ദേവയാമി ~ അവസാന ഭാഗം, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഇവൾക്കെത്ര പെട്ടന്നാ മാറ്റം വന്നത്, സിതാരയെ ഒട്ടും ഇഷ്ടമില്ലാതിരുന്നവൾ അവളെ ഏട്ടത്തിയെന്നു പറയുന്നു ഋഷിക്ക് അത്ഭുതം തോന്നി.. ഒപ്പം വേദനയും ..

റിതു റൂമിലെത്തുമ്പോൾ എല്ലാവരും കൂടി സിതാരയെ ഒരുക്കാനുള്ള തിരക്കിലാണ്.

“ബിന്ദുജാൻ്റീ.. ഇവിടെ ഞങ്ങൾ നിന്നോളാം അങ്കിളും ആൻ്റിയും തൊഴുതിട്ടുവായോ.. ” റിതു പറഞ്ഞു.

” അതു ശരിയാ.. ബിന്ദുജേ .. കല്യാണം കഴിഞ്ഞാൽ ചിലപ്പോ തൊഴാൻപറ്റിയെന്നു വരില്ല.. ” അരുന്ധതിയും റിതുപറഞ്ഞത് ശരിവച്ചു.

അൽപസമയം കഴിഞ്ഞപ്പോൾ ചന്ദ്രശേഖരൻ ഋഷിയെയും കൂട്ടി അമ്പലത്തിലെത്തി. തൊഴാൻ പറഞ്ഞെങ്കിലും അവൻ അത് കേൾക്കാത്ത ഭാവത്തിൽ നിൽപ്പാണ്. വീതിക്കരയുള്ള കസവുമുണ്ടുടുത്തിട്ട് അതേ കരയുള്ള മേൽമുണ്ട് പുതച്ചിട്ടുണ്ട്. കഴുത്തിലെ മാലയിൽ ഒരു കുഞ്ഞു ഗണപതി തൂങ്ങിക്കിടക്കുന്നുണ്ട്. ആകെപ്പാടെ കാണാനൊരു ചന്തമൊക്കെയുണ്ടെങ്കിലും മുഖം കനപ്പിച്ച് നിൽപാണ് കക്ഷി.

” അതേ .. പെൺകുട്ടി ഒരുങ്ങിക്കഴിഞ്ഞെങ്കിൽ ഈ കല്യാണം കഴിഞ്ഞാൽ നമ്മുടേത് നടത്താമായിരുന്നു ” കൂട്ടത്തിലെ പ്രായമായ ഒരാൾ പറയുന്നത് കേട്ടു.

” അവരിപ്പൊ വരും.. ഞാനൊന്നു അരുന്ധതിയെ വിളിക്കട്ടെ.. ” എന്നും പറഞ്ഞ് ചന്ദ്രശേഖരൻ ഫോണെടുത്തു.

ഇന്നൊരു പാട് കല്യാണങ്ങൾ നടക്കുന്നതിനാൽ തിരക്ക് നന്നായിട്ടുണ്ട്. എല്ലാ മണ്ഡപത്തിൻ്റെ അടുത്തും തങ്ങളുടെ ഊഴം നോക്കി ആളുകൾ നിൽക്കുന്നുണ്ട്. അപ്പോഴേക്കും അരുന്ധതിയും റിതുവും പെണ്ണിനെയും കൊണ്ടുവന്നു.

“ദാ .. അവര് ഇറങ്ങിയാൽ നമുക്ക് കയറാം.. ” മണ്ഡപത്തിൽ ഇപ്പോൾ നടക്കുന്ന കല്യാണം കാണിച്ചു കൊണ്ട് അരുന്ധതിയോട് ചന്ദ്രശേഖരൻ പറഞ്ഞു.

“ആ.. ശരി .. ” അരുന്ധതി പറഞ്ഞു.

ആരോ പറഞ്ഞപ്പോൾ ഋഷി അരുന്ധതിയുടെയും ചന്ദ്രശേഖരനും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. ഇനി കയറിക്കോളൂ.. എന്ന് പറഞ്ഞപ്പോൾ യാന്ത്രികമായി മണ്ഡപത്തിൽ കയറി.

” വധു ഇവിടെ നിന്നോളൂ.. “ഋഷിയുടെ ഇടതു വശത്തേക്ക് കാണിച്ചു പൂജാരി പറഞ്ഞു. തൻ്റെ അടുത്ത് ആളു വന്നിട്ടും ഋഷി ശ്രദ്ധിച്ചതേയില്ല.

” അതേ .. ഋഷീ.. തിരക്ക് നല്ലോണമുണ്ട് ട്ടോ.. പിന്നെ പെണ്ണുമാറീന്ന് പറഞ്ഞിട്ട് കാര്യമില്ലാ ട്ടോ.. ഒന്നു ശരിക്കും നോക്കിക്കോ.. ” പുറത്ത് നിന്നും ആരോ പറഞ്ഞതും കൂട്ടച്ചിരിയുയർന്നു.

രഞ്ജിതിൻ്റെ ശബ്ദമാണല്ലോ.. ആരെയും ക്ഷണിച്ചിരുന്നില്ല.. ഇവനെങ്ങനെ ഇവിടെയെത്തി.. എന്ന് ചിന്തിച്ചു കൊണ്ട് ഋഷി തലയുയർത്തി നോക്കി. ഋഷിയെത്തന്നെ നോക്കി ചിരിച്ചു കൊണ്ട് മുൻപിൽ തന്നെയുണ്ടായിരുന്നു രഞ്ജിത്. അവനെ നോക്കിയപ്പോഴാണ് അടുത്ത് നിൽക്കുന്ന ആദി ദേവിനെ കണ്ടത്.. അവനടുത്തായി സഞ്ജുവും ശ്രീദേവിയും പ്രഭാകരനും .. ഋഷിയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.

‘പെണ്ണു മാറീന്ന് പറഞ്ഞിട്ട് കാര്യമില്ലാ ട്ടോ.. ‘ എന്നു രഞ്ജിത് പറഞ്ഞ തോർത്തപ്പോൾ വേഗം തൻ്റെ അടുത്തു നിൽക്കുന്നയാളെ നോക്കി. അവന് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. കണ്ണടച്ചു തുറന്നു നോക്കി.. അവൾ തന്നെ .. തൻ്റെ ആമി..അതും ഒരിക്കൽ കാണാൻ കൊതിച്ച അതേ വിവാഹ വേഷത്തിൽ .. ചുവന്ന കാഞ്ചീപുരം സാരിയിൽ… സ്വർണ്ണാഭരണങ്ങളണിഞ്ഞ് തലയിൽ നിറയെ മുല്ലപ്പൂ ചൂടി തൻ്റെ മണവാട്ടിയായ് തൻ്റെ ആമി..അവൻ്റെ ഹൃദയമിടിപ്പ് കൂടി വന്നു. അവളും നോക്കി അവനെ .. ഒരു നിമിഷം കണ്ണുകൾ തമ്മിൽ കോർത്തു. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ശ്വാസം പോലും നിലച്ചതു പോലെ ..

“കണ്ണും കണ്ണും പിന്നെ നോക്കാം.. ആ താലി വാങ്ങി കെട്ടളിയാ.. “ആദിയുടെ ശബ്ദം കേട്ടാണ് രണ്ടാളും ഉണർന്നത്. പൂജാരി ചരടിൽ കോർത്തതാലിയുമായ് നിൽക്കുന്നുണ്ട്.. ഋഷി കൈ നീട്ടിയതു വാങ്ങി.

“ഇനി കെട്ടിക്കോളൂ.. ” പൂജാരി പറഞ്ഞു.

അവനാ താലി അവളുടെ കഴുത്തിൽ ചേർത്തു .. ഒരു നിമിഷം കണ്ണടച്ചു നിന്നു ദേവയാമി.. ഏറെ ആഗ്രഹിച്ച നിമിഷം..’കൃഷ്ണാ.. ഇനി എന്നും ഈ താലി എനിക്കൊപ്പമുണ്ടാവണേ..’ മനസ്സിൽ പ്രാർത്ഥിച്ചു അവൾ. അതിനു ശേഷം ഒരു നുള്ളു സിന്ദൂരം എടുത്ത് അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു. പൂജാരി രണ്ടു പേർക്കും തുളസിമാല നൽകി. ഋഷിയും ദേവയും അത് പരസ്പരം അണിയിച്ചു. സന്തോഷം കൊണ്ട് ദേവയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പ്രഭാകരൻ ദേവയുടെ കൈ പിടിച്ച് ഋഷിയുടെ കയ്യിൽ ഏൽപ്പിച്ചു.. അയാളുടെ കണ്ണുകൾ നിറഞ്ഞു ..

ഋഷി തൻ്റെ ആമിയുടെ കൈ മുറുകെ പിടിച്ചിരുന്നു.. മണ്ഡപത്തിൽ മൂന്നു വലം വച്ച് പൂജാരിയ്ക്ക് ദക്ഷിണയും കൊടുത്ത് ഇറങ്ങുമ്പോഴാണ് … “എന്തൊരു തിരക്കാണ്.. ഒരു വിധത്തിലാ ഇവിടെ എത്തിപ്പെട്ടത്..” എന്നും പറഞ്ഞ് കൃഷ്ണ കുമാറും ബിന്ദുജയും എത്തിയത്. ദേവയുടെ കയ്യും പിടിച്ചിറങ്ങുന്ന ഋഷിയെക്കണ്ടതും അയാൾ ഞെട്ടി..

“എന്താ ഇവിടെ നടക്കുന്നത് .. ” അയാൾ അമ്പരപ്പോടെ ചോദിച്ചു.

“എൻ്റെ മകൻ്റെയും ദേവയാമിയുടെയും വിവാഹം കഴിഞ്ഞു ..കൃഷ്ണേട്ടാ .. ” അരുന്ധതി ചിരിയോടെ എന്നാൽ ശാന്തയായി പറഞ്ഞു.

“എൻ്റെ മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് കൊണ്ടു വന്നിട്ട്, ചതിക്കുക യാണല്ലേ.. ” അയാൾ ശബ്ദമുയർത്തി.

” ചതിച്ചത് ഞങ്ങളല്ല… ആരാണെന്ന് നിങ്ങൾക്കറിയില്ലേ.. അരുന്ധതിക്ക് ഒരു തെറ്റുപറ്റി, നിങ്ങൾ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചൂ.. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞങ്ങളാ തെറ്റിനെ തിരുത്തി.”ചന്ദ്രശേഖരൻ പറഞ്ഞു.

എല്ലാം കൈവിട്ടു പോയെന്നറിഞ്ഞപ്പോൾ കൃഷ്ണകുമാർ ഒന്നു പതറി.

” അന്ന് ചെന്നൈയിൽ നിന്നും ഋഷി തിരിച്ചെത്തിയ രാത്രി അവൻ്റെ വിഷമം കണ്ടിട്ട് എനിക്ക് സഹിച്ചില്ല. അതു കൊണ്ട് പിറ്റെ ദിവസം രാവിലെ അവൻ കോളേജിലേക്ക് ഇറങ്ങിയ ഉടനെ തന്നെ കൃഷ്ണേട്ടനെ കണ്ട് ഈ വിവാഹം ഉടനെ വേണ്ട എന്നു പറയാൻ വേണ്ടിയാ ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വന്നത്. പക്ഷേ.. വാതിൽക്കൽ എത്തിയപ്പോൾ നിങ്ങൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയി. നിങ്ങളുടെ സംസാരത്തിൽ നിന്ന് ജാതകദോഷമെന്ന നാടകത്തെക്കുറിച്ചും പണത്തിനു വേണ്ടി സ്വന്തം മകളെ പ്പോലും ഭീഷണിപ്പെടുത്തി കല്യാണത്തിനു സമ്മതിപ്പിച്ചതും അറിഞ്ഞപ്പോൾ ഓടി വന്ന് നിങ്ങളുടെ മുഖത്ത് കൈ വീശി അടിക്കാനാണ് തോന്നിയത് ..

മനസ്സാകെ തകർന്ന് വീട്ടിലെത്തുമ്പോൾ റിതുവാണ് പറഞ്ഞത് അമ്മ സിതാരയോടു സംസാരിക്കണമെന്ന്.. അവളെ ഭീഷണിപ്പെടുത്തിയാണ് സമ്മതിപ്പിച്ചത് എന്നറിഞ്ഞപ്പോൾ എല്ലാവരും കൂടി ഈ വിവാഹത്തിൻ്റെ തീരുമാനമെടുത്തു. ദേവയുടെ അച്ഛനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. മകളെ ഏറെ സ്നേഹിക്കുന്ന ആ അച്ഛനുമമ്മയ്ക്കും അവളുടെ മനസ്സറിയാവുന്നത് കൊണ്ട് അവരും കൂടെ നിന്നു.പിന്നെ.. സീതാലക്ഷ്മിയെ വിളിച്ചു സംസാരിച്ചപ്പോൾ ദേവയാമിയെ ഒന്നും അറിയിക്കാതെ ഇവിടെ കൊണ്ടു വരാമെന്ന് അവരും സമ്മതിച്ചു.. ഇന്ന് രാവിലെയാണ് ദേവയാമി എല്ലാം അറിഞ്ഞത്. നിങ്ങളുടെ മകൾക്കും എല്ലാം അറിയാമായിരുന്നു. ഒടുപാട് വേദനിച്ച ഋഷിക്കും അവൻ്റെ ആമിയ്ക്കും എല്ലാവരും ചേർന്ന് നൽകിയ സ്നേഹ സമ്മാനമാണ് ഈ വിവാഹം..

” അരുന്ധതി കൃഷ്ണകുമാറിൻ്റെ മുഖത്ത് നോക്കി പറഞ്ഞു.

കൃഷ്ണകുമാർ ഒന്നും പറഞ്ഞില്ല അയാളുടെ കണ്ണുകൾ മകളെ പരതി.അവിടെ റിതുവിനൊപ്പം നിൽക്കുന്നുണ്ടായിരുന്നു സിതാര.

” ഇനി എന്തു കാണാൻ നിൽക്കുവാണ് നീ.. വാ പോവാം.. ” അയാൾ സിതാരയെ നോക്കി പറഞ്ഞു.

” ഇല്ല ഡാഡീ.. ഞാൻ വരില്ല. എനിക്ക് പേടിയാ നിങ്ങളെ .. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നിങ്ങൾക്കൊപ്പം ഞാനിനി വരില്ല.. ” സിതാര പറഞ്ഞു കൊണ്ട് റിതുവിൻ്റെ പുറകിലേക്ക് മാറി.

“എടീ.. നിന്നെ ഞാൻ ” എന്നു പറഞ്ഞ് അയാൾ അവളെ അടിക്കാൻ കൈ ഓങ്ങിയതും “വേണ്ടാ .. അവളെ നിർബന്ധിക്കേണ്ട.. അവളെ ഞാൻ എൻ്റെ കൂടെ കൊണ്ടു പോവും.. അവൾക്ക് ഇഷ്ടമുള്ളത് പഠിക്കട്ടെ.. നിങ്ങൾക്ക് പോവാം.. ഇനി ഇതിൻ്റെ പേരിൽ ബഹളം വയ്ക്കേണ്ട.. ഇതൊരു പ്രതികാരമാണ് .. മധുരമുള്ള പ്രതികാരം ” അരുന്ധതി തറപ്പിച്ച് പറഞ്ഞു കൊണ്ട് അയാളെ നോക്കി.

പിന്നെ ഒന്നും പറയാതെ തല കുനിച്ച് നടന്നു അയാൾ കൂടെ ബിന്ദുജയും ..

എല്ലാമറിഞ്ഞപ്പോൾ ഋഷിക്കും സങ്കടം തോന്നി. അവൻ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി. അരുന്ധതി ഋഷിയെയും ദേവയെയും ചേർത്തു പിടിച്ചു. “ഇനി രണ്ടാളും കൂടി പോയി തൊഴുതിട്ട് വാ…” അരുന്ധതി പറഞ്ഞു.

ഇത്തവണ കൃഷ്ണനു മുൻപിൽ നിൽക്കുമ്പോൾ ദേവയ്ക്ക് പ്രാർത്ഥിക്കാൻ ഒന്നെ ഉണ്ടായിരുന്നുള്ളൂ.. എന്നും മാഷ് കൂടെയുണ്ടാവണേ .. താലിയിൽ മുറുകെ പിടിച്ചിരുന്നു അവൾ.. എന്നാലും ൻ്റെ കൃഷ്ണാ.. മാഷിനൊപ്പം നിന്നെക്കാണാൻ കഴിഞ്ഞല്ലോ.. ഇത്തവണ നന്നായി പ്രാർത്ഥിച്ച ശേഷമാണ് പുറത്തിറങ്ങിയത്.

പിന്നെ എല്ലാവരും അവർക്കരികിൽ വന്നൂ.. ആദി ഋഷിയെ അളിയാ.. എന്നു വിളിച്ച് കെട്ടിപ്പിടിച്ചു. അടുത്ത് കണ്ണും നിറച്ച് നിൽക്കുന്ന ദേവയെ കണ്ടപ്പോൾ അവളെയും ചേർത്തു പിടിച്ചു.. ശ്രീദേവിയും പ്രഭാകരനും ഏറെ സന്തോഷ ത്തിലാണ്. സീതാ മാഡത്തിൻ്റെ കാലിൽ തൊട്ട് രണ്ടാളും അനുഗ്രഹം വാങ്ങി ..മുത്തശ്ശി അടുത്ത് വന്ന് രണ്ടാളെയും അനുഗ്രഹിച്ചു.

കലയും കനിയും ഐഷുവും ദേവയെ ഓരോന്നു പറഞ്ഞു കളിയാക്കുന്നുണ്ട്.. പെട്ടന്നാണ് സീതാലക്ഷ്മിയോട് സംസാരിച്ചു നിൽക്കുന്ന ആളെ ദേവ കണ്ടത്.. വിച്ചുവേട്ടൻ.. അവളുടെ ചുണ്ടുകൾ ഉരുവിട്ടു. അവളുടെ നോട്ടം തൻ്റെ നേരെയാണെന്നറിഞ്ഞപ്പോൾ വിശാൽ അവൾക്കരികിലേക്ക് വന്നു..

“കൺഗ്രാറ്റ്സ് ദേവയാമീ..” അവൻ പറഞ്ഞു.

” എപ്പഴാ വന്നെ.. “

“ഇന്നു രാവിലെ .. തൻ്റെ വിവാഹമാണെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്കത് നേരിട്ട് കാണണമെന്ന് തോന്നി.. ചില കാര്യങ്ങൾ നേരിട്ടു കണ്ടാലെ നമ്മുടെ മനസ്സങ്ങു സമ്മതിച്ചു തരൂ.. ഇപ്പൊ എൻ്റെ മനസ്സിലെ ദേവയാമിക്ക് താലിയും സിന്ദൂരവുമണിഞ്ഞ കല്യാണപ്പെണ്ണിൻ്റെ മുഖമാണ് .. ഈ ഓർമ്മ മതി .. ഇതിനു വേണ്ടിയാണ് വന്നത്..” നേർത്ത ചിരിയോടെ അവനത് പറയുമ്പോൾ മനസ്സിൽ ഒരു നഷ്ടബോധം തോന്നി.

“ഞാൻ.. ഞാനൊരിക്കലും വിച്ചുവേട്ടനെ.. ” ദേവ പറഞ്ഞു തീരുംമുമ്പേ അവൻ പറഞ്ഞു.

“എനിക്കറിയാം.. താനെന്നെ സ്നേഹിച്ചിട്ടില്ലെന്ന്.. സാരമില്ലെടോ.. എനിക്കിത് ഉൾക്കൊള്ളാൻ കഴിയും.. തീർച്ച. അപ്പൊ ശരി,ഞാനിനി നിൽക്കുന്നില്ല .. ഇന്നു തന്നെ തിരിച്ച് പോവണം .കുറച്ചു നാൾ കൂടി അവിടെ നിൽക്കാൻ തീരുമാനിച്ചു ഞാൻ…” എന്നു പറഞ്ഞവൻ തിരികെ നടന്നു..

കുറച്ചു കഴിഞ്ഞ് റൂമിലെത്തിയ ശേഷം ” ഇനിക്കുറച്ചു നേരം രണ്ടാളും പരിഭവവും പരാതിയുമൊക്കെ പറഞ്ഞിരിക്ക്.. ഞങ്ങൾ അപ്പുറത്തെ റൂമിലുണ്ടാവും..” എന്നു പറഞ്ഞ് അരുന്ധതി പുറത്തേക്കിറങ്ങി.

“അമ്മേ.. “ഋഷി ഇടറിയ ശബ്ദത്തോടെ വിളിച്ചു.. അരുന്ധതി തിരിഞ്ഞു നോക്കുമ്പോൾ നിറഞ്ഞ കണ്ണുകളുമായ് തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടു.

“എന്താടാ .. ഇത് .. കണ്ണു തുടക്ക്.. നിനക്കേറ്റവും പ്രിയപ്പെട്ടവളെ തിരികെ തന്നില്ലേ.. ഇനിയെന്തിനാ സങ്കടം.. ” അവർ ചോദിച്ചു.

മറുപടിയായി അമ്മയെ കെട്ടിപ്പിടിച്ചു ഋഷി .. മനസ്സിൽ ഒരായിരം വട്ടം അരുന്ധതിയോട് മാപ്പു പറഞ്ഞു അവൻ.. പലപ്പോഴും ദേഷ്യം തോന്നിയിരുന്നു അമ്മയോട് .. കുറച്ചു ദിവസമായിട്ട് മിണ്ടാറുപോലുമില്ല.. പാവം.. അമ്മ.. ഋഷി മനസിൽ ഓർത്തു.

അരുന്ധതി പുറത്തിറങ്ങിയ ശേഷം ഋഷി നോക്കുമ്പോൾ കണ്ണിമയ്ക്കാതെ തന്നെ നോക്കി നിൽക്കുന്നുണ്ട് ദേവ. അവൻ അവൾക്കരികിലേക്ക് ചെന്നു .. കല്യാണ വേഷത്തിൽ അവളെ കാണുമ്പോൾ ഒന്നും വിശ്വാസം വരാത്തതുപോലെ .. അവളുടെ നെഞ്ചിൽ ചേർന്നു കിടന്ന താൻകെട്ടിയ താലി കണ്ടപ്പോൾ ,നെറ്റിയിലെ സിന്ദൂര ചുവപ്പ് കണ്ടപ്പോൾ എല്ലാം സത്യമാണ് എന്നാശ്വസിച്ചൂ.

“മാഷെ… ” ദേവയാമി വിളിച്ചു.. അവൻ അവളെ നോക്കി..

” ആമീ … ” എന്നും വിളിച്ചു കൊണ്ടവൻ അവളെ തൻ്റെ നെഞ്ചോടു ചേർത്തു. മേൽമുണ്ടു മാത്രം പുതച്ചിരുന്ന അവൻ്റെ നെഞ്ചിലെ രോമങ്ങളിലൂടെ അവളുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…

“എന്തിനാ.. എൻ്റെ പെണ്ണെ ഇങ്ങനെ കരയുന്നത് …” അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു കൊണ്ട് ആർദ്രമായവൻ ചോദിച്ചു.

“സന്തോഷം കൊണ്ടാ.. മാഷെ.. ഒരിക്കലും തിരിച്ചു കിട്ടുമെന്ന് കരുതിയില്ല…” വിതുമ്പലോടെ അവളതു പറയുമ്പോൾ അവൻ അവളുടെ മുഖം ഉയർത്തി നെറ്റിയിലെ സിന്ദൂരത്തിൽ അമർത്തി ചുംബിച്ചു…

“ഏട്ടാ..” പുറത്തു നിന്നും റിതുവിൻ്റെ സ്വരം കേട്ടാണ് രണ്ടാളും അടർന്നു മാറിയത്. ഋഷി വാതിൽ തുറന്നപ്പോൾ രണ്ടാളെയും മാറി നോക്കി അവൾ ..

“ഡ്രസ്സൊന്നും മാറീലേ.. ” എന്നും പറഞ്ഞ് അകത്തെ ബാഗിൽ നിന്നും ഡ്രസ്സെടുത്തു രണ്ടാൾക്കും കൊടുത്തു.ഋഷി വേഗം മാറിയിട്ട് പുറത്ത് പോയി. റിതു ദേവയെ മാറാൻ സഹായിച്ചു.

ഉച്ചയ്ക്ക് അവിടെ ഒരു ഹോട്ടലിൽ ഭക്ഷണം ഏൽപ്പിച്ചിരുന്നു.ഭക്ഷണശേഷം ദേവയെ സീതാലക്ഷ്മി വിളിച്ചു.. “മേയ്ക്കപ്പ് ആർട്ടിസ്റ്റ് റെഡിയാണ് .ഇപ്പൊ തുടങ്ങിയാലെ നേരത്തെ ഒരുങ്ങിക്കഴിയൂ.. ” സീത പറഞ്ഞു.

” ശരി.. മാം .. ” അവൾ പറഞ്ഞു.

എല്ലാവരോടും പറഞ്ഞ ശേഷം ദേവ ഡ്രസ്സിംഗ് റൂമിലേക്ക് പോയി. കുറെ ക്കഴിഞ്ഞപ്പോൾ റിതു ഋഷിയെ വിളിച്ചു.

“ഏട്ടാ..ഏട്ടത്തി റെഡിയായി.. ഏട്ടന് കാണണ്ടേ.. വാ..” എന്നും പറഞ്ഞ് അവനെയും കൂട്ടി ഡ്രസ്സിംഗ് റൂമിലെത്തി.

ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു.. ദേവയെക്കണ്ടപ്പോൾ ആദ്യമായി കണ്ട നിമിഷമാണ് ഋഷിക്ക് ഓർമ്മ വന്നത്.. അന്നും ഇതുപോലെ നൃത്തത്തിനുള്ള വേഷത്തിലായിരുന്നു അവൾ..

“ഏട്ടാ.. ഇത് ഏട്ടത്തിക്ക് കൊടുക്ക്.. ഞാൻ പുറത്തുണ്ടാവും..” എന്നു പറഞ്ഞ് കയ്യിലെ ബോക്സ് അവന് നൽകിയിട്ട് റിതു പുറത്തിറങ്ങി.ഋഷി അമ്പരന്നു.. ആമിയ്ക്ക്വി വാഹശേഷം നൽകാനായി അന്ന് വാങ്ങിവച്ച ചിലങ്കകൾ .. നഷ്ടപ്പെട്ടു എന്നു കരുതിയതാണ് എന്നാൽ റിതു.. അവൾ അത് സൂക്ഷിച്ചു വച്ചിരിക്കുന്നു..

ഋഷി ആ ബോക്സ് ദേവയുടെ കയ്യിൽ കൊടുത്തു,എന്നിട്ട് “എന്താണെന്ന് നോക്ക്.. “ചിരിയോടെ പറഞ്ഞു.അവളതു തുറന്നു നോക്കി.. അവളുടെ കണ്ണുകളിൽ അമ്പരപ്പ് കാണാം..

“മാഷെ.. എത്ര മനോഹരമായിരിക്കുന്നു .. ” അവൾ സന്തോഷത്തോടെ പറഞ്ഞു.

” ഞാനിത് തൻ്റെ കാലിൽ അണിയിക്കട്ടെ.. ” അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു. നിലത്തു മുട്ടുകുത്തി നിന്ന് അവൻ അവളുടെ കാലിൽ ചിലങ്കകൾ അണിയിക്കുമ്പോൾ അവൾ അറിയുകയായിരുന്നു ..തൻ്റെ മാഷിന് തന്നെപ്പോലെ തൻ്റെ നൃത്തവും ഇഷ്ടമാണെന്ന്. എഴുന്നേറ്റ് അവളുടെ കവിളിലൊന്ന് തലോടി ‘ ഞാൻ മുൻപിലുണ്ടാവും.. ട്ടോ.., ‘ എന്നു പറഞ്ഞ് അവൻ പുറത്തിറങ്ങി.

കയ്യിലെ ബോക്സിനുള്ളിൽ എന്തോ എഴുതിയപേപ്പർ കണ്ടു.. എടുത്തു തുറന്നു ” എൻ്റെ ആമിക്ക് .. ആദ്യമായ് നിന്നെ കണ്ടപ്പോൾ നിൻ്റെ കാലിലെ ചിലങ്കയുടെ ശബ്ദം എൻ്റെ ഹൃദയത്തിലാണ് മുഴങ്ങുന്നതെന്ന് തോന്നി.. പിന്നീട് പലപ്പോഴും ആ ചിലങ്കകളായിരുന്നു ഞാനെങ്കിൽ നിൻ്റെ പാദങ്ങളോടു ചേർന്ന് നിൽക്കാ മായിരുന്നു എന്നു തോന്നിയിരുന്നു.. ഈ ചിലങ്കകൾ എന്നും നിൻ്റെ പാദങ്ങളിൽ ചേർന്നു നിൽക്കുന്നത് കാണാനാണെനിക്കിഷ്ടം .. സ്വന്തം .. മാഷ്..” അതു വായിച്ചപ്പോൾ അവളുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു.

കണ്ണനെ മനസ്സിൽ ധ്യാനിച്ച് നിറഞ്ഞ സദസിനു മുൻപിൽ സ്വയം മറന്നവൾ നൃത്തം ചെയ്തു.. നിറഞ്ഞ മനസ്സോടെ കണ്ണൻ്റെ മുൻപിൽ ഒരു സ്വയം സമർപ്പണം.. ഋഷി മുൻപിലിരുന്ന് എല്ലാം കണ്ടു..

നൃത്തം കഴിഞ്ഞ് പുറത്തിറങ്ങിയ അവളെ സീതാലക്ഷ്മി ചേർത്തു പിടിച്ചു. ” ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരമായ നൃത്തമായിരുന്നു ഇന്നത്തേത്.ഗുരുവായൂരപ്പന് തീർച്ചയായും ഇഷ്ടമാവും.” എന്നു പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു അവർ.

എല്ലാവരും അഭിനന്ദിച്ചു അവളെ.. അവളുടെ കണ്ണുകൾ അപ്പോൾ ഋഷിയെ തേടുകയായിരുന്നൂ.. കുറച്ചപ്പുറത്ത് എല്ലാവരും അവളെ അഭിനന്ദിക്കുന്നതും സ്നേഹിക്കുന്നതും നോക്കി നിൽക്കുകയാണ് ആള്..ദേവയവനെ കണ്ടു .. അവൾ പരിഭവത്തോടെ നോക്കിയതും അവൻ രണ്ടു കൈകളും നീട്ടി .. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ നീട്ടിയ കൈകളിലേക്ക് ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് ചാഞ്ഞു അവൾ.. ചുറ്റും ആളുകൾ നിൽക്കുന്നതെല്ലാം അവൾ ഓർത്തതേയില്ല.. എല്ലാവർക്കും ഒരു പാട് സന്തോഷം തോന്നി.

ദേവ ഡ്രസ്സെല്ലാം മാറി ഫ്രഷായി വന്നപ്പോഴേക്കും എല്ലാവരും തിരികെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സീതാലക്ഷ്മിയും മുത്തശ്ശിയും യാത്ര പറയുമ്പോൾ ദേവയ്ക്ക് ഒരുപാട് സങ്കടം തോന്നി.

“മോള് ഇടയ്ക്ക് വരണം മുത്തശ്ശിയെക്കാണാൻ .. നീയില്ലാതെ അവിടെ വീടെല്ലാം ഉറങ്ങിയ പോലാവും” മുത്തശ്ശി സങ്കടപ്പെട്ടു.

” വരാം.. മുത്തശ്ശി ” അവൾ അവരുടെ കവിളിൽ ചുണ്ടുകൾ ചേർത്തു. കലയും കനിയും ഐഷുവും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു.കൂടെപ്പിറപ്പുകളെപ്പോലെ കഴിഞ്ഞവർ യാത്ര പറയുമ്പോൾ വിതുമ്പിയിരുന്നു.

“ദേവാ.. ഇതൊന്നും പാതിയിൽ നിർത്തരുത് .. തുടർന്നും പഠിക്കണം.. ഒരു പാട് ഉയരങ്ങളിലെത്തണം .. ” സീതാലക്ഷ്മി അവളുടെ തോളിൽ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

” ഉം.. “ദേവ തലയാട്ടി.. എന്തെങ്കിലും പറഞ്ഞാൽ താൻ കരയുമെന്ന് അവൾ ക്കറിയാം.. ഗുരുവും ശിഷ്യയും എന്നതിന്നപ്പുറം അവർ തനിക്ക് അമ്മയും കൂടിയായിരുന്നു.. എല്ലാവരും ഇറങ്ങി. ശ്രീദേവിയും പ്രഭാകരനും ആദിയും നാളെ റിസപ്ഷനുകാണാമെന്നും പറഞ്ഞ് ഇറങ്ങി. കൃഷ്ണനോട് ഒരിക്കൽ കൂടി മനസ്സിൽ യാത്ര പറഞ്ഞ് ദേവയാമിയും ഋഷിക്കൊപ്പം ഇറങ്ങി. കാറിൽ പിൻസീറ്റിൽ മാഷിൻ്റെ കൈയ്യിൽ കൈയ്യും കോർത്ത് അവൻ്റെ തോളിൽ ചാരിയിരിപ്പുണ്ട് ആമി.. അവരുടെ ജീവിതയാത്ര ഇവിടെ തുടങ്ങുകയാണ് ..പ്രണയം നിറഞ്ഞ മനസ്സുമായ് ഇനി എന്നും അവർ സന്തോഷത്തോടെ ജീവിക്കട്ടെ..

അവസാനിച്ചു..

(ആമിയെയും മാഷിനെയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് നന്ദി .. എഴുതി തുടങ്ങിയപ്പോൾ കുറച്ചു പാർട്ടിൽ തീർക്കണം എന്നാണു കരുതിയത്.. എഴുതി വന്നപ്പോൾ ഇത്രയുമെത്തി.. എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു.. അഭിപ്രായങ്ങൾ പറഞ്ഞു.. ഒരു പാട് സന്തോഷം … ഒത്തിരി സ്നേഹം..❤
രജിഷ..)

Leave a Reply

Your email address will not be published. Required fields are marked *