എഴുത്ത്:-സജി തൈപ്പറമ്പ്
ഡേറ്റിങ്ങിന് താത്പര്യമുണ്ടോ ?
പച്ച പാതിരാത്രിയ്ക്ക് മെസ്സഞ്ചറിൽ വന്ന് ആ സ്ത്രീ ചോദിച്ചപ്പോൾ ഞാനാകെ പകച്ച് പോയി
ഇടയ്ക്ക് കഥകളെ കുറിച്ച് അഭിപ്രായം പറയാൻ മെസ്സഞ്ചറിൽ അവര് വരാറുണ്ട്, പ്രൊഫൈലിലെ DOB വച്ച് കണക്ക് കൂട്ടുവാണെങ്കിൽ അവർക്ക് പ്രായം അൻപതിനടുത്ത് വരും
Dpയിലെ പിക്ചർ ഒറിജിനലാണെങ്കിൽ കണ്ടാൽ നാല്പതിൽ താഴെ പ്രായം വരുന്ന ഒരു യുവ സുന്ദരിയാണവർ
അവരുടെ പ്രൊഫൈലിൽ മറ്റാരുടെയും ഫോട്ടോസ് ഇല്ലാത്തത് കൊണ്ട് സിംഗിളാണോ എന്നൊരു സംശയവും എനിക്കുണ്ട്
പക്ഷേ എൻ്റെ പ്രൊഫൈലിൽ ,മാരിറ്റൽ സ്റ്റാറ്റസ് വ്യക്തമാക്കിയിട്ടുണ്ട് ,ഞാനെൻ്റെ ഫാമിലിയുടെ ഫോട്ടോസൊക്കെ അപ് ലോഡ് ചെയ്തിട്ടുമുണ്ട്
ഞാൻ വിവാഹിതനാണെന്നറിഞ്ഞിട്ടും എന്നോട് ഡേറ്റ് ചെയ്യാൻ മുതിർന്ന അവരോട് എനിക്കൊരു നീരസം തോന്നിയത് കൊണ്ട് അവരുടെ ചോദ്യം അവഗണിച്ച് കൊണ്ട്നോ ട്ടിൽ ഞാൻ എൻ്റെ എഴുത്ത് തുടർന്നു
നാളെ എൻ്റെ കൂടെ ഒന്ന് കോഫി ഷോപ്പിൽ വരുന്നത് കൊണ്ട് വിരോധമുണ്ടോ? ഒറ്റ പ്രാവശ്യം മതി പിന്നീട് ഒരിക്കലും ഞാൻ ബുദ്ധിമുട്ടിക്കില്ല
കുറെ നേരത്തിന് ശേഷം അവർ വീണ്ടും എനിയ്ക്ക് മെസ്സേജയച്ചു.
ആ മെസ്സേജ് വായിച്ചപ്പോൾ എൻ്റെ മനസ്സ് ഒന്ന് അയഞ്ഞു.
അവർക്കെന്തോ എന്നോട് സീരിയസ്സായിട്ട് സംസാരിക്കാനു ണ്ടാനുണ്ടെന്ന് തോന്നി.
നാളെ എത്ര മണിക്ക്?ഏത് കോഫി ഷോപ്പിൽ?
ഞാൻ മറുപടിയ്ക്കായി കാത്തു
സമയവും സ്ഥലവും മാഷ് നിശ്ചയിച്ചോളു ,,
അതിനുള്ള സ്വാതന്ത്ര്യം അവർ എനിയ്ക്ക് തന്നു.
ശരി നമ്പര് സെൻഡ് ചെയ്യു ,രണ്ടും,നാളെ ഞാൻ വിളിച്ച് പറയാം
അങ്ങനെ അവര് അയച്ച് തന്ന നമ്പര് ഞാൻ ഡേറ്റിങ്ങ് എന്ന പേര് വച്ച് സേവ് ചെയ്തു
പിറ്റേന്ന് എനിക്ക് പര്യാപ്തമായ ഒരു സമയവും സ്ഥലവും ഞാനവരോട് വിളിച്ച് പറഞ്ഞു
കടലിനഭിമുഖമായിട്ടുള്ള ഒരു കോഫീ ഷോപ്പായിരുന്നത് ,ചുറ്റിനും പൈൻ മരങ്ങൾ ഒരുവൻ മതിൽ പോലെ ആ ഷോപ്പിനൊരു സ്വകാര്യത നല്കിയിരുന്നു, അത് കൊണ്ട് പെട്ടെന്നാരും ഞങ്ങളെ ശ്രദ്ധിക്കില്ലെന്നൊരു ആത്മവിശ്വാസത്തിലാണ് ഞാനവിടം തിരഞ്ഞെടുത്തത്
ഞാൻ ചെല്ലുമ്പോൾ രണ്ട് കസേരകൾ മാത്രമുള്ളടേബിളിൽ അവർ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
ഒർഡറെടുക്കാൻ വന്ന പയ്യനോട് രണ്ട് കോഫി പറഞ്ഞിട്ട് ചോദ്യഭാവത്തിൽ ഞാനവരുടെ മുഖത്തേയ്ക്ക് നോക്കി.
ഞാനിന്നലെ ഡേറ്റിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ മാഷ് പതറിപ്പോയല്ലേ? അത് കൊണ്ടാണ് റിപ്ളേ തരാതിരുന്നത് എന്നെനിയ്ക്ക് മനസ്സിലായി, അത് നന്നായി ,ഡേറ്റിങ്ങിന് താല്പര്യമുണ്ടെന്ന് ചാടിക്കേറി മാഷ് പറഞ്ഞിരുന്നെങ്കിൽ ,ഒരു പക്ഷേ നമ്മൾ ഒരിക്കലും കണ്ട് മുട്ടില്ലായിരുന്നു, എനിക്കൊരുപാട് സങ്കടങ്ങളുണ്ട് മാഷേ അത് മനസ്സിലാവുന്ന ഒരാളോട് പങ്ക് വയ്ക്കണമെന്ന് തോന്നി, അതിനായ് ഞാൻ മാഷിനെ തന്നെ സെലക്ട് ചെയ്തത് മറ്റൊന്നുമല്ല ,മാഷിൻ്റെ കഥകളിൽ എന്നെപ്പോലെ യുള്ള ഒരു പാട് കഥാപാത്രങ്ങളെ ഞാൻ കണ്ടിരുന്നു ,അവർക്കൊക്കെ താങ്ങും തണലുമായി ഭർത്താക്കന്മാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു ,അപ്പോഴൊക്കെ മാഷിൻ്റെ കഥകളിലെ നായികമാരൊക്കെ എത്ര ഭാഗ്യവതികളാണെന്ന് ഞാൻ അസൂയപ്പെട്ടിട്ടുണ്ട്
അല്ലാ എന്താ ഇയാൾടെ യഥാർത്ഥ പേര്? പ്രൊഫൈലിലുള്ളത് തന്നെയാണോ ?
ഇടയ്ക്ക് ഞാൻ അവരോട് തിരക്കി
അതേ, ഇന്ദു ,, അതാണ് എൻ്റെ പേര് എൻ്റെ അമ്മയുടെ ദുരിതപൂർണ്ണമായ ദാമ്പത്യ ജീവിതം കണ്ടാണ് ഞാൻ വളർന്നത്, ഭർത്താവിൻ്റെ കാല്ചുവട്ടിൽ അടിയറവ് വച്ച അമ്മയുടെ സ്വാതന്ത്ര്യം, ഉറക്കെയൊന്ന് കരയാൻ പോലുമാവാത്ത അമ്മയുടെ നിസ്സഹായാവസ്ഥ ,അച്ഛൻ്റെ ആക്രോശത്തിന് മുന്നിൽ പൂക്കുല പോലെ വിറയ്ക്കുന്ന അമ്മയുടെ ദയനീയ രൂപം ,, അതൊക്കെ കണ്ട് മനസ്സ് മരവിച്ച എനിയ്ക്ക് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു
അങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതും ഇത് വരെ സിംഗിളായി തുടർന്നതും
ഉയർന്ന ശമ്പളമുള്ള ജോലി,എനിക്ക് കൈനിറയെ സമ്പാദ്യം തന്നു,പക്ഷേ ,ക്യാൻസറെന്ന മാറാവ്യാധി എൻ്റെ ശരീരത്തിൻ്റെ സിംഹഭാഗവും കാർന്ന് തിന്നുമ്പോൾ ആ സമ്പാദിച്ച് കൂട്ടിയ നോട്ടുകെട്ടുകൾക്ക് പേപ്പറിൻ്റെ വില പോലുമില്ലാതായിരിക്കുന്നു
അത്രയും പറഞ്ഞപ്പോൾ തന്നെ ഗദ്ഗധം മുട്ടിയ അവരുടെ തൊണ്ട വരണ്ടു ,നാവ് നനയ്ക്കാനായി ടേബിളിൽ നിറച്ച് വച്ച് ഗ്ളാസ്സിലെ വെള്ളമെടുത്ത് ഞാൻ അവർക്ക് നേരെ നീട്ടി.
ആയുസ്സിൻ്റെ കണക്ക് പുസ്തകത്തിൽ ഇനി എതാനും നാളുകൾ മാത്രമേ എനിയ്ക്ക് ജീവിതമുള്ളു,,
ഒരു കവിൾ വെള്ളം കുടിച്ച് കൊണ്ട് അവർ സംസാരം തുടർന്നു
എനിയ്ക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല ,, ഇനിയും ഈ ലോകത്ത് എനിയ്ക്ക് കാണാൻ ഒരുപാടുണ്ട് ,എൻ്റെ നാവറിയാത്ത രുചികളുണ്ട് ,ഞാൻ കാതോർത്തിരിക്കുന്ന സംഗീതമുണ്ട് ഞാൻ വായിച്ച് തീർക്കാത്ത ഒരു പാട് കഥകളുണ്ട് ,, അത് കൊണ്ട് ഇനിയും കുറെ നാള് ജീവിക്കാൻ എന്താണൊരു വഴിയെന്ന് ,എന്നെ ചികിത്സിച്ച ഡോക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതായിരുന്നു ഈ ഡേറ്റിങ്ങ് ,അത് കൊണ്ടാണ് ഞാനാദ്യം മാഷിനോട് അങ്ങനെ ചോദിച്ചത് ,ഡേറ്റിങ്ങിനെ ഓരോരുത്തരും ഓരോ രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത് ,
ചിലരതിനെ സാമ്പത്തികമായും മറ്റ് ചിലർ ലൈംഗികമായും ചൂഷണം ചെയ്യാറുണ്ട് ,മാഷ് ഈ രണ്ട് ഗണത്തിൽ പെട്ട ആളല്ലെന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ അങ്ങയെ തന്നെ സമീപിച്ചത് വേറൊന്നും വേണ്ട ,ഒന്നിടവിട്ട ദിവസങ്ങളിൽ എന്നോടൊപ്പം കുറച്ച് സമയം ചിലവഴിക്കുകയും വല്ലപ്പോഴും ഓരോ സിനിമയ്ക്ക് കൂടെ വരികയുമൊക്കെ ചെയ്താൽ മതി ,ചിലവുകൾ പൂർണ്ണമായും ഞാൻ വഹിച്ചോളാം ,ഒന്നും വെറുതെ വേണ്ട , മാഷിൻ്റെ വിലപ്പെട്ട സമയം എനിയ്ക്ക് വേണ്ടി സ്പെൻ്റ് ചെയ്യുന്നതിന് പകരമായി ,ആവശ്യപ്പെടുന്ന സാലറിയും തരാൻ ഞാൻ തയ്യാറാണ് ,, പറയൂ ,, മാഷിന് എന്നെ സഹായിക്കാൻ പറ്റുമോ?
സോറി ,സാലറി വാങ്ങി ചെയ്യാൻ പറ്റിയ ഒരു ജോലിയല്ലിത്, മാത്രമല്ല എനിയ്ക്കും കുടുംബത്തിനും സുഖമായി ജീവിക്കാനുള്ള സാലറി കിട്ടുന്ന ജോലിയാണ് ഞാനിപ്പോൾ ചെയ്യുന്നത് ,,
എടുത്തടിച്ചുള്ള എൻ്റെ മറുപടി കേട്ട് അവരുടെ മുഖത്തെ രക്തം വാർന്ന് പോയി.
വല്ലപ്പോഴുമല്ലാതെ സ്ഥിരമായി എൻ്റെ കൂടെ കൂട്ടാൻ ഞാനൊരു ക്കമാണ്, തെറ്റിദ്ധരിക്കേണ്ട ,ഭാര്യയും മക്കളുമടങ്ങുന്ന എൻ്റെ ചെറിയ കുടുംബത്തിലേയ്ക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു,അവിടെ എത്ര കാലം വേണമെങ്കിലും ഞങ്ങളിലൊരാളായി നിങ്ങൾക്ക് കഴിയാം ,നിങ്ങൾക്കിപ്പോൾ ആവശ്യം ഈ ഏകാന്തതയിൽ നിന്നൊരു മോചനമാണ് , ചുറ്റിനും നിങ്ങളെ കേൾക്കാൾ ആളുകളുണ്ടെങ്കിൽ, നിങ്ങൾക്ക് ജീവിക്കാനുള്ള ത്വര, ഇപ്പോഴുള്ളതിനെക്കാൾ പതിന്മടങ്ങായി വർദ്ധിക്കും ,ജീവിക്കാൻ കൊതി മൂത്ത മനസ്സിന്, തൻ്റെ ശരീരത്തെ മരണത്തിന് വിട്ട് കൊടുക്കാൻ ഒരിക്കലും കഴിയില്ല ,ഡോക്ടറും ഡേറ്റിങ്ങ് കൊണ്ട് ഉദ്ദേശിച്ചത് അത് തന്നെയാണ് ,
എനിക്കിഷ്ടമാണ് മാഷേ,, നിറയെ ആൾക്കാരുള്ള വീട്ടിൽ ജീവിക്കാൻ ഏറെ കൊതിച്ചവളാണ് ഞാൻ പക്ഷേ, മാഷിൻ്റെ ഭാര്യ ,മാഷിനെ പോലെ വിശാലമനസ്കത ഉള്ള ആളാവണമെന്നില്ലല്ലോ?
ഒരിക്കലുമല്ല ,എന്നെ നന്നായി മനസ്സിലാക്കിയവളാണ് എൻ്റെ ഭാര്യ ,ഞാനെടുക്കുന്ന തീരുമാനങ്ങൾ പോസിറ്റീവായിട്ട് മാത്രമേ അവള് കാണാറുള്ളു ,പിന്നെ , എന്നെക്കാളും സഹജീവി സ്നേഹവും ,മറ്റുള്ളവരോട് അനുഭാവമുള്ളയാളുമാണവൾഎന്നാൽ പിന്നെ,, നമ്മൾ പോവുകയല്ലേ? നിങ്ങൾ കാതോർക്കുന്ന സംഗീതമുള്ള, നിങ്ങടെ നാവറിയാത്ത രുചികളുള്ള, നിങ്ങൾക്ക് കേട്ടറിവില്ലാത്ത കഥകളുള്ള, എൻ്റെ വീട്ടിലേയ്ക്ക് ,,
ഞാനവർക്ക് കൊടുത്ത ആത്മവിശ്വാസവും പ്രതീക്ഷയുമായി എൻ്റെയൊപ്പം അവർ വന്നു ,എത്ര കാലത്തേയ്ക്കെന്നറിയില്ലെങ്കിലും കൂടെ ഉള്ള കാലത്തോളം അവർ ഇത് വരെ അനുഭവിക്കാത്ത കുടുംബ ബന്ധങ്ങളുടെ ഊഷ്മളത, എന്താണെന്ന് അവരെ ബോധിപ്പിക്കുന്ന തിരക്കിലാണിപ്പോൾ ഞാനുമെൻ്റെ കുടുംബവും, .