താജ്മഹൽ ആണോടാ തെണ്ടി മറ്റൊരുത്തന്റെ ഭാര്യയ്ക്ക് സമ്മാനം കൊടുക്കുന്നെ.ഞാൻ പല്ലിറുമ്മി…..

എന്റെ മദാമ്മ കൊച്ചേ….

Story written by Ammu Santhosh

കല്യാണം കഴിഞ്ഞു പിന്നീടുള്ള ദിവസങ്ങളിലെ ഏറ്റവും മർമ്മപ്രധാനവും ശ്രമകരവും ആയ ജോലി എന്തെന്നെറിയാമോ സൂർത്തുക്കളെ…? ആലോചിക്കൂ പ്ലീസ്… കാട് കയറി ആലോചിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അത് മറ്റൊന്നുമല്ലന്നെ സമ്മാനങ്ങളുടെ വർണക്കടലാസുകൾ തുറന്ന്.. “ആഹാഅടിപൊളി”

“ദാരിദ്ര്യവാസി “(നമ്മളങ്ങോട്ട്‌ കൊടുത്തതോർക്കുമ്പോൾ വിളിച്ചു പോകുന്നതാ ).

“അലവലാതി” മുതലായ വിളിപ്പേരുകൾ ഒക്കെ മനസ്സിൽ വിളിച്ചു കണക്കെടുക്കുന്നതാണ് . ഇങ്ങനെ ദിവസങ്ങൾ എടുക്കും.

എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാനും അവളും കൂടി മൂന്ന് അല്ല നാല് ദിവസം എടുത്തു ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ചെയ്യാൻ. എനിക്ക് കിട്ടിയത് മിക്കവാറും എല്ലാം എന്നെ പോലെ തന്നെ തീരെ നിലവാരം ഇല്ലാത്തതായിരുന്നു. ഒരു പോസ്റ്റ്‌ കാർഡിൽ മൂന്നു സൂചി വരെ കുത്തി കവറിൽ ഇട്ടു തന്നിരിക്കുകയാ. ഇനി കൂടോത്രം വല്ലോമാണോ…? പിന്നേ ഒരു കവറിൽ ഇഷ്ടികക്കട്ട.സത്യം ആണ് ട്ടോ.. പിന്നെ കപ്പും സോസറും… കുരിശു വരെയുണ്ടായിരുന്നു സമ്മാനങ്ങളുടെ കൂട്ടത്തിൽ. ഇവളെ ഒന്നോർമിപ്പിച്ചതായിരിക്കും

അവൾക്കു കിട്ടിയത് ഉഗ്രൻ സമ്മാനങ്ങൾ തന്നെ.

കൂട്ടത്തിൽ ഒരു താജ്മഹൽ ഉണ്ടായിരുന്നു

അവൾ അത് എടുത്തു നോക്കി

“ഇത് ജസ്റ്റിൻ തന്നതാ “

ജസ്റ്റിൻ… അവനാര്?????

“എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ്‌ ടു വരെ ഞങ്ങൾ ഒന്നിച്ച പഠിച്ചത് “

അവൾ താജ്മഹൽ തലോടി.

“എന്നിട്ട് നീ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ?” “

ഞാൻ ചിരി അല്ല ഇളി അഭിനയിച്ചു

ഞാൻ ഒരു സത്യം പറയാം ട്ടോ. ലോകത്തിലെ തൊണ്ണൂറു ശതമാനം ഭർത്താക്കന്മാർക്കും ഭാര്യ അവരുടെ പുരുഷസുഹൃത്തുക്കളെക്കുറിച്ചു ഒത്തിരി സ്നേഹത്തോടെ പറയുന്നത് ഇഷ്ടം അല്ല. പക്ഷെ അവർ അത് കാണിക്കില്ല. മറിച്ചു തിരിച്ചാണെങ്കിൽ ഈ ഭാര്യമാർ ചിരവ, പിച്ചാത്തി, പലതരം ആയുധങ്ങൾ ഒക്കെ നമ്മൾ പാവം ഭർത്താക്കന്മാരോട് പ്രയോഗിച്ചു കളയും. അത് പോട്ടെ നമ്മളെ നമുക്കു അറിയാമല്ലോ…

“ജസ്റ്റിൻ അമേരിക്കയിലാണ്.. ഇത് അവന്റെ ഫ്രണ്ട് വഴി എനിക്ക് കൊടുത്തയച്ചതാ “അവൾ അതിൽ വീണ്ടും തലോടി

താജ്മഹൽ ആണോടാ തെണ്ടി മറ്റൊരുത്തന്റെ ഭാര്യയ്ക്ക് സമ്മാനം കൊടുക്കുന്നെ…? ഞാൻ പല്ലിറുമ്മി

ദൈവമേ അത് താഴെ വീണു പൊട്ടണെ!

ദിവസങ്ങൾ കഴിയുന്തോറും എന്റെ സമാധാനം കെടുത്തി അവനും അവന്റെ ഉണക്ക താജ് മഹാളും..

എന്ത് പറഞ്ഞാലും അവന്റെ പേരും പൊക്കി കൊണ്ട് വരും… ജസ്റ്റിൻ നല്ല പോലെ പാടും ഡാൻസ് ചെയ്യും…

ഒരിക്കലും കാണാതെ ഒരു ശത്രു അങ്ങനെ എനിക്ക് ഉണ്ടായി…

“ജസ്റ്റിൻ വരുന്നുണ്ട് ലീവിന് “

എന്റെ ഈശ്വര…. എന്റെ സമാധാനം പോയി.

“ജസ്റ്റിൻ നമ്മളെ പാർട്ടിക്ക് ക്ഷണിച്ചേക്കുവാ “

“എന്റെ പട്ടി വരും

പക്ഷെ പോകാൻ പട്ടിയില്ലാത്തതു കൊണ്ട് ഞാൻ തന്നെ പോയി …കണ്ടാലുടൻ ഇവൾ അവനെ കെട്ടിപിടിക്കുമോ എന്ന ഒരു ആധി ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ അല്ലേ…?ഭാഗ്യം പിടിച്ചില്ല.

ജസ്റ്റിൻ ഇവൾ പറഞ്ഞത് പോലെ തന്നെ സുന്ദരനും ധാരാളം തമാശ ഒക്കെ പറയുന്നവനും ആയിരുന്നു… പക്ഷെ എനിക്ക് അതിലും ഇഷ്ടം ആയതു അവന്റെ ഭാര്യ മദാമ്മ കൊച്ചിനെ ആയിരുന്നു. ഒരു പാവക്കുട്ടി മാതിരി.

“എന്നാലും നീ പറഞ്ഞില്ലല്ലോ? ” എന്റെ ഭാര്യ ലേശം പരിഭവത്തോടെ അവനോട്

“നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി “അവന്റെ ചിരി.

എനിക്ക് അങ്ങു ബോധിച്ചു.

ഇവൾക്കങ്ങനെ തന്നെ വേണം..

നല്ല ബെസ്റ്റ് ഫ്രണ്ട്. അവളുടെ ഒലക്കമേലെ ജസ്റ്റിൻ. തീർന്ന്

ഹോ ഒരു പടക്കം പൊട്ടിച്ചാലോ?

തിരിച്ചു വരും വഴി ഞാൻ ആ മദാമ്മ കൊച്ചിനെ ഒരു കാരണമില്ലാതെ പുകഴ്ത്തിക്കൊണ്ടേയിരുന്നു. എത്ര ഹൃദയവിശാലത കാണിച്ചാലും പെണ്ണുങ്ങൾ അത് മാത്രം സഹിക്കില്ല. ഇവളുടെ മുഖം വീർത്തു മുല്ലപ്പെരിയാർ ഡാം പോലെ,…

മുറിയില് വന്നപ്പോൾ ഞാൻ താജ്മഹൽ കയ്യിലെടുത്തു

“ഈ മദാമ്മ കൊച്ചുങ്ങൾക്കൊക്കെ എന്നാ നിറമാ അല്ലിയോ.?ദേ ഈ താജ് മഹലിന്റെ നിറം പോലെ ? “

അവളാ താജ്മഹൽ വലിച്ചൊരു ഏറും എനിക്കിട്ടു രണ്ടിടിയും

“ഇനി നിങ്ങളു മദാമ്മയുടെ മ എന്നാ വാക്ക് പറഞ്ഞാലുണ്ടല്ലോ….. കൊല്ലും ഞാൻ നോക്കിക്കോ ” സത്യം പറയാല്ലോ ഇടിക്കു നല്ല വേദന ഉണ്ടായിരുന്നു പക്ഷെ തകർന്നു തരിപ്പണം ആയി കിടക്കുന്ന അവന്റെ താജ്മഹൽ കണ്ടപ്പോൾ സൂർത്തുക്കളെ… ഹോ

“അപ്പോൾ നീ ജസ്റ്റിനെ കുറിച് പറഞ്ഞതോടി? ഞാൻ എന്തേലും പറഞ്ഞോ? ” ഞാൻ വെറുതെ വിഷാദം, സെന്റി, ശബ്ദം ഇടർച്ച, ഒക്കെ അഭിനയിച്ചു പറഞ്ഞു ഇതൊക്കെ കൃത്യം ടൈമിൽ നമുക്കു വരും.

അവളെന്തോ ആലോചിച്ചു. പിന്നെ എന്റെ മുഖത്തു നോക്കി

“അയ്യോ… എന്റെ പൊന്നിന് സങ്കടം ആയോ? ഇനി പറയൂല ട്ടോ “

അങ്ങനെ ജസ്റ്റിനും അവന്റെ താജ്മഹലും കട്ട്‌.

എന്റെ മദാമ്മ കൊച്ചേ നീ വെറും മദാമ്മയല്ല… എന്റെ മനസമാധാനം കാത്ത ദേവിയാണ് ദേവി..

Related Posts

Leave a Reply

Your email address will not be published. Required fields are marked *