ദേവയാമി ~ ഭാഗം 02, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഋഷിയുടെ വീട്ടിൽ അടുത്ത കുടുംബക്കാരും ഋഷിയുടെ കുറച്ച് ഫ്രണ്ട്സും മാത്രമേ വന്നിട്ടുള്ളു. നാളെ വൈകിട്ട് അവരുടെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചാണ് റിസപ്ഷൻ.ബാക്കിയുള്ളവർ അവിടെയെത്തും.

റൂമിൽ നിന്നു ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഋഷി എത്തിയത്. “ഹലോ, അതേ .. റെഡിയാണോ ,ദാ ഇപ്പൊ തന്നെ വരാം” എന്നു പറഞ്ഞ് റെഡിയായി പുറത്തിറങ്ങി. അപ്പോഴാണ് റിതിക രാവിലെ പുറത്ത് പോവണം ന്ന് പറഞ്ഞത് ഓർത്തത്. അരുന്ധതിയോടു പറഞ്ഞ ശേഷംഅവളെയും കൂട്ടി ടൗണിലെത്തി.

“അല്ല, നിനക്കെവിടെയാ ഇറങ്ങേണ്ടത് ” ഋഷി ചോദിച്ചു.

“എന്നെനമ്മുടെ ജ്വല്ലറിയിൽ വിട്ടാ മതി”

“നീ പർച്ചേസിംഗ് കഴിഞ്ഞ് വിളിക്ക് ,ഞാനൊരിടം വരെ പോയിട്ട് വരാം.”

“അതെവിടെ “റിതുസംശയത്തോടെ ചോദിച്ചു .

“അതൊക്കെ വന്നിട്ടു പറയാം”

റിതുവിനെ ഇറക്കി ഋഷി തിരിച്ചു. അവൻ ഒരു വലിയ ഷോപ്പിലേക്ക് കയറി. അവനെ കണ്ടപ്പോൾ തന്നെ സെയിൽസ്മാൻ പറഞ്ഞു.”സാർ, ഇതൊന്നു നോക്കൂ, ഓകെയല്ലേ ” അവൻ അയാൾ നൽകിയ ബോക്സ് തുറന്നു നോക്കി, ആ കണ്ണുകളിൽ സംതൃപ്തി നിറഞ്ഞു.

“ഓ നൈസ് ,താങ്ക്സ് സമയത്ത് എത്തിച്ചു തന്നതിന് .”

“സാറിനു ഇന്നുതന്നെ വേണമെന്നു പറഞ്ഞതുകൊണ്ട്, മുതലാളി പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണിത്. ഇതിൻ്റെ നിറം ഒരിക്കലും മങ്ങില്ല. അൽപം കോസ്റ്റിലി ആണെന്നേയുള്ളൂ” അയാൾ പറഞ്ഞു.

“ഓകെ ന്നാ ശരി” ബിൽ അടച്ച് ഋഷി ഇറങ്ങി. ജ്വല്ലറിയിൽ ചെല്ലുമ്പോൾ എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റു.

“സർ, മേഡം ഇവിടുണ്ട്.” റിതുവിനെ കാണിച്ചു കൊണ്ട് സെയിൽസ്മാൻ പറഞ്ഞു.

” ഇതുവരെ കഴിഞ്ഞില്ലേ ” ഋഷി റിതുവിനോടു ചോദിച്ചു.

“കഴിഞ്ഞു ഏട്ടാ, ഏട്ടൻ വരാൻ കാത്തിരുന്നതാ ,ഇതെങ്ങനെയുണ്ടെന്ന് നോക്കൂ “

“ആഹാ ഇതുകൊള്ളാലോ… ഫംഗ്ഷനു നീ തിളങ്ങും “

“താങ്ക്സ് ,ന്നാ ഇറങ്ങാം.” കാറിലിരിക്കുമ്പോൾ ” റിതു…. ദാ ഇതു കൂടി നിൻ്റെ ബാഗിൽ വയ്ക്ക് “

“ഇതെന്താ ഏട്ടാ “

“ഇതൊരു സർപ്രൈസാണ് ആമിയ്ക്ക് “

“എന്നെ കാണിച്ചു തന്നിലെങ്കിൽ ഞാൻ ഏട്ടത്തിയോടു പറയും ട്ടോ ” റിതു അവനെ നോക്കി.

” കാണിച്ചു തരാം ,നീയിത് എൻ്റെ ഷെൽഫിൽ കൊണ്ടു വയ്ക്കണം എൻ്റെ കയ്യിൽ കണ്ടാൽ അവന്മാരൊക്കെ തുറന്നു നോക്കും.”

” ഉം…ശരി… പക്ഷേ രാത്രി കാണിച്ചു തരണം”

” ശരി…. എൻ്റെ റിതു … “

“ആ … പിന്നെ ഏട്ടാ ആ സിതാരയില്ലേ… അവളുടെ നോട്ടത്തിനും സ്വഭാവത്തിനും വലിയ മാറ്റമൊന്നുമില്ലാ എന്നാ തോന്നുന്നേ ” റിതുവിൻ്റെ വാക്കുകൾ കേട്ട് ഋഷി ചോദിച്ചു

” എന്തേ അങ്ങനെ പറയാൻ..”

“എന്തോ എനിക്കവളുടെ മട്ടും ഭാവവും ഒന്നും ആദ്യമേ ഇഷ്ടമല്ല ,പിന്നെ വന്നപ്പോ തന്നെ ഏട്ടനോടുള്ള ഭാവം കണ്ടപ്പോൾ അങ്ങനെ തോന്നി. അമ്മയാണെങ്കിൽ അവളെ എന്താ സ്നേഹിക്കല് “. റിതുവിൻ്റെ മുഖത്ത് ഇഷ്ടക്കേട് പ്രകടമായിരുന്നു.

“അതു വിടെ ടാ … നീയവളെ ശ്രദ്ധിക്കേണ്ട..”

“ഉം.., ഏട്ടൻ ആസിക്കയോട് പറയാതെയാണ് ഇറങ്ങിയതല്ലേ, ഇടയ്ക്കെന്നെ വിളിച്ചിരുന്നു.”

“അവരെക്കൂടെ കൂട്ടിയാൽ പെട്ടെന്ന് തിരിച്ചെത്താൻ പറ്റില്ല. പിന്നെ അമ്മ ദേഷ്യപ്പെടും. ഇനി ചെന്നിട്ട് അവന്മാരുടെ വായിലുള്ളത് കേൾക്കാം.”

ശ്രീരാഗ് ,വൈഷ്ണവ് ,ജെറിൻജെയിംസ് , ആസിഫ്, റിയാസ് ഇവരൊക്കെ ഋഷിയുടെ കോളേജ് ഫ്രണ്ട്സാണ്. പഠനം കഴിഞ്ഞ്പലരും പല വഴിയാണ്. ആസിഫും ശ്രീരാഗും രാവിലെ തന്നെ വന്നിട്ടുണ്ട്. മറ്റുള്ളവർ രാത്രിയെ വരൂ.

*******************

ഉച്ചയ്ക്ക് ശേഷം ദേവയുടെആത്മമിത്രം അതായത് ഒന്നാം ക്ലാസ് മുതൽ പി ജി വരെ ഒരുമിച്ചു പഠിച്ച സഞ്ജന എന്ന സഞ്ജു എത്തി.

കോളേജിൽ എന്തു തല്ലുകൊള്ളിത്തരത്തിനും ഒരുമിച്ചുണ്ടായിരുന്നവർ .തമ്മിൽ രഹസ്യങ്ങൾ ഇല്ലാത്തവർ. രാത്രി ദേവയുടെ കൈകളിൽ മൈലാഞ്ചിയിടലും കുട്ടികളുടെ പാട്ടുകളു മൊക്കെയായിരുന്നു. അച്ഛനും ആദിയേട്ടനും വരുന്നവരെ സ്വീകരിക്കലും അവരോട് കുശലം പറച്ചിലും ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും പായുന്നതും കണ്ടു.ഭക്ഷണ ശേഷം ദേവയും ശിവദയും സഞ്ജുവും ഒരുമിച്ച് കിടക്കാൻ പോയി. റൂമിലിരുന്നു രണ്ടു പേരും കൂടെ ദേവയെ നന്നായി കളിയാക്കിക്കൊണ്ടിരുന്നു. അതിനിടയിൽ ദേവയുടെഫോൺ അടിച്ചു.

“ആഹാ നമ്മുടെ കഥാനായകൻ വിളിക്കുന്നുണ്ടല്ലോ?” സഞ്ജു ഫോൺ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

“ഇങ്ങു താ സഞ്ജു…. “ദേവഅവളുടെ കൈയ്യിൽ പിടിച്ചു.

“ഞങ്ങളും സംസാരിക്കട്ടെ നിൻ്റെ മാഷോട് .. പെടക്കാതെ നിക്ക് മോളൂ… ” അവൾ കോൾ അറ്റൻഡ് ചെയ്തു.

“ഹലോ ഋഷിയേട്ടാ…” സഞ്ജു വിളിച്ചു.

“ആഹാ ..സഞ്ജു താനെപ്പോ എത്തി “

“ഞാനൊക്കെ എത്തി… അതിരിക്കട്ടെ.. നാളെ നേരം വെളുത്താൽ കല്യാണം പിന്നെയെന്തിനാ ഈ പാതി രാത്രിക്ക് ഞങ്ങളുടെ കൂടെ ഉറക്കം കളയണേ…. ” സഞ്ജു ശിവദയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

“കല്ല്യണത്തിന് മുൻപുള്ള വിളി ഇന്നൂടെയല്ലേ ഉള്ളൂ മോളെ… അതു കൊണ്ടല്ലേ … താനെൻ്റെ ആമിയ്ക്ക് ഒന്നു ഫോൺ കൊടുക്കെടൊ.”

“ഉം, ശരി” സഞ്ജു ഫോൺ ദേവയ്ക്ക് കൊടുത്തിട്ട് ശിവദയോടു പറഞ്ഞു ‘

“വാ ശിവാ നമുക്ക് പുറത്തു പോവാം വെറുതെ കട്ടുറുമ്പാവേണ്ടാ.. “അവർ വാതിലടച്ച് പുറത്തിറങ്ങി.

” മാഷെ… ഇന്നു ഫുൾ തിരക്കായിരുന്നോ? വിളിച്ചേയില്ലല്ലോ…”

“ഉം … കുറച്ച്… പിന്നെ ആരെങ്കിലും കൂടെയുണ്ടാവും. അവിടെ ഗസ്റ്റൊക്കെ എത്തിയോ?”ഋഷി ചോദിച്ചു.

” എത്തി.. ആകെപ്പാടെ ഒരുത്സവം പോലെയുണ്ട്.ശിവദയും ശ്രീയയും സഞ്ജുവുമൊക്കെ കൂടെത്തന്നെ ഉണ്ടായിരുന്നു. അതാ വിളിക്കാതിരുന്നത്. “
കുറെ നേരം അവർ സംസാരിച്ചിരുന്നു.

” അതെ… ഞാനൊരു കാര്യം ചോദിക്കട്ടെ മാഷെ ….”

“സാധാരണ ഞാനാണല്ലോ ചോദിക്കാറ്, ഉമ്മ തരുവോന്ന്… ഇന്നെന്തു പറ്റി ആമിക്കുട്ടിചോദിയ്ക്കാൻ…” ഒരു കള്ളച്ചിരിയോടെ ഋഷി ചോദിച്ചു.

” അയ്യടാ… ആ ഒരെറ്റ ചിന്തയേ ഉള്ളൂ ഞാനതൊന്നുമല്ല ചോദിച്ചത് “

“പിന്നെന്താ ”

” മാഷെ ….”

“ഉം … എന്താണെൻ്റെ ആമി ….”

” ഋഷികേശ് എന്ന എൻ്റെമാഷിന് ദേവയാമി എന്ന ആമിയോടുള്ളപ്രണയം എന്നും ഇതുപോലെ ഉണ്ടാവുമോ? ” അവളുടെ ആ ചോദ്യം അവൻ പ്രതീക്ഷിച്ചതേ ഇല്ല.

” ആമീ….” അവൻ ആർദ്രമായ് വിളിച്ചു. അവൾ പതിയെ മൂളി.

“താനെന്തൊക്കെയാ ചിന്തിക്കണെ? തനിക്കറിയാമോ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് ഞാൻ … പക്ഷേ.. ഒരിക്കൽ പോലും ആരോടും എനിക്ക് പ്രണയം തോന്നിയിട്ടേയില്ലാ.. ആദ്യമായ് എനിക്കിഷ്ടം തോന്നിയ പെൺകുട്ടിയാണെൻ്റെ ആമി.. അവസാനമായും. എൻ്റെ ജീവൻ്റെ അവസാന തുടിപ്പു വരെയും എനിക്ക് തന്നോടുള്ള പ്രണയം നിറഞ്ഞു തന്നെ നിൽക്കും..” അവൻ്റെ വാക്കുകൾ അവളുടെ കണ്ണുകൾ നിറച്ചു.

“സോറി… മാഷേ… ഞാൻ വെറുതെ … “

“എന്നാലും താനെന്താ അങ്ങനെ ചോദിച്ചത് …”

“എന്നെങ്കിലും ഈ സ്നേഹത്തിൻ്റെ ഒരംശം കുറഞ്ഞാൽ പോലും എനിക്ക് സഹിക്കില്ല… അതുകൊണ്ട്.. ” അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കുറച്ചു നേരം രണ്ടുപേരും നിശബ്ദരായിരുന്നു. ഒടുവിൽ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഋഷി പറഞ്ഞു.

” ഇപ്പോ താനെൻ്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഇതിനുള്ള മറുപടി പറയാമായിരുന്നു.” അവൾ നാണത്താൽ ചിരിച്ചു.

“ഇപ്പൊ തൻ്റെ നാണം കൊണ്ട് ചുവന്ന മുഖം എനിക്ക് കാണാ ട്ടോ … ഈയൊരു രാത്രി കൂടി കഴിയട്ടേ പെണ്ണെ… നിന്നെ ഞാൻ പ്രണയം എന്താണെന്ന് കാണിച്ചു തരാട്ടോ… “

“പോ മാഷേ… ” അവൾ കൊഞ്ചി “ന്നാ ഉറങ്ങിക്കോ രാവിലെ നേരത്തെ എണീക്കണ്ടേ…. “

“ഉം … ശരി, ന്നാ ഗുഡ് നൈറ്റ്. ” ഫോൺ ഓഫാക്കി ബെഡിലേക്ക് കിടക്കുമ്പോഴും അവൾ ആ വാക്കുകൾ ഓർത്തു. അയ്യോ സഞ്ജൂം ശിവദയും പുറത്തേക്ക് പോയതാണല്ലോഎന്നോർത്ത് വാതിൽ തുറക്കാൻ നോക്കുമ്പോഴേക്കും വാതിൽക്കൽ അവരെത്തിയിരുന്നു.

“കെട്ടും കഴിഞ്ഞോ?” സഞ്ജുവാണ്

” കെട്ടോ?”ദേവയാമിഅത്ഭുതത്തോടെ ചോദിച്ചു.

“അല്ലാ… കുറെ നേരമായല്ലോ അതോണ്ട് ചോദിച്ചതാ”

“പോടീ…. “ദേവമുഖം തിരിച്ചു. “ന്നാ ഉറങ്ങാൻ നോക്കാം രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോവേണ്ടതല്ലേ?”ശിവദപറഞ്ഞു.

അവർ കിടന്നു.

***********************

നാളെ അവൾ എൻ്റെ സ്വന്തമാവും. എൻ്റെ ആമി…. എൻ്റെ പ്രണയം ….ഋഷി പതിയെ ബെഡിലേക്ക് കിടന്നു. ഫോണിലെ അവളുടെ ഫോട്ടോയിലേക്ക് നോക്കി. നിശ്ചയത്തിന് ആമിയറിയാതെ ഋതുവിൻ്റെ ഒരുക്ലിക്ക് .ആമി ആരോ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കുന്നതാണ്. വളരെ നാച്ചുറൽ ആയ ഒരു ഫോട്ടോ .അവളുടെ ഇളം കാപ്പിപ്പൊടി കണ്ണുകൾ ,നീണ്ട കട്ടി കൂടിയ പുരികം ,ചുവന്ന കവിൾത്തടങ്ങൾ ചിരിക്കുമ്പോൾ ആരെയും ആകർഷിക്കുന്ന ചുണ്ടുകൾ, ചെറിയ ചുരുളലോടു കൂടിയ നീണ്ട മുടിയിഴകൾ…. ഒരു വട്ടപ്പൊട്ടും ലൈറ്റ് വയലറ്റ് സാരിയും … എല്ലാം നോക്കിയിരുന്ന് എപ്പോഴോ ഋഷിയും ഉറങ്ങിപ്പോയി.

രാവിലെ ദേവൂട്ടിയെ ഒരുക്കാൻ പോവുന്നതിനുള്ള ചുമതല റിതു വിനായിരുന്നതിനാൽ കൊണ്ടുപോവാൻ ഉള്ള സാരിയും മറ്റും റെഡിയാക്കി റൂമിലെത്തിയപ്പോൾ നേരം വൈകി.

‘ശ്ശോ.. ഏട്ടൻ ഏട്ടൻ്റെ ആമിയ്ക്ക് വാങ്ങിയ സർപ്രൈസ് കണ്ടില്ലാലോ…. ‘അവൾ മനസ്സിൽ ഓർത്തു. രാവിലെ ആദ്യം അതറിയണം. അവൾ പകൽ വാങ്ങിയ ജ്വല്ലറി ബോക്സെടുത്തു. ഇതെൻ്റെ ഏട്ടത്തിയ്ക്കാണ്, വൈകിട്ട് റിസപ്ഷന് ഇടാൻ വേണ്ടി’… ഏട്ടനറിയണ്ട. ഏട്ടത്തിയ്ക്ക് വേണ്ടി വാങ്ങിയതാണെന്ന് ഏട്ടനറിയില്ല.

******************

ശിവദയാണ് ആദ്യമുണർന്നത്. അവൾ സഞ്ജുവിനെ വിളിച്ചു.രണ്ടു പേരും നോക്കുമ്പോൾ ദേവസുഖമായുറങ്ങുന്നു..

അമ്പടീ… സ്വപനം കണ്ടുറങ്ങീതു മതി എന്നും പറഞ്ഞ് സഞ്ജു അവളെ കുലുക്കി വിളിച്ചു.

“കുറച്ചൂടെ ഉറങ്ങട്ടെ അമ്മേ…” ദേവ ഉറക്കത്തിൽ കൊഞ്ചി പറഞ്ഞു.

” അമ്മയോ… എഴുന്നേൽക്ക് മോളെ.. ദേ നിൻ്റെ മാഷ്…” സഞ്ജു അവളെ കുലുക്കി പറഞ്ഞതും ദേവചാടിയെണീറ്റു.

“എവിടെ … “കണ്ണും തിരുമ്മി നോക്കിയപ്പോഴാണവൾക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലായത്.

“ദുഷ്ടകൾ .. വെളുപ്പിനെ മനുഷ്യനെ പറ്റയ്ക്കാൻ … ” അവൾ ചിണുങ്ങി.

“അയ്യടാ അവളുടെ ഒരാഗ്രഹം പാവം ചമ്മിയിരിക്കുന്നതു കാണാൻ നല്ല രസം ല്ലേ സഞ്ജു… “ശിവദ കളിയാക്കി. അവരെ നോക്കി കണ്ണുരുട്ടി ദേവ കുളിയ്ക്കാൻ കയറി.

അമ്പലത്തിൽ പോവാനുള്ളതായതു കൊണ്ട് അവർ മൂന്നു പേരും വേഗം കുളിച്ചു റെഡിയായി.ദേവമയിൽപ്പീലി ബോർഡറുള്ള ഒരു സെറ്റും മുണ്ടുമാണ് ഉടുത്തത്. കൃഷ്ണനോടുള്ള ഇഷ്ടം കൊണ്ട് പ്രത്യേകം തെരഞ്ഞെടുത്തതായിരുന്നു അത്. കഴുത്തിൽ അമ്മമ്മ നൽകിയ പാലയ്ക്ക മാലയും കൈയ്യിൽ ഓരോ വളകളും കാതിൽ ഒരു വലിയ ജിമിക്കിയും ഇട്ട് സിംപിളായി ഒരുങ്ങി.സഞ്ജുവും ശിവദയും ദാവണിയായിരുന്നു ഉടുത്തത്. ആദിയാണ് അമ്പലത്തിലേക്ക് അവരെ കൊണ്ടു പോവുന്നത്.

” അമ്മേ അച്ഛനെ കണ്ടില്ലല്ലോ ” അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം ദേവ ശ്രീദേവിയോട് ചോദിച്ചു.

” അച്ഛൻ ആരോ വിളിച്ചിട്ട് പുറത്തു പോയതാ.. മക്കള് പോയി തൊഴുതിട്ടു വാ…” ശ്രീദേവി അവളുടെ തലയിൽ തഴുകി കൊണ്ടു പറഞ്ഞു.

നേരത്തെ ആയതു കൊണ്ട്അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. തൊഴുതു മനസ്സു നിറയെ… തൻ്റെമാഷുമൊത്തുള്ള ജീവിതം സന്തോഷം നിറഞ്ഞതാവണേ തൻ്റെ പ്രണയം എന്നും തനിക്കൊപ്പം ഉണ്ടാവണേ’… എന്ന് ഭഗവാനോട് പ്രാർത്ഥിച്ചു.പ്രസാദം വാങ്ങുമ്പോൾ തിരുമേനി പറഞ്ഞു.

” സർവൈശ്വര്യങ്ങളും ഉണ്ടാവട്ടെ… ഭഗവാൻ കൂടെയുണ്ട്… ” അവൾ മനസ്സുനിറഞ്ഞു ചിരിച്ചു. വീട്ടിലെത്തിയപ്പോൾ മുറ്റത്തെ മണ്ഡപത്തിലേക്ക് നോക്കി. നിറയെ പൂവുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.. രാത്രി ആദിയേട്ടനും ഫ്രണ്ട്സും കുറെ കഷ്ടപ്പെട്ട മട്ടുണ്ട്. അച്ഛനെ കണ്ടില്ലല്ലോ… ദേവഅകത്ത് കയറി ഓരോ സ്ഥലത്തും മാറി മാറി നോക്കി. എന്നാലും ഇതെവിടെപ്പോയി… അടുക്കള പ്പുറത്തെത്തിയപ്പോൾ അവിടെ നിൽപ്പുണ്ട് അച്ഛനും കൊച്ഛച്ഛൻമാരും ആദിയേട്ടനും.

” അച്ഛാ… രാവിലെ മുതലേ അച്ഛനെ കണ്ടേയില്ലല്ലോ?… “

” ഇപ്പോ വരാം മോളേ… “

സമയം 7.30ആയി. മോളൊന്നും കഴിച്ചില്ലല്ലോ എന്നും പറഞ്ഞ് സൗമിനി (മേമ ) അവൾക്ക് ഭക്ഷണം കൊടുത്തു.”അമ്മയെവിടെ.. മേമേ..” അവൾ ചോദിച്ചു “അകത്തുണ്ട് മോളെ. .. “

ദേവറൂമിൽ എത്തിയപ്പോൾ പ്രഭാകരനും ആദിയും അവിടെ ഉണ്ടായിരുന്നു. രണ്ടാളുടെയും മുഖത്ത് നോക്കിയപ്പോൾ എന്തോ ഒരു വിഷമം പോലെ. “എന്താച്ഛാ ഇങ്ങനെ നോക്കണെ” അവൾ അയാൾക്കരികിൽ ഇരുന്നു. പ്രഭാകരൻ വാക്കുക ൾക്കായി പരതി. അയാൾ ആദിയുടെ മുഖത്തേക്ക് ദയനീയമായി നോക്കി. ദേവക്ക് ഒന്നും മനസ്സിലായില്ല. പക്ഷേ എന്തോ ഒരു ഭയം തന്നെ ആകെ കീഴ്പെടുത്തുന്നത് അവൾ അറിഞ്ഞു …..

തുടരും…. ❤️

Leave a Reply

Your email address will not be published. Required fields are marked *