സ്നേഹക്കൂട്
Story written by Navas Amandoor
“നിങ്ങൾ വിഷമിക്കണ്ട… ഇതൊക്കെ ഇക്കാക്കയുടെ കടമയല്ലേ…?”
ഉമ്മ ഐസിയുവിന്റെ ഉള്ളിൽ കിടക്കുമ്പോൾ അനസിൽ അനിയത്തിമാരെ സമാധാനിപ്പിച്ചു.
ഷെമിക്കും സുമിക്കും നല്ലവണ്ണം അറിയാം ഇക്കാക്കയുടെ മനസ്സ്. ഉമ്മ പലവട്ടം ആട്ടിപ്പായിച്ചിട്ടും വാപ്പയുടെ വാക്കുകൾ നെഞ്ചിലേറ്റി എല്ലാം കണ്ടില്ലെന്ന് നടിച്ച് അവർക്കു മൂന്ന് പേർക്കും വേണ്ടി ജീവിക്കുന്ന ഇക്കാക്ക.
“അപ്പുറത്തെ വീട്ടിലെ ഇത്തയാ ഉമ്മാക്ക് വയ്യാന്നു മൊബൈലിൽ വിളിച്ചു പറഞ്ഞത്.. ഞാൻ അപ്പോൾ തന്നെ ഓടിയെത്തി.. ഞാൻ വരുമ്പോൾ ഉമ്മാക്ക് ഓർമ്മ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ കാറിൽ എന്റെ മടിയിൽ തല വെച്ച് കിടക്കില്ലായിരുന്നു.. മക്കളെ.”
അനസിലിന്റെ വാക്കുകൾ ഇടറി
“ഇക്കാക്ക ഇങ്ങനെ സങ്കടപ്പെടല്ലേ…”
“ഇല്ലെന്നെ… സങ്കടമൊന്നും ഇല്ല. ഉമ്മ എന്നെ നോക്കി മോനേന്ന് ഒന്ന് വിളിച്ചാൽ മതിയായിരുന്നു.”
അനസിലിന് പതിനൊന്നു വയസ്സുള്ളപ്പോളാണ് അവന്റെ ഉമ്മ മരിച്ചത്. എല്ലാവരും നിർബന്ധിച്ചപ്പോൾ വാപ്പ വേറെയൊരു നിക്കാഹ് കഴിച്ചു.
“ഇന്നുമുതൽ ഇതാണ് നിന്റെ ഉമ്മ..”
തനിച്ചായായിപ്പോയ ബാല്യത്തിൽ സ്‌നേഹിക്കാൻ ഒരുമ്മയെ കിട്ടിയപ്പോൾ അനസിൽ സന്തോഷിച്ചു. പക്ഷെ ആ ഉമ്മാക്ക് അവനെ മകനായി കാണാൻ പറ്റിയില്ല.
കാരണമില്ലാത്ത ശത്രുത.. ഷെമി ഉണ്ടായതിനു ശേഷമാണ് അവനോട് കൂടുതൽ വെറുപ്പ് കാണിച്ചു തുടങ്ങിയത്.
ഒരുപാട് സ്‌നേഹം തന്നു മരിച്ചു പോയ ഉമ്മയുടെ ഓർമ്മകളും… ഒരുപാട് വെറുപ്പും വേദനയും തരുന്ന ജീവിച്ചിരിക്കുന്ന ഉമ്മയും.
ഓർമ്മകളുടെയും ജീവിതത്തിന്റെയും ഇടയിൽ പൊള്ളുന്ന മനസ്സുമായി ജീവിച്ച അവനെ വാപ്പയാണ് ദൂരെ ഒരു അനാഥലയത്തിൽ കൊണ്ടാക്കിയത്.
ഇടക്കിടെ വാപ്പ കാണാൻ വരും. ഒന്നും മിണ്ടാതെ കുറേ നേരം മകനെ ചേർത്ത് പിടിച്ച് ഇരിക്കും. വാപ്പയുടെ കണ്ണുകൾ നിറഞ്ഞു കാണുമ്പോൾ അനസിൽ പറയും..
“വാപ്പ.. എനിക്ക് ഒരു വിഷമവും ഇല്ല.. എനിക്ക് എന്റെ വാപ്പയില്ലേ…? ഇവിടെ യെന്റെ കൂട്ടുകാരിൽ പലർക്കും വാപ്പയും ഉമ്മയുമില്ല.”
അങ്ങനെ പറഞ്ഞ് മകൻ വാപ്പയെ ആശ്വസിപ്പിച്ചു.
അതിനിടയിൽ സുമിയുണ്ടായി.അനസിൽ വളർന്നു പത്താം ക്ലാസ്സിൽ എത്തി.
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ദിവസമാണ് അവസനാമായി വാപ്പ കാണാൻ വന്നത്.അന്ന് പതിവില്ലാതെ കുറേ സംസാരിച്ചു അവനോട്.
പോകുന്നതിന് മുൻപ് ഒസ്സിയത്ത് പോലെ അവന്റെ കൈയിൽ പിടിച്ചു വാപ്പ പറഞ്ഞു.
“മോനെ.. ഞാൻ ഇല്ലാതെയായാൽ അവർക്ക് ആരും ഇല്ലാതെയാകും.. അവർ മൂന്ന് പെണ്ണുങ്ങൾക്ക് തുണയായി നീ വേണം.. ഒരിക്കലും കൈ വിടരുത് ന്റെ മോൻ.”
വാപ്പയുടെ ആഗ്രഹം പോലെ അവന് ഒരു ജോലിയായപ്പോൾ ഉമ്മയെയും അനിയത്തിമാരെയും തേടി അവൻ എത്തി.
അന്നും ഉമ്മാക്ക് അവനെ അംഗീകരിക്കാൻ കഴിഞ്ഞില്ല.പണ്ടത്തെ വെറുപ്പും ഇഷ്ടക്കേടും കൊണ്ട് അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
“ഫാത്തിമയുടെ കൂടെ ആരാ ഉള്ളത്..?”
അൻസിൽ കസേരയിൽ നിന്നും എഴുന്നേറ്റു ഓടിച്ചെന്നു.
“അതേയ്.. ഉമ്മ ഇപ്പൊ ഉഷാർ ആയിട്ടുണ്ട്. ടെൻഷൻ കൊണ്ടുണ്ടായതാണ്. കുറച്ചു കഴിഞ്ഞു റൂമിലേക്ക് കൊണ്ടുവരും.. നിങ്ങൾ റൂമിലേക്ക് പൊയ്ക്കോളൂ. പിന്നെ ഈ ബിൽ അടക്കണം.”
നേഴ്സ് കൊടുത്ത ബില്ല് വാങ്ങി അനസിൽ ഷെമിയെയും സുമിയെയും മുറിയിലേക്ക് പറഞ്ഞയച്ച് ബില്ലടക്കാൻ പോയി.
ക്യൂ നിന്ന് ബില്ലടച്ചു.തിരിച്ചു റൂമിൽ എത്തി ഡോർ തുറന്നപ്പോൾ ഉമ്മ കട്ടിലിൽ കിടക്കുന്നുണ്ട്.
മുറിയിലേക്ക് കയറാതെ മുറിയുടെ വാതിൽ പതുക്കെ അടച്ചു.വരാന്തയിലൂടെ നടന്നു.
ഈ വലിയ ലോകത്തിൽ സ്വന്തമായി ആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്.വാപ്പയുടെ മരണം വരെ കൂടെ വാപ്പ ഉണ്ടല്ലോ എന്നായിരുന്നു മനസ്സിൽ.വാപ്പ പോയപ്പോൾ ഉമ്മയും രണ്ട് അനിയത്തിമാരും ഉണ്ടല്ലോ എന്നോർത്തപ്പോൾ ഒറ്റക്കല്ലെന്ന് മനസ്സ് പറഞ്ഞു.
അനസിലിന്റെ മനസ്സിൽ ആശയുണ്ട് എന്നെങ്കിലും ഒരുദിവസം ജനിച്ചു വളർന്ന വീട്ടിൽ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ഉമ്മ അവനെ ഇഷ്ടത്തോടെ ‘മോനെ’ എന്ന് വിളിക്കും.
“ഇക്കാക്ക…”
അനസിൽ തിരിഞ്ഞു നോക്കി.. സുമിയാണ്.
“ഉമ്മിച്ചി വിളിക്കുന്നു.”
അനസിൽ പുഞ്ചിരിയോടെ മുറിയിലേക്ക് ചെന്ന് വാതിലിന്റെ അരികിൽ നിന്നു.
ഉമ്മ അവനെ കൈ കൊണ്ട് മാടി അടുത്തേക്ക് വിളിച്ചു.
“മോൻ എന്റെ അടുത്ത് ഇരിക്ക്..”
അനസിൽ കസേര വലിച്ചിട്ട് ഉമ്മയുടെ അരികിലിരുന്നു.
“മോനെ.. ഉമ്മാക്ക് അന്നും ഇന്നും അറിയില്ല എന്തിനാണ് നിന്നെ വെറുത്തതെന്ന്..”
“സാരമില്ല… ഉമ്മ.”
“നിന്റെ വാപ്പാടെ കൂട്ടുകാരൻ പങ്ക് കച്ചവടത്തിൽ ഉള്ള ലാഭത്തിന്റെ വിഹിതം എന്നും പറഞ്ഞ് മാസാമാസവും തന്ന പണം കൊണ്ട് ഞങ്ങൾ തിന്നും ഉടുത്തും ജീവിച്ചു..ആ പണം പഠിക്കാൻ പോലും പോകാതെ പണിക്ക് പോയി ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾക്ക് തിന്നാനും കുടിക്കാനും നീ കൊടുത്തു വിടുന്നതാണെന്ന് അറിഞ്ഞപ്പോൾ താങ്ങാൻ മനസ്സിന് പറ്റിയില്ല. നെഞ്ചു പൊടിയുന്ന ഒരു വേദന വന്നതും തളർന്നുവീണു ഞാൻ. എന്നും വേദനിപ്പിച്ചിട്ടേയുള്ളൂ മോനെ… എന്നിട്ടും..”
“അയാൾ എന്തിനാ അതൊക്കെ ഉമ്മയോട് പറഞ്ഞത്….? ഒരിക്കലും അറിയിക്കല്ലേയെന്ന് പറഞ്ഞതായിരുന്നു. ഉമ്മ അതൊന്നും ഓർത്തു മനസ്സ് വിഷമിപ്പിക്കണ്ട..”
ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ഈ കാലത്ത് നൊന്ത് പ്രസവിച്ച സ്വന്തം മക്കളിൽ നിന്ന് പോലും കിട്ടാത്ത കരുതലും സ്നേഹവുമാണ് വെറുപ്പോടെ ആട്ടിയോടിച്ച മകനിൽ നിന്നും രണ്ടാനമ്മയ്ക്ക് കിട്ടുന്നത്.
“ഓർമ്മ മങ്ങിയിരുന്നെങ്കിലും നിന്റെ മടയിൽ തല വെച്ച് ഇങ്ങോട്ട് കാറിൽ വരുമ്പോൾ ഉമ്മാടെ മനസ്സ് നീറുന്നുണ്ടായിരുന്നു.”
അനസിൽ സുമിയെയും ഷെമിയെയും അരികിലേക്ക് വിളിച്ചു.
“ഈ ഉമ്മാനെയും എന്റെ ഈ അനിയത്തിമാരെയും എന്നെ ഏല്പിച്ചിട്ടാണ് വാപ്പ പോയത്… അന്ന് മുതൽ ഞാൻ ഒറ്റക്കല്ലെന്ന്… മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.. എന്നും അങ്ങനെ തന്നെയാ..”
“അയ്യേ ഇക്കാക്കയും കരയുന്നോ..”
“ഇക്കാക്ക മാത്രം അല്ലല്ലോ..”
ഉമ്മ അനസിലിന്റെ കൈ പിടിച്ച് മുഖത്തിന് നേരെ വെച്ച് അവന്റെ കൈയിൽ മുഖം അമർത്തിവെച്ച് കിടന്നപ്പോൾ സുമിയും ഷെമിയും ഇക്കാക്കയുടെ അരികിലേക്ക് ഒന്നൂടെ ചേർന്നുനിന്നു.