കേശവന്റെ ഭാഗ്യം
story written by Vineetha Krishnan
അന്നൊരു വ്യാഴാഴ്ച ആയിരുന്നു. രാത്രി ഏകദേശം 1.30ആയിക്കാണും. പുറത്തു എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ട് കേശവൻ ഉറക്കം ഞെട്ടി. കണ്ണ് മിഴിച്ചു നോക്കുമ്പോൾ അടുത്ത് ഭാര്യ സുഖസുഷുപ്തിയിൽ. പാവം ഉണർത്തേണ്ട. കേശവൻ മെല്ലെ എണീറ്റു. അപ്പോളാണ് അടുക്കളപുറത്തു എന്തോ പായുന്ന ശബ്ദം.
എന്തായാലും ഒന്ന് നോക്കികളയാം. കേശവൻ ലുങ്കി വാരി ചുറ്റി അടുക്കള ലക്ഷ്യമാക്കി നടന്നു.
ഉള്ളിൽ പെരുമ്പറ കൊട്ടുന്ന ശബ്ദം കേശവൻ കേൾക്കുന്നുണ്ട്. പക്ഷെ തോറ്റു പിന്മാറി കൂടാ അസമയത്തു വീട്ടിൽ വന്ന കള്ളനെ കയ്യോടെ പിടിച്ച കേശവന്റെ വീരകഥകൾ നാട്ടിൽ പാട്ടാവുന്നത്,ഓഫീസിൽ ചർച്ചയാവുന്നത്,എല്ലാം കൂടെ ഓർത്തപ്പോ കേശവന് ഉള്ളിൽ കുളിരു കോരി.
ആഹാ…..ന്തൊരു സുഖം.
ഇന്നാണ്….ഇന്നാണ്..ആ ദിവസം നിന്റെ ജാതകം മാറ്റിയെഴുതുന്ന ദിവസം… ഉള്ളിൽ നിന്നൊരു അശിരീരി. ഇനി കാത്തു നിൽക്കണ്ട… കേശവൻ വാതിൽ തുറക്കാൻ ആഞ്ഞു പായുമ്പോൾ കൊടുവാൾ കയ്യിലെടുക്കാൻ മറന്നില്ല.
വാതിൽ തുറന്നു പുറത്തേക്ക് നോക്കിയ കേശവനു അവിടെ കള്ളനെ പോയിട്ട് കള്ളന്റെ പൂട പോലും കാണാൻ കഴിഞ്ഞില്ല. മാറാല തട്ടുന്ന ചൂല് താഴെ വീണു കിടക്കുന്നു. അല്ലാതെ ഒന്നും ഇല്ല.
ഹും… നശിപ്പിച്ചു കള്ളൻ just miss ആയി
കേശവൻ ആത്മാരോഷം കൊണ്ടു.
ഇനിയിപ്പോ നിന്നിട്ട് കാര്യമില്ല കിടന്നേക്കാം.
വാതിൽ അടയ്ക്കാൻ തിരിയുമ്പോളാണ് കേശവൻ ആ കാഴ്ച കണ്ടത്. ഭാര്യ യുടെ പാവാട താഴെ വീണു കിടക്കുന്നു. പാവം എടുത്തു അയലിൽ ഇട്ടേക്കാം.
കേശവൻ പാവാട കയ്യിലെടുത്തു നോക്കുമ്പോൾ നിറയെ ചളിനാളെ ഇടാൻ ഉള്ളതാവും. എന്തായാലും എന്റെ ഉറക്കം പോയി.ഇതൊന്ന് കഴുകി കൊടുത്താൽ ഓൾക്ക് വലിയ സന്തോഷം ആവും.
ഉള്ളറിഞ്ഞു ഒന്നും ചെയ്യില്ല.കേശവേട്ടൻ ന്ത് ചെയ്താലും അബദ്ധണെന്നുള്ള പരാതിയും പോകും. കേശവൻ ഒരു ബക്കറ്റിൽ അല്പം സോപ്പിട്ടു പാവാട നനച്ചു കഴുകി നന്നായി അലക്കി വെളുപ്പിച്ചു അയലിൽ ഇട്ടു.
നാളെ സുമതി കെട്ടി പിടിച്ചു ഉമ്മ വക്കും
കേശവൻ സന്തോഷത്തോടെ ഉറങ്ങാൻ പോയി.
രാത്രിയിലെ പരാക്രമം കാരണം അല്പം വൈകിയാണ് കേശവൻ എണീറ്റത്. എണീറ്റ ഉടനെ അടുക്കള ലക്ഷ്യമാക്കി വിട്ടു.
സുമൂ ചായ..
നോക്കുമ്പോ പിന്നാമ്പുറത്തു വലിയ ചർച്ച. “ന്നാലും ആരായിരിക്കും ഇത് ചെയതത്?”
“ഒരു ഞരമ്പ് രോഗി ആണ് ന്നു ഉറപ്പ്,”
അല്ലാണ്ട് ആരെങ്കിലും രാത്രി ന്റെ അടിപ്പാവാട കഴുകി ഇടോ?
വൃത്തി കെട്ടവൻ ഓനെ ന്റെ കയ്യിൽ കിട്ടിയാൽ…. നാരായണി ഉച്ചത്തിൽ പറയുന്നുണ്ട്.
കേശവൻ ഒന്നും അറിയാത്ത പോലെ ഉമ്മറത്തു പത്രം നിവർത്തി. ചായയും ആയി വന്ന സുമതി….
ങ്ങൾ അറിഞ്ഞോ?.. കേശവേട്ട..
“പണിക്ക് വരുന്ന നാരായണി ഏച്ചില്ലേ…ഒരേ പാവാട ഇന്നലെ അലക്കി ഇട്ടതു രാത്രി ഏതോ തെണ്ടി വന്നു വീണ്ടും അലക്കിക്കുന്നു.. “ഇങ്ങനേം ണ്ടോ മനുഷ്യർ പത്തമ്പതു വയസ്സുള്ള ആ തള്ളേന്റെ അടിപ്പാവാട വരെ വിടൂല.
കേശവന്റ ഉള്ളിലപ്പോ വീണ്ടും ആശിരീരി
“നിനക്ക് ഒടുക്കത്തെ ഭാഗ്യം ണ്ട് കേശാവാ…..ഇയ്യ് ആ പാവാട തിരിമ്പുന്ന ഒച്ച കേട്ട് സുമതി എങ്ങാനും എണീറ്റിരുന്നെങ്കിലോ???? “