മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
ആദിയും ദേവയും ഒരു പോലെ ഞെട്ടി. ദേവ ഒരാശ്രയത്തിനായി ആദിയെ ഇറുക്കിപ്പിടിച്ചു.
” ഋഷി… തനിക്ക് മനസ്സിലായില്ലേ…?”ആദി വീണ്ടും ചോദിച്ചു. ഇല്ലെന്ന് ഋഷി തലയാട്ടി.
അപ്പോഴേക്കും അവിടിരുന്ന നഴ്സ് വന്നു ആദിയോട് പറഞ്ഞു.
“സാർ പ്ലീസ്ഒന്നിങ്ങു വരൂ … “
അവർ കുറച്ചു നീങ്ങി നിന്നു, ഋഷിയെ നോക്കി പറഞ്ഞു
” പേഷ്യൻ്റിന് കുറച്ച് ഓർമ്മക്കുറവുണ്ട്.നേരത്തെ വന്ന കുറച്ചു പേരെയും അറിയില്ലായിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ മെൻ്റലി റെസ്റ്റാണ് ആവശ്യം. അതു കൊണ്ട് അറിയില്ലാത്തത് പറഞ്ഞ് സ്ട്രെയിൻ കൂട്ടരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. ” നേഴ്സിൻ്റെ വാക്കുകൾ കേട്ട് അവർ ഞെട്ടി.
ദേവ ഒരിക്കൽ കൂടി ഋഷിയെ നോക്കി. അവൻ കണ്ണടച്ചിരുന്നു.ദേവയുടെ കണ്ണു നീർ നിയന്ത്രിക്കാനാവാതെ ഒഴുകിക്കൊണ്ടിരുന്നു. പുറത്തെത്തിയിട്ടും അവൾ ആ ഷോക്കിൽ നിന്നും ഉണർന്നില്ല. ദേവയാമിയെ ഋഷി തിരിച്ചറിഞ്ഞില്ല എന്നത് എല്ലാവരെയും ഞെട്ടിച്ചു.പതിയെ എല്ലാം ശരിയാവും എന്നവർ പറഞ്ഞു.
വീട്ടിലെത്തും വരെ ദേവ ഒന്നും സംസാരിച്ചില്ല. അകത്തു കയറിയ അവൾ നേരെ പൂജാമുറിയിലേക്ക് കയറി.
“ൻെറ കൃഷ്ണ…. ആ ജീവനൊരാ പത്തും വരുത്താതെ തിരികെ തന്നല്ലോ ….. പക്ഷേ … ആ ഓർമ്മകളിൽ ആമിയില്ല കൃഷ്ണാ … ജീവൻ്റെ അവസാന തുടിപ്പു വരെയും ആ മനസ്സിൽ എന്നോടുള്ള പ്രണയമാണെന്നു പറഞ്ഞിട്ട്…. ഇന്ന് എന്നോടു ചോദിക്കുവാ ആരാന്ന് … ആരാന്നാണ് ഞാൻ പറയേണ്ടത് .എനിക്കറിയില്ല.. ” അവൾ പുറത്തിറങ്ങി. തൻ്റെ റൂമിൽ മാത്രം ദേവ ഒതുങ്ങി ക്കൂടുകയായിരുന്നു. കിങ്ങിണി പൂച്ച ഇടയ്ക്ക് അവളുടെ അടുത്ത് വന്നു കിടക്കും. അവൾ അതിനെപ്പോലും ശ്രദ്ധിക്കാറില്ല.
**************
അരുന്ധതിയും ചന്ദ്രശേഖരനും ഡോക്ടറെ കണ്ടു.ദേവയാമിയെ ഋഷി തിരിച്ചറിഞ്ഞില്ല എന്നതിനെക്കുറിച്ചു പറഞ്ഞു.
” ഞാൻ മനസ്സിലാക്കിയിടത്തോളം ഋഷികേശിൻ്റെ മെമ്മറിയിൽ നിന്നും 5 വർഷം മാഞ്ഞു പോയിരിക്കുന്നു. താൻ അദ്ധ്യാപകനാണെന്നതും ദേവയാമിയെ പ്രണയിച്ചിരുന്നതും അയാൾ മറന്നിരിക്കുന്നു. ചിലപ്പോൾ കുറച്ചു ദിവസം കൊണ്ട് അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ വേണ്ടിവരും ഇതു റെഡിയാവാൻ. ഒരു പക്ഷേ ഈ ഓർമകൾ ഇനി തിരിച്ചു വരാതെയും ഇരിക്കാം.” ഡോക്ടർ പറഞ്ഞു.
“പക്ഷേ ഡോക്ടർ ഇനിയെന്താണ് ചെയ്യാനാവുക. ദേവയാമി ആകെ തകർന്ന അവസ്ഥയിലാണ്.” ചന്ദ്രശേഖരനാണ് അത് പറഞ്ഞത്.
“നമുക്കിനി ചെയ്യാനുള്ളത് അയാൾക്ക് മെൻ്റലി ആൻഡ് ഫിസിക്കലി നല്ല റെസ്റ്റ് കൊടുക്കുക എന്നുള്ളതാണ്. നമ്മൾ പറഞ്ഞ് മറന്നു പോയ കാര്യങ്ങൾ അയാൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ സ്ട്രെയിൻ കൂടും. അതൊരിക്കലും സംഭവിക്കരുത്. സ്വയം തിരിച്ചറിയുകയാണ് വേണ്ടത്. ദൈവത്തിനോടു കൂടി പ്രാർത്ഥിക്കാം.” ഡോക്ടർ ഒരു നെടുവീർപ്പോടെ പറഞ്ഞവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ കുളിച്ചു ഫ്രഷായി ചന്ദ്രശേഖരനുള്ള ചായയുമായി എത്താം എന്നു പറഞ്ഞ് അരുന്ധതി വീട്ടിലേക്ക് തിരിച്ചു. കൃഷ്ണ കുമാറും ബിന്ദുജയും സിതാരയും അവിടെത്തന്നെയുണ്ട്. അരുന്ധതി ഫ്രഷായി വന്നു. എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിച്ചു കഴിഞ്ഞപ്പോഴാണ് കൃഷ്ണകുമാർ പറഞ്ഞത്.
“അല്ലാ അരുന്ധതി ഋഷിമോൻ്റെ കല്യാണം ഉപ്പിക്കുന്നതിന് മുൻപ് ആ കുട്ടിയുടെ ജാതകം ഒക്കെ നോക്കിയിരുന്നോ ?”
“അവരുടെ നാളുകൾ തമ്മിൽ പത്തിൽ എട്ട് പൊരുത്തമുണ്ട്.ദേവയുടെ നാൾ മകമാണ്. മകം പിറന്ന മങ്ക എന്നാണല്ലോ? ആ ഐശ്വര്യം അവൾക്കുണ്ട്.” അരുന്ധതി പറഞ്ഞു.
“അതുകൊണ്ടെന്താ ജാതകത്തിൽ വല്ല വൈധവ്യദോഷവു മുണ്ടോയെന്നറിയില്ലല്ലോ ” ബിന്ദു ജയാണ്
” അവൻ്റെയിഷ്ടം അതായതു കൊണ്ട് ഞാൻ കൂടുതലൊന്നും ചിന്തിച്ചില്ല.”
” നല്ലൊരു ജോത്സ്യനെക്കൊണ്ട് ഒന്നു നോക്കിക്കാം എന്നാണ് എൻ്റെ അഭിപ്രായം ” കൃഷ്ണ കുമാർ അരുന്ധതിയുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു.
എന്തായാലും ചന്ദ്രേട്ടനോടൊന്നു ആലോചിക്കട്ടെയെന്നും പറഞ്ഞ് അരുന്ധതി ഹോസ്പിറ്റലിലേക്കിറങ്ങി.
ചന്ദ്രശേഖരന് താൽപര്യമൊന്നും തോന്നിയില്ലങ്കിലും അരുന്ധതിയുടെ മനസ്സിൽ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നടക്കട്ടെ എന്നു പറഞ്ഞു.
പിറ്റെ ദിവസം തന്നെ കൃഷ്ണകുമാർ അരുന്ധതിയെയും കൂട്ടി ജോത്സ്യനെ കാണാൻ പോയി.ദേവയാമിയുടെയും ഋഷിയുടെയും ജാതകങ്ങൾ നൽകി.
അയാൾ അതു നോക്കി.
“ഈ വിവാഹം നടന്നുവോ?”
“ഇല്ലാ ” അരുന്ധതി പറഞ്ഞു.
” നടന്നാൽ താലി കെട്ടിയ ആൾക്ക് മരണം ഉറപ്പ് ” .
അരുന്ധതിയും കൃഷ്ണ കുമാറും ഞെട്ടി. കൃഷ്ണകുമാർ നടന്ന കാര്യങ്ങൾ വിവരിച്ചു.
“എന്തായാലും കണ്ണിൽ കൊള്ളാനിരുന്നത് പുരികത്തിൽ കൊണ്ടു എന്നു കരുതിയാൽ മതി. ഇതൊരിക്കലും നടന്നു കൂടാ” ജോത്സ്യൻ തറപ്പിച്ചു പറഞ്ഞു.
അയാൾക്ക് പൈസയും കൊടുത്തിറങ്ങുമ്പോഴും അരുന്ധതിയിൽ നടുക്കം വിട്ടുമാറിയിരുന്നില്ല.
**************
ദേവ അകത്തിരിക്കുമ്പോഴാണ് പുറത്ത് കാറിൻ്റെ ശബ്ദം കേട്ടത്.അവൾ പതിയെ ജനലിലൂടെ പുറത്തേക്ക് നോക്കി.
മാഷിൻ്റെ അച്ഛനും അമ്മയും വേറെ രണ്ടു പേരുമുണ്ട്. അവരെ നിശ്ചയത്തിന് കണ്ടതാണെന്ന് അവളോർത്തു. ചിലപ്പോ മാഷിന് ഓർമ്മ വന്നു കാണുമോ?
അവൾ പെട്ടന്ന് എഴുന്നേറ്റ് ഹാളിലേക്കോടി. അവർ അകത്തെത്തി. ശ്രീദേവി കയറിയിരിക്കാൻ പറഞ്ഞു.പ്രഭാകരനും ആദിയും വന്നു. എന്തിനായിരിക്കും പെട്ടന്നുള്ള വരവ് എന്ന ചോദ്യം അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഋഷിയുടെ വിവരങ്ങൾ ചോദിച്ചു.ദേവ വാതിലിനു പിന്നിൽ നിന്നതിനാൽ അവർ ദേവയെ കണ്ടില്ല.
ചന്ദ്രശേഖരനാണ് സംസാരത്തിന് തുടക്കമിട്ടത്.
“എനിക്കും ഒരു പെൺകുട്ടിയുള്ളതാണ് അതുകൊണ്ട് ഞാനീ പറയുന്നത് ദേവ മോളുടെ അച്ഛനും അമ്മയും ഏറെ സങ്കടമുണ്ടാക്കും എന്നറിയാം പക്ഷേ, എൻ്റെ മകനു വേണ്ടി പറയാതെ വയ്യല്ലോ…” അയാൾ കുറച്ചു മുഖവുരയോടെ പറഞ്ഞു നിർത്തി. എന്താവും അവർക്ക് പറയാനുള്ളത് എന്നറിയാതെ ദേവ ചുമരിൽ ചാരി നിന്നു.
“നമുക്ക്…. നമുക്കീ ബന്ധം ഇവിടെയവസാനിപ്പിക്കാം…. “ചന്ദ്രശേഖരൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
ചന്ദ്രശേഖരൻ്റെ വാക്കുകൾ കേട്ട ദേവയ്ക്ക് കാലുകൾ തളരുന്നതുപോലെ തോന്നി. അവൾ താഴേക്ക് ഊർന്നിരുന്നു.
“എന്താ നിങ്ങൾ പറയുന്നത് … ഋഷിയുടെ അവസ്ഥയിൽ മാറ്റം വരുന്നതുവരെ ഇത്തരം ഒരു ചിന്തയുടെ ആവശ്യമുണ്ടോ?” പ്രഭാകരൻ ചോദിച്ചു.
ജോത്സ്യൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വിശദമായ് തന്നെ പറഞ്ഞത് കൃഷ്ണ കുമാറാണ്. അമ്പരപ്പോടെയാണ് ശ്രീദേവിയും പ്രഭാകരനും ആദിയും എല്ലാം കേട്ടത്.
” അവളുടെ ജാതകം ചെറുപ്പത്തിലെ തന്നെ നോക്കിയതാണ്. പക്ഷേ ഒരിക്കലും അങ്ങനൊന്ന് കേട്ടിട്ടേയില്ല. മാത്രവുമല്ല അവൾ വന്നതിനു ശേഷം ഞങ്ങൾക്ക് ഐശ്വര്യം മാത്രമേ ഉണ്ടായിട്ടുള്ളൂ. .. ” പ്രഭാകരൻ തറപ്പിച്ചു പറഞ്ഞു.
” ആയിരിക്കാം..പക്ഷേ എൻ്റെ മോൻ്റെ ജീവൻ വച്ച് പരീക്ഷിക്കാൻ വയ്യ… അങ്ങനെയൊക്കെ കേട്ടാൽ ആർക്കാണ് സമാധാനം ഉണ്ടാവുക.” അരുന്ധതി പറഞ്ഞു.
“ഈശ്വരാ.. ഇതെന്തു പരീക്ഷണമാണ്. എൻ്റെ കുട്ടയിതെങ്ങനെ സഹിക്കും..” ശ്രീദേവിനെഞ്ചിൽ കൈവച്ചു തേങ്ങി. ആദിയും എന്തു പറയുമെന്നറിയാതെ പ്രഭാകരനെ നോക്കി.
” ഒന്നുകൂടി ആലോചിച്ചു കൂടെ .. കുട്ടികൾക്ക് സഹിക്കാനാവുമോ?.. ” പ്രഭാകരൻ ദയനീയമായി അവരെ നോക്കി.
“വേണ്ടച്ഛാ…” വാതിൽക്കൽ നിന്നും ദേവയുടെ ശബ്ദം കേട്ട് എല്ലാവരും നോക്കി. ശക്തമായിരുന്നു അവളുടെ ശബ്ദം.
ആകെത്തകർന്ന അവളെ കണ്ടപ്പോൾ അരുന്ധതിയുടെ മനസ്സിൽ സങ്കടം തോന്നി. ദേവ പതിയെ അരുന്ധതിക്കരുകിൽ വന്നു.
“അമ്മ പറഞ്ഞത് തന്നെയാ ശരി.. മാഷിൻ്റെ ജീവൻ വച്ച് ഒന്നും പരീക്ഷിക്കേണ്ട… എനിക്ക് …. സങ്കടമൊന്നൂല്ലാ.. എവിടെയായാലും സുഖായിരുന്നാ മതി…” അവൾ പറഞ്ഞൊപ്പിച്ചു. എഴുന്നേറ്റ് അകത്തേക്ക് പോവാൻ തിരിഞ്ഞതും
“നിശ്ചയത്തിനിട്ടമോതിരം കുട്ടീടെ കയ്യീന്ന് ഊരിമാറ്റണം. അങ്ങെനെ ഒരു ബന്ധം ബാക്കിയാവാൻ പാടില്ല.” കൃഷ്ണ കുമാറിൻ്റെ ശബ്ദം കേട്ടു ദേവയൊന്നു പതറി.അവൾ അതു പ്രതീക്ഷിച്ച തേയില്ല.
” അമ്മയിത് ഊരി എടുത്തോളൂ… എനിക്കതിന് വയ്യാ…. “ദേവ അരുന്ധതിക്കു നേരെ കൈ നീട്ടി.
അരുന്ധതി അവളുടെ കൈയിലേക്ക് നോക്കി. ഋഷികേശ് എന്നു പേരു കൊത്തിയ ആ മോതിരത്തിലേക്ക് നോക്കിയപ്പോൾ ഋഷിയെ ഓർത്തു. അവൻ ഏറെ ഇഷ്ടത്തോടെ അവൻ്റെ പെണ്ണിൻ്റെ വിരലിലണിയിച്ചത് അമ്മ ഊരി യെടുത്തത് അറിഞ്ഞാൽ അവൻ തന്നെ വെറുക്കുമായിരിക്കും. പക്ഷേ… തനിക്ക് വേറെ വഴിയില്ല.. അവർ പതിയെ അവളുടെ വിരലിൽ നിന്നും മോതിരം ഊരി.. ദേവയുടെ മനസ്സു പിടഞ്ഞു. അരുന്ധതി അവളുടെ കൈയ്ക്ക് ഉള്ളിൽ മറ്റൊരു മോതിരം വച്ചു കൊടുത്തു.ദേവ കണ്ടു താൻ മാഷിൻ്റെ വിരലിലണിയിച്ച മോതിരം .
