തന്റെ പിണക്കം മാറ്റുവാനുള്ള തത്രപ്പാടിൽ പിറകിലൂടെ വന്ന് തന്നെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചേർത്ത് നിൽക്കുന്ന മനുവേട്ടൻ…

ഒരു വട്ടം കൂടി….

Story written by MAREELIN THOMAS

ചെറു മയക്കത്തിൽ ആയിരുന്നു മീര..പെട്ടെന്ന് ബസ് സഡൻ ബ്രേക്ക് ഇട്ട് നിന്നതും മീര മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു…

ഒരു കൂറ്റൻ വളവിൽ, കാറിനെ ഓവർടേക്ക് ചെയ്ത് ഒരു ബൈക്ക് ബസിന് മുന്നിലേക്ക് പാഞ്ഞ് കയറി വന്നപ്പോൾ , ബസ് സഡൻ ബ്രേക്ക് ഇട്ടതാണ്…തലനാരിഴയ്ക്ക് ഇടിക്കാതെ ബൈക്കുകാരൻ രക്ഷപെട്ടു… ഇങ്ങനെ അശ്രദ്ധയോടെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ അപകടത്തിൽ എത്ര എത്ര ജീവനുകൾ ആണ് പൊലിയുന്നത്… കൂടുതലും ചെറുപ്പക്കാർ…

ഡ്രൈവർ ബൈക്ക് കാരനെ എന്തൊക്കെയോ ചീത്ത പറയുന്നുണ്ട്…ഇതുപോലെ ഒരു നശിച്ച സമയത്ത് ഏതോ ഒരു ബസിനടിയിൽപ്പെട്ടാണ് തന്റെ മനുവേട്ടനും… അന്ന് ഒരു ഓഫീസ് പാർട്ടി ഉണ്ടായിരുന്നു…. മദ്യപിച്ചിരുന്നു പോലും.. മദ്യപിച്ച് ബൈക്ക് ഓടിക്കില്ല എന്ന് തനിക്ക് വാക്ക് തന്നിരുന്നതാണ്…

മനുവിന്റെ ഓർമ്മകൾ മീരയുടെ മനസ്സിൽ നിറഞ്ഞു….

തന്റെ പിണക്കം മാറ്റുവാനുള്ള തത്രപ്പാടിൽ പിറകിലൂടെ വന്ന് തന്നെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചേർത്ത് നിൽക്കുന്ന മനുവേട്ടൻ…. മനുവെട്ടന്റെ ചൂട് നിശ്വാസം കഴുത്തിൽ തട്ടിയതും തന്റെ പിണക്കം അലിഞ്ഞില്ലാതായി… പക്ഷേ വിട്ട് കൊടുക്കാൻ താൻ തയാറായിരുന്നില്ല…

“പിണങ്ങല്ലേടാ… കൂട്ടുകാരെ എല്ലാവരെയും കുറെ നാളുകൾക്ക് ശേഷം കണ്ടതിന്റെ ഒരു സന്തോഷത്തിൽ ഇത്തിരി കഴിച്ചു… ഇനി ഇല്ല..”

“വല്ലപ്പോഴും കഴിക്കുന്നതല്ല പ്രശ്നം… പക്ഷേ കഴിച്ചിട്ട് ബൈക്ക് ഓടിച്ച് വരരുതെന്ന് എത്ര പ്രാവശ്യം മനുവേട്ടനോട് പറഞ്ഞിട്ടുണ്ട്… പോ.. ഏട്ടൻ എന്നോട് കൂടാൻ വരണ്ട…… “

“എന്റെ പൊന്നു ഭാര്യയാണേ സത്യം….. ഇനി ഞാൻ മദ്യപിച്ച് ബൈക്ക് ഓടിക്കില്ല…”

“ടിക്കറ്റ് ടിക്കറ്റ്…” കണ്ടക്ടറുടെ ശബ്ദം… ഓർമ്മകളെ വീണ്ടും മനസ്സിന്റെ ഒരു കോണിലേക്ക്‌ തളളി കുഴിച്ച് മൂടി ഇട്ടു..

മനസ്സ് ഒന്ന് ശാന്തമായപ്പോൾ മീര തന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അപ്പോഴാണ് തന്നിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന ആ കണ്ണുകൾ മീര കണ്ടത്..

‘താൻ കണ്ടൂ എന്ന് മനസ്സിലായപ്പോൾ ആൾ ഒന്ന് ചിരിച്ചു..’

‘നല്ല ധൈര്യം ആണല്ലോ.. താൻ കണ്ടൂ എന്നറിഞ്ഞിട്ടും യാതൊരു കൂസലും ഇല്ല… ‘ മീര ദേഷ്യത്തോടെ ഓർത്തു…

‘ഇനിയിപ്പോ തന്നെ അറിയുന്ന ആരെങ്കിലും ആണോ.. പക്ഷേ ഓർമ്മയിൽ ഇങ്ങനെ ഒരു മുഖം തെളിയുന്നില്ല…’

പിന്നീടുള്ള എല്ലാ ദിവസങ്ങളിലും, ബസിൽ തന്നെ വീക്ഷിക്കുന്ന ആ കണ്ണുകളും തനിക്ക് വേണ്ടി വിടരുന്ന ആ പുഞ്ചിരിയും മീര ശ്രദ്ധിച്ചു…. മീര ദേഷ്യപ്പെട്ട് നോക്കുമ്പോൾ പുഞ്ചിരിയോടെ അയാള് കണ്ണ് ചിമ്മി കാണിക്കും… പതിയെ പതിയെ ആൾ പുഞ്ചിരിക്കുമ്പോൾ മീരയുടെ ചുണ്ടിലും ചെറിയ പുഞ്ചിരി വിടരാൻ തുടങ്ങി… കുറച്ച് മാസങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോയി..

ഒരു ദിവസം ആളെ സ്ഥിരം സീറ്റിൽ കണ്ടില്ല…എന്തോ മീരയുടെ മനസ്സിൽ ഒരു അസ്വസ്ഥത പടർന്നു.. ആ പുഞ്ചിരി മീരയുടെ ഹൃദയത്തെ കീഴടക്കാൻ തുടങ്ങിയിരുന്നോ….

അടുത്ത ഒരു ദിവസം, മീരയുടെ തൊട്ടടുത്ത സീറ്റിലെ ആൾ എണീറ്റപ്പോൾ, ആരോ തിരക്കിട്ട് മീരയുടെ അടുത്ത് വന്നിരുന്നു.. വലത് കൈയ്യിലെ വാച്ചിലേക്ക് ശ്രദ്ധ പതിച്ചതും, ആളുടെ മുഖത്തേക്ക് നോക്കാതെ തന്നെ, ആരായിരിക്കും തന്റെ അടുത്ത് ഇരിക്കുന്നത് എന്ന് മീരക്ക്‌ മനസ്സിലായിരുന്നു…

അയാളുടെ സാമീപ്യം അവളിൽ ഒരു പരിഭ്രാന്തി സൃഷ്ടിച്ചു… എന്തോ വല്ലാത്ത ടെൻഷൻ… ഹൃദയം അതിവേഗം മിടിക്കുന്നു…

അവളുടെ വെപ്രാളം ശ്രദ്ധിച്ചിട്ടോ എന്തോ അയാളുടെ ചുണ്ടിൽ നല്ലൊരു പുഞ്ചിരി വിരിഞ്ഞു…ദൃഷ്ടി മുൻപോട്ട് ആയിരുന്നെങ്കിലും ആളുടെ ശ്രദ്ധ മുഴുവൻ മീരയിൽ തന്നെ ആയിരുന്നു..

അതിന് ശേഷം അവസരം കിട്ടുമ്പോൾ ഒക്കെ അയാള് മീരയുടെ അടുത്ത് തന്നെ ഇരിക്കാൻ തുടങ്ങി… ബസ് സ്റ്റാൻഡിൽ നിന്ന് മീര ബസിൽ കയറി ഇരുന്നു കഴിയുമ്പോൾ തന്നെ ആൾ അടുത്ത് വന്നിരിക്കും…

പതിയെ തമ്മിൽ പരിചയപ്പെട്ടു.. ആളുടെ പേര് ശ്രീരാഗ്.. ടെക്നോപാർക്കിൽ ഒരു ഐ ടീ കമ്പനിയിൽ ആണ് ജോലി.. കുറച്ച് വർഷം വിദേശത്ത് ആയിരുന്നു.. നാട്ടിലേക്ക് തിരിച്ച് വന്നിട്ട് രണ്ട് വർഷത്തോളം ആയി..

ദിവസങ്ങൾ പോകെ പോകെ, അവർ തമ്മിൽ നല്ലൊരു സുഹൃത്ത് ബന്ധം ഉടലെടുത്തു…

ഒരു ദിവസം സംസാരത്തിന് ഇടക്ക് ശ്രീരാഗ് പറഞ്ഞു…

“മീരക്ക് മനസ്സിലായോ ഇല്ലയോ എന്ന് എനിക്കറിയില്ല…എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്… കൂടെ കൂട്ടിക്കൊട്ടെ ഞാൻ..”

മീര കേൾക്കാൻ ആഗ്രഹിച്ചത് തന്നെ ആയിരുന്നു ശ്രീരാഗ് പറഞ്ഞത്… മനസ്സിൽ എവിടെയോ ഒരു ഇഷ്ടം മോട്ടിട്ടിരുന്നൂ.. പക്ഷേ അത് അംഗീകരിച്ച് കൊടുക്കാൻ ഒരു ബുദ്ധിമുട്ട്… അംഗീകരിച്ചു കൊടുത്താൽ മനുവിനോടുള്ള മീരയുടെ സ്നേഹം പൊള്ള ആയിരുന്നു എന്ന് മീരയെ സ്നേഹിക്കുന്നവർ, മനുവിനെ സ്നേഹിക്കുന്നവർ പറയുമോ എന്ന ഭയം.. തനിക്ക് വീണ്ടും ഒരാളോട് പ്രണയം തോന്നി തുടങ്ങി എന്ന് എങ്ങനെ പറയും…

“എന്ത് വിഡ്ഢിത്തം ആണ് ശ്രീരാഗ് നിങ്ങള് ഈ പറയുന്നത്…എന്നെ പറ്റി കൂടുതൽ എന്തറിയാം നിങ്ങൾക്ക്.. നിങ്ങള് ഓർക്കുന്നപോലെ ഒരാള് അല്ല ഞാൻ…. എന്റെ കല്യാണം കഴിഞ്ഞതാണ്.. ” അങ്ങനെ പറയാൻ ആണ് മീരക്ക്‌ അപ്പൊൾ തോന്നിയത്…

ശ്രീരാഗ് ഒന്ന് ഞെട്ടിയോ.. അറിയില്ല.. കാരണം മീര ആ മുഖത്തേക്ക് പിന്നീട് നോക്കിയില്ല… സംസാരവും ഉണ്ടായില്ല..

അടുത്ത ദിവസങ്ങളിൽ ഒന്നും ശ്രീയെ ബസിൽ കണ്ടില്ല.. ഒരു തരം നഷ്ടബോധം മീരക്ക്‌ തോന്നി തുടങ്ങി.. പക്ഷേ പിന്നീട് ഓർത്തു.. ഇനി തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുപക്ഷേ ഒരു വിധവ ആണെന്ന് അറിയുന്ന നിമിഷം ശ്രീരാഗ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തന്നെ എടുത്ത് ചാടുമായിരുന്നു…..

💞💞💞💞💞💞💞💞💞💞

അച്ഛന്റെ കൂട്ടുകാരന്റെ 35ത് വിവാഹ വാർഷിക ആഘോഷം ആയിരുന്നു അന്ന്…മീരക്ക്‌ പോകാൻ തീരെ താൽപ്പരൃം ഉണ്ടായിരുന്നില്ല… എല്ലാവരുടെയും സഹതാപ നോട്ടം കാണുമ്പോൾ എന്തോ പോലെയാണ്..

പിന്നെ എല്ലായിടത്തും കാണും അറിയാതെ തട്ടാനും മുട്ടാനും വരുന്നവർ..

‘മനുവെട്ടൻ ഉണ്ടായിരുന്നപ്പോൾ മോളെ, ഏട്ടത്തി, പെങ്ങളെ എന്നൊക്കെ വിളിച്ചിരുന്നവർ ആണ് ഇപ്പൊൾ തന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്നത്… പക്ഷേ അമ്മയുടെയും അച്ഛന്റെയും സന്തോഷത്തിന് വേണ്ടി പോയെ പറ്റു..’

അവിടെ എത്തിയപ്പോൾ അധികം ആൾക്കാർ ഒന്നുമില്ല. വിരലിൽ എണ്ണാവുന്ന അത്രയും ആൾക്കാർ മാത്രം..എല്ലാവരും അവരുടേതായ ലോകത്ത് ആണ്.. ഹാളിന്റെ ഒരറ്റത്ത് കുറച്ച് ഫോട്ടോസ് ഫ്രെയിം ചെയ്ത് വെച്ചിരുന്നു.. അതൊന്നു കാണുവാൻ വേണ്ടി മീര അങ്ങോട്ടേക്ക് നടന്നു….

അവിടുത്തെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോകൾ…. അവരുടെ മകന്റെയും മകളുടെയും ചെറുപ്രായത്തിലേ ഫോട്ടോകൾ.. നാല് അഞ്ച് ആൺപിള്ളേർ ഒരുമിച്ചുള്ള കുറച്ച് ഫോട്ടോസ്… ആരെയും ആത്ര ശ്രദ്ധിച്ചില്ല…പെട്ടെന്ന് ഒരു ഫോട്ടോ മീരയുടെ കണ്ണിൽ ഉടക്കി… ഒരു കൈ മെല്ലെ ആ ഫോട്ടോയിൽ കൂടെ ഓടിച്ചു…

‘എന്റെ മനുവെട്ടൻ…. പക്ഷേ മനുവെട്ടന്റെ കൂടെ ഉള്ള ആൾ… അതെ.. അത് അയാൾ തന്നെ…..’

“എന്റെ അടുത്ത സുഹൃത്തായിരുന്നു മനു..”

ആ ശബ്ദം കേട്ട് മീര പുറകിലേക്ക് നോക്കി…മനുവെട്ടന്റെ ഫോട്ടോയിലെ ക്ക് ഉറ്റു നോക്കി നിൽക്കുന്ന ശ്രീരാഗ്…

‘ഇത് ശ്രീരാഗിന്റെ വീടായിരുന്നോ…’

“ഞാൻ വിദേശത്ത് ആയിരുന്ന സമയത്തായിരുന്നു നിങ്ങളുടെ കല്യാണം.. അവൻ പോയതും..”

“മീരയെ ഞാൻ ആദ്യമായി നേരിൽ കാണുന്നത് പ്രകാശ് ഏട്ടന്റെ കുഞ്ഞിന്റെ ബെർത്ത് ഡെ പാർട്ടിക്കാണ്…

“അന്ന് അവിടെ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു മനുവിന്റെ പെണ്ണാണ് താൻ എന്ന്.. പിന്നീട് എന്തോ…. തന്റെ ചിന്തകള് തന്നെ ആയിരുന്നു എന്റെ മനസ്സിൽ…

ആവുന്നപോലെ തടഞ്ഞു നോക്കി മനസ്സ് കൈ വിട്ടു പോകാതിരിക്കാൻ..ആദ്യമൊക്കെ ഒരുതരം പേടിയായിരുന്നു.. തന്നെ ഇഷ്ടപ്പെടുന്നത് മനുവിനോട് ഞാൻ ചെയ്യുന്ന ദ്രോഹം ആണോ എന്ന പേടി.. പക്ഷേ പിന്നീട് തോന്നി അവനും ഇത് ആഗ്രഹിക്കുന്നുണ്ടാവും എന്ന്… താൻ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നതിനെക്കാളും അവനും അതായിരിക്കില്ലെ സന്തോഷം…

ഇനി മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ കൂട്ട് വേണം എന്ന തോന്നൽ ശക്തമായപ്പോൾ അച്ഛനോടും അമ്മയോടും ഉള്ള് തുറന്നു.. തന്നെ നന്നായി അറിയാമായിരുന്നത് കൊണ്ടായിരിക്കണം.. അവർ എതിരോന്നും പറഞ്ഞില്ല.. പകരം മനുവിന്റെ വീട്ടിൽ വന്ന് തന്നെ എനിക്ക് വേണ്ടി ആലോചിച്ചു.. “

മീര ഒന്നും മിണ്ടിയില്ല.. മനുവിന്റെ ഫോട്ടോയിലെക്ക് ഉറ്റ് നോക്കിക്കൊണ്ടിരുന്നു….

ശ്രീ മീരയെ തനിക്ക് അഭിമുഖം നിർത്തി….

“തന്നോട് മനുവിനെ മറക്കാൻ ഞാൻ ഒരിക്കലും പറയില്ല…. ഒരു താലി ഈ കഴുത്തിൽ കെട്ടാനും ഈ സീമന്ത രേഖ ചുവപ്പിക്കാനും ഉള്ള അനുവാദം .. അത് മാത്രം മതി എനിക്ക്.. കാത്തിരിക്കാം.. എത്ര നാൾ വേണമെങ്കിലും… താൻ എന്നെ സ്നേഹിക്കുന്ന ഒരു നാളിനായി..”

“മോളെ..”

അച്ഛൻ ആണ്.. കൂടെ അമ്മയും ശ്രീരാഗിന്റെ അച്ഛനമ്മമാരും ഉണ്ട്..

“മോളെ ഇഷ്ടമാണ് കൂടെ കൂട്ടിക്കൊട്ടെ എന്ന് ചോദിച്ചു ഇവൻ ഇവരെയും കൂട്ടി വന്ന ദിവസം ആണ് രണ്ട് വർഷങ്ങൾക്കു ശേഷം ഞാനും അമ്മയും ഒന്ന് സമാധാനത്തോടെ ഉറങ്ങിയത്.. മോൾക്ക് നല്ലൊരു ജീവിതം ഉണ്ടായിക്കാണണം എന്നത് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ആണ്..പക്ഷേ അത്രയും വിശ്വാസയോഗ്യനായ ഒരാള് ആയിരിക്കണം മോളുടെ കൈ പിടിക്കുന്നത്, എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ട്..

എന്റെ മോളെ മനുവിനെ പോലെ തന്നെയോ അതിനെക്കാൾ ഉപരിയോ സ്നേഹിക്കാൻ ഇവനെക്കൊണ്ട് പറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്..ഞങ്ങൾക്കും പ്രായമായി വരുകയല്ലെ… മോളെ തനിച്ചാക്കി എനിക്കും അച്ഛനും സ്വസ്ഥമായി മനുക്കുട്ടന്റെ അടുത്തേക്ക് പോകാൻ പറ്റുമോ.. മോൾ ഇതിന് സമ്മതിക്കണം.. “

അമ്മ മീരയെ ചേർത്ത് പിടിച്ചു.. അമ്മയുടെ തോളിലേക്ക് തല ചായ്ച്ച് മീര അവിടെ നിന്നൂ..

💞💞💞💞💞💞💞💞💞💞💞

ആറു മാസങ്ങൾക്ക് ശേഷം ഒരു ശുഭ മുഹൂർത്തത്തിൽ മീരയുടെയും മനുവിന്റെയും ശ്രീയുടെയും അച്ഛനമ്മമാരുടെയും വളരെ അടുത്ത ചില ബന്ധുക്കളുടെയും മുൻപിൽ വെച്ച് ശ്രീ മീരയുടെ കഴുത്തിൽ താലി ചാർത്തി… സിന്ദൂര രേഖ ചുവപ്പിച്ചൂ..

രാത്രിയിൽ ഒരു ഗ്ലാസ് പാലുമായി ശ്രീയുടെ മുറിയിലേക്ക് കടന്നു ചെന്നപ്പോഴും മീരയുടെ മനസ്സിൽ യാതൊരു വിധ പേടിയാ സങ്കൊചമോ ഇല്ലായിരുന്നു.. ഒരു സുഹൃത്ത് എന്നതിലപ്പുറം ഒരു ഭർത്താവിന്റെ അധികാരം സ്ഥാപിക്കാൻ ശ്രീയെട്ടൻ വരില്ല എന്ന ഉറപ്പ് മീരക്കുണ്ടായിരുന്നതു കൊണ്ട് തന്നെ..

മനസ്സിൽ പ്രണയം ഉണ്ടായിരുന്നിട്ടും, പിന്നെയും മാസങ്ങൾ വേണ്ടി വന്നു മീരക്ക്‌, ശ്രീയെ തന്റെ നല്ല പാതി ആയി എല്ലാ അർത്ഥത്തിലും സ്വീകരിക്കാൻ.. ഇന്ന് മീര പൂർണ്ണ സന്തോഷവതി ആണ്.. മനുവെട്ടന്റെ ഓർമ്മകൾ ഒരു തുള്ളി പോലും കുറയാതെ മീരയുടെ മനസ്സിൽ ഉണ്ട്… അതെ അളവിൽ ശ്രീയെട്ടനെയും ഇന്ന് മീര സ്നേഹിക്കുന്നു.. ഒരു കാത്തിരിപ്പിലാണ് മീരയും ശ്രീയും ഇന്ന്.. ഒരു കുട്ടി കുറുമ്പന്റെയോ.. കുട്ടി കുറുമ്പത്തിയുടെയോ വരവിനായി..

ശുഭം…

എഴുതി തുടങ്ങിയ നാളുകളിൽ(രണ്ട് മാസം മുൻപ്) എഴുതി വെച്ചിരുന്നത് ആണ്.. നന്നായിട്ടുണ്ടോ എന്നറിയില്ല… പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം..😁😁😁😁😁😁… ഇഷ്ടപ്പെട്ടില്ല എങ്കിൽ ഞാൻ ഈ വഴി വന്നിട്ടില്ല….

Leave a Reply

Your email address will not be published. Required fields are marked *