തലേ ദിവസം രാത്രിയിലുണ്ടായ കാര്യങ്ങൾ അവന്റെ മനസ്സിലെ പകയുടെ കനലിന്റെ എരിച്ചൽ കുട്ടി, സിരകളിലേക്ക് രക്തം തിളച്ച് കയറി…

വെളുത്തേടന്റെ അലർച്ച

Story written by ADARSH MOHANAN

എരിയുന്ന ചിത നോക്കി ഇരുന്നു അവൻ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു, ഇടക്കവൻ ആ ചിതയെ നോക്കി അട്ടഹസിച്ചു ,നരച്ച ജഡേകെട്ടു ഉറിയവൻ ഉറഞ്ഞു തുള്ളി

എങ്ങും ശാന്തത മാത്രം , എറിഞ്ഞമർന്ന ചിതയിൽ നിന്നും ചൂട് പിടിച്ച ചിതാഭസ്മം എടുത്തവൻ ദേഹമാസകലം പുരട്ടി, മഞ്ചാടിക്കുന്നിന്റെ മുകളിൽ നിന്നും ആകാശത്തേക്ക് നോക്കിയവൻ ആർത്തു അലറി വിളിച്ചു

അർദ്ധരാത്രിയിലെ ശാന്തതയിൽ അവന്റെ അലർച്ച അത്തിക്കുന്നിൽ തട്ടി പ്രതിധ്വനിച്ചു

ആ ശബ്ദം കേട്ടു പച്ചിലകൾ പോലും വിറച്ചു, ആസ്വദിച്ചു മരണവിളിമുഴക്കാറുള്ള കാലൻ കോഴികളും ഒരു നിമിഷത്തേക്ക് ഒന്നു സ്തംഭിച്ചു നിന്നു

ഓരോ വീട്ടിലെയും ജനൽപ്പാളികളും കതകുകളും ഭയത്താൽ മർമരം പൂണ്ടു ^വെളുത്തേടന്റെ അലർച്ച^

പുലരും മുൻപേ അയാൾ എഴുന്നേറ്റു. കാട്ടരുവിയിലെ നീരുറവയിൽ സ്നാനം ചെയ്തതിനു ശേഷം അവൻ ചിതാഭസ്മം ദേഹമാസകലം പുരട്ടി അടിവരത്തുള്ള പുഴയിലേക്ക് നടക്കും

കാവിത്തലപ്പിന്റെ ഒരറ്റത്ത് അവൻ ചിതാഭസ്മം പൊതിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു, അവനതു പുഴയിൽ ഒഴുക്കുമ്പോൾ ബലികാക്കകൾ ചുറ്റും വട്ടമിട്ടു പറക്കാറുണ്ട്

അവന്റെ നടപ്പിലെയും ഭവത്തിന്റെയും ക്ഷുദ്രഭാവത്തെ ആളുകൾ പല രീതിയിൽ വ്യാഖ്യാനിച്ചു

ചിലർ മുനിവര്യനാണെന്നു പറഞ്ഞപ്പോൾ ചിലർ ഭ്രാന്തനാണെന്ന് പറഞ്ഞു, ചിലർ വഴി തെറ്റി വന്ന അഘോരിയാണെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ നരഭോജിയാണെന്നു പറഞ്ഞു,

എങ്കിലും വെളുത്തേടനെ ഭയമായിരുന്നു എല്ലാവർക്കും, അയാൾ സഞ്ചരിരിക്കുന്ന വീഥികളിൽ തീണ്ടാപ്പാടകലെ മാത്രമേ ആളുകൾ നിൽക്കാറുള്ളോ

സ്ഥിരമായ് നടക്കാറുള്ള പാതയിൽ തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വെളുത്തേന് തോന്നി, തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ഏകദേശം 15 വയസ്സ് തോന്നിക്കുന്ന ഒരു ബാലനെ കണ്ടു, ബാലൻ അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു

അന്നാദ്യമായ ഭയത്തിന്റെ ഭീതിയില്ലാത്ത ഒരു ദൃഷ്ടി പതിഞ്ഞത് വെളുത്തേടൻ അറിഞ്ഞു, മുണ്ടിൻ തലപ്പിൽ നിന്നും ഒരു നുള്ള് ചിതാഭസ്മം അവന്റെ തിരുനെറ്റിയിൽ ചാർത്തി വെളുത്തേടൻ നടന്നകന്നു

ബാലൻ മനസ്സിലോർത്തു ഇന്നു രണ്ട് കണ്ടം പൂട്ടേണ്ടതാണ് അല്ലേൽ തമ്പാന്റെ വക 16 ചാട്ടയടി ഉറപ്പാണ്, അവൻ വയലിലേക്ക് ഓടി

രണ്ട് കുറ്റൻ മൂരികളുടെ ചുമലിൽ നുകം കെട്ടിവെച്ച് അവൻ തിടുക്കത്തിൽ ഉഴാൻ തുടങ്ങി , കാളക്കൂറ്റന്റ പുറത്ത് അവൻ ചാട്ട കൊണ്ട് ആഞ്ഞടിച്ചു,

ഓരോ മർദ്ധനത്തിലും കലപ്പയുടെ വേഗത കൂടിക്കൂടി വന്നു, ഇന്നലെ തനിക്ക് കിട്ടിയ ചാട്ടയടിയുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി ആ ബാലന്റെ പുറത്ത് കറുത്ത് തടിച്ച് നിൽക്കുന്ന ചാട്ടയടിയുടെ മുറിപ്പാട് ഉണ്ടായിരുന്നു അതവൻ ചേറുകൊണ്ട് വാരിപ്പൊത്തി,നേർത്ത നീറ്റൽ,

അവൻ അറിയാതെ മനസ്സിൽ ഓർത്തു കളഞ്ഞു പോയ താമ്പാന്റെ മെതിയടി കൈകൊണ്ട് എടുത്തതിന് കിട്ടിയ സമ്മാനം

ഉച്ചവെയിൽ എരിഞ്ഞാലേ വിശപ്പടക്കാനുള്ള കഞ്ഞി കിട്ടു, അതും കുഴിക്കുത്തി കുമ്പിളിൽ, അവൻ കണ്ടം പൂട്ടിക്കഴിഞ്ഞ് നേരെ കഞ്ഞിക്കായ് ചെന്നിരുന്നു

നിരനിരയായിരുന്ന അടിയാളൻമാരിൽ ഒരറ്റത്ത് അവന്റെ അച്ഛനും ഉണ്ടായിരുന്നു

കുമ്പിളിൽ നിന്നും കഞ്ഞി അവൻ ആർത്തിയോടെ കുടിക്കുമ്പോഴും, അവന്റെ ദീർഘദൃഷ്ടി തമ്പാന്റെ ഉമ്മറത്തേക്കായിരുന്നു,

ചാരിക്കസേരയിൽ നാലും കൂട്ടിമുറുക്കി ഇരിക്കുന്ന തമ്പാനെ അവൻ കണ്ണിൽ കത്തുന്ന തീക്ഷണതയോടെ നോക്കി,

തമ്പാൻ കേശവൻ നായരുടെ കൈയ്യിൽ വർണ്ണവിതാനമായ വെള്ളപ്പട്ടും വളയും കൊടുത്തു അയാളത് തീണ്ടാപ്പാടകലെ നിൽക്കുന്ന ചാത്തുണ്ണിക്ക് കൈയിൽ തൊടാതെ കൊടുത്തിട്ട് എന്തോ പറയുന്നുണ്ടായിരുന്നു

ചാത്തുണ്ണിയുടെ മുഖത്ത് അടക്കാനാകാത്ത സങ്കടം അണപ്പൊട്ടി ഒഴുകും പോലെ അവന് തോന്നി, അവന് എന്തൊക്കെയോ മനസ്സിലായ വിധത്തിൽ മുഖം അവിടെ നിന്നും തിരിച്ചു

അവൻ അച്ഛന്റെ കൂടെ കൂരയിലേക്ക് മടങ്ങി, ഒപ്പം ചാത്തുണ്ണിയും ഉണ്ടായിരുന്നു,

“കുഞ്ചു നീ പൊക്കോ ഞാൻ വന്നോളാം” അച്ഛൻ പറഞ്ഞു. അവൻ ശരിയെന്ന് മൂളി നടന്നു തുടങ്ങി,

പോകും വഴിയിൽ അവൻ കൊല്ലന്റെ ആലയിൽക്കയറി, ആയുധ നിർമ്മാണത്തെ കൗതുകത്തോടെയവൻ നോക്കിയിരിക്കാറുണ്ട്,

കനലിൽ പഴുപ്പിക്കുന്ന പച്ചിരുമ്പിനെ അവൻ അത്ഭുതത്തോടെ നോക്കിയിരുന്നു, കൊല്ലൻ മാടിയിൽ നിന്നും തിളങ്ങുന്ന ഇരുതല വാളൂരിയെടുത്ത് അവനെ കാണിച്ചു.

അവന്റെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി വിടർന്നു, തമ്പാൻ പറഞ്ഞുണ്ടാക്കിച്ചതാണ് ഇരുതലയും മൂർച്ചയുള്ള വാൾ, വജ്രം വെട്ടിമുറിക്കാൻ കെൽപ്പുണ്ട് ഇതിന് കൊല്ലൻ പറഞ്ഞു

അവൻ ആ വാൾ തിരിച്ചും മറിച്ചും പിടിച്ച് നോക്കി, കൊള്ളാം വെട്ടൊന്ന് മുറി രണ്ട് അവൻ മനസ്സിൽ പറഞ്ഞു, കൊല്ലൻ ആ വാൾ മാടിയിൽ തന്നെ എടുത്തു വെച്ചു

സന്ധ്യ മയങ്ങി അവൻ ഉമ്മറത്തിണ്ണയിൽ മയങ്ങാനായി കിടന്നു , അകലെ നിന്നും ഒരാൾ തീപ്പന്തവുമായി നടന്നു വരുന്നത് പോലെ അവന് തോന്നി അരികിലേക്ക് എത്തും തോറും അവന് മുഖം വ്യക്തമായും മനസ്സിലായി തന്റെ കൂരക്ക് മുൻപിലൂടെ ആ മെതിയടി ശബ്ദം കടന്നു പോയപ്പോൾ അവൻ നെടുവീർപ്പോടെ ഉള്ളിൽ പറഞ്ഞു തമ്പാൻ ……….

ചാത്തുണ്ണിയുടെ കുരക്കു മുൻപിൽ പന്തം കെടുത്തി അയാൾ ഉള്ളിലേക്ക് പോകുന്നത് അവൻ കണ്ടു, ഒപ്പം ദൂരെ വയലോരത്ത് നിലാവിനെ നോക്കിയിരുന്ന് വിതുമ്പുന്ന ചാത്തുണ്ണിയെ അവൻ ദയനീയതയോടെ ഒന്നു നോക്കി

ഉമ്മറത്തിണ്ണയിൽ കിടന്ന് അവൻ മയങ്ങുകയായിരുന്നു മഞ്ചാടിക്കുന്നിലെ വെളുത്തേടന്റെ പതിവിനേക്കാൾ ഉച്ചത്തിലുള്ള അലർച്ച കേട്ടവൻ ഞെട്ടിയെണീറ്റു.

ചാത്തുണ്ണിയുടെ കൂരയിലേക്ക് അവൻ എത്തി നോക്കി, തമ്പാൻ മുണ്ടിന്റെ മടിക്കുത്ത് കയറ്റി മുറുക്കിയെടുത്ത് പന്തവുമായി തിരികെ നടക്കുന്നുണ്ടായിരുന്നു.

നേരം വെളുക്കും മുൻപേ അവൻ പുഴയോരത്തേക്ക് നടന്നു പതിവിനു വിപരീതമായി വെളുത്തേടൻ എത്തിയിരുന്നില്ല. അവൻ നിരാശയോടെ നാൽക്കവലയിലേക്ക് നടന്നു

കവലയിലെ ഒരു മൂലയിൽ ഒരു പറ്റം ചെറുപ്പക്കാർ സംഘടിച്ച് എന്തൊക്കെയോ രഹസ്യങ്ങൾ പങ്കുവെക്കുന്നുണ്ടായിരുന്നു. അവൻ കാത് കൂർപ്പിച്ചത് കേൾക്കാൻ ശ്രമിച്ചു.

സഖാവേ എന്നും ഈ അടിമകളെപ്പോലെ ജീവിച്ചാൽ മതിയോ, നമുക്കും വേണ്ടേ മോചനം, കേരള നാട്ടിലെ പലയിടത്തും അടിമത്തത്തെ തുടച്ച് നീക്കിയത് നമ്മുടെ സംഘടനയല്ലേ, ഇവിടം മാത്രമെന്താ ഇങ്ങനെ, പ്രതികരിക്കണം, കൊത്തിയരിഞ്ഞ് വയലിൽ താത്തണം,

വേറൊരുത്തൻ മറുപടിയായ് പറഞ്ഞു. കുറച്ചു കൂടെ കാക്കണം സഖാവേ, ഇപ്പോൾ നമ്മുടെ അവസ്ഥ മോശമാണ്, സംഘടനക്ക് ശക്തി പോര, ഒരു ബീഡി വലിക്കാൻ പോലും ഇരുട്ടിന്റെ മറവേണം നമുക്ക്. “പ്രതികരിക്കണം സഹികെടുമ്പോൾ മാത്രം ” അത് വരെ ക്ഷമിക്കുക.

മുഴുവനായും അവന് മനസ്സിലായില്ലെങ്കിലും അവസാനം പറഞ്ഞ വാചകങ്ങൾ അവന്റെ മനസ്സിൽ മുഴങ്ങി, “പ്രതികരിക്കണം സഹികെടുമ്പോൾ മാത്രം ” അവൻ മൂരിക്കുട്ടൻ മാരുമായി വയലോരത്തേക്ക് നടന്നു,

തലേ ദിവസം രാത്രിയിലുണ്ടായ കാര്യങ്ങൾ അവന്റെ മനസ്സിലെ പകയുടെ കനലിന്റെ എരിച്ചൽ കുട്ടി, സിരകളിലേക്ക് രക്തം തിളച്ച് കയറി

പണി കഴിഞ്ഞവൻ കഞ്ഞിക്കായ് അടിയാളക്കൂട്ടരുടെ നടുവിൽ ഒരു നിരയിൽ വന്നിരുന്നു, അവൻ അച്ഛനെ ആ വരികളിലെവിടെയോ തിരയുന്നുണ്ടായിരുന്നു എത്ര തിരഞ്ഞിട്ടുo അവന് അച്ഛനെ കണ്ടെത്താനായില്ല,

അവന്റെ കണ്ണുകൾ തമ്പാന്റെ മണിമാളികയുടെ ഉമ്മറത്തേക്ക് പതിഞ്ഞു. തമ്പാൻ ഉമ്മറത്ത് ചാരിക്കസേരയിൽ ഇരുന്ന് നാലും കൂട്ടിമുറുക്കുന്നുണ്ടായിരുന്നു, 10 അടി ദൂരെ മാറി കുതിർന്ന കണ്ണുകളുമായ് തന്റെ അച്ഛൻ വലതു കൈ കൊണ്ട് മൃഷ്ടാനം പൊത്തി നിൽക്കുന്നുണ്ടായിരുന്നു

തമ്പാൻ അടുത്തേക്ക് വന്ന് കൽപ്പിച്ചു. ‘ചുപ്പാ……, കുറുമ്പയോട് രാത്രി കാത്തിരിക്കാൻ പറയണo, ഈ വെള്ളപ്പട്ട് അവൾക്കുള്ളതാണ് അണിഞ്ഞൊരുങ്ങി ഇരിക്കാൻ പറയണം, പിന്നെ അർദ്ധരാത്രി കഴിഞ്ഞ് കണ്ടില്ലേൽ കാക്കണ്ട കിടന്നോളാൻ പറഞ്ഞേക്ക്, നമ്മുടെ അന്തർജനം വാശി പിടിച്ചാൽ വേറെ നിവൃത്തി ഇല്ലല്ലോ, ല്ലേ കേശവാ???.

അതെ താമ്പാ, കേശവൻ വെള്ള പട്ടുവസ്ത്രം ചുപ്പനു നേരേ നീട്ടി അയാളത് വാങ്ങി മടങ്ങി, കുഞ്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, കുമ്പിൾക്കുത്തിയ കുഴിയിലെ കഞ്ഞിക്ക് കണ്ണീരിന്റെ കയ്പ് രുചി,

അടങ്ങാത്ത പക ഉളളിൽ വെച്ചു കൊണ്ട് അവൻ അവിടെ നിന്നു ഇറങ്ങി നാൽക്കവലയിലെത്തിയപ്പോഴാണ് ആ തളർത്തുന്ന വാർത്ത അവൻ കേട്ടത് , വെളുത്തേടൻ മരിച്ചു –

കവലയിൽ ആകെ ആഹ്ലാദ തിമർപ്പായിരുന്നു, മരണ വാർത്തയിൽ ദു:ഖിച്ചത് അവൻ മാത്രം, വാർത്ത കേട്ടയുടനെ മഞ്ചാടിക്കുന്നിന്റെ മുകളിലേക്ക് അവൻ കുതിച്ചു , അവൻ എത്തുമ്പോഴേക്കും വെളുത്തേടന്റെ ചിത എരിഞ്ഞമർന്നിരുന്നു ചിതക്ക് മുൻപിലിരുന്ന് അവൻ ഒറ്റക്ക് വിതുമ്പി

സന്ധ്യ മയങ്ങി, താഴ്വാരത്തെ വഴി കല്ലും മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞതായിരുന്നു, നടന്നു നീങ്ങുമ്പോൾ കാലിൽ മുള്ളിന്റെയും കുപ്പിച്ചില്ലിന്റെയും മർദ്ധനമേൽക്കുന്നുണ്ടെങ്കിലും മുറിവിന് തെല്ലു നീറ്റൽ പോലും അവന് തോന്നിയില്ല,

കാലിൽ നിന്നും ചോര വാർന്നൊലിക്കുമ്പോഴും വേദന തോന്നിയില്ല, കണ്ണിലെ പകയുടെ കനൽ ആളിക്കത്തുന്നതു കൊണ്ടായിരിക്കണം, അവന്റെ മനസ്സിൽ മണിനാദം പോലെ ആ വാക്കുകൾ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. “പ്രതികരിക്കണം സഹികെടുമ്പോൾ മാത്രം “

നടന്നു നടന്ന് അവൻ കൊല്ലന്റെ ആലയ്ക്കടുത്തെത്തി, ആലയുടെ മാടിപ്പുറത്തേക്ക് അവന്റെ ദൃഷ്ടി പതിഞ്ഞു; മാടിയിലേക്ക് പറ്റിപ്പിടിച്ച് കയറി തിളങ്ങുന്ന ഇരുതല വാളെടുക്കുവാൻ തന്റെ കായിക ശേഷിയുടെ പകുതിപോലും വേണ്ടി വന്നില്ല’.

നേരം ഇരുട്ടി. വാളിന്റെ മുനത്തലപ്പ് ചേറിൽ കുത്തിവെച്ച് അതിൻമേൽ കൈയ്യൂന്നി അവൻ തമ്പാനേയും കാത്തിരുന്നു

അകലേ നിന്നും പന്തത്തിന്റെ വെളിച്ചം, പന്തം അടുത്തടുത്ത് വരുമ്പോൾ അവന്റെ ഹൃദയമിഡിപ്പിന്റെ താളം കൂടിക്കൂടി വന്നു, കൈകളിലേക്ക് എങ്ങുനിന്നോ ശക്തി കൂടിക്കയറിയ പോലെ അവന് തോന്നി, അവൻ തൊട്ടടുത്ത വാഴക്കൂട്ടങ്ങളുടെ മറയിൽ ഒളിച്ചിരുന്നു

തമ്പാൻ അടുത്തെത്തിയപ്പോൾ വാഴത്തലപ്പിന്റെ മറ നീക്കി അവൻ അലറിക്കൊണ്ട് വന്നു തമ്പാന്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി , ചാണകമണമുള്ള ചേറിൽ അയാൾ കമഴ്നടിച്ച് വീണു.

ചേറിൽ നിന്നും വാൾ വലിച്ചൂരി അവൻ തമ്പാന്റെ പുറത്ത് കുത്തിക്കയറ്റി മുഖം ചേറിൽ ചവിട്ടിപ്പിടിച്ചു, അവസാന ശ്വാസം കഴിയും വരെ അവൻ കാത്തു നിന്നു, തമ്പാൻ പിടഞ്ഞു പിടഞ്ഞു മരിച്ചു

ചേറിന്റെ മണം കണ്ടത്തിൽ നിന്നും നീങ്ങി ചോരയുടെ മണം നിറഞ്ഞു നിന്നു, തന്റെയും തന്നെ പോലുള്ള അടിയാളൻ മാരുടെയും ചോര വളമാക്കിയ വയലാണിത് അവൻ ഓർത്തുകൊണ്ട് അട്ടഹസിച്ചു,

തമ്പാന്റെ തീപ്പന്തം അവൻ ചേറിൽ മുക്കിക്കെടുത്തി ദേഹത്തു കിടന്ന വെള്ളമുണ്ട് അവൻ ചോരയിൽ മുക്കി പന്തത്തിന്റെ വടിയിൽ കൊടിപോലെ കെട്ടി വരമ്പത്ത് കുത്തിവെച്ചു

കുറച്ച് നേരം അവനതിലേക്ക് നോക്കി നിന്നു, ബീഡി വലിക്കാൻ പോലും ഇരുളിന്റെ സഹായം തേടുന്ന യുവാക്കളോട് അവന് പുച്ഛം തോന്നി. ചേതനയറ്റ മൃതദേഹവുമായ് അവൻ മഞ്ചാടിക്കുന്ന് കയറി,

തമ്പാന് ചിതയൊരുക്കി , എരിഞ്ഞമർന്ന വെളുത്തേടന്റെ ചിതാഭസ്മം ചൂടോടെ തന്നെ ദേഹമാസകലം പുരട്ടിക്കൊണ്ട് പാറ മുകളിലേക്ക് കയറി നിന്നു വിദൂരതയിലെ ശാന്തതയെ തല്ലിക്കെടുത്തിക്കൊണ്ട് അവൻ ആഞ്ഞൊന്നലറി

അവന്റെ അലർച്ച നാൽക്കവലയാകെ വലം വെച്ചു വന്നു, പതിവു തെറ്റാതെ അത്തിക്കുന്നിലെ കാലൻകോഴികൾ മൗനം പാലിച്ചിരുന്നു, എങ്ങും ശാന്തത നിറഞ്ഞു നിന്നു

ഇത്രനാളും അലർച്ചയെ ഭയന്ന് വിളക്കണച്ച് കിടക്കാറുള്ള കുറുമ്പ അന്ന് ആ അലർച്ച കേട്ടപ്പോൾ ആഹ്ലാദത്തിൽ ആറാടി,

“വെളുത്തേടന്റെ അലർച്ച ” അർദ്ധരാത്രി കഴിഞ്ഞു ഇനി തമ്പാൻ വരില്ല,

വെളുത്തേടന്റെ ആത്മാവ് തന്നെ സമയം അറിയിച്ചതാണെന്നവൾ വിശ്വസിച്ചു, അവൾ മനസ്സിൽ നന്ദി പറഞ്ഞു.

“പതിവു തെറ്റാതെ വെളുത്തേടൻ അലറിക്കൊണ്ടിരുന്നു അടിമത്വത്തിനെതിരെ അനീതിക്കെതിരെ ,അന്യായത്തിനെതിരെ “

Related Posts

Leave a Reply

Your email address will not be published. Required fields are marked *