അവൾ അകത്തേക്കോടി…. കട്ടിലിൽ കമന്നു കിടന്നു കരഞ്ഞു, എത്ര നേരം കരഞ്ഞുവെന്നറിയില്ല … ആദി പതിയെ തലയിൽ തഴുകിയപ്പോൾ അവൾ എഴുന്നേറ്റു അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
*****************
ഋഷിയെ സ്വന്തം ഹോസ്പിറ്റലിൽ എത്തിച്ച ശേഷമാണ് അരുന്ധതിയും ചന്ദ്ര ശേഖരനും വീട്ടിൽ എത്തിയത്. റിതികവീട്ടിൽ ഉണ്ടായിരുന്നു. നടന്ന കാര്യങ്ങൾ അറിഞ്ഞാൽ അവൾക്ക് ഇഷ്ടമാവില്ല എന്നറിയാവുന്നത് കൊണ്ട് അരുന്ധതി ഒന്നും പറഞ്ഞില്ല. അവർക്ക് നല്ലതലവേദന തോന്നി. കുറച്ചു നേരം കിടക്കട്ടേ എന്നു ചന്ദ്രശേഖരനോടുപറഞ്ഞ് അവർ റൂമിലേക്ക് പോയി.
ഋഷിയും റിതികയും സഹോദരനും സഹോദരിയും എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. അതു കൊണ്ടു തന്നെ അവൾ നടന്നതെല്ലാം അവൾ അറിയണമെന്ന് ചന്ദ്രശേഖരൻ കരുതി.
റിതു ബാൽക്കണിയിൽ ഇരുന്ന് എന്തോ ബുക്ക് നോക്കുന്നുണ്ട്.ചന്ദ്രശേഖരൻ അവളുടെ അടുത്തിരുന്നു.
“അച്ഛാ. .. അച്ഛനെന്തെങ്കിലും പറയാനുണ്ടോ?” അവൾ ചോദിച്ചു.
“എന്താ മോളങ്ങനെ ചോദിച്ചത് ” അയാൾ തിരിച്ചും ചോദിച്ചു.
” അച്ഛൻ്റെ മുഖം കണ്ടപ്പോൾ തോന്നി …”
അയാൾ അൽപം മടിച്ചാണെങ്കിലും അവളോടു കാര്യങ്ങൾ എല്ലാം പറഞ്ഞു. അവളുടെ മുഖം ചുവന്നു.
” അച്ഛനും എല്ലാത്തിനും കൂട്ടുനിന്നൂലേ…” അവൾ ദേഷ്യത്തോടെ അരുന്ധതിയുടെ റൂമിലെത്തി.
“അമ്മയെന്താ കിടക്കുന്നത് ..” അവൾ അൽപം കടുപ്പത്തിലാണ് ചോദിച്ചത്.
” ഒരു തലവേദന തോന്നി മോളെ… “
“ഉണ്ടാവും ഒരു പാവം പെണ്ണിൻ്റെ ഹൃദയം തകർത്തിട്ട് വന്നതല്ലേ ..” റിതുവിൻ്റെ ദേഷ്യം കണ്ടപ്പോൾ തന്നെ അവൾഎല്ലാം അറിഞ്ഞുവെന്ന് അരുന്ധതിക്ക് മനസ്സിലായി.
“നീ കാര്യം അറിയാതെയാണ് ഒച്ച വയ്ക്കുന്നത്. ” അരുന്ധതി റിതുവിൻ്റെ അടുത്തെത്തി.
“എല്ലാം അറിഞ്ഞമ്മേ…അമ്മയേതു കാലത്തിലാ ജീവിക്കുന്നത്.. സ്വന്തം മകൻ്റെ മനസ്സ് പോലും മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ … പാവം ഏട്ടൻ എല്ലാം അറിയുന്ന ഒരു ദിവസം ഉറപ്പായും വരും.ഏട്ടൻ ഒരിക്കലും അമ്മയോടു ക്ഷമിക്കില്ലാ.. ” അവൾ ദേഷ്യത്തോടെ പറഞ്ഞു.
“മോളെ… റിതു നീ കൂടി … ” അരുന്ധതി പറഞ്ഞു തീരും മുൻപേ തന്നെ റിതു വാതിൽ വലിച്ചടച്ച് റൂമിലേക്ക് പോയി. വല്ലാത്ത വിഷമം തോന്നിയവൾക്ക്.ഏട്ടൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഏട്ടൻ്റെ ആമിയെ. വല്ലാത്തൊരു പ്രണയമായിരുന്നു അത്. സ്നേഹിക്കുന്നെങ്കിൽ അവരെപ്പോലെ സ്നേഹിക്കണം എന്ന് പലപ്പോഴും തോന്നിയിരുന്നു.പരസ്പരം ഏറെ മനസ്സിലാക്കിയവർ .
****************
ദേവ അപ്പോഴും റൂമിൽ തന്നെയായിരുന്നു. ഋഷിയുടെ ഓർമ്മകൾ വീണ്ടും ശക്തിയായ് പിൻതുടരുന്ന പോലെ. ഋഷിയുടെ കൈയ്യിൽ താനണിയിച്ച മോതിരം അത് കൈയ്യിൽ വച്ച് വീണ്ടും വീണ്ടും നോക്കി.നിശ്ചയത്തിന് മോതിരം വാങ്ങാൻ ഒരുമിച്ച് തന്നെ പോവണമെന്ന് ആൾക്ക് വല്ലാത്ത നിർബന്ധമായിരുന്നു. ഒരു പാട് ഡിസൈൻ നോക്കിയിട്ടാണ് ഒരെണ്ണം ഇഷ്ടമായത്.രണ്ടാൾക്കും ഒരേ ഡിസൈൻ അളവ് മാത്രം മാറ്റിയാൽ മതിയെന്ന് പറഞ്ഞാണ് ഓർഡർ കൊടുത്തത്.എന്തിനും തൻ്റെ ഇഷ്ടം കൂടി ചോദിച്ചറിഞ്ഞിരുന്നു. ഒരാളുടെ ഇടം മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കാൻ മാഷൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.
കോളേജിലൊക്കെഅതിരുവിട്ട പ്രണയങ്ങളുടെ പല മുഖങ്ങൾ പലപ്പോഴും കാണാമായിരുന്നു, പക്ഷെ മാഷെന്നും മനസ്സുകൊണ്ടായിരുന്നു തന്നെ പ്രണയിച്ചത്.കണ്ണിൽ കണ്ണിൽ നോക്കി കഥകൾ പറയാൻ പഠിപ്പിച്ചതും പാഠപുസ്തകങ്ങൾ മാത്രം വായിക്കാനറിയാവുന്ന തന്നെ വായനയുടെ മാസ്മരിക ലോകം കാണിച്ചു തന്നതും മാഷായിരുന്നു.
“മോളെ ഉറങ്ങണ്ടേ ..” ശ്രീ ദേവിയുടെ ചോദ്യമാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. അമ്മയെ പൊത്തിപ്പിടിച്ച് കുഞ്ഞുവാവയെ പോലെ ആചൂടിൽ അവൾ ഉറങ്ങി.
രാവിലെ നേരത്തെ തന്നെ ദേവ എഴുന്നേറ്റിരുന്നു. പതിവായി കാണാറുള്ള പെൺകുട്ടിയും അവൾ താഴേക്കു വീഴുന്ന സ്വപനവും ഇപ്പോൾ താൻ കാണാറേയില്ലല്ലോ എന്നവൾ ചിന്തിച്ചു.അമ്മയുടെ ശകാരം കേൾക്കാതെ ഉണാരാത്ത താനിപ്പോൾ എപ്പോഴൊ ഉണർന്ന് കിടക്കുന്നു.
“ദേവ മോള് എണീറ്റോ …” ഏട്ടനാണ് .
“ഉം ” അവൾ പതിയെ മൂളി
“ഏട്ടൻ്റെ ദേവ ഇനിയിങ്ങനെ ചടഞ്ഞുകൂടിയിരിക്കാൻ പാടില്ല. അത് നമ്മുടെ അച്ഛനേം അമ്മേം എത്ര വേദനിപ്പിക്കുന്നുണ്ടാവുമെന്ന് മോള് ചിന്തിച്ചിട്ടുണ്ടോ?” ആദി അവൾക്കരികിൽ ഇരുന്ന് തുടർന്നു.
“നമ്മുടെ അച്ഛനും അമ്മേം നമ്മളെ അങ്ങനെയല്ലേ മോളെ നോക്കുന്നത്. നമ്മുടെ ഇഷ്ടത്തിനപ്പുറം മറ്റൊന്നുമില്ല അവർക്ക് . ഒരുപാട് വേദനിക്കുന്നുണ്ടവർ, മോളെ സങ്കടപ്പെടുത്തേണ്ട എന്നു കരുതി ഒന്നും പറയാതെ ഇരിക്കുന്നതാ… മോൾ അവരുടെ ഭാഗം കൂടി ഓർത്തു നോക്ക്, എന്നിട്ട് നല്ലൊരു തീരുമാനം എടുക്കണം. ‘ജീവിതത്തിൽ തോൽക്കില്ലാ ‘എന്ന തീരുമാനം ,അതിനി പഠിക്കാനായാലും ജോലിയായാലും ആരും ദേവയെ എതിർക്കില്ലാ.. താനൊന്നു ഉഷാറാവണം… അത്രയേ പറയാനുള്ളൂ… ” ആദി അവളെ ഒന്നു തലോടിയിട്ട് മുറി വിട്ടിറങ്ങി.
‘ഏട്ടൻ പറഞ്ഞതാണ് ശരി. അത്ര പാവമാണ് അച്ഛനും അമ്മേം. ഒരിക്കലും ഞങ്ങളുടെ ഒരാഗ്രഹത്തിനും എതിരുപറയാത്തവർ .മാഷെ ഇഷ്ട മാണെന്നറിഞ്ഞപ്പോഴും അവരൊക്കെ വലിയ ആളുകളല്ലേ നമുക്ക് ചേരുമോ എന്നാണ് അച്ഛൻ ചോദിച്ചത്. ഋഷി നല്ലയാളാണച്ഛാ…. എന്ന് ഏട്ടൻ പറഞ്ഞപ്പോൾ ന്നാ കൊഴപ്പമില്ലാ… എന്ന് പറഞ്ഞു.
ഇത്ര നാൾ താൻ വിഷമിക്കേണ്ട എന്നു കരുതി ഒന്നും പറയാറില്ലവർ. പാടില്ല … ഇനിയും ഇങ്ങനെയാവാൻ പാടില്ല. എൻ്റെ നോവുകൾ ഇനി എന്നും എന്നിൽ മാത്രം ഒതുങ്ങട്ടെ… ദേവ പതിയെ എഴുന്നേറ്റുഅടുക്കളയിലേക്ക് പോയി. ശ്രീദേവി ദോശ ചുടുന്ന തിരക്കിലാണ്.ദേവ പതിയെ അടുപ്പിൻ്റെ തറയിൽ കയറിയിരുന്നു. ശ്രീദേവി ആശ്ചര്യത്തോടെ നോക്കിയപ്പോൾദേവ പതിയെ ചിരിച്ചു.
“ഇരുപ്പു കണ്ടിട്ട്പല്ലൊന്നും തേച്ചില്ലാന്നു തോന്നുന്നുണ്ടല്ലോ.” ശ്രീദേവി ദേവയെ നോക്കി പറഞ്ഞപ്പോൾദേവ ഇല്ലെന്നു കണ്ണടച്ചു കാണിച്ചു.
“പോയി പല്ലുതേക്കെൻ്റെ കൊച്ചേ.” ഈ..എന്നു കാണിച്ചിട്ട് എഴുന്നേറ്റ് പോയി അവൾ. അവൾക്ക് ചെറിയ മാറ്റം വന്നതു പോലെ തോന്നിശ്രീദേവിക്ക്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.പ്രഭാകരൻ ജോലിക്കിറങ്ങിയപ്പോൾ മുറ്റം വരെയും കൂടെച്ചെന്നിരുന്നു ദേവ,അത് അയാളിൽ നല്ല ആശ്വാസം തോന്നിച്ചു .താൻ പറഞ്ഞത് ദേവമനസ്സിലാക്കിയെന്ന് ആദിക്ക് തോന്നി.
ദേവ ഒരുപാട് ആലോചിച്ചു… ഒടുവിൽ അവൾ ആ തീരുമാനമെടുത്തു. തൻ്റെ ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ്. അവൾ റൂമിലെ അലമാര തുറന്നു. അതിൽ നിന്നും തനിക്കാദ്യം തോന്നിയ പ്രണയത്തെ കൈകളിലെടുത്തു
തുടരും… ❤️