എഴുത്ത്:- ഞാൻ ഗന്ധർവൻ
ഡിവോഴ്സിന്റെ വക്കിലായിരുന്നു അവർ. ഇനിയൊരിക്കലും ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ച അവരോട് സുഹൃത്തുക്കളും ബന്ധുക്കളും ഒരുപാട് സംസാരിച്ചുനോക്കി. പക്ഷേ അവരുടെ തലയിൽ അതൊന്നും കേറുന്നുണ്ടായിരുന്നില്ല.
രണ്ടുപേരും മനസ്സുകൊണ്ട് ഒരുപാട് അകന്നിരുന്നു. ഭർത്താവിന് ഭാര്യയെ മുടിഞ്ഞ സംശയമാണ്. തിരിയാനും മറിയാനും സമ്മതിക്കാതെ കൂട്ടിലിട്ട പോലുള്ള ജീവിതം അവൾക്ക് ശരിക്കും മടുത്ത് തുടങ്ങിയിരുന്നു. താൻ പറയുന്നതൊക്കെ ശരിയാണ് എന്ന മട്ടിൽ ഭർത്താവും. എപ്പോഴും വഴക്കും ബഹളവും.
അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്ത് വഴി യൂട്യൂബിലൊക്കെ ഭയങ്കര ഫേമസായ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് വീട്ടുകാരും കൂട്ടുകാരും ഒരുപാട് നിർബന്ധിച്ച് അവരെ പറഞ്ഞയച്ചത്. പക്ഷേ പോവുമ്പോഴേ അവർ പറഞ്ഞിരുന്നു
“നിങ്ങളൊക്കെ നിർബന്ധിച്ചത് കൊണ്ട് മാത്രാണ് ഞങ്ങൾ പോകുന്നത്. ഒരു സൈക്കോളജിസ്റ്റിനും ഞങ്ങളെ മാനസികമായി ഒന്നിപ്പിക്കാൻ സാധിക്കില്ല. ഇത് വെറുതേ സമയം കളയാണ്. നിങ്ങളുടെ സമാധാനത്തിന് വേണ്ടി മാത്രം ഞങ്ങൾ പോകാം”
അങ്ങനെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ഒരുപാട് ദമ്പതികളെ ഡിവോഴ്സിന്റെ വക്കിൽ നിന്നും നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ മാഡത്തിനെ അവർ ബന്ധപ്പെട്ടു. മാഡം കൊടുത്ത അപ്പോയ്ന്റ്മെന്റിൽ അവരുടെ ഓഫീസിലേക്ക് അവർ മനസ്സില്ലാ മനസ്സോടെ പോയി.
വല്യ താല്പര്യമില്ലാതെയാണ് അവർ മാഡത്തിന്റെ മുന്നിലേക്ക് കയറിച്ചെന്നത്. സത്യം പറഞ്ഞാൽ വീട്ടുകാർക്കും വല്യ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ് രണ്ടുപേരും പുറത്തേക്കിറങ്ങി. കയറുമ്പോൾ കീരിയും പാമ്പുപോലെ പോയവർ ചിരിച്ച് കളിച്ച് സന്തോഷത്തോടെയാണ് ഇറങ്ങിവന്നത്.
വീട്ടിലേക്ക് തിരിച്ച് പോവുന്ന വഴി അവർ ഒന്നിച്ച് ഫുഡ് കഴിക്കുന്നു. ചിരിക്കുന്നു, നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹിക്കുന്നു. ഇതെല്ലാം കണ്ട് അവരുടെ കൂടെ പോയ പെങ്ങളും അളിയനും ഞെട്ടിപ്പോയി. കാരണം വീട്ടുകാരും കൂട്ടുകാരും ഈ പെങ്ങളും അളിയനും അടക്കം എല്ലാവരും അവർ ഇനി ഒന്നിച്ച് ജീവിക്കില്ല എന്ന് കരുതിയവരാണ്.
ഇതെന്ത് മറിമായം…? ആ രണ്ട് മണിക്കൂർ മാഡത്തിന്റെ മുറിയിൽ എന്താണ് സംഭവിച്ചത്…? പെങ്ങളും അളിയനും തല പുകച്ചു.
ഇതേ സമയം സൈക്കോളജിസ്റ്റ് മാഡത്തിന്റെ ഓഫീസിൽ…
മാഡം ഭർത്താവിനോട് ഫോണിൽ സംസാരിക്കുകയാണ്. അവരുടെ മുഖം ചുവന്ന് വിറക്കുന്നുണ്ട്
“ദേ, മനുഷ്യാ ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട്. ക്ലയിന്റ് ഉള്ളപ്പോൾ ഇങ്ങനെ വിളിച്ച് വെറുപ്പിക്കരുത് എന്ന്. ഇപ്പൊത്തന്നെ രണ്ടുപേർ ഇവിടെ നിന്നും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. അവർ ഇവിടിരുന്ന രണ്ട് മണിക്കൂറിനുള്ളിൽ നിങ്ങൾ എത്ര പ്രാവശ്യാ വിളിച്ചത്. നിങ്ങളുടെ ശബ്ദം നന്നായി പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു. എന്തിനാ ഇങ്ങനെ കിടന്ന് ഒച്ചവെക്കുന്നേ”
“ചിലക്കണ്ട നീ… സത്യം പറ നീയിപ്പോ ആരുടെ കൂടെയാ… പറയടീ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ നാ***** മോളേ ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും എന്നെ വീഡിയോ കോൾ ചെയ്യണം എന്ന്. അഴി ഞ്ഞാട്ടക്കാരീ *********
മാഡത്തിന്റെ ജീവിതത്തിലെ അത്രേം പ്രശ്നങ്ങൾ തങ്ങൾക്കില്ല എന്ന് കരുതി ആവണം അവരുടെ അടുത്ത് വരുന്ന എല്ലാ ദമ്പതികളും സന്തോഷത്തോടെ കൈകോർത്ത് തിരിച്ച് പോകുന്നത്… എന്താ ലേ…