മഞ്ഞുമൂടി കിടക്കുന്ന മരങ്ങൾക്കിടയിലൂടെ അവൾ പതിയെ പതിയെ നടന്നു.. ഒരു മാലാഖയെപ്പോലെ … ഇളം തെന്നൽ അവളുടെ പാറിക്കിടക്കുന്ന മുടി യിഴകളിൽ തലോടി… നല്ല തണുപ്പ്..പെട്ടന്നാരോ തൻ്റെ പിന്നാലെഉള്ളതുപോലെ…അവൾ ഓടി…വേഗത്തിൽ… ഓടി ഓടി ഒരു തടിപ്പാലത്തിൽ എത്തി … രക്ഷപ്പെട്ടേ മതിയാവു.. അവൾ പാലത്തിലൂടെ ഓടി .. പാലത്തിൻ്റെ നടുവിൽ എത്തിയതും അവൾ താഴേക്ക് കാൽ തെറ്റി വീണു… ഒരു പട്ടം പോലെ ഭാരമില്ലാതെ താഴേക്ക് ….
“അമ്മേ……..” അവൾ ഉറക്കെ നിലവിളിച്ചു .
“ആഹാ.. ഇന്നും ദേവ പാലത്തിൽ നിന്നും വീണമ്മേ …. “ആദി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു .
“ഇവളെ ഞാൻ… ” എന്നും പറഞ്ഞു ശ്രീദേവി ദേവയുടെറൂമിലേക്ക് നടന്നു.
“ദേവ നീയിതു വരെ എണീറ്റില്ലേ… നേരം എത്രയായീന്ന് അറിയ്യോ നിനക്ക് ” ശ്രീദേവി മകളെ വിളിച്ചു. പക്ഷേ അകത്തു നിന്നും യാതൊരു മറുപടിയുമില്ലാതായപ്പോൾ “ഇന്നു നിന്നെ ഞാൻ ശരിയാക്കും, നാളെ കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിൽ പോകേണ്ട പെണ്ണാ ഇങ്ങനെ പോത്തുപോലെ കിടക്കണേ… “
ശബ്ദം അടുത്തെത്തി എന്നറിഞ്ഞപ്പോൾ തല മൂടിക്കിടന്ന നമ്മുടെ നായിക ചാടിയെഴുന്നേറ്റിരുന്നു ഒരു വളിച്ച ചിരി പാസാക്കി .. ” അമ്മക്കുട്ടി.. ഇന്നൊരു ദിവസം കൂടിയല്ലേ ഉള്ളൂ, നാളെ നേരത്തെ എണീക്കണ്ടേ… പിന്നെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ പറ്റില്ലാലോ…”
അതു കേട്ടപ്പോൾ ശ്രീദേവി പതിയെ അവളുടെ അടുത്തിരുന്നു.” അമ്മേടെ കുട്ടി ഋഷീൻ്റെ വീട്ടിൽ പോയിട്ട് ഇങ്ങനെ വൈകി എണീക്കരുത് ട്ടോ.. അവിടത്തെ അമ്മയ്ക്ക് ചിലപ്പോ ഇഷ്ടാവൂലാ… അമ്മേ നേം അച്ഛനേം പറയിപ്പിക്കരുത് മോള് …”
“ഇല്ലാമ്മേ .. എനിക്കറിയാലോ എല്ലാം .. അമ്മ പേടിക്കണ്ടാട്ടോ “ദേവ കൊഞ്ചി പറഞ്ഞു അതു കേട്ട് മകളുടെ തലയിലൊന്നു തഴുകി ശ്രീദേവി അടുക്കളയിലേക്ക് നടന്നു.
എല്ലാരുംദേവാന്ന് വിളിക്കണ ഞാൻ ആരാണെന്ന് പറയാട്ടോ… ഞാൻ ‘ദേവയാമി ‘ … പി ജി കഴിഞ്ഞു. അച്ഛൻ ഒരുപാവം ബാങ്കുദ്യോഗസ്ഥൻ പ്രഭാകരൻ .. അമ്മ ഞങ്ങളെയൊക്കെ മേയ്ക്കുന്ന ഒരു പാവം വീട്ടമ്മ. പിന്നെ ആദി ദേവ്…. എൻ്റെ പ്രിയപ്പെട്ട ഏട്ടൻ…. വഴക്കുകൂടാനും സ്നേഹിക്കാനും എന്തിനും എൻ്റെ കൂടെ എൻ്റേട്ടൻ ഉണ്ടാവും.ആള് എഞ്ചിനിയറിംഗ് കഴിഞ്ഞ് ബാംഗ്ലൂർ ജോലി ചെയ്യുന്നു.
പിന്നെ… നാളെ എൻ്റെ വിവാഹമാണ്… ആളാരാണെന്നല്ലേ… ഋഷികേശ് …ആളൊരു കോളേജ് അധ്യാപകനാണ്…. ഞങ്ങളുടെമൂന്നു വർഷത്തെ പ്രണയം സഫലമാവുകയാണ് നാളെ….. ‘ അയ്യോ കഥയും പറഞ്ഞിരുന്നാൽ ശ്രീദേവി യമ്മയുടെ അടുത്ത വരവ് എന്നെ ശരിയാക്കാനാവും ‘ എന്നും പറഞ്ഞ് ദേവയാമി ഫ്രഷാവാൻപോയി.
തിരികെ റൂമിലെത്തിയപ്പോഴാണ് ഫോൺ നോക്കിയത്. ‘Good morning Aamikutty…,☕ ഋഷിയുടെ മെസ്സേജ് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. തിരിച്ചൊരു മറുപടിയും കൊടുത്തു’Good morning mashe ❤️..
ഋഷി ദേവയാമിയെ ആമി എന്നാണ് വിളിക്കുന്നത്, അവൾ തിരിച്ച് മാഷെന്നും.
******************
ഋഷി രാവിലെ ജോഗിംങ്ങ് കഴിഞ്ഞു വന്നു ഫോണെടുത്തുനോക്കി. സ്ക്രീനിൽ അവനും അവൻ്റെ ആമിയും ചേർന്നു നിൽക്കുന്ന ഫോട്ടോയും നടുവിലായ് Rishikesh weds Devayami താഴെ Save the date എന്നെഴുതിയതും തെളിഞ്ഞു കാണാം. കുറച്ചു നേരം അതിൽ നോക്കി നിന്നു, പിന്നെ ‘നാളെ നീയെൻ്റെ ജീവൻ്റെ പാതിയാവും പെണ്ണെ…. ‘ എന്നും പറഞ്ഞവളുടെ മുഖത്തൂടെ വിരലോടിച്ചു. കണ്ട നാൾ മുതൽ മനസ്സിൽ കടന്നു കൂടിയവൾ…
വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നവർ.ഇഷ്ടങ്ങൾ പോലും വ്യത്യസ്തം. താൻ പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെട്ടപ്പോൾ നൃത്തത്തെ തൻ്റെ ജീവനായി കരുതിയിരുന്നവളാണ് എൻ്റെ ആമി. ആകെ രണ്ടാൾക്കും കൂടിയുള്ള ഇഷ്ടം മഴയായിരുന്നു. തനിക്ക് മഴ കണ്ട് ആസ്വദിക്കാനായിരുന്നു ഇഷ്ടമെങ്കിൽ അവൾക്ക് അത് നനയാനായിരുന്നു ഇഷ്ടം. എന്നിട്ടും… കണ്ട നാൾ മുതൽ എൻ്റെ ഹൃദയം കീഴടക്കിയവൾ എൻ്റെ ആമി…
” രാവിലെ തന്നെ സ്വപ്നം കാണാൻ തുടങ്ങിയോ കല്യാണ ചെക്കൻ ” ശബ്ദം കേട്ടു ഋഷി നോക്കുമ്പോൾ റിതുവാണ്. ഋഷിയുടെ അനിയത്തിയാണ് റിതിക .
“നീ പോടി … അല്ല നീയെന്താ ഇവിടെ “
“ചുമ്മാ,നിന്നെയൊന്നു കാണാൻ”
“എന്തോ കാര്യമുണ്ട്…. അല്ലാതെ നീ രാവിലെ എന്നെ തിരക്കി വരില്ലാ…. “
അവളൊരു വളിഞ്ഞ ചിരിയോടെ പറഞ്ഞു.
“അതേ ഏട്ടാ എൻ്റെ കൂടെയൊന്നു ടൗണിലേക്ക് വരുമോ പ്ലീസ്..”
“എന്തിന്? ഒരാഴ്ചയായിട്ട് ഫുൾ ടൗണിൽ തന്നെയാണല്ലോ നീ.. ഇനിയും കഴിഞ്ഞില്ലേ ..”
“അത്…പിന്നെ.. ഞാനെടുത്ത ഡ്രസ്സിനു മാച്ചാകുന്ന കുറച്ചു സാധനങ്ങൾ വാങ്ങണം.”
“എനിക്കു പറ്റില്ല.. നിനക്കിതു തന്നെയാ പണി .. നാളെ എൻ്റെ യാ കല്യാണം നിൻ്റെയല്ലാ…”
“പോടാ ദുഷ്ടാ.., അധികം വൈകാതെ എനിക്കും അവസരം വരും. അപ്പൊ ഞാനെടുത്തോളാം….” റിതു പിണങ്ങിപ്പോയി.
‘റിതിക ഗ്രൂപ്പ് സ്’ എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ ഉടമസ്ഥരാണ് ഋഷിയുടെ അമ്മ വസുന്ധരാ ദേവിയും അച്ഛൻചന്ദ്രശേഖരനും. സ്വന്തമായി ടെക്സ്റ്റൈൽസും ജ്വല്ലറിയും ഹോട്ടലും ഹോസ്പിറ്റലും എല്ലാമുള്ളവർ. നാട്ടിലെ അറിയപ്പെടുന്ന സമ്പന്നർ ആയിരുന്നു അവർ.പക്ഷേ, ഋഷിയ്ക്ക് ഇതിലൊന്നും താൽപര്യ മില്ലായിരുന്നു.
വസുന്ധരാ ദേവി മകനെ പഠിപ്പിച്ച് ഡോക്ടറാക്കാൻ ആഗ്രഹിച്ചു. എന്നാൽ ഋഷിയ്ക്ക് അധ്യാപകനാവാനായിരുന്നു ഇഷ്ടം. മാതാപിതാക്കളുടെ പണമോ പ്രശസ്തിയോ അയാളെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. ചന്ദ്രശേഖരൻ ഋഷിയുടെ ഇഷ്ടത്തിന് പ്രാധാന്യം നൽകി. അമ്മ ഋഷിയുടെ വാശിയ്ക്ക് മുന്നിൽ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഋഷി പഠിച്ച് കോളേജിൽ അധ്യാപക നായി. എഴുത്തും വായനയുമായിരുന്നു അയാൾക്ക് ഏറെ ഇഷ്ടം. അൽപസമയം കിട്ടിയാൽ പുസ്തകങ്ങളുമായി ഇരിക്കും കക്ഷി. റിതിക അമ്മയുടെ ആഗ്രഹപ്രകാരംഎം ബി ബി എസിനു പഠിക്കുന്നു.
ഋഷി മൂളിപ്പാട്ടും പാടി ബാത്റൂമിലേക്ക് കയറി.ഫ്രഷായി വന്ന് താഴേക്കിറങ്ങി. താഴെ തന്നെ നോക്കി നിൽക്കുന്ന മുഖം കണ്ട് ഋഷി ഞെട്ടി…”എൻ്റീശ്വരാ ഈ കുരിശെപ്പോ വന്നൂ ” ഋഷി മനസ്സിൽ പറഞ്ഞു. അതു മനസ്സിലാക്കിയെന്നവണ്ണം
” ദാ ഇപ്പൊ വരുന്ന വഴിയാ.. ” മറുപടിയും വന്നു .
” സിതാര മോൾ വന്നോ ” അരുന്ധതി അപ്പോഴേക്കും അവിടെ എത്തി.
” ആ ആൻ്റി ഞാൻ നേരെ ഇങ്ങു പോന്നു. അച്ഛൻ പുറത്ത് അങ്കിളിനോട് സംസാരിക്കുന്നുണ്ട് “
“മോളെ കണ്ടിട്ട് എത്ര നാളായി, വാ.. വിശേഷങ്ങൾ ഒക്കെ പറ” അരുന്ധതിയാണ്
“ആൻ്റിക്കെങ്കിലും തോന്നിയല്ലോ എന്നെക്കണ്ടിട്ട് കുറെയായെന്ന്… പിന്നെ നമുക്കെന്ത് വിശേഷം.. വിശേഷമൊക്കെ ഇവിടെയല്ലേ.. ” സിതാര ഋഷിയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കി പറഞ്ഞു.
” അതിന് വല്ലതും പറയാൻ സമയം തരണ്ടേ… ആൻ്റിയും മോളും കൂടി നോൺസ് റ്റോപ്പ് വായടിയല്ലേ.,, ” ഋഷിയും വിട്ടുകൊടുത്തില്ല.
“ഇനി വല്ലതും കഴിച്ചിട്ട് ബാക്കി, ആൻറീ വിശക്കുന്നു” സീതാര പറഞ്ഞു കൊണ്ട് അരുന്ധതിക്കൊപ്പം നടന്നു.
സിതാര അരുന്ധതിയുടെ വല്യച്ചൻ്റെ മകൻ കൃഷ്ണ കുമാറിൻ്റെ മകളാണ്. വകയിൽ ഋഷിയുടെ മുറപ്പെണ്ണ്. അതിൻ്റെ ഒരു ഇളക്കം കുട്ടിക്കാലം തൊട്ടെ സിതാരയ്ക്ക് ഋഷിയോടുണ്ട്.കൃഷ്ണകുമാറിനും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു. അരുന്ധതിയെമണിയടിച്ച് ഋഷിയെക്കൊണ്ട് സിതാരയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ് കൃഷ്ണ കുമാറും ഭാര്യ ബിന്ദുജയും .റിതിക ഗ്രൂപ്പിൻ്റെ പിൻഗാമികളാവാൻ അവർ കണ്ട വഴി കൂടിയായിരുന്നു അത്. സിതാരയ്ക്ക് ഋഷിയെ ഇഷ്ടവുമാണ്. ഋഷിക്ക് അവളോട് അങ്ങനെ ഒരു താത്പര്യം ഇല്ലായിരുന്നു .. ആമിയെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന ഋഷിയുടെ വാശിയ്ക്ക് മുന്നിൽ അരുന്ധതി കീഴടങ്ങുകയായിരുന്നു.
********************
ദേവഅടുക്കളയിൽ എത്തിയപ്പോൾ നല്ല ബഹളമാണ്. മേമ സൗമിനിയും ശിവ മാമനും മക്കൾ ശിവദയും ശ്രീയയും ഇന്നലെ തന്നെ വന്നിട്ടുണ്ട്.ശിവദയും ദേവയാമിയും സമപ്രായക്കാരാണ്.അമ്മമ്മയും അച്ഛച്ഛനും ഒരാഴ്ച്ചയായി വീട്ടിൽ തന്നെയുണ്ട്. പ്രഭാകരൻ്റെ അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു. കൊച്ചച്ചന്മാർ രണ്ടു പേരും ഇന്നെത്തും.
ആദി യേട്ടൻ അമ്മമ്മയുടെയും അച്ഛച്ഛൻ്റെയും നടുക്കിരുന്ന് കളി പറയുന്നുണ്ട് . കിങ്ങിണി പൂച്ച അവൻ്റെ മടിയിൽ ഇരിക്കുന്നു .ഇതു കണ്ട ദേവ അൽപം കുശു മ്പോടെ അവർക്കിടയിൽ തിരക്കി കയറിയിരുന്നു.
“കിങ്ങിണീ….വാ.. ” കേൾക്കേണ്ട താമസം കിങ്ങിണി പൂച്ച ആദിയുടെ കയ്യിൽ നിന്നും ചാടി ദേവയുടെ മടിയിൽ കയറി. എല്ലാവരും ചിരിച്ചു. ആദി ബാംഗ്ലൂര് നിന്നും കൊണ്ടുവന്ന പൂച്ചക്കുട്ടിയാണ് കിങ്ങിണി.വെളുത്ത നിറയെ രോമങ്ങൾ ഉള്ള അതിൻ്റെ കഴുത്തിൽ ചുവന്ന നാടയിൽ ഒരു കുഞ്ഞു മണി കെട്ടി കൊടുത്തിട്ടുണ്ട് ദേവ.
“ഏട്ടാ എന്തൊക്കെയാവിശേഷം…” ദേവ കുസൃതിയോടെ ചോദിച്ചു. “ടീ… കുശുമ്പീ ….. എന്നാലും ആ ഋഷിയെങ്ങനെ ഇവളെ സഹിക്കും.. ആ പാവത്തിനെ ക്കാത്തോളണേ…” ആദി മുകളിലേക്ക് നോക്കി പറഞ്ഞു.. എല്ലാവരും പൊട്ടി ച്ചിരിച്ചു.
“ഒരു വല്ലാത്ത തമാശ ചിരിക്കാൻ ഇവിടെ കുറെ പേരും ” ദേവമുഖം കോട്ടി.
കുറച്ചു കഴിഞ്ഞപ്പോൾ വിരുന്നുകാരൊക്കെ വന്നു തുടങ്ങി. കല്യാണവീടിൻ്റെ ബഹളം എല്ലായിടത്തും കേൾക്കാറായി. ഉച്ചയാവാറായപ്പോഴേക്കും ചെറിയച്ഛന്മാരും ഭാര്യമാരും മക്കളും എത്തി. എല്ലാവരും കൂടി ദേവയെ പൊതിഞ്ഞു. വിശേഷങ്ങൾ പറച്ചിലും ദേവയെ കളിയാക്കിയും എല്ലാവരും
നല്ല ഉത്സാഹത്തിലായിരുന്നു.
തുടരും… ❤️