എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഇന്റർവ്യൂന് എത്തിച്ചേരാൻ വൈകുമെന്ന് കണ്ടപ്പോൾ എനിക്ക് കൈനീട്ടാനായി ആദ്യം വന്നത് ഒരു ഓട്ടോ ആയിരുന്നു. ആള് ഉണ്ടായിരുന്നത് കൊണ്ട് അത് നിർത്തിയില്ല. പിന്നാലെ വന്ന കാറ് നിർത്തുമെന്ന് ഞാൻ കരുതിയതുമില്ല. അതിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
‘ലിഫ്റ്റ് പ്ലീസ്…’
വിൻഡോ ഗ്ലാസ്സ് താഴ്ന്നപ്പോൾ ഞാൻ പറഞ്ഞു. ശേഷം, പഞ്ചറായി റോഡരികിൽ നിർത്തിയ എന്റെ സ്കൂട്ടറിലേക്ക് നോക്കുകയും ചെയ്തു. ആ പ്രതിസന്ധിയും ധൃതിയും മനസിലാക്കിയത് കൊണ്ടാണൊ, മറിച്ച് ഞാനൊരു പെണ്ണ് ആയത് കൊണ്ടാണോ യെന്ന് അറിയില്ല, കയറിക്കോളൂവെന്ന് അയാൾ പറഞ്ഞു. ഫയലുമായി ഞാൻ ആ ആഡംബര കാറിനകത്തെ തണുപ്പിലേക്ക് പ്രവേശിച്ചു.
‘എവിടേക്കാണ് പോകേണ്ടത്..?’
“അകൗണ്ടന്റാണ്. ഒരു ഇന്റർവ്യൂയുണ്ട്. പ്ലാസ കോർണറിൽ..’
സീറ്റ് ബെൽട്ട് ഇട്ടതിന് ശേഷമാണ് ഞാൻ മറുപടി നൽകിയത്. സംസാരം വീണ്ടും തുടർന്നു. കയറി ചെല്ലാൻ പോകുന്ന കമ്പനി ഏതാണെന്ന് അറിഞ്ഞപ്പോൾ അയാൾ എന്നോട് ഒരു കാര്യം പറയുകയായിരുന്നു. താനുമായി സഹകരിക്കു മെങ്കിൽ ആ ജോലി കിട്ടാൻ വിളിച്ച് പറയാമെന്ന് മുന്നിലെ റോഡിൽ നോക്കി കൊണ്ടാണ് അയാൾ പറഞ്ഞത്.
‘വാട്ട് യു മീൻ…?’
അരിശത്തോടെയാണ് ഞാൻ ശബ്ദിച്ചത്. കൂടെ, അമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡാഷ്ബോർഡിന് മുകളിൽ വെച്ച എന്റെ ഫോണും മുഴങ്ങി. ഞാൻ എടുത്തില്ല. ആരെയെങ്കിലും ഒപ്പം കൂട്ടാൻ ഇറങ്ങാൻ നേരം പോലും അമ്മ പറഞ്ഞതാണ്. കേട്ടില്ല. ആരാണെന്ന് പോലും അറിയാത്ത ഒരാളുടെ കാറിൽ കയറിയ എന്റെ ബുദ്ധിക്കൊരു കൊട്ട് കൊടുക്കാനാണ് എനിക്ക് ആ നേരം തോന്നിയത്..
‘സോറി. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. ജോലി കിട്ടിയാൽ ചില വിവരങ്ങളൊക്കെ ചോർത്തി തരുമോയെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഐ ക്യാൻ ഗീവ് മണി ഫോർ ദാറ്റ്. മോർ ദാൻ യുവർ എക്സ്‌പെക്റ്റേഷൻ…’
ഒരു സിനിമാക്കഥ പോലെ ഞാൻ കേട്ടിരിക്കുകയാണ്. വ്യാപാരത്തിൽ താനുമായി മത്സരിക്കുന്നത് ആരായാലും തകർക്കുകയെന്ന ചിന്തയിലേക്ക് പണം മനുഷ്യനെ കൊണ്ടെത്തിച്ചതിൽ ആശ്ചര്യപ്പെടാനില്ല. പരസ്പരം കൊiല്ലിക്കുന്ന നിഗൂഢമായ ചിരിയാണ് പണത്തിനെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. കൂട്ടുക്കച്ചവടക്കാരന്റെ ചiതിയിൽ മനം നൊന്ത് ആത്മഹiത്യ ചെയ്ത എന്റെ അച്ഛനോളം കൂടുതൽ മറ്റൊരു വ്യക്തതയും ആ വിഷയത്തിൽ എനിക്ക് വേണ്ടിയിരുന്നില്ല. മറ്റൊരു അർത്ഥത്തിൽ ആ തീരുമാനത്തിലൂടെ അച്ഛൻ ഞങ്ങളേയും ചiതിക്കുകയായിരുന്നു…
‘ഒന്നും പറഞ്ഞില്ല…’
അയാൾ ശബ്‌ദിച്ചു. ‘നോ’ എന്ന് പറഞ്ഞാൽ ബിഗ് ‘നോ’ എന്ന് തന്നെയായിരുന്നു എന്റെ മറുപടി. മെറിറ്റിൽ കിട്ടുന്നുണ്ടെങ്കിൽ മാത്രം ആ ജോലി കിട്ടിയാൽ മതിയെന്നും ചേർത്തിരുന്നു. എന്റെ പ്രതികരണത്തിന്റെ കനം കൊണ്ടിട്ടാണോ യെന്ന് അറിയില്ല. ആ മധ്യവയസ്കന്റെ കണ്ണടയുടെ മുകളിലായുള്ള ഇടം നെറ്റിയിലെ മറുക് മേലോട്ടും താഴോട്ടുമായി പിടക്കുന്നുണ്ടായിരുന്നു…
അപ്പോഴേക്കും ഇറങ്ങേണ്ട ഇടം എത്തി. അതുകൊണ്ട് മാത്രം കൂടുതലായി അയാളോട് യാതൊന്നും പറയാൻ എനിക്ക് സാധിച്ചില്ല. കയറിയതിലും കൂടുതൽ ധൃതിയിലാണ് പ്ലാസ കോർണറിലേക്ക് നടക്കാൻ ഞാൻ ആ കാറിൽ നിന്ന് ഇറങ്ങിയത്. ലിഫ്റ്റ് തന്ന കാറ് കണ്ണകലത്തിൽ നിന്ന് മറയുന്നത് വരെ എനിക്കൊരു ഭയമുണ്ടായിരുന്നു. ആരൊക്കെയോ തീക്ഷണമായി എന്നെ ശ്രദ്ധിക്കുന്നത് പോലെ…
എന്ത് ലോകമാണല്ലേ ഇത്? നേരിടേണ്ടി വന്നത് നിസ്സാരമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. പരസ്പരം വീഴ്ത്താൻ ശ്രമിക്കുന്നയൊരു മാർക്കറ്റിന്റെ ബഹളമാണ് എന്റെ കാതുകളിലേക്ക് ഇറങ്ങുന്നത്. സുമുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉള്ളവർ പോലും പരസ്പരം വീഴ്ത്താൻ ശ്രമിക്കുന്നു. ആ ലോകത്ത് എന്നെ പോലെയുള്ള ഇല്ലാത്തവരുടെ സ്ഥിതി ഇങ്ങനെയൊക്കെ ആയതിൽ അത്ഭുതപ്പെടാനില്ല.
ഉടമയായാലും അടിമയായാലും പണമെന്ന് വന്നാൽ കൂട്ടിക്കുറച്ച് ലാഭത്തിലേക്ക് എത്തിക്കുകയെന്നേ ബഹുഭൂരിഭാഗം മനുഷ്യരും ചിന്തിക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ കാൽക്കാശിന് കാലാളുകളെ മുൻനിർത്തിയുള്ള പണക്കളത്തിലെ ചതുരംഗക്കളി സ്വയം പ്രഖ്യാപിത രാജാക്കൻമ്മാർ തുടരുക തന്നെ ചെയ്യും…
‘പ്ലീസ് വെയിറ്റ് ഹിയർ…’
ഇന്റർവ്യൂ ലെറ്റർ കൊടുത്തപ്പോൾ ഒരു ലേഡി സ്റ്റാഫ് എന്നോട് പറഞ്ഞതാണ്. ഫയലുമായി കാത്തിരിക്കുന്ന അഞ്ചാറ് പേരുടെ ഇടയിലേക്ക് ഞാനും ചേർന്നു. സ്കൂട്ടർ പഞ്ചറായത് തൊട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷമുള്ള കാര്യങ്ങളൊന്നും സുമുഖമായിരുന്നില്ലലോയെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അതിൽ ഉപരി നിനക്ക് ജോലി തന്നാൽ തനിക്കെന്ത് ഗുണമെന്ന് ഇന്റർവ്യൂ ചെയ്യാൻ അകത്ത് ഇരിക്കുന്ന ആൾ ചോദിക്കുമോയെന്ന ഭയവും തലയിൽ പിടിപെട്ടിരുന്നു…
ഏസിയിൽ ആയിരുന്നിട്ടും വല്ലാതെ വിയർത്തുപോയ നേരമായിരുന്നുവത്. ജീവിക്കാനായി ഇറങ്ങി പുറപ്പെടുമ്പോൾ എന്തും നേരിടാൻ സജ്ജമായിരിക്ക ണമെന്ന് അമ്മ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്. കായികമായി ആക്രമിക്കപെടാനുള്ള യാതൊരു സാഹചര്യങ്ങളിലേക്കും പോകാതിരിക്കുക. തനിക്ക് സ്വീകര്യമല്ലാത്ത വിഷയങ്ങളോടെല്ലാം വേണ്ടായെന്ന് ഒച്ചത്തിൽ പ്രതികരിക്കുക. കാടിനെക്കാളും കൂടുതൽ നാടിനെ ഭയക്കുക. ചിരിച്ചുകൊണ്ട് ചiങ്കിൽ കiത്തിവെക്കാൻ ആരെയും അനുവദിക്കാതിരിക്കുക…
വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തിലൊരു കൊള്ളാവുന്ന ജോലി കിട്ടുകയെന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. അന്വേഷിച്ചിടത്തോളം നല്ല കമ്പനിയാണ്. ഇന്റർവ്യൂ നന്നായി കൈകാര്യം ചെയ്യണം. അതിനായി അമ്മയോട് സംസാരിച്ചാൽ ഇത്തിരി ആശ്വാസവും ധൈര്യവുമൊക്കെ കിട്ടുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഹാൻഡ് ബാഗിൽ ഞാൻ കൈയ്യിടുന്നത്. പക്ഷെ, ഫോൺ ഇല്ലായിരുന്നു!
‘ഹേമ ഗംഗാദരൻ…!’
വിളിച്ചത് എന്നെയാണ്. ലിഫ്റ്റ് തന്ന ആ കാറിനകത്താണ് എന്റെ ഫോണെന്ന് അപ്പോഴേക്കും ഞാൻ കണ്ടുപിടിച്ചിരുന്നു. എന്തായാലും, ഇന്റർവ്യൂ അറ്റന്റ് ചെയ്യാമെന്ന തീരുമാനത്തോടെ ഞാൻ അകത്തേക്ക് പ്രവേശിച്ചു. ആ ക്യാബിനിൽ എന്നെ ചോദ്യം ചെയ്യാൻ ഇരിക്കുന്നുണ്ടായിരുന്നത് തല നരച്ച് തുടങ്ങിയ ഒരാളായിരുന്നു. നിർവികാരിതയോടെ ഞാൻ ഫയൽ നീട്ടി. അയാൾ അത് വാങ്ങിയില്ല. പകരം, നഷ്ടപ്പെട്ടുവെന്ന് തോന്നിയ എന്റെ ഫോണുമായി ഒരു കൈവെള്ള എന്റെ കണ്ണുകളിലേക്ക് നീളുകയായിരുന്നു. തുടർന്നാണ് ആ മനുഷ്യന്റെ മുഖം ഞാൻ ശ്രദ്ധിക്കുന്നത്. ശരിയാണ്. കണ്ണടയുടെ മുകളിലായുള്ള ഇടം നെറ്റിയിലെ ആ മറുക് അപ്പോഴും മേലോട്ടും താഴോട്ടുമായി പിടക്കുന്നുണ്ടായിരുന്നു…!!!