ദേവയാമി ~ ഭാഗം 03, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കുവാൻ ക്ലിക്ക് ചെയ്യൂ:

” എന്താ..രണ്ടു പേരും വല്ലാതിരിക്കുന്നത് ?” ദേവ അമ്പരപ്പോടെ ചോദിച്ചു. മറു പടിയായി പ്രഭാകരൻ മകളെ ചേർത്തു പിടിച്ചു കരഞ്ഞു. ആദിയും ഒന്നും പറയാനാവാതെ തേങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ദേവ പകച്ചു നിന്നു.

“എന്താണെന്ന് ആരെങ്കിലും പറയ്…” അവൾ ആദിയുടെ അടുത്തെത്തി അവനെ പിടിച്ചു വലിച്ചു.

“മോളെ … ഋഷി … ” മുഴുവിപ്പിക്കാനാവാതെ ആദി കുഴങ്ങി.

“ഋഷി…. ഋഷി ക്കെന്താ…” അവൾ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു.പ്രഭാകരൻ മകളെ അടുത്തിരുത്തി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

” അച്ഛൻ്റെ കുട്ടി പറയുന്നത് ക്ഷമയോടെ കേൾക്കണം… ഋഷിക്ക് ഒരു അപകടം പറ്റി.. അയാൾ ഹോസ്പിറ്റലിൽ ആണ് .. ” അവൾ കേട്ടത് വിശ്വസിക്കാനാവാതെ അയാളെ നോക്കി. കുറച്ചു നേരത്തേക്ക് അവൾ നിശബ്ദയായിരുന്നു. അവളുടെ ഇരിപ്പുകണ്ടപ്പോൾ അച്ഛന് ഭയം തോന്നി.

മോളെ… അവൻ അവളെ തട്ടി. അവൾ ഞെട്ടി നോക്കി. പിന്നെ ഉറക്കെ കരഞ്ഞു. ഒരുപാടു നേരം… അച്ഛൻ അവളെ ചേർത്തുപിടിച്ചിരുന്നു… പിന്നെയാ കരച്ചിൽ ഒരു തേങ്ങലാവുന്നത് അയാളറിയുന്നുണ്ടായിരുന്നു.

ആളും ആരവവും നിറയേണ്ട വീട്ടിൽ വല്ലാത്ത മൂകത നിറഞ്ഞുനിന്നു. വിവര മറിഞ്ഞ പലരും ചോദ്യങ്ങളുമായെത്തി. ശ്രീദേവി മകളെ നേരിടാനാവാതെ തളർന്നു കിടന്നു.

വെളുപ്പിന് ഋഷിയുടെ ബന്ധുക്കളിൽ ആരോ ആണ് പ്രഭാകരനെ വിളിച്ചത്. ഋഷിയുടെ സുഹൃത്തുക്കളെ കൂട്ടാൻ കാറുമായി പോയ ഋഷി ക്ക് ആക്സിഡൻ്റ് ഉണ്ടായെന്നും സിറ്റി ഹോസ്പിറ്റലിൽ ആന്നെന്നുമാണ് അയാൾ പറഞ്ഞത്. കേട്ടതും പ്രഭാകരൻ ഞെട്ടി.

അനിയൻമാരോട് കാര്യം പറഞ്ഞ് അവരെയും കൂട്ടി ശ്രീദേവിയോട് ഇപ്പോൾ വരാം എന്നും പറഞ്ഞ് ഹോസ്പിറ്റലിലേക്ക് പോയി. കേട്ടതെല്ലാം സത്യമായിരുന്നു. ഋഷി യുടെ മാതാപിതാക്കളും ബന്ധുക്കളും തകർന്ന മട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.
കാറിൽ ലോറിയിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു.ലോറി നിർത്താതെ പോയി.പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചത്.

ഋഷിയുടെ മാതാപിതാക്കൾ എത്തി അവരുടെ ഹോസ്പിറ്റലിലേക്ക് മകനെ മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ്റെ അവസ്ഥ ഗുരുതരമായതിനാൽ ഉടനെ ഒരു യാത്ര ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു.തലയിൽ സാരമായ പരിക്കുണ്ട് ഉടനെ ഓപ്പറേഷൻ നടത്തണം. പ്രഭാകരൻ ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ ഋഷിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയിരുന്നു.

**********************

ദേവ കരഞ്ഞ് തളർന്നിരുന്നു … ആദിയും സഞ്ജുവും ശിവദയും അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു.

“ഏട്ടാ എനിയ്ക്ക് മാഷെ കാണണം.” കുറെ നേരം കഴിഞ്ഞ് അവൾ തേങ്ങി ക്കൊണ്ട് പറഞ്ഞു.

” കാണാം, ഇപ്പോ പറ്റില്ല മോളെ കാണാനാവുമ്പോ ഏട്ടൻ കൊണ്ടു പോവാലോ ” അവൻ അവളെ ആശ്വസിപ്പിച്ചു.

” കാണണം.. എനിക്ക് കാണണം… ” അവൾ വാശി പിടിച്ചു.ഞാനൊന്ന് അന്വോഷിക്കട്ടെ എന്നും പറഞ്ഞ് ആദി പുറത്തിറങ്ങി. ഓപ്പറേഷൻ കഴിഞ്ഞു,പക്ഷേ ആരെയും അകത്തേക്ക് കയറ്റില്ല,കൂടുതൽ ഒന്നും പറയാറായിട്ടില്ലെന്നും ആദി അറിഞ്ഞു.

ദേവയെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി. ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയതേയില്ല. ഉച്ചയ്ക്ക് ശേഷം ആദിയും അവൻ്റെ ഫ്രണ്ട് വിനയും കൂടെ ഹോസ്പിറ്റലിൽ പോയി. അവിടത്തെ അവസ്ഥയും ദയനീയമായിരുന്നു.

മുറ്റത്തെ പന്തലും മണ്ഡപവുമൊക്കെ അഴിച്ചു മാറ്റി. മകളുടെ മംഗല്യം നടക്കേണ്ട പന്തൽ അഴിക്കുന്നതു കണ്ട് ശ്രീദേവിയുടെയും പ്രഭാകരൻ്റെയും നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു.

വൈകിട്ട് ശ്രീദേവി ഏറെ നിർബന്ധിച്ചിട്ടാണ് ദേവ ഒന്നു കുളിക്കാൻ തയ്യാറായത്. കുളിച്ചു വന്ന അവൾ നേരെ പൂജാമുറിയിലേക്ക് കയറി.

“എന്നാലും എൻ്റെ കൃഷ്ണാ എന്തിനാ എന്നോടിത് ചെയ്തത്. മാഷെ ആദ്യമായ് കണ്ടതും ഇഷ്ടപ്പെട്ടതും എല്ലാം നിന്നോടല്ലേ ആദ്യം പറഞ്ഞത്. എന്നും കൂടെ യുണ്ടാവാൻ കൊതിച്ചിട്ട് ഒടുവിൽ ഒരു വലിയ സങ്കടക്കടൽ തന്നില്ലേ നീ… എൻ്റെ മാഷിനെന്തേലും പറ്റിയാൽ ഞാനിനി നിൻ്റെ മുൻപിൽ വരില്ല… ആ ജീവനൊരാപത്തും വരാതെ കാക്കണേ ൻ്റെ കൃഷ്ണാ ….” അവളുടെ കണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു.

കുറെ സമയം ആ നിൽപ്പ് തുടർന്നു. ഒടുവിൽ സൗമിനിമേമ്മ അവളെ അവിടെ നിന്നും മുറിയിലേക്ക് കൊണ്ടുവന്നു. തൻ്റെ മനസ്സ് കൈവിട്ടു പോവുന്നത് ദേവയാമി അറിയുന്നുണ്ടായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ഇടയ്ക്കൊക്കെ അവളിലെ സങ്കടം അണപൊട്ടിയൊഴുകി. കൈയ്യിൽ ഋഷിയണിയിച്ച മോതിരത്തിൽ ഇറുകെ പിടിച്ചവൾ. രാത്രി ശ്രീദേവിയും മകൾക്കൊപ്പമാണ് കിടന്നത്. അവളെ തനിച്ചാക്കാൻ അവർക്കെല്ലാം ഭയം തോന്നി. ബന്ധുക്കളെല്ലാം മടങ്ങി .

പിറ്റെ ദിവസം രാവിലെത്തന്നെ ആദിയും പ്രഭാകരനും ഹോസ്പിറ്റലിൽ പോയി. ദേവ കുറെ വാശി പിടിച്ചെങ്കിലും അവിടത്തെ അവസ്ഥയറിയാതെ കൊണ്ടു പോവാൻ കഴിയില്ലെന്ന് പ്രഭാകരൻ പറഞ്ഞു. ഹോസ്പിറ്റലിൽ ഋഷിയുടെ അവസ്ഥയിൽ വലിയ മാറ്റമൊന്നും ഇല്ലായിരുന്നു. ആർക്കും അവനെ ഒന്നു കാണാൻ പോലും സാധിച്ചില്ല.

മൂന്നാമത്തെ ദിവസമാണ് ഋഷിയുടെ നിലയിൽ ചെറിയ മാറ്റമുണ്ടെന്നും ICU വിൽ
അകത്ത് കയറ്റില്ലയെങ്കിലും പുറത്തു നിന്നും കാണാമെന്നും പറഞ്ഞ് ചന്ദ്രശേഖരൻ്റെ കോൾ വന്നത്. അറിഞ്ഞപ്പോൾ “അച്ഛാ എന്നെക്കൂടെ കൊണ്ടു പോവണേ… ദൂരെ നിന്നായാലും എനിക്ക് മാഷെ കാണാലോ.. ” ഇടറിയ ശബ്ദ ത്തിൽ അവൾ പറഞ്ഞു. ഇതിനുമപ്പുറം അവളെ പറഞ്ഞു നിർത്താൻ സാധിക്കില്ല എന്നവർക്കറിയാമായിരുന്നു.

ഹോസ്പിറ്റലിൽ എത്തുമ്പോൾ ഋഷിയുടെ അടുത്ത ബന്ധുക്കളെല്ലാം അവിടെ യുണ്ടായിരുന്നു. ആദിയുടെ കൈകൾ ദേവയാമിയെ ചേർത്തു പിടിച്ചിരുന്നു. ICU വിന് അകത്തുള്ള നഴ്സിനോട് കാണണം എന്നു പറഞ്ഞപ്പോൾ അവർ കർട്ടൻ മാറ്റിക്കൊടുത്തു. ആദി അവളെ പിടിച്ചു കൊണ്ടു തന്നെയാണ് അകത്തേക്ക് നോക്കാൻ പറഞ്ഞത്.

ഗ്ലാസുകൾക്കിടയിലൂടെ അവൾ അവളുടെ പ്രിയപ്പെട്ടവനെ നോക്കി. അകത്ത് എന്തെല്ലാമോ മെഷീനുകളുടെ വയറുകളാൽ പൊതിഞ്ഞ അവനെ അവ്യക്ത മായി മാത്രം കാണാമായിരുന്നു. അവളുടെ ഹൃദയം വേദനയാൽ നുറുങ്ങി “മാഷേ.. എൻ്റെ മാഷേ ….” പുറത്തേക്ക് വരാത്ത വാക്കുകളാൽ അവൾ ആദിയുടെ കൈകളിൽ നിന്നും താഴേക്ക് ഊർന്നു….

ദേവയാമി കണ്ണുതുറന്നപ്പോൾ എവിടെയാണെന്നറിയാതെ ഒന്നമ്പരന്നു. അവൾ ചുറ്റും നോക്കി. കൈ അനക്കിയപ്പോൾ വല്ലാതെ വേദനിച്ചൂ

” ആ … ” അവൾ പോലും അറിയാതെ ഒരു ശബ്ദം പുറത്തുവന്നു.

“കൈ അനക്കല്ലേ മോളെ… ട്രിപ്പിട്ടിട്ടുണ്ട് ” ശ്രീദേവി അവൾക്കരികിലേക്ക് വന്നു.

“ഏട്ടത്തി…” ആ വിളികേട്ട് ദേവ ചുറ്റും നോക്കി. റിതികയായിരുന്നു അത്.അവളെ ക്കണ്ടതും ദേവയാമിയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി..

“കരയാതെ… എല്ലാം ശരിയാവും ട്ടോ… ” അവൾ ദേവയുടെ കൈകൾ ചേർത്തു പിടിച്ചു പറഞ്ഞു.

അരുന്ധതിയും ചന്ദ്രശേഖരനും എല്ലാം വല്ലാത്ത അവസ്ഥയിൽ തന്നെ യായിരുന്നു.അവർ ഇടയ്ക്ക് ദേവയുടെ അടുത്ത് വന്നു. അവളുടെ സർവ്വവും തകർന്നുള്ള കിടപ്പ് എല്ലാവർക്കും നൊമ്പരമായിരുന്നു. ഭക്ഷണം കഴിക്കാത്ത തിൻ്റെയും മാനസ്സിക വിഷമവും കാരണമാണ് തല കറങ്ങിയത്. അതു കൊണ്ട് ട്രിപ് ഇട്ടത് കഴിയുമ്പോൾ വീട്ടിൽ പോകാം എന്ന് ഡോക്ടർ പറഞ്ഞു.

വീട്ടിലെത്തിയ ദേവ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഋഷിയുടെ മുഖം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു.

വീട്ടിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന അവളുടെ കളി ചിരികൾ പെട്ടന്ന് നിശബ്ദ മായത് എല്ലാവരെയും ഭയപ്പെടുത്തി. രാത്രി ഉറക്കം വരാതെ കിടന്ന ദേവ വെളുപ്പിനെപ്പോഴോ ഒന്നു കണ്ണടച്ചു..

ഋഷിയുടെ നില അതുപോലെ തന്നെ തുടർന്നു. ഐ സി യു വിൽ ഒരു നേഴ്സ് ഋഷിയെ നോക്കാനായി നിന്നു. ഡോക്ടർ രാത്രി വന്ന് നോക്കിയിട്ട് പോയി. മെഡിസിൻ എല്ലാം കൊടുക്കാൻ നേഴ്സിനെ ഏൽപ്പിച്ചു. ഉറങ്ങാതെ ഒരാൾ എപ്പോഴും അരികിൽ ഉണ്ടാവണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു. നേഴ്സ് മെഡിസിനെല്ലാം നൽകിക്കഴിഞ്ഞ് ഒരു ബുക്കും വായിച്ചിരുന്നു.

ഇടയ്ക്കെപ്പോഴോ അവർ ഉറങ്ങിപ്പോയിരുന്നു. അൽപ നേരം കഴിഞ്ഞപ്പോൾ ഋഷിയൊന്നു പിടഞ്ഞു. ശ്വാസം എടുക്കാനാവാതെ അവൻ ബുദ്ധിമുട്ടി. കൈ കാലുകൾ അനക്കി. പതിയെ ആ ശരീരം നിശ്ചലമായി..”മാഷെ …….” ഒരലർച്ചയോടെ ദേവ ചാടിയെഴുന്നേറ്റു.

“മോളെ… എന്താ എന്തു പറ്റി ” ശ്രീ ദേവി അവളെ കുലുക്കിക്കൊണ്ട് ചോദിച്ചു.
അവൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആകെ വിയർത്തു കുളിച്ചു. അപ്പോഴേക്കും പ്രഭാകരനും ആദിയും ഓടിയെത്തി.

“എന്താ ദേവാ പറ്റിയത് “പ്രഭാകരൻ്റെ ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല.

” സ്വപ്നം കണ്ടതാണെന്നു തോന്നുന്നൂ… വല്ലാതെ ഭയന്നതു പോലെയുണ്ട്. ” ശ്രീ ദേവിയാണ് മറുപടി പറഞ്ഞത്. അയാൾ മകളെ ചേർത്താശ്വസിപ്പിച്ചു..

അവൾ പക്ഷെ എന്തെല്ലാമോ അവ്യക്തമായ് പുലമ്പിക്കൊണ്ടിരുന്നു. ആ സ്വപ്നം അവൾക്ക് അംഗീകരിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അതൊരു സ്വപനം മാത്രമാണെന്നു അവളെ ബോധ്യപ്പെടുത്താൻ ആദി ശ്രമിക്കുന്നുണ്ടായിരുന്നു.

” മാഷെന്നിൽ നിന്നും അകലുന്ന പോലെ തോന്നുന്നു ഏട്ടാ.” അവൾ അവൻ്റെ നെഞ്ചോടു പറ്റിക്കിടന്നു പറഞ്ഞു. വല്ലാത്തൊരു ഭയം അവളിൽ നിറഞ്ഞു. വിവാഹത്തിനെടുത്തആദിയുടെ ലീവ് തീർന്നിരുന്നതിനാൽ അവൻ കുറച്ചു ദിവസത്തേക്ക് കൂടി ലീവ് നീട്ടി വാങ്ങി.

**************************

ഒരാഴ്ച്ചകഴിഞ്ഞിരിക്കുന്നു. ഋഷിയുടെ നിലയിൽ നേരിയ മാറ്റങ്ങൾ കാണുന്നുണ്ട് .
ഒരു ദിവസം ശ്രീദേവി ദേവയുടെ മുടി ചീകി കെട്ടുമ്പോഴാണ് ആദി ഓടി വന്നത്.
“മോളെ… ഋഷി ക്ക് ബോധം തെളിഞ്ഞു…. ” അവൻ കിതച്ചു കൊണ്ട് പറഞ്ഞു. ദേവ ചാടിയെഴുന്നേറ്റു. അവളുടെ കണ്ണുകൾ ഏറെ നാളുകൾക്ക് ശേഷം പ്രകാശിച്ചു. ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ ദേവ വല്ലാതെ തിരക്കുകൂട്ടി. അവിടെ അരുന്ധതിയുടെയും ചന്ദ്രശേഖരൻ്റെയും മുഖത്ത് ആശ്വാസം പ്രകടമായിരുന്നു. റിതു ദേവയെ കണ്ടപ്പോൾ ഓടി വന്നു.

“ഏട്ടത്തീ ഏട്ടനു ബോധം വന്നു… പതിയെ സംസാരിക്കും. ഞാൻ പറഞ്ഞില്ലേ എല്ലാം ശരിയാവുംന്ന് ” ദേവ തലയാട്ടി. പ്രഭാകരൻ ചന്ദ്രശേഖരനുമായി സംസാരിക്കുന്നുണ്ട്. ഒരാൾക്ക് മാത്രമേ അകത്തു കയറാൻ പാടുള്ളൂ. പക്ഷേ, ദേവയെ തനിച്ചയക്കാൻ കഴിയാത്തതുകൊണ്ട് ഡോക്ടറോട് പറഞ്ഞ ശേഷം ആദിയും കൂടെ കയറി.

വല്ലാത്തൊരു അവസ്ഥയിലായിരുന്നു ദേവ. ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്. ഋഷി കണ്ണടച്ചു കിടക്കുകയാണ്. അവൻ്റെ മുഖമാകെ മാറിയതു പോലെ തോന്നി ദേവയ്ക്ക്. തലയാകെ പൊതിഞ്ഞു വച്ചിരിക്കുന്നു. ചെറിയ കുറ്റിത്താടിയോടെ മാത്രം കണ്ടിട്ടുള്ള മുഖം ഷേവ് ചെയ്തിട്ടുണ്ട്.

” ഋഷീ…. “ആദി പതിയെ വിളിച്ചു. അവൻ പതിയെ കണ്ണു തുറന്നു. ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.ദേവയെയും ആദിയെയും ഋഷി മാറി മാറി നോക്കി..

” മാഷെ… ” അവൾ വിതുമ്പി. അൽപ നേരം അവരെ നോക്കിയ ശേഷം

” ആരാ…” ഋഷി ചോദിച്ചു.

ആദിയും ദേവയും ഒരു പോലെ ഞെട്ടി. ദേവ ഒരാശ്രയത്തിനായി ആദിയെ ഇറുക്കി പ്പിടിച്ചു..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *