മുറിയിലേക്ക് പോയി പത്രം ഭദ്രമായി അലമാരയിൽ വെച്ച് തിരിച്ചുവന്നു.

ഞാനാ ഗ്ലാസ്സിലെ അവസാന തുള്ളി ചായയും തൊണ്ടയിലേക്ക് ഇറക്കിയവളെ നോക്കി നിൽക്കുമ്പോഴാണ്, എന്റെ കണ്ണഞ്ചിപ്പിക്കുന്ന കനത്തിലൊരു കൈയ്യെന്റെ കരണത്തിൽ വീണത്. ഗ്ലാസ്സ് തറയിൽ വീണതും, പൊട്ടിയതും, അതുകേട്ടവളുടെ മകനോടി വന്നതെല്ലാമൊരു കൈനൊടിയിൽ സംഭവിച്ചത് പോലെയെനിക്ക് തോന്നി…! ഒരു അമ്പരപ്പോടെയാണ്, അവളാണ് എന്നെയടിച്ചതെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

ലോകത്തിലെയേറ്റവും നാണം കെട്ടവന്റെ ഇളിഭ്യമുഖവുമായി ഇത്തിരി വെപ്രാളത്തോടെയാണ് ഞാനന്ന് അവളുടെ വീട്ടിൽ നിന്നിറങ്ങിയോടിയത്. എന്നുമാത്രമല്ല, ഒന്നുമറിയാത്തയൊരു നിഷ്കളങ്കതയോടെ പിറ്റേന്ന് ഞാനെന്റെ മൂന്നാമത്തെ ചിരിയുമായി വില്ലേജോഫീസിലേക്ക് പോകുകയും ചെയ്തു…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *