മാളു….
എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ
രാവിലെ എഴുന്നേൽക്കാൻ വേണ്ടിയുള്ള അമ്മയുടെ പതിവ് വിളി അടുക്കളയിൽ നിന്ന് കേട്ട് തുടങ്ങിയപ്പോൾ മാളു ഒന്ന് കൂടി പുതപ്പിനുള്ളിൽ ഒതുങ്ങി കൂടി കിടന്നു. പിന്നെയും അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നതിന്റെ കൂട്ടത്തിലാണ് സുധിയെന്ന പേര് മാളു കേൾക്കുന്നത്, അത് കെട്ടയുടനെ പുതപ്പ് മാറ്റിയവൾ അമ്മ വീണ്ടും എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാൻ കാതോർത്ത് കിടന്നു…
കുറച്ച് നേരം അമ്മ പറയുന്നത് കേൾക്കാൻ അനങ്ങാത്ത ചെവി കൂർപ്പിച്ചു കിടന്നെങ്കിലും അമ്മ പിന്നെ ആ പേര് മിണ്ടിയില്ല, മാളു മൊബൈൽ എടുത്ത് സമയം നോക്കി ആറാകാൻ ഇനിയും അഞ്ചുമിന്നിറ്റ് ബാക്കിയുണ്ട്. ഇനി സുധി എന്ന് കേട്ടത് തനിക്ക് തോന്നിയത് ആകുമോ അതോ അമ്മ ശരിക്കും പറഞ്ഞിട്ടുണ്ടാകുമോ എന്നായി മാളുവിന്റെ ചിന്ത…
കുറച്ച് കൂടി കഴിഞ്ഞ ശേഷം മാളു എഴുന്നേറ്റ് മുടി വാരികെട്ടി അൽപ്പനേരം കട്ടിലിൽ ഇരുന്ന ശേഷമാണ് അടുക്കളയിലേക്ക് നടന്നത്. ബാത്‌റൂമിൽ പോയി വന്ന് മുഖവും കഴുകി അടുക്കളയിൽ അടച്ച് വച്ചിരിക്കുന്ന കട്ടൻ ചായ ഒരു സ്റ്റീൽ ഗ്ലാസ്സിലേക്ക് പകർന്ന് അതുമായി അടുക്കളയുടെ മൂലയിൽ കിടക്കുന്ന ആട്ടുകല്ലിന്മേൽ ചെന്നിരുന്ന് ഊതിയറ്റി കുടിക്കുമ്പോഴും മാളുവിന്റെ ചിന്ത സുധിയെ കുറിച്ച് ആയിരുന്നു….
” ആ സുധി ഇന്നലെ രാത്രി എത്തിയെന്ന്…”
മാളുവിന് പുറം തിരിഞ്ഞു നിന്ന് അടുപ്പിലേക്ക് ഊതുന്ന കൂട്ടത്തിൽ അമ്മ പറയുമ്പോൾ മാളുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി മാഞ്ഞത് പോലെ അനുഭവപ്പെട്ടു…
” ഏത് സുധി….”
വന്നത് അവളുടെ സുധിയേട്ടൻ ആണോ എന്നറിയാൻ വേണ്ടി ആയിരുന്നു ആ ചോദ്യം അമ്മയോട് ചോദിച്ചത്…
” നിനക്ക് എത്ര സുധിയെ അറിയാം മാളു….”
അമ്മയുടെ ശബ്ദത്തിൽ അല്പം ദേഷ്യം ഉണ്ടായിരുന്നത് കൊണ്ട് മാളു ഒന്നും ചോദിച്ചില്ല, അവൾ കട്ടൻ ചായയുമായി പുറത്തേക്ക് ഇറങ്ങാൻ എഴുന്നേറ്റു. സുധി വീടിന്റെ പുറത്ത് എങ്ങാനും ഉണ്ടോ എന്ന് നോക്കുക ആയിരുന്നു ലക്ഷ്യം….
” കൂടെ ഒരു കൊച്ചു കുട്ടിയും ഉണ്ട്, കണ്ടിട്ട് ഏതോ ബംഗാളിയോ, മറാട്ടിയോ ആണെന്നാണ് പറയുന്നത്. ആരുടെ കുട്ടി ആണെന്ന് ആർക്കറിയാം…പാവം ആ ശാരദ ചേച്ചി…”
അമ്മയുടെ ആ വാക്ക് കേട്ടപ്പോൾ മാളു അവിടെ തന്നെ നിന്ന് പോയി, സുധിയേട്ടന്റെ കൂടെ ഒരു കുട്ടിയോ.., ഇനിയിപ്പോ സുധിയേട്ടന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ, അതോ മറ്റാരുടെയെങ്കിലും കുട്ടി ആയിരിക്കുമോ… ഈശ്വരാ സുധിയേട്ടന്റെ കുട്ടി ആകല്ലേ അവൾ അറിയാതെ മനസ്സിൽ പ്രാർത്ഥിച്ചു പോയി….
കട്ടൻ ചായ കുടിച്ച് കഴിഞ്ഞ് ചൂലമായി മുറ്റത്തേക്ക് ഇറങ്ങി മുറ്റമടിക്കുമ്പോഴും പുറത്ത് എങ്ങാനും സുധിയേട്ടൻ ഉണ്ടോ എന്നയിരുന്നു അവളുടെ ശ്രദ്ധ… അവൾ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ആണ് സുധി നാടുവിട്ട് പോകുന്നത്, ഇപ്പോൾ ഏതാണ്ട് ആറേഴു വർഷം കഴിഞ്ഞു, ഇത്രയും വർഷം അവൾ എന്നും മനസ്സിൽ ഓർക്കുന്ന ഒരേയൊരു മുഖം സുധിയുടേത് ആണ് അന്ന് പക്വത ഇല്ലാത്ത ആ പ്രായത്തിൽ തോന്നിയ ഒരിഷ്ടം ഇന്നും നൂറിരട്ടി ആയി അവളുടെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്…
മുറ്റമടി കഴിഞ്ഞ് വേഗം പല്ലും തേച്ച് മുഖവും കഴുകി, മുറിയിലേക്ക് ചെന്ന് മുഖത്ത് അല്പം പൗഡറും, ഒരു ചെറിയ കറുത്ത പൊട്ടും തൊട്ട് അവൾ അൽപ്പനേരം കണ്ണാടിയുടെ മുൻപിൽ നിന്നു. ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന ബുക്കിൽ നിന്ന് ഒരെണ്ണം എടുത്ത് അവൾ മറിച്ചു, പേജുകൾക്ക് ഇടയിൽ മയിൽപ്പീലി ക്കൊപ്പം വച്ചിരിക്കുന്ന സുധിയുടെ ഫോട്ടോ എടുത്ത് അതിൽ നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ളിൽ സുധിക്ക് വേണ്ടി തുടിക്കുന്ന ഹൃദയത്തിന്റെ വേഗത കൂടി വരുന്നത് അവൾ അറിഞ്ഞു. അവൾ ബുക്ക് മടക്കി ഷെൽഫിൽ വച്ച് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….
” അമ്മേ ഞാൻ ശരദാമ്മയുടെ അടുത്തേക്ക് പോയിട്ട് വരാം….”
അതു പറഞ്ഞ് മാളു മുറ്റത്തേക്ക് ഇറങ്ങി…
” ഇപ്പോൾ പോകേണ്ട ആ സുധി ഉള്ളത് അല്ലെ കുറച്ച് കഴിഞ്ഞ് പോകാം…”
അമ്മ അത് പറയുമ്പോഴേക്കും മാളു ശരദാമ്മയുടെ വീടിന്റെ അടുക്കളയിൽ എത്തിയിരുന്നു. അടുക്കളയിൽ ആരെയും കാണത്തത് കൊണ്ടാണ് മാളു വീടിന്റെ ഉള്ളിലേക്ക് കയറിയത്, ഉള്ളിൽ മേശയ്ക്കു ചുറ്റും ഇരിക്കുന്ന ശരദാമ്മയേയും, രവിയങ്കിളിനെയും, അവരിൽ നിന്ന് അൽപ്പം മാറി ഇരിക്കുന്ന സുധിയേട്ടനേയും അവൾ കണ്ടു…
ഏറെ കാണാൻ ആഗ്രഹിച്ച മുഖം വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ മാളു അൽപ്പനേരം സുധിയെ നോക്കി നിന്നുപോയി. പണ്ടത്തെ പൊടി മീശക്കാരനിൽ നിന്ന് ആൾക്ക് കട്ടി മീശയും താടിയും വന്നിട്ടുണ്ട്, പണ്ടെത്തേതിൽ നിന്ന് അൽപം കൂടി കറുത്തിട്ടുണ്ട് എന്നത് ഒഴിച്ചാൽ വല്യ മാറ്റങ്ങൾ ഒന്നുമില്ല, അമ്മ പറഞ്ഞ കൂടെയുള്ള കുട്ടിയെ അവിടെയൊക്കെ തിരഞ്ഞെങ്കിലും അവിടെയൊന്നും അവൾ കണ്ടില്ല….
“സുധിയേട്ടൻ എപ്പോ എത്തി…”
മാളു വാതിലും ചാരി നിന്ന് ചോദിച്ചപ്പോൾ ആണ് മാളു വന്ന കാര്യം അവർ അറിയുന്നത്….
” അയ്യോ ഇത് മാളുവല്ലേ… നി അങ്ങു വല്യ പെണ്ണായിപോയല്ലോ….”
മാളുവിന്റെ അടിമുടി നോക്കിക്കൊണ്ട് സുധി പറയുമ്പോൾ മാളുവിന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു…
” നമ്മളെയൊക്കെ ഓർമ്മയുണ്ടല്ലേ…”
അവൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ സുദിയും ഒന്ന് ചിരിച്ചതെ ഉള്ളു…
” അല്ല മോൻ വന്നിട്ട് എന്താ അച്ഛനും അമ്മയ്ക്കും ഒരു സന്തോഷം ഇല്ലാതെ…”
മാളു ശരദാമ്മയുടെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് ചോദിച്ചു…
” പിന്നെ സന്തോഷിക്കാനുള്ള കാര്യവും കൊണ്ടല്ലേ മോൻ വന്നേക്കുന്നത്, കൂടെ ഒരു കുട്ടിയും ഉണ്ട് ഇവന്റെ കൂടെ …”
താടിക്ക് കയ്യും കൊടുത്ത് പറയുമ്പോൾ ശരദാമ്മയുടെ മുഖത്ത് ദേഷ്യവും, സങ്കടവും, പരിഭവുമൊക്കെ നിഴലിച്ചിരുന്നു…
” എന്താ അമ്മേ സുധിയേട്ടൻ വന്നല്ലോ പിന്നെ എന്താ..”
മാളു അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു…
” ബവാ…..”
അകത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടപ്പോൾ സുധി എന്തോ ഹിന്ദിയിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി, അവൻ പോയ മുറിയിലേക്ക് മാളുവും തല നീട്ടി നോക്കി. തിരികെ വന്ന സുധിയുടെ കയ്യും പിടിച്ച് ചെമ്പിച്ച മുടിയുള്ള ഒരു പെൺകുട്ടി നടന്നു വന്നു, കോലുസിന്റെ ശബ്ദത്തിന്റെ താളത്തിൽ കുലുങ്ങി കുലുങ്ങി നടന്നുവരുന്ന ഏതാണ്ട് നാലുവയസ്സ് പ്രായം തോന്നിക്കുന്ന അവളെ കണ്ടപ്പോൾ മാളു നോക്കി നിന്നപോയി…
സുധിയെന്തോ ആ കുട്ടിയോട് പറഞ്ഞ് ബാത്റൂമിലേക്ക് കൈ ചൂണ്ടി അവൾ തലയും കുലുക്കി ബാത്റൂമിലേക്ക് നടന്നു, അല്പം കഴിഞ്ഞ് അവൾ വീണ്ടും തിരികെ വന്ന് സുധിയുടെ മടിയിൽ കയറി ഇരുന്നു. ആ സമയത്തൊക്കെ അവിടെ നിറയെ മൗനം തളംകെട്ടി നിൽക്കുന്നത് എല്ലാവരെയും ഒരുപോലെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു…
” അല്ല ഇതുവരെ ഇവിടെ ചായ പോലും വച്ചില്ലേ…”
മാളു അത് ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു, പുറകെ ശരദാമ്മയും പോയി…
” അല്ല അമ്മ അത് സുധിയേട്ടന്റെ കുട്ടി തന്നെയാണോ…”
അടക്കളയിലെ സ്ലാബും ചാരി നിൽക്കുന്ന ശരദാമ്മയോട് മാളു മെല്ലെ ചോദിച്ചു…
” എനിക്കറിയില്ല മോളെ എന്തോക്കെയാണോ ആവൊ…”
കൈകൾ മലർത്തി അവർ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് മാളു ശ്രദ്ധിച്ചു. പിന്നെയവൾ അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്ന കൂട്ടത്തിൽ ഒരു ഗ്ലാസ് ചായ തണുപ്പിച്ച് സുധിയേട്ടന്റെ മടയിൽ ഇരിക്കുന്ന കുട്ടിക്കും കൊടുത്തു..
” എന്താ മോളുടെ പേര്…”
ആ ചെമ്പിച്ച മുടിയിൽ തഴുകികൊണ്ട് മാളു ചോദിച്ചു. അത് കേട്ട് മനസ്സിലാകാതെ ഇരിക്കുന്ന കുട്ടിയുടെ ചെവിയിൽ സുധി എന്തോ പറഞ്ഞു…
” അമീറ…”
അവൾ ചിരിച്ചു കൊണ്ട് പറയുമ്പോൾ മാളുവും ഒന്ന് ചിരിച്ചു..
” ഇതെന്താ മുസ്‌ലിം പേര് അണല്ലോ..”
സംശയത്തോടെ മാളു ചോദിച്ചു…
” ന്റെ മാളു ഇത് പഴയ കാലം ഒന്നുമല്ല, ജാതിയും മതവുമൊക്കെ നോക്കി പേര് ഇടുന്ന കാലമൊക്കെ കഴിഞ്ഞു…”
സുധി അത് പറഞ്ഞപ്പോൾ മാളു ഒന്നും മിണ്ടാതെ അമീറയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു. മിക്കവാറും വല്ല മുസ്ലീം പെണ്ണിനേയും ആകും കെട്ടിയത് അതാണ് ഈ പേര് മാളു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അമീറയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു….
സുധി അമീറയുടെ ബ്രെഷ്ഷിൽ പേസ്റ്റും തേച്ച് കൊടുത്തപ്പോൾ അവൾ അതും വാങ്ങി ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് നടന്നു. ഈ ചെറുപ്രായത്തിൽ എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യുന്ന അവളെ കണ്ടപ്പോൾ മാളുവിന് അത്ഭുതം തോന്നി…
” മാളു നമ്മുടെ നാട് പോലെയല്ല മുംബൈ അവിടെയൊക്കെ മക്കളുടെ പുറകെ നടന്ന് ഓരോന്ന് ചെയ്ത് കൊടുക്കാൻ ആർക്കും സമയമില്ല, അതുകൊണ്ട് ചെറുതിലെ അവർ തന്നെ അവരുടെ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്ത് പഠിച്ചോളും….”
അമീറയെ നോക്കി നിൽക്കുന്ന മാളുവിനോട് സുധി അത് പറയുമ്പോൾ മാളു ചിരിച്ചു കൊണ്ട് തലയാട്ടി…
” ആ ഇന്നെന്താ ദോശ ആണോ…”
അടുക്കളയിൽ ദോശ ചുട്ടുകൊണ്ട് നിൽക്കുന്ന മാളുവിന്റെ അടുക്കലേക്ക് ചെന്ന് കൊണ്ട് സുധി ചോദിച്ചു…
” ഹോ എത്ര നാളായി ചൂട് ദോശ തിന്നിട്ട്…”
അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്ന് മാളു ചുടുന്ന ചൂട് ദോശ ഒരു പ്ളേറ്റിലേക്ക് ഇട്ട് അതിൽ നിന്ന് കുറേശ്ശെ നുള്ളിയെടുത് തിന്ന് കൊണ്ട് സുധി പറഞ്ഞു. അവൻ തിന്നുന്നതും നോക്കി നിൽക്കുമ്പോൾ സുധിക്ക് പഴയതിൽ നിന്ന് ഒരു മാറ്റവും ഇല്ലെന്ന് മാളു ഓർത്തു..
” അമീറാ….. “
സുധി നീട്ടി വിളിച്ചപ്പോൾ കുലുസും കിലുക്കി അമീറ ഓടിയെത്തി, അവളെ തന്റെ അരികിൽ ഇരുത്തി ദോശ നുള്ളി വായിൽ വച്ചു കൊടുത്തു. സുധി സ്നേഹ ത്തോടെ അത് ചെയ്യുന്നത് കണ്ടപ്പോൾ മാളുവിന്റെ ഉള്ളിൽ എവിടെയോ ഒരല്പം അസൂയ ഉടലെടുത്തു…
മാളു പിന്നെ സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അമീറയേയും അവൾ കൂടെ കൂട്ടി. മലയാളം അറിയാത്ത അമീറയോട് മാളു അറിയാവുന്ന ഹിന്ദിയിലും മലയാളത്തിലും പിന്നെ അൽപ്പം ആംഗ്യ ഭാഷയിലും കൂടി ഒരു വിധം കാര്യങ്ങൾ പറയാനും ശ്രമിച്ചു. പിന്നെയുള്ള ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അമീറയും മാളുവും വല്യ അടുപ്പത്തിൽ ആയി. എപ്പോഴും മാളുവിന്റെ കയ്യും പിടിച്ച് കൊലസും കിലുക്കി ആ ചെമ്പിച്ച മുടിയുള്ള അമീറ അവിടെയാകെ ഓടി നടന്നു കളിച്ചു തുടങ്ങി…
ഒരുദിവസം എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ ആണ് സുധിക്ക് ഒരു ഫോൺ കാൾ വരുന്നത്. കാൾ വരുമ്പോൾ എന്തോ ഹിന്ദിയിൽ സംസാരിച്ചു കൊണ്ട് സുധി പുറത്തേക്ക് ഇറങ്ങി അൽപ്പം കഴിഞ്ഞപ്പോൾ സുധിയുടെ ഉച്ചത്തിൽ ഉള്ള നിലവിളിയും കേട്ട് എല്ലാവരും പുറത്തേക്ക് ഓടി ചെല്ലുമ്പോൾ ര ക്തത്തിൽ കുളിച്ച് കിടക്കുകയാണ് സുധി. എല്ലാവരും സുധിയുടെ അരികിലേക്ക് ഓടി ചെല്ലുമ്പോൾ കയ്യിൽ ക ത്തിയും പിടിച്ച് നിന്ന ഒരാൾ ഓടി വന്ന് അമീറയെയും എടുത്ത് കൊണ്ട് അവർ വന്ന വണ്ടിയുടെ അരികിലേക്ക് ഓടി. ഉച്ചത്തിൽ നിലവിളിക്കുന്ന അമീറയെ കൊണ്ട് പോകുന്നവരിൽ നിന്ന് അവളെ പിടിച്ചു വാങ്ങാൻ മാളു ശ്രമിച്ചു എങ്കിലും ഒരാളുടെ ച വിട്ടിന്റെ ആഘാതത്തിൽ മാളു നിലത്തേക്ക് വീണു…
വളരെ ചുരുങ്ങിയ സമയം കൊണ്ട് അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വന്നവർ അമീറയേയും കൊണ്ട് പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു. ചോ രയിൽ കുളിച്ച് ബോധ മില്ലാതെ കിടക്കുന്ന സുധിയെ എല്ലാവരും ചേർന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ ചോരയൊലിക്കുന്ന നെറ്റി അമർത്തി പൊടിച്ചുകൊണ്ട് സുധിക്കരികിൽ മാളുവും ഉണ്ടായിരുന്നു…
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി പിറ്റേ ദിവസമാണ് സുധിക്ക് ബോധം തെളിയുന്നത്…
” അമീറാ….അമീറാ”
സുധി മെല്ലെ വിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി എങ്കിലും വയറിൽ ഉണ്ടായ ശക്തമായ വേദന കാരണം വീണ്ടും സുധി ബെഡ്‌ഡിലേക്ക് കിടന്നു.. സുധിയുടെ ശബ്ദം കേട്ടാണ് തലേന്ന് ഉറക്കമൊഴിഞ്ഞ് ക്ഷീണത്തിൽ അവനരികിൽ ഇരുന്ന് മയങ്ങിയ മാളു കണ്ണ് തുറന്നത്…
” സുധിയെട്ടാ….”
സുധിയുടെ കയ്യിൽ മെല്ലെ പിടിച്ചു കൊണ്ട് മാളു വിളിച്ചു. ഒരു വട്ടം കൂടി വിളിച്ചപ്പോൾ സുധി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു….
” അമീറാ….”
സുധി വീണ്ടും മെല്ലെ വിളിച്ചു…
” അവൾക്ക് കുഴപ്പമൊന്നും ഇല്ല, വീട്ടിൽ ഉണ്ട് ഏട്ടൻ കിടന്നോളൂ…”
മാളു അത് പറയുമ്പോൾ വേദനയെടുക്കുന്ന വയറിൽ മെല്ലെ കൈ വച്ചുകൊണ്ട് സുധി വീണ്ടും കണ്ണടച്ച് കിടന്നു. പിന്നെ രാത്രിയോട് കൂടിയാണ് സുധിക്ക് ബോധം നല്ലത് പോലെ തെളിഞ്ഞത്….
” അമീറ എവിടെ എനിക്ക് അവളെ ഒന്ന് കാണണം…”
ബോധം തെളിഞ്ഞയുടനെ സുധി വീണ്ടും അമീറയെ കുറിച്ച് ചോദിച്ചു…
“അവൾക്ക് കുഴപ്പമൊന്നും ഇല്ല മോൻ സമാധാനമായി കിടക്ക്…”
സുധിയെ ആശ്വസിപ്പിച്ചുകൊണ്ട് ശരദാമ്മ പറഞ്ഞു…
” ഇല്ല അവൾക്ക് എന്തോ പറ്റി, അവളെ അവർ കൊണ്ട് പോയി കാണും…”
അത് പറഞ്ഞ് സുധി ഒന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ശരദാമ്മ അവനെ കട്ടിലിൽ പിടിച്ചു കിടത്തി, ശരീരം അനങ്ങിയപ്പോൾ വയറ്റിലെ മുറിവിൽ കെട്ടിയിരുന്ന തുണിക്ക് പുറത്തേക്ക് വീണ്ടും ചോ ര ഒലിച്ചു തുടങ്ങിയിരുന്നു…
” ഒന്ന് അടങ്ങി കിടക്ക് സുധി.. ഇവിടെ മനുഷ്യൻ ഒന്നും മനസ്സിലാകാതെ ജീവൻ പണയം വച്ച് നിൽക്കുകയാ, അപ്പോഴാണ് എവിടെയോ കിടക്കുന്ന ഒരു പെണ്ണിന്റെ പേരും പറഞ്ഞ്…….”
പറഞ്ഞ് മുഴുവിപ്പിക്കാതെ ശരദാമ്മ ദേഷ്യത്തോടെ സുധിയെ നോക്കി…
” എനിക്ക് ഇപ്പോൾ അമീറയെ കാണണം…”
സുധി വീണ്ടും ഉച്ചത്തിൽ പറയുമ്പോൾ മുറിവിൽ നിന്ന് വന്ന ചോ ര ബെഡ്‌ഡി ലേക്ക് പടർന്ന് തുടങ്ങിയിരുന്നു…
” എന്താ സുധിയേട്ട ഇത് അമ്മ പറയുന്നത് ഒന്ന് കേൾക്ക്…”
സുധിയെ വീണ്ടും ബെഡ്‌ഡിലേക്ക് കിടത്താൻ ശ്രമിച്ചു കൊണ്ട് മാളു പറഞ്ഞു…
” വിട് മോളെ അവൻ എന്തോ ചെയ്യട്ടെ… നിന്നെ കു ത്തി താഴെ ഇട്ടവർ അവളെയും കൊണ്ട് പോയി, നിയും പുറകെ ചെല്ല് പോ… ആറേഴു വർഷം കാണാതെ ഇരുന്നപ്പോൾ എവിടേലും സുഖമായി ഇരിപ്പുണ്ട് എന്നൊരു വിശ്വാസം ഉണ്ടായിരുന്നു, ഇതിപ്പോ വീണ്ടും വന്ന് ഉള്ള സമാധാനം കൂടി കളഞ്ഞ് എല്ലാവരെയും ബുദ്ധിമുട്ടിപ്പിക്കാതെ അവൻ എങ്ങോട്ടോ പോട്ടെ…”
ശരദാമ്മ അത് പറഞ്ഞു കഴിയുമ്പോഴേക്കും പൊട്ടി കരഞ്ഞുകൊണ്ട് അവർ ബെഡ്‌ഡിലേക്ക് ഇരുന്നു…
” എന്തിനാ മോനെ നി ഇങ്ങനെ നമ്മളെ തീ തീറ്റിക്കുന്നത്, ഏതാ ആ കുട്ടി, ആരൊക്കെയ വീട്ടിൽ വന്നത്…”
സുധിയുടെ അരികിൽ ഇരുന്ന് അവന്റെ മുടിയിൽ തഴുകികൊണ്ട് ശരദാമ്മ ചോദിക്കുമ്പോൾ കണ്ണടച്ച് കിടക്കുന്ന സുധിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഇരു വശങ്ങളിലേക്കും ഒഴുകുന്നുണ്ടായിരുന്നു….
” അന്ന് ഞാൻ ഇവിടെ നിന്ന് ആദ്യം കണ്ട ട്രെയിനിൽ കയറി പോകുന്നത് മുംബൈക്ക് ആണ്. അവിടെ പലയിടത്തും പല പല ജോലികൾ എടുത്ത് അവസാനം ഒരു കൻസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയി കയറി. അതിന് ശേഷമാണ് ഒറ്റമുറിയുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറുന്നത്. അതിനടുത്ത് ആയിരുന്നു അമീറയുടെ വപ്പായും ഉമ്മയും താമസിച്ചിരുന്നത്. അന്ന് വീട്ടിൽ വന്ന ആ ഉയരമുള്ള തടിച്ച മനുഷ്യനാണ് അവളുടെ വാപ്പ….
അയാൾ എന്നും അവളുടെ അമ്മയെ ഉപദ്രവിക്കുമായിരുന്നു. ആദ്യമൊക്കെ അടുത്തുള്ള വീട്ടുകാർ ഇടപെടുമായിരുന്നു എങ്കിൽ അയാളുടെ നിരന്തര ശല്യം കാരണം ആരും തിരിഞ്ഞു നോക്കാതെയായി. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ ആണ് ഗർഭിണിയായ അവരുടെ അടിവ യറ്റിൽ ച വിട്ടി അയാൾ താഴെയിട്ടത്. ചോരയൊലിച്ച് കിടക്കുന്ന അവർക്കരികിൽ അയാൾ ഇരിക്കുന്നത് കൊണ്ട് ആരും അടുത്തേക്ക് ചെല്ലാൻ ധൈര്യപ്പെട്ടില്ല. ഞാനാണ് ഫോൺ ചെയ്ത് പോലീസിനെ വരുത്തിയത്, അവർ വന്ന് അയാളെ കൊണ്ട് പോകും മുൻപേ ആ സ്ത്രീ മ രണത്തിന് കീഴടങ്ങിയിരുന്നു….
തനിച്ചായ അമീറയെ എല്ലാവരും സഹതാപത്തോടെ നോക്കി പോയത് അല്ലാതെ അവളെ ആരും ഏറ്റെടുത്തില്ല. ആരുമില്ലാതെ ഒറ്റപ്പെട്ട് പോയ ആ കുഞ്ഞിന്റെ ദയനീയ മുഖം കാണുമ്പോൾ എനിക്ക് അവളെ തെരുവിൽ അനാഥയായി വലിച്ചെറിയാൻ തോന്നിയില്ല, എല്ലാവരും പറഞ്ഞു അവൻ വരുമ്പോൾ ആ കുട്ടിയെ ഉപദ്രവിക്കുമെന്ന് അതാണ് അവളെയും കൂട്ടി നാട്ടിലേക്ക് വന്നത്… പക്ഷെ ഇപ്പോൾ അയാൾ അവളെയും തിരക്കി ഇവിടെ വന്ന് കൊണ്ട് പോയിരിക്കുന്നു, എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ അമ്മാ…..”
അത് പറഞ്ഞ് തീരും മുൻപേ സുധി പൊട്ടിക്കരഞ്ഞു തുടങ്ങി.അവനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ശരദാമ്മയും മാളുവും വിഷമിച്ചു നിന്നു….
” നമുക്ക് എന്ത് ചെയ്യാൻ പറ്റും മോനെ അവളുടെ അച്ഛൻ തന്നെയല്ലേ കൊണ്ട് പോയത്, നമുക്ക് അവളുടെ മേൽ എന്ത് അവകാശം. ആ മോൾക്ക് ഒന്നും വരുത്തരുതെ എന്ന് നമുക്ക് പ്രാർത്ഥിക്കാൻ അല്ലെ കഴിയുള്ളൂ…”
ശരദാമ്മ കണ്ണുനീർ തുടച്ചുകൊണ്ട് പറയുമ്പോൾ സുധി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു…
” അതേ സുധിയേട്ട അവളുടെ അച്ഛനല്ലേ കൊണ്ട് പോയത്, നമുക്ക് അവളുടെമേൽ ഒരു അവകാശവും ഇല്ലല്ലോ, ആ മോൾക്ക് ഒരു ആപത്തും വരില്ല…”
മാളുവും സുധിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…
ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണ് സുധിയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വന്നത്. മുറിവ് ഉണങ്ങാന്നത് കൊണ്ട് വീട്ടിൽ പോയാലും പൂർണ്ണ റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ആ ഒരാഴ്ചയും അവനരികിൽ തന്നെ മാളു ഉണ്ടായിരുന്നു എങ്കിലും സുധി ആരോടും ഒന്നും മിണ്ടാതെ എപ്പോഴും കണ്ണടച്ച് കിടപ്പായിരുന്നു. മാളുവിന്റെ നെറ്റിയിലെ മുറിവ് കണ്ടിട്ട് ഒരു ആശ്വാസവാക്ക് പോലും അവനിൽ നിന്ന് വരാതെ ഇരുന്നത് മാളുവിന്റെ സങ്കടപ്പെടുത്തി എങ്കിലും അവളത് പുറത്ത് കാണിച്ചിരുന്നില്ല…
” മാളു നി എവിടെ പോകുന്നു..”
ആശുപത്രിയിൽ നിന്ന് വന്ന് കഴിഞ്ഞും മാളു സുധിയുടെ അരികിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് മാളുവിന്റെ അച്ഛൻ ആ ചോദ്യം ചോദിച്ചത്. അച്ഛന്റെ ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി ദേഷ്യത്തിൽ ആണെന്ന് അത് കൊണ്ട് തന്നെ അവൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു…
” നി ഇങ്ങു വാ…”
അച്ഛൻ വിളിച്ചപ്പോൾ മാളു അദ്ദേഹത്തിന്റെ അരികിലേക്ക് ചെല്ലുമ്പോൾ മാളുവിന്റെ അമ്മയും അവിടേക്ക് വന്നു…
” മോളെ നിന്റെ ഈ പ്രായം കഴിഞ്ഞാണ് നമ്മൾ രണ്ടും ഇതുവരെ എത്തിയത്. നമ്മൾക്ക് അറിയാം നിന്റെ മനസ്സ്, നേരത്തതെ പോലെ അല്ല അവിടെ ഇപ്പോൾ സുധിയുണ്ട്, പഴയത് പോലെ എപ്പോഴും അവിടെ ചെന്നാൽ നാട്ടുകാർ ഓരോ കഥകൾ പറഞ്ഞു തുടങ്ങും, ഇപ്പോൾ തന്നെ ഒരാഴ്ച്ച മുഴുവൻ നി ഹോസ്പിറ്റലിൽ കൂട്ടിരുന്നില്ലേ, അതൊക്കെ ധാരാളം ഇനി അത് വേണ്ട…”
അദ്ദേഹം പറഞ്ഞു നിർത്തുമ്പോൾ മാളു ഒന്നും മിണ്ടാതെ രണ്ടാളെയും നോക്കി നിന്നതെയുള്ളൂ….
” മോളെ നിന്റെ മനസ്സിൽ അവനോട് ഇഷ്ടം ഉണ്ടെന്ന് നമുക്ക് അറിയാം. നി ആദ്യം അവനോട് കാര്യം പറ, അല്ലാതെ വെറുതെ എപ്പോഴും അവനെയും ചുറ്റിപറ്റി നിന്ന് നാട്ടുകാരെ കൊണ്ട് കഥകൾ പറയിപ്പിക്കാൻ ഇടയുണ്ടാക്കാരുത്…”
അമ്മ അത് പറയുമ്പോൾ മാളുവിന്റെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു…
” മോള് പോയിട്ട് വാ…”
തോളിൽ തട്ടി അവളുടെ അച്ഛൻ പറയുമ്പോൾ, ഒഴുകി വന്ന കണ്ണുനീർ തുടച്ച് കൊണ്ട് മാളു സുധിയുടെ വീട്ടിലേക്ക് ചെന്നു. അവൾ ചെല്ലുമ്പോൾ സുധി കട്ടിലിൽ ചാരി ഇരുന്ന് ഏതോ ബുക്ക് വായിക്കുക ആയിരുന്നു, അവളെ കണ്ടയുടനെ സുധി ബുക്ക് മടക്കി ബെഡിൽ വച്ചു…
” ആ വന്നല്ലോ…”
സുധി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ മാളു ഒന്നും മിണ്ടാതെ ഭിത്തിയും ചാരി നിന്നു…
” എന്തുപ്പറ്റി മുഖത്തിന് ഒരു വാട്ടം. ഒന്ന് പിടിച്ചേ ഇവിടെ കിടന്ന് മടുത്തു അൽപ്പനേരം ഹാളിൽ പോയ് ഇരിക്കാം…”
“ഞാൻ ആരാ നിങ്ങളുടെ കെട്ടിയോൾ ആണോ, ഇങ്ങനെ കിടന്ന് നിങ്ങളെ നോക്കാൻ….”
മാളുവിന്റെ വാക്കുകളിൽ പരിഭവവും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നു, അത് കേട്ടപ്പോൾ സുധിക്ക് ആദ്യം ചിരിയാണ് വന്നത്…
” വേണേൽ കെട്ടിയോൾ ആക്കാം…”
സുധി ചിരിച്ചുകൊണ്ട് പറഞ്ഞു…
” ഓഹ് വേണ്ടായെ… മനുഷ്യൻ ഇവിടെ കണ്ടവന്റെ ചവിട്ടു കൊണ്ട് നെറ്റിയും പൊട്ടി കിടന്നിട്ടും, നിങ്ങൾ ഒരു വാക്ക് എങ്കിലും ചോദിച്ചോ, അല്ലേലും എനിക്ക് അങ്ങനെ തന്നെ വേണം പണ്ടെങ്ങോ മനസ്സിൽ കയറി കൂടിയ ഇഷ്ടം ഇന്നും സൂക്ഷിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… നിർത്തി മാളു എല്ലാം നിർത്തി അച്ഛൻ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട് കല്യാണം അത് കൊണ്ട് ഇനി മാളുവിന്റെ പ്രതീക്ഷിക്കേണ്ട, നിങ്ങൾ വല്ല ഹോം നേഴ്‌സിനെയും പിടിച്ചു നിർത്ത്…”
അത് പറഞ്ഞു തീർന്ന് സുധിയുടെ മുഖത്ത് പോലും നോക്കാതെ അവൾ ഇറങ്ങി വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തുന്നത് വരെ അവൾ തിരിഞ്ഞു നോക്കിയില്ല. ഒന്നിൽ ഇതോടു കൂടി സുധി അവളെ സ്നേഹിക്കും അല്ലെ ഇതോടെ എല്ലാം തീരും എന്നവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു….
” മാളു ഒന്നിങ്ങ് വന്നേ,…”
അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ആണ് മാളു പിന്നെ മുറിയിൽ നിന്ന് ഇറങ്ങി വന്നത്…
” ദേ ഇതാണ് കുട്ടി, നല്ലപോലെ നോക്കിക്കോ…”
അച്ഛന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ ആണ് മാളു ഉമ്മറത്ത് ഇരിക്കുന്നവരെ ശ്രദ്ധിക്കുന്നത്. തന്നെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്ന ശരദാമ്മയെയും, രവി അങ്കിളിനെയും, സുധിയേട്ടനേയും കണ്ടപ്പോൾ സന്തോഷം കൊണ്ട് മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
” ഇനി ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആകാം…”
” ഇപ്പോൾ വേണ്ടച്ഛാ ഇനി സംസാരം എല്ലാം കല്യാണം കഴിഞ്ഞിട്ടേയുള്ളൂ….”
രവി അങ്കിളിന് സുധി മറുപടി പറയുമ്പോൾ എല്ലാവരും ചിരിച്ചു…
” അല്ല മരുമോനെ,ഈ മുറിവൊക്കെ ഉണങ്ങി നേരെ നിന്നിട്ട് പോരെ കല്യാണം……”
മാളുവിന്റെ അച്ഛൻ അത് പറയുമ്പോൾ എല്ലാവരിലും ചിരി വിരിഞ്ഞു നാണം കൊണ്ട് മാളു അമ്മയുടെ പുറകിൽ മറഞ്ഞു നിന്നു…
” നി ഇത്ര പെട്ടെന്ന് ഇവനെ ഇവിടെ എത്തിക്കാൻ എന്ത് വിദ്യയ മാളു ഒപ്പിച്ചത്…”
” പെണ്ണ് ഒരുമ്പെട്ടാൽ പിന്നെ പറയാൻ ഉണ്ടോ….”
ചിരിയോടെ അമ്മയുടെ ചെവിയിൽ മെല്ലെ പറഞ്ഞുകൊണ്ട് അവൾ ഒളികണ്ണിട്ട് സുധിയെ നോക്കുമ്പോൾ അവൻ ഒരു ചിരിയോട് കൂടി അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു……