തീർച്ചയായും, ഞാൻ ചേട്ടൻ്റെ ഒരു ഫാനാണ്, ചേട്ടൻ്റെ ചില വീഡിയോസൊക്കെ ഞാൻ പല പ്രാവശ്യം കാണാറുണ്ട്…

Story written by Saji Thaiparambu

രതീഷ് തൻ്റെ എഫ് ബി യിലൂടെ സ്ക്റോൾ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു മെസ്സഞ്ചർ വൃത്തം സ്ക്രീനിലേക്ക് വന്ന് വീണത്

ഉടനെ തന്നെ അയാളതിനെ കുത്തിപ്പൊട്ടിച്ച്, അതയച്ചത് ആരാണെന്ന് നോക്കി.

പ്രണയിനി എന്നായിരുന്നു പ്രൊഫൈൽ നെയിം, പക്ഷേ പിക്ചറിൻ്റെ സ്ഥാനത്ത് ഒരു റോസപ്പൂവിൻ്റെ ചിത്രമാണുള്ളത്

അതൊരു പെണ്ണാണെന്നറിഞ്ഞപ്പോൾ അയാളുടെ മനസ്സിൽ ലഡ്ഡു പൊട്ടി

ഹായ് ,പറയു…

അയാൾ ആവേശത്തോടെ അവളോട് പറഞ്ഞു

ചേട്ടൻ്റെ പോസ്റ്റുകളൊന്നും ഇപ്പോൾ എഫ് ബിയിൽ കാണുന്നില്ലല്ലോ?

ആ ചോദ്യം അയാളെ കുളിരണിയിച്ചു , തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് ,അയാളിൽ ആവേശമുണർത്തി

അത് പിന്നെ.. ഞാൻ കുറച്ച് തിരക്കിലായിരുന്നു ,കുട്ടി എൻ്റെ എല്ലാ പോസ്റ്റുകളും നോക്കാറുണ്ടോ ?

തീർച്ചയായും, ഞാൻ ചേട്ടൻ്റെ ഒരു ഫാനാണ് ,ചേട്ടൻ്റെ ചില വീഡിയോസൊക്കെ ഞാൻ പല പ്രാവശ്യം കാണാറുണ്ട്.

ഓഹ് റിയലി?

അയാൾ ആകാശത്തേക്കുയർന്നു.

എങ്കിൽ ഞാൻ, ഇന്ന് ടിക് ടോക്കിൽ ചെയ്തൊരു വീഡിയോ, ഇപ്പോൾ പോസ്റ്റ് ചെയ്യുന്നുണ്ട്, കണ്ടിട്ട് എങ്ങനെയുണ്ടെന്ന് പറയണം കെട്ടൊ?

അയ്യോ ചേട്ടാ … എൻ്റെ നെറ്റ് ഇപ്പോൾ തീരും, ഇനിയിപ്പോൾ ചാർജ്ജ് ചെയ്താലേ കാണാൻ പറ്റു ,എൻ്റെ ഹസ്ബൻ്റിനോട് പറഞ്ഞാൽ, ഉടനെയൊന്നും അങ്ങേര് ചാർജജ് ചെയ്ത് തരില്ല, ഒരു പ്രത്യേക സ്വഭാവമാണ്

അവളുടെ സംസാരത്തിൽ ഹസ്ബൻ്റിനോടുള്ള അനിഷ്ടവും, നീരസവും വളരെ വ്യക്തമാണെന്ന് അയാൾക്ക് ബോധ്യമായി, ഇതൊരവസരമാണ് ,അത് പാഴാക്കിക്കൂടാ

അയാളുടെ ഉപബോധമനസ്സ് ഒർമ്മിപ്പിച്ചു.

ഓഹ് അത് ശരി ,അപ്പോൾ തൻ്റെ ഹസ്ബൻ്റ് ഒരു സ്നേഹ ശൂന്യനാണല്ലേ?

ഓഹ് അതൊന്നും പറയാതിരിക്കുന്നതാണ് ചേട്ടാ.. ഭേദം, എൻ്റെ വിധി, അല്ലാതെന്താ?

ഓകെ താൻ നിരാശപ്പെടേണ്ട,തല്ക്കാലം തനിക്ക് ഞാൻ ചാർജ്ജ് ചെയ്ത് തരാം ,നമ്പർ പറഞ്ഞോളു

അയ്യോ അത് ചേട്ടന് ബുദ്ധിമുട്ടാവില്ലേ?

ഓഹ് എന്ത് ബുദ്ധിമുട്ട്? ഇതൊക്കെയൊരു പരസ്പര സഹായമല്ലേ?

എന്നാൽ ശരി ചേട്ടാ.. ഇതാ എൻ്റെ നമ്പര്, 399 ൻ്റെ നെറ്റ് ചാർജ്ജ് ചെയ്തോളു, അപ്പോൾ ഞാനിനി രണ്ട് മാസം അങ്ങേരുടെ കാല് പിടിക്കേണ്ടി വരില്ലല്ലോ?

അത് കേട്ട് അയാളൊന്ന് ഞെട്ടി.

അയാൾ ഉദ്ദേശിച്ചത്, പതിനാറ് രൂപയുടെ വൺഡേ പാക്കേജായിരുന്നു ,കുറച്ച് മുൻപ് തൻ്റെ വൈഫ് തയ്യൽക്കടയിൽ നിന്നും തുന്നാൻ കൊടുത്ത ചുരിദാറ് വാങ്ങാൻ 350 രൂപ ചോദിച്ചിട്ട് പോലും താൻ കൊടുത്തിട്ടില്ല, പക്ഷേ ഇപ്പോൾ അവളോട് താൻ അങ്ങോട്ട് പറഞ്ഞതായത് കൊണ്ട് ,ഒഴിഞ്ഞ് മാറാനും കഴിയില്ല

ഒടുവിലയാൾ മറ്റ് മാർഗ്ഗമില്ലാതെ, അവൾ കൊടുത്ത നമ്പരുമായി കവലയിലേക്ക് പോകാനിറങ്ങി.

നിങ്ങളിതെങ്ങോട്ടാണ് ഈ രാത്രിയിൽ?

അയാളുടെ ഭാര്യ പുറകീന്ന്, വിളിച്ച് ചോദിച്ചു

ഒരു കൂട്ടുകാരനെ കാണാൻ

കൂടുതൽ വിശദീകരിക്കാൻ നില്ക്കാതെ, അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പുറത്തേയ്ക്ക് പോയി.

അവൾ കൊടുത്ത നമ്പറിലേക്ക് നെറ്റ് ചാർജ് ചെയ്ത് കഴിഞ്ഞപ്പോൾ ,അവളെയൊന്ന് വിളിക്കണമെന്ന് തോന്നിയെങ്കിലും ,വീട്ടിൽ അവളുടെ ഹസ്ബൻ്റ് കാണുമെന്ന് ഭയന്നയാൾ, ആ ശ്രമം ഉപേക്ഷിച്ചു.

പിറ്റേന്ന് അതിരാവിലെ, ഭാര്യ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയപ്പോൾ ,അയാൾ വേഗം നെറ്റ് ഓൺ ചെയ്ത്, അവളുടെ മെസ്സേജ് വല്ലതുമുണ്ടോന്ന് പരതി

രാത്രി പന്ത്രണ്ട് മണിക്കവളുടെ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട് അയാളത് വായിച്ച് നോക്കി.

ഹായ്,

ഹലോ…

ഉറങ്ങിയോ?

ഓഹ് സോറി, വൈഫ് അടുത്തുണ്ടായിരിക്കുമല്ലേ?

ഇവിടെയൊരാൾ കൂർക്കം വലിച്ചുറങ്ങുവാ, അത് കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല, അപ്പോൾ ഞാനോർത്തു ചേട്ടനോട് കുറച്ച് നേരം മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാമെന്ന്, ചേട്ടനുമായി ചാറ്റ് ചെയ്താൽ നേരം പോകുന്നതറിയില്ല, പക്ഷേ എനിക്ക് ഭാഗ്യമില്ലാതെ പോയി

ശരി ,എങ്കിൽ ഗുഡ് നൈറ്റ്, ഇനി നാളെ കാണാം

തൻ്റെ റിപ്ളേ ഒന്നും കിട്ടാതിരുന്നപ്പോൾ ,അവൾ നെറ്റ് ഓഫ് ചെയ്തിട്ട് പോയതാണെന്ന് അയാൾക്ക് മനസ്സിലായി, അവളോട് രാത്രിയിൽ ചാറ്റ് ചെയ്യാൻ കഴിയാതെ പോയതിൽ അയാൾക്ക് കടുത്ത നിരാശ തോന്നി .

നാശം പിടിക്കാൻ, ഇന്നലെ അത്താഴം കഴിഞ്ഞ് രണ്ടെണ്ണം അടിച്ചത് കൊണ്ട് ,നേരത്തെ കിടന്നുറങ്ങിപ്പോയി, ഇനി നാളെ മുതൽ രാത്രിയിലെ കുടി ഒഴിവാക്കണമെന്ന് അയാൾ തീരുമാനിച്ചു.

പ്രഭാത ഭക്ഷണവും കഴിഞ്ഞ് അയാൾ വരാന്തയിൽ വന്നിരുന്ന് വീണ്ടും നെറ്റ് ഓൺ ചെയ്തു

കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു

ഹായ് ചേട്ടാ.. ഇന്നെന്താ പരിപാടി ?

ഓഹ് ഇന്ന് പ്രത്യേകിച്ചൊന്നുമില്ല ,ഡ്യൂട്ടിക്ക് ഉച്ചകഴിഞ്ഞ് കയറിയാൽ മതി, അത് കൊണ്ട് ഇവിടെ വെറുതെ ബോറടിച്ചിരിക്കുകയായിരുന്നു

ആണോ എങ്കിൽ വൈഫിനെ ഒന്ന് ഹെല്പ് ചെയ്ത് കൂടെ ?

അല്ലാ അത് പിന്നേ … അവൾക്ക് സ്വയം ചെയ്യാവുന്ന ജോലിയെ ഉള്ളു ,എങ്കിലും ഞാൻ സഹായിക്കാൻ ചെല്ലാറുണ്ട് ,പക്ഷെ അവള് സമ്മതിക്കില്ല

അയാൾ കല്ല് വച്ചൊരു നുണ പറഞ്ഞു.

ഓഹ് ചേട്ടൻ്റെ എന്ത് നല്ല മനസ്സാണ് ,ഇവിടൊരാളുണ്ട്, ഞാനെത്ര കിടന്ന് കഷ്ടപ്പെട്ടാലും യാതൊരു കുലുക്കവുമില്ല, ങ്ഹാ പിന്നേ ചേട്ടാ … ഞാനിന്ന് റേഷൻ കടയിൽ പോകുന്നുണ്ട്, ചേട്ടൻ അവിടെ വരാമോ? നമുക്ക് പരസ്പരം കാണാമല്ലോ ?

അത് കേട്ടയാൾക്ക് രോമാഞ്ചം വന്നു.

ഞാൻ വരാം, പക്ഷേ നിങ്ങളുടെ റേഷൻ കടയേതാണ്, എത്ര മണിക്കാണ് താൻ വരുന്നത്?

ഞാനൊരു പതിനൊന്ന് മണിക്കെത്തും, നമ്മുടെ മുക്കവലയ്ക്കലെ റേഷൻ കടയിലാണ് ഞാൻ സ്ഥിരം പോകാറുള്ളത്

ങ്ഹേ, അതിവിടെ അടുത്ത് തന്നെയല്ലേ? അപ്പോൾ അവൾ ഈ നാട്ട്കാരി തന്നെയാണല്ലോ ?

ഓകെ നമുക്ക് റേഷൻ കടയിൽ വച്ച് കാണാം

അവൾക്ക് വാക്ക് കൊടുത്തിട്ട് വേഗം കുളിച്ച് ഫ്രഷായി പത്ത് മണിക്ക് തന്നെ അയാൾ വീട്ടിൽ നിന്നിറങ്ങി,

അല്ല, നിങ്ങളിതെണ്ടോട്ടാണ് ഇത്ര രാവിലെ ഒരുങ്ങി ചമഞ്ഞ് പോകുന്നത് ? ഡ്യൂട്ടി ഉച്ചകഴിഞ്ഞല്ലേ?

പുറകീന്ന് ഭാര്യ വിളിച്ച് ചോദിച്ചപ്പോൾ, അയാൾക്ക് കലി കയറി.

ഞാൻ ദേ ടൗണ് വരെ ഒന്ന് പോകുവാ

അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു

എങ്കിൽ നമ്മുടെ റേഷൻ കടയിൽ നിന്നും ആ കിറ്റ് കൂടെ ഒന്ന് വാങ്ങിക്കോ?

എനിക്കവിടെ പോയി ക്യൂ നില്ക്കാനൊന്നും വയ്യ, നീ വേണേൽ പോയി വാങ്ങിക്ക്

അതും പറഞ്ഞയാൾ, ബൈക്ക് റെയ്സ് ചെയ്ത് മുന്നോട്ട് പോയി.

പതിനൊന്നര മണി കഴിഞ്ഞിട്ടും പ്രണയിനിയെ കാണാതെ, അവൾ പറഞ്ഞ റേഷൻ കടയുടെ വാതില്ക്കൽ അയാൾ വിഷണ്ണനായി നിന്നു.

അപ്പോഴാണ്, ദൂരെ നിന്ന് തൻ്റെ ഭാര്യയുടെ സ്കൂട്ടർ തൻ്റെ നേരെ വരുന്നത്, അയാൾ ഞെട്ടലോടെ കണ്ടത്.

നിങ്ങളെന്താ ഇവിടെ നില്ക്കുന്നത് ?

അത് പിന്നെ ഞാനൊരു കൂട്ടുകാരനെ കാണാൻ വന്നതാണ് നീയെന്താ ഇവിടെ?

ഞാൻ കിറ്റ് വാങ്ങാനായി നമ്മുടെ റേഷൻ കടയിൽ ചെന്നപ്പോൾ അവിടെ ഭയങ്കര തിരക്ക് ,അതാ ഞാനിങ്ങോട്ട് വന്നത് ,ഇവിടെയും തിരക്ക് കൂടുതലാണല്ലോ? എന്തായാലും നിങ്ങളിവിടെ കൂട്ടുകാരനെ കാത്ത് നില്ക്കുവല്ലേ? അപ്പോൾ ഈ ക്യുവിലേക്ക് കയറി നിന്നോ ? തിരിച്ച് വരുമ്പോൾ നമ്മുടെ കിറ്റ് കൂടി വാങ്ങിക്കോണ്ട് വന്നാൽ മതി

ങ്ഹാ ശരി ശരി ,നീ വേഗം പൊയ്ക്കോ, ഞാൻ വാങ്ങിക്കോണ്ട് വന്ന് കൊള്ളാം

തൻ്റെ പ്രണയിനി ഉടനെയെങ്ങാനും വന്നാലോ, എന്ന് ഭയന്ന്, അയാൾ ഭാര്യയുടെ കൈയ്യിൽ നിന്ന് റേഷൻ കാർഡ് വാങ്ങിയിട്ട്, അവളെ വേഗം പറഞ്ഞ് വിട്ടു.

തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ ,അയാളുടെ ഭാര്യ ഇടയ്ക്ക് സ്കൂട്ടർ നിർത്തിയിട്ട് ,തൻ്റെ പുതിയ വാട്ട്സ്ആപ് നമ്പറിൽ നിന്നും, അയാൾക്കൊരു മെസ്സേജയച്ചു

സോറി ചേട്ടാ … ഇന്നെനിക്ക് വരാൻ കഴിയില്ല, റിയലി സോറി,നാളെ ഞാൻ കുട്ടികളുടെ സ്കൂളിൽ പേരൻ്റ്സ് മീറ്റിങ്ങിന് വരുന്നുണ്ട്, നമുക്കവിടെ വച്ച് കാണാം, എന്നോട് പിണങ്ങല്ലേ? പിന്നെ ഒരു കാര്യം എപ്പോഴും ഓർമ്മ വേണം, ഈ നമ്പരിലേക്ക് ഒരിക്കലും എന്നെ വിളിക്കരുത് ,ഞാൻ ഫ്രീയാകുമ്പോൾ, ചേട്ടന് ഞാൻ മെസ്സേജ് അയച്ച് കൊള്ളാം, എൻ്റെ ഹസ്ബൻ്റ് അറിഞ്ഞാൽ, നമ്മുടെ ബന്ധം തകരും ,അത് സംഭവിക്കാതിരിക്കാനാണ് ഞാൻ പറഞ്ഞത്, ഓകെ ബൈ പിന്നെ കാണാം

തൻ്റെ ഭർത്താവിന് മെസ്സേജയച്ചിട്ട് ആ പ്രണയിനി സ്വയം ചിരിച്ചു.

സ്വന്തം ഭാര്യ പറഞ്ഞാൽ ചെവിക്കൊള്ളാത്ത ഭർത്താവ് ,അന്യൻ്റെ ഭാര്യ പറഞ്ഞാൽ നിരസിക്കില്ലെന്ന് തനിക്കിപ്പോൾ ബോധ്യമായി, അത് കൊണ്ട് ,ഈ കളി കുറച്ച് നാള് കൂടി ഞാൻ തുടരുക തന്നെ ചെയ്യും

അവൾ മനസ്സിൽ പറഞ്ഞ് കൊണ്ട് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്കോടിച്ച് പോയി .

Leave a Reply

Your email address will not be published. Required fields are marked *