ട്രെയിനില്‍ നിന്നും ഭയപ്പെട്ട മുഖത്തോടെ ഒരു പെണ്‍കുട്ടി ട്രാക്കിലേക്കുചാടി.. ട്രക്കിലെ കല്ലുകള്‍ നിരങ്ങി അവള്‍ താഴേവീണെങ്കിലും ആരെയോ…..

പാച്ചുവിന്‍റെ യക്ഷിപ്പെണ്ണ്

എഴുത്ത്:-ആദി വിഹാന്

വീടിന് വലതുവശത്തുളള വലിയ ആല്‍മരപ്പൊത്തിലാണ് അവന്‍ ദേവിയെ പ്രതിഷ്ഠിച്ചത്… ഉത്സവപ്പറമ്പില്‍നിന്നും നൂറുരൂപക്ക് വാങ്ങിയ കളിപ്പാട്ടമായിരുന്നു അവന്‍റെ ദേവി…

പട്ടുടുത്ത് നില്‍ക്കുന്ന ദേവിയുടെ കഴുത്തില്‍ പൂമാലയും കാല്‍ചുവട്ടില്‍ പൂക്കളും നിത്യേനെ അവന്‍ സമര്‍പ്പിച്ചിരുന്നു… തൊഴുകൈയുമായി കണ്ണുകള്‍ നിറച്ച് അവന്‍ ദേവിക്കുമുന്‍പില്‍ എന്നും നില്‍ക്കും… അവന്‍റെ ഒരു ആവശ്യം അവന്‍ ദേവിയോട് പലവുരു എണ്ണിയെണ്ണിപ്പറയും…

പതിവിന് വിപരീതമായി ഇന്ന് പാച്ചുവിന്‍റെ കൈയില്‍ ഒരു ബ്ലേഡ് കൂടിയുണ്ട്… കാര്യമായിട്ടുളള എന്തോ ഒന്നിനുളള തയ്യാറെടുപ്പുമായാണ് ഇന്നവന്‍ വന്നിട്ടുളളത്..

ദേവിക്ക് മുന്‍പില്‍ കൈകൂപ്പിനിന്ന് പതിവ്പോലെ അവന്‍ പ്രാര്‍ത്ഥനതുടങ്ങി…

”എന്‍റെ പൊന്നു ദേവീ.. ഞാന്‍ ഇത്രയും ദിവസമായി പറയുന്നത് വല്ലതും നീ കേള്‍ക്കുന്നുണ്ടോ.? എനിക്ക് ഒരു യക്ഷിപെണ്ണിനെ പ്രേമിച്ച് കല്ല്യാണം കഴിക്കാന്‍ കൊണ്ട് വന്ന് തരണേ… അല്ലെങ്കില്‍ ഈ ബ്ലേഡ്കൊണ്ട് വരഞ്ഞ് ചാവും ഇന്ന് ഞാന്‍.. ഒറപ്പാണ്.”

ഇരുകണ്ണുകളും ചാലിട്ടൊഴുകിയ പ്രാര്‍ത്ഥന മിനുട്ടുകള്‍ കടന്നുപോയി..

പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ ആകാശഗോളങ്ങളിലെവിടെയോ ഉളള ദേവിയുടെ സിംഹാസനം വീണ്ടും ഒന്നിളകിത്തുടങ്ങിയിരുന്നു… ഇരിപ്പിടത്തില്‍ സമാധാനം നഷ്ടമായ ദേവി ആരോടെന്നില്ലാതെ പറഞ്ഞു…

”ഇവനിത് ഇതെന്തിനുളള പുറപ്പാടാണ്.? എന്തിനാണാവോ ഇവന് ഒരു യക്ഷിയെ.?”

പാച്ചു തന്‍റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേ ഇരുന്നു…

അവസാനത്തില്‍ ദേവി പ്രത്യക്ഷപ്പെടാത്തതില്‍ സഹികെട്ട് ബ്ലേഡ് വലത്കൈയില്‍ ഉയര്‍ത്തി പിടിച്ചു ദേവീരൂപത്തിനോട് അവന്‍ ചേദിച്ചു…

”ദേവി വരുന്നുണ്ടോ ഇല്ലയോ.. അത് പറ.?”

സിംഹാസനത്തില്‍ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോള്‍ ദേവി പാച്ചുവിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിതയായി…

”ടാ.. പാച്ചൂ അവിവേകം കാണിക്കരുത്.. നിനക്ക് എന്തിനാണ് ഇപ്പോള്‍ ഒരു യക്ഷിയെ.? അതാണ് എനിക്ക് മനസിലാവാത്തത്.”

പാച്ചു വളച്ചുകെട്ടില്ലാതെ കാര്യംപറഞ്ഞു..

”എനിക്ക് ഒരു യക്ഷീനെതന്നെ പ്രേമിച്ച് കല്ല്യാണം കഴിക്കണം..”

”കല്ല്യാണം കഴിക്കാനെന്തിനാടാ പാച്ചൂ ഒരു യക്ഷി.?”

”എന്‍റെ അമ്മയേയും എന്നെയും നോക്കാന്‍ ഒരു ആളുവേണ്ടേ പിന്നെ.?”

പാച്ചുവിന്‍റെ നിഷ്കളങ്കമായ ചോദ്യംകേട്ട് ദേവിക്ക് ചിരിവന്നു.. പാച്ചുവിന്‍റെ പ്രശ്നങ്ങൾ എന്താണെന്നറിയാന്‍ ദേവി അകക്കണ്ണുതുറന്നു..

ശരീര വളര്‍ച്ചയെത്തിയെങ്കിലും ബുദ്ധിവികാസം കുറവായിരുന്നു പാച്ചുവിന്…ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടമായ പാച്ചുവിന് അമ്മയെ ഏറെ ഇഷ്ടമായിരുന്നു… തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുളള കുടുംബമായിരുന്നു പാച്ചുവിന്‍റെത്.. അച്ഛന്‍ മരിച്ചതില്‍പിന്നെ സാമ്പത്തികമായി തളര്‍ന്ന അമ്മ അദ്ധ്വാനിച്ച് കൊണ്ട് വന്നാണ് പാച്ചുവിനെ നോക്കിയിരുന്നത്… എന്നാല്‍ കുറച്ചുകാലമായി അമ്മയും വയ്യാതെ കിടപ്പിലാണ്.

പട്ടിണിയായപ്പോള്‍ അയല്‍പക്കത്തുളളവര്‍ക്ക് വിറക് കീറിക്കൊടുത്തും, കാലികള്‍ക്ക് പുല്ലരിഞ്ഞും മറ്റും ചെറിയ ജോലികളില്‍ കിട്ടുന്ന തുച്ഛമായ കാശുകൊണ്ടാണ് അമ്മക്കും അവനുമുളള വക പാച്ചു കണ്ടെത്തിയിരുന്നത്..

എന്നാല്‍ അമ്മയെ പരിചരിക്കുന്നതില്‍ അവന് പരിമിതികളുണ്ടായിരുന്നു. ജോലിക്ക് പോവുമ്പോള്‍ അമ്മയെ നോക്കാനും അവന് ഒരു ആള് വേണം…

കുഞ്ഞുങ്ങളുടെ മനസുളള പാച്ചുവിന് കല്ല്യാണത്തെകുറിച്ച് ഒരു ധാരണ യില്ലെങ്കിലും അയല്‍പക്കത്തുളള ചിലരില്‍ നിന്നാണ് അമ്മയെ നോക്കാന്‍ ഒരു പെണ്ണുകെട്ടണം എന്നുളള അറിവ് അവന് കിട്ടിയത്..

അറിയുന്ന പെണ്ണുങ്ങളോടെല്ലാം അവരെ അവന്‍ കല്ല്യാണം കഴിക്കട്ടെയെന്ന് ചോദിച്ചതാണ്.. നാട്ടിലെ പെണ്ണുങ്ങളെല്ലാം പാച്ചുവിന്‍റെ കല്ല്യാണമോഹം ഓര്‍ത്ത് മൂക്കത്ത് വിരല്‍വച്ചു…

മറ്റുചിലര്‍ അഭിപ്രായപ്പെട്ടത് നല്ല തണ്ടുംതടിയുമുളള ചെക്കനല്ലേ അവനു മുണ്ടാവില്ലെ ആഗ്രഹങ്ങളെന്നാണ്…

കവലയില്‍ വച്ച് പെണ്ണുങ്ങള്‍ വളഞ്ഞിട്ട് അവന്‍റെ കല്ലാണമോഹത്തെ ചോദിച്ച് പരിഹസിച്ച് ചിരിച്ചു…

പാച്ചു ഒരു പൊട്ടനാണെന്നും അമ്മയെനോക്കാന്‍ പാച്ചുവിന് ഒരു പെണ്ണ് കിട്ടില്ലെന്നും അവനുതന്നെ മനസിലായിത്തുടങ്ങി…

നിന്നെ ഞാന്‍ കല്ല്യാണം കഴിക്കട്ടെ എന്നു ചോദിച്ച ഒരുത്തിയില്‍നിന്നും അവന് മറ്റൊരു അറിവ് ലഭിച്ചു… പാച്ചൂ നീ ഒരു യക്ഷിപ്പെണ്ണിനെ പ്രണയിച്ച് കെട്ടെടാ… യക്ഷിപെണ്ണിന് പൊട്ടന്‍മാരെയും ഇഷ്ടാവും.. അവള്‍ പാച്ചുവിനേയും അമ്മയേയും പൊന്നുപോലെ നോക്കുമെന്നും പറഞ്ഞു…

അന്ന് മുതലാണ് പാച്ചു ഉത്സവപ്പറമ്പില്‍നിന്നും ദേവിയെ വാങ്ങിച്ച് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന തുടങ്ങിയത്…

കാര്യങ്ങളെല്ലാം മനസിലാക്കിയ ദേവി പാച്ചുവിനെ നോക്കി പുഞ്ചിരിച്ചു..

”നീ വിഷമിക്കേണ്ടടാ പാച്ചൂ.. നിന്നെതേടി ഒരുയക്ഷിപ്പെണ്ണ് വരും നീ കാത്തിരിക്കൂ.. പക്ഷേ നീ ഇങ്ങനെയായാല്‍ പറ്റില്ല.”

ദേവി പാച്ചുവിന്‍റെ അനുഗ്രഹിച്ചു… ദേവി പാച്ചുവിന്‍റെ ശിരസില്‍ സ്പര്‍ശിച്ച സമയം പാച്ചുവിന്‍റെ തലക്കകത്തൂടെ ഒരു എരിപൊരി സഞ്ചാരമുണ്ടായി…

ഇരു കൈകൊണ്ടും തലയില്‍ അമര്‍ത്തിപ്പിടിച്ച് അമ്മേയെന്ന് ഉറക്കെ നിലവിളിച്ച് അവന്‍ നിലത്തിരുന്നു…

അല്‍പസമയംകൊണ്ട് തന്നെ തലക്കകത്തെ വേദനയെല്ലാം മാറിയ പാച്ചു നിലത്ത് നിന്നും എഴുന്നേറ്റ് ചുറ്റുപാടും നോക്കി.. ദേവിയുടെ പൊടിപോലും അവിടെ അവന് കാണാനായില്ല… പരിഭവത്തോടെ അവന്‍ തലയില്‍ തടവി..

”തലക്കുളളിലൂടെ ഒരു തീവണ്ടി കൂകിപാഞ്ഞ്പോയത് പോലെയുണ്ടിപ്പോള്‍.. വല്ലാത്ത പണിയാണ് ദേവീ എന്നോട് കാണിച്ചത്..”

അടുത്ത ദിവസങ്ങള്‍ തൊട്ട് പാച്ചുവില്‍ ചിലമാറ്റങ്ങളുണ്ടായിത്തുടങ്ങി… അവന്‍ മുടിചീകിവെക്കാനും വസ്ത്രധാരണം നന്നാക്കാനും കണ്ണാടിയില്‍ ഗ്ലാമര്‍ നോക്കാനും കൂടുതല്‍സമയം ചിലവഴിച്ചു… പാച്ചുവിലുണ്ടാവുന്ന മാറ്റം മറ്റാര്‍ക്കും മനസിലായതുമില്ല.

ദിനങ്ങള്‍ കഴിഞ്ഞുപോയി… മഴ തോര്‍ന്ന കൂരിരുട്ടുളള ഒരു പാതിരാനേരം ദേവി പാച്ചുവിനരികിലെത്തി.. പോത്തുപോലെ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുന്ന പച്ചുവിനെ കണ്ട് ദേവി സ്വയം പറഞ്ഞു..

‘ടാ മണ്ടന്‍ പാച്ചൂ.. നീ ഇവിടെ കിടന്നുറങ്ങാതെ ആ റെയില്‍വേ പാളത്തിലേക്ക് ചെല്ല്… അവിടെ യക്ഷിപ്പെണ്ണ് അപകടത്തിലാണ്… വീട്ടിലിരിക്കുന്ന മണ്ടന്‍ മാര്‍ക്കൊന്നും പെണ്ണിനെ കിട്ടില്ലെടാ… അല്‍പം ഹിറോയിസമൊക്കെ കാണിച്ചാലെ അവളെ നിനക്ക് വീഴ്ത്താന്‍ പറ്റൂ.’

സ്വാന്തനമുളള ഒരു അശരീരിപോലെ ദേവി പാച്ചുവിനെ വിളിച്ചു..

””ടാ.. പാച്ചൂ ഒന്നെണീക്കെടാ.. ഇതെന്തുറക്കമാണിത്.””

ദേവിയുടെ ചോദ്യത്തിനുത്തരമെന്നോണം ഉറക്കത്തില്‍നിന്നും പാച്ചു ചാടിയെഴുന്നേറ്റു..

അസാധാരണപരമായി പായയില്‍ വിരിച്ചിരുന്ന കറുത്ത കരിമ്പടം എടുത്ത് അവന്‍ തന്‍റെ ശരീരത്തെ പുതച്ചു.. സൗമ്യനായ പാച്ചുവിന്‍റെ മുഖത്ത് പതിവിന് വിപരീതമായി ഒരു ക്രൂരഭാവം നിഴലിട്ടുനിന്നു… നേരം ഇരുട്ടിയാല്‍ പുറത്തേക്കിറങ്ങാന്‍ ഭയമുളള പാച്ചു പാതിരാനേരം വാതില്‍തുറന്ന് ഇരുട്ടിലേക്കിറങ്ങിനടന്നു…

മഴതോര്‍ന്ന മിന്നലുളള ആ രാത്രിയില്‍ അങ്ങുദൂരെ റൈല്‍വേ ട്രാക്കില്‍ ഒരു ട്രെയിന്‍ ചങ്ങലവലിച്ച് നിര്‍ത്തപ്പെട്ടിരുന്നു..

ട്രെയിനില്‍ നിന്നും ഭയപ്പെട്ട മുഖത്തോടെ ഒരു പെണ്‍കുട്ടി ട്രാക്കിലേക്കുചാടി.. ട്രക്കിലെ കല്ലുകള്‍ നിരങ്ങി അവള്‍ താഴേവീണെങ്കിലും ആരെയോ ഭയപ്പെടുന്നപോലെ പ്രാണരക്ഷാര്‍ത്ഥം വീണിടത്തുനിന്നും എന്തിവലിഞ്ഞ് എഴുന്നേറ്റ് അവള്‍ മുന്‍പോട്ടോടി…

അവള്‍ക്കു പിറകിലായി ഗുണ്ടകളെന്ന് തോന്നിക്കുന്ന മൂന്ന് പേര്‍ അവളെ പിന്‍തുടര്‍ന്ന് ട്രെയിനില്‍നിന്നും ട്രാക്കിലേക്ക് ചാടിയിറങ്ങി..

അത്കണ്ട പെണ്‍കുട്ടി കഴിയുന്നത്ര കരുത്ത്സംഭരിച്ച് ട്രാക്കിലൂടെ ട്രെയ്നിന്‍റെ എതിര്‍ദിശയിലേക്ക് ഓടി.

ഗുണ്ടകള്‍ അവളെ പിടിക്കാനായി പുറകെ പിന്‍തുടര്‍ന്നു…

ഇരുട്ടിലൂടെ ദീര്‍ഘദൂരം ഓടിക്ഷീണിച്ച പെണ്‍കുട്ടി ട്രാക്കിനു നടുവില്‍ നില്‍ക്കുന്ന എന്തിലൊ ഒന്നില്‍ ഇടിച്ചു പുറകിലേക്ക് വീണു… ഇരുട്ടില്‍ മുന്‍പിലുള്ള വസ്തുവിനെ അവള്‍ കണ്ടിരുന്നില്ല…

എന്തിലാണ് താന്‍ ഇടിച്ചുവീണതെന്നറിയാന്‍ അവള്‍ തലയുയര്‍ത്തി നോക്കി..

ട്രാക്കിനു നടുവില്‍ കറുത്ത കരിമ്പടം പുതച്ച് ഒരു മനുഷ്യന്‍ നില്‍ക്കുന്നു…

അവള്‍ക്ക് വീണ്ടും എഴുന്നേറ്റോടാനുളള സമയം ലഭിച്ചില്ല. അപ്പോഴേക്കും പുറകിലുളള ഗുണ്ടകളും ഓടി അടുത്തിയിരുന്നു…

തന്നെ പിടിക്കാന്‍ വന്നവരുടെ കൂട്ടത്തിലുളള ആളാണെന്ന് കരുതി അവള്‍ മുന്‍പില്‍നില്‍ക്കുന്ന ആളോട് യാചിച്ചു..

”എന്നെ ഒന്നും ചെയ്യരുത് സാര്‍… എനിക്കാരുമില്ല.. ഉപദ്രവിക്കരുത്.. പ്ലീസ്.”

ട്രാക്കിന് നടുവില്‍ കരിമ്പടംപുതച്ചു നില്‍ക്കുന്ന അജാനുഭാഹുവായ മണ്ടന്‍ പാച്ചു അവിടെ നടക്കുന്നതൊന്നും അറിയുന്നുപോലുമുണ്ടായിരുന്നില്ല…

ട്രാക്കിന് നടുവില്‍ വെല്ലുവിളിപോലെ നെഞ്ചുവിരിച്ച് നില്‍ക്കുന്ന മനുഷ്യന്‍ തങ്ങള്‍ക്കൊരു പ്രതിയോഗിയാണെന്ന് ഗുണ്ടകളും കരുതി.. അപകടം മണത്ത ഗുണ്ടകളുടെ കൈകളിലെ സ്റ്റീല്‍ ദണ്ഡുകള്‍ മിന്നല്‍വെട്ടത്തില്‍ തിളങ്ങി..

”ആരെടാ നീ.. ജീവന്‍ വേണമെങ്കില്‍ ഓടിപ്പോയിക്കോളൂ..”

അത്കേട്ട് നിലത്തുവീണ പെണ്‍കുട്ടി വിശ്വാസം വരാതെ കരിമ്പടം പുതച്ച് നില്‍ക്കുന്ന പാച്ചുവിനെ നോക്കി.. പ്രാണരക്ഷാര്‍ത്ഥം അവള്‍ പാച്ചുവിന് പുറകില്‍ മറഞ്ഞു നിന്നു..

”എന്നെ രക്ഷിക്കണം സാര്‍.. അവര്‍ എന്നെ പിടിച്ച് കൊണ്ട്പോകാന്‍ വന്നവരാണ്..”

പാച്ചു അതിനും മറുപടി നല്‍കിയില്ല..

മുന്‍പോട്ട് ഓടിക്കയറിയ ഗുണ്ടകളില്‍ ഒരാളുടെ കൈയിലുളള സ്റ്റീല്‍ ദണ്ഡ് പാച്ചുവിന്‍റെ തലക്കുനേരെ വായുവില്‍ ഉയര്‍ന്നു..

പക്ഷേ പാച്ചുവിന്‍റെ വലതുകൈ ഞൊടിയിടകൊണ്ട് ചലിച്ചു… തന്‍റെ തലക്കുനേരെ ഉയര്‍ന്ന സ്റ്റീല്‍ ദണ്ഡ് പാച്ചു നിഷ്പ്രയാസം പിടിച്ചെടുത്തു… പിന്നെ ഇരുകൈകള്‍കൊണ്ടും ദണ്ഡിന്‍റെ ഇരുവശത്തും ശക്തിപ്രയോഗിച്ച് നിസ്സാരമായി അത് വളച്ച് ഗുണ്ടയുടെ കഴുത്തില്‍ ഒരു ഹാരമായി അണിയിച്ചുകൊടുത്തു..

തൊട്ടുപുറകില്‍ അവനെ അക്രമിക്കാനായി ഓടിയടൂത്ത ഒരു ഗുണ്ടയെ പഴംതുണിക്കെട്ട് പോലെ പൊക്കിയെടുത്ത അവന്‍ അയാളെ തൊട്ടരികിലുളള മെറ്റന്‍കൂനയുടെ മുകളിലേക്കെറിഞ്ഞു..

ഒരു സാധാരണമനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കണ്ട് ഗുണ്ടകള്‍ പരിഭ്രമിച്ചു.. മുന്‍പില്‍ നില്‍ക്കുന്നത് ഒരു മനുഷ്യന്‍തന്നെയാണോയെന്ന് അവര്‍ ഭയപ്പെട്ടു… ഗുണ്ടകള്‍ക്ക് നേരെ പാച്ചു രണ്ടടി മുന്‍പോട്ടുവച്ചു.. അത് കണ്ട മൂന്നുപേരും ഭയന്ന് ജീവനുംകൊണ്ട് തിരിഞ്ഞോടി..

പുറകില്‍ മറഞ്ഞിരുന്ന പെണ്‍കുട്ടി തന്നെ രക്ഷിക്കാന്‍ കാണിച്ചമനസും പാച്ചുവിന്‍റെ കരുത്തും കണ്ട് അത്ഭുതപ്പെട്ടു… അവള്‍ ഒട്ടുംഭയംകൂടാതെ പാച്ചുവിന്‍റെ കരം കവര്‍ന്നു..

”എന്നെ സഹായിക്കണം സാര്‍.. എനിക്കാരുമില്ല.. പോകാന്‍ ഒരിടമില്ല..”

അപകടം ഒഴിഞ്ഞസമയം പാച്ചുവിനെ നിയന്ത്രച്ചിരുന്ന ദേവീശക്തി അവന്‍റെ ബോധമണ്ഡങ്ങളില്‍നിന്നും വിട്ടൊഴിഞ്ഞുകൊണ്ട് പറഞ്ഞു..

”ടാ പാച്ചൂ ഇനി നീയായി.. നിന്‍റെ പാടായി.. എന്നെ കൂടുതല്‍ ശല്ല്യപ്പെടുത്തരുത്..”

സ്ഥലകാലബോധം വന്ന പാച്ചു ഇരുട്ടില്‍ ചുറ്റുപാടും നോക്കി.. വീടിനുളളില്‍ കിടന്നുറങ്ങിയ താനെങ്ങനെ റെയില്‍വെ ട്രാക്കിലെത്തിയതെന്ന് അവന് ഒരു ധാരണയും ലഭിച്ചില്ല..

കൈപിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയോട് അവന്‍ ഭയത്തോടുകൂടി ചോദിച്ചു.

”എന്നെ ഈ രാത്രി എന്തിനാണു നീ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് കൊല്ലാനാണോ.?”

പാച്ചുവിന്‍റെ ചോദ്യംകേട്ട പെണ്‍കുട്ടി അമ്പരന്നു..

രാത്രി വീട്ടിലേക്ക് ഒറ്റക്ക് പോവാന്‍ പാച്ചുവിന് ഭയമായിരുന്നു.. അവനെ രാത്രിവീട്ടില്‍നിന്നും ഇറക്കികൊണ്ട് വന്നത് അവളാണെന്ന ധാരണയില്‍ പാച്ചു പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടു..

”എനിക്ക് ഒറ്റക്ക് വീട്ടില്‍പോകാന്‍ ഭയമാണ്.. നീ തന്നെ എന്നെ വീട്ടില്‍ തിരിച്ച് എത്തിച്ചുതരണം.”

കുഞ്ഞുങ്ങളെപോലെ നിന്ന് വാശിപിടിക്കുന്ന പാച്ചുവിനെ കണ്ട് എന്തെല്ലാമാണ് അവിടെ സംഭവിക്കുന്നതെന്ന് പെണ്‍കുട്ടിക്കും ഒരു ധാരണയും കിട്ടിയില്ല.. പക്ഷേ അവള്‍ക്കും പോകാന്‍ ഒരിടമുണ്ടായിരുന്നില്ല.. പാച്ചുവിളിക്കുന്നത് ഒരു അനുഗ്രഹമായാണ് അവള്‍ക്കു തോന്നിയത്..

പാച്ചുവിനൊപ്പം പെണ്‍കുട്ടിയും അവന്‍റെ വീട്ടിലേക്ക് നടന്നു..

അടുത്തദിവസം പാച്ചു ഒരു സുന്ദരി പെണ്ണിനെ കൊണ്ട് വന്ന വാര്‍ത്ത നാട്ടില്‍ തീപോലെ പടര്‍ന്നു… പാച്ചുവിന്‍റെ പെണ്ണിനെ കാണാന്‍ അയല്‍പക്കക്കാര്‍ വേലിക്കരികില്‍ തിക്കുംതിരക്കും കൂട്ടി.

പാച്ചുവിനെ കളിയാക്കിയ പെണ്ണുങ്ങള്‍ പാച്ചുവിന്‍റെ പെണ്ണിനെ കണ്ട് ആശ്ചര്യത്തോടെ മൂക്കത്ത് വിരല്‍വച്ചു.. എന്നാലും പാച്ചു ഇങ്ങനെ ഒരു സുന്ദരിപ്പെണ്ണിനെ വളച്ചെടുത്തെന്ന് അവര്‍ക്കാര്‍ക്കും ഒരു ഊഹവും കിട്ടിയില്ല..

ഒന്നുരണ്ട് ദിവസംകൊണ്ട് പാച്ചുവിന്‍റെ അവസ്ഥകളെകുറിച്ച് അയല്‍ക്കാരില്‍നിന്നും ലക്ഷ്മിക്കും ഒരു ധാരണകിട്ടി.. അവള്‍ക്ക് പാച്ചുവിനോട് സ്നേഹവും വാത്സല്ല്യവും തോന്നി.. പാച്ചു ജോലിക്കുപോകുന്ന സമയം അവള്‍ പാച്ചുവിന്‍റെ അമ്മയെ നോക്കി.. പാച്ചുവിന് ഇഷ്ടമുളള ഭക്ഷങ്ങള്‍ ഉണ്ടാക്കി കൊടുത്തു…

ഒരോരോ ദിനങ്ങള്‍ കഴിയുന്നിടത്തോളം പാച്ചുവിന്‍റെ മാനസിക നിലയിലും മാറ്റംവന്നുതുടങ്ങി..

പക്വതയില്ലാത്ത അവന്‍റെ സംസാരങ്ങളും തന്നെ റെയിവെ ട്രാക്കില്‍നിന്നും രക്ഷിച്ച പാച്ചുവിന്‍റെ രൂപവും തമ്മിലുളള പൊരുത്തക്കേട് ലക്ഷ്മിയിലുളള സംശയം ബലപ്പെട്ടു തുടങ്ങി…

അവള്‍ പാച്ചുവിനോട് ഓരോകാര്യവും ചോദിച്ചുമനസിലാക്കുന്നതിനിടയില്‍ ദേവിയെകുറിച്ചും ദേവി അനുഗ്രഹിച്ചതിനെകുറിച്ചുമെല്ലാം അവന്‍ വിവരിച്ചു.. മറ്റൊരു ആളായിരുന്നെങ്കില്‍ പാച്ചുവിന്‍റെ വാക്കുകളെ പുച്ഛിച്ചു തളളുമായിരുന്നു.. പക്ഷേ ലക്ഷ്മിക്ക് അനുഭവത്തിലുണ്ടായിരുന്നു അവന്‍ പറഞ്ഞതിനുളള തെളിവുകള്‍…

കാര്യങ്ങളെല്ലാം മനസിലാക്കിയ ലക്ഷ്മിക്കും പാച്ചുവിനോട് കൂടുതല്‍ ഇഷ്ടം തോന്നിത്തുടങ്ങി.. മാറ്റംവന്നുകൊണ്ടിരിക്കുന്ന പാച്ചുവിനെ അവനറിയാതെ ലക്ഷ്മി പ്രണയിച്ചുതുടങ്ങി.

പാച്ചുവിന്‍റെ അസുഖം പെട്ടെന്ന് ഭേദമാവാന്‍ ദേവിക്കുമുന്‍പില്‍ ലക്ഷ്മിയും മനമുരുകി പ്രാര്‍ത്ഥിച്ചു..

ദിനങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി കൊഴിഞ്ഞുവീണു… അതിനനുസരിച്ച് പാച്ചുവിലും മാറ്റങ്ങളുണ്ടായി..

ലക്ഷ്മിക്കും പാച്ചുവിനുമിടയില്‍ ഒരു വര്‍ഷം കഴിഞ്ഞുപോയി..

പാച്ചുവിന്‍റെയും ലക്ഷ്മിയുടേയും കല്ല്യാണമാണിന്ന്..

ചടങ്ങുകള്‍ക്കായി അമ്പലത്തിലേക്ക് പുറപ്പെടുകയാണ് വധൂ വരന്‍മാര്‍..

സ്വര്‍ണ്ണത്തിളക്കമുളള ഷര്‍ട്ടും സ്വര്‍ണ്ണക്കസവുളള മുണ്ടെടുത്ത് കണ്ണാടിക്ക് മുന്‍പില്‍ മുടിചീകുന്ന പാച്ചുവിനെ അനങ്ങാന്‍ കഴിയാത്തവിധത്തില്‍ പുറകില്‍ നിന്നും ലക്ഷ്മി വരിഞ്ഞുമുറുക്കി…

”സുന്ദരകുട്ടപ്പനായിട്ടുണ്ടല്ലോ എന്‍റെ ചെക്കന്‍.”

”വിടൂ ലക്ഷ്മീ ഡ്രസെല്ലാം ചുളിഞ്ഞ് നാശമാകും.”

പുറകില്‍ നിന്നും പാച്ചുവിനെ അടക്കിപ്പിടിച്ച ലക്ഷ്മി കുതികാലില്‍ ഉയര്‍ന്ന് നിന്ന് പാച്ചുവിന്‍റെ ചെവിത്തുമ്പില്‍ ഒരു കടികൊടുത്ത് അവന്‍റെ കാതില്‍ കുറുകി.

”ടാ മണ്ടന്‍ പാച്ചൂ.. ഇന്നെങ്കിലും എനിക്ക് ഒരു ഉമ്മതാടാ..”

ലക്ഷ്മിയുടെ കൈകളില്‍നിന്നും കുതറിമാറി വേദനിക്കുന്ന ചെവിതിരുമ്മി പാച്ചു ദേഷ്യപ്പെട്ടു..

”മണ്ടന്‍ നിന്‍റെ മറ്റവനാണ്..”

”ഈ ഉമ്മയൊന്നും എല്ലാവരോടും ചോദിച്ച് വാങ്ങാന്‍ പറ്റുന്ന സാധനമല്ലല്ലോ പാച്ചൂ.., അതുകൊണ്ടല്ലേ എന്‍റെ മറ്റവനോടുതന്നെ ചോദിച്ചത്.”

ലക്ഷ്മിയെ ബലമായി പിടിച്ച് റൂമിന് വെളിയിലേക്കാക്കുമ്പോള്‍ പാച്ചു പറഞ്ഞു..

”ലക്ഷമീ നിന്‍റെ കുട്ടിക്കളിക്ക് നില്‍ക്കാന്‍ പറ്റിയ സമയമല്ല ഇത്.. വേഗം റെഡിയാവാന്‍ നോക്കൂ അമ്പലത്തിലേക്കെത്താന്‍ നേരം വൈകും.”

വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പായി ആല്‍മരപ്പൊത്തിലെ ദേവിക്കു മുന്‍പില്‍ ഇരുവരും അനുഗ്രഹംതേടുകയും മനസുരുകിപ്രാര്‍ത്ഥിക്കുകയും ചെയ്തു..

ലക്ഷ്മിയും പാച്ചുവും ദേവിയുടെ അരികില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് അമ്പലത്തിലേക്ക് മടങ്ങുമ്പോള്‍ ദേവി മൂക്കത്ത് വിരല്‍വച്ച് ചിരിച്ചു..

”ടാ മണ്ടന്‍ പാച്ചു.. ഇനിയാണ് യക്ഷിപ്പെണ്ണിനെകൊണ്ട് എല്ലാവരേയുംപോലെ നിനക്കും ശരിക്കുമുളള തലവേദന തുടങ്ങുക.. നീ ചോദിച്ച് വാങ്ങിച്ചതല്ലേ.. നിനക്ക് അങ്ങിനതന്നെ വേണമെടാ..”

അമ്മയുടെയും ദേവിയുടേയും അനുഗ്രഹവുമായി വധൂവരന്‍മാര്‍ നാട്ടുകാര്‍ക്കൊപ്പം ആഘോഷപൂര്‍വ്വം അമ്പലത്തിലേക്ക് നടന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *