മഴയത്തൊരു ടീവീ
എഴുത്ത്: അച്ചു വിപിൻ
കഥയല്ല ഒരനുഭവം ആണേ….
1995_ലെ ഒരു പെരുമഴക്കാലം സ്കൂൾ വിട്ടു വന്നു ഓടിട്ട വീടിന്റെ ഇറയത്തിരുന്നു അവിൽ നനച്ചതു തിന്നു കൊണ്ടിരിക്കുമ്പോഴാണ് ഒന്നിൽ പടിക്കണ അനിയൻ പുറകിലൂടെ വന്നെന്റെ ചെവിയിൽ ആ സ്വകാര്യം പറയുന്നത്
എടി ചേച്ചി ടീവിയിൽ പുതിയ കാർട്ടൂൺ തുടങ്ങി.. ജംഗിൾ ബുക്ക് എന്നാ പേര് നല്ല രസാത്രെ കാണാൻ…
(അന്ന് വീട്ടിൽ ടീവിയില്ല..ബീവറേജ് കോർപറേഷനിലെ താത്കാലിക ജീവനക്കാരൻ ആയ അച്ഛൻ അന്നത്തെ അന്നത്തിനു തന്നെ ഓടി നടക്കുമ്പോൾ ടീവി വേണം എന്നൊരാഗ്രഹം പലപ്പഴും പറയാതെ ഇരുന്നു…)
അതിപ്പോ എങ്ങനെ കാണാനാട നമ്മടെ വീട്ടിൽ ടീവി ഇല്ലല്ലോ? തിന്നു കൊണ്ടിരുന്ന അവിൽ ഇറങ്ങി പോകാൻ ഇച്ചിരി കട്ടൻ ചായ കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
നമ്മടെ വീട്ടിൽ ഇല്ലേലെന്താടി അപ്പുറത്തെ വനജച്ചേച്ചിയുടെ വീട്ടിൽ ഉണ്ടല്ലോ?(വീടിനടുത്തു ടീവീ ഉള്ളത് അവരുടെ വീട്ടിൽ മാത്രമാണ്..)
പിന്നെ അങ്ങട് ചെന്ന മതി വാ മക്കളെ എന്ന് പറഞ്ഞു അവരിപ്പോ കയറ്റി ഇരുത്തി കാണിക്കും..ഇവിടെ ആ ഓം നമശിവായേം ജയ് ഹനുമാനും ശക്തിമാനും ഒക്കെ എങ്ങനെ കാണുമെന്നു ആലോചിച്ചിരിക്കുമ്പഴാ അവന്റെ ഒരു ജംഗിൾ ബുക്ക്.. പോയി ബാഗിൽ നിന്നും വല്ല ബുക്കുമെടുത്തു പഠിക്കാൻ നോക്കട…
അങ്ങനെ പറയല്ലെടി… നമുക്കൊന്ന് പോയി നോക്കാം..ഇത്തവണ കാണാൻ പറ്റും എനിക്കുറപ്പാ… നമുക്ക് അമ്മയോട് ചോദിച്ചിട്ടു പോയാലോ?ചെക്കൻ വിടുന്ന മട്ടില്ല…
മ്മ് ..മോൻ നോക്കി ഇരുന്നോ ഇപ്പൊ പോയി കാണാം..അമ്മ അങ്ങട് വിടുമെന്ന് മോൻ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട…അയലത്തെ വീട്ടിലൊക്കെ തെണ്ടി നടക്കണത് അമ്മക്കിഷ്ടല്ലെന്നു നിനക്കറിയില്ലേടാ ചെക്കാ..
അവൻ പിന്നെ മിണ്ടിയില്ല..കുറച്ചു കഴിഞ്ഞപ്പോ പുറകിൽ നിന്നും പട്ടി എക്കിൾ ഇടുന്ന പോലത്തെ ഒരു ശബ്‌ദം ഞാൻ കേട്ടു ..തിരിഞ്ഞു നോക്കുമ്പോൾ ഇവൻ ഇരുന്നു മോങ്ങുന്നു…അല്ലേലും കരച്ചിൽ അവന്റെ അവസാനത്തെ അടവാണ് …
പണ്ടാരം..സ്കൂളിൽ നിന്ന് വന്നു കുറച്ചു ആശ്വാസം കിട്ടാനാ ഇച്ചിരി അവിൽ തിന്നുന്നത് ഈ ചെക്കൻ അതും കൂടി സമ്മതിക്കത്തില്ലല്ലോ ഞാൻ പറഞ്ഞു പോയി…
നീ വേണേൽ എന്റെ കൂടി തിന്നോടി അവൻ മൂക്കള തുടച്ചു കൊണ്ട് പറഞ്ഞു…
ഹാ….ധതാണ് ഇപ്പൊ ഒരു ആശ്വാസം ഒക്കെ ഉണ്ട്…കിടന്നു മോങ്ങണ്ട പോവാം,അവനു മാറ്റി വെച്ച അവിലിന്റെ പാതി കുത്തിക്കയറ്റികൊണ്ടു ഞാൻ പറഞ്ഞു …
അങ്ങനെ വൈകിട്ട് അമ്മ കുളിക്കാൻ പോയ നേരം നോക്കി ഞാൻ അവനുമായി വീട്ടിൽ നിന്നും ഇറങ്ങി…എന്റെ പെറ്റിക്കോട്ടിന്റെ പുറകിൽ പിടിച്ചവൻ നടന്നു…ചെറുതായി മഴ ചാറണ്ട്..ഞങ്ങൾ അത് വക വെച്ചില്ല കാരണം മനസ്സ് മുഴോനും ജംഗിൾ ബുക്കല്ലേ..
നടന്നു നടന്നു ഒടുക്കം അവരുടെ വീടിന്റെ അരമതിലിന്റെ അടുത്തെത്തി.. അവരുടെ നാലിൽ പഠിക്കുന്ന മോൻ അവിടിരുന്നു കാലുമ്മേൽ കാലും കയറ്റി ടീവീ കാണണ്ട്…നിലത്തിരുന്നാൽ നിക്കറു കീറി പോകും അമ്മാതിരി വണ്ണമാ ചെക്കന്…
ദേടി ചേച്ചി കരടി !!വാതിലിന്റെ വിടവിലൂടെ അവരുടെ ടീവിയിൽ നോക്കി അനിയൻ കൈകൊട്ടി …സന്തോഷം കൊണ്ടവൻ എന്നെ കെട്ടിപ്പിടിച്ചു..ഞാനും കണ്ടു വള്ളിയിൽ തൂങ്ങി ഊഞ്ഞാലാടുന്ന ഒരു ചെക്കന് താഴെ കൂടി ഓടി നടക്കുന്ന ഒരു തടിയൻ കരടി..കൊള്ളാലോ സംഭവം… എനിക്കതങ്ങു ബോധിച്ചു…
ഇത്തിരികുഞ്ഞൻ ആയോണ്ട് അവനു ശരിക്കും കാണാൻ വയ്യ..ഞാൻ ഒരു പ്രകാരത്തിൽ അവനെ എടുത്തു മതിലിന്റെ മുകളിൽ നിർത്തി…
ആ സന്തോഷം അധിക നേരം നീണ്ടില്ല ഞങ്ങൾ അവിടെ നിന്നും ടീവീ കാണുന്നത് ആ ചേച്ചി കണ്ടു..
മ്മ് എന്താ ഇവിടെ …അവർ വാതിൽ തുറന്നു പുറത്തു വന്നു..
ടീവി കാണാൻ വന്നതാ ചേച്ചി…ഞാൻ വിക്കി വിക്കി പറഞ്ഞു..അത് കേട്ടതും അവരുടെ മകൻ ചെന്ന് ടീവി ഓഫ് ചെയ്തു..
അയ്യോ കറന്റ് പോയല്ലോ പിള്ളേരെ… നിങ്ങള് പൊക്കോ ആ ചേച്ചി ഞങ്ങടെ നേരെ നോക്കി പറഞ്ഞു…..(സ്വന്തം കുഞ്ഞു തെറ്റ് ചെയ്തിട്ടും അത് ശരി വക്കുന്ന തരത്തിൽ ആയിരുന്നു അവരുടെ സംസാരം)
അയ്യോ അങ്ങനെ പറയല്ലേ ഒന്ന് വെക്ക് ചേച്ചി ഇച്ചിരി നേരം കണ്ടോട്ടെ എന്റെ അനിയൻ കരച്ചിലിന്റെ വക്കിലെത്തി…
കള്ളം പറയല്ലേ ചേച്ചി കറന്റ് പോയതല്ലല്ലോ ആ ചേട്ടൻ ഓഫ് ചെയ്തതല്ലേ ഞാൻ ചോദിച്ചു…
ആഹാ കൊള്ളാലോ കാന്താരി ടീവി കാണണെങ്കിലേ നിന്റെ ഒക്കെ തന്തയോട് പോയി മേടിച്ചു തരാൻ പറയെടി…ടീവി കാണാൻ വന്നിരിക്കുന്നു യാതൊരു ദയയുമില്ലാതെ അവർ വാതിൽ കൊട്ടി അടച്ചു..
ഞാൻ ഇപ്പൊ കരയും എന്ന മട്ടിലാണ് നിക്കുന്നത്..(ഞാൻ അങ്ങനെയാണ് കരച്ചിൽ വന്നാൽ ആരുടെ മുന്നിൽ നിന്നും കരയില്ല എവിടേലും പോയി ഒളിച്ചിരുന്ന് കരയും അതാണ് സുഖം)
വാതിൽ അടച്ചെടി അവൻ വിതുമ്പി..മോനോട് ഞാൻ പറഞ്ഞതല്ലേ ഇങ്ങടു വരേണ്ടെന്ന് …പോട്ടെ സാരോല്ല ഞാൻ കരച്ചിൽ കടിച്ചമർത്തി അവനെ അടുത്തേക്ക് ചേർത്ത് നിർത്തി..
നോക്കിക്കോ ഇന്ന് രാത്രി അവരുടെ ടീവി മിന്നലടിച്ചു കേടായി പോകൂടി അവൻ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു….
ചാറി കൊണ്ടിരുന്ന മഴ ആർത്തലച്ചു പെയ്തു..ഞാൻ അവനുമായി വീട്ടിലേക്കോടി…
ഈ സമയം ഞങ്ങൾ എവിടെ പോയെന്നറിയാതെ ഉമ്മറത്ത് തന്നെ വിഷമിച്ചു നിക്കുന്നുണ്ടായിരുന്നമ്മ…പറയാതെ പോയതിനു ചെന്ന വഴി ഒരു വീക്കെനിക്ക് കിട്ടി..
തല്ലല്ലേ അമ്മെ ജംഗിൾബുക്ക് കാണാൻ പോയതാ…ആ ചേച്ചി വാതിൽ അടച്ചു ഇനി പോവൂല..തല്ലു കിട്ടാതിരിക്കാൻ അനിയൻ ഉറക്കെകരഞ്ഞു…
ടീവി കാണാൻ വേറെ വീട്ടിൽ ചെന്നാൽ ഇങ്ങനത്തെ അനുഭവം ഒക്കെ ഉണ്ടാകുമെന്നു അമ്മ മുൻകൂട്ടി മനസ്സിലാക്കിയിരിക്കണം അതുകൊണ്ടാവണം ഞങ്ങളെ എവിടേം പോകാൻ അനുവദിക്കാഞ്ഞതും… പാവം അമ്മ സാരമില്ലട്ടോ എന്ന് പറഞ്ഞാ മഴയത്തിരുന്നു ഞങ്ങളെ കെട്ടിപിടിച്ചിരുന്നു കരഞ്ഞു…
രാത്രി അച്ഛൻ വന്നപ്പോ ഉണ്ടായതൊക്കെ അമ്മ അച്ഛനോട് പറഞ്ഞു..
മക്കളെന്തിനാ അവിടെ പോയത് അതോണ്ടല്ലേ അങ്ങനെ ഒക്കെ വന്നത് ഇനി അങ്ങട് പോണ്ടട്ടോ..നമ്മടെ ഇല്ലായ്മ മനസ്സിലാക്കി നമ്മൾ ജീവിക്കാൻ പഠിക്കണം എന്നച്ഛൻ പറഞ്ഞതോടെ ടീവി കാണണം എന്ന മോഹം തന്നെ അങ്ങടുപേക്ഷിച്ചു….നമുക്ക് കാണാൻ എന്തൊക്കെ കിടക്കുന്നു പിന്നെയാ ഒരു തുക്കടാ ടീവി എന്നൊക്കെ പറഞ്ഞു സ്വയം ആശ്വസിച്ചു…
ഒരാഴ്ച കഴിഞ്ഞു വൈകുന്നേരം മഴ തോർന്ന നേരം ഞാനും അനിയനും കടലാസ്സു കൊണ്ട് വഞ്ചി ഉണ്ടാക്കി കളിക്കുമ്പോഴാണ് മുറ്റത്തൊരോട്ടോ വന്നു നിക്കുന്നത്..നോക്കുമ്പോൾ അതിൽ അച്ഛനാണ്.. പതിവില്ലാത്ത വിധം അച്ഛന്റെ കയ്യിൽ വലിയൊരു ബോക്സും ഉണ്ടായിരുന്നു..ഞങ്ങളേം കൊണ്ട് അച്ഛൻ അകത്തു കയറി ആ ബോക്സ് പൊട്ടിച്ചു…
ദേണ്ടേടി ടീവി അനിയൻ തുള്ളി ചാടി…ഹോ അന്നേരത്തെ അവന്റെ ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..പുറത്താണേൽ നല്ല മഴയും..
ഞാൻ പതിയെ ചെന്നാ ടീവിയിൽ ഒന്ന് തലോടി പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടീവി ആണ് എന്നാലും വേണ്ടില്ല ജംഗിൾ ബുക്ക് കാണാലോ ഞാൻ ചിന്തിച്ചു പോയി..
വേഗം ശരിയാക്കച്ച നമക്കു ജംഗിൾ ബുക്ക് കാണാം…അവൻ ഓടി വന്നു പറഞ്ഞു..അച്ഛൻ കുറെ നേരം മെനക്കെട്ടിരുന്നു ഒരു പ്രകാരത്തിൽ അത് ശരിയാക്കി ദൂരദർശൻ ചാനെൽ വെച്ചു ..അച്ഛൻ ടീവി വച്ചതും ഇപ്പൊ വരാം എന്നമ്മയോടു പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി മഴയത്തൂടെ ഓടി..അൽപ നേരത്തിനകം തൊട്ടപ്പുറത്തെ വീട്ടിലെ കുട്ടനേം കുഞ്ചുവിനേം കാർട്ടൂൺ കാണിക്കാൻ വിളിച്ചോണ്ട് വന്നു അവരുടെ വീട്ടിലും ടീവി ഇല്ലായിരുന്നു…നമക്ക് ഒരു നല്ലകാലം വന്ന ഇല്ലാത്തവരെ ആദ്യം ഓർക്കണം എന്ന് അച്ഛൻ ഇടയ്ക്കു പറയുമായിരുന്നു വീട്ടിൽ ടീവി കൊണ്ടുവന്നപ്പോൾ അവരെയാണെനിക്കോർമ വന്നത്..ടീവി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവരും ആഗ്രഹിച്ചു കാണില്ലേ?
നനഞ്ഞ ഡ്രസ്സ് പോലും മാറാതെ ഒറ്റ ഇരിപ്പിൽ അന്ന് ഞാൻ അവരുടെ ഒപ്പം ജംഗിൾ ബുക്ക് കണ്ടു തീർത്തത് ഇപ്പഴും മനസ്സിൽ മായാതെ കിടപ്പണ്ടു….അന്നുണ്ടായ അവരുടെ ആ സന്തോഷം പിന്നെ ഒരിക്കലും വേറെ ആരുടെ മുഖത്തും ഞാൻ കണ്ടിട്ടില്ല….
പിറ്റേ ദിവസം മധുമോഹന്റെ സീരിയൽ കാണാൻ അടുത്തുള്ള ആളുകൾ വീട്ടിൽ വന്നതും കുശലം പറഞ്ഞതും സീരിയൽ കണ്ട ശേഷം പ്രായമായ അമ്മുമ്മമാർ മധുമോഹൻ ടിവിയുടെ ബാക്കിൽ കൂടി ഇറങ്ങി വരും എന്ന് പറഞ്ഞു അവിടെ ചെന്ന് നോക്കി നിന്നതും മറക്കാനാകാത്ത ഓർമ്മകൾ ആണ്..
വർഷങ്ങൾക്കു ശേഷം സ്കൂളിൽ പഠിപ്പിച്ചിരുന്ന സമയത്തു ചാരിറ്റിയുടെ ഭാഗമായി കുട്ടികളുമൊത്തു ഒരു വൃദ്ധസദനം സന്ദർശിക്കാൻ ഇടയായി..അവിടുത്തെ പ്രായമായ അമ്മമാർക്ക് കാണുവാൻ കുട്ടികൾ തന്നെ കാശ് പിരിച്ചു ഒരു ടീവി മേടിച്ചു കൊടുത്തു..അത് കാണുവാൻ വന്നിരുന്ന അമ്മമാരിൽ ഒരാളുടെ മുഖം എവിടെയോ കണ്ടുമറന്നതു പോലെ.. സംശയം തീർക്കാൻ ആയി തൊട്ടടുത്ത് നിന്ന സിസ്റ്ററോട് ഞാൻ അവരുടെ പേര് ചോദിച്ചു…സിസ്റ്റർ പറഞ്ഞ പേരു കേട്ട് ഞാൻ അറിയാതെ ഒന്ന് ഞെട്ടിയോ?
‘വനജ’……..
അവരെ ഇങ്ങനെ ഒരവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല…ഒക്കെ ദൈവനിശ്ചയം.. പണ്ട് കുട്ടികളായ ഞങ്ങൾ ടീവീ കാണാൻ ചെന്നപ്പോ അവർ ഒരു ദയവും കാട്ടാതെ വാതിലടച്ചു ഇന്നവർ അതെ പ്രായത്തിൽ ഉള്ള കുട്ടികൾ വാങ്ങി നൽകിയ ടീവീക്കു മുന്നിൽ ഇരുന്നു കൊച്ചുമക്കളെയും മകനെയും കാണാതെ വിഷമിക്കുന്നു …
NB: ഒന്നിലും അഹങ്കരിക്കരുത് …ചത്താൽ ചീഞ്ഞു നാറുന്ന ശരീരം കൊണ്ടാണ് നമ്മൾ എല്ലാവരും നടക്കുന്നത്…നാളെ നമ്മടെ ഒക്കെ അവസ്ഥ എന്താകുമെന്ന് പറയാൻ പറ്റില്ല..കഴിവതും മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കുക….ഇന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യുക നാളെ നമ്മൾ ഉണ്ടോ എന്നതിനു യാതൊരു ഉറപ്പുമില്ല…
പടത്തിന് കടപ്പാട് :Bibin thottunkal