Story written by Nitya Dilshe
ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് “വേദ” എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു..
“അർജുൻ”
“മാഡം, പ്ളീസ് മൂവ്..”എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു കണ്ണടക്കുമ്പോഴും നെഞ്ചിന്റെ പിടച്ചിലും ശരീരത്തിന്റെ വിറയലും മാറിയിരുന്നില്ല…കുറച്ചു സീറ്റുകൾക്കപ്പുറം അയാളുണ്ടെന്ന ചിന്ത മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തി…ഇല്ല …ഇനിയും തളരാൻ വയ്യ …മനസ്സിനല്പം ധൈര്യം കിട്ടണെ..എന്നു പ്രാർത്ഥിച്ചു…ഏതോ ആപത്തു കണ്ടെന്നപോലെ ഹൃദയം ശക്തമായി മിടിച്ചു..
ഫ്ലൈറ് ലാൻഡ് ചെയ്ത് പുറത്തിറങ്ങിയപ്പോൾ അയാളെ കണ്ടില്ല എന്നത് ആശ്വാസം നൽകിയെങ്കിലും അതിനധികം ആയുസ്സുണ്ടായിരുന്നില്ല…എമിഗ്രേഷൻ കഴിഞ്ഞുള്ള വഴിയിൽ അയാളെന്നെ കാത്തു നിൽപ്പുണ്ടായിരുന്നു…പഴയപോലെ പേടിച്ചോടാതെ .ധൈര്യമായി നേരിടുക എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു നടന്നു..അടുത്തെത്തിയതും അയാൾ കൈയ്യിൽ പിടിമുറുക്കി…ശബ്ദം താഴ്ത്തി പറഞ്ഞു..
“വേദ…..ഇവിടെ വച്ചൊരു സീൻ ക്രീയേറ്റ് ചെയ്യാൻ നിൽക്കണ്ട..കഴിഞ്ഞ മൂന്നു വർഷവും ഈയൊരു മുഖം തേടിക്കൊണ്ടിരിക്കയായിരുന്നു ഞാൻ…എനിക്ക് പറയാനുള്ളത് കേട്ടിട്ടെ വിടു.. അത് കഴിഞ്ഞ് എങ്ങോട്ടു വേണമെങ്കിലും പോകാം….”
ദയനീയമായി അയാളെ നോക്കിയെങ്കിലും ആ തീരുമാനം മാറില്ലെന്നു തോന്നി..അയാളുടെ വാക്കുകൾ അനുസരിക്കാനെ അപ്പോൾ കഴിഞ്ഞുള്ളു…മനോഹരമായി ഇന്റീരിയർ ചെയ്ത ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്..ഫ്രഷായി വരാൻ റൂം കാണിച്ചു തന്ന് അയാൾ മറ്റൊരു റൂമിലേക്ക് കയറിപ്പോയി..
ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ കണ്ടു, ഹാളിനോട് ചേർന്ന ബാൽകണിയിൽ കോഫി മഗ്ഗുമായി പുറത്തേക്കു നോക്കി നിൽക്കുന്നു അർജുൻ…ഡ്രസ് മാറ്റിയിട്ടുണ്ട്…ആളെ കണ്ടതും അല്പം ശാന്തമായ ഹൃദയം വീണ്ടും പെരുമ്പറ മുഴക്കിതുടങ്ങി… ശബ്ദം കേട്ടാവണം ടേബിളിൽ ഇരുന്ന കോഫി മഗ് എനിക്ക് നീട്ടി…
പുറത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു..കോഫി ശരീരത്തിനും മനസ്സിനും കുറച്ചുന്മേഷം നൽകി..
“വേദ ഇവിടെ.?? ” അയാൾ തന്നെയാണ് സംഭാഷണത്തിനു തുടക്കമിട്ടത്..
“ഇവിടെയാണിപ്പോൾ വർക് ചെയ്യുന്നത്…” കമ്പനിയുടെ പേരു പറഞ്ഞു..
ബാൽക്കണിയിലെ ചയറിലേക്കിരുന്നു അയാൾ.. അടുത്തിരിക്കുന്ന ചയറിലേക്കിരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു..
“ഞാൻ വേദയെ അന്വേഷിച്ച് നാട്ടിൽ വന്നിരുന്നു…അച്ഛനിപ്പോൾ..???”അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി…
“ബാംഗ്ലൂരിൽ ഒരാശ്രമത്തിൽ ഉണ്ട്..അവിടുത്തെ കണക്കുകളും കാര്യങ്ങളുമൊക്കെയായി ജീവിക്കുന്നു..അമ്മയും വൈഗയും പോയെപ്പിന്നെ ആകെ ഒതുങ്ങി…അതോടെ അനാഥയായത് ഞാനാണ്…” അവസാന വാചകം പറഞ്ഞപ്പോഴേക്കും എന്റെ ശബ്ദം ഇടറിയിരുന്നു.
“വൈകിയാണെങ്കിലും അമ്മയുടെ വിവരം അറിഞ്ഞിരുന്നു…”അയാൾ വീണ്ടും കോഫി ചുണ്ടോട് ചേർത്തു…
“ഉം..ഹാർട്ട് പേഷ്യൻറ് ആയിരുന്നു…”
“വേദയുടെ വിവാഹം..???” അയാൾ എനിക്ക് നേരെ തലയുയർത്തി …എന്റെ മുഖത്തൊരു പുച്ഛച്ചിരിയായിരുന്നു..
“ശരീരവും മനസ്സും കളങ്കമില്ലാതെയാവണം വിവാഹമണ്ഡപത്തിലേക്കു കയറേണ്ടതെന്ന പഴഞ്ചൻ ചിന്താഗതി പഠിപ്പിച്ചാണ് അമ്മ വളർത്തിയത്..അതില്ലാത്തത് കൊണ്ടു അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല..” കത്തുന്ന മിഴികളോടെ ആ കണ്ണുകളിലേക്കു നോക്കിയാണ് ഞാൻ അതു പറഞ്ഞത്..
അയാളിലെ പതർച്ച വ്യക്തമായി കാണാനുണ്ടായിരുന്നു.. എന്നിൽ നിന്നും മുഖം ഒളിപ്പിക്കാനായി പുറത്തേക്കു നോക്കി എഴുന്നേറ്റു ..വല്ലാത്തൊരു സന്തോഷം എന്നെ വന്നു മൂടുന്നതറിഞ്ഞു…
“വൈഗ എപ്പോഴും വേദയെക്കുറിച്ചു പറയാറുണ്ട്..എന്നെങ്കിലും എനിക്കൊരു സർപ്രൈസ് തരാനാവണം ട്വിൻ സിസ്റ്റർ എന്നത് മറച്ചുവച്ചിരിന്നു…അതു ഞാൻ അറിയുന്നത് വേദ അന്നാ ഫ്ലാറ്റിൽ വന്നു പോയ്ക്കഴിഞ്ഞാണ്..”
കുറ്റബോധം കൊണ്ട് ആ മുഖം കുനിയുന്നത് കണ്ടു..കണ്ണിലെവിടെയോ നീർത്തിളക്കം.. സ്വതവേ വെളുത്ത ആ മുഖം നന്നായി ചുവന്നിരുന്നു…പക്ഷേ എനിക്കാ മനുഷ്യനോട് അല്പം പോലും അലിവ് തോന്നിയില്ല..
“എനിക്ക് പോണം…ഇപ്പോൾ തന്നെ ലേറ്റ് ആയി..”കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടാതെ ഞാൻ എഴുന്നേറ്റു..
“വേദ, ഇന്നൊരു ദിവസം …ഇന്നൊരു ദിവസം മാത്രം ഇവിടെ നിൽക്കു.. നാളെ രാവിലെ നമുക്കൊരിടം വരെ പോണം..അതുകഴിഞ്ഞു വേദ പറയുന്ന സ്ഥലത്ത് ഞാൻ തന്നെ കൊണ്ടുചെന്നാക്കാം.. please…”
ദയനീയമായിരുന്നു ആ മുഖം…എവിടേക്ക് എന്നൊരു ചോദ്യം മനസ്സിലുയർന്നെങ്കിലും ചോദിക്കാൻ തോന്നിയില്ല…ഇതോടെ എല്ലാറ്റിനും അവസാനം കാണുമല്ലോ എന്നാശ്വസിച്ചു..
ഇന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ലെന്നു നന്നായി അറിയാമായിരുന്നു…
പഴയ ഓർമകൾ ഓരോന്നും മനസ്സിനെ വളഞ്ഞിട്ടാക്രമിക്കാൻ തുടങ്ങി..
വൈഗ…എന്റെ ട്വിൻ സിസ്റ്റർ ….കാണാൻ മാത്രമേ ഞങ്ങൾ ഒരുപോലെയുള്ളൂ..സ്വഭാവം വിഭിന്നമായിരുന്നു..അവളായിരുന്നു വീട്ടിലെ ബഹളക്കാരി..അവൾ വന്നാലേ വീടുണരു എന്നു അമ്മയെപ്പോഴും പറയും..അച്ഛൻ മിലിറ്ററി ക്യാപ്റ്റൻ ആയതുകൊണ്ട് പട്ടാളച്ചിട്ടയായിരുന്നു വീട്ടിൽ..അച്ഛന്റെ ശബ്ദം കേട്ടാലെ ഞാൻ വിറക്കുമായിരുന്നു..ആരോടും എന്തും പറയാനുള്ള ധൈര്യം വൈഗക്കെപ്പോഴും ഉണ്ടായിരുന്നു…അച്ഛനേക്കാൾ അമ്മയോടായിരുന്നു ഞങ്ങൾ കൂട്ട്…
എട്ടാം ക്ലാസ്സിൽ എത്തിയപ്പോഴാണ് അച്ഛൻ റിട്ടയേർഡ് ആയി നാട്ടിൽ വീടുവച്ചത്.ബന്ധുക്കളാരോടും വലിയ അടുപ്പം ഉണ്ടായിരുന്നില്ല ..പ്ലസ് ടു കഴിഞ്ഞതോടെ CA മോഹവുമായി ഞാൻ ചെന്നൈയിലേക്ക് പോയി…വീട്ടിലാർക്കും ഇഷ്ടമില്ലാതിരുന്നിട്ടും ഫാഷൻ ഡിസൈനിങ് പഠിക്കണമെന്ന വാശിയോടെ വൈഗ മാഗ്ലൂർക്കും…
അടുത്തല്ലായിരുന്നെങ്കിലും ദിവസവും വിളിച്ചു വിശേഷങ്ങൾ പറഞ്ഞിരുന്നു… എന്തുകാര്യവും അവളാദ്യം പറയുക എന്നോടാണ്..ഞാനും അങ്ങനെതന്നെ..മാഗ്ലൂർ ലൈഫ് അവൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നു തോന്നി..
കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഒരു കമ്പനിയിൽ ജോയിൻ ചെയ്ത സമയത്താണ് അവൾ ഒരു ഫാഷൻ ഷോയിൽ വച്ചു പരിചയപ്പെട്ട അർജുനെക്കുറിച്ചു പറയുന്നത്…. ആൾ ബിസിനസ്സ് മാൻ ആണ്..പിന്നീടുള്ള അവളുടെ സംസാരങ്ങൾ കൂടുതലും അർജുനെക്കുറിച്ചായിരുന്നു…ഒരിക്കൽ പറഞ്ഞു അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന്…എനിക്കതൊരു ഷോക്ക് ആയിരുന്നു..കർക്കശക്കാരനായ അച്ഛന്റെ മുഖമായിരുന്നു എന്റെ മനസ്സിലപ്പോൾ..എന്തായാലും ഓണത്തിന് നാട്ടിൽ വരുമ്പോൾ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു പറഞ്ഞവളെ ആശ്വസിപ്പിച്ചു…ഒരാഴ്ച്ച കഴിഞ്ഞു കാണണം എന്നെ തേടിയെത്തിയത് ഒരു ദുരന്തവാർത്തയായിരുന്നു..
മാഗളൂരിൽ വച്ചൊരു ബൈക്ക് ആക്സിഡന്റിൽ വൈഗ പോയി. ഒപ്പമുണ്ടായിരുന്ന അർജുൻ അതീവ ഗുരുതരാവസ്ഥയിൽ…
വിവരമറിഞ്ഞു നാട്ടിൽ എത്തിയപ്പോൾ അമ്മ icu വിൽ ആണ്…അമ്മയുടെ ഹൃദയത്തിന് ആ വേദന സഹിക്കാനുള്ള ശക്തിയുണ്ടായില്ല..രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മയും പോയി.. വീട്ടിലെ നിശ്ശബ്ദത ഭ്രാന്തു പിടിപ്പിക്കുമെന്നു തോന്നി..ചെന്നൈയിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചത് അച്ഛൻ തന്നെയാണ്… അച്ഛനും ഏകാന്തത മടുത്തു കാണും..അച്ഛൻ ആശ്രമ ജീവിതത്തിലേക്ക് മാറി…
വൈഗയുടെ സാധനങ്ങൾ ഹോസ്റ്റലിൽ ഉണ്ടെന്നു ഫ്രണ്ട്‌സ് വിളിച്ചു പറഞ്ഞപ്പോഴാണ് അതേറ്റെടുക്കാൻ ഞാൻ മാസങ്ങൾക്കു ശേഷം മാഗ്‌ളൂരിലേക്കു പോയത്..എന്നെ കണ്ടു അവർ ഞെട്ടുന്നതറിഞ്ഞു.. അവരിൽ പലർക്കും ഞങ്ങൾ ഐഡന്റിക്കൽ ട്വിൻസ് ആണെന്ന് അറിയില്ലായിരുന്നു…
തിരിച്ചു ട്രെയിൻ കയറാൻ നിൽക്കുമ്പോഴാണ് അര്ജുനെക്കുറിച്ചോർത്തത്..
ഫ്രണ്ട്സ്‌നേ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞു ആൾ ഹോസ്പിറ്റൽ വിട്ടു ഫ്ലാറ്റിലുണ്ടെന്ന്.. വൈഗയുടെ പ്രിയപ്പെട്ട അർജുനെ കാണാതെ പോകുന്നത് ശരിയല്ലെന്ന് മനസ്സു പറഞ്ഞു…ഫെണ്ട്‌സ് തന്നെയാണ് അഡ്രസ്സ് പറഞ്ഞു തന്നത്..
ഫ്ലാറ്റിലെത്തി ബെല്ലടിച്ചു.. .വൈഗ മുൻപ് ഫോട്ടോ അയച്ചു തന്നിട്ടുണ്ട്..അല്പം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്..മുന്നിൽ അർജുൻ..എന്നെ കണ്ടതും ആ ചുവന്ന കണ്ണുകൾ വിടർന്നു..പാതി തുറന്ന വാതിലിനിടയിലൂടെ കണ്ടു ടേബിളിൽ ഇരിക്കുന്ന മദ്യക്കുപ്പികൾ…
തിരിഞ്ഞു നടക്കാനൊരുങ്ങവേ അർജുൻ വന്നെന്നെ പുണർന്നു ശക്തിയോടെ വരിഞ്ഞു മുറുക്കി..മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ടു മൂടി..
“എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്..നീയില്ലാതെ വയ്യ വൈഗ….ഇനി നീ എന്നെ വിട്ടുപോകാരുത്..” പറഞ്ഞതും എന്നെ എടുത്ത് അകത്തേക്ക് നടന്നു..
ഞാൻ വൈഗയല്ല വേദയാണെന്നു പറഞ്ഞതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല..എന്റെ എതിർപ്പുകളെ വകവെക്കാതെ അയാളെന്നെ ബലമായി കീഴ്പ്പെടുത്തി…
വരാൻ തോന്നിൽ നിമിഷത്തെ ശപിച്ച് കൊണ്ടിരുന്നു.. അയാൾക്ക് ബോധം വരുമ്പോഴേക്കും അവിടുന്നു രക്ഷപ്പെട്ടു.. പിന്നെയൊരു ഒളിച്ചോട്ടമായിരുന്നു..തേടിക്കൊണ്ടിരുന്ന മനസമാധാനം എവിടെ നിന്നും കിട്ടിയില്ല..
ഉറങ്ങാത്തത് കൊണ്ടു അർജുൻ പറഞ്ഞതിലും നേരത്തെ തന്നെ എഴുന്നേറ്റു റെഡിയായി….പറഞ്ഞ സമയത്തു തന്നെ ആൾ ഡോർ തുറന്നു പുറത്തു വന്നു…..മുഖത്തു ഗൗരവം ആണ്..അതുകൊണ്ടു തന്നെ എങ്ങോട്ടാണ് എന്നു ചോദിച്ചില്ല..പുറത്തു വെളിച്ചം വരുന്നതേയുള്ളൂ..രാത്രി പെയ്ത മഞ്ഞിന്റെ കണികകൾ ചെടികളിലും പൂക്കളിലും പറ്റിപ്പിടിച്ചു നിൽപ്പുണ്ട്..നേർത്ത തണുപ്പും….
ചെറിയ പടിക്കെട്ടുകൾക്കു താഴെ കാർ പാർക്ക് ചെയ്തു…അമ്പലമാണ്.. അധികം തിരക്കില്ല..പൂജാ സാധനങ്ങൾ വില്ക്കുന്ന വഴികച്ചവടക്കാരുടെ ബഹളങ്ങൾ ഉണ്ട്..പടിക്കെട്ടുകൾ കയറി മുകളിൽ എത്തി..നോർത്ത് ഇന്ത്യൻ മാതൃകയിലുള്ള ക്ഷേത്രമാണ്… മുൻപ് അച്ഛനുമമ്മയും വൈഗയും കൂടി ഒരുമിച്ചു പോയിട്ടുള്ളതാണ് അമ്പലത്തിൽ..അമ്പലങ്ങളിൽ ഉള്ള വിശ്വാസവും ഇപ്പോഴില്ല..
ശിവ പാർവതി പ്രതിഷ്ഠയാണ്..അർജുൻ വഴിപാട് കൗണ്ടറിൽ ചെന്നു എന്തോ ചോദിക്കുന്നുണ്ട്..പ്രാർത്ഥിക്കാൻ ഒന്നുമുണ്ടായിരുന്നില്ല..ശിവനോട് ചേർന്നിരിക്കുന്ന പാർവതിയേയും അവിടുത്തെ കൊത്തുപണികളും നോക്കിക്കൊണ്ട് നിന്നു…പൂജാരി കൊണ്ട് വന്ന പ്രസാദം അർജുൻ വാങ്ങുന്നത് കണ്ടു..കഴുത്തിലൊരു മഞ്ഞ ചരട് വീണപ്പോഴാണ് ഞെട്ടി തിരിഞ്ഞു നോക്കിയത്..
“ക്ഷമിക്കണം.. സമ്മതത്തോടെ ഇതൊരിക്കലും നടക്കില്ലെന്നറിയാം…അനാഥയാണെന്ന തോന്നൽ ഇനി വേണ്ട..കൂട്ടിനു ഞാനുണ്ടാവും സമ്മതിച്ചാലും ഇല്ലെങ്കിലും….മനസ്സറിഞ്ഞു എന്നെ സ്വീകരിക്കാൻ കഴിയുന്നത് വരെ കാത്തിരുന്നോളാം..”
ആ കൈകൾ എന്റെ കൈകളിൽ അമരുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..
സ്നേഹത്തോടെ…Nitya Dilshe