അന്നും ഇന്നും ഇനി എന്നും
എഴുത്ത്:- അനു സാദ്
പത്തരക്കുള്ള വണ്ടി ചൂളം വിളിച്ചെത്തിയതും അയാൾ പ്ലാറ്റഫോംൽ നിന്നും ഇറങ്ങി നടന്നു. ഏറ്റവും ഒടുവിലായി കയറി തന്റെ സ്ഥിരം സ്ഥലത്തു പോയി സ്ഥാനം പിടിച്ചു. പരിചിതമായ കാഴ്ചകൾ., ആളുകൾ യാതൊരു പുതുമയു മില്ലാതെ വര്ഷങ്ങളായി തുടരുന്ന യാത്ര! വീടും ജോലി സ്ഥലും മാത്രമായി തന്റെ ലോകം രണ്ടിടത്തു ചുരുങ്ങി പോയി! മറ്റൊന്നിനോടുമി്ല്ലാത്ത ഒരിഷ്ടം ഇന്ന് ഈ ഇരിപ്പിടത്തിനോട് മാത്രം.. പത്തു പന്ത്രണ്ടു മണിക്കൂർ എന്റെ സ്വപ്നങ്ങളെ പൊടി തട്ടി എടുക്കുന്നോണ്ടാവാം!..
വണ്ടി എടുക്കാൻ നേരം ഒരു പെൺകുട്ടി ചാടിക്കേറി എന്റെ മുന്നിലത്തെ സീറ്റിൽ വന്നിരുന്നു. കൗമാരത്തിന്റെ ചുറുചുറുക്ക് കണ്ടാലറിയാം നല്ല അസ്സലൊരു കാന്താരി. അവളുടെ മുഖത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ഞാൻ എവിടെയോ കണ്ടുമറന്ന പലതും മിന്നിമറയുന്നുണ്ട്.. ഞാൻ തിരഞ്ഞു നടന്നതെന്തൊക്കെയോ എന്നെ തേടിയെത്തിയ പോലെ.. ഞാനറിയാതെ അവളെ നോക്കിയിരുന്നു പോയി. കുറച് കഴിഞ്ഞപ്പോൾ അവളൊരു ബുക്കെടുത്തു വായിക്കാൻ തുടങ്ങി. ഒരു കൗതുകം തോന്നി വെറുതെ ഒരാഗ്രഹമ് അതൊന്നു വായിക്കാൻ മടിച്ചു മടിച്ചു അവസാനം ചോദിചു
“മോളെ എനിക്കതൊന്നു വായിക്കാൻ തരുവൊ?”
“ഓഹ് ഷുവർ അതിനെന്താ തരാലോ”
ഞാനത് പതിയെ തുറന്നു നോക്കി. ആമുഖം തന്നെ അടിവരയിട്ടത് നഷ്ട പ്രണയമായിരുന്നു “ഓഹ് ഇതായിരുന്നോ?! ഓരോരുത്തർ ജീവിതം തന്നെ തീറെഴുതി കൊടുത്തതാണ്!” മനസ്സ് പിന്തി്രിഞുവെങ്കിലും എന്നെ ആ ബുക്ക് പിടിച്ചിരുത്തുംപോലെ.. ഞാൻ വെറുത ഒന്ന് കണ്ണോടിച്ചു.
“എന്നിലെ ഞാൻ നീയായി മാറിയ നമ്മുടെ പ്രണയം.. കൈവിട്ടു കളയാൻ ഒരിക്കൽപോലും മനസ്സ് വരാഞ്ഞിട്ടും വിധിയാലെ എനിക്ക് നഷ്ടപ്പെട്ട നിന്റെ ഓർമ്മക്!..
നാല് വർഷത്തെ പ്രണയം അരങ്ങൊഴിഞ്ഞപ്പോൾ എനിക്ക് ബാക്കിവെച്ചത് ഒരിക്കലും എന്നെ വിട്ടകലാത്ത നിന്റെ ഒരുപിടി നീറുന്ന ഓര്മകളായിരുന്നു!..
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം., എന്റെ പ്ലസ് ടു പഠന കാലം.. അത് പക്ഷെ എന്നെ കൊണ്ടെത്തിച്ചത് ഒത്തിരി നഷ്ടങ്ങളിലും ഒരുനാളും തിരിച്ചു കയറാനാവാത്ത തീരാ വേദനയിലും അതിലേറെ നിന്നിലുമായിരുന്നു!..
കുറേ നാളെന്റെ കൺവെട്ടത്തു നിന്നും പിന്നെ പതിയെ പതിയെ എന്നോട് കൂട്ട് കൂടുമ്പഴും എന്നെ ദേഷ്യം പിടിപ്പിക്കുമ്പോഴും കളിയാക്കുമ്പോഴും നിന്റെ മനസ്സിൽ കണ്ടന്ന് തൊട്ടു., ഞാൻ ഇടം നേടിയത് ഞാനറിഞ്ഞിരുന്നില്ല. പിന്നെ പലരിൽ നിന്നു മായി ഞാനത് കേട്ടറിഞ്ഞപഴും ഒരുനാൾ നീ തന്നെയത് തുറന്നു പറഞ്ഞപ്പോഴും കളിയായല്ലാതെ ഞാനതിനെ കണ്ടിരുന്നില്ല.
പക്ഷെ പിന്നീടുള്ള നിന്റെ ഓരോ നോക്കിലും വാക്കിലും ചിരിയിലും എന്നോടടുതു വരുമ്പോഴുള്ള നിന്റെ ഓരോ ചുവടിലും കാണാതിരിക്കുമ്പോൾ എന്നെ തേടുന്ന നിന്റെ മിഴിയിലും മുഖത്തിലും എല്ലാം ഞാനെത്രമാത്രം നിന്റെയുള്ളിൽ കുടിയിരുന്നിട്ടുണ്ടെന്ന് ഞാൻ തിരിചറിയുവാരുന്നു… ഓരോ സെക്കന്റ് മ് നിന്റെ റൂഹിൽ വരിഞ്ഞു മുറുകുവായിരുന്നെന്ന് നീ പറയും പോലെ..!!
ഒരുപക്ഷെ നിന്നെ പിരിയേണ്ടി വന്നാൽ ആ വേദന താങ്ങാനാവാത്തോണ്ടും ഒരു അപമാനം ആദ്യമേ ഞങ്ങൾടെ കുടുംബത്തിൽ വന്നു ചേര്ന്നോണ്ടും ഞാനായിട് ഒന്നിനും അവസരം കൊടുകില്ലെന്ന് തീരുമാനിച്ചദോണ്ടും പരമാവധി ഒഴിഞ്ഞു മാറിയ ഞാൻ പക്ഷേ പതറിപ്പോയത് നിന്റെ മുന്നിലായിരുന്നു..
ഓരോ തവണ നിന്നോട് അകലാൻ നോക്കുമ്പഴും കൂടുതൽ ആഴത്തിൽ ഞാൻ നിന്നിലേക്ക് നടന്നടുക്കുവായിരുന്നു..! ഞാൻ പിണങ്ങുമ്പഴും ദേഷ്യപ്പെടുമ്പഴും മറ്റു ആണ്കുട്ടികളോട് സംസാരിക്കുമ്പഴും നിന്നെ പോലെ മറ്റ് പലരും എന്നെ സ്നേഹിക്കുന്നുണ്ടെന്ന റിഞ്ഞിട്ടും എന്ത് പ്രശ്നത്തിലും എന്റെ കൂടെ നിന്നും എനിക്ക് വേണ്ടതെല്ലാം ചെയ്‌തും പലതും ഉപേക്ഷിച്ചും നീയെന്നെ സ്നേഹിച്ച പ്പോൾ നിന്റെ ഹൃദയത്തിലല്ലാതെ മറ്റെവിടെയും ഞാൻ ജീവി്കില്ലെന്ന് തീ്ർചപ്പെടുത്തിയിരുന്നു…
എങ്കിലും തുറന്ന് പറയാൻ ഞാൻ നന്നേ ഭയപ്പെട്ടു. ഇഷ്ടമാണോയെന്ന് ഒരു നൂറാവർത്തി നീ ചോദികുമ്പഴും മനസ്സ് പകുക്കാൻ കഴിയാതെ അകമിൽ എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് നിന്നോടൊപ്പം മാത്രമാവണെ എന്ന പ്രാർത്ഥനയിൽ നിമിഷങ്ങൾ ഞാൻ മുഴുകുവായിരുന്നു… അതിലേറേ നീയെന്നെ അറിയുന്നുണ്ടെന്നതിൽ എന്റെ മനസ്സ് നിറഞ്ഞിരുന്നു!..
എനിക്ക് വേണ്ടി നീയും നിനക്ക് വേണ്ടി ഞാനും ഏറ്റവും ആഗ്രഹിച്ചത് വിട്ട് മറ്റൊന്ന് തിരഞെടുത് പഠിക്കാൻ പോയപ്പഴും ഒത്തിരി ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലാഞ്ഞിട്ടും അവിടെ പിടിച്ചു നിന്നും നാൾക്കു നാൾ മിണ്ടാൻ കൊതിച്ചും ഒന്ന് കാണാൻ കൊതിച്ചും ഇഷ്ടങ്ങൾ കൂട്ടിവെച് ഒത്തിരി സമ്മാനങ്ങൾ നല്കിയപ്പഴും എനിക്ക് വേണ്ടി ഒരുപാട് സഹിച്ചപ്പോഴും നിന്നോളം മറ്റാർക്കും എന്നെ ഇത്രയും സ്നേഹിക്കാനാവില്ലെന്ന് ഞാൻ ഉള്ളിന്റെയുള്ളിൽ അങോളം ആണയിട്ടു കഴിഞ്ഞിരുന്നു..!
ഇത്തിരിയേറെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും കണ്ടുതീർത്തു പഠിക്കാൻ സമയം ചോദിച്ചും വരുന്ന കല്യാണാലോചനകൾ മുടക്കിയും പരസ്പരം ഉള്ളു തുറന്നു മറ്റുളവരോട് സമ്മതമ് വാങ്ങിക്കാൻ കാത്തിരുന്ന നമുക് മുന്നിൽ കാലം മാറിചിന്തിച്ചത് വളരെപെട്ടെന്നായിരുന്നു..!
കച്ചോടം നഷ്ടത്തിലായി കടം കയറി ഷോപ് പൂട്ടി നിവൃത്തിയില്ലാതെ ഗൾഫിലേക്ക് പോകാൻ നിന്ന ഉപ്പാക് മുന്നിൽ എന്നെ കണ്ടിഷ്ടപ്പെട്ട് അവസ്ഥയറിഞ്ഞിട്ടും പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ മനസ്സ് കാണിച്ച ഇക്കയും വീട്ടുകാരും വലിയൊരു ആശ്വാസമാവുകയായിരുന്നു!
ഞാനായിരുന്നു തകർന്നു പോയത്..!
എന്നെ കൊണ്ട് കഴിയില്ലെന്ന് കേണു പറഞ്ഞിട്ടും നിന്റേത് ആഗ്രഹവും സാധിച്ചു തരുന്ന ഉപ്പ ഇതുപക്ഷേ എന്റെ ഗതികേടുകൊണ്ടാണെന്ന് പറഞ്ഞു ഉപ്പാനോട് ക്ഷമിക്കാൻ പറഞ്ഞപ്പോൾ…എനിക്കൊരു പാകും ഇല്ലാത്തോണ്ടാണെന്നും എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ നിന്നെ കരയിക്കില്ലായിരുന്നു മോളെന്നു പറഞ്ഞപ്പോൾ.. ശപിക്കരുതെന്ന് പറഞ്ഞപ്പോൾ… ഉപ്പ വാശി പിടിച്ചിരുന്നെങ്കിൽ അതിലേറെ വാശി കാണിച്ചു ഞാൻ എതിർത്തു നിന്നിരുന്നു..
പക്ഷെ വിങ്ങിപ്പൊട്ടികൊണ്ട് ഉപ്പ എന്റെ മുന്നിൽ തല കുമ്പിട്ടു നിന്നപ്പോൾ എന്നെ പൊള്ളിച്ചുകൊണ്ട് ഒഴുകിയറങ്ങിയ കണ്ണീരിൽ ഞാൻ നിന്നെ കുഴിച്ചു മൂടിയത് നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടായിരുന്നില്ല.. കുറച്ചധികം ഉപ്പാനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു..!
എല്ലാം നിന്നെ വിളിച്ചറിയിച്ചപ്പോൾ ആദ്യം പൊട്ടിത്തെറിച്ചുമ് പിന്നെ മിണ്ടാതെ നിന്നും നീയെന്നെ തോൽപ്പി്ച്ചു..
കാരണം നിനക്കൊരു സാവകാശം പോലുമുണ്ടായിരുന്നില്ലല്ലോ?? പെട്ടെന്ന് എന്തോ് അസുഖം കൂടി നാട്ടിലെത്തി ഓപ്പറേഷൻ വരെ പറഞ നിന്റെ ഉപ്പാടേം കുടുംബത്തിൻറേം അവസ്ഥ അത്രത്തോളമായിരുന്നല്ലോ!! ആ നീ എന്നോടെന്ത് പറയാൻ?!.
അങ്ങേ തലക്കൽ നീ ഉരുകിത്തീരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… നിന്നെ നഷ്ടപ്പെടുവാണെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു നീ എന്റെ ഉള്ളിൽ അണക്കാൻ കഴിയാത്തൊരു തീയായി എത്രത്തോളം പടർന്നു കയറിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്!.. അതിന്റെ കനൽ കെട്ടടങ്ങാതെ ബാക്കിയുണ്ട്..ഇപ്പോഴും!
പിന്നീടുള്ള ദിവസങ്ങളൊക്കെയും ഞാൻ നിന്നെ കൂടുതൽ വേദനിപ്പി്കുക യായിരുന്നു മനപ്പൂർവം അകന്നും വെറുപ്പ് കാണിച്ചുമെല്ലാം.. ഉള്ളിൽ സ്വയം എരിഞടങ്ങി കൊണ്ടാണെന്ന് മാത്രം!.. നിന്റെ വേദനയുടെ അളവുകോൽ എന്നിലേക്ക് വലിച്ചെടുത്തു കൊണ്ട്!.. നീപോലും അതറിഞ്ഞില്ലാ !!
എല്ലാം വാരിക്കൂട്ടി മനസ്സിന്റെ ഒരു മൂലക്കിട്ട് നിക്കാഹിന് മൗനസമ്മതം കൊടുക്കു മ്പോൾ മറ്റെല്ലാം ഉപേക്ഷിച്ചു ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിന്നെപോലും എനിക്ക് തടഞ്ഞു വെച്ച നിർഭാഗ്യത്തെ.. മണിക്കൂറുകൾ കൊണ്ടും ദിവസങ്ങ ള്കൊണ്ടും എന്റെ ഇഷ്ടങ്ങൾ കീഴ്‌മേൽ മറിച്ച വിധിയെ ഞാൻ വേണ്ടോളം പഴിച്ചിരുന്നു..! മറ്റൊരാളിൽ കൈ ചേര്ക്കുമ്പോൾ ഞാനവിടെ തിരഞ്ഞത് നിന്റെ മുഖം മാത്രമായിരുന്നു! വരാമെന്ന് വാക്ക് പറഞ്ഞ നീ മറ്റൊരിടത്ത് അകപ്പെട്ട പ്പോൾ അവസാനമായുള്ള എന്റെ ആ ആഗ്രഹവും മണ്മറഞ്ഞിരുന്നു! എന്നിട്ടും ചങ്കു തകർന്നു നിൽക്കുന്ന നിന്റെ മുഖം ഞാനെന്റെ മനസ്സിൽ കണ്ടിരുന്നു.. ഇന്നും കാണുന്നുണ്ട്!!!
എന്റെ കണ്ണീരിനി തോരില്ലെന്നറിഞ്ഞു കൊണ്ട് നിന്നെയുള്ളിൽ ഒതുക്കി വെച് മറ്റൊരാൾകൊപ്പം ജീവിതമ് പങ്കിടുമ്പോൾ മരണമെന്ന സത്യത്തെ ഞാനൊത്തിരി മോഹിച്ചിരുന്നു! ഒടുവിൽ അതും നിഷേധിച് എന്റെ വേദന ഉൾക്കൊണ്ട് സ്നേഹം കൊണ്ട് എന്നിലൊരു ലോകം തന്നെ പണിത ഒരു ഭർത്താവിനെ തന്ന് കുടുംബത്തെ തന്നു മോളെ തന്നു റബ്ബ് എന്നെ തോൽപ്പിച്ചു കളഞ്ഞു!..
പകരം വെക്കാനാവില്ല ആരെ കൊണ്ടും.. എങ്കിലും ഒരു നോവായി പല രാത്രികളുമ് എന്റെ ഉറക്കം കെടുത്തി നീയും നിന്റെ ഓർമകളും പറിച്ചു മാറ്റാൻ കഴിയാതെ കൊളുത്തി വലിക്കാറുണ്ട്.. കൈപുള്ളാ നീരിൽ എന്നെ മുക്കി യെടുക്കാറുണ്ട്!..ഒരു ഡിലീറ്റ് ബട്ടൺൽ വിരലമർത്താനാവാതെ ശ്വാസം മുട്ടി കിടപ്പുണ്ട് പലയിടത്തും.,, നീയെന്ന ഓർമ്മകൾ.. നമ്മൾ പങ്കിട്ട സ്വപ്‌നങ്ങൾ!!പതിയെ എന്നെ വിട്ടകന്നു ഇന്ന് എവിടെയാണെന്നോ എന്താണെന്നോ അറിയാതെ.. നീ ഒരു വിളിപ്പുറത്തുണ്ടാവുമെന്ന് പറഞ്ഞത് പാഴ്‍വാക്കായിരുന്നോ?
മറ്റുള്ളവരൊക്കെ എന്നെ കുറ്റപ്പെടുത്തിയപ്പഴും എന്റെ മനസ്സിന്റെ അവകാശി എന്നെ അറിയുമല്ലൊന്നുള്ള എന്റെ വിശ്വാസം വെറും വ്യാമോഹമായിരുന്നോ കൊല്ലത്തിലൊരിക്കൽ പ്രിയപ്പെട്ട നാളിൽ എവിടെന്നോ വന്നത്തുന്ന ഒരു ബര്ത്ഡേ വിഷ് അല്ലാതെ ഞാൻ നിന്നെ അറിയാറില്ല.. തിരിച്ചും,! ഒരു വിഷ് മറ്റൊരു ദിനത്തിൽ എന്റെ വിരലിൽ തങ്ങാറുണ്ട്.. നിനക്ക് വേണ്ടി മാത്രം!! ആ ഒരൊറ്റ ദിവസത്തിനാണ് എന്റെ ഒരു കൊല്ലത്തെ കാത്തിരിപ്പ്!!
തിരിച്ചെടുക്കാൻ പാകത്തിൽ മറന്നു വെച്ചിട്ടുണ്ടായിരുന്നു ഞാൻ എന്നെ നിന്റടുക്കൽ..അതിന്നും അവിടെ തന്നെയുണ്ട് വിട്ടു പോരാൻ കഴിയാതെ!..! ഇന്ന് ഏത് ആൾക്കൂട്ടത്തിലും ഞാൻ തിരയുന്ന ഒരേ ഒരു മുഖം! ഒരേ ഒരു ശബ്ദം..! വെറുതെ ഒന്ന് കാണാൻ.. കൺനിറഞ്ഞൊന്നു കണ്ടു പോവാൻ.. എവിടെയോ സുഖമായിട്ടിരിക്കുന്നെന്ന് ഒന്നറിയാൻ…….!!”
തുടർന്ന് വായിക്കാൻ മാത്രം കരുത്ത് എന്നിലുണ്ടായിരുന്നില്ല..ശൂന്യമായത് പോലെ…പുറം ചട്ടയിലെ എഴുത്തുകാരിയുടെ പേരിൽ ഒന്ന് തൊട്ടപ്പോൾ തളർന്നു പോവുംപോലെ!..
” ഇത് ആരെഴുതിയതാ മോളെ?”
” ദി ഗ്രേറ്റ് റൈറ്റർ ഫാസില ഫസൽ.. എന്റെ ഉമ്മി.. ഉമ്മി എഴുതിയതിൽ വെച് ഉമ്മിയുടെ ഏറ്റവും ഫേവറൈറ് ആ ഇത്..എന്റെയും.. എന്തോ ഒന്നതിലുണ്ട്.. അല്ലെ??വായിക്കുന്തോറും നമ്മളെ കൂടുതൽ അടിമപ്പെട്ടു കളയിക്കുന്ന ഒന്ന്!..”
അവളുടെ വാക്കുകളിൽ കണ്കോണില് തടം കെട്ടിയ കണ്ണീരിൽ.. എന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു!..
ഹൃദയത്തിന്റെ അടിവേരിൽ കൊരുത്തിട്ടവളേ നഷ്ടപ്പെട്ടപ്പോൾ ഞാൻ സ്വയം പരാജയം ഏറ്റുവാങ്ങുവായിരുന്നു..ആ വേദനയിലും നിരാശയിലും ഉയർന്നു പൊന്തിയതെല്ലാം പലതിലും പരിണമിച്ചു.. പക്ഷെ അവളോളം ലഹരി മറ്റൊന്നിലും കാണാത്തൊണ്ട് പിൻവാങ്ങി.. ഒളിച്ചോടുകയായിരുന്നു എല്ലാത്തിൽ നിന്നും വാശി തീർക്കുകയായിരുന്നു അവളോട് പോലും.. അത്രയേറെ സ്നേഹിച്ചിട്ടും എനിക്ക് വേണ്ടി കാത്തുനിന്നില്ലലോ എന്ന് ചിന്തിച്ചു… പക്ഷെ അവൾ..!!
ട്രെയിൻ നിന്നതും സ്റ്റേഷൻ എത്തിയതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.. മനസ്സ് മറ്റെവിടെയോ കുരുങ്ങി കിടക്കുവായിരുന്നു!
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ തെന്നി വീഴാൻ പോയതും” ശസ മോളെ സൂക്ഷിച്ച് ..”
” യ ആം ഓക്കേ എനിക്ക് കുഴപ്പൊന്നുല്ല.. ശരി എന്ന “..
അല്ലാ ഒന്ന് നിന്നേ..എന്റെ പേരെങ്ങേനെ അറിയാം?
അവളുടെ പിൻവിളിക്കു കാതോർത്തുവെങ്കിലും മുഖം കൊടുക്കാതെയു ള്ളൊരാ നടത്തത്തിൽ.. ചുണ്ടിൽ ഊറിയ പാതിമുറിഞ്ഞൊരാ ചിരിയിൽ.. ഉണ്ടായിരുന്നു ഇന്നോളം ഞാൻ ഒളിപ്പിച്ചു വെച്ചതെല്ലാം.. തോറ്റു പോയവന്റെ അല്ല.. പ്രണയം കൊണ്ട് കീഴ്പ്പെട്ടവന്റെ ചിരിയിൽ!…”