ഡിഗ്രിയും കഴിഞ്ഞു പിജി ചെയ്തു കൊണ്ടിരിക്കുന്ന ഞാൻ വെറുമൊരു പത്താം ക്ലാസ്സ്‌കാരൻ കൂലി……

പ്രണയം

Story written by Bibin S Unni

” ഉണ്ണിയേട്ടൻ എന്നെ മറക്കണം, നമ്മുടെ കല്യാണം അത്.. അത് നടക്കില്ല…”

അശ്വതി ഉണ്ണിയുടെ മുഖത്തു നോക്കി ഇത് പറഞ്ഞതും ഒരു നിമിഷം ഭൂമി അവസാനിച്ചത് പോലെ തോന്നി ഉണ്ണിയ്ക്കു….

” നീ… നീ തമാശപറയുവാണോ അ… അച്ചു… ഈ തമാശ പറയാൻ വേണ്ടിയാണോ എന്നെ നീ…”

” തമാശയല്ലേട്ടാ… ഞാൻ കാര്യമായി തന്നെ പറഞ്ഞതാ…

ഏട്ടൻ എന്നേ ഒരുപാട് സഹായിച്ചിട്ടുണ്ട്… ഞാനിപ്പോൾ പഠിക്കുന്നത് പോലും ഏട്ടന്റെ ചിലവിലാണ്.. പക്ഷെ എനിക്ക് എന്റെതായ ആഗ്രഹങ്ങളുണ്ട്… സ്വപ്നങ്ങളുമുണ്ട്…

നമ്മൾ തന്മിലിപ്പോൾ ഒരുപാട് അന്ധരമുണ്ട്… ഒന്നുല്ലേലും ഡിഗ്രിയും കഴിഞ്ഞു പിജി ചെയ്തു കൊണ്ടിരിക്കുന്ന ഞാൻ, വെറുമൊരു പത്താം ക്ലാസ്സ്‌കാരൻ കൂലി പണിക്കാരന്റെ ഭാര്യയാകുന്നത് ഒന്നും ചിന്തിച്ചു നോക്കിയേ… എന്തൊരു നാണക്കേടാണ്… ഈ നാട്ടുകാരെന്തു പറയും…”

അശ്വതി പറഞ്ഞു നിർത്തിയപ്പോൾ അതേ പത്താം ക്ലാസുകാരൻ കൂലിപ്പണിക്കു പോയി കിട്ടിയ കാശ് കൊണ്ടാണ് നീ നിന്റെ പീജി ചെയുന്നതെന്ന് പറയണമെന്ന് തോന്നിയെങ്കിലും, ഉണ്ണിയുടെ നാവിൽ നിന്നും ഒരു വാക്കു പോലും പുറത്തേക്കു വന്നില്ല…

” അതുമല്ല ഞാൻ എന്റെ സീനിയറായി പഠിച്ച ഒരാളുമായി കഴിഞ്ഞ മൂന്നു വർഷമായി സ്നേഹത്തിലാണ്… “

ഒരു ഞെട്ടലോടെയാണ് അശ്വതി പറഞ്ഞത് ഉണ്ണികെട്ടത്…

” അപ്പോൾ ഇത്രയും നാളും, പുഞ്ചിരിച്ചു കൊണ്ടു ചതിക്കുവായിരുന്നല്ലെ… “

” ഞാൻ ചതിച്ചൊന്നുമില്ലാ… ഈ നാള് വരെ ഉണ്ണിയേട്ടനെ പ്രണയിക്കുന്നുന്നൊ. ഏട്ടനെ മാത്രമേ കല്യാണം കഴിക്കു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ….

പിന്നെ അച്ഛൻ ഉടനെ നമ്മുടെ കല്യാണം നടത്തണമെന്ന് പറഞ്ഞു ബഹളം വെക്കുവാ.. അതു കൊണ്ടു ഉണ്ണിയേട്ടൻ തന്നെ അച്ഛനെ പറഞ്ഞു മനസിലാക്കി, എന്റെ സഹോദരന്റെ സ്ഥാനത്തു നിന്നും ഞങ്ങളുടെ കല്യാണം നടത്തി തരണം… “

തൊഴു കൈയോടെ ഉണ്ണിയുടെ മുന്നിൽ നിന്നും അമ്മാവന്റെ മകൾ അശ്വതി പറഞ്ഞപ്പോൾ അവന് പറയുവാൻ മറുപടികളൊന്നുമുണ്ടായിരുന്നില്ല….

” മനുവിന്റെ താലിയല്ലാതെ മറ്റൊരു താലി എന്റെ കഴുത്തിൽ വീണാൽ ആ നിമിഷം ഈ അച്ചു ആത്മഹത്യ ചെയ്തിരിക്കും… അതിപ്പോൾ ഉണ്ണിയേട്ടന്റെ ആയാലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല… “

ഇതും പറഞ്ഞവൾ തിരിഞ്ഞു നടന്നപ്പോൾ വാക്കുകൾ നഷ്ടപെട്ടവനെ പോലെ ഉണ്ണി നിന്നു… അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയപൊഴേക്കും ഒരു മഴ വന്നു അവനെ പുണർന്നിരുന്നു, ആ മഴ ഉണ്ണിയുടെ അച്ഛന്റെ ചേർത്തു പിടിക്കൽ പോലെ അവന് തോന്നി…

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഉണ്ണിയുടെ അച്ഛന്റെ മരണം… അതു വരെ സന്തോഷത്തോടെ ഒരു കുറവും അറിയാതെ വളർന്ന ഉണ്ണി, അച്ഛന്റെ മരണ ശേഷം വിശപ്പിന്റെ വിളി അറിഞ്ഞു തുടങ്ങി… അതോടൊപ്പം അച്ഛൻ ബാക്കി വച്ച കുറച്ചു കടങ്ങളും…

അമ്മയെയും പെങ്ങളെയും പട്ടിണികൂടാതെ നോക്കാനും അച്ഛൻ വരുത്തി വച്ച കടങ്ങൾ തീർക്കാനുമായി പത്താം ക്ലാസ്സിൽ പഠിത്തം നിർത്തി കൂലിപണി ക്കിറങ്ങുമ്പോൾ അമ്മയുടെയും പെങ്ങളുടെയും മുഖം മാത്രമേ അവന്റെ മനസിലുണ്ടായിരുന്നുള്ളൂ…

കുടുംബത്തിലേ ചിലവും പെങ്ങളുടെ പഠനവും അച്ഛന്റെ കടങ്ങളും തീർത്തു മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ് അമ്മാവൻ തന്റെ കൃഷിയിടത്തിൽ തളർന്ന് വീഴുന്നത്.. അമ്മാവന്റെ വീട്ടിൽ അമ്മാവനും അമ്മായിയും അശ്വതിയും മാത്രമായിരുന്നു ഉണ്ടായിരുന്നു.. അവരുടെ ഏക ആശ്രയവും അമ്മാവന്റെ വരുമാനമായിരുന്നു…

കുറച്ചു നാളത്തെ ചികിത്സയക്കൊടുവിൽ അമ്മാവൻ സുഖം പ്രാപിച്ചെങ്കിലും അശ്വതിയുടെ പഠനം മുടങ്ങിയിരുന്നു… അശ്വതിയുടെ കണ്ണ്നീരിന് മുന്നിൽ നന്നായി പഠിക്കുന്ന അശ്വതിയുടെ പഠനം കൂടി ഉണ്ണി ഏറ്റെടുത്തു…

കുഞ്ഞുനാൾ തൊട്ടു തന്റെ വാലെ തൂങ്ങി നടന്ന പെണ്ണ്, അന്നുതൊട്ടെ ഉണ്ണിയുടെ പെണ്ണാണ് അശ്വതിയെന്ന് രണ്ടു വീട്ടുകാരും കൂടെ പറഞ്ഞ വെച്ചിരുന്നത് കൊണ്ടു അവന്റെ മനസിലും അവളോട്‌ ഒരു പ്രണയം തോന്നിയിരുന്നു… തന്റെ പെണ്ണിന്റെ പഠനമെന്ന സ്വപ്നം നഷ്ടപെടരുതെന്ന് കരുതികൂടിയാണ് ഉണ്ണി അവളുടെ പഠനം ഏറ്റെടുത്തത്…

പ്ലസ് ടു കഴിഞ്ഞു അശ്വതിയ്ക്കു കുറച്ചു അകലെയുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ പലരും പറഞ്ഞതാണ് കണ്ണകന്നാൽ മനസുമകലുമെന്ന്.. പക്ഷെ അന്നൊന്നും ആരും പറഞ്ഞത് വിശ്വസിച്ചില്ല…

അശ്വതിയും പെങ്ങളും ഒരേ കോളേജിൽ ആണേന്നുതും അശ്വതി ഒരിക്കലും തന്നെ ചതിക്കില്ലെന്നും വിശ്വസിച്ചിരുന്നു പക്ഷെ…

ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ഉണ്ണിയുടെ പെങ്ങൾ പഠിത്തം നിർത്തി, ഒരു ജോലിക്ക് കയറിയിരുന്നു… കുറച്ചു നാൾ കഴിഞ്ഞു നല്ലൊരു ആലോചന വന്നപ്പോൾ ഉള്ള കിടപ്പാടവും പണയപ്പെടുത്തി അവളെ നല്ല രീതിയിൽ തന്നെ ഉണ്ണി കെട്ടിച്ചു വിട്ടു… ആ കല്യാണത്തിന് അച്ചുവിന്റെ അടുത്തു നിന്നുകൊണ്ടു അവളുടെ ചെവിയിൽ, ” അടുത്തത് നമ്മുടെ കല്യാണമാ എല്ലാം കണ്ടു പഠിച്ചോളാൻ ” പറഞ്ഞപ്പോൾ അവൾ ഒഴിഞ്ഞു മാറിയത് നാണം കൊണ്ടാണന്നാണ് അന്ന് കരുതിയത്.. പക്ഷെ അതല്ലായിരുന്നന്നറിയുമ്പോൾ….

” നിനക്കെന്താ ഉണ്ണിയെ കണ്ണ് കാണില്ലെ ഈ സന്ധ്യയ്ക്കു മഴയും നനഞ്ഞു വരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ… എവിടെയേലും കയറി നിന്ന് മഴ മാറിയിട്ട് വന്നാൽ പോരായിരുന്നോ…”

ഉണ്ണിയുടെ മഴ നനഞ്ഞുള്ള വരവ് കണ്ടു ഉണ്ണിയുടെ അമ്മ ഇതും പറഞ്ഞു ഒരു തോർത്തെടുത്ത് ഉണ്ണിയുടെ തല തോർത്തി കൊടുത്തു കൊണ്ടു ചോദിച്ചു, അതിന് മറുപടിയായി ഒന്നും തന്നെ ഉണ്ണി പറഞ്ഞില്ല,… തല തോർത്തി കഴിഞ്ഞതും അമ്മ അവനെ കുളിക്കാനായി പറഞ്ഞു വിട്ടു…

” എന്താ മോനേ നിനക്കൊരു വിഷമം പോലെ.”

രാത്രി അത്താഴത്തിനിരുന്നപ്പോൾ ഉണ്ണിയുടെ മുഖത്തെ വല്ലായിമ കണ്ടു അമ്മ അവനോടു ചോദിച്ചു…

” ഏയ്‌ ഒന്നില്ല, അമ്മ, ചെറിയൊരു തല വേദന പോലെ… “

ഇതും പറഞ്ഞു അവൻ കഴിക്കുന്നത് നിർത്തി എണീറ്റു…

” എങ്ങനെ തലവേദന വരാതെയിരിക്കും ആ മഴ മുഴുവൻ നനഞ്ഞല്ലേ വന്നെ… നീ ഒരു ഗുളിക കഴിച്ചു ഉറങ്ങാൻ നോക്ക്‌.. രാവിലെ ആകുമ്പോഴെക്കും പനി മാറിക്കോളും.. “

ഇതും പറഞ്ഞു അമ്മയും കഴിക്കുന്നത് നിർത്തി…

*****************

ദിവസങ്ങൾ കടന്നു പോയി. അതിനിടയിൽ ഒരിക്കൽ പോലും ഉണ്ണി, അശ്വതി യുടെ മുന്നിൽ പോയിരുന്നില്ല… അങ്ങനെ ഒരു ദിവസം അശ്വതിയുടെ അച്ഛൻ ഉണ്ണിയേ കാണാൻ വന്നു….

” മോനേ അവൾ.. എല്ലാം എന്നോട് പറഞ്ഞു.. ഞാനെന്താ മോനേ ഇപ്പോൾ ചെയേണ്ടത്… “

” അശ്വതിയുടെ ഇഷ്ട്ടം നടക്കട്ടെ അമ്മാവാ, “

” മോനേ നീ.. “

” സാരമില്ല, അവൾ പറഞ്ഞതിലും കാര്യമില്ലേ… അത്രയും പഠിച്ചൊരാൾ ഒരു കൂലി പണിക്കാരന്റെ ഭാര്യയാകുമെന്ന് എന്നേ പോലെയൊരു പോട്ടനല്ലാതേ ആരേലും ആഗ്രഹിക്കുവോ… വിശ്വസിക്കുവോ… അശ്വതിയേ എനിക്ക് ജീവനായിരുന്നു…

എങ്കിലും അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ…”

ഉണ്ണി തന്റെ വിഷമം മറച്ചു വച്ചു കൊണ്ടു പറഞ്ഞു…

” മോനേ ഞാനെന്താടാ നിന്നോട്… “

” എന്നാലും ഞാൻ… ഞാനാ പയ്യനെ കുറിച്ചൊന്നുന്വേഷിക്കട്ടെ.. എങ്ങനെ യുള്ളവനാന്ന്… നമ്മുടെ അശ്വതിയേ പൊന്നു പോലെ നോക്കുവൊ ന്നറിയാണമല്ലോ…

അവൾക്കുറപ്പ് കാണും എങ്കിലും നമ്മുടെ ഭാഗത്തൂന്ന് കൂടെ ഒന്നന്വേഷി ക്കണമല്ലോ ഞാൻ.. ഞാൻ നാളെ തന്നെ പോയി അന്വേഷിക്കാം.. “

ഇത്രയും പറഞ്ഞു ഉണ്ണി, അമ്മാവന്റെ അടുത്ത് നിന്നും തിരിഞ്ഞു നടന്നതും, ആ മനുഷ്യന്റെയും കണ്ണുകൾ നിറഞ്ഞു…

അശ്വതിയുടെ കൈയിൽ നിന്നും മനുവിന്റെ അഡ്രെസ്സും വാങ്ങി ഉണ്ണി അടുത്ത ദിവസം തന്നെ മനുവിന്റെ നാട്ടിലേയ്ക്കു പോയി.. വൈകുന്നേരത്തോടെ തന്നെ ഉണ്ണി തിരിച്ചു അശ്വതിയുടെ വീട്ടിലേക്ക് വന്നു…

” അമ്മാവാ… ഞാൻ മനുവിനെ കുറിച്ചു അവന്റെ നാട്ടിലന്വേഷിച്ചു… അവൻ അശ്വതിയോട് പറഞ്ഞ പോലെയൊ അവൾ നമ്മളോട് പറഞ്ഞ പോലെ യൊന്നുമല്ല അവന്റ് ജീവിതം…

ഒരു ഉത്തരവാദിത്ത്വ ബോധവുമില്ലാതെ എപ്പോഴും കൂട്ടുകൂടി മദ്യപിച്ചു നടക്കുന്നയൊരു .. “

” നിർത്തു… “

ഉണ്ണി എല്ലാവരോടുമായി മനുവിനെ പറ്റി അറിഞ്ഞ വിവരങ്ങൾ പറയുന്നത് കേട്ട് അവിടെയ്ക്കു വന്ന അശ്വതി ഉണ്ണിയേ വിലക്കികൊണ്ടു പറഞ്ഞു…

” കഴിഞ്ഞ മൂന്നു വർഷമായി മനുവിനെ എനിക്ക് നന്നായിട്ടറിയാം… ആ മനുവിനെ പറ്റി അനാവശ്യം പറയരുത് “

” അശ്വതി ഞാൻ…”

” വേണ്ടാ… എന്നേ നിങ്ങൾക്ക് കിട്ടാത്ത് കൊണ്ടല്ലെ.. എന്റെ മനുവിനെ പറ്റി ഇങ്ങനെ അനാവശ്യം വിളിച്ചു പറയുന്നത്…

മനു ചെറുതായി മദ്യപിക്കും അത്‌ എനിക്കാറിയാവുന്ന കാര്യം തന്നെയാണ്.. ആണുങ്ങളായാൽ അൽപ്പം സ്വല്പം മദ്യപിക്കും… ഉണ്ണിയേട്ടൻ മദ്യപിക്കാത്തത് കൊണ്ടു മദ്യപിക്കുന്നവരെല്ലാം മോശമാണെന്ന് പറയരുത്, പിന്നെ കുടുംബം നോക്കുന്ന കാര്യം…

മനുവേട്ടന്റെ കുടുംബം നോക്കാനിപ്പോൾ മനുവേട്ടന്റെ അച്ഛനുണ്ട്. അതു കൊണ്ടു മനുവേട്ടൻ കുറച്ചു ഫ്രീയായി നടക്കുന്നു.. അതൊക്കെ ഞങ്ങളുടെ കല്യാണം കഴിയുമ്പോൾ ശെരിയായിക്കോളും… ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് മനുവിന്റെ ഒപ്പം ജീവിച്ചാൽ മതി…

എന്റെ മനുവിനെ കുറിച്ച് എനിക്കറിയാം, അതിന് മാറ്റാരുടെയും സർട്ടിഫിക്കറ്റിന്റെ ആവിശ്യമില്ലാ.. “

ഉണ്ണിയോടായി ഇത്രയും പറഞ്ഞു അശ്വതി അകത്തെയ്ക്കു കയറി പോയതും അമ്മാവനും അമ്മായിയും വിഷമത്തോടെ ഉണ്ണിയേ നോക്കി…

” എന്നാ പിന്നെ ഞാനിറങ്ങട്ടെ അമ്മാവ, കുറച്ചു പണിയുണ്ട് വീട്ടിൽ… പിന്നെ ബാക്കിയെല്ലാം അമ്മാവൻ തീരുമാനിച്ചാൽ മതി… എല്ലാത്തിനും ഞാൻ കൂടെയുണ്ടാവും “

ഇത്രയും പറഞ്ഞു ഉണ്ണി അവിടെ നിന്നുമിറങ്ങി… പിന്നെ അതികം താമസിയാതെ തന്നെ അശ്വതിയുടെ വാശി കാരണം അശ്വതിയുടെയും മനുവിന്റെയും കല്യാണം അവർ നടത്തികൊടുത്തു…

അശ്വതി ഏട്ടനെ ചതിച്ചതറിഞ്ഞ ഉണ്ണിയുടെ പെങ്ങൾ ഉണ്ണിയ്ക്കു വേണ്ടി, തന്റെ ഭർത്താവിന്റെ അച്ഛന്റെ അനിയന്റെ മകൾ അപർണയേ ആലോചിച്ചു അപർണയും ഡിഗ്രി കഴിഞ്ഞു പിജി ചെയ്തു കൊണ്ടിരിക്കുവായിരുന്നു…

അപർണ്ണയ്ക്കു ഉണ്ണിയേ ഇഷ്ടമായതും ഉണ്ണിയുടെ അമ്മയുടെയും പെങ്ങളുടെയും നിർബന്ധം കൊണ്ടു ഉണ്ണി അപർണ്ണയുടെ കഴുത്തിൽ താലി ചാർത്തി. കല്യാണത്തിന് മുന്നേ തന്നെ ഉണ്ണി തന്റെ കാര്യങ്ങളെല്ലാം അപർണ്ണ യോട് പറഞ്ഞിരുന്നു അശ്വതിയേ സ്‌നേഹിച്ചതുൾപ്പടെ എല്ലാം കൂട്ടത്തിൽ എല്ലാമുൾക്കൊള്ളാൻ അവനു കുറച്ചു സമയം കൊടുക്കണമെന്നും… അതെല്ലാം സമ്മതിച്ചു കൊണ്ടു തന്നെയാണ് അപർണ്ണ ഉണ്ണിയുടെ ഭാര്യയായത്… അങ്ങനെ ആദ്യരാത്രി വന്നെത്തി…

” നിരാശ കാമുകൻ, പൂർവ്വകാമുകിയെയും ഓർത്തു കൊണ്ടിരിക്കുവാണോ “

അപർണ്ണ മുറിയിലേക്ക് പാലുമായി വന്നതും എന്തോ ആലോചിച്ചു വീദൂരത യിലേക്ക് നോക്കി നിന്ന ഉണ്ണിയുടെ അടുത്തായി വന്നു നിന്നോണ്ട് ചോദിച്ചു…

” ഏയ്‌ ഞാൻ വെറുതെ… “

ഉണ്ണി ഇതു പറഞ്ഞു, അപർണയ്ക്കു നേരെ തിരിഞ്ഞതും അവൾ അവനെ ഇറുകെ പുണർന്നു…

” ഈ മനസിൽ ഇപ്പോൾ എനിക്ക് വല്ല്യ സ്ഥാനമൊന്നുമില്ലാന്നറിയാം… അതു കൊണ്ടു പറയുവാ… വേഗം ഈ മനസിലുള്ളവളെ ചവിട്ടിക്കൂട്ടി വെളിയിലെറിഞ്ഞിട്ട് അവിടെ എന്നേ കേറ്റി വെച്ചേക്കണം… “

അപർണ്ണ ഇത് പറഞ്ഞതും അവൻ അത്ഭുതത്തോടെ അവളെ നോക്കി…

” അതു വേറൊന്നും കൊണ്ടല്ല…

നിങ്ങളുടെ പുന്നാര പെങ്ങളുണ്ടല്ലോ, അമ്മൂസ്… അവൾ ഞങ്ങളുടെ കുടുബത്തിലേക്ക് വന്ന അന്ന് തൊട്ടു ഞാൻ കേൾക്കുന്നതാ.. അവളുടെ ഈ ഉണ്ണിയേട്ടനെ പറ്റി… അന്നേ ഞാൻ വിചാരിച്ചതാ ഞാനിമുതലിനെയും കൊണ്ടേ പോകുന്നു…

പക്ഷെ പിന്നെയാ അറിഞ്ഞത്. നിങ്ങൾ ആൾറെഡി ബുക്ക്ഡ് ആണെന്ന്…അതറിഞ്ഞപ്പോൾ കുറച്ചു ശോകമടിച്ചു ഞാൻ നടന്നു.. അങ്ങനെയാ പിജിയ്ക്കു പോയി ചേർന്നത്…

കഴിഞ്ഞയിടയ്ക്കു നിങ്ങളുടെ പെങ്ങളെ വിളിച്ചപ്പോൾ നിങ്ങളെ ആ പെണ്ണ് തേച്ചെന്നും പറഞ്ഞവൾ സങ്കടപെട്ടപ്പോൾ ഞാൻ എന്തുമാത്രം സന്തോഷിച്ചന്നറിയുവോ….

അങ്ങനെ എന്റെ മനസറിഞ്ഞ നിങ്ങളുടെ പെങ്ങൾ തന്നെ ഈ കല്യാണത്തിന് ചുക്കാൻ പിടിച്ചപ്പോൾ എനിക്ക് സന്തോഷം കൊണ്ടു തുള്ളിച്ചാടാനാ തോന്നിയത്..

ഉണ്ണിയേട്ടൻ അന്ന് വന്നു എല്ലാം കാര്യവും എന്നോട് തുറന്നു പറഞ്ഞപ്പോഴും ഞാനീ കല്യാണത്തിൽ തന്നെ ഉറച്ചു നിന്നത്… എന്റെ ആദ്യ പ്രണയം നിങ്ങളായത് കൊണ്ടു മാത്രമാ.. അത്രയും ഇഷ്ട്ടമാണ് എനിക്ക് എന്റെ ഉണ്ണിയേട്ടനെ… എന്നോ എന്റെ മനസിൽ പതിഞ്ഞു പോയി ഈ മുഖം….

I love you ഏട്ടാ… “

ഇതും പറഞ്ഞവൾ അവനെ ഉമ്മ വച്ചപ്പോഴും, കേട്ടതോന്നും വിശ്വസിക്കാൻ കഴിയാത്ത പോലെയിരിക്കുവായിരുന്നു ഉണ്ണി…

” ഏട്ടന്റെ മനസിൽ നിന്നുമവൾ പെട്ടനൊന്നുമിറങ്ങി പോകില്ലാന്നു എനിക്കറിയാം അത്രയും ശുദ്ധമാണ് ഏട്ടന്റെ മനസ്… പക്ഷെ രണ്ടു ദിവസത്തിനുള്ളിൽ അവളെ ഞാനീ മനസിൽ നിന്നും പടി കടത്തിയിരിക്കും…”

ഇത്രയും പറഞ്ഞു ലൈറ്റും ഓഫ് ചെയ്തു കട്ടിലിൽ കിടന്നപ്പോൾ ഉണ്ണിയുടെ നെഞ്ചിലവൾ സ്ഥാനം പിടിച്ചിരുന്നു… അതു കണ്ടു ഉണ്ണിയും പതിയേ അവളെ ചേർത്തു പിടിച്ചു…

അപർണ പറഞ്ഞ പോലെ തന്നെ രണ്ടു ദിവസം കൊണ്ടു ഉണ്ണിയുടെ മനസിൽ നിന്നും അശ്വതിയുടെ ചാടിച്ചു അവിടെ അപർണ്ണ കുടിയേറി പാർത്തു… ഒരാഴ്ച കഴിഞ്ഞതും അപർണ വീണ്ടും ക്ലാസ്സിന് പോയിതുടങ്ങി…

അശ്വതിയുടെ കല്യാണം കഴിഞ്ഞതിന് ശേഷം ഒരിക്കൽ മാത്രമാണ് അശ്വതിയും മനുവും അവളുടെ വീട്ടിലേക്ക് വന്നത് അന്ന് വൈകുന്നേരം തന്നെയവർ തിരികെയും പോയി… അതിന് ശേഷം ഒരിക്കൽ പോലും അവൾ അവിടെയ്ക്കു വന്നില്ല…

നാളുകൾ വീണ്ടും പലതു കടന്നു പോയി… അങ്ങനെ ഒരുനാളിൽ ഉണ്ണി പണിയും കഴിഞ്ഞു വന്നപ്പോൾ അവനെയും കാത്തു ഒരു സന്തോഷവാർത്തയുമായി അപർണ വീടിന് മുന്നിൽ തന്നെ നിൽപുണ്ടായിരുന്നു…

ഉണ്ണിയേ കണ്ടതും അവളോടിചെന്നു അവന്റെ കാതിലായി അവനൊരു അച്ഛനാകാൻ പോകുവാന്നു പറഞ്ഞു… അതു കെട്ടവൻ അവളെ നോക്കിയതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു… അതു കണ്ട അവൻ സന്തോഷം കൊണ്ടവളെ എടുത്തുയർത്തി വട്ടം കറക്കി… അവളാണേൽ ഒരു ചിരിയോടെ അവനെ നോക്കി അങ്ങനെ നിന്നു…

” മോനേ ഇത് പൊതു വഴിയാണ് ബാക്കി സ്നേഹപ്രകടനങ്ങളൊക്കെ വീടിനുള്ളിൽ മതിട്ടോ… “

അമ്മ ഒരു ചിരിയോടെ പറഞ്ഞതും, ഉണ്ണി അവളെ നിലത്തിറക്കി.. പിന്നെ അമ്മയേ നോക്കി ഒരു ചിരിയും ചിരിച്ചു കൊണ്ടു അപർണയുമായി മുറിയിലേക്ക് നടന്നു…

അടുത്ത ദിവസം അപർണയുമായി ഉണ്ണി ഹോസ്പിറ്റലിൽ പോയി തിരികെ വരുമ്പോൾ ഉണ്ണിയുടെ വീട്ടിൽ അമ്മാവനും അശ്വതിയുമുണ്ടായിരുന്നു… അശ്വതിയേ കണ്ടതും അപർണ്ണ ഒന്നൂടെ ഉണ്ണിയോട് ചേർന്നു നിന്നു…

” ആഹ്…. അമ്മാവനോ.. എപ്പോൾ വന്നു, സുഖമാണോ അമ്മാവാ.. “

അമ്മാവനെ കണ്ടതും ഉണ്ണി ചോദിച്ചു…

” മ്മ്… ഞങ്ങൾ വന്നിട്ട് കുറച്ചു സമയമായി, ഇവൾ പറഞ്ഞു മോൻ മോളേയും കൊണ്ടു ഹോസ്പിറ്റലിൽ പോയെക്കുവാന്നു… “

അമ്മാവൻ പറഞ്ഞതും…

” ആഹ്… ഇവൾക്ക് വിശേഷമുണ്ട്.. ഒന്നു ഡോക്ടറേ കാണാൻ പോയതാ.. “

ഉണ്ണി ഇതും പറഞ്ഞു അവന്റെ കൈയിലിരുന്ന കവർ അപർണയുടെ കൈയിൽ കൊടുത്തതും അവൾ അതും വാങ്ങി വീടിനുള്ളിലേക്ക്‌ പോയി…

” മോനേ ഞങ്ങൾ വന്നത്, മോന്റെ ഒരു സഹായം ചോദിക്കാനാ… “

” എന്താ അമ്മാവാ.. “

അമ്മാവൻ ചോദിച്ചത് മനസിലാകാതെ അവൻ ചോദിച്ചു…

” അതു മോനേ… “

അമ്മവാൻ ഇതും പറഞ്ഞു അശ്വതിയേ നോക്കിയപ്പോൾ അവൾ അപർണ യേയും അമ്മയെയും തന്നെ നോക്കി നിൽക്കുവായിരുന്നു… അവരുടെ സ്നേഹം കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു അവളുടെ കണ്ണിലപ്പോൾ പഴയ ആ അഹങ്കാരഭാവമില്ലായിരുന്നു…

” അതു മോനേ മനു.. അവൻ നമ്മളുദേശിച്ചത് പോലെയൊന്നുമല്ല… ജോലിക്കും പോകുന്നില്ല കുടുംബവും നോക്കില്ല.. എപ്പോഴും കൂട്ടുകാരും കൂടി മദ്യപിച്ചു നടപ്പാ…

അവന്റെ അപ്പനാണ് ഇപ്പോഴും ആ കുടുംബം നോക്കുന്നത്… അതുമല്ല അവന്റെ അപ്പൻ ഇവളെ ഒരു മോളേ പോലെയല്ല ഇപ്പോൾ കാണുന്നത്… അവന്റെ അമ്മയുണ്ടായിരുന്നപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നു.. അവർ മരിച്ചതിൽ പിന്നെ ഇവൾക്ക് അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി…

അതു ചോദിക്കേണ്ട മനുവാണെൽ അച്ഛൻ പറഞ്ഞു കൊടുക്കുന്നതൊക്കെ വിശ്വസിച്ചു ഇവളേ എപ്പോഴും ഉപദ്രവം തന്നെയാണ്… നേരെ ചൊവ്വേ ഭക്ഷണം പോലും കിട്ടാതെ വന്നപ്പോഴാ ഇവൾ വീട്ടിലേക്ക് വന്നത്…

ഇതറിഞ്ഞ എല്ലാരും പറയുന്നത് അവർക്കെതിരെ കേസ് കൊടുക്കാനാ… “

അമ്മാവൻ വളരെ ബുദ്ധിമുട്ടിയാണ് ഇത്രയും പറഞ്ഞത് തന്നെ…

” അമ്മവൻ പറഞ്ഞത് കേട്ടിട്ട് അതു തന്നെയാണ് നല്ലത്… പോലീസ് കൊണ്ടു പോയി ഒന്നു പെരുമാറി കഴിയുമ്പോൾ അവർ നന്നായിക്കോളും “

” ആഹ് അതു തന്നെയാണ് എല്ലാരും പറയുന്നതും… “

” അല്ല ഇതിലിപ്പോൾ ഞാനെന്തു ചെയ്യാനാ “

” അതു…മോനൊന്ന് ഞങ്ങളുടെ കൂടെ വരാവോ പോലിസ് സ്റ്റേഷനിലേക്ക്… “

” ഇല്ല… “

അമ്മാവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഉണ്ണി പറഞ്ഞു…

” മോനേ അതു.. “

” അമ്മവാൻ എന്ത് പറഞ്ഞാലും ഞാൻ വരില്ല… അശ്വതി ഈ അനുഭവിക്കുന്നത് മുഴുവൻ ഇവൾ തന്നെ ചോദിച്ചു മേടിച്ചതാ…

അന്ന് ഈ മനുവിനെ പറ്റി ഞാൻ അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ പറഞ്ഞപ്പോൾ ഇവൾ എന്തൊക്കയേ അന്ന് എന്നേ പറഞ്ഞതെന്ന് ഞാൻ ഓർമ്മിപ്പിക്കേണ്ടല്ലോ

ഉണ്ണി അവരോടു പറഞ്ഞതും അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി…

” അല്ല അന്ന് നീ കുറെ ഡയലോഗ് അടിച്ചിരുന്നല്ലോ…, അച്ഛൻ കുടുംബം നോക്കുന്ന മകൻ അങ്ങനെയൊക്കെ ആയിരിക്കുമെന്നും, കല്യാണം കഴിഞ്ഞു നീ മാറ്റി എടുത്തോളാമെന്നുമൊക്കെയല്ലേ…

എന്നിട്ടവൻ മാറിയില്ലേ “

ഉണ്ണി അശ്വതിയേ നോക്കി പുച്ഛത്തോടെ ചോദിച്ചതും….

” ഉണ്ണിയേട്ടാ സോറി…

അന്ന് മനുവിന്റെ വാക്ക് കേട്ട് അങ്ങനെയൊക്കെ ഞാൻ പറഞ്ഞു പോയി.. എന്റെ എന്റെ തെറ്റാണ്… ഈ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും ഒരു അടിച്ചു പൊളി ലൈഫ് ഞാനാഗ്രഹിച്ചു… അതു നേടാനായി പലരെയും ഞാൻ വേദനിപ്പിച്ചു.. ഒക്കെ ശെരിയാണ്.. പക്ഷെ… ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് നല്ല വിഷമമുണ്ട്…

അതിന് എല്ലാരോടും മാപ്പ് ചോദിക്കാനല്ലാതെ എനിക്ക് മുൻപിൽ മറ്റൊരു വഴിയില്ല.. പ്ലീസ് സഹായിക്കണം… “

ഉണ്ണിയുടെ മുന്നിൽ നിന്ന് തോഴുകൈയോടെ അവൾ പറഞ്ഞു…

” അശ്വതി.. ഞാനൊരു സാധാരണക്കാരനാണ്… കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ആഗ്രഹങ്ങളും മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ… ഇപ്പോൾ ഞാൻ നല്ല സന്തോഷത്തിലാണ്… ആ സന്തോഷം തല്ലികെടുത്താൻ ഞാനില്ല….

ഇപ്പോൾ ഞാൻ നിങ്ങളുടെ കൂടെ വന്നു അവനെതിരെ കേസ് കൊടുത്തെന്ന് കരുതുക… അവനെ ചിലപ്പോൾ പോലീസ് നന്നായൊന്നു പേരുമാറി വിടും ചിലപ്പോൾ അതോടെ അവൻ നന്നാകും…

അല്ലേൽ അവൻ വീണ്ടും മദ്യപിച്ചു അവന്റെ കൂട്ടുകാരോടൊപ്പം കൂടി എന്നേ എന്തെങ്കിലും ചെയ്താൽ ഈ കുടുംബവും എന്റെ ഭാര്യയും ജനിക്കാനിരിക്കുന്ന കുഞ്ഞും പട്ടിണിയായി പോകും…

കാശുള്ളത് കൊണ്ടു അവൻ ചിലപ്പോൾ കേസിൽ നിന്നുമൊക്കെ ഈസിയായി ഊരി പോരുകയും ചെയ്യും… പിന്നെ നാളെ അവൻ വന്നു നിന്നോടൊരു സോറി പറഞ്ഞാൽ നീ വീണ്ടും അവന്റെ കൂടെ തന്നെ പോകും…

അപ്പോഴും നിനക്കു നഷ്ടമൊന്നും കാണില്ല… നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമായിരിക്കും… അതു കൊണ്ടു എന്നെ വിട്ടേര്…

നിന്റെയാ പഴയ ഉണ്ണിയേട്ടനല്ല ഞാനിപ്പോൾ എന്നേ സ്വന്തം പ്രാണനെ പോലെ സ്നേഹിക്കുന്നൊരു പെണ്ണുണ്ടിപ്പോൾ അവളെ കണ്ണീരിലാഴ്ത്താൻ എനിക്ക് പറ്റില്ല സോറി…. “

ഉണ്ണിയും അവൾക്കു നേരെ തിരിച്ചു കൈകൂപ്പികൊണ്ടു പറഞ്ഞ ശേഷം വീടിനുള്ളിലേക്ക് കയറി പോയി…

ഉണ്ണിയേയൊന്നു നോക്കിയ ശേഷം കണ്ണുകൾ തുടച്ചു കൊണ്ടു അശ്വതിയും അമ്മാവനും ആ വീടിന്റെ പടികളിറങ്ങി… അശ്വതിയുടെ മനസിലപ്പോൾ ഉണ്ണിയേയും അവന്റെ സ്നേഹവും കരുതലും നഷ്ടപെടുത്തിയതിലൊരു കുറ്റബോധമുണ്ടായിരുന്നു…

അവസാനിച്ചു….

ഒരു അപകടമാണ് മുന്നിലെന്ന് പറഞ്ഞിട്ടും അറിഞ്ഞിട്ടും അതിലേക്കെടുത്ത് ചാടിയ ഒരാളെ അതിൽ നിന്നും വീണ്ടും രക്ഷിക്കേണ്ട ആവിശ്യമുണ്ടോ?

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *