Story written by Sruthi kishan kuruvi
അനിയൻ പത്തിൽ പഠിക്കുന്ന സമയം.ഞാൻ +2 വിലും.
അവനൊരു കോംപ്ലാൻ ബോയ് ആയതുകൊണ്ട് ഞാനാണ് വീട്ടിലെ മൂത്ത സന്താനം എന്ന് തെളിയിക്കാൻ ബർത്ത് സർട്ടിഫിക്കേറ്റ് പോലും കൂടെ കൊണ്ട് നടക്കേണ്ട അവസ്ഥ.
അവന്റെ തോളിനൊപ്പം എന്റെ ഉച്ചി പോലും, ങേ ഹേ. ഇളയ വാഴയ്ക്ക് മൂത്ത വാഴയേക്കാൾ പൊക്കം വെയ്ക്കുന്നത് മിക്ക വീടുകളിലും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്.
ഒരിക്കൽ പുളിയറക്കോണത്തുള്ള അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് ആദ്യമായ് ഞാനും അവനും ബസ് കേറി.കുറച്ചു നേരം അവിടെ ചിലവഴിച്ചിട്ട് തിരിച്ചു ബസ് സ്റ്റോപ്പിലേക്ക് ഞാനും അവനും നടക്കുകയാണ്.
വഴിയിൽ ഞങ്ങളല്ലാതെ മാറ്റാരുമില്ല.പ്രകൃതി രമണീയത ആസ്വദിക്കാൻ പറ്റിയ സ്ഥലം.”ആഹാ. നല്ല സ്ഥലം, പക്ഷെ ഇതുപോലൊരു ഗുധാമിൽ വന്നുപെട്ടാൽ പിന്നെ തീർന്ന്, ഇവിടുന്നൊക്കെ ഹോസ്പിറ്റലിൽ പോകണമെങ്കിൽ എന്ത് പാടാണ് ” ഞാൻ അഭിപ്രായപ്പെട്ടു.
“ഈ വഴിയല്ല. വേറെ വഴിയുണ്ട്. ഇത് ചെറിയകൊണ്ണി റോഡ് ആണ്. വട്ടിയൂർക്കാവ് റോഡ് വഴി പോകാൻ എളുപ്പമാണ് ഇവിടെ ഉള്ളവർക്ക് ” അവൻ ക്ലാസ്സെടുക്കാൻ തുടങ്ങി.
ഞങ്ങളെങ്ങനെ കാര്യം പറഞ്ഞു നടന്നു നടന്നു തളർന്നു.ഇനിയൊരു കയറ്റം കൂടി കേറിയാൽ ബസ് സ്റ്റോപ്പ് ആയി.പക്ഷെ, ഞാൻ മടുത്തു. ഇനി നടക്കാൻ വയ്യ എന്ന് പറഞ്ഞ എന്റെ തോളിൽ കൈവെച്ചു ഉന്തി അനിയൻ ആ കയറ്റം കയറാൻ എന്നെ സഹായിക്കുകയാണ്.
അങ്ങനെ ഞങ്ങൾ നടുറോട്ടിൽ “ചുക് ചുക് തീവണ്ടി” എന്ന് പാട്ടും പാടി കയറ്റം കയറുന്നു.
പെട്ടെന്ന് കുറ്റിക്കാട്ടിന്റെ ഇടയിലെ ഒരു വീട്ടിൽ നിന്നും ഒരു വിളി.
“ഡാ ” ഞങ്ങൾ അങ്ങോട്ട് നോക്കി. അവിടെ നിന്നും കലിതുള്ളി ചാടി ഒരു അമ്മച്ചി നേരെ റോഡിലേക്ക്.
ഞങ്ങൾ അന്തം വിട്ട് പരസ്പരം നോക്കി.
ചേച്ചി, അമ്മച്ചിക്കിനി പ്രാന്ത് വല്ലോം ആയിരിക്കോ?അവൻ സംശയം പ്രകടിപ്പിച്ചു.
ഏയ് പേടിക്കണ്ട. ഞാൻ പിന്നിലുണ്ട്. എന്നുപറഞ്ഞിട്ട് മുന്നിൽ നിന്ന ഞാൻ അവന്റെ പിന്നിലേക്ക് വലിഞ്ഞു.
അവനിത്രേം ധൈര്യമോ? ചെക്കൻ നിന്നടുത്തു നിന്നും അണങ്ങീട്ടില്ല.
ചാടി ഓടി അമ്മച്ചി മുന്നിലെത്തി അവനെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് ഇരുത്തി ഒന്ന് മൂളി.
ഡാ.. നീ എവിടെ പോയതാടാ അവളേം കൊണ്ട്?
Oh my god! ആ ഏരിയയിലെ സദാചാര കമ്മറ്റി പ്രസിഡന്റ്‌ആണ് മുന്നിൽ നിൽക്കുന്നത്.
അവനു കാര്യം പിടികിട്ടി. പാവം എനിക്ക് മാത്രം അന്നേരം ഒന്നും കലങ്ങിയില്ല.
“എന്റെ ചേച്ചിയേം കൊണ്ട് ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്തു പോകും. നിങ്ങളറിയണ്ട.” ഇത്രേം പറഞ്ഞിട്ട് ദേഷ്യത്തിൽഅവനെന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു. അവനെയത് വല്ലാണ്ട് വേദനിപ്പിച്ചു എന്നകാര്യം പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. അത്രയ്ക്കും ദേഷ്യം അവനുണ്ടായിരുന്നു.
അവന്റെ മറുപടിയിൽ ആ അമ്മച്ചി ഞങ്ങളെ കടിക്കാതെ വിടില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്.
പക്ഷെ അപ്പോഴേക്കും അന്യൻ പോയി അംബി വന്നു. സ്നേഹത്തോടെ വാത്സല്യത്തോടെ പിന്നിൽ നിന്നും അവര് വിളിച്ചു പറയുന്നുണ്ടായിരുന്നു
“ആ.. മക്കള് രണ്ടുപേരും സൂക്ഷിച്ചു പോണം, ചേച്ചിയെ നോക്കിക്കോണം” എന്ന്.
ഏതെങ്കിലും സദാചാരക്കാരെ കാണുമ്പോ ഞാൻ അമ്മച്ചിയേ ഓർക്കും, ഇവരൊന്നും അമ്മച്ചീടെ ഏഴയലത്തേയ്ക്ക് എത്തൂല.
എന്തോ നല്ല സമയം അന്ന് അമ്മച്ചിക്ക് പകരം വേറെ ആരും ആകാതിരുന്നത്.
ചെറുക്കനാണെൽ ആ കാലത്ത് കരാട്ടെ പഠിക്കാൻ പോയിരുന്നതുകൊണ്ട് അത് പ്രയോഗിക്കാൻ ഒരവസരം നോക്കി നടക്കുവായിരുന്ന്.