താനെന്താ ആളെ കളിയാക്കുവാണോ തന്നോട് പറഞ്ഞതല്ലേ കാര്യങ്ങളൊക്കെ ന്നിട്ട് പറ്റിക്കാനിറങ്ങിയേക്കാണോ…ഈ കൊച്ചൻ നേര് പറഞ്ഞ കാരണം, ഇല്ലായിരുന്നെങ്കിലോ….

Story written by DHANYA SHAMJITH

അവനിത് വരെ റെഡിയായില്ലേ അമ്മേ… അടുക്കളയിലേക്ക് കയറി കാച്ചി വച്ച പപ്പടമൊരെണ്ണം പൊട്ടിച്ച് വായിലേക്കിട്ടു കൊണ്ട് സുമേഷ് ചോദിച്ചു.

ആ, അവനാ പറമ്പി കാണും, നീ ചായ കുടി,ദാ നല്ല ചെമ്പാവരീടെ പുട്ടുണ്ട് പറമ്പീത്തെ ഞാലിപ്പൂവൻ പഴുത്തതും…

പുഞ്ചിരിയോടെ ദേവമ്മ പാത്രം എടുത്തു.

ശ്ശെടാ ഇന്നും പറമ്പിത്തന്നാണോ അവനറിയില്ലേ പോവണംന്ന്..

അവൻ അടുക്കള വാതിൽ കടന്നു.

നീയിത് കഴിക്കെന്റെ സുമൂ,,ന്നിട്ട് പോ…

ദാ വരുന്നമ്മേ…. അവനേം കൂട്ടട്ടെ…. അതും പറഞ്ഞ് സുമേഷ്പറമ്പിലേക്കിറങ്ങി.

കപ്പയും വാഴയും ചീരയും എന്ന് വേണ്ട സകല പച്ചക്കറികളും ആ പറമ്പിന്റെ സൗന്ദര്യം കൂട്ടുന്നുണ്ടെന്ന് അവന് തോന്നി..

ടാ……അവൻ വിളിച്ചു. മറുപടിയുണ്ടായില്ല.

ഗിരിയേ………. ഒന്നൂടി ഉച്ചത്തിൽ അവൻ ശബ്ദമുയർത്തി.

കൂ…… ഹോയ്…….. കുറച്ചകലെ നിന്നും ഒരു കൂവൽ കേട്ട് അവൻ അവിടേക്ക് നടന്നു.

നീങ്ങി നിന്നോ ഇല്ലേൽ വെള്ളമുണ്ട് ചോന്നമുണ്ടാവും, ചേമ്പിൻകൂടത്തിൽ മണ്ണ് വെട്ടിയിട്ട് ഗിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

നീയിവിടെ മണ്ണും വെട്ടി നിന്നോ, നേരംഎത്രയായീന്നറിയാവോ? പോണ്ടേ?

എങ്ങോട് പോണ്ടേന്ന്?

ദേ ഗിരി ചുമ്മാ പൊട്ടൻ കളിക്കല്ലേ, ഇന്ന് ചിറ്റോടത്ത് പോണംന്ന് നെനക്കറിയില്ലേ.

ഓ…. പെണ്ണ് കാണൽ, ഞാനത് മറന്നു.. ഗിരി ഒരു ചോട് മണ്ണ് കൂടി കൂടത്തിലേക്കിട്ടു.

നീയിങ്ങോട്ട് വരണുണ്ടോ, അരിശത്തോടെ സുമേഷ് തൂമ്പ പിടിച്ചു വാങ്ങി.

ഇതിപ്പം എത്രാമത്തെയാടാ എനിക്ക് തന്നെ മടുത്തു.. പാടത്തും പറമ്പിലും പണിയെടുക്കണോനെ വേണ്ടാന്ന് കേൾക്കാൻ ഇനീം വയ്യ… ഗിരി തോർത്തെടുത്ത് തോളിലിട്ടു.

എല്ലാരും ഒരേ പോലെയാവൂല..ചെന്ന് കാണുമ്പം തന്നെ പെണ്ണ് കിട്ടോ, അതൊക്കെ ഓരോ യോഗം പോലാ…. അതുമിതും പറഞ്ഞു നിക്കാണ്ട് ഒന്നു വായെന്റെ ഗിരിയേ..

ഇത്തവണേം കൂടിയേ ഞാനീ കോപ്രായത്തിനൊള്ളൂ, ഇതും ശരിയായില്ലേ മേലാ എന്നെ ഇപ്പരുപാടിക്ക് വിളിക്കര്ത് .. ഗിരി പറഞ്ഞു.

ഇല്ലെന്റളിയാ, ഇത് ഒറപ്പിച്ചട്ടേ നമ്മള് പോരൂ… സുമേഷ് ചിരിയോടെ അവന്റെ തോളിൽ കയ്യിട്ടു.

മേലാകെ വെയർപ്പാടാ മാറി നിന്നോ… കുപ്പായം ചീത്തയാവും.. ഗിരി തോൾ വെട്ടിച്ചു.

ഒന്നു പോയേടപ്പാ…. വെയർപ്പേ…. ടാ ഈ വെയർപ്പല്ലേടാ എന്റെ തടി.. തന്ത ചത്തപ്പം ഇനിയെന്ത് ന്ന് ഓർത്ത് പകച്ച് നിന്ന എന്നേം അമ്മേനേം കൈപിടിച് കൂടെ കൂട്ടാൻ മ്മടെ അമ്മേണ്ടാർന്നുള്ളൂ, അന്നുതൊട്ട് ഇന്നോളം ഇവടത്തെ വെയർപ്പാ സുമേഷിനെ ഇത്രേം ആക്കീത്…. നെന്റെ കുപ്പായാ ഇട്ട് നടന്നതും,ന്നിട്ട് വെയർപ്പാവൂത്രേ….. അവന്റെ സ്വരമിടറി.

സെന്റിയടിച്ച് ചളമാക്കണ്ട, ഇട്ട മേക്കപ്പൊക്കെ പോവൂട്ട സുമൂ…… ചിരിയോടെ ഗിരി അവനെ തോളോട് ചേർത്തു.

സത്യാണാ, പൗഡറ് പോയോടാ…. അവൻ കവിളിൽ തൊട്ടു.

പൗഡറ് മ്മക്ക് വീട്ടിചെന്നട്ടിടാം, അടുക്കളേൽ ചാരം കുറേ കാണും നീ ബാ……ഗിരി അവനേയും തള്ളിക്കൊണ്ട് വീട്ടിലേക്ക് നടന്നു.

**********************

ഇനിയെത്ര ദൂരോണ്ടെടാ, ഇപ്പ തന്നെ ഒന്നര മണിക്കൂറായി ഓട്ടം തുടങ്ങീട്ട്…. ഗിരി വാച്ചിൽ നോക്കി.

എത്തീടാ, ദാ അടുത്ത വളവ് തിരിയണ ആദ്യത്തെ വീടാന്നാ ആ നായര് പറഞ്ഞത്…. പറഞ്ഞു തീർന്നില്ല,, ദേ വഴിക്ക തന്നെ നിപ്പ്ണ്ട് കൊശവൻ നായര്….. ചേട്ടാ, വണ്ടി ഇവടെ ഒതുക്കിയേരെ സ്ഥലമെത്തി…. ഡ്രൈവറോട് പറഞ്ഞു കൊണ്ട് അവർ പുറത്തേക്കിറങ്ങി.

അവര് കൊറേ നേരായി കാത്തിര്ക്കണൂ, ങ്ങളിതെന്താത്ര വൈകിയേ?

ന്റ നായരേ,, ഈ കാട്ടുമൂല തപ്പിപ്പിടിച്ച് എത്താനേ ഇത്രേം നേരൊക്കെയാവും, അല്ല നായര് ഇന്നലേ വന്ന് കുറ്റിയടിച്ചാ… സുമേഷ് ചിരിച്ചു.

ഊതല്ലേ…….. നായര് ചെലപ്പം ഇന്നലെയോമിനിയാന്നോ ഒക്കെ വന്നെന്നിരിക്കും അത് ന്റ തൊഴിലാ..

ഹ,, പോട്ടെന്ന്, ഇവൻ ചുമ്മാ ചൊടിപ്പിക്കാൻ പറയണതാ… ഗിരി അയാളെ സമാധാനിപ്പിച്ചു.

ഇവന് ലേശമൊരെല്ല് കൂടുതലാ,, കൊഴപ്പോല്ല നാളെ നീയും നായരേന്നും വിളിച്ചോണ്ട് വരും… അയാൾ സുമേഷിനെ കടുപ്പിച്ചൊന്ന് നോക്കി കൊണ്ട് മുന്നോട്ട് നടന്നു.

നായര് കലിപ്പിലാണല്ലോടാ ഗിരിയേ….. കണ്ടിട്ട് പെണ്ണ് വീട്ട്കാര്ടെ വായീന്ന് കേട്ടിട്ട്ണ്ടാവുംന്നാ തോന്നണേ…

നീയൊന്ന് മിണ്ടാണ്ട് വാ സുമൂ… ഗിരി വീട്ടുമുറ്റത്തേക്ക് കയറി.

വന്നാട്ടെ …… എടിയേ.. ദേ ചെക്കനെത്തീട്ടോ, നാരങ്ങാ കലക്കിക്കോ.. പ്രായം കൂടിയൊരാൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

ഇത് അമ്മാവനാ, ഇത് മൂത്തോൾടെ ചെക്കൻ, അയാൾ പരിചയപ്പെടുത്തി.

അപ്പം ഇങ്ങേരാ അമ്മാനച്ഛൻ…..അളിയാ, വല്യ കൊഴപ്പൊല്ലാത്ത വീടാട്ടാ എളയ പെങ്കൊച്ചാവുമ്പം ഇത് ഓൾക്കാ… ചുറ്റുമൊന്ന് കണ്ണോടിച്ച് സുമേഷ് ഗിരിയുടെ ചെവിയിൽ പറഞ്ഞു.

മിണ്ടാതിരിയെടാ….. ഗിരി പതിയെ അവനെ നുള്ളി.

കൊച്ചിനെ വിളിച്ചേരെ, നേരം കളയണ്ട തിരിച്ച ങ്ങോട്ട് കൊറേ ദൂരം പോണ്ടതാ…. നായര് അക്ഷമനായി.

സീതേ …. മോളെയിങ്ങ് വിളിച്ചേരെ…. അയാൾ നീട്ടി വിളിച്ചു..

അല്ല മോന് എന്നതാ പണീന്നാ പറഞ്ഞത്? അയാൾ ചോദിച്ചു.

ബിസിനസ്സാ, ബിസിനസ്സ്…. പച്ചക്കറിയൊക്കെ മൊത്തായിട്ട് കയറ്റി അയക്കണ……. ഗിരി പറയും മുൻപ് നായര് ചാടിക്കയറി.

മോക്ക് കൊറേ ആലോചന വന്നതാ, സർക്കാര് ജോലിക്കാരനെ മതീന്നും പറഞ്ഞ് ഒക്കെ ഒഴിവാക്കി.. ഇതിപ്പം ബിസിനസ്സാവുമ്പം നല്ല വരുമാനൊക്കെ ഉണ്ടാവുലേ?

പിന്നില്ലാതെ, ചാക്കും പടിയല്യോ വിദേശത്തോട്ട് കയറ്റി വിടുന്നേ… നായര് ചിരിച്ചു കൊണ്ട് ഗിരിയെ നോക്കി. അവന്റെ മുഖത്തെ ദേഷ്യം കണ്ട് അയാൾ ചിരിയൊതുക്കി.

പെണ്ണിനെ വിളിച്ചാട്ടെ അയാൾ തിടുക്കപ്പെട്ടു.

അതേ… വിളിക്കാൻ നിക്കട്ടെ, നായര് പറഞ്ഞതൊക്കെ നൊണയാ,, എനിക്ക് ബിസിനസ്സൂല്ല വല്യ വരുമാനോം ഇല്ല…. ഞാനൊരു കൃഷിക്കാരനാ, മണ്ണീ പണിയെടുത്ത് കിട്ടണതാ ന്റ സമ്പാദ്യം… കള്ളം പറഞ്ഞിന്ന് വരെ ഞാനൊന്നും നേടീട്ടില്ല… ഗിരി എഴുന്നേറ്റു.

എന്താടോ നായരേ, ഇയാളിതെന്താ പറയണേ പെണ്ണിന്റെ അച്ഛന്റെ മുഖത്ത് ദേഷ്യം ഇരച്ചു.

അത് പിന്നെ…… നായര് വിക്കി…
.
താനെന്താ ആളെ കളിയാക്കുവാണോ തന്നോട് പറഞ്ഞതല്ലേ കാര്യങ്ങളൊക്കെ ന്നിട്ട് പറ്റിക്കാനിറങ്ങിയേക്കാണോ… ഈ കൊച്ചൻ നേര് പറഞ്ഞ കാരണം, ഇല്ലായിരുന്നെങ്കിലോ….

ഒരബദ്ധം പറ്റി,, എങ്ങനേലും ഇതൊന്ന് നടക്കാൻ വേണ്ടിയാ…. അയാൾ തല താഴ്ത്തി.

ഞങ്ങടെ കൊച്ച്ഇവടെ അധികപ്പറ്റല്ലടോ കണ്ണികണ്ട ചേറിലും ചെളീലും കെടക്കണവന് പിടിച്ച് കൊടുക്കാൻ….. ഇറങ്ങിക്കോണം ഇപ്പ, മേലാ ഈ വഴിക്ക് കാണര്ത് തന്നെ… അമ്മാവൻ കൈയ്യോങ്ങി.

അതേ കൈയ്യാങ്കളിയൊന്നും വേണ്ടമ്മാവാ, ഞങ്ങളിറങ്ങുവാ….നായര്ക്കൊരബദ്ധം പറ്റി ക്ഷമിച്ചേരെ..പിന്നേ…. നിങ്ങളീ പറഞ്ഞ ചേറിലും ചെളീലുമൊക്കെ കെടക്കണവൻ ഉള്ളോണ്ടാ വിഭവസമൃദ്ധമായിട്ട് വയറ് പൊട്ടാൻ പാകത്തിന് തിന്നണത്ന്ന് മറക്കണ്ട ട്ടാ….സുമേഷ് ചാടിയെഴുന്നേറ്റു.

നിങ്ങള് പറഞ്ഞത് നേരാ, നേരം പൊലരും മുമ്പേ ചേറ്റിലേക്കെറങ്ങണവനാ ഇവൻ, മുണ്ടും മുറുക്കി കൈക്കോട്ടങ്ങോട്ട് ഒരു പിടി പിടിച്ചാ ഒരായുസ് മുഴുവനും കഴിയാനുള്ളത് മണ്ണ് അവന് കൊടുക്കും.. ഇന്നേവരെ ആര്ടേം മുന്നില് കൈ നീട്ടേണ്ടി വന്നിട്ടില്ല, പഠിപ്പിനനുസരിച്ച് ജോലി കിട്ടീലാന്ന് പറഞ്ഞ് നടക്കണ ചെക്കൻമാരെപ്പോലെ നാട്ടാരേം വീട്ടാരേം ബുദ്ധിമുട്ടിക്കാതെ പറമ്പിലെ നിധി വാരിയോനാ എന്റെയീ ചങ്ങായി…

സർക്കാര് ജോലീം, അല്ലാത്തതും ഒരു പ്രായം വരേണ്ടാവൂ….ആരോഗ്യമുള്ളിടത്തോളം കാലം മണ്ണിനെ സ്നേഹിക്കണോന് പെൻഷൻ പരിധിയില്ല….ഏത് ജോലിക്കും അതിന്റേതായ മഹത്വോണ്ട്ന്ന് നിങ്ങളൊക്കെ എന്നാണാവോ പഠിക്കാ…. അവൻ പുച്ഛത്തോടെ പറഞ്ഞു.

നിനക്കൊള്ളവള് എവിടാണേലും ഞാൻ കണ്ടു പിടിച്ച് തരാ…. നീ വാടാ….. അവൻ ഒന്നും മിണ്ടാതെ നിന്ന ഗിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

അളിയാ,, സോറീടാ….. വണ്ടിയ്ക്കരികിലെത്തിയതും സുമേഷ് സങ്കടത്തോടെ അവനെ നോക്കി.

എന്തിന്, പോട്ടെ ടാ സുമൂ…. എന്റെ പെണ്ണ് ഇവടല്ലന്ന് കരുതിയാ മതീന്നേ….അല്ലെങ്കി തന്നെ കാണുമ്പ തന്നെ സെറ്റാവൂല്ലല്ലോ അതിനൊക്കെ ഒരു യോഗം വേണ്ടേടാ…. ഗിരി ചിരിച്ചു..

നീ വാ വന്ന് കേറ്…. ചെന്നിട്ടേ പറമ്പില് ലേശം കൂടി പണിയൊള്ളതാ….

“അതേ ചേട്ടാ….. ഒരു മിനിറ്റേ…….”

ഡോർ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയ ഗിരി പിന്നിലൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

കരിമഷിക്കറുപ്പിനാൽ നീണ്ട മിഴികളിലേക്കാണ്ടവന്റെ നോട്ടം ചെന്നെത്തിയത്… നെൽ കതിരു പോലൊരു പെങ്കൊച്ച്… അവൻ അത്ഭുതത്തോടെ സുമേഷിനെ നോക്കി, അവന്റെ മുഖഭാവവും അതുപോലെ തന്നെയായിരുന്നു.

ഞാനേ ദാ അപ്രത്തെ വീട്ടിലെയാ, ഓളെ ഒരുക്കാൻ വന്നതാ…ഈ ചേട്ടൻ പറഞ്ഞതൊക്കെ ഞാങ്കേട്ടായിരുന്നേ…. എന്താന്ന് വച്ചാലേ,, എനിക്കീ കൃഷിക്കാരെ വല്യ ഇഷ്ടാ, ന്റച്ഛനും നിങ്ങളെപ്പോലാർന്നു.

സ്കൂള് വിട്ട് വരുമ്പം നല്ല കാച്ചില് പുഴുങ്ങീതും തൊടീലെ ഭ്രാന്തൻ മൊളക് ഞെരടീതും ഒരുക്കി വച്ചേച്ച് ഇരിപ്പുണ്ടാവും വരാന്തേല്…. ദിപ്പഴും അയ്ന്റ രുചി നാവിമ്മേന്ന് പോയിട്ടില്ല.. പക്ഷേങ്കി യോഗല്യാർന്നൂ, പിറ്റത്തെ കൊല്ലം മഴക്കാലത്ത് കാച്ചില് കൂട്ടാൻ ആള് ഇരുന്നില്ല…

അച്ഛനെപ്പഴും പറയും മണ്ണിനെ അറിയണോനെ പെണ്ണിനേം അറിയാമ്പറ്റൂന്ന്……..ഇതൊക്കെയിപ്പം എന്തിനാ നിങ്ങളോട് പറയണേന്നല്ലേ രണ്ടാളും വിചാരിക്കണേ…..കണ്ണും മിഴിച്ച് നിന്നിരുന്ന സുമേഷിന് മുന്നിലേക്ക് അവൾ നിന്നു.

പറമ്പില്പണിക്ക് പോവുമ്പം ലേശം കഞ്ഞീം ചമ്മന്തീം കൊണ്ട് കൊട്ക്കാൻ ഒരാളെ ആവശ്യോണ്ടെങ്കി ഞാൻ റെഡിയാന്ന് ഈ ചേട്ടനോട് പറഞ്ഞേക്ക് ട്ടോ…… അതും പറഞവൾ ഗിരിയെയൊന്ന് നോക്കി.

ചങ്കിലേക്ക് കൊളുത്തി വലിക്കുന്ന കണ്ണുകളുടെ പെടപ്പിൽ അവനറിഞ്ഞു അവളുടെയാ പറച്ചിലിൽ എല്ലാമുണ്ടെന്ന്… പതിയെ പതിയെ ഒരു പുഞ്ചിരി വിടർത്തിക്കൊണ്ട് അവൻ അവളെ നോക്കി മെല്ലെ തലയാട്ടി…. അത് കാണവേ തുടുത്ത മുഖവുമായി അവൾ തിരിഞ്ഞു നടന്നു.

പെങ്ങളെ…… ഇപ്പറഞ്ഞതൊക്കെ നേരാണെങ്കി ഞങ്ങളിപ്പ തന്നെ വരട്ടേ വീട്ടിലോട്ട്? സുമേഷ് അതിരറ്റ ആഹ്ളാദത്തോടെ ചോദിച്ചു.

ഒരു താലീം വാങ്ങി പോരാൻ പറ ചങ്ങാതിയോട്….. നടക്കുന്നിതിനിടയിൽ അവൾ കിലുകിലെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അല്ല അപ്പം എങ്ങനാ പേര്??? അവൻ ഉറക്കെ ചോദിച്ചു.

അവളൊന്ന് തിരിഞ്ഞു,, പിന്നെ പുഞ്ചിരിയോടെ കണ്ണൊന്നിറുക്കിക്കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു….

“മഴ”….

ഒരു കുളിർമഴ പോലെ അവളകലുന്നത് വരെ ഗിരി അവിടെ നിന്നു…

ഗിരിയേ……… സുമേഷ് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവനെ തോണ്ടി…

യോഗം……. അല്ലേടാ അളിയാ……

പൊട്ടിച്ചിരിച്ചു കൊണ്ട് അവൻ ചങ്ങാതിയെ എടുത്തുയർത്തി… എവിടുന്നോ ഒരു നനുത്ത മഴ അവർക്ക് മേലെ വീണു കൊണ്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *