തൂവല്‍കൊട്ടാരം
എഴുത്ത്: ദിപി ഡിജു
‘പണിയെല്ലാം ഒതുക്കി ഒരു ഉച്ചമയക്കം പാസ്സ് ആക്കാം എന്നു കരുതി കിടക്കുമ്പോഴാ ഓരോ ശല്ല്യങ്ങള്‍ കൃത്യമായി എഴുന്നള്ളുന്നത്… ഇന്നിപ്പോള്‍ ആരാണോ എന്തോ…???’
ഉച്ചമയക്കത്തിന് ഭംഗം വന്നതിന്‍റെ ദേഷ്യത്തില്‍ ആയിരുന്നു മാനസി. എന്നും നേരം അഞ്ചു മണിയാകുന്നതിനു മുന്‍പ് തുടങ്ങുന്ന ജോലികള്‍ തീര്‍ന്നു വരുമ്പോഴേക്കും സമയം രണ്ടരയോടടുക്കും. കുട്ടികള്‍ സ്കൂളില്‍ നിന്നു നാലരയ്ക്കു എത്തുന്നതിനു മുന്‍പ് ഒരു മണിക്കൂര്‍ മയക്കം. ക്ഷീണം അകറ്റാന്‍ അതാണ് ഒരു വഴി. ചില ദിവസങ്ങളില്‍ ഇതു പോലെ എന്തെങ്കിലും കാര്യങ്ങളില്‍ പെട്ട് ഉറക്കം പോകുമ്പോള്‍ വല്ലാത്ത ഒരു വിഷമം ആണ്. എന്നാലും കുഞ്ഞുങ്ങളോടും ഭര്‍ത്താവിനോടും അതു കാണിക്കില്ല.
ഉറക്കച്ചടവോടെ ജനല്‍ കര്‍ട്ടന്‍ ഒന്നു മാറ്റി നോക്കി. ഒരു സ്ത്രീയാണ്. ഒരു 25 – 30 വയസ്സിനടുത്ത് പ്രായം തോന്നിക്കും. കൈയ്യില്‍ ഒരു വലിയ ബാഗ് ഉണ്ട്.
‘വല്ല സെയില്‍സ് ഗേള്‍സ് ആയിരിക്കും…. ഇതിപ്പോള്‍ വല്ലാത്ത ശല്ല്യം ആണല്ലോ….’
മാനസി ജനല്‍ പാളി ഒരെണ്ണം തുറന്നു പുറത്തേക്ക് നോക്കി.
‘ആരാ…??? എന്താ വേണ്ടത്…???’
‘ചേച്ചി… ഞാന്‍ ഡോക്ടറുടെ പഴയ ഒരു പേഷ്യന്‍റ് ആയിരുന്നു… ഡോക്ടര്‍ വിജയന്‍…???’
‘ഇന്ന് ഇവിടെ പേഷ്യന്‍സിനെ നോക്കുന്ന ദിവസം അല്ലല്ലോ…’
‘അയ്യോ ചേച്ചി ഞാന്‍ കണ്‍സള്‍ട്ടേഷനു വന്നതല്ല… ഡോക്ടറിനെ ഒന്നു കാണാന്‍ വേണ്ടി വന്നതാണ്… ഒരു പേഴ്സണല്‍ കാര്യത്തിനാണ്…’
‘ഏട്ടന്‍ വരാന്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും എടുക്കുമല്ലോ… ഇയാള്‍ ഇവിടെ അടുത്തു നിന്നാണോ…??? എങ്കില്‍ പോയിട്ടു അപ്പോള്‍ വന്നാല്‍ മതി…’
“ഞാന്‍ കുറച്ചു ദൂരേന്നാണ് ചേച്ചി… ഷോര്‍ണൂര്‍ നിന്നു വരുവാണ്… ഒരു ജോലി കിട്ടി നോര്‍ത്ത് ഇന്ത്യയ്ക്ക് പോകുവാ… ഇതിപ്പോള്‍ ഡോക്ടറിനെ കാണാന്‍ വേണ്ടി മാത്രം വന്നതാണ്… ഞാന്‍ ഇവിടെ വെയ്റ്റ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടോ…??? ഇവിടെ പുറത്തിരുന്നോളാം…”
‘അതു സാരമില്ല… പിന്നെ പുറത്തു ഇരിക്കണം എന്നില്ല… അകത്തേക്ക് ഇരുന്നോളൂ… അത്ര നേരം പുറത്തിരിക്കുന്നത് ബുദ്ധിമുട്ട് ആകും ഇയാള്‍ക്ക്…’
മാനസി വാതില്‍ തുറന്നു കൊണ്ട് പറഞ്ഞു.
‘പേര്…???’
‘എന്‍റെ പേര് ചന്ദ്ര… ചേച്ചീടെ…???’
‘ഞാന്‍ മാനസി… ഇരിക്കൂട്ടോ… ഞാന്‍ ചായ എടുക്കാം…’
ഒരു സോഫയിലേയ്ക്ക് ചൂണ്ടി കാട്ടി കൊണ്ട് മാനസി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
വളരെ വൃത്തിയായി സൂക്ഷിച്ചിരുന്ന ഒരു വീടായിരുന്നു അത്. വീടിനുള്ളില്‍ ചെറിയ ഇന്‍ഡോര്‍ പ്ളാന്‍റ്സ് ഭംഗിയായി പിടിപ്പിച്ചിരുന്നു. ചുവരില്‍ നിറയെ അവരുടെ ഫോട്ടോകള്‍ മനോഹരമായി തൂക്കിയിരുന്നു.
മാനസി ചായയുമായി തിരികെ വന്നപ്പോള്‍ ചന്ദ്ര അവരുടെ കുടുംബചിത്രത്തില്‍ നോക്കി നില്‍ക്കുകയായിരുന്നു.
‘നിങ്ങള്‍ക്ക് രണ്ടു മക്കള്‍ ആണല്ലേ…??? എവിടെ രണ്ടു പേരും…???’
‘രണ്ടു പേരും സ്കൂളില്‍ പോയിരിക്കുവാ… കുറച്ചു കഴിഞ്ഞു വരും… പിന്നെ നല്ല മേളം ആയിരിക്കും…’
‘ഓ… ഇന്നു ക്ളാസ്സ് ഉള്ള ദിവസം ആണല്ലോല്ലെ മറന്നു പോയി… ഏതൊക്കെ ക്ളാസ്സിലാ…??? എന്താ പേര്…???’
‘മുത്തവന്‍ അഞ്ചാം ക്ളാസ്സില്‍ ആണ്… പേര് ആര്യന്‍… രണ്ടാമത്തവള്‍ യൂ ക്കെ ജി ആണ്… പേര് ആരാധ്യ…’
‘ഈ സമ്മാനങ്ങളൊക്കെ…???’
ഷോക്കേസ് നിറയെ കണ്ട ട്രോഫികള്‍ നോക്കിയാണ് അവര്‍ അത് ചോദിച്ചത്.
‘എല്ലാം ആര്യനു കിട്ടിയതാണ്… അവന്‍ പിന്നെ സകലകലാവല്ലഭന്‍ ആണ്…ഞങ്ങളുടെ ഭാഗ്യം അവനാണ്… വലുതായി ഐ എ എസ്സ് കാരന്‍ ആകും എന്നാ പറയുന്നെ…’
അവളുടെ ശബ്ദത്തില്‍ മുഴങ്ങി നിന്ന തന്‍റെ കുഞ്ഞിനോട് ഉള്ള സ്നേഹം അവരുടെ ഓരോ വാക്കുകളിലും ചന്ദ്രയ്ക്ക് അനുഭവവേദ്യമായി.
‘മോളോ…???’
‘അവള്‍ ആളു ഒരു കുറുമ്പി ആണ്… പിന്നെ എന്തിനും ഏതിനും ആര്യന്‍ വേണം അവള്‍ക്ക്… ഒരര്‍ത്തതില്‍ അവന്‍ അവളുടെ ചേട്ടനല്ല… ചേട്ടച്ചനാണ്…’
അവര്‍ കൈകൊട്ടിച്ചിരിച്ചു.
‘അയ്യോ… ചോദിക്കാന്‍ മറന്നു… ചന്ദ്ര എന്തിനാ വന്നതെന്നാ പറഞ്ഞേ…???’
‘അത് പിന്നെ…’
‘അയ്യോ ദേ മക്കളുടെ സ്കൂള്‍ ബസ്സ് വന്നു… ഞാന്‍ ഇപ്പോള്‍ വരാമേ…’
മാനസ്സി ഗേറ്റിലേയ്ക്ക് ഓടുന്നതും മക്കളെ വിളിച്ചു കൊണ്ടു വരുന്നതും ചന്ദ്ര ആകാംക്ഷയോടെ നോക്കി നിന്നു. കുഞ്ഞുങ്ങള്‍ വന്ന ഉടനെ അവര്‍ വിശേഷം പറച്ചില്‍ തുടങ്ങി. അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനിടയില്‍ മാനസി ചന്ദ്രയുടെ കാര്യം പോലും മറന്നു.
കുറച്ചു സമയം കുഞ്ഞുങ്ങളെ നോക്കി നിന്നശേഷം ചന്ദ്ര അവിടെ നിന്നു ബാഗെടുത്തു പുറത്തേയ്ക്ക് ഇറങ്ങി.
ഗേറ്റ് കടക്കാന്‍ പോയതും എതിരെ വിജയന്‍ ഡോക്ടറുടെ വണ്ടി വന്നു. അവള്‍ പെട്ടെന്ന് വണ്ടി കണ്ട് ഒന്നു ഞെട്ടി.
അവളെ കണ്ട വിജയനും ഞെട്ടി. അവള്‍ കാറിന്‍റെ ഡ്രൈവിങ്ങ് സൈഡില്‍ ചെന്നു മുഖം താഴ്ത്തി.
‘ഏല്‍പ്പിച്ചു തന്നത് തിരികെ കൊണ്ടു പോകാന്‍ ആണ് വന്നത്… പക്ഷേ അത് നിങ്ങളുടെ ജീവിതം തകര്‍ക്കും എന്നു മനസ്സിലായതു കൊണ്ടു പോകുന്നു… ഇനി ഒരിക്കലും വരില്ല… നിങ്ങള്‍ക്കിടയിലേയ്ക്ക്…’
ഒരു തുള്ളി കണ്ണീര്‍ അവളുടെ കണ്ണുകളില്‍ നിന്നു ഇറ്റു വീണു. ബാഗ് എടുത്ത് അവള്‍ മുന്നോട്ടു പോയതും വിജയന്‍റെ ചിന്തകള്‍ പതിനൊന്നു വര്‍ഷം പിന്നോട്ടു പോയി.
വെറും പതിനാറു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഗൈനക്കോളജിസ്റ്റായ തന്‍റെ അടുത്ത് ആദ്യമായി വന്ന ആ ദിവസത്തിലേയ്ക്ക്. സ്വന്തം സഹോദരന്‍റെ പീഡനത്തില്‍ ഗര്‍ഭിണി ആയ അവളെയും കൊണ്ട് അവളുടെ അമ്മ എന്തു ചെയ്യണം എന്നറിയാതെ അയാള്‍ക്കു മുന്‍പില്‍ കൈ കൂപ്പി.
മൂന്നു മാസം കഴിഞ്ഞതിനാലും പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചും ഒരു അബോര്‍ഷന്‍ സാധ്യമായിരുന്നില്ല.
അവള്‍ പ്രസവിക്കുന്ന കുഞ്ഞിനെ മക്കള്‍ ഇല്ലാതെ വിഷമിക്കുന്ന തങ്ങള്‍ ഏറ്റെടുത്തോളാം എന്ന ഉറപ്പിന്‍മേല്‍ അവര്‍ രഹസ്യമായി താന്‍ ഏര്‍പ്പാടാക്കിയ വീട്ടില്‍ താമസമാക്കി. തന്‍റെ ഭാര്യയോടു വിവരം പറഞ്ഞെങ്കിലും ചന്ദ്രയുടെ ഭാവിയെ മുന്‍നിര്‍ത്തി ഒരിക്കല്‍ പോലും മാനസിയെ അവള്‍ക്കടുത്ത് കൊണ്ടു പോയില്ല. അമ്മയുടെ മനസ്സോടെ ആ കുഞ്ഞിനായി രണ്ടു പേര്‍ ഒരേസമയം കാത്തിരുന്നു.
പ്രസവം കഴിഞ്ഞ് മൂന്നു മാസം വരെ കുഞ്ഞിനെ ചന്ദ്രയ്ക്കരികില്‍ നിര്‍ത്തി. അതിനുശേഷം പ്രാണന്‍ പറിച്ചെടുക്കുന്ന വേദനയോടെ അവള്‍ ആ കുഞ്ഞിനെ വിജയനു കൈമാറി അവിടെ നിന്നു അവര്‍ യാത്രയായി.
തങ്ങള്‍ക്കു ഒരു കുഞ്ഞുണ്ടായപ്പോഴും ആര്യനോടുള്ള സ്നേഹം ഒരു തരിമ്പു പോലും കുറഞ്ഞിരുന്നില്ല.
‘അന്നു പോയവള്‍ ഇന്നു എന്തിനാണ് വീണ്ടും വന്നത്…???’
വിജയന്‍റെ ചിന്തകള്‍ അയാളെ ഉലച്ചു കൊണ്ടിരുന്നു.
‘ഹാ… വിജയേട്ടാ… ഒരു സ്ത്രീ കാണാന്‍ വന്നിരുന്നു… ഞാന്‍ കുട്ടികള്‍ വന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍ ആയി പോയി… അവര്‍ പോയതു കണ്ടില്ല…വിജയേട്ടന്‍ കണ്ടിരുന്നോ…???’
‘ഇല്ല… ഞാന്‍ ആരെയും കണ്ടില്ല…’
‘എന്നാലും അതാരാണാവോ…??? ഇനി വല്ല കള്ളിയും ആകുമോ…???’
മാനസി ആകെ ചിന്താക്കുഴപ്പത്തിലായി.
‘ഹാ നീയിപ്പോള്‍ അതൊക്കെ വിടൂ… എന്താ മക്കളുടെ വിശേഷം…???’
‘ആ അതു ഏട്ടാ… ഇന്നുണ്ടല്ലോ….’
മാനസി കുഞ്ഞുങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ശ്രദ്ധ വരിച്ചു.
ഇതേ സമയം റെയില്‍വേ സ്റ്റേഷനിലേക്ക് ഉള്ള ബസ്സില്‍ ആയിരുന്നു ചന്ദ്ര.
‘നാടും വീടും ഉപേക്ഷിച്ചുള്ള ഈ യാത്രയില്‍ അവനെയും ഒപ്പം കൂട്ടണം എന്നു തോന്നി… ഞാന്‍ നൊന്തു പ്രസവിച്ച എന്‍റെ കുഞ്ഞിനെ… പ്രസവിക്കാതെ തന്നെ എന്‍റെ കുഞ്ഞിനു ഹൃദയത്തില്‍ ജന്മം നല്‍കിയ ആ അമ്മയുടെ മുന്‍പില്‍ എന്‍റെ പ്രസവവേദന ഒന്നുമല്ല… അവനെ കുറിച്ച് അറിയാന്‍ ഉള്ള ആഗ്രഹത്തില്‍ അന്വേഷിച്ചു നോക്കിയപ്പോള്‍ ആണ്…അവര്‍ക്ക് സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞു പിറന്നത് അറിഞ്ഞത്…എന്‍റെ കുഞ്ഞ് അവര്‍ക്കിപ്പോള്‍ ഒരധികപ്പറ്റാകും എന്നു ചിന്തിച്ച എനിക്കാണ് തെറ്റിയത്… ആര്യന്‍… എന്‍റെ മകന്‍… അവന്‍ അവിടെ സന്തോഷവാനാണ്… ഒരു പക്ഷേ തനിക്കു പോലും അങ്ങനെ ഒരു നല്ല ജീവിതം കൊടുക്കാനാവില്ല…’
ചന്ദ്രയുടെ ചിന്തകളില്‍ അവരുടെ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആ കുടുംബചിത്രം വീണ്ടും വന്നു. ആ ചുണ്ടുകള്‍ പതിയെ മൊഴിഞ്ഞു.
“എ പെര്‍ഫക്റ്റ് ഫാമിലി…!!!”