ഡാ അരവിന്ദാ… നീയറിഞ്ഞോ നിന്റെ അമ്മ നാലാമത്തെ ആളുടെ കൂടെ പൊറുതി തുടങ്ങി. പ്രസവം നിർത്തിയത് കാരണം ഇനി പിള്ളേരുണ്ടാവില്ല അത്രയും ആശ്വാസം. ഇല്ലെങ്കിൽ ഓരോ കൊച്ചിനും ഓരോ അച്ഛനെ ചൂണ്ടി കാട്ടി കൊടുക്കേണ്ടി വന്നേനെ…….

താന്തോന്നി

Story written by Nisha L

“ഇനി മുതൽ ഇതാണ് നിന്റെ അച്ഛൻ.. “!!

ഒരു ചെറുപ്പക്കാരനെ ചൂണ്ടി അമ്മ പറഞ്ഞു. അന്നത്തെ അഞ്ചു വയസുകാരന് അത് മനസിലാക്കാൻ പറ്റിയിരുന്നോ.. അറിയില്ല..

“പപ്പാ എന്ന് വിളിക്കണം” അമ്മ നിർദ്ദേശിച്ചു. അന്ന് മുതൽ അയാളായി എന്റെ പിതാവിന്റെ സ്ഥാനത്തു.

ഇതിനിടയിൽ എന്റെ അച്ഛൻ തന്റെ അവകാശവും പറഞ്ഞു വന്നു.

“നിനക്ക് പുതിയ ഭർത്താവ് വന്ന സ്ഥിതിക്ക് എന്റെ മോൻ നിനക്കൊരു ബാധ്യത ആകും. അതുകൊണ്ട് അവനെ ഞാൻ കൊണ്ടു പോകുവാ.. “!!

“നിങ്ങൾ കൊണ്ടു പൊയ്ക്കോ. ഞാനിവിടെ പിടിച്ചു വച്ചിട്ടൊന്നുമില്ല…..”!!

അമ്മയുടെ വാക്കുകൾ കേട്ട് അച്ഛൻ എന്നെ കൂട്ടിക്കൊണ്ട് പോയി. പക്ഷേ എനിക്ക് അമ്മയുടെ ചൂടില്ലാതെ ഉണ്ണാനോ ഉറങ്ങാനോ ആവില്ലായിരുന്നു. അച്ഛന്റെ വീട്ടിൽ ഉണ്ണാതെ ഉറങ്ങാതെ കരഞ്ഞു വാശി പിടിച്ചു ഞാനിരുന്നു. ഒടുവിൽ ഒരു നിവൃത്തിയുമില്ലാതെ അച്ഛൻ എന്നെ അമ്മയുടെ അടുത്തെത്തിച്ചു മടങ്ങി. പിന്നീട് ഒരിക്കലും അച്ഛൻ എന്നെ തിരഞ്ഞു വന്നതുമില്ല.

അമ്മയുടെ പുതിയ ഭർത്താവ് അതായത് എന്റെ പപ്പാ… ആദ്യമൊക്കെ സ്നേഹത്തോടെ പെരുമാറിയിരുന്നു. പക്ഷേ എനിക്ക് വേണ്ടി ഒരു മിട്ടായി തുണ്ടു പോലും ഒരിക്കലും വാങ്ങി നൽകിയിരുന്നില്ല. പതിയെ പതിയെ അച്ഛനെ ഞാൻ ഓർക്കാൻ തുടങ്ങി. അച്ഛൻ കൊണ്ടു വരുന്ന പലഹാരപൊതികളും മിട്ടായികളും ഓർക്കവേ അച്ഛനോടൊപ്പം നിന്നാൽ മതിയായിരുന്നു എന്ന് തോന്നി.

പക്ഷേ…

അച്ഛനെ പിന്നീട് കണ്ടതേയില്ല. അച്ഛന്റെ മദ്യപാനവും കൂട്ട്കെട്ടും അമ്മക്ക് ഇഷ്ടമായിരുന്നില്ല. അതാണ് അമ്മ അച്ഛനെ ഉപേക്ഷിക്കാൻ കാരണം.

അപ്പോഴാണ് അമ്മ രണ്ടാമത് ഗർഭിണി ആയത്. പപ്പയുടെ കുഞ്ഞിനെ. അതോടെ അമ്മയും പപ്പായും എന്നെ പൂർണമായി ഉപേക്ഷിച്ചതു പോലെ തോന്നി. വാവ ഉണ്ടായപ്പോൾ ഞാനൊരു അധികപ്പറ്റായി. പിന്നീടുള്ള നാളുകളിൽ വിശപ്പ് അറിഞ്ഞു.

സമയത്തു ആഹാരവും നല്ല വസ്ത്രവുമൊന്നുമില്ലാതെ ഞാൻ ആകെ ഒറ്റപ്പെട്ടു. അരാജകത്വം നിറഞ്ഞ ബാല്യം പിന്നീട് എന്നെ ഒരു തികഞ്ഞ നിഷേധിയും അഹങ്കാരിയും താന്തോന്നിയു മൊക്കെയാക്കി മാറ്റി.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആകുന്നതിനു മുൻപേ അമ്മയെയും വീടും ഉപേക്ഷിച്ചു തെരുവിലേക്ക് ഇറങ്ങി. ഒരു പിൻവിളി ആരിൽ നിന്നുമുണ്ടായില്ല. കിട്ടുന്ന പണികൾ ചെയ്തു. വൈകുന്നേരം കള്ള് ഷാപ്പിലെ സ്ഥിരക്കാരനായി. ബസ് സ്റ്റാൻഡിലും കടത്തിണ്ണകളിലും അന്തിയുറങ്ങി. പിന്നീട് എപ്പോഴോ ഈ അമ്പലത്തിന്റെ ആൽത്തറയിലും ഒഴിഞ്ഞു കിടക്കുന്ന സ്റ്റേജിലുമായി കിടത്തം.

ഇന്നിപ്പോൾ ഷാപ്പിൽ ഒരു അടി കഴിഞ്ഞിട്ട് വന്നു കിടന്നതാണ് ഈ കുളപ്പടവിൽ…

“ഡാ അരവിന്ദാ… നീയറിഞ്ഞോ നിന്റെ അമ്മ നാലാമത്തെ ആളുടെ കൂടെ പൊറുതി തുടങ്ങി. പ്രസവം നിർത്തിയത് കാരണം ഇനി പിള്ളേരുണ്ടാവില്ല അത്രയും ആശ്വാസം. ഇല്ലെങ്കിൽ ഓരോ കൊച്ചിനും ഓരോ അച്ഛനെ ചൂണ്ടി കാട്ടി കൊടുക്കേണ്ടി വന്നേനെ…. “!!

രാജേഷ് ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ആകെ നാണക്കേട് തോന്നി. അമ്മയോടുള്ള ദേഷ്യം അവനോടു തീർത്തു. അവർ ” പപ്പാ”യേയും കളഞ്ഞു പിന്നെയും പിന്നെയും ഓരോരുത്തരെ കൂടെ കൂട്ടിക്കൊണ്ടിരിക്കുന്നു. എനിക്കിപ്പോൾ അമ്മ എന്ന് കേൾക്കുന്നതെ ദേഷ്യമാണ്…ഇങ്ങനെയുമുണ്ടോ സ്ത്രീകൾ… !!

“അയ്യോ… രക്ഷിക്കണേ… “!!

ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അരവിന്ദൻ ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണർന്നു..

അമ്പലത്തിന്റെ ഒരു വശത്തു ഒരു ചെറിയ ഇടവഴിയാണ്.. കാട് പിടിച്ചു ഇരുട്ട് മൂടി കിടക്കുകയാണ് അവിടം. അവിടെ നിന്നാണ് കരച്ചിൽ. അവൻ അങ്ങോട്ട്‌ ഓടി.. രണ്ടു പുരുഷൻമാർ ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്..

“ഡാ… വിടെടാ അവളെ.. “!!

അവൻ അലറി കൊണ്ടു പാഞ്ഞു ചെന്നു. രണ്ടിനിട്ടും കണക്കിന് കൊടുത്തു. ഭ്രാന്ത് പിടിച്ചതു പോലെയായിരുന്നു അവന്റെ പെരുമാറ്റം. മനസ്സിലുണ്ടായിരുന്ന ദേഷ്യം മുഴുവൻ അവൻ തല്ലി തീർത്തു.

അവന്മാർ ഓടി രക്ഷപെട്ടപ്പോൾ അവൻ അവളോട്‌ അലറി…

“ഈ രാത്രി ഇതുവഴി നീയെവിടെ പോയതാടി.. എന്താ ചാവാൻ ഇറങ്ങിയതാണോ..? “!!

“അല്ല.. ഞാൻ.. ഞാൻ ജോലി കഴിഞ്ഞു വന്നതാണ്… “!!

“എന്ത് ജോലി.. “??

“ഞാൻ ടൗണിൽ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആണ്.. “!!

“നിന്റെ വീട് ഏതാ.. “??

“കുറച്ച് ഉള്ളിലോട്ടു പോകണം.. ഈ വഴി പെട്ടെന്ന് പോകാം.. അതുകൊണ്ട് എന്നും ഞാൻ ഈ വഴിയാണ് പോകാറുള്ളതു.. “!!

“ഹ്മ്മ്… നടക്കു ഞാൻ കൊണ്ടു വിടാം.. “!!

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

“എന്താ നിനക്ക് എന്നെ പേടിയാണോ…?? ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു താന്തോന്നിയാണ് ഞാൻ.. “!!

“എനിക്ക് പേടിയില്ല… !! ചേട്ടൻ ഇതുവരെ ഒരു പെണ്ണിനെ പോലും ഉപദ്രവിച്ചിട്ടു മില്ലെന്നു അറിയാം. മാത്രമല്ല സ്ത്രീകളെ ഉപദ്രവിക്കുന്നവന്മ്മാരെ തല്ലിയാണ് “താന്തോന്നി” എന്ന പേര് വാങ്ങിയതെന്നും അറിയാം.. “!!

അവൻ അവളെ ഗൗരവത്തോടെ നോക്കി..

“ഹ്മ്മ് നടക്കു.. “!!

അവളെ മുന്നിൽ നടത്തി അവൻ പിന്നാലെ നടന്നു..

“എന്താ നിന്റെ പേര്… “??

“രേഷ്മ… “!!

“നിന്റെ വീട്ടിൽ ആരുമില്ലേ… ഈ ഇരുട്ടത്ത് നിന്നെ കൂട്ടിക്കൊണ്ട് പോകാൻ.. .”!!

“ഇല്ല… എനിക്ക് അമ്മ മാത്രേയുള്ളു. അച്ഛൻ ഞാൻ കുഞ്ഞായിരുന്നപ്പോഴേ മരിച്ചതാ. പിന്നെ അമ്മ അടുക്കള പണിയും കൂലിപണിയുമെല്ലാം ചെയ്താ എന്നെ വളർത്തിയത്. ഇപ്പോൾ അമ്മക്ക് വയ്യാ. ആസ്തമയുടെ അസുഖമുണ്ട്. ഇനിയുള്ള കാലം ജോലി ചെയ്ത് എനിക്ക് എന്റെ അമ്മയേ നോക്കണം…. “!!

അവൾ പറഞ്ഞു.

അവൻ അവളെ കരുണയോടെ നോക്കി…

“അതേ… ചേട്ടന് ഈ മദ്യപാനം ഒന്ന് കുറച്ചു കൂടെ.. എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്… “?? !!

അവൻ വെറുതെ ഒന്ന് ചിരിച്ചു. അവൾ വീണ്ടും തുടർന്നു.

“അതേ… ഞാൻ എന്നും ചേട്ടന്റെ ബലത്തിലാ രാത്രി ഈ വഴി പോകുന്നത് … “!!

അവൻ അവളെ അത്ഭുതത്തോടെ നോക്കി.

“എന്നും ആ ആൽത്തറയിൽ ചേട്ടനെ കാണാം. ചേട്ടൻ അവിടുണ്ടെങ്കിൽ ഒരു ചട്ടമ്പികളും ഒരു പെണ്ണിനെയും ഉപദ്രവിക്കാൻ ധൈര്യപ്പെടില്ല. ഇന്ന് ചേട്ടനെ കാണാഞ്ഞപ്പോൾ തന്നെ ഞാൻ പേടിച്ചു. എവിടെയായിരുന്നു..?? “!!

“ഞാൻ… ആ കുളത്തിന്റെ പടവിൽ.. “!

“ഇനി ആൽത്തറയിൽ തന്നെ ഇരുന്നാൽ മതി എന്നും… “!!

അവൾ കൊച്ചു പിള്ളേരെ പോലെ പരിഭവത്തോടെ പറയുന്നതു കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

“ആ ചേട്ടാ.. ദേ ആ കാണുന്നതാണ് എന്റെ വീട്.. “!!

“എങ്കിൽ നീ നടന്നോ… നീ വീട്ടിൽ കയറിയിട്ടേ ഞാൻ പോകൂ.. “!!

“അയ്യോ.. ചേട്ടൻ വീട്ടിലേക്ക് വരുന്നില്ലേ.. “??

“എന്തിന്.. “??

“എന്റെ അമ്മയെ പരിചയപ്പെടാം… “!!

“നിന്റെ അമ്മക്ക് എന്നെ ഇഷ്ടമാവില്ല.. നീ പൊയ്ക്കോ.. “!!

“ആര് പറഞ്ഞു.. ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്… അരവിന്ദേട്ടന്റ ബലത്തിലാണ് ഞാൻ എന്നും വരുന്നതെന്ന്… “!!

“അമ്മക്ക് അറിയാം.. ചേട്ടനെയും ചേട്ടന്റെ അമ്മയേയും…. എല്ലാ കാര്യങ്ങളും. “!!

“അമ്മ എപ്പോഴും പറയും ചേട്ടന് അച്ഛന്റെ സ്വഭാവമാണ് കിട്ടിയതെന്ന്. ശരിക്കും ചേട്ടന്റെ അച്ഛൻ ഒരു പാവമായിരുന്നു പോലും. ചേട്ടന്റെ കുഞ്ഞിലേ അച്ഛൻ പല തവണ ചേട്ടനെ കൂട്ടിക്കൊണ്ട് പോകാൻ വന്നിരുന്നു . പക്ഷേ അപ്പോഴൊക്കെ ചേട്ടന്റെ അമ്മ അപമാനിച്ചു വിട്ടിരുന്നു എന്ന്.. ഒടുവിൽ ഇത് നിങ്ങളുടെ കൊച്ചല്ല എന്ന് പറഞ്ഞു പോലും അതിന് ശേഷം അച്ഛൻ വന്നിട്ടേയില്ല.. “!!

അവന് അതൊരു പുതിയ അറിവായിരുന്നു..

അപ്പോൾ അച്ഛൻ… ഞാൻ വിചാരിച്ചത് പോലെ എന്നെ വേണ്ടാഞ്ഞിട്ട് ഉപേക്ഷിച്ചു പോയതല്ല… !!

അപ്പോഴേക്കും അവർ വീടെത്തി..

അമ്മ വരാന്തയിൽ തന്നെ ഉണ്ടായിരുന്നു അവളുടെ വരവും നോക്കി.. കൂടെ ഒരു ചെറുപ്പക്കാറെനെ കണ്ടു അവർ സൂക്ഷിച്ചു നോക്കി..

“അയ്യോ.. ആരായിത്… അരവിന്ദ് മോനോ.. “!!

അവൻ ആകെ അത്ഭുതപ്പെട്ടു….അവന്റെ ഓർമ്മയിൽ ആരും അവനോടു ഇത്ര സ്നേഹമായി സംസാരിച്ചിട്ടില്ല..

കള്ളുകുടിയൻ, താന്തോന്നി, തല്ലുകൊള്ളി… അങ്ങനെ പല പേരുകൾ ആയിരുന്നു തനിക്ക്… “മോനെ” എന്ന് ആദ്യമായാണ്… !!

കുറച്ചു നേരം അവരോടൊപ്പം ചിലവഴിച്ചതിനു ശേഷം അവൻ അവിടെ നിന്നിറങ്ങി.

അവിടെ നിന്ന് തിരികെ പോകുമ്പോൾ അവൻ ആലോചിക്കുകയായിരുന്നു. ഇതും ഒരു അമ്മയാണ് ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണിയെടുത്ത് സ്വന്തം മകളെ വളർത്താൻ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു അമ്മ.

എന്നാൽ എന്റെ അമ്മയോ. അവർക്ക് ഒരു പുരുഷന്റെ സഹായമില്ലാതെ ജീവിക്കാനാവില്ലായിരുന്നു. അവർ നൊന്തുപെറ്റ മക്കളെ പോറ്റുന്നതിനേക്കാൾ കൂടുതൽ ഒരു പുരുഷന്റെ തണലിൽ ജീവിക്കാൻ ആഗ്രഹിച്ചു.

സ്വന്തം അമ്മയുടെ ഓർമ്മ മനസ്സിൽ ഒരു മൂകത നിറക്കുന്നത് അറിഞ്ഞപ്പോൾ അവരെകുറിച്ചുള്ള ചിന്ത അവിടെ അവസാനിപ്പിച്ചു. പകരം രേഷ്മയേയും അമ്മയെയും ഓർത്തു.

ആ അമ്മയെയും മകളെയും കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു ഉന്മേഷം നിറയുന്നത് അവൻ അറിഞ്ഞു.

എന്തു കൊണ്ടാണ് ഒരു നോക്കിൽ, ഒരു വാക്കിൽ അവർ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വരെ എത്തിയത്…

“സ്നേഹം..”!!

അതേ… മറ്റൊന്നുമല്ല… സ്നേഹം കൊണ്ട് മാത്രമാണ്…… !! ഒന്ന് സ്നേഹിക്ക പ്പെടാൻ അത്ര മേൽ ഞാൻ ആഗ്രഹിച്ചിരുന്നു….. !!!

എന്നെ വിശ്വസിക്കാൻ,, സ്നേഹിക്കാൻ,, കാത്തിരിക്കാൻ രണ്ടുപേർ…. !!!
അവന് ഉറക്കെ ചിരിച്ചും കരഞ്ഞും സന്തോഷം പ്രകടിപ്പിക്കണമെന്നു തോന്നി.

അപ്പോഴാണ് രേഷ്മ പറഞ്ഞത് ഓർമ്മ വന്നത്…” ഈ കള്ളുകുടി ഒന്ന് നിർത്തിക്കൂടെ… “??

ശരിയാണ്… നിർത്തണം… അവൻ മനസ്സിലോർത്തു.

ഇനിയി തല്ലുകൊള്ളിത്തരം ഒക്കെ നിർത്തി..മദ്യപാനം കുറച്ച് അവർക്കുവേണ്ടി ജീവിക്കണം.

ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മൃദുല വികാരങ്ങൾ ഒക്കെ പുറത്തേക്ക് വരുന്നത് അവനറിഞ്ഞു. എന്നോ മറന്നു പോയ “പുഞ്ചിരി ” എന്ന വികാരത്തെ ഉണർത്തിയ രേഷ്മയേയും അമ്മയെയും അവൻ നന്ദിയോടെ ഓർത്തു. ഇനിയീ ജീവിതം അവർക്കുവേണ്ടി…അവൻ മനസ്സിൽ ഉറച്ച തീരുമാനമെടുത്തു.

സ്നേഹവും സംരക്ഷണവും അത് ആവശ്യം ഉള്ളവർക്ക് കൊടുക്കുമ്പോഴേ അതിനൊരു വിലയുള്ളൂ… !!!

Nb : എന്റെ ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു…സാധാരണ ഇങ്ങനെ വരുന്ന കഥയുടെ അവസാനം ഒരു പ്രണയമൊക്കെ ആകാറാണ് പതിവ്. മനസ്സിൽ പ്രണയം ഇല്ലാത്തത് കൊണ്ടാണോ എന്തോ ഞാൻ എഴുതുന്ന പ്രണയകഥ വായിച്ചാൽ എനിക്ക് തന്നെ എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും. അതുകൊണ്ട് ഈ കഥ പൂർണമായില്ല എന്ന് തോന്നുന്ന പ്രിയപെട്ടവർക്ക് ബാക്കി ഇഷ്ടം പോലെ ചേർത്തു വായിക്കാം. പ്രണയമോ സൗഹൃദമോ സഹോദര്യമോ അങ്ങനെ എന്തു വേണമെങ്കിലും 😌🙏.

Related Posts

Leave a Reply

Your email address will not be published. Required fields are marked *