Story written by NIKESH KANNUR
“”ഏട്ടാ,,, ഏട്ടനെ ഈ ജന്മത്തിൽ എനിക്കു പിരിയാൻ വയ്യ….
“‘അത്രയ്ക്കിഷ്ടമാണ് എനിക്കെന്റെ ഏട്ടനെ…
“”എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ തൂങ്ങി ചാവും …
“‘പിന്നെ ഏട്ടൻ രാത്രിയിൽ ആകാശത്ത് നോക്കിയാൽ എന്നെ അവിടെ കാണാം..
കോടാനു കോടി നക്ഷത്രങ്ങൾക്കിടയിൽ വേറിട്ട് നിൽക്കുന്ന ഒരു നക്ഷത്രമായിട്ട്..ഞാൻ അപ്പോൾ ഏട്ടനെ തന്നെ നോക്കി പുഞ്ചിരി തൂകും,,കണ്ണിറുക്കി കാണിക്കും.. അപ്പോൾ പിന്നെ എന്നെ നഷ്ട്ടപ്പെട്ടതോർത്തു സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമുണ്ടാകില്ല… ഞാൻ വച്ചു നീട്ടുന്ന ഈ മനോഹര ജീവിതം തട്ടി കളയല്ലേ എന്റെ പൊന്നേട്ടാ….ഏട്ടൻ തിരിച്ചു വരുന്നതും കാത്തു ഞാനിരിയ്ക്കും…. മഴ കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ…
“‘ഞാൻ ആദ്യമായി ഗൾഫിലേക്ക് വിമാനം കയറും മുൻപേ അവളോട് യാത്ര ചോദിക്കാൻ പോയപ്പോൾ അവൾ പറഞ്ഞ വാക്കുകളാണിതൊക്കെ…വിശ്വസിച്ചു… ഞാനെല്ലാം വിശ്വസിച്ചു…
“” അങ്ങിനെ രണ്ടു വർഷത്തിന് ശേഷം ഒരു ഡിസംമ്പർ മാസം എന്റെ ആദ്യത്തെ വെക്കേഷൻ വന്നെത്തി… ഞാൻ രണ്ടു മാസത്തെ ലീവിന് നാട്ടിലെത്തി.. അന്ന് തന്നെ ആ സന്ധ്യാ നേരത്തു അവളെ കാണാൻ അവളുടെ വീടിനടുത്തുള്ള റോഡിലൂടെ ഞാൻ ചെന്നു…
“”വീടിനടുത്തെത്തിയപ്പോൾ തന്നെ കണ്ടു.. അവളും അവളുടെ കെട്ടിയോൻ ആ തടിയനും കൂടി ഉമ്മറത്തിരുന്നു ഉച്ചത്തിൽ സംസാരിക്കുന്നുണ്ട് പൊട്ടി പൊട്ടി ചിരിക്കുന്നുമുണ്ട്… അവളുടെ കൈയിൽ ഒരു കുഞ്ഞുമുണ്ട്…
“”ക്ഷമ നശിച്ച ഞാൻ എന്തും വരട്ടെ എന്ന് കരുതി മുൻകാല പരിചയം വച്ചു നേരെ അവളുടെ വീട്ടിലേക്കു കയറി ചെന്നു…
“”മുറ്റത്തെത്തിയതും അവിടമാകെ പെട്ടെന്ന് പ്രകാശമയമായി… ക്രിസ്തുമസ്സ് ന്യൂ ഇയറിനായി ഡെക്കറേഷൻ ചെയ്തു വീടിന്റെ സീലിങ്ങിൽ കെട്ടിത്തൂക്കിയിരുന്ന നക്ഷത്രങ്ങൾ ഒന്നാകെ വീട്ടുകാർ ഓൺ ചെയ്തതാണ്…
“”ആ വെളിച്ചത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ എന്നെ കണ്ടതും അവർ രണ്ടാളും പെട്ടെന്ന് ഞെട്ടിപിടഞ്ഞെഴുനേറ്റു നിന്നു…
“”ആ വെളിച്ചത്തിൽ അവളെ വ്യക്തമായി കണ്ടപ്പോൾ ഞാനും ഞെട്ടി…അവളുടെ നെറ്റിയിൽ സിന്ദൂരം… കൈയിൽ ഇളം പൈതൽ.. …
“”അവൾ എന്നെ അന്ന് യാത്രയാക്കുമ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ എനിക്കവളെ കുറിച്ചോർത്തു അഭിമാനം തോന്നി… അവൾ അന്ന് പറഞ്ഞപോലെ ആയില്ലെങ്കിലും,,കോടാനു കോടി ഒന്നുമില്ലെങ്കിലും,, സീലിങ്ങിൽ തൂക്കിയ കുറച്ചു നക്ഷത്രങ്ങളുടെ അരികെ നിന്നെന്നെ നോക്കി പുഞ്ചിരിച്ചു… വേറിട്ടൊരു നക്ഷത്രമായിട്ടെന്നെ കണ്ണിറുക്കി കാണിച്ചില്ല… കാരണം കുട്ടിയാനയെ പോലുള്ള അവളുടെ കെട്ടിയോൻ അരികത്തു നിൽക്കുമ്പോൾ അവളാ സാഹസത്തിനു മുതിരില്ലല്ലോ…