ഡോക്ടറാവണമെന്ന് മറ്റു കുട്ടികളൊക്കെ പറയുമ്പോൾ. ഒരു നഴ്സാവണമെന്നായിരുന്നു പഠിക്കുമ്പോഴുള്ള തൻ്റെ ആഗ്രഹം. അതിനായി പരിമതിക്കുള്ളിൽ നിന്ന് നന്നായി പഠിച്ചു…..

പൂവണിയാത്ത സ്വപ്നം

Story written by Saji Thaiparambu

അമ്മേ .. ഇന്നാണ് ലാസ്റ്റ് ഡേറ്റ്, ഫീസ് അടയ്ക്കാതെ ഇനി ക്ലാസ്സിൽ കയറണ്ടന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്

ശ്രേയ ദയനീയതയോടെ അമ്മയെ നോക്കി.

ഞാൻ എന്ത് ചെയ്യാനാണ് മോളെ, അച്ഛൻ പണിയില്ലാതെ വീട്ടിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട്, മാസം രണ്ടുമൂന്നായി, അല്ലേലും നമ്മളെപ്പോലെയുള്ള പാവപ്പെട്ടവർക്ക് പറഞ്ഞിട്ടുള്ളതല്ല, ഈ നഴ്സിങ് പഠിത്തമൊക്കെ

അപ്പോൾ ഞാൻ ഇനി പഠിക്കാൻ പോകണ്ടന്നാണോ അമ്മ പറയുന്നത്?

ആശങ്കയോടെ ശ്രേയ, അമ്മയോട് ചോദിച്ചു.

അല്ലാതെ ഞാനെന്ത് പറയാനാ മോളേ.. അമ്മ തൊഴിലുറപ്പിന് പോകുന്നത് കൊണ്ടാണ്, ഈ കുടുംബത്ത് രണ്ട് നേരമെങ്കിലും കഞ്ഞി വച്ച് കുടിക്കാൻ പറ്റുന്നത്

അമ്മയുടെ നിസ്സഹായാവസ്ഥ ശ്രേയയ്ക്ക് മനസ്സിലാകുമായിരുന്നു.

അരിവാളും അച്ഛൻ്റെ നരച്ച ഷർട്ടുമെടുത്തോണ്ട് തൊഴിലുറപ്പിന് പോകുന്ന അമ്മയെ നോക്കി, ശ്രേയ നിരാശയോടെ നിന്നു.

ഡോക്ടറാവണമെന്ന് മറ്റു കുട്ടികളൊക്കെ പറയുമ്പോൾ, ഒരു നഴ്സാവണമെന്നായിരുന്നു പഠിക്കുമ്പോഴുള്ള തൻ്റെ ആഗ്രഹം, അതിനായി പരിമതിക്കുള്ളിൽ നിന്ന് നന്നായി പഠിച്ചു, പ്ളസ്ടു വരെ ഉയർന്ന മാർക്കോടെ പാസ്സായി, ബുദ്ധിമുട്ടില്ലാതെ ഗവൺമെൻ്റ് കോളേജിൽ തന്നെ ബി എസ് സി നഴ്സിങ്ങിന് അഡ്മിഷനും കിട്ടി.

അച്ഛന് സ്വന്തമായുണ്ടായിരുന്ന ഓട്ടോറിക്ഷ ഓടിച്ച്, താനും ചേച്ചിയും അമ്മയും അടങ്ങുന്ന കുടുംബത്തെ, അല്ലലില്ലാതെ

അച്ഛൻ മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു.

പക്ഷേ, അപ്രതീക്ഷിതമായി വന്ന ഈ മഹാമാരി മറ്റെല്ലാവരെയും പോലെ ,തങ്ങളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചു.

മോളേ.. അച്ഛന് ഇത്തിരി കട്ടൻചായ ഇട്ടോണ്ട് തരാമോ?

അരപ്രൈസിലിരുന്ന അച്ഛൻറെ ചോദ്യം, ശ്രേയയെ ചിന്തയിൽ നിന്നുമുണർത്തി.

ഈ താടിയും മുടിയും ഒന്നും മുറിക്കണ്ടേ അച്ഛാ.. അച്ഛനെ കണ്ടിട്ട് ഒരുപാട് പ്രായമായതുപോലെ

അതിനും വേണ്ടേ മോളേ.. പത്ത് നൂറ്റമ്പത് രൂപ , അമ്മ ഒരാള് തൊഴിലുറപ്പിനു പോയാൽ, പട്ടിണി ഇല്ലാതെ കഴിയാം എന്നല്ലാതെ, മറ്റു കാര്യങ്ങളൊന്നും നടക്കില്ലല്ലോ?

അച്ഛൻ്റെ വരുമാനം നിലച്ചു പോയതിലുള്ള കടുത്ത നിരാശ, ആ വാക്കുകളിൽ പ്രകടമായിരുന്നു.

ഇതാ അച്ഛാ.. ചായ കുടിക്ക്

അടുക്കളയിൽ പോയി ചായ തിളപ്പിച്ചു കൊണ്ടുവന്ന്, ശ്രേയ അച്ഛൻറെ നേർക്ക് നീട്ടി.

അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോൾക്ക് വിഷമമാകുമോ?

ചൂട് ചായ ,ചുണ്ടോടു ചേർത്ത് ഒന്ന് മൊത്തിയിട്ട്, പ്രഭാകരൻ മകളോട് ചോദിച്ചു.

എന്താ അച്ഛാ.. അച്ഛൻ പറഞ്ഞോ?

അത് പിന്നെ മോളേ.. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ,അച്ഛൻ ഇനി ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങിയിട്ട് , എപ്പോഴാ ഒരു വരുമാനം ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല, നിൻ്റെ ചേച്ചിയുടെ വിവാഹം നിശ്ചയിച്ചു വച്ചിരിക്കുന്നത് കൊണ്ട്, അവളെ ഇനി അമ്മയോടൊപ്പം തൊഴിലുറപ്പിന് വിടാനും കഴിയില്ല, മോൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ, നാളെ മുതൽ അമ്മയോടൊപ്പം ജോലിക്ക് പോയാൽ കൊള്ളാമായിരുന്നു

അതുകേട്ടപ്പോൾ, ശ്രേയയുടെ ഇടനെഞ്ചൊന്ന് പിടഞ്ഞു, വെളുത്ത വസ്ത്രമണിഞ്ഞ് സിസ്റ്ററേ.. എന്നുള്ള വിളികൾ കേട്ടു കൊണ്ട്, പേഷ്യൻ്റ്സിൻ്റെ ഇടയിലൂടെ പാറി നടക്കാനുള്ള തൻ്റെ ആഗ്രഹങ്ങളെ, ബലി കഴിക്കണമല്ലോ എന്നോർത്തപ്പോൾ, അവൾക്ക് സങ്കടം സഹിക്കാനായില്ല.

മോൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട , പ്രായപൂർത്തിയായപ്പോൾ മുതൽ, ഓട്ടോറിക്ഷ ഓടിച്ച് മാത്രമാണ് ശീലം, മറ്റു കൂലി പണികൾ ഒന്നും ചെയ്ത് അച്ഛന് തീരെ വശമില്ല, സാരമില്ല കഴിഞ്ഞ ദിവസം മെമ്പറെ കണ്ടപ്പോൾ, മുൻസിപ്പാലിറ്റിയുടെ വേസ്റ്റ് എടുക്കുന്നവരുടെ കൂട്ടത്തിൽ ,താൽക്കാലികമായി ഒരു ഒഴിവുണ്ടെന്നു പറഞ്ഞു ,അച്ഛൻ അതിനു പൊയ്ക്കൊള്ളാം

വേണ്ടച്ഛാ… അച്ഛന് അതൊന്നും ശീലമില്ലാത്തതാണ്, മാത്രമല്ല ഈ അസുഖങ്ങൾ പടർന്ന് പിടിക്കുന്ന സമയത്ത്, ആ ജോലിക്ക് പോയാൽ, ഇത്രയും പ്രായമായ അച്ഛന് അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യമുണ്ടാവില്ല,
അച്ഛന് വയ്യാതായാൽ പിന്നെ, ഞങ്ങൾക്ക് വേറെ ആരാ ഉള്ളത്,
അത് കൊണ്ട് ,നാളെ മുതൽ അമ്മയോടൊപ്പം ഞാൻ പൊയ്ക്കൊള്ളാമച്ഛാ..

തങ്ങൾക്ക് വേണ്ടിയാണ് , അച്ഛൻ ഇത്രയും നാള് കഷ്ടപ്പെട്ടത്, ഇനിയുള്ള കാലം അച്ഛൻ വിശ്രമിക്കട്ടെ, എന്ന് മനസ്സിലുറപ്പിച്ചിട്ട് പിറ്റേന്ന് മുതൽ ശ്രേയ ,തൊഴിലുറപ്പിന് പോകാൻ തീരുമാനിച്ചു .

അവൾ തിരിച്ച് മുറിയിലേക്ക് വന്ന് , തൻ്റെ ഫോൺ എടുത്തുനോക്കി.

അതിൽ, കിഷോറിൻ്റെ മൂന്നാല് മിസ്സ്ഡ് കോളുകൾ കണ്ടു, തൻ്റെ കോളേജിലെ, സീനിയർ ബാച്ചിലെ വിദ്യാർത്ഥിയാണയാൾ. അന്ന് താൻ ആദ്യമായി കോളേജിലേക്ക് ചെല്ലുമ്പോൾ, നവാഗതരെ സ്വീകരിക്കുന്ന കൂട്ടത്തിൽ, കിഷോറുമുണ്ടായിരുന്നു ,

മറ്റുള്ളവർ പുതുതായി ചെല്ലുന്നവരെ റാഗ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, കിഷോർ അതിന് വിപരീതമായി എല്ലാവരോടും സൗമ്യമായിട്ടാണ് പെരുമാറിയിരുന്നത്.

തന്നോടും, പേരും മേൽവിലാസവും ഒക്കെ ചോദിച്ച്, കുറച്ച് അധിക നേരം അവിടെ നിർത്തി,

പിറ്റേന്ന് ക്ലാസ് വിട്ടപ്പോൾ , വീണ്ടും തന്നോട് സംസാരിക്കാൻ വന്നപ്പോഴാണ് ,അത് എന്തിനായിരുന്നു എന്ന് മനസ്സിലായത്, അന്ന് ഒട്ടും മടിയില്ലാതെ തന്നോടയാൾ ഇഷ്ടമാണെന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ, താനന്ന് വല്ലാതെ പരിഭ്രമിച്ചു പോയി.

പ്ലസ്ടു വരെ പഠിച്ചപ്പോഴും പഠനം എന്ന ചിന്ത അല്ലാതെ, മറ്റൊന്നും തൻ്റെ മനസ്സിലില്ലായിരുന്നു, എപ്പോഴും തല കുനിച്ച് മാത്രം നടന്നിരുന്ന താൻ പുസ്തകപ്പുഴു എന്നാണറിയപ്പെട്ടിരുന്നത്, അതുകൊണ്ടാവാം തന്നോട് ,ആൺകുട്ടികളാരും, ഇതുവരെ പ്രൊപ്പോസലുമായി വരാതിരുന്നത്.

എന്താടോ മൗനം സമ്മതമായി ഞാൻ എടുത്തോട്ടെ

അയാൾ വീണ്ടും എന്നോട് ചോദിച്ചു

വേണ്ടാ … എനിക്ക് അങ്ങനെ ഒന്നും ഇല്ല, എനിക്ക് പഠിക്കണം, പ്ലീസ് എന്നെ ശല്യപ്പെടുത്തരുത്

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ, അത്രയും പറഞ്ഞ് താനന്ന് വേഗം നടക്കാൻ തുടങ്ങി.

ഒന്ന് നിക്കടോ, താൻ എങ്ങോട്ടാ ഓടുന്നത്,ഞാൻ തന്നെ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല

അയാൾ തന്നെ വിടാതെ പിന്തുടർന്നപ്പോൾ, തൻ്റെ ഭയം വർദ്ധിച്ചു.

തനിക്കെന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട, പക്ഷേ നമുക്ക് നല്ല ഫ്രണ്ട്സായി കൂടെ?

അത് കേട്ടപ്പോൾ തനിക്കല്പം ആശ്വാസമായി.

മറുപടി പറയാതെ താനൊന്ന് പുഞ്ചിരിച്ചു.

ഹോ ! താനൊന്ന് ചിരിച്ച് കണ്ടല്ലോ? സമാധാനമായി ,ഇനി പൊയ്ക്കോ, നാളെ കാണാം ബൈ..

തൻ്റെ ചിരി കണ്ട സന്തോഷത്തിൽ, അയാൾ തിരിച്ച് പോയപ്പോഴാണ് താനൊന്ന് ദീർഘനിശ്വാസമയച്ചത്.

പിന്നീടുള്ള എല്ലാ ദിവസങ്ങളിലും, എന്തെങ്കിലുമൊക്കെ ചോദിച്ച്, കിഷോർ തന്നെ സമീപിച്ച് കൊണ്ടിരുന്നു.

പക്ഷേ , താനെപ്പോഴും ഒരു നിശ്ചിത അകലം പാലിച്ച് നിന്നു ,കാരണം തനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു,

എങ്ങനെയെങ്കിലും പഠിച്ച് ഒരു നഴ്സാവണമെന്ന ദീർഘനാളത്തെ ആഗ്രഹം, അതിനിടയിൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ തനിക്ക് തോന്നിയില്ല.

പക്ഷേ കിഷോർ, കോളേജിലെ രജിസ്റ്ററിൽ നിന്നും, തൻ്റെ ഫോൺ നമ്പർ തപ്പിയെടുത്തെന്ന്, ഒരു ദിവസം അപ്രതീക്ഷിതമായി അയാളുടെ കോള് വന്നപ്പോഴാണ്, ഞെട്ടലോടെ താനറിഞ്ഞത്.

ഇനി തൻ്റെ ഫോണിലേക്ക് വിളിച്ചാൽ, നമ്മുടെ ഫ്രണ്ട്ഷിപ്പ് താൻ അവസാനിപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ്, പിന്നീട് ഫോൺ വിളി നിർത്തിയത്.

അത് കഴിഞ്ഞ് പിന്നെ, ഇപ്പോഴാണ് അയാൾ വിളിക്കുന്നത്, അത് തന്നെ, ഇന്ന് കോളേജിൽ കാണാതിരുന്നത് കൊണ്ടാണെന്ന് ശ്രേയയ്ക്ക് മനസ്സിലായി,
കുറെ വിളിച്ച് മടുക്കുമ്പോൾ താനെ നിർത്തിക്കോളും.

ശ്രേയ ആ മിസ്സ്ഡ് കോളുകളെ അവഗണിച്ചു കൊണ്ട് ,ഫോൺ സൈലൻ്റാക്കി വച്ചു.

പിറ്റേന്ന്, ജോലിക്ക് പോകാനിറങ്ങിയ ശ്രേയ, അരിവാളും അച്ഛൻ്റെ മറ്റൊരു പഴകിയ ഷർട്ടും ,അമ്മയുടെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ, ഒരു നിമിഷം അത് ,സിറിഞ്ചും സ്റ്റെതസ്കോപ്പുമായിരുന്നെങ്കിലെന്ന് ,അവൾ വല്ലാതെ ആശിച്ച് പോയി .

റോഡിനിരുവശവും പടർന്ന് പിടിച്ച, പുല്ല് ചെത്തി വൃത്തിയാക്കുന്ന ജോലി ആയിരുന്നു അന്ന് ,അമ്മ പറഞ്ഞ് കൊടുത്തത് പോലെ ശ്രേയ, തൻ്റെ ജോലി തുടങ്ങി.

ഇടയ്ക്കിടെ വാഹനങ്ങളുടെ ഹോണടി കേട്ട് ,ഒതുങ്ങി നിന്ന അവളുടെയടുത്ത്, ഒരു ബുള്ളറ്റ് വന്ന് നിന്നു.

അത് ശരി ,പുതിയ ജോലി കിട്ടിയത് കൊണ്ടാണ് ,പഠിപ്പ് നിർത്തിയതല്ലേ?

അല്ലാ.. അത്.. പിന്നെ.. ഞാൻ

പെട്ടെന്ന് ,അപ്രതീക്ഷിതമായി കിഷോറിനെ കണ്ടപ്പോൾ, ശ്രേയ ചൂളിപ്പോയി .

ഉം.. നടക്കട്ടെ നടക്കട്ടെ

കിഷോർ അതും പറഞ്ഞ് പോയപ്പോൾ, അത് തന്നെ പരിഹസിച്ചതാണോ എന്ന ചിന്ത, ശ്രേയയെ നിരാശയിലാഴ്ത്തി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *