തൊഴുതു മടങ്ങുന്ന നേരം അവൾ പ്രസാദമായി നൽകാറുള്ള പുഞ്ചിരിക്കുവേണ്ടി എത്ര സമയം വേണമെങ്കിലും കാത്തു നിൽക്കാൻ ഞാൻ ഒരുക്കമായിരുന്നു

ടീനേജ് ലൗ

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ

“നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

മഴയുടെ കുളിരുള്ള രാത്രിയിൽമലർന്നു കിടന്നിരുന്ന എന്റെ വലത് ഉരത്തിൽ തലവച്ച് നെഞ്ചിൽ വിരലോടിച്ചു കൊണ്ട് പ്രിയതമ ചോദിച്ചു.

ഓർമകളുടെ കളിവഞ്ചിയിലേറി കൊഴിഞ്ഞു പോയ കാലങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കുളിർ തെന്നൽ പോലെ അവൾ കടന്നു വരുന്നതറിഞ്ഞു.

“പ്രണയത്തിനെന്നും മാരിവില്ലിന്റെ മനോഹാരിതയാണ്. ആദ്യ പ്രണയവും പ്രണയിനിയും മനസ്സിലെ കളിത്തൊട്ടിലിലെന്നും ചാഞ്ചാടി കൊണ്ടിരിക്കും”

കാവ്യഭാവനയോടെ ഞാൻ പറഞ്ഞു തുടങ്ങി

“ദേവീ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴികളിൽ വച്ചാണ് അവൾ എന്റെ മനം കവർന്നത് . ഞാൻ അവളുടെ ആരാധകനായത് എന്നു പറയുന്നതാവും ശരി

അമ്മയ്ക്ക് തുണയായി ഒരു തൃസന്ധ്യാനേരത്ത് കുറച്ചു മാറിയുള്ള ദേവിക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു ഞാൻ.

അന്നാണ് അവളുടെ സുന്ദരരൂപം അതുവരെ അപരിചിതമായിരുന്ന ഒരു വികാരം എന്നിൽ പെയ്തിറക്കിയത്.

എന്നിൽ ആദ്യാനുരാഗത്തിന്റെ വിത്തുകൾ പാകിയത്.

എനിക്കന്ന് വയസ്സ് പത്തൊൻപത്. അവൾക്കെന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിളപ്പമുണ്ടായിരുന്നിരിക്കാം.

എല്ലാ സായംസന്ധ്യകളിലും അവളവിടെ തൊഴുവാൻ വരുന്നു എന്ന അറിവെനിക്ക് ആഹ്ലാദദായകമായിരുന്നു.

കൗമാരത്തിന്റെ ചാപല്യങ്ങൾ എന്നെ ഭക്തിയുടെ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചു.

നിത്യേനയുള്ള കണ്ടുമുട്ടലുകൾ അവളുടെ കണ്ണുകളിൽ നിന്നും അപരിചിതത്ത്വത്തിന്റെ കാർമേഘപാളികൾ തുടച്ചു നീക്കുന്നതറിഞ്ഞു.

ശ്രീ കോവിലിന് മുന്നിൽ അവൾ തൊഴുതു നിൽക്കുമ്പോൾ കൊളുത്തിവച്ച നിലവിളക്കുകളുടെ പ്രഭയിൽ തിളങ്ങി വിലസിയിരുന്ന ദേവീ വിഗ്രഹത്തെക്കാൾ പ്രഭ അവൾക്കാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

തൊഴുതു മടങ്ങുന്ന നേരം അവൾ പ്രസാദമായി നൽകാറുള്ള പുഞ്ചിരിക്കുവേണ്ടി എത്ര സമയം വേണമെങ്കിലും കാത്തു നിൽക്കാൻ ഞാൻ ഒരുക്കമായിരുന്നു.

അവളും അവളെക്കുറിച്ചുള്ള ഓർമകളും എന്റെ ദിനരാത്രങ്ങൾക്ക് പുതിയൊരു ഉണർവ് പകർന്നു.

ആയിടെ പ്രദക്ഷിണ വഴിയിൽ കളഞ്ഞുകിട്ടിയ വെള്ളി കൊലുസ് അവളുടേതാണെന്നു തിരിച്ചറിയുവാൻ ബുദ്ധിമുട്ടുണ്ടായില്ല.

രാത്രി മുഴുവൻ ആ കൊലുസും കയ്യിൽ വച്ചാണുറങ്ങിയത്.പിറ്റേന്ന് അവളെ അതേൽപ്പിക്കുന്നത് വരെ മനസ്സിൽ വല്ലാത്ത വിമ്മിഷ്ടമായിരുന്നു.

അതോടെ.ഞങ്ങൾ കൂടുതൽ അടുത്തു.

ക്ഷേത്രത്തിൽ വെളിയാഴ്ച്ച തോറും നടത്താറുള്ള സഹസ്രനാമാർച്ചനക്കുള്ള പുഷ്പശേഖരണത്തിലും ചുറ്റു വിളക്ക് കൊളുത്തലിലുമെല്ലാം അവളോടൊപ്പം ഞാനും കൂട്ടു ചേർന്നു.

അവൾ ഒരു കിലുക്കാംപെട്ടിയായിരുന്നു.

മുത്തുകൾ പൊഴിയുന്നതുപോലെ അവളുടെ അധരങ്ങളിൽ നിന്നും ഉതിർന്നിരുന്ന വാക്കുകൾക്ക് മുന്നിൽ ഞാൻ പലപ്പോഴും നല്ലൊരു കേൾവിക്കാരനായിരുന്നു.

ആയിടെയാണ് അവളുടെ അച്ഛന് ഉത്തരേന്ത്യയിൽ എവിടേക്കോ ജോലി മാറ്റം കിട്ടിയത്.

പോകാൻ നേരം പൊട്ടിയ ആ കൊലുസ് എന്നെ ഏല്പിച്ചിട്ട് അവൾ പറഞ്ഞു ‘ ഓർമ്മക്കായി സൂക്ഷിക്കണമെന്ന്’. ഇന്നും അലമാരയിൽ ഞാനത് പൊന്നുപോലെ സൂക്ഷിച്ചിട്ടുണ്ട്.

പിന്നെ അവളെ കാണാൻ കഴിഞ്ഞതേയില്ല.

അതൊക്കെ പോട്ടെ എന്തേ ഇപ്പോൾ ഇങ്ങനെയൊരു വിചാരണ?”

“സേതുലക്ഷ്മി എന്നാണോ അവളുടെ പേര്?”

പ്രിയതമ ആകാംഷയോടെ ചോദിച്ചു.

“അതേ .എന്തേ”

നിങ്ങളുടെ മെസഞ്ചറിൽ ഇന്നലെ ഇതേ ഡയലോഗുകൾ ഒക്കെയുള്ള ചാറ്റ് കണ്ടു. ഒരു സേതു ലക്ഷ്മിയുമായി. അപ്പോഴേ ഞാനൂഹിച്ചു എന്തോ ചുറ്റിക്കളിയാണല്ലോ എന്ന്.

ഇനി പഴയതോന്നും കുത്തിപ്പൊക്കാൻ നോക്കണ്ട. മനസ്സിലായല്ലോ.

അവളുടെ കൈകൾ നെഞ്ചിൽ നിന്നും കഴുത്തിലേക്ക് മെല്ലെ നീങ്ങുന്നത് ഞാനറിഞ്ഞു!

ശുഭം

Leave a Reply

Your email address will not be published. Required fields are marked *