ദേവനെന്താ ഇപ്പോ ഇങ്ങനെയൊക്കെ തോന്നാൻ. ഞാൻ അതിനൊന്നും പറഞ്ഞില്ലല്ലോ…..

Story written by Murali Ramachandran

“ദേവനെന്തു പണിയാ ആ കാണിച്ചേ.. ആ ലേബറൂമിന്റെ മുന്നിൽ നിൽക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലേ..? ഒന്നുമില്ലേലും ഇടക്കൊക്കെ മനുഷ്യനെ പോലെ പെരുമാറു കേട്ടോ..”

അനാമികയുടെ വാക്കുകൾ ശ്രദ്ധിക്കാതെ ഞാൻ ഫോണിലേക്ക് നോക്കിയിരുന്നു. എന്റെ ആ നേരത്തെ പെരുമാറ്റത്തോട് അവൾക്ക് യോജിക്കാൻ ആയില്ലെന്നു എനിക്ക് മനസിലായി. ദേഷ്യത്തോടെ അവൾ എന്നെ നോക്കി.

“നീയൊന്നു പോയേടി.. എനിക്ക് അങ്ങനെ പെരുമാറാനെ അറിയൂ. ഞാനങ്ങനാ..”

“അങ്ങനെ പറഞ്ഞാ എങ്ങനെ ശരിയാവും. ദേവൻ ആ കാണിച്ചത് ശരിയാണെന്ന് തോന്നുന്നുണ്ടോ..?”

“അതെ.. അത് ശരിയാണ്‌. ദേ.. പെണ്ണേ, ആ ഡെലിവറി കേസ് കോംമ്പ്ലിക്കേറ്റഡ് ആയതുകൊണ്ടും, അത് സിസേറിയൻ ആണെന്നും പറഞ്ഞതുകൊണ്ടു മാത്രാ ഞാൻ വന്നത്. അതിന്റെ ഇടക്ക് വേറെ സെന്റിമെന്റ്സും പറഞ്ഞോണ്ട് എന്റെ അടുക്കലേക്ക് ആരും വരരുത്.”

കുറച്ചു ദേഷ്യത്തോടെ ഞാൻ പറഞ്ഞതും അവൾ മൗനത്തോടെ എന്നെ നോക്കി. ആ നോട്ടത്തിൽ ഒരു പിണക്കമുണ്ടെന്ന് ഞാൻ മനസിലാക്കി. ഉടനെ കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ് എടുത്തു ഞാൻ കത്തിച്ചു. ദേഷ്യത്തോടെ ഓരോ പുക ഉള്ളിലേക്ക് എടുക്കുമ്പോഴും അവളെന്നെ നോക്കുന്നുണ്ടായിരുന്നു. സിഗരറ്റ് എരിഞ്ഞടങ്ങിയതും ഞാൻ അത് താഴത്തേക്ക് ഇട്ടു. ഉടനെ അവൾ എഴുന്നേറ്റു പോകാൻ ഒരുങ്ങി. ഞാനാ കൈയ്യിൽ കയറി പിടിച്ചു. ദേഷ്യത്തോടെ അവൾ അത് തട്ടി മാറ്റി.

“എന്താടി.. അപ്പോളേക്കും നീ പിണങ്ങിയൊ..?”

“എന്തിനു..? ഞാൻ ആരോടും പിണങ്ങുന്നില്ല. മര്യാദ അതെത്ര പറഞ്ഞു കൊടുത്താലും മനസിലാവില്ലങ്കിൽ പിന്നെ ഞാനെന്തു ചെയ്യണം..? എനിക്ക് ഡ്യൂട്ടിക്ക് സമയമായി, ഞാൻ പോവാ.”

“അതിന് ഇനിയും ടൈമുണ്ടല്ലോ.. നീ ഇരിക്ക്, എനിക്ക് സംസാരിക്കാനുണ്ട്.”

ഞാൻ അവളുടെ തോളിൽ പിടിച്ചു അവിടേക്ക് വീണ്ടും ഇരുത്തി. അവളുടെ കണ്ണിലേക്കു ഞാൻ നോക്കിയതും ദേഷ്യത്തോടെ മുഖം തിരിച്ചു.

“നിനക്ക് തോന്നുന്നുണ്ടോ ഞാൻ മര്യാദ കെട്ടവനാണെന്നു..? എന്നെ പോലൊരാളെ സ്നേഹിച്ചു പോയത് തെറ്റായി പോയെന്ന് ഇപ്പോ തോന്നുന്നുണ്ടോ..?”

പെട്ടെന്നുള്ള എന്റെ ആ ചോദ്യങ്ങൾക്ക് അവൾ മുഖം കൊടുത്തു. കുറച്ചു കൂടി ഗൗരവത്തോടെ ഞാൻ അവളെ വീണ്ടും നോക്കി.

“ദേവനെന്താ ഇപ്പോ ഇങ്ങനെയൊക്കെ തോന്നാൻ..? ഞാൻ അതിനൊന്നും പറഞ്ഞില്ലല്ലോ..”

“അനാമികെ.. പെണ്ണിന്റെ മനസ്സിലുള്ളതെന്താണെന്നു ആർക്കും വായിച്ചെടുക്കാനാവില്ല. അത് അവർക്ക് മാത്രേ അറിയൂ. നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ ഇട്ടേച്ചു പോയവളെ പറ്റി..? അവൾടെ വീട്ടുകാരാ ആ നിന്നത്. പ്രസവം അവളുടേതും.. അപ്പൊ പിന്നെ കണക്കിന് രണ്ടെണ്ണം ഞാൻ പറയണ്ടേ..? എന്റെ ഈ നഴ്സിംഗ് പണിയോട് അവർക്കന്നു പുച്ഛമായിരുന്നു. എന്നിട്ട് ഒരു ഗൾഫുകാരന് കെട്ടിച്ചു കൊടുക്കുവേം ചെയ്തു. ഇപ്പൊ കണ്ടില്ലേ..? ആ നേരത്ത് നീ വന്നത് കൊണ്ടാ.. ഇല്ലേല് നല്ലനാലു വർത്താനം കൂടി ഞാൻ പറഞ്ഞേനെ..”

“ആണോ.. ശോ, വേണ്ടായിരുന്നു. അല്ല, ദേവനെന്താ അവരോട് പറഞ്ഞത്..?”

“ഓരോ ജോലിക്കും അതിന്റെതായ അന്തസുണ്ടെന്നും.. എന്റെ ജോലിയാ ഞാൻ ഇപ്പോ ചെയ്തതെന്നും, ഇതെ ജോലി ചെയ്യുന്ന ഈ പെണ്ണിനെയാണ് ഞാൻ കെട്ടാൻ പോവുന്നതെന്നും മുഖത്തു നോക്കി പറഞ്ഞു.”

ഒരു പുഞ്ചിരിയോടെ ഞാൻ അത് പറയുമ്പോൾ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. പറഞ്ഞു അറിയിക്കാൻ ആവാത്ത സന്തോഷം അവളുടെ ആ കണ്ണുകളിൽ ഞാൻ വായിച്ചെടുത്തു. പെട്ടെന്ന് എന്റെ അടുക്കലേക്ക് അവൾ വന്നതും ഞാൻ ചേർത്ത് പിടിച്ചു.

“അല്ല, നിനക്ക് ഡ്യൂട്ടിക്ക് ടൈം ആയില്ലേ..?”

“അയ്യോ.. ഞാനത് മറന്നു. ഈ റൊമാൻസൊക്കെ പിന്നെ..”

നാണിച്ചൊരു ചിരികൊടുത്തിട്ട് അവൾ എഴുന്നേറ്റു. വീണ്ടും എന്നെ നോക്കിയതും ഞാൻ പറഞ്ഞു.

“എടി.. ഐ ലവ് യൂ..”

“ഐ ലവ് യൂ ടൂ ഡിയർ..”

നിറപുഞ്ചിരിയോടെ അനാമിക അവളുടെ ഡ്യൂട്ടിക്ക് യാത്രയായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *